ADVERTISEMENT

സാംസൺ ടെയ്​ലറിംഗ് ഷോപ്പ് (കഥ) 

        

അവറാച്ചന്റെ മരണം പൊടുന്നനെ ആയിരുന്നു. നാടു മുഴുവൻ അക്ഷരാർഥത്തിൽ തന്നെ നടുങ്ങിപ്പോയി. അയാളുടെ മരണമുണ്ടാക്കിയ വലിയ ശൂന്യതയെ നേരിടാൻ ഏറെ ക്ലേശിക്കേണ്ടി വന്നു നാട്ടുകാർക്ക്. വളരെ സമയമെടുത്ത് അവറാച്ചന്റെ ഇല്ലായ്മ സൃഷ്ടിച്ച യുക്തിരഹിതമായ വിഷാദത്തിൽ നിന്ന് അവർ മടങ്ങിയെത്തി.

 

അയാളുടെ കാർക്കശ്യവും എന്തും ചെയ്യാനുള്ള കൂസലില്ലായ്മയും നാട്ടുകാരെ മുഴുവൻ പേടി കലർന്നൊരു പരിവേഷത്തിന്റെ ഉള്ളിൽ കുരുക്കിയിട്ടിരിക്കുകയായിരുന്നു. തന്നെ കുറിച്ചുള്ള ഭയത്തിന്റെ പരിധിയിൽ വിളറി നിൽക്കുന്ന നാട്ടുകാരുടെ പതർച്ചയെ അയാൾ നന്നായി ആസ്വദിച്ചു. മറ്റുള്ളവരെ വിറപ്പിച്ചു നിർത്താനുള്ള ഒരു അവസരത്തേയും കയറുപൊട്ടിച്ചു പോകാൻ അയാൾ അനുവദിച്ചുമില്ല.

 

നാട്ടിലെ ഒരേയൊരു ഇറച്ചിക്കടയുടെ ഉടമയും മികച്ച ഇറച്ചിവെട്ടുകാരനുമായിരുന്നു അവറാച്ചൻ. അയാൾ അനായാസം ഉരുക്കളെ കശാപ്പ് ചെയ്തു. അയാളുടെ കത്തിയിലേയ്ക്ക് കൊല്ലപ്പെടേണ്ട നാൽക്കാലികൾ അനായാസം ഒഴുകി ചെന്നു. ഏതാനും പിടച്ചിലുകളിൽ അവയുടെ ജീവിതത്തെ ശമിപ്പിക്കുന്ന മാന്ത്രികനായിരുന്നു അവറാച്ചൻ.

 

ചെറുപ്പത്തിൽ അവറാൻ അങ്ങേയറ്റം പേടിത്തൊണ്ടനായിരുന്നു. ആരെങ്കിലും ഒന്നു തുറിച്ചു നോക്കിയാൽ കളസത്തിൽ മൂത്രമൊഴിക്കുന്നവൻ. പത്താം ക്ലാസ്സിൽ പൊട്ടിപ്പാളീസായി നാടുവിട്ട അവറാൻ എത്തിച്ചേർന്നത് വിദൂരത്തുള്ള നഗരത്തിലെ ഇറച്ചിമാർക്കറ്റിൽ. മത്തായി മാപ്ലയുടെ സെൻറ് സെബാസ്റ്റ്യൻ ഇറച്ചി സ്റ്റാളിലെ ആദ്യകാലത്തുള്ള അയാളുടെ ജീവിതം അമ്പുതറഞ്ഞ് ചോര ചിന്തി മരിച്ച സെബസ്ത്യാനോസ് പുണ്യാളന്റെ അവസ്ഥയിലായിരുന്നു. ഉരുക്കളുടെ കഴുത്ത് മുറിക്കുമ്പോൾ പൂക്കുല പോലെ ചിതറുന്ന ചോര അയാളെ സർവാംഗം തളർത്തി. കന്നുകാലികളുടെ കരച്ചിലുകളും മരണവെപ്രാളവും കൂർത്തുവളത്ത കൊമ്പുകളായി ചങ്കിൽ തറഞ്ഞുകയറി. അന്തരീക്ഷത്തിൽ അപായചിഹ്നം വരയ്ക്കുന്ന കത്തികളുടെ തിളക്കം മൂത്രത്തുള്ളികളായി തുടയിൽ ഇറ്റുവീണു. പിന്നെ പിന്നെ അവറാച്ചൻ കത്തികളുടെ ഭാഷ മനസ്സിലാക്കുകയും അവ ഉരുക്കളുടെ ഉടലിൽ പെരുമാറുന്നതിന്റെ കാരുണ്യത്തിൽ ആകൃഷ്ടനാവുകയും ചെയ്തു. ആശാനേക്കാൾ മികച്ച ഇറച്ചിവെട്ടുകാരനായി തെളിഞ്ഞ് ഏറെ കാലം കഴിഞ്ഞാണ് അയാൾ തിരികെ നാട്ടിലെത്തി ഇറച്ചിക്കട ആരംഭിക്കുന്നത്. ലക്ഷണമൊത്ത കന്നുകാലികളെ അറുത്ത് വൃത്തിയോടെ മുറിച്ച് കൊടുത്ത് പൊടുന്നനെ അയാൾ നാട്ടുകാരുടെ നാവിൽ പാർപ്പുറപ്പിച്ചു. ദൂരദിക്കുകളിൽ നിന്നു വരെ അയാളുടെ ഇറച്ചി കടയിലേയ്ക്ക് ആളുകളെത്തി.

 

പ്രത്യക്ഷത്തിൽ അയാൾ ഒരു മുരടനായ മനുഷ്യനായിരുന്നു. പൊതുവായ ഒന്നിനോടും സമരസപ്പെടാത്ത ഒരാൾ. തന്റെ തീരുമാനങ്ങളിൽ മാത്രം സൃഷ്ടിക്കപ്പെട്ട ഭൂമിയിൽ ജീവിക്കുന്ന ഒരാൾ. ഒരുതരം വിധേയത്വ ഭാഷയിൽ ഞങ്ങളുടെ നാട് അയാളുടെ മുൻപിൽ കുനിഞ്ഞുനിന്നു.

 

കൊറോണ വൈറസിന്റെ വ്യാപനം സാഹചര്യങ്ങളെ വേറൊരു രീതിയിലേയ്ക്ക് മാറ്റിക്കൊണ്ടിരുന്ന ആദ്യ നാളുകളിൽ അവറാച്ചന്റെ താളംതെറ്റി. ഉറച്ച ശരീരത്തിൽ പരിമിതമായ അനക്കങ്ങളോടെ വീട്ടിൽ തളം കെട്ടിയിരുന്ന് മനസ്സ് മങ്ങി. അരണ്ട ആ ഇരിപ്പിൽ പഴയ പേടിത്തൊണ്ടൻ പയ്യൻ എത്തി നോക്കാൻ തുടങ്ങിയതോടെ അവറാച്ചന്റെ നിയന്ത്രണം തെറ്റി. ഒരലർച്ചയോടെ അയാൾ തന്നിലേയ്ക്ക് മടങ്ങിയെത്തി. സമൃദ്ധമായ മീശ ചൂണ്ടുവിരലിനാൽ തടവി മേലോട്ടു വളച്ചു.

 

അയാളുടെ അലർച്ചകേട്ട് അയാളുടെ ഭാര്യ കത്രീനയും, ബുദ്ധിക്കുറവുള്ള മകൻ സാംസണും ഞെട്ടി. ഏതാനും ദിവസങ്ങളായി മുഴുവൻ സമയവും വീട്ടിലുള്ള അയാളുടെ സാന്നിധ്യം അവരെ വല്ലാതെ ഞെരുക്കുന്നുണ്ടായിരുന്നു. അയാൾ പതിവുപോലെ തന്നെ അങ്ങനെ രണ്ടു പേർ തന്റെ വീട്ടിൽ ഉണ്ടെന്ന് തെല്ലും പരിഗണിക്കാത്ത മട്ടിൽ നീങ്ങുകയായിരുന്നു. സമയാസമയങ്ങളിൽ ഭക്ഷണം കഴിച്ചും അല്ലാത്തപ്പോൾ ചത്ത പോലെ ഉറങ്ങിയും അയാൾ ദിവസങ്ങളെ ഉന്തി നീക്കി.

 

അലർച്ചയ്ക്കുശേഷം കൈവന്ന ശാന്തതയിൽ അയാൾ വീടിന് പുറത്തേയ്ക്കിറങ്ങി. ‘സൗരഭ്യം’ എന്ന് കമ്പിവളച്ച് വീട്ട് പേര് വെൽഡ് ചെയ്ത് പിടിപ്പിച്ചിരിക്കുന്ന പെയിന്റടർന്ന പഴഞ്ചൻ ഇരിമ്പ് ഗേറ്റ് ഒറ്റ ചവിട്ടിന് മലർക്കെ തുറന്നു. മുൻപ് ഒരു തമിഴ് ബ്രാഹ്മണൻ താമസിച്ചിരുന്ന വീടാണ്. അയാൾ സ്വന്തം നാടായ പാലക്കാട്ടേയ്ക്ക് താമസം മാറ്റിയപ്പോൾ അവറാച്ചൻ വാങ്ങിയതാണ്. പറമ്പിലുണ്ടായിരുന്ന സർപ്പക്കാവും മരങ്ങളും കിളിയൊച്ചകളും പിഴുതെറിഞ്ഞ് അയാൾ പറമ്പിനെ അതിന്റെ എല്ലാ കാല്പനികതയിൽ നിന്നും വിമോചിപ്പിച്ചു.

 

മസിലുകൾ തെറിച്ച് കളിക്കുന്ന അയാളുടെ ശരീരത്തിലേയ്ക്ക് ഏതാനും നാളുകൾക്ക് ശേഷം വെയിലിന്റെ തിളക്കം പൂക്കളായി ചിതറി. അയാൾ അടഞ്ഞുകിടക്കുന്ന കടകൾക്കു മുന്നിലൂടെ നടന്നു. വിജനമായ വഴിയിൽ വീണുകിടക്കുന്ന കടകളുടെ നിഴലുകൾ അയാളിൽ വിഷാദം ചൊരിഞ്ഞു. ഇറച്ചിക്കടയുടെ തണലിൽ മയങ്ങിക്കിടന്ന നായ അയാളുടെ കാൽപ്പെരുമാറ്റം കേട്ട് ഞെട്ടിയുണർന്നു. വാലാട്ടിക്കൊണ്ട് അത് അയാളുടെ മുന്നിൽ ഒതുങ്ങി നിന്നു. ചsച്ച് അവശമായ അതിന്റെ നിൽപ്പ് കണ്ടപ്പോൾ അവറാച്ചൻ തന്റെ ബാല്യകാലം ഓർത്തു. പിറ്റേ ദിവസം തന്നെ അയാൾ ഇറച്ചിവെട്ട് ആരംഭിച്ചു. അയാളുടെ പ്രതീക്ഷയെ തെറ്റിച്ചു കൊണ്ട് ആളുകൾ അയാളുടെ കടയിലേക്ക് എത്താൻ തുടങ്ങി.

 

പഞ്ചായത്തിൽ നിന്നും ആരോഗ്യ വകുപ്പിൽ നിന്നും ഉദ്യോഗസ്ഥർ വന്ന് ഇറച്ചിവെട്ട് നിർത്താൻ അയാൾക്ക് നിർദ്ദേശം നൽകി. അയാളാകട്ടെ

അവരുടെ നിർദ്ദേശങ്ങളെ കോട്ടിയ ചിറികളുടെ ഓരത്തേയ്ക്ക് വലിച്ചെറിഞ്ഞു. 

ഇരമ്പിയെത്തിയ പോലീസ് വണ്ടി ഇറച്ചിക്കടയുടെ മുൻപിൽ പൊടിപറത്തി മുരൾച്ചയോടെ നിന്നു. ഇറച്ചി വാങ്ങാൻ എത്തിയവർ ചിതറിയോടി. ആക്രോശത്തോടെ പുറത്തിറങ്ങിയ എസ്​ഐ എല്ലിൽ നിന്ന് മാംസം ഒരു ശിൽപ്പിയുടെ കരവിരുതോടെ മുറിച്ച് കൂസലില്ലാതെ തന്നെ നോക്കുന്ന അവറാച്ചനെ കണ്ട് ഒരു നിമിഷം നിശ്ചലനായി. മത്തായി മാപ്ലയുടെ ഇറച്ചിക്കടയിൽ പണിക്കാരനായിരുന്ന കാലം തൊട്ടേ അവറാച്ചനെ അദ്ദേഹത്തിനറിയാം. ശ്രദ്ധിക്കണം എന്ന സ്നേഹോപദേശത്തോടെ എസ്.ഐയും സംഘവും മടങ്ങി. വൃത്തിയായി നുറുക്കിയ, ഹൽവക്കഷണങ്ങൾ പോലെയുള്ള മൂന്ന് കിലോ പോത്ത് ഭവ്യതയോടെ പോലിസ് വാഹനത്തിൽ കയറി എസ്.ഐയുടെ വീട്ടിലേയ്ക്ക് പോയി.

 

അവറാച്ചൻ മാസ്ക്ക് വെയ്ക്കാൻ താത്പ്പര്യപ്പെട്ടില്ല. തന്റെ കൊമ്പൻ മിശ മറച്ചു വെയ്ക്കുന്നത് താൻ ഇല്ലാതാകുന്നതിന് തുല്യമാണെന്ന് അയാൾ കരുതി.. ധൈര്യം സംഭരിച്ച് മാസ്ക്ക് വെയ്ക്കാൻ ഉപദേശിച്ചവർ അയാളുടെ കാർക്കിച്ചുള്ള നീട്ടിത്തുപ്പലിന്റെ മറുപടിയിൽ കുമിള കണക്കെ പൊട്ടിപ്പോയി.

‘‘എന്തോന്ന് മാസ്ക് ..കോറോണ അവറാച്ചന് കോപ്പണ്. ചാവാൻ പേട്യൊള്ള ––മാര്’’

 

അയാളെ എതിർക്കാൻ ആർക്കും ധൈര്യമുണ്ടായില്ല. മാസ്‌ക്കു വെച്ച മുഖങ്ങളെ നോക്കി അയാൾ ഉള്ളിൽ ചിരിച്ചു. മാസ്ക്കിനു മേലെ വിളർത്തു കാണപ്പെട്ട കണ്ണുകളിലെ ഭീതി അയാളെ രസിപ്പിച്ചു. നിസ്സാരങ്ങളായ ചുമയും തുമ്മലും പോലും ബോംബു പൊട്ടുന്നപോലെ ചുറ്റിലുമുണ്ടാക്കുന്ന പ്രഹരശേഷി കേമം തന്നെ. പേടിയ്ക്കിടയിലും ഇറച്ചി വാങ്ങാൻ വരുന്നവരുടെ മാംസത്തോടുള്ള ആർത്തി ആസ്വദിച്ചു കൊണ്ട് പഴയതിലും അധികം നേരമ്പോക്കുകൾ നിറഞ്ഞ അന്തരീക്ഷത്തിൽ അവറാച്ചൻ നെഞ്ചും വിരിച്ച് നിന്നു.

 

അങ്ങനെയിരിക്കെ നാട്ടിൽ മൂന്ന് പേർക്ക് കൊറോണ ബാധസ്ഥിരീകരിച്ചു. ആളുകൾ തീരെ പുറത്തിറങ്ങാതായി. വലിഞ്ഞുമുറുകിയ അന്തരീക്ഷത്തിലും അവറാച്ചൻ ഉൻമേഷത്തോടെ നടന്നു. ഫോണിൽ വിളിച്ചു പറഞ്ഞവർക്ക് കടയിൽ സഹായിയായി നിൽക്കുന്ന ലോനപ്പൻ വശം ഇറച്ചി കൊടുത്തു വിട്ടു. ലോനപ്പന്റെ ഹെർക്കുലീസ് സൈക്കിൾ സകല ഇടവഴികളിലൂടെയും പ്രത്യാശയുടെ മണിയൊച്ച മുഴക്കി കടന്നുപോയി.

 

മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ മുതൽ മരണം കാത്തു കിടക്കുന്ന വയസ്സൻമാർ വരെ വരിഞ്ഞു കെട്ടിയ മാസ്ക്കിനുള്ളിൽ മുറുകിപ്പിടയുമ്പോൾ അവറാച്ചൻ മാസ്ക്ക് ധരിക്കാതെ തനിക്ക് പോകേണ്ടിടത്തൊക്കെ പോയി. എന്തെങ്കിലും വിശേഷങ്ങൾക്ക് പോകുമ്പോഴല്ലാതെ അയാൾ ഷർട്ട് ധരിച്ചിരുന്നില്ല. നിറം മങ്ങിയ വെള്ള തുവർത്ത് തലയിൽ കിരീടം പോലെ വളച്ചുകെട്ടി കളളിമുണ്ട് തുടയ്ക്ക് മുകളിൽവെച്ച് മടക്കിക്കുത്തി താനുണ്ടാക്കിയ ശിൽപ്പം പ്രദർശിപ്പിക്കുന്നതു പോലെ അയാൾ തന്റെ ശരീരത്തെ നാട്ടുവഴികളിലൂടെ നടത്തിച്ചു.. ശരീരമാണ് ജീവിതവും മരണവുമെന്ന് അയാൾ തന്റെ അനുഭവങ്ങളുടെ മൂർച്ചയിൽ ലോകത്തോട് പറഞ്ഞു.

 

എതിരെ വന്ന കുമാരൻ മാഷിനെ കണ്ടപ്പോൾ അവറാച്ചന്റെ മീശയുടെ രണ്ടറ്റത്തുമുണ്ടായിരുന്ന കൊമ്പുകൾ കൊഴിഞ്ഞുപോയി. തുടകളിൽ നിന്ന് മൂത്രച്ചൂടുള്ള ഓർമ്മകൾ സകല ഞരമ്പുകളിലേയ്ക്കും പടർന്നു. ആകാശത്തേയ്ക്ക് കാഞ്ചി വലിക്കാനെന്ന മട്ടിൽ നിവർന്നു നിന്ന നട്ടെല്ല് കാളയുടെ മുതുക് പോലെ കുനിഞ്ഞു,

 

മൂക്കിലേയ്ക്കൂർന്ന കണ്ണട വിറയാർന്ന വിരലുകൊണ്ട് കേറ്റി വെച്ച് മാഷ് അവറാനെ സൂക്ഷിച്ചു നോക്കി. കൈകൂപ്പി നിൽക്കുന്ന അവറാനെ തിരിച്ചറിഞ്ഞ് മാഷ് ഗൗരവത്തിലൊന്ന് മൂളി. മാഷിന്റെ മൂളലിന്റെ കനത്തിന് വയസ്സായിട്ടില്ലെന്ന് അവറാന് മനസ്സിലായി.

‘‘എന്താ .നിനക്ക് മാസ്ക്കില്ലെ’’

 

ഇപ്പോൾ ചൂരൽ മൂളിപ്പറന്ന് പുറത്ത് പതിക്കുമെന്ന മട്ടിൽ ദയനീയ ഭാവത്തിൽ അവറാച്ചൻ ചുമലനക്കി.

 

‘‘പോത്തുപോലെ വളർന്നീട്ടും നീയൊന്നും നന്നായില്ല അല്ലേ’’

 

അതിലെ കടന്നു പോയ ബൈക്കുകാരൻ അവറാച്ചന്റെ വളഞ്ഞുള്ള നിൽപ്പ് കൗതുകത്തോടെ നോക്കി കടന്നു പോയി.

 

‘‘മാസ്ക്ക് ധരിക്കാണ്ട് പൊറത്തെറങ്ങാൻ പാടില്ല. നിന്റെയൊക്കെ പൊറം അടിച്ചു പൊളിക്കാൻ ആളില്ലാഞ്ഞിട്ടാണ് .. നിനക്കോ ജീവിക്കണ്ടാ എന്ന് കരുതി മറ്റുള്ളോർക്ക് ഇവിടെ കഴിയണ്ടേ? ആൾക്കാരെ കൊല്ലാനിറങ്ങിരിക്കണ് പോഴൻ... പോ ന്റെ മുമ്പീന്ന് ’’

 

മാഷ് കടന്നു പോയപ്പോൾ അവറാന്റെ ഉള്ളിൽ കരച്ചിൽ തികട്ടി വന്നു. കുനിഞ്ഞ ചുമലുകളോടെ അയാൾ ധൃതിയിൽ നടന്നു. അന്നേരം അയാൾക്ക് സ്വയം വെറുപ്പ് തോന്നി. പോങ്ങൻ എന്ന് അയാൾ വഴിവക്കിലേയ്ക്ക് നീട്ടിത്തുപ്പി.

 

വീട്ടിലെത്തി ട്രങ്ക് പെട്ടി തുറന്ന് അയാൾ ഉറക്കെ നിശ്വസിച്ചു. പെട്ടിയിൽ നിന്ന് പഴയ കളസ്സങ്ങൾ, ഷർട്ടുകൾ മുണ്ടുകൾ എന്നിവ ഓരോന്നായി പുറത്തെടുത്തു. നാൽപ്പത് വർഷം പഴക്കമുള്ള വിയർപ്പിന്റെയും മൂത്രത്തിന്റെയും സമ്മിശ്രഗന്ധം വിഷാദ ഗാനം പോലെ അയാൾ ശ്വസിച്ചു. മുഷിഞ്ഞ, പിഞ്ഞിയ തുണികളിൽ അങ്ങിങ്ങ് കന്നുകാലികളുടെ ചോരപ്പാടുകൾ ഭയപ്പാടാർന്ന കണ്ണുകളായി അയാളെ നോക്കി. വാതിലടച്ച് നിലത്ത് മലർന്നു കിടന്ന് കുട്ടികളെപ്പോലെ അയാൾ കരഞ്ഞു. മീശത്തുമ്പുകൾ കണ്ണീർ നനവിൽ താഴേയ്ക്ക് തൂങ്ങി .

 

ആ രാത്രി പനിയും വിറയലും അവറാന്റെ ദേഹത്തെ വരിഞ്ഞുമുറുക്കി. അടുത്തെങ്ങോ നിന്ന് ഒരു കാലൻകോഴിയുടെ കൂവൽ തന്റെ ജീവനിലൂടെ മുറിച്ച് കടക്കുന്നത് അവറാൻ അറിഞ്ഞു. കിടന്ന കിടപ്പിൽ അയാൾ മൂത്രമൊഴിച്ചു. പൊള്ളിക്കുന്ന ചൂട് തുടകളിലൂടെ ഒഴുകിയിറങ്ങുമ്പോൾ എവിടെ നിന്നെന്നറിയാതെ ഒരു ചിരി അയാളുടെ ചുണ്ടിൽ വന്നിരുന്നു. തണുത്തു കൊണ്ടിരിക്കുന്ന ഹൃദയത്തിലേയ്ക്ക് ആ ചിരി പടർന്നുകൊണ്ടിരിക്കുമ്പോൾ മരിച്ചു പോയ അപ്പനും അമ്മയും അയാളുടെ ഇരുവശത്തും ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ മൂക്കും വായും കറുത്ത മാസ്ക്ക് കൊണ്ട് മൂടിയിരിക്കുന്നത് അയാൾ കണ്ടു. ‘‘ഈശോ മറിയം ഔസേപ്പേ ഈ ആത്മാവിന് കൂട്ടായിരിക്കണമേ എന്ന് ആരോ ചെവിട്ടോർമ്മ ചൊല്ലിത്തരുന്നത് അയാൾകേട്ടു. നാഴികമണിയിൽ പുതിയ ദിവസത്തിന്റെ ആദ്യ നിമിഷത്തിലേയ്ക്ക് സെക്കന്റ് സൂചി തെന്നിയ നേരം ജീവിതത്തിന്റെ കയർ അറുക്കപ്പെട്ട് അവറാച്ചൻ സ്വതന്ത്രനായി. അപ്പന്റെയും അമ്മയുടേയും കൈയ്യിൽ തൂങ്ങി അയാൾ നിലാവിലൂടെ കടന്നുപോയി. തന്നെപ്പോലെ ഒരു പാട് കുട്ടികൾ മാതാപിതാക്കളുടെ കൈയ്യിൽ തൂങ്ങി നടക്കുന്നത് അവറാൻ കണ്ടു. അവരൊന്നും മാസ്ക്ക് അണിഞ്ഞിട്ടില്ല എന്ന കാര്യം അയാൾ ശ്രദ്ധിച്ചു.

 

അവറാച്ചന്റെ സംസ്ക്കാരശേഷം മുൻപെന്നതിനേക്കാൾ കൂടുതൽ അനക്കമില്ലായ്മ അയവെട്ടുന്ന വീട്ടിൽ കത്രീന തളർന്നിരുന്നു. ‘കുഞ്ഞിക്ക് അപ്പനെ കാണണം’ എന്ന് അന്നേരം സാംസൺ ചിണുങ്ങി തുടങ്ങി. പിന്നെയത് വലിയ നിലവിളിയായി. വീടിനു പിറകിലെ കാടുപിടിച്ച വഴിയിലൂടെ മകനേയും കൂട്ടി അവൾ സെമിത്തേരിയിലേയ്ക്ക് നടന്നു. തെങ്ങിൻ തലപ്പുകൾക്ക് കീഴിലൂടെ, മങ്ങുന്ന വെളിച്ചം നേർത്ത കരച്ചിൽ പോലെ അവരിലേയ്ക്ക് വ്യാപിച്ചു. 

 

ആരെങ്കിലും കണ്ടാൽ പ്രശ്നമാകും. വീട് വിട്ട് പുറത്തിറങ്ങരുതെന്ന് ആരോഗ്യ പ്രവർത്തകർ നിർദ്ദേശം നൽകിയിട്ടുണ്ട്. കത്രീന നടപ്പിന് വേഗം കൂട്ടി. മകനെ എളിയിൽ കയറ്റിയിരുത്തി. ശോഷിച്ച ശരീരമാണ് സാംസണിന്റെ എങ്കിലും വല്ലാത്ത ഭാരം തോന്നി കത്രീനയ്ക്ക്. സെമിത്തേരിയുടെ ഗേറ്റ് ശബ്ദമുണ്ടാക്കാതെ തുറന്നു. മറിഞ്ഞു വീണ മെഴുതിരിയിൽ നിന്ന് പൂക്കളിലേയ്ക്ക് തീ പടർന്നിരിക്കുന്നു. വെന്തിപ്പൂക്കൾ കത്തുന്നതിന്റെ മണം മൂക്കിലേയ്ക്ക് അടിച്ചു കയറി.

 

റീത്തുകളിലേയ്ക്ക് ആളിപ്പിടിക്കാനൊരുങ്ങിയ തീ കത്രീന ശ്രദ്ധാപൂർവ്വം കെടുത്തി. പൂക്കൾ വാരിയെടുക്കാനുള്ള മകന്റെ നീക്കത്തെ തടഞ്ഞ് കുറച്ചു നേരം അവൾ കണ്ണുകൾ അടച്ചു നിന്നു. ഓർമ്മ മാംസം ദ്രവിച്ച് അസ്ഥികൾ മാത്രം അവശേഷിക്കുന്ന കല്ലറയാണെന്ന് അവൾക്ക് നോക്കി. 

 

‘അപ്പനെവിട്യാ’

 

മകന്റെ സംശയത്തിന് കത്രീന കല്ലറയിലേയ്ക്ക് കൈ ചൂണ്ടി. ‘അപ്പൻ.. അപ്പൻ’ എന്ന് ഒച്ചയെടുത്ത് സാംസൺ വീണ്ടും പൂക്കൾ വാരാനൊരുങ്ങി. 

അസ്തമിക്കാനൊരുങ്ങുന്ന സൂര്യന്റെ അരുണവർണ്ണം സാംസന്റെ മുഖത്തെ അസമയത്ത് വിരിഞ്ഞ പൂവെന്ന പോലെ തോന്നിച്ചു. കത്രീനയുടെ ഹൃദയത്തിൽ നിന്ന് രണ്ട് തുള്ളി കണ്ണുനീർ അടർന്നുവീണു. കത്തിക്കൊണ്ടിരുന്ന മെഴുതിരികളിൽ ഒന്ന് ഒരു ചീറ്റലോടെ കെട്ടു.

 

സെമിത്തേരിയിൽ നിന്ന് ബുദ്ധിയുറയ്ക്കാത്ത മകന്റെ കൈയ്യും പിടിച്ച് തിരിച്ചു നടക്കുമ്പോൾ കത്രീനയുടെ മനസ്സ് നിറയെ ശൂന്യതയായിരുന്നു. മകന്റെ കൈയ്യും പിടിച്ച് അവൻ കാട്ടുന്ന വഴിയിലൂടെ താൻ നടക്കുകയാണ് എന്ന് അവൾക്ക് തോന്നി. ബുദ്ധിക്കുറവുള്ള ഈ കുട്ടി തന്നെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്? അവന്റെ ശോഷിച്ച വിരലുകളിൽ നിന്ന് തന്നിലേയ്ക്ക് പടരുന്ന അരക്ഷിതമായ പിടിത്തത്തിന്റെ ഇളം ചൂട് കത്രീനയെ ഉരുക്കി.

 

‘സിത്രസൽഭം, ദേ അമ്മേ!’ എന്ന് അമ്മയുടെ വിരൽ വിടുവിച്ചുകൊണ്ട് സാംസൺ ഓടി. അവന്റെ ഒതുക്കമില്ലാത്ത മുടിയിഴകളിൽ തൊട്ടു കൊണ്ട് ഒരു പൂമ്പാറ്റ പറന്നു പോയി. സെമിത്തേരിയുടെ ഗേറ്റിനു മുകളിലുള്ള കുരിശിനെ വലംവെച്ച് അത് സെമിത്തേരിയ്ക്കകത്തേയ്ക്ക് മറഞ്ഞു. പൂമ്പാറ്റയ്ക്കു പിറകെ സെമിത്തേരിയിലേയ്ക്ക് ഓടാൻ വെമ്പുന്ന സാംസണെ ബലം പ്രയോഗിച്ച് തിരികെ കൊണ്ടുവരേണ്ടി വന്നു. 

 

ഇരുട്ടുവിഴുങ്ങിയ വീട്ടിലേയ്ക്ക് അവൾ വിറയ്ക്കുന്ന കാലുകളോടെ കയറി.

ഇതുവരെയുള്ള ജീവിതത്തിൽ ഒരു നല്ല വാക്കു പോലും അയാളിൽ നിന്ന് തനിക്ക് കിട്ടിയില്ലല്ലോ എന്ന് അവൾ ഓർത്തു. അയാൾ എല്ലായ്പ്പോഴും അയാളുടെ മാത്രം ലോകത്താണ് ജീവിച്ചത്. അതാകട്ടെ എവിടെയെങ്കിലും വെച്ച് അവളിലേയ്ക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാൻ കഴിയാത്ത വിധം പരുത്തതായിരുന്നു. അയാൾ എന്നേ അറുത്തിട്ട രണ്ട് കന്നുകാലികളാണ് താനും മകനും എന്ന് അവൾ ദീർഘനിശ്വാസമയച്ചു.

 

സാംസൺ ഉറങ്ങിക്കഴിഞ്ഞു. പാതിരാത്രിയുടെ നനുത്ത ഒച്ചകൾ മരണവീടിന് ചുറ്റും മേഞ്ഞു നടന്നു. കത്രീനയ്ക്ക് തെല്ലും ഭയം തോന്നിയില്ല. പുറത്തെ ഒച്ചകളെ കാതുകളാൽ പിൻതുടർന്ന് അവൾ തളർന്നുകിടന്നു.

 

അവറാച്ചന്റെ കനത്ത ചുമകളും കാർക്കിച്ചു തുപ്പലുകളും ഇല്ലാതെ പ്രഭാതം പുലർന്നു. അവൾ വീടു മുഴുവൻ അടിച്ചു വൃത്തിയാക്കി. അയാളുടെ മുറിയിലെ ട്രങ്കു പെട്ടി കൗതുകപൂർവ്വം തുറന്നു. അയാളുടെ മുറിയിൽ കയറാൻ ആരെയും അയാൾ അനുവദിച്ചിരുന്നില്ല. ഒരിക്കൽ മുറിയ്ക്കുള്ളിൽ കയറിയ സാംസണെ കാലുമടക്കി തൊഴിച്ചു. തെറിച്ചുവീണ കുഞ്ഞിന്റെ വിരലിൽ പൊട്ടലുണ്ടായി. അതിനു ശേഷം കുഞ്ഞ് ആ മുറിയുടെ നേരെ നോക്കാറുപോലുമില്ല.

 

പെട്ടിയിലുണ്ടായിരുന്ന തുണികൾ ശ്രദ്ധാപൂർവ്വം പുറത്തേയ്ക്കിട്ടു

‘അമ്മേ ബേണ്ടാ അപ്പ ചൗട്ടും’

സാംസന്റെ നിലവിളി അവളുടെ നെഞ്ചിൽ പോറലുണ്ടാക്കി. അവൾ മകനെ കെട്ടിപ്പിടിച്ച് കരഞ്ഞു.

 

ട്രങ്ക് പെട്ടിയുടെ ഏറ്റവും അടിയിൽ തങ്ങളുടെ കല്യാണഫോട്ടോ അവൾ കണ്ടു. അത് പുറത്തേയ്ക്കെടുത്തപ്പോൾ കന്നുകാലികളുടെ തുകൽ അഴുകുമ്പോഴുള്ള മണം കത്രീനയുടെ മൂക്കിൽ വന്നിരുന്നു. എങ്കിലും അന്നേരം ഉള്ളിലൊരു മിന്നാമിനുങ്ങിന്റെ വെളിച്ചം ചിറകടിക്കുന്നത് അവൾ അറിഞ്ഞു.

 

മുറിയുടെ മൂലയിൽ പൊടിപിടിച്ചു കിടന്നിരുന്ന തയ്യൽ മെഷീൻ നനച്ച് തുടച്ചു. അതിൽ വിരലോടിച്ചപ്പോൾ അപ്പനെയും അമ്മയേയും ഓർത്തു. പാറമടയിലെ പണി കഴിഞ്ഞ് അവർ തിരിച്ചു വരുന്ന വിയർപ്പു മണമുള്ള സന്ധ്യകൾ ഓർമ്മയെ നനച്ചു.

 

പത്താം ക്ലാസ്സിൽ നിന്ന് കഷ്ടിച്ചു ജയിച്ച ശേഷം പിന്നെ തയ്യൽ പഠിക്കാൻ പോയി. പാറമടയിലെ പണിക്കിടയിൽ ഉണ്ടായ അപകടത്തിൽ അപ്പൻ മരിച്ചതിൽ പിന്നെ അമ്മ തുടർച്ചയായി പണിക്കു പോകാതെയായി. കൂട്ടുകാരികളിൽ മിക്കവരും പ്രീഡിഗ്രിക്കു ചേർന്നപ്പോൾ ആഗ്രഹമുണ്ടായെങ്കിലും പാതിവഴിയിൽ പഠനം  നിറുത്തേണ്ടി വന്നത് അങ്ങനെയാണ്. ശോശാമ്മ ചേച്ചിയ്ക്ക് ശിഷ്യപ്പെട്ട് തയ്യൽ പഠനം ആരംഭിക്കുമ്പോൾ ജീവിതം എത്തും പിടിയും കിട്ടാത്ത അവസ്ഥയിലായിരുന്നു. അമ്മയുടെ വാത്സല്യത്തോടെ ശോശാമ്മച്ചേച്ചി തയ്യലിന്റെ ലോകത്തേയ്ക്ക് കത്രീനയെ തുന്നിച്ചേർത്തു. പുതിയ ഫാഷനിലുള്ള വസ്ത്രങ്ങൾ തയ്ച്ചെടുക്കാൻ അസാമാന്യമായ കഴിവുണ്ടായിരുന്നു ശോശാമ്മ ചേച്ചിയ്ക്ക്. ശോശാമ്മച്ചേച്ചിയുടെ തണലിൽ വളരെ പെട്ടെന്ന് ജോലിയിൽ വൈദഗ്ദ്ധ്യം നേടി കത്രീന. അതിനിടെയായിരുന്നു കല്യാണം.

 

പുതിയ ഇടത്തേയ്ക്കുള്ള യാത്രയിൽ പുതിയ തയ്യൽമെഷിനും കത്രീനയെ അനുഗമിച്ചു. അതിന്റെ നിർത്താതെയുള്ള താളത്തിൽ താൻ എത്തിച്ചേർന്ന ഗ്രാമത്തിലെ മുഴുവൻ സ്ത്രീകളും കുട്ടികളും പുതുവസ്ത്രങ്ങൾ അണിയുന്നത് അവൾ സ്വപ്നം കണ്ടു. പുതുവസ്ത്ര മോടിയിൽ കണ്ണാടികൾ തന്റെ കഴിവിനെക്കുറിച്ച് സ്തുതികൾ ആലപിക്കുന്നത് അവൾ കേട്ടു.

 

ആദ്യ ദിവസം തന്നെ അവറാൻ തയ്യൽ മെഷീൻ വീടിന്റെ മൂലയിലേയ്ക്ക് ചവിട്ടിമറിച്ചിട്ടു.

‘കോപ്പിലെ തൈല്, ഇതൊന്നും ഇവിടെ പറ്റില്ല. കണ്ടോർക്ക് വന്ന് നെരങ്ങാനൊള്ളതല്ല എന്റെ പൊര’

 

അയാളുടെ പരുക്കൻ ഒച്ചയിൽ അന്ന് കെട്ട് പോയതാണ് കത്രീന. പിന്നീടിതു വരെ തെളിഞ്ഞില്ല ജീവിതം ഒരു നിമിഷം പോലും.

 

തയ്യൽ മെഷിനിന്റെ അരികിൽ നിന്നപ്പോൾ കാലുകളിൽ മെഷിൻ ചവിട്ടുന്നതിന്റെ താളം വിതുമ്പുന്നത് അറിഞ്ഞു അവൾ. മുടി രണ്ടായ് മെടഞ്ഞിട്ട് ഇരുവശം ശീമക്കൊന്നകൾ പൂത്തു നിൽക്കുന്ന വഴിയിലൂടെ കുപ്പിവളകളുടെ കിലുക്കത്തിൽ നടന്നു പോകുന്ന പുലരികൾ അവളുടെ ഹൃദയത്തിലേയ്ക്ക് എത്തിനോക്കി.

 

കൊറോണ ടെസ്റ്റ് റിസർട്ട് നെഗറ്റീവായതിന്റെ ആശ്വാസത്തിൽ തിരികെ വരുമ്പോൾ മാത്യു അച്ചനും കൈക്കാരൻ വർഗ്ഗീസേട്ടനും അവളുടെ വീട്ടുപടിക്കൽ നിൽക്കുന്നുണ്ടായിരുന്നു.

 

‘കത്രീനേ, ഇനിയെന്താ പരിപാടി. ഇറച്ചിക്കട നടത്തികൊണ്ടുപോകാൻ നിനക്ക് പറ്റില്ലല്ലോ’

 

അച്ചൻ സഹതാപത്തോടെ അവളെ നോക്കി. അച്ചനെ കണ്ട് സാംസൺ അമ്മയുടെ പിറകിൽ ഒളിച്ചു. അച്ചൻ വച്ചുനീട്ടിയ മിഠായി അവനെ പ്രലോഭിപ്പിച്ചതേയില്ല.

 

‘ഒരു തയ്യൽ മെഷീനുണ്ട്. അത് വെച്ച് എന്തെങ്കിലും ചെയ്യണം. അത്യാവശ്യം തയ്യലൊക്കെ എനിക്ക് അറിയാം അച്ചാ. കല്യാണത്തിന് മുമ്പ് നല്ലോണം തയ്ച്ചിരുന്നതാ’

 

‘അത് കൊള്ളാമല്ലോ.. എന്നാ ആ വഴിയ്ക്ക് ആലോചിക്കാം. ഞങ്ങള് നിന്റെ കാര്യത്തിൽ എന്താ ചെയ്യേണ്ടത് എന്നറിയാൻ വന്നതാ.’ 

 

അച്ചനും കൈക്കാരനും തിരിച്ചു പോയി. അവർ കൊണ്ടുവന്ന സഞ്ചിയിൽ അരിയും പലവ്യഞ്ജനങ്ങളും വെളിച്ചെണ്ണയും അത്യാവശ്യം മറ്റ് നിത്യോപയോഗ സാധനങ്ങളും ഉണ്ടായിരുന്നു. അകത്തു കയറാനൊരുങ്ങുമ്പോൾ മുൻവശത്തെ വാതിലിനു മുകളിൽ ഒട്ടിച്ച, നിറം മങ്ങിയ അന്ത്യ അത്താഴത്തിന്റെ ചിത്രത്തിൽ നിന്ന് ക്രിസ്തു അവൾക്കു നേരെ അപ്പവും വീഞ്ഞും നീട്ടി. അവന്റെ കണ്ണുകളിൽ നിന്ന് കരുണയുടെ വെളിച്ചം അവളുടെ ഹൃദയത്തെ മൂടി. അവൾ ഉറക്കെ കരഞ്ഞു. ‘അയ്യേ അയ്യേ അമ്മ കഞ്ഞേ’ സാംസൺ കൈകൊട്ടി ചിരിച്ചു. അവൾ കുനിഞ്ഞ് കുഞ്ഞിനെ ചുംബിച്ചു. അവന്റെ കവിളിൽ കണ്ണീരിന്റെ നനവ് ഒരു കുഞ്ഞ് പൂവ് പോലെ വിരിഞ്ഞു.

 

അരികുകൾ അടിച്ച് വള്ളികൾ തുന്നിച്ചേർത്ത് ആദ്യത്തെ മാസ്ക്കിന്റെ പണി പൂർത്തിയാക്കിയപ്പോൾ കത്രീനയ്ക്ക് എന്തെന്നില്ലാത്ത ആനന്ദം തോന്നി. വർഷങ്ങൾക്കു ശേഷം വിരലുകളിൽ ഉൻമേഷത്തിന്റെ എറുമ്പുകൾ സഞ്ചരിക്കുന്നത് അവൾ അറിഞ്ഞു. കാലുകളിൽ കെട്ടിക്കിടന്ന ഊർജ്ജം ചിറകടിച്ചുയരുന്നതിന്റെ ആഹ്ളാദത്തിൽ അവളുടെ മിഴികൾ സജലങ്ങളായി. ജീവിതം വീണ്ടും അതിന്റെ ആനന്ദങ്ങളുമായി തന്നിലേയ്ക്ക് തിരികെ വരുന്നത് കണ്ടു അവൾ.

 

ഇടവകയിലെ ഇരുനൂറ്റമ്പത് വീടുകളിലേയ്ക്ക് വിതരണം ചെയ്യുന്നതിനുള്ള ആയിരം മാസ്ക്കുകളുടെ പണി ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. വെളുത്ത നിറത്തിലുള്ള മാസ്ക്കുകൾ പറക്കാനോങ്ങി വരമ്പുകളിലിരിക്കുന്ന കൊറ്റികളേപ്പോലെ തോന്നിച്ചു., ‘അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം’ മാലാഖമാരുടെ ഗീതം മാസ്ക്കിൽ പ്രിന്റു ചെയ്തിരിക്കുന്നു. ദൈവം പിറക്കുന്നതിന്റെ ആനന്ദം തുളുമ്പുന്ന വരികൾ!

മാത്യു അച്ചനെ അവൾ നന്ദിയോടെ ഓർത്തു. അച്ചന്റെ നിർദ്ദേശപ്രകാരം കിട്ടിയ വർക്കാണ്. എന്തായാലും തുടക്കം നന്നായി. വസ്ത്രങ്ങൾ തയ്ക്കാനും ആളുകൾ വന്നു തുടങ്ങിയിട്ടുണ്ട്. കൂടാതെ ടൗണിലുള്ള രണ്ട് ടൈലറിംഗ് ഷോപ്പുകളിൽ നിന്ന് ഇടയ്ക്ക് വർക്കുകൾ വരുന്നുണ്ട്. ചില കടക്കാരും അവർക്കാവശ്യമായ ഡിസൈനുകളിലുള്ള വസ്ത്രങ്ങൾ തയ്ച്ചു നൽകാൻ ഓർഡർ തരുന്നുണ്ട്.

 

ക്രിസ്മസ് മാസ്ക്കിന് ആവശ്യക്കാർ വർദ്ധിച്ചു വന്നു. പല ഇടവകകളിൽ നിന്നും ബൾക്കായിട്ടുള്ള ഓർഡറുകൾ വന്നു. മാസ്ക്കിലൂടെ ഇല്ലായ്മകളെ പ്രതിരോധിച്ച് ജീവിതം തിരിച്ചുപിടിക്കുന്ന വീട്ടമ്മയെക്കുറിച്ച് ഒന്ന് രണ്ട് പത്രങ്ങളിൽ പ്രദേശിക കോളത്തിൽ വാർത്ത വന്നു.

 

ഇറച്ചിക്കടയിലെ മരമുട്ടികളിൽ ചിതലുകൾ പടർന്നു കയറി. കാക്കകൾ അവയ്ക്കു മേലെയിരുന്ന് ചിറകുകൾ ചികഞ്ഞു. രാത്രികളിൽ പൂച്ചകളുടെ മെത്തയായി അവ. മേൽത്തട്ടിലെ ചൂഴകഴകൾ ദ്രവിച്ച് നിലംപൊത്തി. ഓലമെടഞ്ഞ മേൽക്കൂരയിൽ ഈർക്കിളുകൾ മാത്രം അവശേഷിച്ചു.

 

മരമുട്ടികൾ കൊത്തിക്കീറി വിറകാക്കി. കഴകൾ പിഴുത് കളഞ്ഞ് നിലം വൃത്തിയാക്കി. ഇറച്ചിക്കടയുടെ എല്ലാ തെളിവുകളും ഇല്ലാതാക്കി പുതിയൊരു തുടക്കത്തിന്റെ അസ്ഥിവാരമിട്ടു.

 

മാത്യു അച്ചൻ പ്രാർത്ഥിച്ചു നൽകിയ ശില കത്രീന ഏറ്റുവാങ്ങി അടിത്തറയിൽ സ്ഥാപിച്ചു. സാംസൺ ടൈലറിംഗ് ഷോപ്പ് അവിടെ മെല്ലെ ഉയർന്നു വന്നു. തൊലിയുരിഞ്ഞ് കന്നുകാലികളുടെ മാംസം കൊളുത്തിൽ തൂങ്ങിയാടിയ ഇടത്ത് തയ്യൽ മെഷീന്റെ സംഗീതം ഉയരാൻ തുടങ്ങി. പുതിയ ഉടുപ്പുകളും മാസ്ക്കുകളും ധരിച്ച് ഗ്രാമം സാംസൺ ടൈലറിംഗ് ഷോപ്പിൽ നിന്ന് വെളിച്ചത്തിലേയ്ക്ക് വിരിഞ്ഞിറങ്ങി.

 

English Summary: Samson tailoring shop, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com