‘ഞാൻ മറ്റൊരു വിവാഹം കഴിക്കുന്നതിനെ പറ്റി എന്താണ് നിന്റെ അഭിപ്രായം?’ അച്ഛന്റെ ചോദ്യം എന്നെ ഞെട്ടിച്ചു

depressed-man
പ്രതീകാത്മക ചിത്രം. Photocredit : hikrcn / Shutterstock
SHARE

വടക്കോട്ടുള്ള വണ്ടി (കഥ)

ഇന്നലെ രാത്രി അവസാനത്തെ വണ്ടിക്കു കൊടി വീശി കഴിഞ്ഞപ്പോൾ മനസ്സിൽ തോന്നിയ വികാരമെന്തായിരുന്നു? തീവണ്ടിയുടെ ആളൊഴിഞ്ഞ സീറ്റിലിരുന്നു വിദൂരതയിലേക്കു നോക്കി ഗോപി ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. പുറത്ത് കൊയ്ത്തു കാത്ത് പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ അസ്തമയസൂര്യന്റെ ശോഭയിൽ സ്വർണ്ണപ്പാടം പോലെ തിളങ്ങി. വരമ്പുകളിൽ അങ്ങിങ്ങായി കൂറ്റൻ കരിമ്പനകൾ. പടിഞ്ഞാറൻ കാറ്റിന് നെല്ലിന്റെ മണം. നെൽവയലുകൾ വകഞ്ഞുമാറ്റി വണ്ടി ചൂളമടിച്ചു ചുരം കടക്കുകയാണ്. ഇനി രണ്ടു മണിക്കൂർ കൂടി വേണ്ടിവരും വണ്ടി ചോളവന്താനിലെത്താൻ. ഗോപി വാച്ചു നോക്കി നെടുവീർപ്പിട്ടു. മുനിസാമി കാത്തുനിൽക്കുമെന്നാണ് മുരളി പറഞ്ഞിരിക്കുന്നത്. നാട്ടിലേക്ക് മാറ്റം കിട്ടാൻ കരണമായതിന്റെ നന്ദിയാവാം താമസവും ആഹാരവുമെല്ലാം മുരളി തന്നെ ശരിയാക്കിയിട്ടുണ്ട്.

30 മിനിട്ടു വൈകിയാണ് വണ്ടി ചോളവന്താനിലെത്തിയത്. ആളുകൾ കുറച്ചു മാത്രമേ ഇറങ്ങുവാൻ ഉണ്ടായിരുന്നുള്ളു. പെട്ടിയും ബാഗും താഴെവെച്ചു ഗോപി ചുറ്റും ഒന്ന് കണ്ണോടിച്ചു. ആളുകൾ ഒഴിഞ്ഞപ്പോൾ കറുത്ത് മെലിഞ്ഞ ഒരു രൂപം തന്നെ തന്നെ നോക്കുന്നു. താനും അയാളെ ശ്രദ്ധിച്ചതുകൊണ്ടാവാം, അയാൾ ഓടി വന്നു ചോദിച്ചു. ‘‘പുതുസാ വന്ത സാർ താനെ...’’

‘‘അതെ’’, ഗോപി പറഞ്ഞു

‘‘മുരളി സാർ സൊല്ലിയിരുക്ക്, ഒന്നുമേ ഭയപ്പെടവേണ്ട സാർ, എല്ലാമേ നാൻ പാക്കിറേൻ, വാങ്കോ സാർ ‘‘ മുനിസാമി പെട്ടിയും ബാഗുമെടുത്തു നടത്തം തുടങ്ങിയിരുന്നു. പാളം മുറിച്ചു കടന്ന് പുറത്തേയ്ക്കു നടക്കുമ്പോൾ ഗോപി മനസ്സിൽ ആലോചിച്ചു, ‘‘നാളെ മുതൽ ഈ സ്റ്റേഷന്റെ ചുമതല തനിക്കാണ്. പുതിയ ഭാഷ, പുതിയ ആൾക്കാർ. എങ്ങിനായിരിക്കും?’’

മുനിസാമി പുറത്തുനിന്ന കുതിരവണ്ടിയിൽ പെട്ടിയും ബാഗും എടുത്തുവെച്ചു ഗോപിയോട് കയറിയിരിക്കാൻ പറഞ്ഞു. ആദ്യമായാണ് കുതിരവണ്ടിയിൽ കയറുന്നത്. വണ്ടിയുടെ പുറകിൽ കയറാൻ ഗോപിയെ സഹായിച്ച്, നീണ്ട ഒരു കമ്പി കുറുകെ കൊളുത്തിയിട്ടു മുനിസാമി പറഞ്ഞു   ‘‘പക്കത്തിലെ താൻ കാർട്ടേഴ്സ്’’. മുനിസാമി വണ്ടിയിൽ ചാടിക്കയറി കുതിരയുടെ  മൂക്കുകയർ ഒന്നിളക്കി.  വഴിവിളക്കുകളില്ലാത്ത ഇരുണ്ട വഴികളിലൂടെ കുതിര ഓടി തുടങ്ങി. വണ്ടി ചെറിയ കുഴികളിൽ വീഴുമ്പോൾ തെറിച്ചു വീഴാതിരിക്കാൻ ശ്രമിക്കുകയായിരുന്നു ഗോപി. പത്തുമിനുട്ടിനകം വണ്ടി ക്വാർട്ടേഴ്സിന് മുന്നിൽ എത്തി. വാതിൽ തുറന്നു സാധനങ്ങളെല്ലാം അകത്തു വെച്ച് മുനിസാമി പറഞ്ഞു ‘‘സാർ സാപ്പാട് സൊല്ലിയിരുക്ക്, ഇപ്പൊ കൊണ്ടുവറേൻ’’

യാത്ര കഴിഞ്ഞതിന്റെ ക്ഷീണമുണ്ടായിരുന്നു, നല്ല പച്ചവെള്ളത്തിൽ ഒന്ന് കുളിച്ചാൽ മാത്രമേ ക്ഷീണം മാറുകയുള്ളൂ. ‘‘എവിടെയാ കുളിമുറി’’ ഗോപി ചോദിച്ചു.

‘‘അതോ അങ്കതാൻ’’ പുറത്തേക്കു ചൂണ്ടി മുനിസാമി പറഞ്ഞു.

സിമന്റു തൊട്ടിയിലുള്ള വെള്ളത്തിന് നല്ല തണുപ്പുണ്ടായിരുന്നു. തലയിൽ ഒഴിച്ച വെള്ളം വായിലൂടെ ഊറിയിറങ്ങിയപ്പോൾ ചെറിയ ഒരു ഉപ്പുരസം അനുഭവപ്പെട്ടു. നാട്ടിലെ കുളത്തിൽ മുങ്ങി കുളിക്കുന്നതിന്റെ സുഖം കിട്ടിയില്ലെങ്കിലും യാത്രയുടെ ചടപ്പ് മാറിക്കിട്ടി. അപ്പോഴേക്കും മുനിസാമി ഭക്ഷണം കൊണ്ട് വന്നിരുന്നു. പോകുന്ന നേരത്തു മുനിസാമി പറഞ്ഞു ‘‘നാളെ കാലൈലെ  ഏഴു മണിക്ക് വരേൻ  സാർ, നിമ്മതിയാ തൂങ്കുങ്കോ’’

കാലത്തു നേരെത്തെ തന്നെ എഴുന്നേറ്റു. ചാർജ് എടുക്കാനുള്ളതാണ്. മുനിസാമി കൃത്യസമയത്തു തന്നെയെത്തി. നെറ്റിയിൽ നീണ്ട ഒരു ഭസ്മകുറി, ചുളിഞ്ഞ ഷർട്, കഴുത്തിലൂടെ ഒരു ചുവന്ന തോർത്ത്, പിന്നെ കാവി മുണ്ടും. ദൈവഭക്തനാണെന്നു തോന്നുന്നു, ഭാഗ്യം. ഗോപി മനസ്സിൽ കരുതി. ഗോപി  വീണ്ടും കുതിരവണ്ടിയുടെ പുറകിൽ കയറി. വണ്ടി ഒരു ചെറിയ ഇടവഴി തിരിഞ്ഞു റോട്ടിലേക്കു കയറി. വഴിയോരകാഴ്ചകൾ മുന്നോട്ടു ഓടി തുടങ്ങി. റോഡിന്റെ ഒരുവശം മുഴുവൻ കൃഷിയിടങ്ങളാണ്. പണിക്കാരെല്ലാം നേരത്ത തന്നെ എത്തിയിരിക്കുന്നു. കറുത്ത മണ്ണിൽ പണിയെടുക്കുന്ന അവരെ വേർതിരിച്ചറിയാൻ വിഷമമായിരുന്നു. കൃഷിയിടങ്ങൾക്കിടയിലൂടെ  ഒഴുകുന്ന നീർച്ചാലുകൾ. റോഡിന്റെ മറുവശം കുറച്ചകലെ ഒരു കുന്നാണ്. പെയ്തിറങ്ങുന്ന  മഞ്ഞുകൾക്കിടയിലൂടെ കുന്നിനു മുകളിൽ അമ്പലത്തിന്റേതെന്ന പോലെ ഒരു ഗോപുരം അവ്യക്തമായി കാണാം. റോഡിനിരുവശവും നിറയെ വേപ്പിൻ മരങ്ങൾ. മനസ്സിൽ നേരത്തെ വരച്ചുവെച്ച ചിത്രമല്ല ഈ ഗ്രാമത്തിന്. അതുവരെ ഉണ്ടായിരുന്ന അപരത്വത്തിനു ചെറിയൊരാശ്വാസമായി.

കുതിരവണ്ടി സ്റ്റേഷനിൽ എത്തുന്നത് വരെ മുനിസാമി കുതിരയോട് തമിഴിൽ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. അതിനു വല്ലതും മനസിലാവുന്നുണ്ടോ, അതോ എന്നെ പോലെ പാതി  മനസ്സിലാക്കി തലയാട്ടുന്നതാണോ ?

വണ്ടിയിറങ്ങി ഗോപി നേരെ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലേക്ക് നടന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആൾ യൂണിഫോം മാറുന്നതിന്റെ തയ്യാറെടുപ്പിലാണ്.

‘‘ഹലോ, ഞാൻ ഗോപി, ചാർജ്ജെടുക്കാൻ വന്നതാണ്.’’ ഗോപി പറഞ്ഞു

‘‘വാങ്കോ സാർ, ഉക്കാറുങ്കോ. എൻ പേര് ഗണേശൻ’’ ഷർട്ട് മാറ്റുന്നതിനിടെ കൈകൊടുത്തു സ്റ്റേഷൻ മാസ്റ്റർ സ്വയം പരിചയപ്പെടുത്തി.

കുശലാന്വേഷണങ്ങൾക്കു ശേഷം അദ്ദേഹം വണ്ടികളുടെ സമയക്രമവും, ഡ്യൂട്ടി രജിസ്റ്ററുകളും, അത്യാവശ്യം ബന്ധപ്പെടേണ്ട ഫോൺ നമ്പുറകളും ഗോപിക്ക് കൈമാറി. അധികം വണ്ടികളില്ലാത്ത സ്റ്റേഷനാണ്. പത്തു പാസഞ്ചറുകൾ, രാത്രിയിയിൽ ഒരു എക്സ്പ്രസ്സ്, പിന്നെ, എപ്പോഴെങ്കിലുമുള്ള ഗുഡ്സ് വണ്ടികളും. ആദ്യത്തെ പാസഞ്ചർ രാവിലെ ആറ് മണിക്ക് തെക്കോട്ടും, അവസാനത്തേത് വൈകുന്നേരം ഏഴു മണിക്ക് വടക്കോട്ടും. റജിസ്റ്ററിൽ ഒപ്പിട്ടു, ഗോപി ചാർജ്ജെടുത്തു. 

ആദ്യവണ്ടി പോയതിനു ശേഷം ഗോപി മെല്ലെ പ്ലാറ്റഫോമിലേക്ക് ഇറങ്ങി നടന്നു. മേൽക്കൂരകൾ തീരെയില്ലാത്ത സ്റ്റേഷൻ ആണ്. ഇരിക്കാൻ അങ്ങിങ്ങായി കുറച്ചു സിമന്റു ബെഞ്ചുകൾ. പടർന്നു പന്തലിച്ചു കിടക്കുന്ന ആൽമരങ്ങൾ അതിനു കുട ചൂടി നിൽക്കുന്നു. കടകൾ ഒന്നുമില്ല. വണ്ടി വരുന്ന നേരത്തു അടുത്തുള്ള ഹോട്ടലിൽ നിന്ന് ഒരാൾ ചായ വിൽക്കാൻ വരും. കുറച്ചു സ്ത്രീകൾ വെള്ളരിക്കയും, പേരക്കയും വിൽക്കാനും. വണ്ടികളില്ലാത്ത നേരത്ത് തീർത്തും വിജനമാണ് സ്റ്റേഷൻ.  

മുനിസാമി ഇടയ്ക്ക് വന്നു അന്വേഷണങ്ങൾ നടത്തി. വണ്ടിയിൽ വന്നിറങ്ങുന്ന യാത്രക്കാരാണ് മുനിസാമിയുടെ പ്രധാന സവാരിക്കാർ. അതുകൊണ്ടു മുനിസാമി എപ്പോഴും സ്റ്റേഷൻ പരിസരങ്ങളിൽ തന്നെ കാണും.

ദിവസങ്ങൾ കടന്നു പോയി. ഗോപി പുതിയ ഗ്രാമവുമായി പൊരുത്തപ്പെടാൻ തുടങ്ങിയിരിക്കുന്നു. പകൽ ഡ്യൂട്ടി കഴിഞ്ഞാൽ കുറച്ചു നേരം സ്റ്റേഷനിൽ ഗണേശനുമായി സംസാരിച്ചിരിക്കും. വടക്കോട്ടുള്ള അവസാന വണ്ടി പോയിക്കഴിഞ്ഞാൽ നേരെ ക്വാർട്ടേഴ്സിലേക്ക്. ചിലപ്പോൾ മുനിസാമിയുടെ കുതിരവണ്ടിയിൽ, അല്ലെങ്കിൽ നടന്ന്. അധികവും നടക്കുകയാണ് പതിവ്.  വിജനമായ വഴിയിലൂടെ ഏകനായി നടക്കുന്നത് ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒഴിഞ്ഞ പാടങ്ങളിലൂടെയൊഴുകി, മരങ്ങളെ തഴുകി വരുന്ന തണുത്ത കാറ്റിന് വേപ്പിന്റെ മണമായിരുന്നു. രാത്രിയുടെ നിശബ്ദദയിലൂടെയുള്ള നടത്തം കഴിഞ്ഞെത്തിയാൽ മനസ്സ് ശാന്തമായിരിക്കും. അപ്പോൾ തടാകത്തിലെ തെളിഞ്ഞ വെള്ളത്തിലൂടെയെന്നപോലെ അതിന്റെ  അടിത്തട്ട് വരെകാണാം. അവിടെ ഒളിപ്പിച്ചു വച്ചിരിക്കുന്ന കുറച്ചു മുഖങ്ങളും.

വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞു വെറുതെയിരിക്കുന്ന നേരത്താണ് ഗോപി അയാളെ ശ്രദ്ധിച്ചു തുടങ്ങിയത്. ആ വൃദ്ധൻ ദിവസവും സ്റ്റേഷനിൽ വരുന്നുണ്ട്. നരച്ച താടിയും വേച്ചുവേച്ചുള്ള നടത്തവും. അവസാനത്തെ പാസഞ്ചർ വരുന്നതിനു മുൻപ് സിമെന്റ് ബെഞ്ചിൽ വന്നിരിക്കും. വണ്ടി വന്നു പോയി കഴിഞ്ഞാൽ എഴുന്നേറ്റു പതുക്കെ നടന്നു പോകും. ‘‘ആരാണ് അയാൾ’’. ഒരു ദിവസം മുനിസാമി കൂടെയുള്ളപ്പോൾ ഗോപി ചോദിച്ചു, ‘‘ദിവസവും ഇവിടെ കാണാറുണ്ടല്ലോ?’’

‘‘അന്ത കെളവനാ?’’ മുനിസാമി സംശയത്തോടെ ചോദിച്ചു

‘‘അതെ’’

‘‘അന്ത ആൾ അവരോടെ പൊണ്ടാട്ടിയെയും പുള്ളയെയും കാത്തിട്ടിറുക്ക്.’’ മുനിസാമി പറഞ്ഞു

‘‘എന്ത് പറ്റി അവർക്കു?’’  ഗോപി സംശയത്തോടെ ചോദിച്ചു

‘‘എന്ന സൊല്ലറത് സാർ’’, മുനിസാമി ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു തുടങ്ങി. 

‘‘അന്താളോടെ വിധി. അവർക്കു അൻപാന ഒരു പൊണ്ടാട്ടിയും പുള്ളയും  ഇരുന്താ. പുള്ള വന്ത് പഠിപ്പിലെ പുത്തിസാലി. ഇന്ത ആൾക്ക് അന്ത അമ്മാമേലെ സന്ദേഹം. ദിനോം തണ്ണി പോട്ട് വന്ത് സണ്ഠ പോടുവാ. ഇവരോടെ തൊല്ല താങ്കമെ അന്ത അമ്മ പുള്ളയും കൂട്ടി അവരോടെ ഊരുക്ക് പോയാച്ച്. അപ്പോവുമെ ഇന്ത ആൾ കുടി നിർത്തലേ. ഒരു നാൾ രത്തം വാങ്കിയെടുത്ത്* ആസ്പത്രിയിലാനാ. പെരിയാസ്പത്രിയിൽ പാക്കറതക്ക് യാരുമേയില്ലാമെ ഒരു മാതം കിടന്തത്. തിരുമ്പി വന്തതക്കപ്പുറം അവർക്കു പെരിയ വേലക്കൊന്നും പോകമുടിയിലെ. പത്തു വർഷമാ ഇപ്പടിത്താൻ. 

ഇപ്പൊ വന്ത് അന്ത അമ്മാവോടേം, പുള്ളയോടെയും ന്യപാകം. എന്നാക്കാവതു ഒരു നാൾ അവർ തിരുമ്പി വരുവാ എന്റര് കാത്തിട്ടിരുക്ക്.”

‘‘അവർ തിരിച്ചു വരുമോ’’ ഗോപി ചോദിച്ചു

‘‘തെരിയാത് സാർ, ആനാ അവരോടെ നമ്പിക്കൈ അപ്പടി. വാഴ്കൈ കടസ്സിയിൽ തനിയാ വാഴറത് റൊമ്പ കഷ്ടം താൻ’’ മുനിസാമി തത്ത്വം പറഞ്ഞു.

മുനിസാമി പോയതിനു ശേഷം ഗോപി തന്റെ മുറിയിലേക്ക് നടന്നു. മനസ്സ് അസ്വസ്ഥമാകുന്നുണ്ടോ? ഗോപി തന്റെ ചിന്തകളെ കെട്ടിയിടാൻ ശ്രമിച്ചു.

പിറ്റേന്നു വൈകുന്നേരം ഗോപി ജോലി കഴിഞ്ഞു വൃദ്ധനിരിക്കുന്ന ബഞ്ചിന്റെ അറ്റത്തു ചെന്നിരുന്നു. വടക്കോട്ടുള്ള അവസാന വണ്ടി വന്നു. ഗോപി മെല്ലെ വൃദ്ധന്റെ മുഖത്തേയ്ക്കു നോക്കി. അയാൾ ആരെയോ ശ്രദ്ധിച്ചികൊണ്ടിരിക്കുകയായിരുന്നു. ഗോപി വൃദ്ധന്റെ നോട്ടത്തിന്റെ നേർരേഖയിലൂടെ മെല്ലെ സഞ്ചരിച്ചു.

അവിടെ വണ്ടിയുടെ അരികിൽ ഒരാൾ ചായ വാങ്ങുകയാണ്. അയാളുടെ ഷർട്ടിൽ തൂങ്ങി ഒരു പയ്യനും. പയ്യൻ അയാളോട് എന്തോ ചൂണ്ടികാണിച്ചു. ചായക്കാരൻ 2 വട അയാൾക്ക് കൊടുത്തു. അയാൾ അതിലൊന്ന് പയ്യനും മറ്റൊന്ന് ജനലിലൂടെ അകത്തുള്ള സ്ത്രീക്കും കൊടുത്തു. അയാൾ ചായ വാങ്ങി ഊതിയൂതി ആ പയ്യനെ മെല്ലെ കുടിപ്പിക്കുകയാണ്. ഇടയ്ക്ക് പയ്യന്റെ ചുണ്ടുകൾ തുടച്ചുകൊടുക്കുന്നു. ഗോപി വീണ്ടു വൃദ്ധനെ നോക്കി. അയാൾ ഇപ്പോഴും അവരിൽ നിന്നും കണ്ണെടുത്തിട്ടില്ല. ഗോപിക്കും ആ കാഴ്ച്ചയിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയിരുന്നില്ല.

ബന്ധങ്ങളുടെ കാണാച്ചരടിന്റെ ഒരു ത്രികോണരേഖ അവിടെ രൂപപ്പെടുകയായിരുന്നു.

വണ്ടി പോയി കഴിഞ്ഞു കുറച്ചു നേരം കൂടി ഗോപി സിമന്റുബെഞ്ചിൽ ചാരി ഇരുന്നു. വൃദ്ധൻ അതിനിടക്കെപ്പൊഴോ പോയി കഴിഞ്ഞിരുന്നു. ‘‘മനസ്സ് വീണ്ടു അസ്വസ്ഥമാകുന്നുണ്ടോ?’’ ഗോപി പതുക്കെ എഴു ന്നേറ്റു ക്വാർട്ടേഴ്സിലേക്ക് നടന്നു. പതിവിനു വിപരീതമായി ഗോപിക്ക് അന്നത്തെ നടത്തത്തിന് വേപ്പിൻമണമുള്ള കാറ്റാസ്വദിക്കാൻ കഴിഞ്ഞില്ല.

ക്വാർട്ടേർസിലെത്തി കുളി കഴിഞ്ഞു മുറ്റത്തു വന്നിരുന്നു. ആകാശത്ത് കറുത്തിരുണ്ട മേഘങ്ങൾക്കിടയിൽ നിന്നും ചന്ദ്രൻ ഒളിഞ്ഞും തെളിഞ്ഞും കളിക്കുകയാണ്. കണ്ണുകൾ മെല്ലെയടച്ചു. മനസ്സിലെ കാർമേഘങ്ങൾക്കിടയിൽ നിന്ന് അധികനേരം ഒളിക്കാൻ കഴിഞ്ഞില്ല. ആ മുഖം തെളിഞ്ഞു വന്നു. അച്ഛൻ ! 

അച്ഛനിപ്പോൾ എന്ത് ചെയ്യുകയായിരിക്കും. എന്നെ ഓർക്കുന്നുണ്ടാവുമോ? ഇല്ലായിരിക്കും. സ്വാർത്ഥമായ മനസ്സ് അതിന്റെ ഉത്തരം തിരഞ്ഞെടുത്തു. രാധ ഉറങ്ങി കാണുമോ. ഇല്ല, പഠിക്കുകയായിരിക്കും.  

താൻ പത്തിൽ പഠിക്കുമ്പോഴാണ് അമ്മ രാധയെ ഗർഭിണിയാവുന്നത് മധ്യവയസ്സിൽ ഗർഭിണിയായതിന്റെ ജാള്യതയായിരുന്നു അമ്മയ്ക്ക്. ആ സമയങ്ങളിൽ എന്നോട് ഒരു സ്നേഹക്കൂടുതൽ അമ്മയ്ക്കുണ്ടായിരുന്നു. ബന്ധുക്കളുടെയും, അയൽക്കാരുടെയും കളിയാക്കുകൾക്കിടയിൽ അമ്മയുടെ സ്നേഹമുള്ള ഒരു കരുതൽ. ബന്ധുക്കൾക്കിടയിലെ ചർച്ചകളിൽ അച്ഛനും അമ്മയും പരിഹാസ കഥാപാത്രങ്ങളായെങ്കിലും അച്ഛനതിനെയെല്ലാം സമചിത്തതയോടെ നേരിടുന്നത് കണ്ടു. അച്ഛന്റെ കാഴ്ചപ്പാടുകൾ പലപ്പോഴും തന്നെ അത്ഭുതപെടുത്തിയിരുന്നു. രാധ ജനിച്ചതിനു രണ്ട് വർഷം കഴിഞ്ഞപ്പോൾ അച്ഛൻ സർവീസിൽ നിന്നും വിരമിച്ചു. അതും കഴിഞ്ഞു രണ്ട് വർഷം കഴിഞ്ഞാണ് അമ്മ മരിക്കുന്നത്. അകാലത്തിലുള്ള ആ വേർപാട് അച്ഛനെ തളർത്തി. രാധയുടെ കാര്യങ്ങൾ കുറിച്ചാലോചിച്ചിട്ടാണെന്നു തോന്നുന്നു അച്ഛൻ കൂടുതൽ അസ്വസ്ഥനായി. ബന്ധുക്കളുടെ സഹായത്തോടെ ഒരു വർഷം കഴിഞ്ഞു. രണ്ടാം വർഷ ഡിഗ്രി പരീക്ഷ കഴിഞ്ഞ രാത്രി അച്ഛൻ തന്റെ കിടപ്പുമുറിയിൽ വന്ന് അടുത്തിരുന്നു ചോദിച്ചു. ‘‘പരീക്ഷയെല്ലാം എങ്ങെനെയുണ്ടായിരുന്നു ?’’

‘‘കുഴപ്പമില്ലായിരുന്നു’’

‘‘പഠിത്തം കഴിഞ്ഞാൽ എന്താണ് പരിപാടി’’ അച്ഛൻ ചോദിച്ചു

‘‘ഗവെർന്മെന്റ് പരീക്ഷകൾ എഴുതണം. പറ്റിയാൽ സെൻട്രൽ ഗവണ്മെന്റ് ജോലി തന്നെ നേടണം’’ ഗോപി സൗമ്യമായി പറഞ്ഞു.

ലക്ഷ്യങ്ങളുണ്ടല്ലോ, നല്ലത്. ഒന്ന് രണ്ടു വർഷങ്ങൾക്കുള്ളിൽ നീ ജോലിയുമായി മറ്റൊരു സ്ഥലത്തേക്ക് പോവും. ഞാൻ വളരെയധികം ആലോചിച്ചു. ഞാൻ മറ്റൊരു വിവാഹം കഴിക്കുന്നതിനെ പറ്റി എന്താണ് നിന്റെ അഭിപ്രായം?

തീർത്തും അപ്രതീക്ഷമായിരുന്നു ആ ചോദ്യം. ഗോപി ഞെട്ടലോടെ അച്ഛനെ നോക്കി

‘‘ആലോചിച്ചു പറഞ്ഞാൽ മതി.’’

അച്ഛൻ പോയതിനു ശേഷമാണ് ആ ഞെട്ടൽ മാറിയത്. അച്ഛനെന്ത് പറ്റി? ഈ പ്രായത്തിൽ കല്ല്യാണമോ? അമ്മയുടെ സ്ഥാനത്തു വേറൊരാളെ ചിന്തിക്കാൻ വയ്യായിരുന്നു തനിക്ക്. ചിലപ്പോൾ സുഹൃത്തുക്കൾ ആരെങ്കിലും അഭിപ്രായം പറഞ്ഞതായിരിക്കും എന്ന സമാധാനത്തിലിരുന്നു.

രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് ഉച്ചയൂണ് കഴിഞ്ഞുമ്മറത്തിരിക്കുമ്പോൾ അച്ഛൻ വീണ്ടും ചോദിച്ചു. ‘‘ആലോചിച്ചോ?.’’ അപ്പോഴാണ് മനസ്സിലായത് അത് ഒരു തീരുമാനിച്ചുറച്ച ചോദ്യമായിരുന്നെവെന്ന്. ധൈര്യം സംഭരിച്ചു ഞാൻ ചോദിച്ചു. ‘‘എന്താണ് ഇപ്പോൾ ഇങ്ങനെ തോന്നാൻ?’’

‘‘രണ്ടു വർഷം കഴിഞ്ഞാൽ നീ ജോലിയുമായി മറ്റൊരു സ്ഥലത്തേക്ക് പോകും. രാധ ഇപ്പോൾ നന്നേ ചെറുപ്പമാണ്. എനിക്ക് അവളുടെ കാര്യം കൂടി നോക്കേണ്ടേ?’’

‘‘നാട്ടുകാരെന്തു പറയും ?’’.

‘‘നാട്ടുകാർ പലതും പറയും, ഞാൻ ചോദിച്ചത് നിന്റെ അഭിപ്രായമാണ്’’

‘‘ഈ പ്രായത്തിൽ കല്യാണം കഴിക്കുന്നത് നാട്ടുനടപ്പല്ലല്ലോ?’’

‘‘നമ്മുടെ ശരികളായിരിക്കണം നമ്മുടെ വഴി‘‘

‘‘ആ വഴികൾ തെറ്റാണെങ്കിലോ?’’

‘‘അത് നിനക്ക് ഇന്നത്തെ തെറ്റായി തോന്നാം. കാലത്തിനു മാത്രമേ അതിനുത്തരം തരാൻ കഴിയൂ. അത് വരെ കാത്തിരിക്കൂ.’’

‘‘എനിക്ക് കോളേജിൽ പോകേണ്ടതല്ലേ, ഞാൻ എങ്ങനെ കൂട്ടുകാരുടെ മുഖത്ത് നോക്കും?’’

‘‘ഗോപീ, നീ നിന്റെ ജീവിതമാണ് ജീവിച്ചുതീർക്കേണ്ടത്, സ്യൂഡോ സമൂഹത്തിനു വേണ്ടി ജീവിക്കാൻ കുറച്ചു വിഷമമാണ്.’’

എന്റെ എല്ലാ ചോദ്യങ്ങൾക്കും അച്ഛന് അച്ഛന്റേതായ മറുപടികളുണ്ടായിരുന്നു. അധികം തർക്കിക്കാൻ നിന്നില്ല, എനിക്കറിയാമായിരുന്നു ആ ശൈലി.

നാട്ടിലെ രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹം. അച്ഛന്റെ അടുത്ത രണ്ടു സുഹൃത്തുക്കളും ചിറ്റമ്മയുടെ കുറച്ചു ബന്ധുക്കളും മാത്രമാണുണ്ടായിരുന്നത്. നാട്ടുകാർക്കും ബന്ധുക്കൾക്കിടയിലും താനൊരു പരിഹാസമായി. തന്റെ അഭിപ്രായങ്ങൾക്ക് വിലയില്ലാതായതോടു കൂടി പിന്നീടുള്ള ദിവസങ്ങളിൽ ഒരു ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളു. എങ്ങനെയും നാട്ടിൽ നിന്ന് വിടണം. വാശിയോടെ പഠിച്ചു. റയിൽവേയിൽ ജോലിയും ലഭിച്ചു. പക്ഷേ ആദ്യ നിയമനം നാട്ടിൽ തന്നെയാണ് കിട്ടിയത്. അന്തഃസംഘർഷങ്ങളുടെ ഒന്നര വർഷം കൂടി.

രാധ നാലാം ക്ലാസ്സിലായി. ചിറ്റമ്മ അവളുടെ കാര്യങ്ങൾ നന്നായി നോക്കുന്നു. ഞാനുമായുള്ള സംഭാഷണങ്ങൾ ചുരുക്കം വാക്കുകളിൽ മാത്രം ഒതുങ്ങി. അപ്പോഴാണ് ചോളവന്താനിൽ നിന്ന് ഒരാൾ നാട്ടിലേക്കു മാറ്റത്തിനു ശ്രമിക്കുന്ന വിവരം അറിയുന്നത്. മ്യൂച്ചൽ ട്രാൻസ്ഫർ ആയതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി. നീണ്ട മൂന്ന് വർഷത്തെ ലക്ഷ്യം നേടിയെടുക്കുകയായിരുന്നു. 

യഥാർഥത്തിൽ എന്തായിരുന്നു ലക്ഷ്യം. അതൊരു ഒളിച്ചോട്ടമായിരുന്നില്ലേ? അവനവനിൽ നിന്ന് തന്നെയുള്ള ഒളിച്ചോട്ടം. പൈതൃകമായി കിട്ടാതെ പോയ ധൈര്യം!

കാലങ്ങൾ കഴിയുംതോറും ശരികളുടെ വഴികൾ തെളിഞ്ഞു വരികയാണോ? ഗോപി ഓർമകളുടെ തീർഥാടനം കഴിഞ്ഞു മടങ്ങിയെത്തി ആലോചിച്ചു.  

മാസങ്ങൾ കടന്നു പോയി. തുലാം മാസത്തിലെ മഴ തിമർത്തു പെയ്തു. വൈഗൈ നദി നിറഞ്ഞൊഴുകി. ദീപാവലിയും, പൊങ്കലും കഴിഞ്ഞു. ഗോപി ചോളവന്താനിലെത്തിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. മധുരയിൽ നിന്ന് തീർത്ഥാടനം കഴിഞ്ഞു പോകുന്ന ചില പരിചിതമുഖങ്ങൾ വണ്ടിയിൽ കാണാം. നാട്ടിൽ നിന്ന് സുഹൃത്ത് രഘു ഇടക്ക് വിളിക്കുന്നതൊഴിച്ചാൽ നാടുമായുള്ള ബന്ധം തീരെ ഇല്ല. എങ്കിലും പല രാത്രികളിലും ചില മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു വരും. വൃദ്ധൻ തന്റെ കാത്തിരിപ്പ് തുടർന്നുകൊണ്ടേയിരുന്നു.

അന്ന് പകൽ ജോലി കഴിഞ്ഞു ഇറങ്ങാൻ നേരത്താണ് ഫോൺ ശബ്ദിച്ചത്. ‘‘ഗോപിയല്ലേ, നാട്ടിൽ നിന്നും രഘുവാണ്.... അച്ഛൻ ഇന്നുച്ചയ്ക്ക് ഒന്ന് കുഴഞ്ഞു വീണു. ഞങ്ങൾ എല്ലാവരും ചേർന്നു ആശുപത്രിയിൽ എത്തിച്ചങ്കിലും ...’’ രഘു വാക്കുകൾ മുഴുമിപ്പിച്ചില്ല. ‘‘നീ വരില്ലേ ?’’

ഗോപി റിസീവർ താഴെ വെച്ചു. ശരീരമാകെ മരവിക്കുന്ന പോലെ. കസേരയിൽ കുറച്ചുനേരമിരുന്നു. മനസ്സിലടക്കിവെച്ച വികാരങ്ങൾ പുറത്തുകടക്കാനാവാതെ തൊണ്ടയിൽ കിടന്നു പിടയുന്നു. ആകാശത്തുയർന്നു  പറക്കുന്ന പട്ടം നൂലറ്റ് വട്ടംചുറ്റി താഴോട്ട് പതിക്കുന്ന പോലെ തോന്നിയ നിമിഷങ്ങൾ! പെട്ടന്ന് രാധയുടെ മുഖമോർമ്മവന്നു. അവളുടെ കണ്ണുകളിപ്പോൾ എന്നെ തിരയുന്നുണ്ടാവും. ഒന്ന് കെട്ടിപിടിച്ചു കരയാൻ മറ്റാരാണ് അവൾക്കുള്ളത് ? 

ഗണേശൻ മുനിസാമിയെ പറഞ്ഞയച്ച് ക്വാർട്ടേഴ്സിൽ നിന്നും ബാഗ് എടുപ്പിച്ചു. വടക്കോട്ടുള്ള അവസാന വണ്ടി വന്നു. ഗണേശൻ ഗാർഡിനോട് എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. ഗണേശനോടും മുനിസാമിയോടും യാത്ര പറഞ്ഞു ഗാർഡിന്റെ തൊട്ടടുത്തുള്ള കമ്പാർട്ടുമെന്റിൽ കയറി. വണ്ടി ചൂളമടിച്ചു മെല്ലെ നീങ്ങി തുടങ്ങി. ഗോപി ജനലിലൂടെ മുന്നോട്ടു നോക്കി. അവിടെ ദൂരെ സിമന്റു ബെഞ്ചിൽ വൃദ്ധനിരിക്കുന്നുണ്ട്. വണ്ടി വൃദ്ധന്റെ അടുത്തെത്തിയപ്പോൾ അയാളുടെ മുഖത്തേക്ക് ഒന്നുകൂടി നോക്കി. ചുളിവ് വീണ തൊലികൾക്കിടയിൽ പ്രതീക്ഷയുടെ രണ്ടു തിളങ്ങുന്ന കണ്ണുകൾ! വണ്ടി കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ ഏതോ ഒരു കാന്തികശക്തിയാൽ ഗോപി പെട്ടന്ന് തിരിഞ്ഞു നോക്കി. അപ്പോൾ വൃദ്ധൻ എഴുന്നേറ്റു പ്ലാറ്റ്ഫോമിലൂടെ മെല്ലെ നടന്നു തുടങ്ങിയിരുന്നു. തന്നിൽ നിന്നും അയാളിലേക്കുള്ള ദൂരം കൂടി കൂടി വന്നു.

*ഛർദിക്കുക

English Summary: Vadakkottulla Vandi, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;