ADVERTISEMENT

ചെക്കൻ കുട്ട്യാട്ടൻ ദി സെയിന്റ് (കഥ)

 

‘‘ഞ്ഞി ഏട്യാനെ  പോന്നേ?? ഇന്റെ ഓളാ ത്??’’

എൺപത്തഞ്ച്   വയസ്സടുത്തെങ്കിലും മുപ്പതിന്റെ ഊർജ്ജസ്വലതയുമായി  കുഞ്ഞികിട്ടേട്ടൻ. പടന്നയുമെടുത്ത്  വാഴത്തോപ്പിലേക്കുള്ള യാത്രയിലാണ് .ഒരു  ലുങ്കി  മാത്രമാണ് വേഷം.

 

‘‘ മീത്തലോളം  .... സുരക്കുട്ട്യാട്ടന്റെ  പൊരേല്.’’

എന്റെ  ചെറുപ്പം മുതൽ ഷർട്ടിടാതെയുള്ള  ആ  കോലത്തിലെ അദ്ദേഹത്തിനെ  കണ്ടിട്ടുള്ളു. ചിലപ്പോൾ  പട്ടണത്തിലും  കാണാം .. ഇടയ്ക്ക് തോളത്ത്  ഒരു തോർത്ത്  മുണ്ടും ഉണ്ടാവും ...

 

ഒരു പത്ത് മീറ്റർ നടന്നാൽ കിതച്ചു പോവുന്ന പുതു  യുവത ലജ്ജാവതന്മാരായി പോവും കുഞ്ഞികിട്ടേട്ടന്റെ മുന്നിൽ. കഠിനാദ്ധ്വാനത്തിനു പുറമെ കിലോമീറ്ററുകളോളം  നടക്കും  ദിവസവും . 

 

ആവേശമാണ്.. അഭിമാനമാണ് .. മാതൃകയാണ് കുഞ്ഞികിട്ടേട്ടൻ....

 

‘‘ അത്യോ…. ഓല് ന്നലെ മോന്തിക്ക് എട്യോ പോയിക്കല്ലോ! വന്നിക്കോ ആവോ...’’

 

അദ്ദേഹം പറമ്പിൽ നിന്നും ഒരു ഇളന്നീർ എടുത്ത് ഞങ്ങളുടെ നേരെ നീട്ടി ..

 

‘‘ സുരേന്റെ ചെറിയോൻ ഇന്റെ ഒരു ചെങ്ങായ്യാ.. ഇത് ഓന് കൊടുക്കണം. നല്ല മധ്​രള്ള വെള്ളാ.. ഇതെത്തിരിയാ വെള്ളംന്നറിയോൻക്ക്?'

 

നാടൻ ഭാഷ വല്യ ഗ്രാഹ്യമില്ലാത്ത സഹധർമ്മിണി കണ്ണ് മിഴിച്ച് കുഞ്ഞികിട്ടേട്ടനെ നോക്കി അത്ഭുതത്തോടെ നിന്നു.

 

‘‘ചീരുവേട്ത്തിന്റെ ആടത്തെ കൊള്ളു കാരുമ്പോ ചരേക്കണേ മക്കളേ’’

 

പുറകിൽ നിന്നും കുഞ്ഞികിട്ടേട്ടന്റെ സ്നേഹപൂർണ്ണ കരുതൽ.

 

അച്ഛന്റെ ഏട്ടന്റെ  മോൻ ആണ് പട്ടാളത്തിലുള്ള  സുരേഷ് കുമാർ എന്ന ഞാൻ സ്നേഹപൂർവ്വം വിളിക്കുന്ന സുരക്കുട്ട്യാട്ടൻ... രണ്ടാഴ്ച മുൻപ് നടന്ന എന്റെ കല്ല്യാണത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല മൂപ്പർക്ക് .. ഇന്നലെ രാവിലെയാണ്  എത്തിയത്.

 

വീട്ടിലേക്കു വരും മുൻപേ ഇവിടെ വന്നു കണ്ടില്ലെങ്കിൽ പറയുകയും വേണ്ട. ആകെ പുകിലായിരിക്കും. കല്ല്യാണത്തിന് എത്തിച്ചേരാത്തതിൽ ആൾക്ക് നല്ല സങ്കടവും ഉണ്ടായിരുന്നു ...

 

ഗൾഫ് പയ്യന്മാർക്ക്  പെണ്ണുകിട്ടാത്ത അവസ്ഥയിൽ ഒരുപാട് പെൺകുട്ടികളെ സുരക്കുട്ട്യാട്ടനും ഏട്ടത്തിയും എനിക്കു വേണ്ടി അന്വേഷിച്ചിരുന്നു. മുജന്മ്മ  സുകൃതമെന്നോണമാണ് ഇപ്പൊ എന്റെ അടുത്ത് നിൽക്കുന്ന ഈ ഉണ്ടക്കണ്ണിക്ക് എന്നെ ബോധിച്ചത്.

 

പിന്നെ ഒന്നും നോക്കിയില്ല ഒരു മാസത്തിനുള്ളിൽ  കല്ല്യാണം ... ‘പാവം...’  ഇടം കണ്ണിട്ട് അവളെ ഒന്ന് നോക്കിയപ്പോൾ അങ്ങനെയാണ് തോന്നിയത്...

 

‘‘ഉയീ.....  ആരല്ലാത്... കാരിവാ മോളേ..’’

 

എടത്തി ഓടി വന്ന് അവളുടെ കൈ പിടിച്ച് അകത്തേക്ക് കയറ്റി.

 

കസേരയിൽ  അമ്മാമ്മ  ഇരിപ്പുണ്ട്... നവതിയിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു. പ്രത്യേക ഒരു ഐശ്വര്യമാണ്  ആ മുഖത്ത്. വലിയ മുത്ത് വച്ച കമ്മൽ ആണ് അമ്മാമ്മയെ സുന്ദരിയാക്കുന്നത്...

 

ചെറുപ്പത്തിൽ പറമ്പിൽ എന്തോ ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ നടുവിന് തേങ്ങ വീണതോടെ അമ്മാമ്മ കൂനിപ്പിടിച്ചാണ് നടക്കാറുള്ളത്. ഏത് സമയത്തും ആ നാവുകൾ മന്ത്രിക്കും ..

 

‘‘നാരായണ ... നാരായണ’’

 

‘‘അമ്മാമ്മേ... ഇതാരാന്നു മനസ്സിലായിക്കോ ? മ്മളെ  ചെ..........ന്റെ ചെറിയോളാ...’’

 

പെട്ടെന്ന് സംസാരത്തിൽ എന്തോ വിഴുങ്ങി  ഭീതിയോടെ  ഏട്ടത്തി  എന്നെ നോക്കി... എന്റെ മുഖം വിളറി  വെളുത്ത്  ചുവപ്പാണോ  അതോ വെളുപ്പാണോ  എന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ...

 

ഏട്ടത്തി വിഴുങ്ങിയ ആ വാക്ക് അവൾ ശ്രദ്ധിച്ച  പോലെ ... ഏട്ടത്തി കണ്ണുകൊണ്ട് എന്നോട് ക്ഷമാപണം  നടത്തി .

 

ചെറുപ്പം മുതൽ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും  അയൽവാസികൾക്കും എന്തിനു പറയുന്നു പൊരേലെ കോഴിക്കും പൂച്ചയ്ക്കും ചൊമരുമ്മലെ പല്ലിക്ക് വരെ  ഞാൻ ‘ചെക്കൻ’ ആയിരുന്നു.

 

വിളിപ്പേര് സ്നേഹത്തോടെ ആണെങ്കിൽ കൂടി മുതിർന്നതോടെ ആ പേര് നാണക്കേടായി  തുടങ്ങി. ചില  കൂട്ടുകാർ സ്കൂളിൽ കൂടി വിളി തുടങ്ങിയതോടെ  അത് എന്നെന്നേക്കുമായി നിർത്തിക്കാനുള്ള  ശ്രമം ആരംഭിച്ചു.

 

കഠിന ശ്രമങ്ങളുടെ  ഫലമായി  ഒരു പരിധി  വരെ അത് കുറച്ചു... എന്നാലും  ഈ ഏടത്തിയും  മറ്റ് ചിലരും ഇടയ്ക്ക് എന്നെ അറിയാതെ വിളിച്ചുപോവാറുമുണ്ട്. കല്ല്യാണത്തിന് മുൻപ് ഈ പേരുവിളിക്കുന്ന സകല ടീമുകളേയും വിളിച്ച് കൂട്ടി കർശന നിർദ്ദേശം കൊടുത്തതിനു ശേഷമാണ് താലി കെട്ടാനിറങ്ങിയത്  ..

 

‘‘ ഏട്ടത്തീ … സുരക്കുട്ട്യാട്ടൻ ഏഡ്യൂ.??..’’

 

‘‘അങ്ങട്ടേലെ  വയ്യപ്പുറത്ത് കൊള്ളു കെട്ട്ന്ന് ണ്ട് . ഓലാട കഥേം പറഞ്ഞിരിക്കാ. മോനൂട്ടനും ആഡ്യാള്ളത്.. ഞാൻ വിളിക്കാം...’’

 

‘‘ അത് മാണ്ട.. ഓല് വന്നോട്ടെ..’’

കല്ല്യാണ പെണ്ണിന്റെ കൈപിടിച്ച് എന്തൊക്കെയോ പറയുന്നുണ്ട് അമ്മാമ്മ. വല്യ സന്തോഷമായിട്ടുണ്ട്. ഒന്നും മിണ്ടാതെ ഇരിക്കുന്ന അവളെ മിണ്ടിക്കാനുള്ള  ശ്രമത്തിലായിരുന്നു ഏട്ടത്തി.

 

‘‘ഇവൻ പണ്ട്  ഊടത്തന്നെ ആയ്നു. പിന്നെല്ലെ  ഓൻ വല്യ ഗള്ഫുകാരനൊക്കെ  ആയേ... ഇവന്റെ കൊറേ കഥകളുണ്ട്  മോളേ... സുരേട്ടനും ചെങ്ങായ്യേളും കമ്പിനി കൂടുന്നത് കാണുമ്പോ ഇവനു ഭയങ്കര എതക്കേടാ. ഇവനാടെം ഊടെം ല്ലാം ചുറ്റിക്കളിച്ച് ക്കും. ഇവനെ തൊടീക്കാൻ  ഞാള് സമ്മയ്ക്കലില്ല.. എന്നാലും ഇടയ്ക്ക് കാണാതെ പോയി മോന്തിക്കെളിയും.”

 

എന്തോ അബദ്ധം പറഞ്ഞുപോയതുപോലെ ഏട്ടത്തി നിർത്തി. കണ്ണുകൾ മിഴിച്ച് എന്നെ ഒന്ന് നോക്കി.

 

‘എട്ടത്തീ !!!!!!’

 

എന്റെ സ്വരം പുറത്തേക്ക് വരാതെ തൊണ്ടയിൽ തന്നെ കുടുങ്ങി ചിതറിത്തെറിച്ചു പോയി. ഏട്ടത്തി വീണത് വിദ്യയാക്കാനുള്ള ശ്രമം ആരംഭിച്ചു.

 

“ന്നാലും ഓൻ അങ്ങനെ നെല്ലുംവെള്ളോന്നും  കുടിക്കൂലാട്ടോ മോളേ  ..’’

 

വീണ്ടും നാടൻ ഭാഷയുടെ അതിപ്രസരം, സഹധർമ്മിണിക്ക്  കാര്യമായി എന്താ പറഞ്ഞതെന്ന് തിരിഞ്ഞിട്ടില്ല എന്നെനിക്ക് മനസ്സിലായി. ഇനിയും എന്നെ നാണം കെടുത്തരുതെന്നു വിനയത്തിന്റെ ഭാഷയിൽ ഏട്ടത്തിയുടെ കണ്ണുകളിലേക്ക് ഒരു അപേക്ഷ മെയിൽ ചെയ്തു.

 

‘‘ ആരൊക്കെയാ ഇത് ..എന്തൊക്കെയാ മോളേ?’’

 

സുരക്കുട്ട്യാട്ടൻ  കേറി വന്നു.. വിനയത്തോടെ  അവൾ മെല്ലെ എഴുന്നേറ്റു ..

 

‘‘ അല്ല കുഞ്ഞിമ്മോനെ.... ഇന്നെ കണ്ടിട്ട് എത്ര കാലായി .. ഗൾഫിൽ പോയേന്റെവയ്യെ  ഞി അങ്ങ് തടിച്ച്  കള്ളുഷാപ്പിലെ പൂച്ചേനെ പോലെ ആയിക്കല്ലോ ...’’

 

ആകെ ഇളിഞ്ഞു പോയിരുന്നു ഞാൻ. ഏടത്തിയും സഹധർമ്മിണിയും പൊട്ടി ചിരിക്കുക കൂടി ചെയ്തതോടെ എന്റെ കിളി പോയ അവസ്ഥ ..

 

പുതിയ ഒരാളെ കിട്ടിയപ്പോൾ എല്ലാരും എന്നെ അടിച്ചു താഴ്ത്തി നല്ലോണം സ്കോർ ചെയ്യുന്നു .. നല്ല  ഒഴുക്കുള്ളപ്പോൾ ഒരു ഓരത്ത് നിശബ്ദമായി പിടിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകത മനസ്സെന്നെ ഓർമ്മപ്പെടുത്തി തന്നു .. ഞാൻ ഒരു സൈഡിലേക്ക് നിശബ്ദനായി ഇരുന്നു ...

 

പിന്നെ ആകെ ഒരു സമാധാനം ചെക്കൻ എന്ന വിളി സുരക്കുട്ട്യാട്ടനു പണ്ടേ ഇല്ലാത്തോണ്ട് ആ വിളി ഉണ്ടാവില്ല ... ശാന്തതയോടെ ഞാൻ ശ്വാസം ഒന്ന് വലിച്ച് വിട്ടു ... ഇവിടെ നിന്നും ഇറങ്ങുന്നതിനു മുൻപ് അവളുടെ മുൻപിലുള്ള എന്റെ ഇമേജ് പൊട്ടി തകർന്നു തരിപ്പണമാകും  എന്ന ചിന്ത എന്റെ സിരകളെ  ചൂടുപിടിപ്പിച്ചു .

 

ആ പേര് അറിയാതെയെങ്കിലും നാവിൻ തുമ്പിലെത്തുന്ന ഏടത്തിയുടെ വീട് കൂടി വിജയകരമായി കടന്നു പോയാൽ രക്ഷപ്പെട്ടു. ഇങ്ങോട്ട് പുറപ്പെടും  മുൻപ് ചേച്ചിയെ വിളിച്ച് ചട്ടം  കെട്ടിയിരുന്നു . ഏട്ടത്തിയെ വിളിച്ച്  അങ്ങനെ വിളിച്ച് പോവരുതെന്നു കർശന നിർദ്ദേശം നൽകാൻ  ...

 

ഏട്ടത്തി അമ്മാമ്മയ്ക്ക് കാണാൻ ടി വി തുറന്നു ... മമ്മുക്കയുടെ  പ്രാഞ്ചിയേട്ടൻ ദി സെയിന്റ് ആണ് ഓടുന്നത്.

 

‘‘പുണ്ണ്യാളാ... പണണ്ട്, പദവിണ്ട്, എല്ലാണ്ട്.. എന്നാലും ഒരു പേരില്ല്യ  സമൂഹത്തില്

അത് തന്ന്യാണ് എന്റെ പ്രശ്നം..  ‘അരിപ്രാഞ്ച്യേ’ ന്ന വിളി...സഹിക്കാൻ പറ്റണില്ല എന്റെ പുണ്ണ്യാളാ..’’

 

‘‘ഒരു പേരിലെന്തിരിക്കുന്നു പ്രാഞ്ചി  ...’’

 

‘‘ പുണ്ണ്യാളൻ അത് പറയരുത്ട്ടാ .. ഒ രു പേരിലാ  ഞാൻ ഇരുന്നു പോയത് ..അരിപ്രാഞ്ചി...’’

 

പ്രാഞ്ചിയേട്ടൻറെ  സങ്കടം എന്റെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു വിങ്ങലായി ..എന്നെപറ്റിയാണ് പ്രിയ സംവിധായകൻ രഞ്ജിത്ത്, കഥ തിരക്കഥ സംഭാഷണം നിർമ്മാണം എന്നിവ കൂടി  ചെയ്തതെന്ന് എനിക്ക് തോന്നി..

 

‘പ്രാഞ്ചിയേട്ടാ ... തിരശ്ശീലയ്ക്കുള്ളിൽ  നിങ്ങളനുഭവിച്ച വേദന യഥാർഥ ലോകത്ത് നരകവേദനയായി അനുഭവിക്കുന്നവനാണീ ഞാൻ...’

 

നാട്ടിൽ തേരാപാരാ എലുമ്പനായി നടന്ന  ഞാൻ ഗള്ഫുകാരനായി... തടിച്ചു. അത്യാവശ്യം  കയ്യിൽ പണമായി... കല്ല്യാണം കഴിച്ചു .. സ്വന്തമായി ഒരു ഭാര്യയായി... എന്നിട്ടും  ഈ ‘ചെക്കാ’ എന്ന വിളി. പലപ്പോഴും എന്നെയും ഇരുത്തിക്കളഞ്ഞിട്ടുണ്ട് .. എനിക്കും ഒരു പുണ്ണ്യാളനെ കിട്ടിയിരുന്നേൽ സങ്കടമുണർത്താമായിരുന്നു.

 

എന്നെ അങ്ങനെ വിളിക്കുന്നവർക്ക് അംമ്ലേഷ്യ പിടിച്ചപ്പോലെ അത് മറന്നുപോയാൽ മതിയായിരുന്നു ദൈവമേ ... എന്റെ കെട്ട്യോളുടെ മുൻപിൽ എന്റെ ഇമേജ് കാത്ത് സൂക്ഷിക്കണേ പടച്ചോനേ...   

 

‘‘ കീ ക്കീ....’’....

 

‘‘മോനൂട്ടന്റെ  ലൈലാൻഡ് ലോറി വരുന്നുണ്ട്.. എല്ലാരും സൈഡിലേക്ക് മാറി നിന്നോ’’...

 

ഏട്ടത്തി ഞങ്ങളെ നോക്കി ചിരിച്ചു. മോനൂട്ടൻ ഒന്നാം ക്ളാസ്സിലാ... പോക്കിരി എന്ന വാക്കിന്റെ മേലെ ഒരു വാക്കില്ല അവനെ വിശേഷിപ്പിക്കാൻ.

 

മോനൂട്ടന് വാങ്ങിയ മിൽമ പേഡയെടുത്ത് കയ്യിൽ  പിടിച്ചു. അവന്റെ വണ്ടിയുടെ മുൻഭാഗം അതാ എത്തിക്കൊണ്ടിരിക്കുന്നു.

 

ഉജാലപാട്ടയുടെ സൈഡ് തുളച്ച്  അതിനുള്ളിൽ ഹവായ് ചെരുപ്പ്  മുറിച്ചെടുത്ത രണ്ടു ടയറുകൾ.. അലൂമിനിയം കലത്തിന്റെ വക്ക് മുറിച്ചെടുത്തുണ്ടാക്കിയ സ്റ്റിയറിങ്ങിൽ മാല തൂക്കിയ മോനൂട്ടന്റെ ലോറി മുറ്റത്തേക്ക് പാഞ്ഞു കയറി .

 

മിന്നായം പോലെ എന്നെ കണ്ടതും അവൻ വണ്ടി ബ്രേക്കിട്ടു. ഒരു മുരൾച്ചയോടെ ഗർഷണ സിദ്ധാന്തങ്ങളെ  കാറ്റിൽ  പറത്തി വണ്ടി പിടിച്ച് നിർത്തിയപോലെ അവിടെ നിന്നു..

കയ്യിലിരുന്ന പേഡ ഞാൻ അവനെ ഉയർത്തിക്കാണിച്ചു ..

 

‘‘ചെക്കൻ കുട്ട്യാട്ടൻ...!!!! ’’

 

അതൊരു അലർച്ചയായി എന്റെ മസ്തിഷ്ക്കത്തിലൂടെ  സഞ്ചരിച്ച്  സെറിബറില്ലത്തിന്റെ ഫ്യൂസ് അടിച്ചു പോയതുപോലെ ചെവിയ്ക്കുള്ളിൽ ഒരു മൂളൽ ഇരമ്പി ... ഞാൻ ഇടം കണ്ണിട്ട് കെട്ട്യോളെ ഒന്ന് നോക്കി.. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവൾ മോനൂട്ടനെ നോക്കിയിരിക്കുകയാണ്.

 

ഒന്നും അറിഞ്ഞില്ല, കണ്ടില്ല, കേട്ടില്ല എന്ന മട്ടിൽ ഏട്ടത്തി പെട്ടെന്ന്  അകത്തേക്ക് വലിഞ്ഞതും, സുരകുട്ട്യാട്ടൻ  ടിവി റിമോട്ടെടുത്ത് ബാറ്ററി ഉണ്ടോ എന്ന് വെറുതെ ചെക്ക്ചെയ്യുന്നതും അതിനിടയിൽ ഒളികണ്ണിട്ട് എന്നെ നോക്കുന്നതും ഒരു മിന്നായം പോലെ ഞാൻ കണ്ടു .

 

ചെറിയോന്റെ മൊത്തിക്കിട്ടു രണ്ടെണ്ണം പൊട്ടിച്ച് കുന്നി പിടിച്ച് തൂക്കിയെടുത്ത് തായെ കണ്ടത്തിലേക്കങ് ചാടിയാലോ എന്ന ചിന്തയിൽ കണ്ണുകളിൽ അഗ്നികണങ്ങങ്ങൾ സ്ഫുലിപ്പിച്ച്  ഞാൻ എഴുന്നേറ്റു ..

 

‘‘ ചെക്കൻ കുട്ട്യാട്ടാ.... ഇങ്ങള് വെറും വിടലാട്ടോ... ഇങ്ങളല്ലേ ഗൾഫ്‌ന്ന് വെരുമ്പോ രണ്ട് ടയറു കൊണ്ടത്തരാന്ന് പറഞ്ഞീനെ.. ഇങ്ങള് ഇങ്ങട്ടൊന്നു നോക്കീ... ആകെ രണ്ടു ടയറേ ഉള്ളൂ.. ലോറിയാവുമ്പോ നാല് ടയറില്ലേൽ പോലീസ് ഫൈൻ അടിക്കുംന്ന്...’’

 

എന്നിട്ടും ഓത്യാർക്കല്ലാത്ത ചെറിയോൻ വിടാനുള്ള ഭാവമില്ല ... തലച്ചോറിലെ സകല നാഡീ  ഞരമ്പുകളുടെയും സിഗ്നൽ കാണിക്കുന്ന എല്ലാ എല്ലീടീ ലൈറ്റുകളും ഒരു മുന്നറിയിപ്പ് പോലും തരാതെ മിഴി കൂമ്പിയിരിക്കുന്നു. ഉള്ളിൽ കൂരാകൂരിരുട്ട് ..

 

‘ഞാനിനി എന്ത് ചെയ്യണം എന്റെ പുണ്ണ്യാളാ... മടുത്തു  ഈ ജീവിതം.’

 

'നീയും ഒരു കല്ല്യാണം കഴിക്കും. അന്ന് നിന്റെ കെട്ട്യോളെ മുമ്പീന്നു നിന്നെ മോനൂട്ടാന്ന് ഞാൻ നീട്ടി നീട്ടി വിളിക്കും. അന്നേ നിനക്കതിന്റെ വിഷമം മനസ്സിലാവൂ...’

 

ക്രുദ്ധനായി എഴുന്നേറ്റ ഞാൻ ഹതാശനായി കസേരയിലേക്ക് ചാഞ്ഞു ... ഇനി ഒരു അങ്കത്തിനും ബാല്യം അവശേഷിക്കാതെ...

 

English Summary: Malayalam short story written by Shibu BK Nandhanam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com