‘സത്യത്തില്‍ എന്‍റെ ഭര്‍ത്താവിനൊപ്പം എന്‍റെ കാമവും മരണപ്പെട്ടിരുന്നു’

ghost
പ്രതീകാത്മക ചിത്രം. Photocredit : FOTOKITA / Shutterstock
SHARE

യക്ഷി നടത്തം (കഥ)

യക്ഷിയുടെ ശല്യം വളരെയധികമായിരിക്കുന്നു.‘‘സന്തോഷേ, ഇതിനൊരു തീരുമാനമുണ്ടാക്കാതെ പറ്റില്ല. ഇന്നലെ ഓട്ടോറിക്ഷ ഓടിക്കുന്ന കലേഷാ പേടിച്ചത്. ഇത് യക്ഷിയൊന്നുമല്ല. പണ്ട് കരടി സുധാകരന്‍ ചെയ്തപോലെ വേഷം കെട്ടിയുള്ള ഒരു ട്രിക്കാ. ചെക്കനിപ്പോ ആശുപത്രിയില്‍ അഡ്മിറ്റാ. സന്നിപാതം പോലെയാ പനി. പേടിച്ചിട്ട്.’’ 

സുബ്രന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ എല്ലാവരും എന്‍റെ തീരുമാനമറിയാന്‍ വേണ്ടി നോക്കി. ഞാന്‍ ഒന്നും മിണ്ടാതിരുന്നു. ഞാനാണ് വിപ്ലവപ്പാര്‍ട്ടിയുടെ യുവജനവിഭാഗം സെക്രട്ടറി. എനിക്ക് യക്ഷിയിലും ദൈവത്തിലും വിശ്വാസമില്ല. അതോടൊപ്പം എന്‍റെ മുന്നിലിരിക്കുന്ന ഈ ധൈര്യവാന്മാരെയും വിശ്വാസമില്ല. അതിന്‍റെ കാരണം കുറച്ച് പഴയതാണ്. അഞ്ചുവര്‍ഷം മുന്‍പ് ഇതുപോലെ വെള്ളാനിപ്പാടത്ത് യക്ഷിശല്യമുണ്ടായിരുന്നു. വലിയ വലിയ പദ്ധതികളൊക്കെ തയാറാക്കിയാണ് അന്നും ദൗത്യത്തിന് ഞാന്‍ കൂടെ രണ്ടാളെയും കൂട്ടി മുന്നിട്ടിറങ്ങിയത്. പാടത്തിന്‍റെ പടിഞ്ഞാറെ അതിരിലായി പണ്ടെങ്ങോ ജലസേചനത്തിനുവേണ്ടി കെട്ടിയ ചെറിയ കോണ്‍ക്രീറ്റ് ചാല്‍ പോകുന്നുണ്ട്. ഇപ്പോഴത് ഉപയോഗശൂന്യമായിക്കിടക്കുകയാണ്. കോണ്‍ക്രീറ്റ് കനാലിന്‍റെ മണ്ടയ്ക്ക് ഞങ്ങള്‍ ഒളിച്ചിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ ഒരു വെളുത്ത രൂപം അങ്ങേ തെങ്ങിന്‍ തോപ്പില്‍ നിന്നിറങ്ങിവന്ന് കനാലില്‍ രണ്ടുകാലും പാടത്തേയ്ക്ക് തൂക്കിയിട്ടിരുന്നു. മങ്ങിയ നിലാ വെളിച്ചത്തില്‍ ആ കാഴ്ച എനിക്ക് ചെറിയ ഭയത്തോടു കൂടിയുള്ള എന്തോ ഒരു വികാരം ജനിപ്പിച്ചു ‘ശിവാ വാടാ’ ഞാന്‍ ടോര്‍ച്ചെടുത്ത് കനാലിന്‍റെ മണ്ടപറ്റി നടന്നുതുടങ്ങി. തിരിഞ്ഞു നോക്കിയപ്പോള്‍ കൂടെയുള്ള രണ്ടെണ്ണത്തിന്‍റെയും പൊടിപോലുമില്ല. ഏതു വഴിയിലൂടെയാണ് അവര്‍ ഓടിയത്? ഞാന്‍ പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു. ടോര്‍ച്ചിന്‍റെ വെളിച്ചം കണ്ണിലടിച്ചതും യക്ഷി മുഖം പൊത്തി. ഞാന്‍ ചെവിയടക്കം പൊത്തി വലംകൈകൊണ്ട് ആഞ്ഞടിച്ചു. കനാലില്‍നിന്ന് യക്ഷി കണ്ടത്തിലേയ്ക്ക് വീണ് മോങ്ങി...

‘‘തല്ലല്ലേ, ഞാന്‍ മെമ്പര്‍ അദ്രുമാന്‍ പറഞ്ഞിട്ട് വന്നതാ.’’ തിരിഞ്ഞ് നോക്കിയപ്പോള്‍ അദ്രുമാന്‍ ടോര്‍ച്ചടിച്ച് കനാലിന് മുകളിലൂടെ നടന്ന് വരികയാണ്. 

‘‘യക്ഷിയേ ദേടീ എറച്ചീം പൊറോട്ടേം. വയറ് നിറച്ച് തിന്നിട്ട് എന്‍റെ യക്ഷി ആ പായിലിരിക്ക്. ഞാനൊന്ന് മുള്ളിയേച്ചും വരാം.’’ ഞാന്‍ അദ്രുമാന്‍ കാണാതെ തെങ്ങിന്‍ തോപ്പിലേക്കോടി മറഞ്ഞു.

ആ യക്ഷിക്കഥ അങ്ങനെ അവസാനിച്ചു.

പിന്നെ അദ്രുമാനെ കാണുമ്പോള്‍ ഞങ്ങള്‍ അര്‍ത്ഥവും മുനയും വച്ച് പറയും. പക്ഷേ ഇത്തവണ കാര്യങ്ങള്‍ കുറച്ച് ഗൗരവപ്പെട്ടത്. തേക്കുമൂല മുതല്‍ എടതിരിഞ്ഞിവരെ അഞ്ച്കിലോമീറ്റര്‍ പാടമാണ്. ഈ പാടത്ത് പല സ്ഥലത്തും പലരും യക്ഷിയെ കണ്ട് പേടിച്ചു. ചിലരെ യക്ഷി ആക്രമിച്ചിരിക്കുന്നു. അവരുടെയൊക്കെ പണവും വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു തുള്ളി ചോര പോലും യക്ഷിക്ക് വേണ്ടിവന്നിട്ടില്ല. അതുകൊണ്ട് ഇത് പണ്ട് കാരണവന്മാര്‍ പറയുന്ന യക്ഷിയല്ലെന്ന് തീര്‍ച്ച.

‘‘സന്തോഷേ, ഇത് നമ്മുടെ പാര്‍ട്ടിക്കൊരു വെല്ലുവിളിയാണ്. ദേ.. ഇന്ത്യക്കാര് സ്വന്തായിട്ട് ബഹിരാകാശത്തിലേയ്ക്ക് പോകുന്നു. വ്യോമോനോട് ന്നാ അവരെ വിളിക്കാന്‍ പോണേ. ആ കാലത്താണ് ഒര് യക്ഷി. ത്ഫൂ...’’

ജോയിന്‍റ് സെക്രട്ടറി പെയിന്‍റര്‍ സുബ്രന്‍ നിലത്തേക്കാഞ്ഞ് തുപ്പി.

‘‘സന്തോഷെന്താ ഒന്നും മിണ്ടാത്തെ? യൂത്ത് വിങ് സെക്രട്ടറി എന്ന നിലയ്ക്ക് ഇത് വെളിച്ചത്തു കൊണ്ടുവരേണ്ടത് സന്തോഷിന്‍റെ ചുമതലയാണ്.’’ സുബ്രന്‍ പറഞ്ഞു. ഞാന്‍ തലയുയര്‍ത്തി എല്ലാവരേയും നോക്കി ഒരു ദീര്‍ഘനിശ്വാസമെടുത്തു. 

‘‘നമുക്ക് തീരുമാനമുണ്ടാക്കാം. എനിക്ക് രണ്ടാളുടെ സഹായം വേണം. വേറൊന്നുമല്ല. അത്ര ശക്തനൊന്നുമല്ലാത്ത എനിക്ക് ചിലപ്പോള്‍ ഒരാളെ ഒറ്റയ്ക്ക് കീഴ്പ്പെടുത്താന്‍ കഴിഞ്ഞെന്ന് വരില്ല.’’

എനിക്ക് ഓരോരുത്തരേയും വിശദമായി അറിയാം. ധൈര്യമുള്ള ഒറ്റ ഒരുത്തനില്ല കൂട്ടത്തില്‍. നിലാവു പെയ്യുന്ന രാത്രിയുടെ ഏകാന്തയാമങ്ങളില്‍, മഞ്ഞുപെയ്യുന്ന, ഉർവ്വരമായി, വിശാലമായിക്കിടക്കുന്ന ആ വയലേലകളെ ഞാനെന്‍റെ ആത്മാവിലാവാഹിച്ചിരുന്നു. എത്രയെത്ര രാത്രികളില്‍ ഞാനാ നെല്‍ക്കതിരുകളില്‍ നിന്നുതിരുന്ന മാസ്മരിക സൗരഭ്യം ആസ്വദിച്ചിട്ടുണ്ടെന്നോ? 

തെക്കന്‍പാടത്തുനിന്ന് വീശുന്ന ഇളം തണുപ്പ് പേറുന്ന മാരുതനെന്നെ ആലിംഗനം ചെയ്യും. അതിലമരുമ്പോള്‍ താല്‍ക്കാലികമായി ഞാനീ ലോകത്തുനിന്ന് വിടപറയും. പിന്നീട് ജീവിതം വീണ്ടും പടപൊരുതിത്തുടങ്ങിയപ്പോള്‍ ഉപേക്ഷിക്കപ്പെട്ട ശീലങ്ങളിലൊന്നായി മാറി അത്. പ്രശാന്തത തളം കെട്ടിക്കിടക്കുന്ന ആ സ്ഥലത്താണീ സാമൂഹികഅതിക്രമം.

എടതിരിഞ്ഞി കഴിഞ്ഞ് പാടത്തു കൂടി കൃത്യം മൂന്നുകിലോമീറ്റര്‍ വരുമ്പോഴാണ് പാടത്തെ പകുത്തുകൊണ്ട് കനാല്‍ പോകുന്നത്. കനാലിന് വശങ്ങളിലായി പൊന്തക്കാടുകളുണ്ട്. അതിനടുത്ത് തകര്‍ന്നുകിടക്കുന്ന, ധൃതരാഷ്ട്ര പച്ചച്ചെടികള്‍ മേലോട്ട് പടര്‍ന്നുകയറി മേലാപ്പിട്ട ഓടുമേഞ്ഞ കെട്ടിടവും. മിക്കവാറും ഇവിടെ വച്ചാണ് യക്ഷി തന്‍റെ ഇരകളെ കണ്ടെത്തുന്നത്.

മുല്ലപ്പൂ സൗരഭ്യം പൊഴിക്കുന്ന ചന്ദ്രബിംബ മുഖമാര്‍ന്ന ഗന്ധര്‍വ്വലോകത്തില്‍ നിന്നിറങ്ങി വന്ന പൊന്നു യക്ഷീ, എന്‍റെ പല്ലും നഖവുമെങ്കിലും ഉപേക്ഷിക്കണേ! പിന്‍ഗാമിക്ക് ഉദയക്രിയ ചെയ്യാന്‍. അല്ലെങ്കില്‍ ഉദയക്രിയ ഇല്ലെങ്കിലെന്താ? അന്ധവിശ്വാസത്തിനെതിരെ പടപൊരുതി ജീവന്‍ വെടിഞ്ഞ ധീരരക്തസാക്ഷിയല്ലേ ഞാന്‍. എനിക്ക് ചിരി പൊട്ടി. നല്ല നിലാവുള്ള രാത്രിയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്.

രാത്രി ഒരു മണി. പെയിന്‍റര്‍ സുബ്രനെ ആദ്യം സൈക്കിളില്‍ വിട്ടു. കൃത്യം റിഹേഴ്സല്‍ നടത്തിയിട്ടുണ്ടായിരുന്നു. സുബ്രനെ യക്ഷി ആക്രമിച്ചാല്‍ ഏതുവിധേനയും അയാള്‍ രക്ഷപ്പെട്ടുകൊള്ളണം. പിറകേവരുന്ന ഞങ്ങള്‍ യക്ഷിയെ കൈകാര്യം ചെയ്യും. പതുക്കെ സൈക്കിളില്‍ പോകുന്ന സുബ്രനെ അമ്പത് മീറ്റര്‍ മാറി ഞങ്ങള്‍ പിന്തുടര്‍ന്നു. പക്ഷേ സൈക്കിള്‍ ചവിട്ടുമ്പോള്‍ സുബ്രന്‍റെ താടിയെല്ലും ഹാന്‍റില്‍ പിടിച്ചിരിക്കുന്ന കയ്യും വിറയ്ക്കുന്നതു കണ്ട് ഞാന്‍ അങ്കലാപ്പിലായി. ഇത് ആശുപത്രിക്കേസിലവസാനിക്കുമോ എന്ന് ഞാന്‍ ഭയന്നു. 

കനാല്‍ കഴിഞ്ഞ് അമ്പത് മീറ്റര്‍ കഴിഞ്ഞതേയുള്ളൂ. സുബ്രന്‍റെ നിലവിളി കേട്ടു. ഞങ്ങള്‍ ഓടിച്ചെല്ലുമ്പോള്‍ സുബ്രന്‍ വെളുത്ത സാരി ചുറ്റിയ ഒരൂക്കന്‍ സ്ത്രീ രൂപത്തിന്‍റെ കയ്യില്‍ നിന്ന് രക്ഷപ്പെടാന്‍വേണ്ടി കുതറുകയാണ്. സൈക്കിള്‍ തെറിച്ച് ദൂരെ കിടക്കുന്നു. ഞങ്ങളെക്കണ്ടതും യക്ഷി തിരിഞ്ഞുനിന്നു. 

പെട്ടെന്നാ രൂപം കണ്ടപ്പോള്‍ എന്‍റെ ഉള്ളുകിടുങ്ങി. മഷിയെഴുതിയ കണ്ണില്‍നിന്ന് രക്തം ഒഴുകുന്നുണ്ട്. ആ സ്ത്രീ രൂപം തന്‍റെ വലിയ കൈകള്‍ ഞങ്ങള്‍ക്കുനേരെ നീട്ടിയപ്പോള്‍ അതില്‍നിന്നൊരു പുകച്ചുരുള്‍ ഉയര്‍ന്നു. അവിടമാകെ ഗന്ധകത്തിന്‍റെയും ഫോസ്ഫറസ് കത്തിയതിന്‍റെയും മണം പരന്നു. പണ്ട് സംഭവിച്ചത് വീണ്ടും ആവര്‍ത്തിച്ചു. സുബ്രനടക്കം കൂടെയുണ്ടായിരുന്ന മൂന്നുപേരും വെടികൊണ്ടപോലെ പിന്‍തിരിഞ്ഞോടി. സുബ്രന്‍റെ സൈക്കിള്‍ ചെയിന്‍ വിട്ട് തകര്‍ന്നുപോയ ഞങ്ങളുടെ പദ്ധതിയുടെ ശേഷിപ്പായി അവിടെ കിടന്നു. അപ്പോഴും അതിന്‍റെ പിന്‍ചക്രം കറങ്ങുന്നുണ്ടായിരുന്നു. 

യക്ഷി പാടവരമ്പിലേക്കിറങ്ങി ഓടിമറയാന്‍ തുടങ്ങി. അഭിമാനത്തിന് മുറിവേറ്റ എന്‍റെ കാലുകള്‍ക്ക് അശ്വവേഗം കൈവന്നു. പിന്നില്‍നിന്ന് യക്ഷിയുടെ മുടിക്കെട്ട് ലക്ഷ്യമാക്കിപ്പിടിച്ചതും ഒരു ചെറിയ ലോഹദണ്ഡ് യക്ഷിയുടെ കയ്യില്‍ തിളങ്ങിയതും എനിക്കോര്‍മ്മയുണ്ട്. നിലത്തുവീണ എന്‍റെ മുഖം ശ്രദ്ധിച്ച് യക്ഷി ‘‘ആര്. സന്തുമോനോ?’’ എന്ന് പറഞ്ഞത് ഞാന്‍ അവ്യക്തമായി കേട്ടു.

ബോധം വീണപ്പോള്‍ ഞാനാ പഴയ കെട്ടിടത്തില്‍ കിടക്കുകയായിരുന്നു. നെറ്റി പൊട്ടിപ്പൊളിയുന്ന വേദന. പുകച്ചുരുളുകളുടെ മണം. യക്ഷി എന്‍റെ അടുത്തിരുന്ന് പുക വലിക്കുന്നു. കഞ്ചാവു ബീഡിയാണെന്ന് മണത്തില്‍നിന്ന് വ്യക്തം.

സന്തുമോനേ. പേടിക്കണ്ട. ഞാനാ സുലുച്ചേച്ചി. സുലോചനേച്ചി എന്‍റെ അകന്നബന്ധുവാണ്. ഞാന്‍ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. നെറ്റി മുറിഞ്ഞ് ഒഴുകിയ ചോര സുലുച്ചേച്ചിയുടെ വെളുത്ത സാരിയുടെ ഒരു ഭാഗം കൊണ്ട് കെട്ടിയിരിക്കുന്നു. വേദനയിലും സുലുച്ചേച്ചിയുടെ കത്തുന്ന സൗന്ദര്യത്തിലേയ്ക്ക് ഞാന്‍ നോക്കി. പൂര്‍ണ്ണചന്ദ്രബിംബം മൂക്കുത്തിയില്‍ തട്ടി പൊന്നൊളി ചിതറുന്നു. അഴിച്ചിട്ട മുടിയിഴകള്‍ ഇഴയുന്ന സര്‍പ്പങ്ങളുടെ വശ്യമായ ഭീകരത. കഞ്ചാവു ബീഡിയുടെ പുക അതില്‍ കറുത്ത മഷി പോലെ പരന്നുകിടന്നു. 

‘‘എന്തിനാ ചേച്ചി ഈ കടുംകൈ.’’ എന്‍റെ തൊണ്ടയിടറി. അതു കേട്ട് സുലുച്ചേച്ചി യക്ഷി ചിരിക്കുംപോലെ പൊട്ടിച്ചിരിച്ചു. വലിയ സ്തനങ്ങള്‍ കുലുങ്ങിയപ്പോള്‍ എന്തുകൊണ്ടോ എന്നില്‍ ഭീതിയുടെ മിന്നലാട്ടമുണ്ടായി. വലിയ വാഴക്കൂമ്പുകണക്കെ തണുപ്പുള്ള കൈകള്‍ കൊണ്ട് എന്‍റെ മുടിയിഴ തലോടി ചേച്ചി ചോദിച്ചു. 

‘‘ദാമുവേട്ടന്‍ മരിച്ചതില്‍ പിന്നെ ഞാനെങ്ങനെയാണ് ജീവിച്ചിരുന്നതെന്ന് നീയടക്കം ഈ ലോകത്തിലാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?’’ ഞാന്‍ മിണ്ടാതിരുന്നു.

എന്‍റെ ജീവിതമാറാപ്പുതന്നെ എടുക്കാച്ചുമടാണ്. ബാധ്യത വന്നേക്കാവുന്ന ബന്ധങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ഇപ്പോള്‍ ശീലമായിരിക്കുന്നു. യക്ഷി കണ്ണുകളില്‍ ഭൂതകാലനൈരാശ്യങ്ങളുടെ ഓളങ്ങള്‍ അലതല്ലുന്നത് ഞാന്‍ കണ്ടു.

‘‘സന്തൂ, നിനക്കറിയോ, ദാമുവേട്ടന്‍ മരിച്ചത് വെറും ഒരു ലക്ഷം രൂപയുടെ കുറവുകൊണ്ടാണ്. ഗുദഭാഗത്തെ അര്‍ബുദം മുറിച്ചുനീക്കാനുള്ള ഒരു ലക്ഷം രൂപ. മരണമടുത്ത സമയത്ത് കഴിയുന്നതും ആരോടും കടം ചോദിക്കരുത്. കടം ചോദിച്ചാല്‍ എന്താണുണ്ടാവുകയെന്ന് ദാമുവേട്ടന്‍ ശരിക്കും പഠിച്ചു.’’ ആദ്യമായും അവസാനമായും അയാള്‍ കടം ചോദിച്ചത് പണ്ട് സഹായിച്ച് അക്കരെ കടത്തിയ ബാല്യകാല സുഹൃത്ത് ആലിക്കുഞ്ഞിനോടാണ്. ഇപ്പോള്‍ നാട്ടിലെ മുന്തിയ പണക്കാരന്‍. ആലിക്കുഞ്ഞ് ഒരു കെട്ട് രണ്ടായിരത്തിന്‍റെ നോട്ടുമായി വന്നു. അതില്‍നിന്നൊരു നോട്ട് വലിച്ചെടുത്ത് ഞൊടിയിടയില്‍ അയാളൊരു നോട്ടുവഞ്ചിയുണ്ടാക്കി.

‘‘ദാമുവേ...നീ പണ്ട് എന്നെ സഹായിച്ചിട്ടുണ്ട്. പക്ഷേങ്കില് കാശിന് കാശുതന്നെ വേണം. ദാ... ഇത് നിനക്ക് പണിയെടുക്കാന്‍ ഞാന്‍ തരുന്ന വഞ്ചി. മാസം അയ്യായിരം രൂപ നീ എനിക്ക് തരണം. ഈ ഒരു ലക്ഷം വേറെയും തരണം’’. 

ദാമുവേട്ടന് സര്‍വ്വാംഗം ചൊറിഞ്ഞു. 

‘‘നീ എന്നെ ഊശിയാക്കുന്നോടാ.....? പലിശ വേണംന്ന് നേരിട്ട് പറയാന്‍ നെനക്കെന്താടാ മടി. പടച്ചോന്‍ പൊറ്ക്കില്ലല്ലേ? നിന്‍റെ നാട്ട്കാരെ കാണിക്കാന്‍ കൊണ്ടുനടക്കണ ആത്മീയതയുണ്ടല്ലോ അതെനിക്ക് ഇതാടാ ഇത്. ദാമുവേട്ടന്‍ തലയില്‍ നിന്നൊരു മുടിനാര് പറിച്ച് അയാളുടെ മുഖത്തേക്കൂതി. പാറപോലെ ഉറച്ച മുഖഭാവവുമായി ദാമുവേട്ടന്‍ വീട്ടില്‍ വന്ന് കയറി. 

‘‘സുലൂ.. ഞാനിനി ആരോടും കടം ചോദിക്കില്ല. ജനിച്ചാല്‍ ഒരുദിവസം മരിക്കണം. ഞാനാദ്യം പോകുന്നു. നീ പിന്നീട് വാ.’’

കൃത്യം ഏഴാം ദിവസം ദാമുവേട്ടന്‍ മരിച്ചു. ഭൂമിയില്‍ എനിക്കാകെയുണ്ടായിരുന്ന തുണ. ഞാന്‍ തികച്ചും ഒറ്റപ്പെട്ടുപോയി. ഞാന്‍ തീര്‍ത്തും പുറത്തിറങ്ങാതായി. ഞാന്‍ മനപ്പൂര്‍വ്വം ഒരു തടവറ സൃഷ്ടിച്ചു. ആ തടവറ ചുരുങ്ങിച്ചുരുങ്ങി വന്ന് എന്നെ വിഴുങ്ങുമ്പോള്‍ എനിക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുമെന്ന് ഞാന്‍ വിശ്വസിച്ചു. പക്ഷേ എനിക്ക് തോല്‍ക്കാനായിരുന്നു വിധി. എനിക്ക് ചുറ്റും കഴുകന്‍ കണ്ണുകള്‍ രൂപപ്പെടുന്നത് ഞാന്‍ അറിഞ്ഞു. തൊലിവെളുപ്പും ആരോഗ്യവുമുള്ള ഒരു വിധവയോട് സമൂഹത്തിലെ ഒരു വിഭാഗം പെരുമാറുന്നത് എങ്ങനെയെന്ന് നിനക്കൂഹിക്കാന്‍ സാധിക്കില്ല സന്തൂ. എന്താണവറ്റകളുടെ വിചാരം. ഞങ്ങള്‍ ലൈംഗികാസക്തി ശമിക്കാതെ നടക്കുന്ന യക്ഷികളാണെന്നോ? മാംസക്കൊതിയന്‍മാരായ ചെന്നായ്ക്കള്‍. സത്യത്തില്‍ എന്‍റെ ഭര്‍ത്താവിനൊപ്പം എന്‍റെ കാമവും മരണപ്പെട്ടിരുന്നു. വികാരങ്ങളില്ലാത്ത ഒരു മാംസപിണ്ഡം മാത്രമായിരുന്നു ഞാന്‍.

വീടിനു പുറത്തിറങ്ങാതായിട്ടും പല മാന്യമാരുടെയും മുഖം മൂടി എനിക്കുമുന്നില്‍ അഴിഞ്ഞു വീണുകൊണ്ടിരുന്നു. ആ മുഖംമൂടിക്കപ്പുറത്തെ രക്തം കിനിയുന്ന നാക്കുകള്‍ എന്‍റെ നിദ്രയെ എന്നില്‍ നിന്നടര്‍ത്തിമാറ്റിക്കൊണ്ടിരുന്നു. അതിലൊരാള്‍ ദാമുവേട്ടന്‍റെ സ്വന്തം അനുജന്‍ ഗോപിയായിരുന്നു. എപ്പോള്‍ വേണമെങ്കിലും എന്‍റെ വീട്ടില്‍ കയറിവരാന്‍ അധികാരമുണ്ടായിരുന്നവന്‍. രാത്രികളില്‍ അയാള്‍ വാതിലില്‍ മുട്ടുന്നത് ശീലമാക്കി. ഞാനൊരിക്കലും വാതില്‍ തുറക്കില്ല. തെറിവാക്കുകളുമായി നിരാശനായി അയാള്‍ മടങ്ങുമ്പോള്‍, ഉണ്ടായിരുന്ന ആണ്‍തുണയുടെ ബലമോര്‍ത്ത് ഞാന്‍ കരഞ്ഞ് നേരം വെളുപ്പിക്കും. ജീവിതത്തിലെ പ്രശാന്തത എനിക്കന്യമായിത്തുടങ്ങി.

ഒരു ദിവസം വാതിലില്‍ ഇടിച്ചിടിച്ച് വാതില്‍ തുറക്കുമെന്ന ഘട്ടം വന്നപ്പോള്‍ ഞാന്‍ പിന്നാമ്പുറം വഴി ഈ പാടത്തേക്കോടിക്കയറി. കുറേ നേരം പൊന്തക്കാട്ടിലൊളിച്ചിരുന്ന് സഹായം ചോദിക്കാന്‍ വേണ്ടിയാണ് ഒരു വഴിപോക്കന്‍റെ മുന്നിലേയ്ക്ക് ഞാന്‍ കയറിയത്. പക്ഷേ അയാള്‍ എന്നെ കണ്ട് പേടിച്ച് നിലവിളിച്ച് ഓടിമറഞ്ഞു. ഞാന്‍ വെളുത്ത ജാക്കറ്റായിരുന്നു ധരിച്ചിരുന്നത്. വിധവയ്ക്കും ആശുപത്രിയിലെ നേഴ്സിനും യക്ഷിക്കും വെളുത്ത ജാക്കറ്റ് സമ്മാനിച്ച സാമൂഹികനീതിയെ ഓര്‍ത്ത് ഞാന്‍ കുറെ ചിരിച്ചു. അന്നു മുതല്‍ ഈ പൊന്തക്കാടുകളാണ് എന്‍റെ രാത്രിവീടുകള്‍. അങ്ങനെയാണ് പുരാതനകാലത്ത് ഏഴിലംപാലയില്‍ തറച്ചിരുന്ന ആണിയില്‍നിന്ന് ബന്ധനമഴിഞ്ഞ് ഒരു യക്ഷി എടതിരിഞ്ഞി പാടത്ത് വിഹരിച്ചു തുടങ്ങിയത്. സുലുച്ചേച്ചി കഞ്ചാവു പുകയ്ക്കിടയിലൂടെ മന്ദഹസിച്ചു.

‘‘സന്തൂ, ഇതിനുത്തരവാദി നിങ്ങളാണ്. ആരും സഹായമില്ലാത്തവളുടെ തുണയ്ക്ക് ഈ സമൂഹം എന്തുചെയ്യുന്നു. എനിക്കൊരു സഹോദരനുണ്ടായിരുന്നെങ്കില്‍ ഞാന്‍ യക്ഷിയാവില്ലായിരുന്നു.’’

‘‘ചേച്ചീ, ഗോപിയേട്ടന്‍ ആറുമാസം മുന്‍പ് മരിച്ചില്ലേ?’’ ഞാന്‍ ഇടയ്ക്കുകയറിപ്പറഞ്ഞു.

ഉവ്വ്. ആ കഥ ഞാന്‍ വഴിയേ പറയാം. സുലുച്ചേച്ചിയുടെ കണ്ണുകളില്‍ കഞ്ചാവിന്‍റെ മന്ദത നിഴലിച്ചു തുടങ്ങി. സംസാരം നിയന്ത്രിക്കാന്‍ ചേച്ചി പണിപ്പെടുന്നതുപോലെ തോന്നി. 

സന്തൂ, എനിക്കിപ്പോള്‍ സങ്കടങ്ങളില്ല. ജീവിതത്തിന്‍റെ ആ നിസംഗത എന്നില്‍വന്ന് കുടിയേറിക്കഴിഞ്ഞു. ആ നിരർഥകത മനസ്സിലാക്കിയപ്പോള്‍ മുതല്‍ ഞാന്‍ ആഹ്ലാദവതിയാണ്. എനിക്കിപ്പോള്‍ പട്ടിണിയില്ല. രാത്രിയുടെ ഏകാന്തമായ ഭീകരയാമങ്ങളില്‍ ഈ വയല്‍വീഥികളിലൂടെ ഞാനെന്‍റെ യക്ഷി നടത്തം നടക്കും. പുലരുംവരെ. ഏതെങ്കിലുമൊരു നിര്‍ഭാഗ്യവാനായ ഇര എന്നെ കാത്തിരിക്കുന്നുണ്ടാവും. അവന്‍റെ കീശയാണ് പിന്നെ കുറേദിവസത്തേയ്ക്ക് എന്നെ പോറ്റുന്നത്. അത് മുഴുവന്‍ കഴിഞ്ഞേ ഞാന്‍ അടുത്ത ഇരയെ സമീപിക്കൂ. ഇപ്പോള്‍ ഈ യക്ഷിനടത്തത്തിന് എന്നെ സഹായിക്കുന്ന ചിലരുണ്ട്. ഈ സ്വാര്‍ത്ഥമായ സമൂഹത്തില്‍ പിഴച്ചുപോകാന്‍ ഞാന്‍ കണ്ടെത്തിയ ചില പുഴുക്കുത്തുകള്‍. അവരാണ് വാച്ചുകളും മൊബൈലുകളും എനിക്ക് പണമായി മാറിത്തരുന്നത്. അവരില്‍നിന്നാണ് ഞാന്‍ കഞ്ചാവ് ശീലിച്ചത്. ഞാനും ഈ സമൂഹ്യജീവിതത്തിന് പാകപ്പെട്ടവളായി സന്തൂ.. അല്ലെങ്കില്‍ ഈ സമൂഹം അങ്ങനെയാക്കിത്തീര്‍ത്തു.

സംസാരവും വികാരങ്ങളും കഞ്ചാവു പുകയില്‍ പെട്ടുഴറി നിയന്ത്രണമില്ലാതെ സുലുച്ചേച്ചി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഞാന്‍ സ്തംഭിച്ചിരുന്ന് കേട്ടു. രാത്രിയിലെ യക്ഷിനടത്തം എനിക്ക് മനുഷ്യ ജീവിതത്തിന്‍റെ എത്രയെത്രെ പൊള്ളത്തരങ്ങള്‍ കാണിച്ചു തന്നിട്ടുണ്ടെന്നോ? ഈ ദേശത്തിന്‍റെ വെളിച്ചപ്പാടില്ലേ. അയാള്‍ എന്നെക്കണ്ട് ഭയന്നോടിയിട്ടുണ്ട്. ദിവസവും ചെമ്പട്ടും അരമണിയും പള്ളിവാളുമണിഞ്ഞ് ദേവിയെ ശരീത്തിലാവാഹിച്ച് ഭക്തര്‍ക്കുമുന്നില്‍ ഉച്ചത്തിലമറുന്നവന്‍. യക്ഷി പൊട്ടിച്ചിരിച്ചു. അയാളുടെ ഒരു ചിലമ്പ് വിറ്റ് കാശാക്കി ഞാന്‍ അരി വാങ്ങിയിട്ടുണ്ട്. എനിക്കതിലൊരു കുറ്റബോധവുമില്ല. വയറുപിഴപ്പിന് വേണ്ടി മാത്രമാണെന്ന സത്യം ഞാനീ യക്ഷി നടത്തത്തിലൂടെ മനസ്സിലാക്കുന്നു. നിനക്കറിയാമല്ലോ തേക്കുമൂല മുതല്‍ എടതിരിഞ്ഞി വരെ ധാരാളം തെരുവുപട്ടികളുണ്ട്. എന്നെ ഇതുവരെ ഒരെണ്ണംപോലും ഉപദ്രവിച്ചിട്ടില്ല. ഒരുദിവസം ഞാന്‍ നടക്കുമ്പോള്‍ അവറ്റകളുടെ വലിയ കരച്ചില്‍. വേദനകൊണ്ട് പ്രാണന്‍ പിടഞ്ഞിട്ടാണ് നായ്ക്കള്‍ കരയുന്നത്. ഒരു വൈദ്യുതി തൂണിന്‍റെ മറവില്‍ നിന്ന് ഞാന്‍ ശ്രദ്ധിച്ചു. രണ്ടുപേര്‍ മോട്ടോര്‍ സൈക്കിളില്‍ വരുന്നു. പിന്നിലിരിക്കുന്നവന്‍ ഒരു വാളുകൊണ്ട്  പട്ടികളുടെ തലയില്‍ വെട്ടുകയാണ്. വെട്ടുകൊണ്ടവ വയലിലേയ്ക്ക് ചാടി നിലത്തുകിടന്ന് വലിയ വായില്‍ മോങ്ങുന്നു. ബാക്കിയുള്ളവ പ്രാണന്‍ വാരിപ്പിടിച്ചോടുന്നു.

മോട്ടോര്‍ സൈക്കിള്‍ ഞാന്‍ മറഞ്ഞുനിന്ന തൂണിനടുത്തെത്തിയതും ഞാന്‍ അവരുടെ മുന്നിലേക്ക് ചാടി. നിലാവൊളിയില്‍ പെട്ടെന്നെന്നെക്കണ്ട് ഭയന്ന് അവര്‍ റോഡില്‍ തലയിടിച്ചു വീണു. അവരുടെ തെറിച്ചുപോയ വാളെടുത്ത് ഞാന്‍ ഒരുവന്‍റെ പുറത്ത് ആഴത്തിലൊരു മുറിവുണ്ടാക്കി. തീവ്രവാദികൾ വലിയ വായില്‍ നിലവിളിച്ചുകൊണ്ടോടിയപ്പോള്‍ ഞാന്‍ യക്ഷി ചിരിക്കുംപോലെ സര്‍വ്വശക്തിയുമെടുത്ത് പൊട്ടിച്ചിരിച്ചു. കഞ്ചാവുതരിപ്പില്‍ എനിക്ക് ചിരി നിര്‍ത്താനാവുന്നുണ്ടായിരുന്നില്ല. ആ നായ്ക്കളുടെ ചോരയിറ്റുന്ന തല കാണുമ്പോള്‍ എനിക്കരിശവും അടക്കാനാകുന്നില്ല. ഒന്നുകൂടി വെട്ടാനവസരമുണ്ടായിരുന്നെങ്കില്‍ ഞാനവരുടെ തലയ്ക്ക് വെട്ടുമായിരുന്നു.

സന്തൂ.. കുറച്ചെങ്കിലും മനോധൈര്യമുള്ളവനൊന്നും തീവ്രവാദിയാവുകയില്ല. അവരുടെ മനോദൗർബല്യമാണ് മറ്റുള്ളവര്‍ മുതലെടുക്കുന്നത്.  

‘‘ചേച്ചീ, ഗോപിയേട്ടന്‍ എങ്ങനെയാണ് മരിച്ചത്? ചേച്ചിക്കറിയാവുന്ന രഹസ്യങ്ങള്‍ അതിലുണ്ടെന്ന് തീര്‍ച്ച.’

‘‘ഉം.. പറയാം. പക്ഷേ നീ സത്യം ചെയ്യണം. ഇത് മൂന്നാമതൊരാള്‍ അറിയരുത്.’’ സുലുച്ചേച്ചി വലതു കൈ നീട്ടി എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു.

സന്തോഷേ, ഭൂമിയില്‍ ഞാന്‍ ഏറ്റവും വെറുക്കുന്നത് അയാളെയായിരുന്നു. ആ ഇരുകാലി മൃഗത്തെ. അങ്ങിനെയൊരാള്‍ ഉള്ളതുകൊണ്ട് ഞാനെന്‍റെ ജീവിതത്തെ വെറുത്തു. എന്തിന് എന്‍റെ ശരീത്തെപ്പോലും ഞാന്‍ വെറുത്തു തുടങ്ങി. മരണം അതിതീവ്രമായി ആഗ്രഹിച്ചുകൊണ്ട് എത്ര രാത്രികള്‍ ഞാന്‍ പകലുകളാക്കിയിട്ടുണ്ടെന്നോ? മാനസികസമ്മര്‍ദ്ദം സഹിക്കവയ്യാതെ ഒലിച്ചിറങ്ങുന്ന കണ്ണീരിന്‍റെ ഉപ്പുനുണയുമ്പോള്‍ അയാളുടെ മരണത്തിന്‍റെ രുചി ഞാനാഗ്രഹിച്ചു. ഞാനനുഭവിക്കുന്ന അരക്ഷിതാവസ്ഥ എന്തെന്ന് അയാളെ എന്നെങ്കിലുമൊന്ന് അറിയിക്കണമെന്ന് ഈ പെണ്‍മനസ്സാഗ്രഹിച്ചതില്‍ നിനക്ക് തെറ്റുപറയാന്‍ പറ്റുമോ? അതെനിക്ക് സാധിച്ചുതന്നത് ഇപ്പോള്‍ ഞാനേറെ ഇഷ്ടപ്പെടുന്ന, അത്യധികം ആസ്വദിക്കുന്ന ഈ യക്ഷിവേഷമാണ്. പിന്നീട് ഞാനോര്‍ത്തോര്‍ത്തൂറ്റംകൊണ്ട ഒരു യക്ഷിനടത്തത്തിനടയ്ക്കാണ് അയാള്‍ എന്‍റെ മുന്നില്‍വന്ന് പെട്ടത്. അയാള്‍ സൈക്കിളില്‍ എടതിരിഞ്ഞി പാലം കയറുന്നത് ഞാന്‍ കണ്ടു. സമീപത്തെ പൊന്തക്കാട്ടില്‍ ഞാന്‍ പുറംതിരിഞ്ഞിരുന്നു. അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. അവിടെയാണ് തമാശ. സാമാന്യം നന്നായി മദ്യപിച്ചവരാണ് ഈ പാടത്ത് എന്നെ പരീക്ഷിച്ചിട്ടുള്ളവര്‍. അവര്‍ യക്ഷിയെ പേടിക്കാറില്ല. അവരില്‍ നിന്ന് അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ എനിക്ക് രക്ഷപ്പെടേണ്ടി വന്നിട്ടുണ്ട്. സൈക്കിള്‍ നിര്‍ത്തി അയാളെന്നോട് ചോദിച്ചു. 

‘‘പോരുന്നോടീ. എത്രയാ വേണ്ടത്?’’ എന്‍റെ യക്ഷിവേഷം അയാളില്‍ ഒരു ഭയവുമുണ്ടാക്കിയില്ല എന്നോര്‍ത്ത് ഭയന്നത് ഞാനാണ്. ഞാന്‍ പതിയെ മുഖം തിരിച്ചു. കണ്ണിലെ മഷിയും രക്തക്കറയും കണ്ട് അയാള്‍ പൊട്ടിച്ചിരിച്ചു. 

‘അവള്‍ടെ യക്ഷിവേഷോം മാങ്ങാത്തൊലീം. ആരാടീ നീ.’

എന്‍റെ ദേഹത്തില്‍ ചെറിയ വിറ കയറി. എന്‍റെ വലിയ ശരീരത്തിലേയ്ക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ അയാള്‍ക്ക് ഞാനാരാണെന്ന് പിടികിട്ടി.

‘‘നായിന്‍റെ മോളേ, ഉണ്ടഞ്ചുരുട്ട് എന്നോട്? നിന്നേക്കാളും വല്യ ഏന്ത്യാനിച്ചികളെ കണ്ട്ട്ടിണ്ടെടീ ഈ ഗോപി.’’ 

അയാളെന്‍റെ മുടിക്കുത്തില്‍ കയറിപ്പിടിച്ചു. എന്തിനാടീ ഇവിടെക്കൂടെ നടക്കുന്നത്. ഞാന്‍ തരും നിനക്ക് ചിലവിന്. നീ പണ്ടേ എന്‍റെ ആഗ്രഹമാ. തടസ്സം നിന്‍റെ കെട്ട്യോന്‍ തന്നെ ആയിരുന്നു. അയാള് ചത്ത് തൊലഞ്ഞേല് ഇപ്പോ എനിക്ക് സങ്കടമില്ല. 

എന്‍റെ രക്തം തിളച്ചു. സര്‍വ്വശക്തിയുമെടുത്ത് ഞാനയാളുടെ നാഭിക്ക് ചവിട്ടി. ഇരുന്നുപോയ അയാളെ ഞാന്‍ കനാലിലേയ്ക്ക് ചവിട്ടിമറിച്ചിട്ടു. നല്ല വെള്ളമുള്ള കനാലില്‍ അയാള്‍ പൊന്തിവരുന്നതും വെള്ളം കുടിച്ച് വീഴുന്നതും താഴുന്നതും കണ്ടപ്പോള്‍ ഞാനൊട്ടും ഭയന്നില്ല. എനിക്കൊരു തരം നിസ്സംഗതയായിരുന്നു.

എന്‍റെ വികാരങ്ങള്‍ കരിമ്പാറക്കെട്ടിന്‍റെ ഭാവഭേദങ്ങള്‍ പൂണ്ടുനിന്നു. വെള്ളത്തില്‍നിന്നും ഉയര്‍ന്നുവന്ന അവസാനകുമിളയും നിലയ്ക്കുന്നതുവരെ ഞാന്‍ നോക്കിനിന്നു. അന്ന് വീട്ടില്‍പോയി ഞാന്‍ ഗാഢമായുറങ്ങി. ചെന്നായ്ക്കളുടെ ചോരയിറ്റുന്ന നാക്കുകള്‍ അന്നെന്നെ ഭയപ്പെടുത്തിയില്ല. കാലങ്ങള്‍ കൂടി എന്‍റെ ഓരോ അണുവും നിദ്രയിലേക്കലിഞ്ഞു ചേര്‍ന്നു. കനാലില്‍ മൂന്നാം നാള്‍ ജഡം പൊന്തിയപ്പോള്‍  ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാന്‍ നോക്കി. എനിക്കെന്തോ മനം പിരട്ടി. മീന്‍ കൊത്തി വികൃതമാക്കി മാംസക്കഷ്ണം പോലെ തോന്നിച്ച അയാളുടെ കണ്ണുകള്‍ കണ്ടപ്പോള്‍ കുടല്‍ വെളിയില്‍ വരുമാറ് ഞാനോക്കാനിച്ചു. കുറച്ച് ദിവസത്തേയേക്ക് ചോരയിറ്റുന്ന ചെന്നായ് നാക്കുള്ള ആളുകളെ കാണുമ്പോഴെല്ലാം എനിക്ക് ഓക്കാനം വരും. മനം മറിഞ്ഞോക്കാനിച്ച് ഞാന്‍ തളര്‍ന്നിട്ടുണ്ട്. ആ ഓക്കാനം നിന്നതിന് ശേഷം എനിക്ക് കല്ലുപോലൊരു ഹൃദയമുണ്ടായി. എന്തുവന്നാലും എനിക്ക് ജീവിക്കാം എന്ന മനസ്സുറപ്പ് കൈവന്നു. അതുകൊണ്ടീ യക്ഷിനടത്തം ആസ്വദിച്ചുകൊണ്ട് ഞാന്‍ ജീവിക്കുന്നു. ചേച്ചി പറഞ്ഞു നിര്‍ത്തി.

രണ്ടുദിവസത്തിനകം തന്നെ സുലുച്ചേച്ചിയെ ഗോപി വധക്കേസില്‍ പോലീസ് അറസ്റ്റുചെയ്തു. പത്രങ്ങളില്‍ വലിയ തലക്കെട്ടില്‍ സുലുച്ചേച്ചി കുപ്രസിദ്ധയായി. തെളിവെടുപ്പിനായി കനാലിന്‍റെ തീരത്തെത്തിയപ്പോള്‍ സുലുച്ചേച്ചിയുടെ കണ്ണുകള്‍ ആള്‍ക്കൂട്ടത്തിനിടയ്ക്ക് ആരെയോ തിരയുന്നുണ്ടായിരുന്നു. വിലങ്ങിട്ട കൈകള്‍ ഉയര്‍ത്തി ചേച്ചി എന്നെ വിളിച്ചു. 

‘‘ചതിച്ചല്ലോടാ സന്തൂ നീ എന്നെ’’ സുലുച്ചേച്ചിയുടെ തൊണ്ടയിടറി. നിറഞ്ഞുപോയ കണ്ണില്‍നിന്നൊരു തുള്ളി പൊട്ടിയൊഴുകി. 

‘‘ഇത്രയും ഭാരമുള്ളൊരു രഹസ്യവും അതിന്‍റെ കുത്തുന്ന സമ്മര്‍ദ്ദവും സഹിക്കാനുള്ള ശക്തി എനിക്കില്ലാതായിപ്പോയി ചേച്ചീ.’’ 

ഞാന്‍ സുലുച്ചേച്ചിയുടെ മുന്‍പില്‍ മുട്ടുകുത്തി വിങ്ങി വിങ്ങി കരഞ്ഞു. അന്നുമുതല്‍ ഞങ്ങളുടെ ദേശത്ത് തലമുറകള്‍ക്ക് തലമുറകളിലേയ്ക്ക് പറഞ്ഞുകൊടുക്കാനുള്ള ത്രസിപ്പിക്കുന്ന കഥയിലെ നായികയായി ഒരു യക്ഷി സുലോചന ഉണ്ടായി.

English Summary: Yekshi nadatham, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;