‘ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന്റെ ഉള്ളിലും ഭയം ഉണ്ടായിരുന്നു’

fear
പ്രതീകാത്മക ചിത്രം. Photocredit : RabbProductions / Shutterstock
SHARE

ഓർമകളുടെ ചില്ലു കൂടാരം (കഥ) 

ആദിത്യൻ ഉറക്കത്തിൽ നിന്ന് ഇരുട്ടിലേക്ക് ഞെട്ടി ഉണർന്നു. താൻ എവിടെയാണ് എന്ന് അയാൾക്ക് മനസ്സിലായില്ല. യാത്ര തുടങ്ങിയിട്ടു  ദിവസങ്ങളായി! അല്ല മാസങ്ങളായി!! കടലിലേക്ക് ഒഴുകുന്ന മൺകുടവും വാഴയിലയും ബലിച്ചോറും കണ്ടുനിന്നപ്പോൾ കണ്ണിൽ നിന്ന് അടർന്നു  വീണ കണങ്ങളുടെ ചൂട് തന്റെ ഹൃദയത്തെ ഇപ്പോഴും വല്ലാതെ പൊള്ളിക്കുന്നു.ആ കടലിൽനിന്ന് എത്രയോ കാതം ദൂരെയാണ് താൻ ഇപ്പോൾ. കടലും കായലും പുഴകളും മലകളും കൃഷിയിടങ്ങളും തരിശു നിലങ്ങളും താണ്ടി ഏതോ പർവ്വതത്തിൽ, ഏതോ ഒരു പുഴയുടെ അടിത്തട്ടുകൾ തേടി, വീണ്ടും തുടരുന്ന യാത്ര! പുഴയുടെ ആഴമാണോ അതോ ഈ ജീവിതത്തിന്റെ അർഥമാണോ  അറിയേണ്ടത് എന്ന സംശയം പിന്നെയും ബാക്കി. ഓർമകളിൽ നിന്ന് ഓടിയൊളിക്കാൻ തുടങ്ങിയ ഈ പ്രയാണം തന്നെ ഓർമകളിലേക്ക് കൂടുതൽ കൂടുതൽ വലിച്ചടിപ്പിക്കുകയാണ്. ഭൂതകാല സ്മരണകളുടെ ശവപ്പറമ്പാണ് തന്റെ ചേതനയറ്റ മനസ്സെന്ന് അയാൾ തിരിച്ചറിയുന്നു. വേദനിപ്പിക്കുന്ന ഓർമ്മകൾക്ക് വേട്ടപ്പട്ടിയുടെ ശൗര്യം. അവയ്ക്കു മുൻപിൽ ഇരയുടെ നിസ്സഹായതയോടെ പകച്ചു നിൽക്കാനേ അയാൾക്ക് സാധിക്കുന്നുള്ളു. 

ഇരുട്ടിൽ ഞെട്ടി ഉണർന്ന ആദിത്യൻ തറയിൽ കൂനിക്കൂടി ഇരുന്നു. ഈ മലയടിവാരത്തിൽ ഇരുട്ടിനു ഒരു ഭയപ്പെടുത്തുന്ന കുളിരുണ്ട്. മരണത്തിന്റെ മണമുള്ള കുളിര്! അയാൾ നിലത്തു വിരിച്ചിരുന്ന കാവിത്തുണി എടുത്ത് ശരീരം പുതച്ചു. തണുപ്പ് മാറുന്നില്ല; അതിന്റെ മണവും. ദൂരെയെങ്ങോ ഒരു കാട്ടുമൃഗത്തിന്റെ മുരൾച്ച. ആദിത്യന്റെ ഉള്ളിൽ ഭയം നിറഞ്ഞു. ഇരുട്ടിൽ തന്റെ ചുറ്റും ആരൊക്കെയോ വന്ന് ഇരിക്കുന്നത് പോലെ. ചെവിയിൽ ചില അട്ടഹാസങ്ങളും, ദൈന്യതയാർന്ന തേങ്ങലുകളും മുഴങ്ങി കേൾക്കുന്നു. അയാൾ പേടിച്ചു രണ്ടുകൈകൾ കൊണ്ടും ചെവി പൊത്തിപിടിച്ചു. 

‘‘ആദി..’’ പിറകിൽ നിന്ന് ആരോ തന്നെ വിളിച്ച പോലെ. അയാൾ ഞെട്ടി തിരിഞ്ഞു നോക്കി. ആരുമില്ല!.. അല്ല എന്തോ ഉണ്ട്..!! എവിടെനിന്നോ ഒരു അരണ്ട വെളിച്ചം. എങ്ങോ ഒരു ഒറ്റത്തിരി നാമ്പ് കത്തുന്നുണ്ടാവാം. ആ മങ്ങിയ വെളിച്ചത്തിൽ അയാൾക്ക് താൻ നോക്കുന്നത് ഒരു കണ്ണാടിയിലാണെന്നു മനസ്സിലായി. തന്റെ തന്നെ മങ്ങിയ, കൂനിക്കൂടി ഇരിക്കുന്ന പ്രതിബിംബം തന്നെ നോക്കി ഇരിക്കുന്നു. താൻ തന്നെയാണ്. പക്ഷേ.. എന്തോ ഒരു വ്യത്യാസം.. തന്റെ മുഖത്തും മനസ്സിലുമുള്ള  ഭയമോ ഉത്ക്കണ്ഠയോ വേദനയോ അല്ല കണ്ണാടിയിൽ  പ്രതിഫലിച്ചിരുന്നത്. ഇരയെ അടുത്തുകിട്ടിയ വേട്ടക്കാരന്റെ ക്രൂരത നിറഞ്ഞ ആനന്ദമായിരുന്നു അത്. എവിടെയൊക്കെയോ ചതിയുടെ പകിട എറിഞ്ഞ ശകുനിയുടെ കുടലതയായിരുന്നു. യാഗാശ്വത്തെ പിടിച്ചു കെട്ടിയ ലവകുശന്മാരുടെ ആത്മവിശ്വാസമായിരുന്നു, എന്നോ ഒരിക്കൽ എല്ലാം വെട്ടിപ്പിടിച്ചു വിജയത്തിന്റെ പടവുകൾ കയറുമ്പോൾ തന്റെ മുഖത്ത് മിന്നിമറഞ്ഞ ഭാവം !

‘‘ആദി ഇങ്ങോട്ടു നോക്കു..’’ വീണ്ടും ആരോ തന്നെ വിളിക്കുന്നു. ആദിത്യൻ വലത്തേക്ക് തിരിഞ്ഞു. വീണ്ടും ഒരു കണ്ണാടി; തന്റെ തന്നെ പ്രതിബിംബം. പ്രായവും കാലവും ഭാവവും മാറി. കണ്ണാടിയിലെ കോമളരൂപം ആദിത്യനെ നോക്കി പുഞ്ചിരിച്ചു. കള്ളത്തരങ്ങൾ മുഴുവൻ മുഖത്ത് ഒളിപ്പിച്ച കൃഷ്ണ വിഗ്രഹം പോലെയാമുഖം തിളങ്ങി. അമ്മയെ കണ്ട കുഞ്ഞിനെ പോലെ അവൻ കുലുങ്ങി ചിരിച്ചു. ആദിത്യൻ അത്ഭുതത്തോടെ നോക്കി നിൽക്കേ ആ നിഴലിന്റെ മുഖത്തുകൂടി കാലചക്രം ഉരുണ്ടു! ആരിലും അനുരാഗം വിടർത്തുന്ന വിശ്വസുന്ദരിയായ ഹെലനെ വശീകരിച്ച ട്രോയി നഗരത്തിലെ പാരീസ് രാജകുമാരനെ പോലെ ആ മുഖം മന്ദഹസിച്ചു. എവിടെയോ ഒരു ജനതയെ വഞ്ചിച്ച ചതിയുടെ ക്ഷേത്രഗണിതം മണക്കുന്നു! പാരീസിന്റെ പ്രണയം ഹെലനെന്ന വ്യക്തിയോട് മാത്രമായിരുന്നോ, അതോ ആർക്കും മെരുങ്ങാത്ത സ്ത്രീ സൗന്ദര്യങ്ങളുടെ  അളവുകോൽ സ്വന്തമാക്കുക എന്ന സ്വാർത്ഥമായ ചേതോവികാരമോ? അപ്രാപ്യമായ ഇത്തരം സ്വാർത്ഥ ലക്ഷ്യങ്ങൾ ഏതു മാർഗ്ഗത്തിലൂടെയും നേടിയിരുന്ന യുവാവായ ആദിത്യന്റെ സാന്നിദ്ധ്യം  അയാൾ ഇവിടെ തിരിച്ചറിയുന്നു. ലക്ഷ്യങ്ങളിൽ നിന്ന് ലക്ഷ്യങ്ങളിലേക്കു പരാഗണം നടത്തുന്ന വണ്ടിനെ പോലെ അയാൾ മൂളി പറന്നിരുന്നു. 

ഓർമ്മകൾക്കും ചിന്തകൾക്കും പ്രകാശത്തേക്കാൾ വേഗതയാണ്. ആ ചിന്തകൾക്ക് തടസ്സം വരുത്തിക്കൊണ്ട് ഒരു തേങ്ങൽ കേട്ടു. ആദിത്യൻ വലതു വശത്തേക്ക് തിരിഞ്ഞു. ഇരുട്ടിനെ ഭേദിച്ചുകൊണ്ട് വീണ്ടും ഒരു പ്രതിബിംബം. ഇത്തവണ കണ്ണാടിയിൽ തെളിഞ്ഞ നിഴലിന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു!!. എത്രയോ യുദ്ധം ജയിച്ച അശോകചക്രവർത്തി, കലിംഗ യുദ്ധത്തിൽ മരിച്ചു വീണു കിടക്കുന്നവരുടെ ദയനീയമായ കണ്ണുകൾക്കു മുൻപിൽ, പാപഭാരത്താൽ തല കുനിച്ചിരുന്നു... അശോകന്റെ ഹൃദയം വല്ലാതെ പിടഞ്ഞിരുന്നു. കലുഷിതമായ ആ മനസ്സ്  നേട്ടങ്ങളെയും കോട്ടങ്ങളെയും തുലനം ചെയ്തു നോക്കി. തന്റെ നേട്ടങ്ങൾ,  തനിക്കു വേണ്ടിയും, തനിക്കെതിരെയും നിന്ന് പോരാടി വീണവരുടെ പ്രാണനേക്കാൾ വലുതല്ല എന്ന തിരിച്ചറിവ് അശോകനെ വല്ലാതെ വേദനിപ്പിച്ചു. അയാളുടെ കണ്ണിൽനിന്ന് ചുടു ചോര ഒഴുകി. ആദിത്യന്റെ നിഴൽ അശോകനിൽ താദാത്മ്യം പ്രാപിച്ചു. അശോകന്റെ മനസ്സിലെ കുറ്റബോധം ആദിത്യനെ വല്ലാതെ വേദനിപ്പിച്ചു. തന്റെ നേട്ടങ്ങൾക്കു വേണ്ടി ബലിയാടാക്കപ്പെട്ടവരെ അയാൾ സ്മരിച്ചു. അവരോടു മനസ്സിൽ ക്ഷമാപണം നടത്തി!!..

കുറ്റബോധത്തിന്റെ, വേദനയിൽ വിങ്ങുന്ന മനസ്സിൽ നിന്നും ഓടിയൊളിക്കാൻ കൊതിച്ചു ആദിത്യൻ വലത്തേക്ക് വീണ്ടും തിരിഞ്ഞു. അവിടെ അയാളെ കാത്തിരുന്നത് വീണ്ടും ഒരു നിഴലും അതിന്റെ മുഖത്തെ മരവിച്ച വിളർച്ചയുമാണ്. കണ്ണുകൾക്ക് ജീവനുണ്ട്, പക്ഷേ ഭയം തളംകെട്ടി കിടന്നിരുന്നു. ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ എപ്പോഴും ഏകനായിരുന്നു. അയാളുടെ ഉള്ളിലെ ഏറ്റവും ശക്തമായ വികാരം ഭയവും. ആരോടും പങ്കുവെക്കാനാകാത്ത ഭയം രാവണനും ഹിറ്റ്ലറും ഒരുപോലെ അനുഭവിച്ചിരുന്നു. ഭൂതാകാലത്തിലും വർത്തമാനത്തിലും ഭയമില്ല എന്നും അത് ഭാവിയിൽ ജീവിക്കുന്നവരെ മാത്രമേ വേട്ടയാടിയിരുന്നുള്ളു എന്നും രാവണനെ പോലെ ആദിത്യനും മനസ്സിലാക്കിയിരുന്നില്ല. ആ അറിവ് പറഞ്ഞുകൊടുക്കാൻ ഭയത്തിൽ ജീവിക്കുന്ന മരവിച്ച ആ കണ്ണുകൾക്കും കഴിഞ്ഞില്ല. 

ഭയത്തിൽ നിന്നും കണ്ണുകൾ പറിച്ചെടുത്ത് നോക്കിയത് തീക്ഷ്ണമായ മറ്റൊരു വികാരത്തിന് അടിമപ്പെട്ട പ്രതിബിംബത്തിലായിരുന്നു. ആരെയും മയക്കുന്ന കറുപ്പുപോലത്തെ വിശ്വാസം. ചിലർക്ക് വിശ്വാസം ഒരു പ്രതീക്ഷയാണ്. മറ്റുചിലർക്ക് ഉയരങ്ങളിലേക്ക് പറന്നുയരാൻ കൊതിക്കുന്ന മനസ്സിനെ ഭൂമിയിൽ തളച്ചിടുന്ന ഒരു ബന്ധനമാണ്. ചങ്ങലയിലെ ഓരോ കണ്ണിയും മതത്തിന്റെ ആലയിൽ, ആചാരങ്ങളുടെ തീച്ചൂളയിൽ നമ്മുടെ പൂർവ്വികർ ഉരുക്കി ഉറപ്പിച്ചതാണ്. ചങ്ങലകൾ പണിയുന്ന കോമരങ്ങൾ ബന്ധനങ്ങൾ തീർക്കുമ്പോൾ, പ്രത്യാശക്കായി അവനിലേക്ക് തന്നെ ഉൾവലിയുന്ന മനുഷ്യകീടങ്ങൾ. വിശ്വാസം ബന്ധനത്തിൽ നിന്നും പ്രത്യാശയിലേക്കു വഴിമാറുന്ന മാത്രയിൽ, കണ്ണി പൊട്ടിച്ചു മനസ്സ് വിഹായസ്സിലേക്കു പറന്നുയരും. പൊട്ടിച്ചെറിയാൻ കഴിയാത്ത ചങ്ങലകളും പേറി എങ്ങോ ഓടിയൊളിച്ച പ്രതീക്ഷയെയും തേടിയുള്ള ഇനിയും തീരാത്ത യാത്രയിലാണ് താൻ എന്ന്‌  ആദിത്യൻ തിരിച്ചറിഞ്ഞു. 

വിശ്വാസവും അവിശ്വാസവും ചേർന്ന്  മനസ്സെന്ന കണ്ണാടിയിൽ ഇപ്പോൾ പ്രതിഫലിക്കുന്നത് കുറേ ചോദ്യങ്ങൾ മാത്രം.!! ഈ ജീവിതയാത്രയിൽ ഉയർന്നുവന്ന ഉത്തരങ്ങളില്ലാത്ത എണ്ണമറ്റ ചോദ്യങ്ങൾക്കു മുൻപിൽ സംശയത്തോടെ പകച്ചുനിന്ന തന്റെ മുഖംതന്നെയാണ് ഇവിടെ പ്രതിഫലിക്കുന്നത് എന്ന് ആദിത്യൻ തിരിച്ചറിഞ്ഞു. രണ്ടു മഹാസൈന്യങ്ങൾക്കു മധ്യത്തിൽ മനസ്സുനിറയെ ചോദ്യങ്ങളും സംശയങ്ങളുമായി രഥത്തിൽ തളർന്നിരുന്ന അർജുനനെ അയാൾ ഓർത്തു. ചോദ്യങ്ങളും സംശയങ്ങളും തീരുന്ന മാത്രയിൽ ഒരു മനുഷ്യജന്മത്തിനു തിരശീല വീഴുകയായി. കാരണം അവിടെ മരണമെന്ന അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുകയാണ് !

ചിന്തകൾ വലനെയ്യുന്ന ചിലന്തിയെപ്പോലെ, ഒന്നിൽ നിന്ന് മറ്റൊന്നിലേക്കു നീങ്ങുമ്പോൾ വീണ്ടും ആദിത്യന്റെ ശ്രദ്ധ മറ്റൊരു കണ്ണാടിയിൽ പതിഞ്ഞു. ഇത്തവണ കണ്ണാടിയിൽ തെളിഞ്ഞ രൂപം വേദന തോന്നിക്കുന്നതെങ്കിലും ഒരു യോഗിയെ പോലെ  തികച്ചും ശാന്തനായിരുന്നു. അലസമായി പാറി പറക്കുന്ന മുടികളും ഇടക്ക് വെള്ളി കെട്ടിയ പോലെ നര വീണു തുടങ്ങിയ താടിയും ആ മുഖത്തിന്റെ ചൈതന്യം വിളിച്ചോതിയിരുന്നു. ഒരു സമൂഹത്തിന്റെ മുഴുവൻ പാപഭാരവും സ്വയം ഏറ്റെടുത്ത്‌  ചാട്ടവാറടികൾ ഏറ്റുവാങ്ങിയപ്പോളും, കൈപ്പത്തികളിൽ കാരിരുമ്പ് തുളച്ചു കയറിയപ്പോഴും,  മുൾക്കിരീടംകൊണ്ട് രക്തം മുഖത്തുകൂടി ഒഴുകിയപ്പോഴും കരുണാമയനായ പുണ്യാത്മാവിന്റെ മുഖത്ത് കണ്ട അതേ ഭാവം. ദയയും കരുണയും സ്നേഹവുമായിരുന്നു ആ നിഴലിന്റെ മുഖത്ത് ആദിത്യനു കാണാൻ കഴിഞ്ഞത്. പക്ഷെ എവിടെയോ ആ യാതനകളുടെ കഠിനമായ വേദന അയാൾക്ക് അനുഭവപെട്ടു. 

പിന്നെയും എണ്ണമറ്റ കണ്ണാടികൾ നിരന്നിരുന്നു. അവയിലെല്ലാം ആദിത്യനെ കാത്ത് അനേകം ഭാവങ്ങളും ജീവിതസ്മരണകളും ഒളിച്ചിരിപ്പുണ്ടായിരുന്നു. അവക്കെല്ലാം ആദിത്യനെ കൊത്തി വേദനിപ്പിക്കാൻ കഴിവുള്ള ദംഷ്ട്രകളും ഉണ്ടായിരുന്നു. ഓർമ്മകളുടെ ചില്ലു കൂടാരത്തിൽ താൻ ബന്ധനസ്ഥനാകും എന്ന് അയാൾ ഒരിക്കലും വിചാരിച്ചില്ല. എങ്ങനെയാണു ഇവിടെനിന്നു ഒരു മോചനം? ഓർമ്മകളെ ഇല്ലാതാക്കുക! ഓർമ്മകളെ ഇല്ലാതാക്കാൻ എന്താണ് വഴി? ഭൂതകാലത്തേക്കു ഒരു മടങ്ങിപ്പോക്ക് സാധിക്കുമോ? എത്ര കാലം പിറകിലേക്ക് സഞ്ചരിക്കണം? അങ്ങനെ പിറകിലേക്ക് സഞ്ചരിച്ചാൽ താൻ അവസാനം എത്തുന്നത് ഗർഭപാത്രത്തിലാണ് എന്നയാൾ തിരിച്ചറിഞ്ഞു. അവിടെ ചുവരുകൾക്കുള്ളിൽ ഓർമകളുടെ ഭാരങ്ങളില്ലാതെ, ചോദ്യങ്ങളോ സംശയങ്ങളോ ഇല്ലാതെ ഒഴുകിനടക്കാൻ സാധിക്കും. ആദിത്യൻ അമ്മയുടെ ഗർഭപാത്രത്തിലേക്കു മടങ്ങി പോകുവാൻ വല്ലാതെ കൊതിച്ചു. ആ ചിന്ത അയാളെ വീണ്ടും കടൽത്തീരത്തു കൊണ്ടെത്തിച്ചു. തിരയിൽ ഒഴുകിപ്പോയ മൺകുടമോർത്തയാൾ പൊട്ടിക്കരഞ്ഞു. ആ വേദനയിൽ തന്റെ ഭൂതകാല സ്മരണകൾക്കു മരണമില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു. 

ഓർമ്മകളിൽ നിന്ന് രക്ഷപെടാൻ ഭൂതകാലത്തേക്കു നടത്തിയ യാത്ര, തന്നെ വീണ്ടും ഓർമ്മകളിൽ തളച്ചിടുകയാണ് എന്ന് അയാൾ മനസ്സിലാക്കി. ആദിത്യൻ തന്റെ ചിന്തകളെ വർത്തമാനത്തിലും ഭാവിയിലും ഉറപ്പിച്ചു നിർത്താൻ ശ്രമിച്ചു. അവിടെ ചോദ്യങ്ങളും സംശയങ്ങളും ഭയവും ഉണ്ടെങ്കിലും പ്രത്യാശ എന്ന വികാരമായിരുന്നു മുന്നിട്ടു നിന്നത്!. ആദിത്യൻ പ്രതീക്ഷയോടെ മറ്റു കണ്ണാടികളിലേക്കു കണ്ണോടിച്ചു. അയാളെ ആശ്ചര്യപ്പെടുത്തികൊണ്ട് ദൂരെ ഒരു കണ്ണാടിയിൽ നിന്ന് നേർത്ത വെളിച്ചം പുറത്തേക്കൊഴുകി. അയാൾ അവിടേക്കു നടന്നു. ആ കണ്ണാടിയിലെ കാഴ്ച്ച അയാളെ അത്‌ഭുതപെടുത്തി. ഈ കണ്ണാടിയിൽ നിഴലില്ല; പകരം ഇവിടെ നിറയെ വെളിച്ചം പരത്തിയ ഒറ്റതിരിനാളം നിന്ന് കത്തുന്നു. ആ തിരിനാളം അയാളുടെ മനസ്സ് നിറയെ പ്രതീക്ഷയുടെ  വെളിച്ചം പരത്തി. അയാൾ തന്റെ വിറയ്ക്കുന്ന വലതു കൈ കൊണ്ട് കണ്ണാടിയിൽ പതിയെ ഒന്ന് തള്ളി. അത് ഒരു വാതിൽ പോലെ തുറന്നു വന്നു. മനസ്സ് നിറയെ ഭയവും ചോദ്യങ്ങളും സംശയങ്ങളും ഉണ്ടെങ്കിലും പ്രതീക്ഷയോടെ അയാൾ ആ വാതിലിന്റെ ഉള്ളിലേക്ക് കാലെടുത്തു വെച്ചു. ആദിത്യൻ ഉറക്കത്തിൽ നിന്ന് വെളിച്ചത്തിലേയ്ക്കു ഞെട്ടി ഉണർന്നു!...

English Summary : Ormakalude chillu koodaram, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;