‘അമ്മയിനി ഇല്ല മോളേ, മോൾക്ക് ഈ അച്ഛനില്ലേ... അച്ഛൻ മാത്രം മതി... എന്നും’

school-girl
പ്രതീകാത്മക ചിത്രം. Photocredit : A3pfamily / Shutterstock.
SHARE

പറയാതെ പോയത്... (കഥ)

ക്ലാസിലെ അരമതിലിനും ആസ്ബെസ്റ്റോസ് ഷീറ്റിനുമിടയിലുള്ള ഗ്യാപ്പിലൂടെ നോക്കിയാൽ എന്നും ഈ സമയത്ത് വരുന്ന കിളികളെ കാണാം ... അവയെ കാണുമ്പോൾ ആ ആറാം ക്ലാസുകാരിയുടെ കണ്ണുകൾ വിടരും. കണ്ണിൽ കൗതുകവും ചുണ്ടിൽ ഒരു ചിരിയും വിരിയും ......

അപ്പോഴേക്കും ബെല്ലടിക്കുന്നത് കേൾക്കാം....

‘‘ശ്ശൊ....ഈ ബെല്ല് ഇന്നും നേരത്തെ അടിച്ചോ’’ എന്ന് പരിഭവിച്ചു മരകൊമ്പിലിരിക്കുന്ന കിളികളെ നോക്കിക്കൊണ്ട് തന്നെ അവൾ വേഗം എഴുന്നേറ്റ് ഫസ്റ്റ് ബെഞ്ചിൽ പോയിരിക്കും... ക്ലാസ്സ്ടീച്ചർ ആണ് അവളെ അവിടെയിരുത്തിയത്... ആദ്യമായി മാർക്ക് കൂടുതലുള്ളതിന്  സങ്കടപെട്ടത് അതിനായിരിക്കും. അവൾ... അഞ്ജു... തന്നെ ലീഡർ ആക്കിയത് പോട്ടേന്നു വക്കാം... പക്ഷേ... ഫ്രണ്ട്സിന്റെ അടുത്ത് നിന്നും മാറ്റി ഫസ്റ്റ് ബെഞ്ചിൽ ഫസ്റ്റ് സീറ്റിൽ ഇരുത്തി.

പണ്ടേ ടീച്ചറോഫോബിയ ആയോണ്ട്... വിറയ്ക്കുന്ന കൈകാലുകളെയും വിഷമിച്ചിരുന്ന ഫ്രണ്ട്സിനെയും അവഗണിച്ച് അവിടെ പോയിരുന്നു... അപ്പോൾ മുതലാണെന്ന് തോന്നുന്നു... അഞ്ജന എന്നോട് ദേഷ്യപ്പെട്ടു തുടങ്ങിയത്... അഞ്ജു... ഓരോന്നാലോചിരുന്നപ്പോഴേക്കും ഇന്ദിര ടീച്ചർ വന്ന് ബുക്ക് തുറന്നിരുന്നു. പക്ഷേ എന്റെ കണ്ണുകൾ അടുത്ത ക്ലാസ്സിലേക്ക് പോകുന്ന സുമ ടീച്ചറുടെ പുറകെയായിരുന്നു... ടീച്ചർ പോകുന്ന വഴിയൊക്കെ നിശബ്ദമാകും. കാരണം ടീച്ചറുടെ ചൂരലാണ് ടീച്ചറെക്കാളും മുമ്പ് ക്ലാസ്സിൽ കയറാറ്...

എല്ലാവരും ടീച്ചറെ പേടിയോടെ നോക്കുമ്പോൾ എനിക്ക്  ഒരു നേർത്ത തലോടൽ അനുഭവപ്പെടാറുണ്ട്, മനസ്സിൽ ഒരു തണുപ്പും. ഒന്ന് സംസാരിക്കാനും ആ ക്ലാസ്സിൽ ഇരിക്കാൻ ഒരുപാട് ആഗ്രഹവും.

ഇന്ദിര ടീച്ചറുടെ വിളിയാണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്.

ഞാൻ പറഞ്ഞിരുന്നു ശോഭന ടീച്ചറോട്.. തന്നെക്കുറിച്ച്.. 

‘‘നല്ല മാർക്ക് ഉണ്ട്, എല്ലാ വർക്കുകളും ഭംഗിയായി ചെയ്യുന്നുമുണ്ട്. പക്ഷേ ക്ലാസ്സിന്റെ ഒരറ്റത്ത് കുനിഞ്ഞു ഇരിക്കുന്നത് കാണാം... പുറത്തു കിളികളെയും നോക്കികൊണ്ട്‌. തന്നെ ഒന്ന് ആക്റ്റീവ് ആക്കിയെടുക്കണമെന്നു ഞാനാ പറഞ്ഞത്...’’

വല്ലാത്ത ചതിയായിപ്പോയി...

എന്തായാലും  ആ പറഞ്ഞത് ഏറ്റെന്നു മനസ്സിലായി. ഞാൻ പിന്നിലേക്ക് പോവാതിരിക്കാൻ ടീച്ചർ ഓരോ പണികൾ തന്നു ക്ലാസ്സ് ടീച്ചറുടെ കടമ നിറവേറ്റി...

ബോർഡിനടുത്തെത്തുമ്പോൾ കൈ വിറക്കുന്നതു കൊണ്ട് സംസാരിക്കുന്നവരുടെ പേരെഴുതാത്ത നല്ല ലീഡർ ആയിരുന്നു. എന്നാൽ ഞാനില്ലാത്ത സമയത്ത് അവൾക്കു ദേഷ്യമുള്ളവരുടെ പേര് ക്ലാസ്സിൽ സംസാരിച്ചെന്നും പറഞ്ഞു ടീച്ചറെ കൊണ്ട് അടി വാങ്ങിച്ചു കൊടുക്കലായിരുന്നു അഞ്ജനയുടെ ഹോബി.

അങ്ങനെ ഇരിക്കുമ്പോൾ യുവജനോത്സവം വരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളിൽ പങ്കെടുക്കാൻ എന്നെക്കാൾ മടിയാണ് ക്ലാസ്സിൽ മറ്റുള്ളോർക്ക്.. അന്ന് ഞങ്ങളുടെ ക്ലാസ് മാത്രം ലീവ് ആയിരിക്കും.

ഇത് നേരത്തേ മനസ്സിലാക്കിയ ടീച്ചർ ക്ലാസിന്റെ അഭിമാനം ലീഡറിന്റെ ഉത്തരവാദിത്വം ആണെന്നും പറഞ്ഞ് കുറച്ചു ഭീഷണി കലർത്തി ഞങ്ങളെ അടിയറവു പറയിപ്പിച്ചു... അങ്ങനെ എഴുത്ത് പരിപാടികളിൽ അത്യാവശ്യം എല്ലാത്തിലും വിജയിച്ച് ലീഡർ ക്ലാസ്സിനു മാതൃകയായി..

അതിന്റെ ആവേശത്തിൽ ടീച്ചർക്ക് അടുത്ത ആഗ്രഹം. ഓൺ സ്റ്റേജ് പ്രോഗ്രാം! അതിലും കുറച്ചു സമ്മാനം വാങ്ങിച്ച് ക്ലാസ്സ്ടീച്ചറെന്ന നിലയിൽ ദൃതങ്കപുളകിതയവുക.

അത് ഞാൻ കുറച്ചു പേരുടെ തലയിലിട്ടു. എന്നാൽ അവരൊഴിഞ്ഞപ്പോൾ അത് വീണ്ടും എന്റടുത്തേക്ക്. സ്വാഭാവികം...

പണ്ടേ സഭാകമ്പം കൂടുതലായത് കൊണ്ട് മൈക്കും സ്റ്റേജുമൊക്കെ കണ്ടാൽ അപ്പോ ചങ്കും മുട്ടും പടാ പടാന്നടിക്കാൻ തുടങ്ങും. ഈ സാഹചര്യം കണക്കിലെടുത്ത് എന്നെ ഒഴിവാക്കണമെന്ന്... കാലു പിടിച്ചു ടീച്ചറോട് പറഞ്ഞു ...

കേട്ടില്ല........

ഞങ്ങൾ രണ്ടു പേർക്കുള്ള കവിതയും സെലക്ട് ചെയ്തു ടീച്ചർ ഞങ്ങളെ ദിവസവും കവിത ചൊല്ലിക്കും.

ആ ദിവസം വരല്ലേന്ന് പ്രാർത്ഥിക്കാത്ത ദിവസങ്ങളില്ല. അവസാന നിമിഷം എനിക്ക് ഒരു ധൈര്യം കിട്ടുമായിരിക്കും എന്ന വ്യർഥമായ പ്രതീക്ഷയിൽ  ൃഅവിടെ റിപ്പോർട്ടും ചെയ്തു... (അവസാന നിമിഷം എല്ലാരെയും ഞെട്ടിച്ചു കവിത പാടുന്ന ഞാൻ----: മലയാള സിനിമയേയും തമിഴ് സിനിമയേയും നമിച്ചുപോകും) 

ആരോ തള്ളി മൈക്കിനു മുന്നിൽ എത്തിച്ചു. തുടങ്ങിയപ്പോൾ മുതൽ മൈക് ഒരു 100 ഡിഗ്രി തുള്ളൽ പനി വന്ന പോലെ വിറക്കുന്നുണ്ട്.... മൈക്കിന്റെ സ്റ്റാന്റിൽ നിന്ന് കൈയെടുക്കാൻ സൗണ്ട് ചേട്ടൻ പറയുന്നുണ്ടെങ്കിലും ചുറ്റുമുള്ളതൊന്നും കാണാനും കേൾക്കാനും പറ്റുന്നുണ്ടായിരുന്നില്ല, പൂരങ്ങളുടെ സ്റ്റൈലിൽ തുടങ്ങിയെങ്കിലും എല്ലാ വരികളും നിർവികാരമായി ഏതോ രാഗത്തിൽ പറഞ്ഞു തീർത്തു....

ജഡ്ജസ് ചോദിക്കുന്നുണ്ടായിരുന്നു......

‘‘ഇതേത് കവിത...???’’

പെട്ടെന്നാണ് അവിടേക്ക് സുമ ടീച്ചർ വന്നത് ടീച്ചറെ കണ്ട നിമിഷം കവിതയുടെ അവസാന നാലുവരി ഏറ്റവും ഭംഗിയാണ് ഞാൻ  ചൊല്ലിയത് അത് കേട്ട് എല്ലാവരും അന്തം വിട്ടിരിക്കുകയാണ്... ഞാനുൾപ്പെടെ....

ടീച്ചർ ഇതൊന്നും ശ്രദ്ധിക്കാതെ  ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു....

ഒരു അമ്മയുടെ സാന്നിധ്യം പോലും  നമുക്ക്  എത്രത്തോളം ധൈര്യവും  ആത്മവിശ്വാസവും  നൽകുമെന്നത് ഒരു അത്ഭുതത്തോടെ ഞാൻ മനസ്സിലാക്കി....

അന്ന് വൈകിട്ട് അച്ഛനോട് അഞ്ജു പറഞ്ഞത് മുഴുവൻ സുമ ടീച്ചറെ കുറിച്ചായിരുന്നു....

‘‘അച്ഛനല്ലേ എപ്പോഴും പറയാറ്... നമ്മളെ ഇഷ്ടപ്പെടുന്നവർക്ക്  ഒരിക്കലും  നമ്മെ വിട്ടു പോകാനാവില്ല ഏതെങ്കിലും... രൂപത്തിൽ  എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകുമെന്ന്..’’

ഈ ഫോട്ടോയിലെ അമ്മയെ പോലെ തന്നെയാ... ടീച്ചർ....

ചുമരിലെ ഫോട്ടോയിൽ തലോടിക്കൊണ്ട് അഞ്ജു പറഞ്ഞു......

‘‘നീ ഇത് എന്തൊക്കെയാ അഞ്ജൂ പറയുന്നത്.....

എല്ലാം നിന്റെ തോന്നലാണ്... അമ്മയിനി ഇല്ല മോളേ....

മോൾക്ക് ഈ അച്ഛനില്ലേ.... അച്ഛൻ മാത്രം മതി... എന്നും.’’

നിറഞ്ഞു വന്ന കണ്ണീർ അവൾ കാണാതിരിക്കാൻ പാടുപെട്ടു.....

അവളെ കെട്ടിപ്പിടിച്ചു. കുറച്ചു നേരം നിന്നു... അതുകണ്ടപ്പോൾ അവൾക്കും സങ്കടം വന്നു....

‘‘അതുപോട്ടെ അച്ഛാ.....

പിന്നെ എന്റെ ക്ലാസ്സിലെ അഞ്ജനയില്ലേ അച്ഛാ... ഞാൻ ലീഡർ ആയതിൽ പിന്നെ പിന്നെ അവൾക്ക് എന്നോട് എപ്പോഴും ദേഷ്യമാണ്... ഇടയ്ക്ക് എന്നെ നുള്ളും ..

ഡെസ്കിൽ ബുക്ക് വച്ച് എഴുതാൻ സമ്മതിക്കില്ല. ഞാൻ മടിയിൽ വച്ചാണ് എഴുതാറ്... എന്റെ ബാഗെടുത്ത് താഴെയിടും... കഴിഞ്ഞ ദിവസം ചോറ്റുപാത്രം തുറന്നു ചോറ് മുഴുവൻ ബാഗിൽ പോയി....

നോട്ട് ബുക്കിൽ നോട്ട്സ് വെട്ടിയിടും...

ടെക്സ്റ്റ് ബുക്ക് കീറിയിടും....’’

‘‘ഈ അഞ്ജന ന്ന് പറയുന്നത് ഇത്തിരി തടിച്ചിട്ട്  കറുത്തിട്ടുളള  കുട്ടിയല്ലേ... നീ ഇതൊക്കെ ടീച്ചറോട് പറയാത്തതെന്താ.. ഞാൻ നാളെ സ്കൂളിൽ വന്നു ടീച്ചറോട് പറയാം...’’

‘‘അയ്യോ... വേണ്ടച്ഛാ..’’

അത് ക്ലാസ്സിൽ പ്രശ്നമാകും... ഞാൻ സോൾവ് ചെയ്തോളാം...’’

അവൾ ഒന്നാം ക്ലാസു മുതൽ എല്ലാ ക്ലാസ്സിലും ലീഡർ ആയിരുന്നു....

ഇപ്പോൾ ഞാൻ നിർബന്ധിച്ചിട്ടാണ് ടീച്ചർ അവളെ മാറ്റി എന്നെ ലീഡർ ആക്കിയതെന്നാണ് അവൾ‌ പറയുന്നത്.... എങ്ങനെയും ധൈര്യം സംഭരിച്ച് ടീച്ചറോട് അവളെ തന്നെ ലീഡർ ആക്കാൻ പറയണം..

എന്റെ കവിത കേട്ട് പോയതാണ് രണ്ടു ദിവസമായി വന്നിട്ടില്ല... പനി പിടിച്ചോ ആവോ...... എന്തായാലും ഈ പശ്ചാത്തലത്തിൽ എന്നെ ടീച്ചർ തനിയെ മാറ്റണ്ടതാണ്....

3rd കിട്ടിയില്ലേ....പിന്നെന്താ..(ആകെ മൂന്നു പേരുണ്ടായത് ഭാഗ്യം അല്ലെങ്കിൽ കാണായിരുന്നു...)

വേണ്ട....ഇതൊക്കെ ഒന്ന് തണുത്തിട്ട് ചോദിക്കാം.....

പിറ്റേദിവസവും അഞ്ജനയുമായുള്ള ശീതസമരം യാതൊരു കുറവും ഇല്ലാതെ തന്നെ മുന്നോട്ടു പോയി ... മൂന്നാമത്തെ പിരീഡ് കണക്കായിരുന്നു ...

കണക്ക് സാർ വന്നു ഹോംവർക്ക് എഴുതിയത് എടുത്തു വെക്കാൻ പറഞ്ഞു. എല്ലാവരും  എടുത്തുവച്ചു. ഞാൻ നോക്കുമ്പോൾ ഹോംവർക്ക് ചെയ്ത പേജ് കാണുന്നില്ല...

അപ്പോഴേക്കും സാർ എൻറെ അടുത്തെത്തിയിരുന്നു... ഞാൻ ഇന്നലെ ചെയ്തതാണല്ലോ... പക്ഷേ ആ പേജ് മാത്രം കാണുന്നില്ല.

‘‘ക്ലാസ്സ് ലീഡർ ആണെന്ന് കരുതി ഹോംവർക്ക് ചെയ്യണ്ടാന്നുണ്ടോ.. മേലാൽ ഇത് ആവർത്തിക്കരുത്. ’’ സർ പറഞ്ഞതു കേട്ട് അഞ്ജനയുടെ മുഖത്തെ സന്തോഷം കൂടിയായപ്പോൾ.... ഞാൻ കരച്ചിലിന്റെ വക്കത്തെത്തി. ഇടക്കിടെ നിറഞ്ഞു വന്ന കണ്ണീർ തുടച്ചും  ക്ലാസിൽ ശ്രദ്ധിക്കാൻ കഴിയാതെയും ആ പീരിയഡ് കഴിഞ്ഞു...

അതിനു കാത്തിരുന്നെന്ന പോലെ ഞാൻ അവളോട് ചോദിച്ചു....

‘‘നീ എന്തിനാ എന്നോട് ഇങ്ങനെയൊക്കെ ചെയ്യുന്നത് അഞ്ജൂ...’’

‘‘നീ വല്യ ലീഡർ അല്ലേ... നീ പോയി  ടീച്ചറോട് compliant ചെയ്യ്...’’

അവളുടെ മറുപടി കേട്ട്  ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നു തോന്നി.. എങ്ങനെയെങ്കിലും ഏഴാം ക്ലാസ് എത്തിയാൽ മതിയായിരുന്നു. സുമ  ടീച്ചറുടെ ക്ലാസ്സിൽ ഇരിക്കാല്ലോ... പിറ്റേദിവസം സ്കൂളിൽ പോകാൻ തോന്നിയില്ല. അസൈൻമെന്റ് വയ്ക്കേണ്ട ദിവസമായിരുന്നിട്ടുകൂടി...

അടുത്ത ദിവസം ലേറ്റ് ആയി ക്ലാസിൽ എത്താൻ... എത്തിയതും  എല്ലാവരും കൂടിയാണ് പറഞ്ഞത്... ‘‘നിന്നോട് സുമ ടീച്ചറെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതി പറഞ്ഞു... ടീച്ചർ ഏഴാം ക്ലാസ്സിൽ ഉണ്ട് ..’’

മനസ്സിൽ ഒരായിരം പൂത്തിരി കത്തി ....ടീച്ചർ എന്നെ വിളിച്ചിപ്പിരിക്കുന്നു 

...ഹോ ....സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി.. പക്ഷേ എന്തായിരിക്കും കാര്യം. അഞ്ജന എന്നെ നോക്കി ആ പോ... പോ കിട്ടും നിനക്ക്.. എന്നൊക്കെ  പറയുന്നുണ്ട്. അത് ശ്രദ്ധിക്കാതെ മറ്റുള്ളവരോട് ചോദിച്ചു ‘‘എന്താ കാര്യം...’’എടാ  ഇന്നലെ ഇവിടെ ഫുൾ പ്രശ്നമായിരുന്നു ... നീ എന്താ ഇന്നലെ വരാഞ്ഞേ... നീ എന്തായാലും ടീച്ചറെ കണ്ടിട്ടു വാ എന്നിട്ടു പറയാം... സമയമായി...’’ ആതിരയാണ് പറഞ്ഞത് ....

അങ്ങോട്ട് പോകുമ്പോൾ ആദ്യമായി ടീച്ചറെ കണ്ട ദിവസം ഓർത്തു. 5 ലെ കൈരളി വിജ്ഞാന പരീക്ഷ എഴുതാൻ പോയത് വലിയ ഒരു ഹാളിൽ ഹൈസ്ക്കൂളിലെ ചേച്ചിമാരും ചേട്ടന്മാർക്കുമിടയിൽ ഫസ്റ്റ് ബെഞ്ചിൽ ഞാൻ കാൽപ്പാദം വരെയുള്ള പാവാടയും വല്യ ഷർട്ടും. അച്ഛന്റെ പണിയാണ്.. 5 ,6 ,7  മൂന്ന് വർഷം കണക്കാക്കി വലുത് തന്നെ തയ്പ്പിച്ചതാണ്... മുട്ടിനു താഴെ കാണുകയുമില്ല.

എന്റെ വേഷം കണ്ടിട്ട് ഇൻവിജിലേറ്ററായ ഹൈസ്കൂൾ ടീച്ചർ ചോദിച്ചു  : ‘‘മോള് ഇത് പറഞ്ഞു തയ്പ്പിച്ചതാണോ.?...എവിടുന്നാ..?..’’ ഒരു ചിരിയും...

‘‘എന്റെ കുട്ടികളെ കളിയാക്കിയാലുണ്ടല്ലോ... ഹാ ...’’ എന്ന് പറഞ്ഞു വരുന്ന സുമ ടീച്ചറെ കണ്ടു ഞാൻ അറിയാതെ പറഞ്ഞു പോയി.. ‘‘അമ്മ..’’

‘‘അയ്യോ ഇല്ലേ...’’ എന്ന് മറ്റേ ടീച്ചർ മറുപടി കൊടുക്കുന്നത് കേട്ടു.

അത് ഞാൻ ഏറ്റവും സന്തോഷത്തോടെ എഴുതിയ പരീക്ഷയായിരിക്കും. അന്ന് മുതൽ ഞാൻ ടീച്ചറുടെ പുറകെയാണ്.

പകുതി സന്തോഷത്തോടെയും അതിലേറെ പേടിയോടെയും ഒരുപാടു പ്രതീക്ഷകളോടെയുമാണ് ഞാൻ ആ ക്ലാസ്സിലേക്ക് കയറിയത്. കുറെ ചേച്ചിമാരും ചേട്ടന്മാരും പതിവ് ചൂരൽ പേടിയോടെ ഇരിക്കുന്നുണ്ട്...

ചെന്നപാടെ എന്താണെന്ന് ചോദിച്ചു. വിറയ്ക്കുന്ന ശബ്ദത്തിൽ ഞാൻ പറഞ്ഞു... ഞാൻ 6 B യിലെ അഞ്ജു ആണ്. ടീച്ചറെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതിന്നു പറഞ്ഞു.

നീയാരാ ക്ലാസ്സിലെ റൗഡിയോ... നീ ആ അഞ്ജനയുടെ സബ്മിറ്റ് ചെയ്യാൻ തന്ന അസൈൻമെന്റ് കീറി കളഞ്ഞല്ലേ. ക്ലാസ്സിലെ പിള്ളേരോടെല്ലാം അവളോട് സംസാരിക്കരുതെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുക....

ഇല്ലെന്നൊന്നും പറയണ്ട. നിന്റെ ക്ലാസ്സിലെ പിള്ളേര് തന്നെ എന്നോട്  പറഞ്ഞതാണ്... ആ കൈ നീട്ടിക്കൊ... മേലാൽ ഇതും കൊണ്ട് ഇവിടെ വന്നേക്കരുത് ...’’

ഒരു വാക്കുപോലും പുറത്തേക്കു വരുന്നില്ല. കണ്ണുകൾ നിറഞ്ഞെങ്കിലും ടീച്ചറെ നോക്കികൊണ്ട്‌ തന്നെ കൈ നീട്ടി... രണ്ടു പ്രാവശ്യം ചൂരൽ പൊങ്ങി താണപ്പോഴും. അടി കൊണ്ട് കൈ മരവിച്ചപ്പോഴും കൈ പിൻവലിച്ചില്ല.

അവസാനം ഞാൻ ഒന്നും ചെയ്തില്ല ടീച്ചറമ്മേ. എന്ന് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ അനുസരണയില്ലാതെ കണ്ണീർ ഇരുകവിളിലൂടെയും ഒലിച്ചിറങ്ങി... ആദ്യമായ് കിട്ടിയ അടി. അതും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളുടെ അടുത്ത് നിന്ന്.

ഒരു ചൂരലിനു ഇത്രമേൽ മനസ്സിനെ വേദനിപ്പിക്കാനാവുമോ. കയ്യിലെ ചൂരലിന്റെ പാടിൽ നേരിയ ചൂടുണ്ട് നല്ല ചുവന്നിരിക്കുന്നുണ്ട് ... ബാക്കി കൈ മുഴുവനും സൂചി കുത്തുന്ന വേദന ഉണ്ടെങ്കിലും നെഞ്ചിൽ ഒരു കല്ല് കെട്ടി വച്ച പോലെ. വേദന സഹിക്കാൻ കഴിയുന്നില്ല. കൈ പൊക്കാൻ കഴിയുന്നില്ലെങ്കിലും മുഖംപൊത്തിപിടിച്ചു കരഞ്ഞത് മുഴുവൻ അമ്മെയെന്നു വിളിച്ചാണ്... തൂണിൽ പിടിച്ചു ഞാൻ പൊട്ടിക്കരയുന്നത് ടീച്ചർ ക്ലാസിലിരുന്ന് കണ്ടെന്നു തോന്നിയപ്പോൾ മുഖം തുടച്ചു ഞാൻ ക്ലാസ്സിലേക്ക് നടന്നു....

ക്ലാസ്സിലെത്തിയതും അവരോടു ദേഷ്യത്തിലാണ് ചോദിച്ചത്. ഇവളോട് സംസാരിക്കരുതെന്നു ഞാൻ നിങ്ങളോടു എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? അവളെ കുറിച്ച് ഒരക്ഷരമെങ്കിലും കുറ്റം  പറഞ്ഞിട്ടുണ്ടോ? പിന്നെ എന്തിനാ നിങ്ങൾ ടീച്ചറോട് അങ്ങനെയൊക്കെ പറഞ്ഞത്... അത് പറഞ്ഞു കഴിഞ്ഞപ്പോഴാ അറിയുന്നത്. കരഞ്ഞു കൊണ്ട ഇത്രയും പറഞ്ഞതെന്ന്...

പലപ്പോഴും വാക്കുകൾ കിട്ടാത്ത സന്ദർഭങ്ങളിലെ നമ്മുടെ മൗനം കുറ്റം ചെയ്തുവെന്ന് സമ്മതിച്ചു കൊടുക്കുന്ന ഏറ്റുപറച്ചിലുകളാവുന്നു. ആ മൗനം നമ്മളെ കുറ്റവാളിയാക്കും... ചില നിമിഷത്തേക്കെങ്കിലും. എന്തായാലും ഞാൻ ഒന്നും ചെയ്തില്ലെന്ന് ടീച്ചറോട് പറയാതെ വയ്യ... അന്ന് നേരത്തെ സ്കൂൾ വിട്ട് എല്ലാരും നേരത്തെ പോയി തുടങ്ങി... സ്കൂളിന് പുറത്തെത്തിയപ്പോൾ കണ്ടു റോഡിനപ്പുറം ടീച്ചർ ഇന്ദിര ടീച്ചറോട് സംസാരിച്ചു നിൽക്കുന്നു....

ടീച്ചറെ കണ്ട ആവേശത്തിൽ ...ആ ഒരൊറ്റ നിമിഷം....ടീച്ചറെ എന്നുള്ള വിളി കേട്ട് എല്ലാരും നോക്കി. സ്പീഡിൽ വരുന്ന ബൈക്കിൽ തട്ടി പാഞ്ഞു വന്ന ബസ്സിനടിയിലേക്കു അവൾ പോയതും അതിന്റെ കൂറ്റൻ  ടയറുകൾ ആ കുഞ്ഞു തലയിൽ കൂടെ കയറിയിറങ്ങിയതും എല്ലാം പെട്ടെന്നായിരുന്നു... ആ കാഴ്ച കാണാനാവാതെ എല്ലാവരും കണ്ണുകൾ കൂട്ടിയടച്ചു ...

വൈകിയറിഞ്ഞ  തിരിച്ചറിവും റോഡിൽ കിടക്കുന്ന കുഞ്ഞു കൈകളിലെ അടിയുടെ പാടുകളും... തന്റെ കണ്മുന്നിൽ നഷ്ടപെട്ട കുരുന്നു ജീവനും. എന്തുചെയ്യണമെന്നറിയാതെ ടീച്ചർ റോഡിൽ തളർന്നിരുന്നു...

കാറ്റ് മറിച്ച പുസ്തകതാളുകളിലൊന്നിൽ കണ്ടു പെൻസില് കൊണ്ട് വരച്ച തന്റെ ചിത്രവും... താഴെ എഴുതിയ വാക്കും. ടീച്ചറമ്മ...

കയ്യിലെ ചൂരൽ വാശിയോടെ പൊട്ടിച്ചെറിഞ്ഞ് പിച്ചും പേയും പറഞ്ഞ് ഒരു ഭ്രാന്തിയെപ്പോലെ ടീച്ചർ എങ്ങോ മാഞ്ഞു പോയി....

ഇതൊന്നുമറിയാതെ മകൾക്കിഷ്ടപെട്ട പലഹാരങ്ങൾ ഉണ്ടാക്കി കാത്തിരിക്കുന്ന അച്ഛനോട് ഒരു വാക്ക് പോലും പറയാതെ അവൾ പോയത് അമ്മെയെന്നു വിളിച്ചായിരിക്കുമോ...

English Summary: Parayathe Poyath, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;