‘ഇത് സ്യൂഡോ പ്രഗ്നന്‍സി, എത്രയും പെട്ടെന്ന് ഒരു കല്യാണം ശരിപ്പെടുത്തുകയാണു വേണ്ടത്’

pregnant-woman
പ്രതീകാത്മക ചിത്രം. Photocredit : Balkonsky / Shutterstock
SHARE

അലാഹം (കഥ)

നഗരാതിര്‍ത്തിയില്‍ ഡ്യൂറിയന്‍ വൃക്ഷങ്ങള്‍ക്കിടയില്‍ മറഞ്ഞാണ് ചന്ദ്രകാന്തം. കോരപ്പുഴയുടെ തീരത്ത് കണ്ടല്‍കാടുകളിലേക്ക് മുഖമണച്ച്, കാലത്തിന്‍റെ കൈത്തെറ്റുപോലെ നിശ്ശബ്ദതയിലാണ്ടു കിടക്കുന്ന ഒരു പഴയ ഇരുനില മാളിക. പുഴയോരത്തുള്ള തോണിപ്പുരയും മൂന്നാല് പീടികകളും ചെറിയൊരു നിസ്കാരപ്പള്ളിയും കഴിഞ്ഞാല്‍ പ്രധാന നിരത്തിലേക്ക് അധിക ദൂരമില്ല. ബ്രിട്ടീഷുകാരുടെ കാലത്ത്, പണിപൂര്‍ത്തിയാക്കിയ സന്ദര്‍ഭത്തില്‍ ആ റിവര്‍വ്യൂ ബംഗ്ലാവ് നാട്ടുകാരുടെ പ്രധാന സംസാരവിഷയമായിരുന്നുവത്രെ. അത്രത്തോളം വലിപ്പവും ഭംഗിയും ശില്പചാതുരിയുമുള്ള മറ്റൊരു സൗധം ആ പരിസരത്തെങ്ങും ഉണ്ടായിരുന്നില്ല. വിശാലമായ പുരയിടത്തില്‍ മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്താണത്രെ ഡ്യൂറിയന്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നത്. ആ മരത്തിന്‍റെ പൂക്കളില്‍ പരാഗണം നടത്തിയിരുന്നത് അതിനടുത്തുള്ള കണ്ടല്‍കാടുകളില്‍ വസിച്ചിരുന്ന ഒരു പ്രത്യേക സ്പീഷീസ് വവ്വാലുകള്‍ ആയിരുന്നു. അതുകൊണ്ട്  എക്കാലത്തും ആ വളപ്പില്‍ കായ്ച്ചു നില്‍ക്കുന്ന ഡ്യൂറിയന്‍ മരങ്ങള്‍ കാണാമായിരുന്നുവത്രെ.

ഇന്നാഭവനം ആള്‍പ്പെരുമാറ്റം കുറഞ്ഞ് വിസ്മൃതിയില്‍ ആണ്ടു കിടക്കുകയാണ്. കെട്ടിടത്തിനു ചുറ്റുമുള്ള പുരയിടത്തില്‍ വള്ളിപ്പടര്‍പ്പുകളും മയിലാഞ്ചിക്കാടും നിറഞ്ഞുനില്‍ക്കുന്നു. മുന്‍ഭാഗത്തുള്ള കുറ്റിച്ചെടികളും വിജനമായ നടപ്പാതകളും പക്ഷികളുടെ ചിറകടിയുമെല്ലാം സന്ധ്യാസമയങ്ങളില്‍ ഭീതിജനകമായ ഒരന്തരീക്ഷം സൃഷ്ടിക്കാറുണ്ട്.

പുഴകയ്യേറി കണ്ടല്‍കാടുകള്‍ വന്‍തോതില്‍ നശിപ്പിക്കപ്പെട്ടതിനാല്‍ വവ്വാലുകള്‍ അപ്രത്യക്ഷമാവുകയും, വാര്‍ദ്ധക്യം ബാധിച്ച ഡ്യൂറിയന്‍ വൃക്ഷങ്ങള്‍ മാത്രം അവശേഷിക്കുകയും ചെയ്തു.

പൊട്ടിപ്പൊളിഞ്ഞ പൂമുഖവും വേടുകള്‍ ഇടിഞ്ഞുതൂങ്ങിയ മോന്തായവുമുള്ള ചന്ദ്രകാന്തം പുറമെനിന്ന് നോക്കുമ്പോള്‍ ഏതു നേരവും നിലംപൊത്താന്‍ സാധ്യതയുണ്ടെന്ന് തോന്നും. എന്നാല്‍ എത്രയെത്ര മഹാപ്രളയങ്ങളെയാണ് അത് അതിജീവിച്ചതെന്ന് കോരപ്പുഴയ്ക്ക് മാത്രമേ അറിയൂ. പുഴയില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ കെട്ടിടത്തിനു വിള്ളലേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലോടുകൂടിയാണത്രെ അതിന്‍റെ നിര്‍മ്മിതി.

തെരുവുവിളക്കിന്‍റെ അരണ്ടവെട്ടം വീഴുന്ന അശ്രദ്ധമായിട്ട നടുമുറ്റം, തൊട്ടാല്‍ കരകര ശബ്ദമുണ്ടാക്കുന്ന ഉമ്മറവാതിലുകള്‍, സദാസമയവും ചങ്ങലയില്‍ ഉറക്കം തൂങ്ങുന്ന കാവല്‍നായ.. പുറമെനിന്നു നോക്കിയാല്‍ അതാണ് ചന്ദ്രകാന്തം. വീടിന്‍റെ അകത്തളത്തില്‍ മാത്രം ഒതുങ്ങിക്കഴിയുന്ന വിധവയായ വീട്ടുടമ ഈശ്വരിയമ്മയും അവരുടെ നല്ലപ്രായം കഴിഞ്ഞുപോയ രണ്ടു പെണ്‍മക്കളുമാണ് ഇപ്പോള്‍ അവിടെ താമസം. ഭൂതകാലക്കുളിരില്‍ അഭിരമിച്ചുനില്‍ക്കാതെ, തയ്യല്‍വേല ചെയ്താണ് അമ്മയും മക്കളും നിത്യവൃത്തിക്കുള്ള മാര്‍ഗം കണ്ടെത്തുന്നത്. അവരെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന രണ്ടോ മൂന്നോ സഹായികള്‍ വേറെയും. 

ഇത്രമാത്രമേ പരിസരവാസികള്‍ക്കും ചന്ദ്രകാന്തത്തെക്കുറിച്ച് അറിയുകയുള്ളൂ.

‘കളിയാക്കുകയില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം’ തയ്യല്‍ മെഷീനിലെ നൂല് മാറ്റുന്നതിന്നിടയില്‍ ഗംഗ പറഞ്ഞു.

യമുന പുരികമുയര്‍ത്തി അനിയത്തിയെ നോക്കി. തയ്ച്ചുകൂട്ടിയ മാസ്കുകള്‍ ഓരോന്നെടുത്തു മടക്കി, പത്തെണ്ണം വീതമുള്ള ബണ്ടിലാക്കി കെട്ടി വെക്കുകയായിരുന്നു അവള്‍.

‘നീ പറയാന്‍ പോണത് എന്താന്ന് എനിക്ക് ഊഹിക്കാന്‍ പറ്റും. ഉര്‍വശീശാപം ഉപകാരമായി എന്നല്ലേ.. . കൊറോണ പടര്‍ന്നു പിടിച്ചതും ആളുകള്‍ മാസക് ധരിയ്ക്കാന്‍ തുടങ്ങിയതും ഒരു കണക്കിന് നന്നായി. എപ്പോഴെങ്കിലും ഒന്നോ രണ്ടോ മാക്സിയോ ബ്ലൗസോ തയ്ച്ചുകൊണ്ടിരുന്ന നമുക്ക് തിരക്കോട് തിരക്കായി. വേലയും കൂലിയുമായി. കൊറോണയുടെ സാധ്യത മുന്‍കൂട്ടികണ്ട് ഐഡിയ പറഞ്ഞു തന്ന സിദ്ധാര്‍ത്ഥിനോടാണ് നമ്മള്‍ കടപ്പെട്ടിരിക്കുന്നത് അല്ലേ..?’

ചെയ്യുന്ന പണിയില്‍ നിന്ന് ശ്രദ്ധതിരിക്കാതെ അവള്‍ തിരിച്ചു ചോദിച്ചു. ‘അതൊന്നുമല്ല ഞാന്‍ പറയാന്‍ വന്നത്. സത്യമായിട്ടും. ദേഷ്യപ്പെടുകയില്ലെന്ന് ചേച്ചി കൈയ്യടിച്ചു സത്യം ചെയ്താല്‍ മാത്രമേ പറയുള്ളൂ’ ഗംഗയുടെ മുഖത്തെ കുസൃതിച്ചിരി പരിഭവമായി മാറി.

യമുന അനിയത്തിയുടെ സുന്ദരമായ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. ഇതുവരെ കാണാത്തപോലുള്ള വശ്യമായ പുഞ്ചിരി, ഔത്സുക്യത്തിന്‍റെ ലാഞ്ഛനയുള്ള തെളിഞ്ഞ കണ്ണുകള്‍. മുപ്പതിലും കുട്ടിത്തം വിട്ടുമാറാത്ത പ്രകൃതം. ഏതെങ്കിലും ആണൊരുത്തനെ വശീകരിച്ചെടുത്തോ? ചന്ദ്രകാന്തത്തില്‍ ഈശ്വരിയമ്മ അറിഞ്ഞാല്‍ കൊന്നുകളയും!

‘കാര്യമെന്താന്നു വച്ചാല്‍ പറ’ അവള്‍ നിസ്സാരമട്ടില്‍ പറഞ്ഞു.

‘ഞാന്‍ വല്ലാതെ ഭയപ്പെടുന്നു. ഇപ്പോഴെങ്ങാനും... എനിയ്ക്ക് ...’ ഗംഗ വാക്കു പൂര്‍ത്തിയാക്കാതെ തല കുമ്പിട്ടു.

‘എല്ലാ കൊല്ലവും പറയാറുള്ളതുപോലെ, ഈ തുലാമഴയ്ക്ക് നമ്മുടെ വീട് ഇടിഞ്ഞുപൊളിഞ്ഞു വീണ് മൂന്നുപേരും അതിനുള്ളില്‍ കുടുങ്ങിപ്പോകുമെന്ന നിന്‍റെ ഒടുക്കത്തെ ഭയമല്ലേ പുറത്തേക്കു ചാടാന്‍ തക്കം പാര്‍ത്തിരിക്കുന്നത്’ യമുന ഇതാണോ വലിയകാര്യം എന്നമട്ടില്‍ തൊട്ടടുത്ത സാധ്യത കണ്ടെത്തി.

‘ഈ കറുമ്പീടെ ഒരു കാര്യം. അതൊന്നുമല്ല എനിക്ക് പറയാനുള്ളത്. അല്പം സീരിയസ്സാ.. ഞാന്‍ പറയട്ടെ...’ 

ഗംഗ ചേച്ചിയുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങള്‍ നോക്കി സാവകാശം തുടര്‍ന്നു:

‘എന്‍റെ ശരീരലക്ഷണങ്ങള്‍ കണ്ടിട്ട് ഇപ്പോള്‍ ഒരു ടെസ്റ്റ് നടത്തിയാല്‍ എനിയ്ക്ക് റിസല്‍ട്ട്  പോസിറ്റീവാകുമെന്നുറപ്പാ...’

ഉള്‍ക്കിടിലത്തോടെ യമുന പകച്ചു നിന്നു. എന്താണീ കേട്ടത്. അടുക്കിവെച്ചുകൊണ്ടിരുന്ന മാസ്കുകള്‍ കൈകളില്‍നിന്ന് അറിയാതെ ഊര്‍ന്നുപോയി. താടിയിലേക്ക് ഇറക്കിയിട്ട മുഖാവരണമെടുത്ത് അവള്‍ വേഗം മൂക്കും വായും അടച്ചു.

രോഗഭീതിയില്‍ ആരോടും അടുത്തിടപഴകാതെ, വല്ലപ്പോഴെങ്കിലും വീട്ടില്‍ നിന്നുപുറത്തു പോകുന്നതു പോലും ഒഴിവാക്കി, കിടന്നുറങ്ങുമ്പോള്‍ പോലും മാസ്ക് ധരിച്ച് ആധിയോടെ കഴിഞ്ഞുകൂടുകയാണു യമുന. അകാരണമായ പേടിയും അമിതമായ സംശയവും അവളുടെ കൂടപ്പിറപ്പാണ്. അപ്പോഴാണ് അറംപറ്റുന്ന പോലുള്ള ഗംഗയുടെ സംസാരം.

‘തോണ്ട്യാരം പറയുന്നതിനും ഒരതിരുണ്ട്. എന്തായിത്? കൊറോണയോടാനിന്‍റെ കളി?’

യമുനയുടെ മുഖത്തെ മാംസപേശികള്‍ വലിഞ്ഞുമുറുകി. അവള്‍ ഗംഗയെ അടിയ്ക്കാന്‍ കൈയോങ്ങിയെങ്കിലും പിന്നെ എന്തോ ഓര്‍ത്ത് കൈ പിന്‍വലിച്ചു. അറിയാതെ നാലടി പിന്നോട്ടു മാറി നിന്നു.

‘അങ്ങനെയൊന്നുണ്ടായാല്‍ ചേച്ചി എന്തു ചെയ്യും?’ ഗംഗ കൂസലില്ലാതെ വീണ്ടും വിഷമായിത്തീരുന്ന ജിജ്ഞാസക്ക് തിരി കൊളുത്തി. യമുന ചെവികള്‍ പൊത്തിപ്പിടിച്ചു.

‘മാര്‍ക്കറ്റില്‍ പോയി തിരിച്ചുവരുമ്പോള്‍ നിന്‍റെ മാസ്ക് പലപ്പോഴും താടിയുടെ മൂട്ടിലാണുണ്ടാകാറുള്ളത്. വീട്ടിലെത്തിയാല്‍ സോപ്പിട്ടു കൈകഴുകാന്‍ പറഞ്ഞാല്‍ അതും നീ അനുസരിക്കാറില്ല.. എല്ലാം കൂടി ഒന്നിച്ചനുഭവിച്ചൊ’

അത്രയും പറഞ്ഞ് യമുന വേഗംമുറിയില്‍നിന്നു പുറത്തുകടന്നു. ഗംഗയെ അകത്താക്കി അവള്‍ വാതില്‍ പുറമെനിന്ന് അടച്ചു പൂട്ടി. പിന്നെ സാനിറ്റൈസറെടുത്ത് കൈകളില്‍ പുരട്ടി.

‘ചേച്ചീ... ഞാന്‍ പറഞ്ഞ ടെസ്റ്റ് വേറെയാ.... കോവിഡ് ടെസ്റ്റല്ല പോസിറ്റീവാകുക’ ഗംഗ പൂട്ടിയിട്ട മുറിക്കകത്തുനിന്ന് ബഹളം വെച്ചുകൊണ്ടിരുന്നു.

ആഴമുള്ള കിണറ്റിലേയ്ക്കെറിഞ്ഞ ചെറിയ കല്ലുകളുടെ അനുരണനം പോലെ അവളുടെ ശബ്ദം നരച്ച ചുമരുകളുള്ള ആ മുറിയില്‍ മാത്രം മുഴങ്ങിനിന്നു.

എത്ര കണ്ണടച്ചുകിടന്നിട്ടും ഗംഗക്ക് ഉറക്കം വന്നില്ല. സ്വപ്നത്തിന്‍റെയും യാഥാർഥ്യത്തിന്‍റെയും നൂല്‍പ്പാലത്തിലായിരുന്നു അവളപ്പോള്‍. രാവേറെ ചെന്നിട്ടും പെയ്തൊഴിയാത്ത തുലാമഴയുടെ താളം ഒരിളംകുളിരായപ്പോഴും, ഉറക്കം ഒരു വിളിപ്പാടകലെ ചിണുങ്ങി നിന്നു. പകല്‍നേരത്തെ മാനസിക പിരിമുറുക്കവും ജോലിഭാരവും രാവായപ്പോള്‍ പ്രജ്ഞയില്‍ ആലസ്യമായി കട്ടപിടിച്ചു. എന്നിട്ടും ഒന്നു മയങ്ങാന്‍ പോലും സമ്മതിക്കാതെ വണ്ടുകള്‍ തലയ്ക്കകത്ത് മൂളിപ്പറന്നു നടന്നു.

‘ഇനി എട്ടു മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഞാന്‍ ഒരു കുഞ്ഞിനെ പ്രസവിക്കും. ഒരാണ്‍കുഞ്ഞ്. ഓമനത്തമുള്ള കുഞ്ഞ്.. അതിന്‍റെ മുഖം എന്‍റെ കണ്‍മുന്നില്‍ വ്യക്തമായി തെളിഞ്ഞു വരുന്നുണ്ട്’

അടിവയറ്റില്‍ തഴുകിക്കൊണ്ട് ഗംഗ സ്വപ്നത്തില്‍ കുളിച്ച് ഈറനണിഞ്ഞു.

യമുന അരുതാത്തതെന്തോ കേട്ട പോലെ, കിടക്കയില്‍ എണീറ്റിരുന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു അവളും.

കണ്ണുതുടച്ചുകൊണ്ട് അവള്‍ ഗംഗയുടെ മുഖത്തേക്കും അടിവയറ്റിലേക്കും മാറിമാറി നോക്കി.

ഗംഗ നാണംകൊണ്ട് വിവശയായി. ജന്മസാഫല്യം കൈവന്ന നിര്‍വൃതിയായിരുന്നു അവളുടെ മുഖത്ത്.

‘‘കുളി തെറ്റിയിട്ട് എത്രയായി?’’ നെടുവീര്‍പ്പുതിരും പോലെ യമുനയുടെ ചോദ്യം.

‘ഇതു രണ്ടാം മാസം’ പറഞ്ഞു കൊണ്ടിരിയ്ക്കേ ഉള്ളിലെവിടെയോ ഒരു കയ്പ് അനുഭവപ്പെട്ടു. ഗംഗയുടെ കണ്ണുകള്‍ കുഴഞ്ഞു. മുഖം വാടി.

മനംപുരട്ടലിന്‍റെ പാരമ്യതയില്‍ ഓക്കാനം മറിച്ചു. അവള്‍ ചാടിഎണീറ്റ് വാഷ്ബേസിനടുത്തേക്കു പാഞ്ഞു. കുറേ നേരം അവിടെ ഓക്കാനിച്ചു നിന്നു.

‘കുട്ടീ നിനക്കെന്താണുപറ്റിയത്? എങ്ങനെയാണ് പരാഗണം നടന്നത്?’ കട്ടിലില്‍ കമഴ്ന്നുകിടന്ന് കരയുകയായിരുന്ന ഗംഗയുടെ പുറം തടവിക്കൊണ്ട് യമുന തേങ്ങി.

അനിയത്തി മറുപടിയൊന്നും പറഞ്ഞില്ല. ആ തലോടലിന്‍റെ സാന്ത്വനത്തില്‍ കണ്ണുകളടച്ചു കിടന്നു.

‘എന്നോട് വെറുപ്പൊന്നും തോന്നരുത്. നീ കൊറോണ ടെസ്റ്റ് പോസിറ്റീവാകുന്ന കാര്യമാണ് പറഞ്ഞതെന്നു തെറ്റിദ്ധരിച്ചാണ് ഞാന്‍ അന്നേരം വഴക്കിട്ടത്. പ്രഗ്നന്‍സി ടെസ്റ്റിന്‍റെ കാര്യം നമ്മുടെ രണ്ടാളുടെയും ചിത്രവട്ടങ്ങളിലെവിടെയും തെളിഞ്ഞുവരില്ലെന്നാണ് കരുതിയിരുന്നത്. ഏതിലും നിനക്കാണെല്ലൊ സാമര്‍ത്ഥ്യം കൂടുതല്‍. ഏതായാലും ഇനി നിന്നോട് ഞാന്‍ മിണ്ടണമെങ്കില്‍, നിന്നോടൊപ്പം നില്‍ക്കണമെങ്കില്‍ ഇതിന്‍റെ പിന്നാമ്പുറങ്ങള്‍ എനിയ്ക്കറിയണം.’

ഗംഗ വായ് തുന്നിക്കെട്ടിയപോലെ നടിച്ചു.

യമുന എണീറ്റ് തുറന്നിട്ട ജനവാതിലിനരികിലേക്കു നടന്നു. പുറത്ത് ഇലത്തലപ്പുകളില്‍ മഴവെള്ളം ഇറ്റുവീഴുന്ന ശബ്ദം കേള്‍ക്കാം. തെരുവുവിളക്കിന്‍റെ നേരിയ വെട്ടത്തില്‍ കാണുന്ന ഡ്യൂറിയന്‍ മരങ്ങളുടെ ശുഷ്ക്കിച്ച ശിഖരങ്ങള്‍ അവള്‍ കുറേനേരം നോക്കിനിന്നു. മനസ്സ് ഒരിക്കല്‍ക്കൂടി വിഷാദ സങ്കുലിതമായി. എന്തോ ഗൗരവമായി ചിന്തിക്കാനെന്ന പോലെ അവള്‍ കിടക്കയിലേക്കു തിരികെ പോന്നു. അതവളുടെ ശീലമാണ്. പുഷ്ക്കലമാവാത്ത, ഡ്യൂറിയന്‍ മരങ്ങളുടെ ഇലയിളക്കം മനസ്സില്‍ തട്ടിയാല്‍ അല്പം നേരം കിടക്കയില്‍ മലര്‍ന്നു കിടക്കണം. മോഹങ്ങളേയും അനുഭവങ്ങളേയും അണിനിരത്തി കണക്കെടുപ്പു നടത്തണം.. കൂട്ടലും കിഴിക്കലുമായി മറ്റേതോ തീരത്തുകൂടി സഞ്ചരിക്കണം.

‘നമുക്ക് ആരെങ്കിലും അറിയുന്നതിനു മുമ്പ് ഒരു ഡോക്ടറെ കാണാം’ കണ്ണു തുറന്നു കിടക്കുകയായിരുന്ന ഗംഗയുടെ പുറത്തു തട്ടി യമുന പറഞ്ഞു.

‘വേണ്ട... വേണ്ട... എന്‍റെ കുഞ്ഞിനെ നശിപ്പിയ്ക്കാന്‍ ഞാന്‍ അനുവദിക്കില്ല’ ഗംഗ പൊട്ടിത്തെറിച്ചു.

‘എന്നിട്ട് ആളും ഉടയോരുമില്ലാത്ത ഗര്‍ഭം നീ പേറുകയോ?’ യമുനക്ക് ക്ഷോഭം നിയന്ത്രിക്കാനായില്ല.

‘ആരു പറഞ്ഞു ആളില്ലെന്ന്’

‘സിദ്ധാര്‍ത്ഥാണോ?’

ഗംഗ മൗനം പാലിച്ചു.

‘അവന്‍ ഹോള്‍സെയില്‍ മാസ്ക് വ്യാപാരം തുടങ്ങിയതിന്‍റെ ഫലം നിന്‍റെ അടിവയറ്റിലാണോ

കണ്ടുതുടങ്ങിയത്?’ അല്പനേരത്തെ നിശ്ശബ്ദത.

‘നാളെ രാവിലെ എണീറ്റ് നേരത്തെ റെഡിയായിക്കൊ.. നമുക്ക് സിറ്റി ഹോസ്പിറ്റലില്‍ പോകാം’

യമുന താക്കീതുപോലെ പറഞ്ഞു. പിന്നെ പുതപ്പെടുത്ത് ദേഹത്തേക്കു വലിച്ചിട്ടു.

ഡോക്ടറുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഗംഗ പൂര്‍ണ്ണമായും മൗനം പാലിക്കുകയാണുണ്ടായത്. തിരിച്ചും മറിച്ചും ചോദിച്ചിട്ടും അവള്‍ യാതൊന്നും മിണ്ടിയില്ല. ഡോക്ടര്‍ യമുനയില്‍നിന്ന് പ്രാഥമിക വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഗംഗയെ വിശദമായി പരിശോധിച്ച ഡോക്ടര്‍ മുഖം നിറഞ്ഞ ചിരിയോടെയാണ് സീറ്റില്‍വന്നിരുന്നത്.

‘ഈ ഗര്‍ഭം വെറും മുഖംമൂടി മാത്രമാണ്. അകത്തേക്കൊന്നുമില്ല’

കൈകള്‍ സാനിറ്ററൈസ് ചെയ്യുന്നതിന്നിടയില്‍ ഡോക്ടര്‍ ഊറിച്ചിരിച്ചു. യമുനയും ഗംഗയും ഒന്നും മനസ്സിലാകാത്തതു പോലെ വാ പിളര്‍ത്തി നിന്നു.

‘വിവാഹം കഴിക്കാനും കുഞ്ഞുങ്ങളെ പ്രസവിക്കാനും കൊതിപൂണ്ട്, മാനസിക പിരിമുറുക്കത്തിനടിപ്പെട്ടു ജീവിക്കുന്ന സ്ത്രീകളില്‍ ഉണ്ടാകുന്ന ഒരുതരം വിഭ്രാന്തിയാണിത്.. സ്യൂഡോ പ്രഗ്നന്‍സി. എത്രയും പെട്ടെന്ന് ഇവള്‍ക്കൊരു കല്യാണം ശരിപ്പെടുത്തുകയാണു വേണ്ടത്’

ഡോക്ടര്‍ വിശദീകരിച്ചു.

പരിശോധനാ മുറിയില്‍ നിന്നും പുറത്തേക്കു കടക്കുമ്പോള്‍ ഡോക്ടര്‍ ഗംഗയുടെ പുറത്തുതട്ടി ഇത്രയും കൂടി പറഞ്ഞു.

‘ആനന്ദം ഒരു സമസ്യയാണ്. അവസാനവാക്യം ആര്‍ക്കും പൂരിപ്പിക്കാം’

വെള്ളപൂശിയ ചുമരിലെ മഞ്ഞള്‍കറ പോലെ ഗംഗയുടെ മുഖത്ത് നിരാശ തളംകെട്ടി നിന്നു.

English Summary: Alaham, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;