‘ഇരുളിന്റെ മറപറ്റി നീങ്ങുന്ന രൂപം, നരഭോജിയെന്ന് ഭയന്ന് നാട്ടുകാർ’

tribes
പ്രതീകാത്മക ചിത്രം. Photocredit : celio messias silva / Shutterstock
SHARE

ഇരുളൻ (കഥ)

മലമുകളിലെ മുനിസിപ്പൽ കെട്ടിടത്തിന്റെ പുറകിലായിരുന്നു ആത്മാക്കൾ ഒളിച്ചിരിക്കുന്ന ആ താഴ്‌വാരം. പുറമ്പോക്ക് ഭൂമിയെ മതിൽ കെട്ടിയൊതുക്കിയത് നഗരസഭയാണ്. കത്തിച്ചു കളഞ്ഞിട്ടും പോകാൻ മനസ്സില്ലാത്ത കുറേ ആത്മാക്കൾ അവിടെ കറങ്ങി നടക്കുന്നു. വൈകിട്ട്  ഗേറ്റടയ്ക്കാൻ വന്ന കരാറുകാരനാണ് മൈതാനത്തിന്റെ മതിലിനു മുകളിലായി ആ കറുത്ത രൂപത്തെ ആദ്യം കണ്ടത്. നാല് കാലിൽ ഇഴഞ്ഞു നീങ്ങുന്നവന്, നിവർന്ന് നിൽക്കുമ്പോൾ മനുഷ്യന്റെ മുഖവും മുടിയുമാണ്. ടോർച്ചിന്റെ വെട്ടത്തിൽ കാണാതായവൻ രാത്രി തന്നെ നഗരത്തിൽ വാർത്തയായി. 

ഇരുളിന്റെ മറപറ്റി നീങ്ങുന്ന ഇരുൾ രൂപം പലപ്പോഴായി പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രാണഭയം മൂലം പലരും പുറത്തിറങ്ങാതാവുമ്പോൾ എണ്ണം കുറയുന്നത് വളർത്ത് മൃഗങ്ങളുടേതാകുന്നു. പോലീസ് പുറത്ത് വിട്ട ഛായാ ചിത്രം  നരഭോജിയാണെന്നുള്ള കരക്കമ്പി നാട്ടിന്റെ മുഴുവനും ഉറക്കം കളയുമ്പോൾ കഞ്ചാവിന്റെ പുകയിൽ പൊട്ടിച്ചിരിക്കുകയാണ് കുറേ ചെറുപ്പക്കാർ... ചെളിയുടേയും ചോരയുടേയും മണമുള്ള ആ ഹോസ്റ്റൽ മുറി നഗരത്തിലെ പ്രസിദ്ധമായ സർക്കാർ കോളജിന്റേതാണ്. നന്മമരങ്ങൾക്കൊപ്പം വിഷച്ചെടികളും തിങ്ങി വളരുന്ന, ഇരുട്ട് മൂടിയ ഒരു കലാലയം.

വെളിച്ചം കാണാതെ വളർന്നവൻ അവിടെയെത്തിയത് വഴിതെറ്റിയാവാൻ വഴിയില്ല. ഇടവപ്പാതിയുടെ കുഞ്ഞുങ്ങൾ ഇലകളിലൂടെ ഊർന്നിറങ്ങുമ്പോൾ ചീവീടുകൾ ഭയന്ന് കരയുന്നുണ്ട്. കാടിന്റെ മണം പിടിച്ചാണ് അയാൾ അവിടെയെത്തിയത്. ഒന്നാം നിലയിലെ ജനലിനെ മുട്ടിനിൽക്കുന്ന ആഞ്ഞിലിച്ചില്ലയിൽ ഒരു പാമ്പിനെപ്പോലെ അയാൾ പതുങ്ങിക്കിടന്നു.

അകത്തെ വെളിച്ചത്തിൽ കുറേ ആൾ രൂപങ്ങൾ എന്തോ ചർച്ചയിലാണെന്ന് തോന്നുന്നു. നിറമുള്ള കൊടികളിൽ നനഞ്ഞു തീരുന്നത് എത്രയോ പാവങ്ങളുടെ സ്വപ്നങ്ങളാകുന്നു. തീറ്റ കൊടുക്കുന്ന കുറുക്കന്മാരോട് കൂറുള്ള കിറുക്കന്മാർക്കൊന്നും ഉറക്കമില്ല. പട്ടിണിയുടെ തൊലിക്ക് കറുപ്പ് നിറമാണെന്ന് പലരും അറിയുന്നത് ഹോസ്റ്റലിൽ താമസിക്കുമ്പോഴാകണം. മുഷിഞ്ഞ മണവും ഇരുണ്ടനിറവുമുള്ള പാവങ്ങൾ ഒളിഞ്ഞിരിക്കുന്ന മുറിയ്ക്ക് നരകത്തിന്റെ ചൂടാണ്. 

മഴ കനക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ മരച്ചില്ലയിൽ നിന്നും പാരപ്പറ്റിലേക്കിറങ്ങിയത്. പൊളിഞ്ഞ ഗ്ലാസ്‌ പാളികൾക്കിടയിലൂടെ ഒരു പൂച്ചയെപ്പോലെ അകത്തെത്തുമ്പോൾ കറന്റ്‌ പോയിരുന്നു. തീപ്പെട്ടി വെളിച്ചത്തിൽ അയാളെ കണ്ടവർ കൂവിക്കൊണ്ടോടുമ്പോൾ രക്ഷകനെപ്പോലെ വൈദ്യുതിയെത്തി. മുന്നിൽ തടിച്ച് മലർന്ന ചുണ്ടും, തോളിൽ തുകൽ സഞ്ചിയും കയ്യിൽ കാട്ടുമുളയിൽ വളച്ചെടുത്ത വില്ലുമായി ഒരു നായാടി....

വനവാസിയുടെ തുകൽ സഞ്ചിയിൽ കഞ്ചാവുണ്ടോയെന്ന് തിരയുകയാണ് കുറച്ച് ഭ്രാന്തന്മാർ.. ആരോ വെച്ച് നീട്ടിയ പൊറോട്ടയും പോട്ടി കറിയും ആർത്തിയോടെ അയാൾ കഴിച്ചു തീർത്തു. നാടിനെ വിറപ്പിച്ചവന്റെ വിശപ്പ് കാണുമ്പോൾ പരാതിക്കാർക്കും  പോലീസുകാർക്കുമെല്ലാം ചിരിയാണ് വരുന്നത്. ഇര തേടി നാട്ടിലെത്തിയ ഒരു കാട്ടുമനുഷ്യൻ... ലഹരിയിറങ്ങുന്ന പ്രഭാതങ്ങളിൽ അയാളെ കൂടുതൽ അറിയാൻ അവരിൽ ചിലർ ശ്രമിക്കുന്നുണ്ട്. ഇതുപോലൊരു വിശപ്പ് രോഗി പണ്ടെങ്ങോ ഹോസ്റ്റലിൽ ഉണ്ടായിരുന്നതായി ആരുടെയോ ഓർമ്മകൾ പരിഹസിക്കുമ്പോൾ അയാൾ പഴഞ്ചോറിൽ ശതാവരി വേരുകൾ ഞെരടിക്കഴിക്കുകയാണ്. 

ലൈബ്രറിയ്ക്ക് പിന്നിലുള്ള ചതുപ്പിൽ ശതാവരിയുള്ള വിവരം അയാളോട് ആരും പറഞ്ഞതല്ല. കുളിക്കാൻ കൂട്ടാക്കാത്തവനെ കൂടെക്കിടത്തില്ലെന്ന് കൂട്ടുകാർ ശഠിയ്ക്കുമ്പോൾ മരച്ചില്ലകളാണ് മെത്തയായി മാറുന്നത്. സങ്കര ഭാഷയിൽ കുറച്ച് മാത്രം സംസാരിക്കുന്നവന്റെ സങ്കേതം കാണാൻ അവിടെ പലർക്കും തിടുക്കമായിരിക്കുന്നു. പഠിക്കാനായി കാടിറങ്ങുന്ന ആദിവാസികൾ പൊതുവെ കുറവാണ്. പ്രതീക്ഷയോടെ പറഞ്ഞു വിട്ട പലരും തിരിച്ച് വന്നിട്ടുമില്ല.   

മാറണം... മനുഷ്യരായി നമുക്ക് ജീവിക്കണം എന്നൊക്കെ പറഞ്ഞു പോയ തന്റെ  കുഞ്ഞയ്യപ്പനെ കുത്തിക്കെട്ടി കഴുതപ്പുറത്താണ് കുടിയിലെത്തിച്ചത്. ആത്മഗതം പോലെ അയാളത് പറയുന്നത് മറ്റാരും കേൾക്കുന്നില്ല. വെളുപ്പിനുള്ള ബസ്സിൽ കയറിയാൽ സന്ധ്യയോടെ കഴുത മലയിലെത്താം. പിന്നെ മിന്നാമിന്നികൾ വഴി കാട്ടിക്കോളും. തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ വെട്ടം വീഴുന്നതിന് മുൻപായി ഗരുഡൻ കുഴിയിലുമെത്താം...

കരിങ്കൽ കാലുകൾക്ക് മീതെ ഉണങ്ങി ഒടിയാറായ ഒരു ചീനിത്തടി ഉടക്കി വെച്ചിരിക്കുന്നു. തണലായി ഇലന്തിന്റെ ഇലകൾ കുടപോലെ വിടർന്ന് നിൽക്കുന്നുണ്ട്. ഇത്‌ കഴുതമല ബസ് സ്റ്റോപ്പ്‌. മനുഷ്യരേക്കാൾ കൂലി കഴുതകൾ വാങ്ങുന്ന മലയാളത്തിലെ ഏക സ്ഥലം. 

പട്ടണത്തിൽ നിന്നും പുലർച്ചെ പുറപ്പെട്ട ബസ്സ്‌ അതിഥികളുമായി എത്തിക്കഴിഞ്ഞു. ഇനി നിരപ്പിൽ നിന്നും ഏതാണ്ട് അഞ്ച് കിലോമീറ്റർ കുഴിയിറങ്ങിയാൽ മറ്റൊരു നിരപ്പിലെത്താം. മഴത്തുള്ളികളെ നിലം  കാണാതെ ഉറക്കി കളയുന്ന കാട്ടുമരങ്ങൾക്കിടയിലൂടെ  പാറക്കൂട്ടം പണിതുണ്ടാക്കിയ ചെറു പാതയുണ്ട്. ചതഞ്ഞ ഇഞ്ചക്കാടുകളിലെ പച്ചമണം പരിസരവാസികളായ ആനകളുടേതാവണം. 

ഇറക്കമിറങ്ങുന്തോറും ഇരുട്ടും കൂടുകയാണ്. പാറകളിൽ പറന്ന് നടക്കുന്ന പച്ചിലകൾക്കൊക്കെ ഇലതീനി പുഴുക്കളുടെ മുഖമാകുന്നു. കരിങ്കല്ലുകൾക്കടിയിൽ രാത്രിയാവാനായി കാത്ത് കിടക്കുകയാണ്  കരിന്തേളുകൾ. ഒടുക്ക് മരത്തിന്റെ മേൽച്ചില്ലകളിൽ തൂങ്ങിയാടുന്ന വവ്വാലുകൾ ആരെയോ ഭയപ്പെടുന്നത് പോലെ... ആറ്റക്കുരുവികളുടെ അലയടി ശബ്ദം അടുത്തെങ്ങോ അരുവിയുള്ളതിന്റെ സൂചനയാണ്. താഴ്ച്ചക്കൊടുവിൽ താഴ്‌വാരമെത്തുമ്പോൾ വെള്ളി നിറമുള്ള പൂഴി മണൽ കാണാം. കാട്ടിനുള്ളിലെ നാട്ടുവഴികളിലേക്ക് സ്വാഗതം.

പകുതി മാത്രം പണിതീർന്ന കുറച്ച് വീടുകൾ സ്ഥലത്തെ  പ്രമാണിമാരുടേതാകണം. കഴുതപ്പുറത്ത് വേണം കല്ലുകളെയൊക്കെ   താഴേയെത്തിക്കാൻ... കൂലി കൊടുക്കാൻ തികയാതെ വരുമ്പോൾ  ഇല്ലാതാകുന്നത് കെട്ടിടങ്ങളുടെ കഴുത്തുകളാണ്. 

െഇപ്പോൾ അവർ നടന്ന് നീങ്ങുന്നത് മറ്റെങ്ങുമില്ലാത്ത ഒരു വെളിച്ചത്തിലേക്കാകുന്നു. മുളങ്കാടുകളെ മുട്ടിയൊഴുകുന്ന ചീങ്കണ്ണിപ്പുഴയിൽ കുട്ടിയാനകൾ നിന്ന് കളിക്കുന്നുണ്ട്. അരളിയും തെച്ചിയും ഈഴചെമ്പകവും വേലിതീർക്കുന്ന ഇടവഴികളിൽ ഇലന്തപ്പഴങ്ങൾ വീണ് കിടക്കുന്നു. വള്ളികളിൽ തൂങ്ങിയാടി വഴി കാണിക്കുന്നവനെ കാത്ത് വലിയൊരാൾക്കൂട്ടം തന്നെ അവിടെയുണ്ട്. ബൈരമ്മൻ കോവിലിലെ നരബലിയ്ക്കായി ആളെ അന്വേഷിച്ചു പോയ  ഇരുളൻ തിരിച്ചെത്തിയിരിക്കുന്നു. കാലുകളിൽ കുത്തിക്കയറുന്ന ശതാവരി മുള്ളുകൾ അതിഥികളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ശതാവരിപ്പൂക്കളെ കൊണ്ട് മൂടി നിൽക്കുകയാണ് ആ പ്രദേശം...

ജൂൺ മാസങ്ങളിൽ കലാലയത്തെ ശ്വസിപ്പിക്കാറുള്ള ആ ഔഷധമണം അവർക്കോർമ്മ വന്നു. അവിടെ ശതാവരി നട്ടുപിടിപ്പിച്ച കുഞ്ഞയ്യപ്പൻ എന്ന പാവം ആദിവാസി പയ്യനെയും. അവന്റെ വിശപ്പിനെ പരിഹസിച്ചവരും പാത്രം തട്ടി രസിച്ചവരും ശിക്ഷിക്കപ്പെടാൻ പോകുന്ന പകലാണിത്. അപമാനിതനായ ഒരു പാവം ആദിവാസിപ്പയ്യന്റെ ആത്മാവിനുള്ള പുഷ്‌പാഞ്‌ജലി...

മനുഷ്യനെ കുരുതി കൊടുക്കുന്നതിനോട് വലിയ എതിർപ്പായിരുന്നു കുഞ്ഞയ്യപ്പന്‌. അണ്ണൻ പോയതിന് ശേഷം ഇവിടെ മനുഷ്യത്തലകളൊന്നും ഉരുണ്ടിട്ടില്ല. മണ്ണൂക്കാരൻ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ഞാൻ നാട്ടിലേക്കിറങ്ങിയത്.. ഇരുളൻ അത് പറയുമ്പോൾ വന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. എന്ത് കൊണ്ടാണ് തങ്ങളെ കൊല്ലാതെ വിട്ടത്, എന്ന ചോദ്യം ഇരുളൻ പ്രതീക്ഷിച്ചതായിരുന്നു... 

അണ്ണനെപ്പോലെ വിശപ്പെന്ന ഭ്രാന്ത്‌ തനിക്കുമുണ്ട്. നിങ്ങളെ തിന്നാൽ ഒരു നേരത്തെ വിശപ്പടങ്ങുമായിരിക്കാം... എന്നാൽ നിങ്ങളെക്കാത്ത് ഒരുപാട് വിശപ്പുകൾ വീടുകളിൽ ഉണ്ടാവില്ലേ... വന്ന സ്ഥിതിക്ക് മാട്ടുപൊങ്കൽ  കഴിഞ്ഞിട്ട് മടങ്ങിയാൽ മതി. ഇലന്തപ്പഴം ഉണക്കിയതും കാട്ടുതേനുമൊക്ക തന്നു വിടാം. വിശക്കുമ്പോൾ കഴിക്കാമല്ലോ... 

സന്ധ്യാവെട്ടത്തിൽ ശതാവരിപ്പൂക്കൾ ചിരിക്കുകയാണ്. ഇരുളരുടെ നാടൻ പാട്ടിന്റെ ഈരടികൾ ഇപ്പോൾ മനസ്സിനെ തെളിയിപ്പിക്കുന്നത് കുറച്ച്  ചെറുപ്പക്കാരുടേയും..... 

‘‘മണ്ണേനമ്പി ലേലയ്യാ നാമിറുക്ക്...

നമ്മേനമ്പി ലേലയ്യാ 

നാടിറുക്ക്...’’ 

English Summary: Irulan, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;