ADVERTISEMENT

അമ്മ മനം (കഥ)

അന്നും പതിവ് പോലെ അനിത പാടത്തിനടുത്തേക്ക് നടന്നു. കുറച്ച് നേരം അവിടിരുന്നു. ചെറിയ ചാലിലൂടെ തെളിഞ്ഞ വെള്ളം ഒഴുകുന്നു.

സിമന്‍റ്‌ കൊണ്ട് കെട്ടിയുയർത്തിയ വരമ്പിലൂടെ മാന്തോട്ടത്തിനരികിലേക്ക് നടന്നു. മാന്തോട്ടത്തിനരികിലുള്ള കുളമാണ് ലക്ഷ്യം. കുളത്തിന് ചുറ്റും മാവുകളാണ്. അവിടെ രണ്ട് മൂന്ന് സിമന്‍റ് ബഞ്ചുകളും ഉണ്ട്. കുളത്തിൽ മീനുകളുണ്ട്. കൊക്കുകളുണ്ടാകും. ആമ്പൽപൂക്കളുണ്ട്.

 

സൂര്യാസ്തമയം കൂടി കാണാം അവിടിരുന്നാൽ. സമാധാനമായി കുറച്ച് നേരമിരിക്കാൻ ഇതാണ് പറ്റിയ സ്ഥലം. അനിത ഒഴിഞ്ഞു കിടന്ന ബഞ്ചിലിരുന്നു.

 

കോളേജിൽ പോകണമെന്നും കോളേജ് ജീവിതം ആസ്വദിക്കണമെന്നുമൊക്കെയായിരുന്നു ആഗ്രഹം. പക്ഷേ എന്ത് ചെയ്യാൻ? നാട്ടിലെ ഭൂരിഭാഗം പെൺകുട്ടികൾക്കും നഴ്സിംഗിന് തന്നെ പോകേണ്ടി വന്നു. അതിന് കാരണം പഠിച്ചിറങ്ങി കഴിഞ്ഞാൽ ജോലി ഉറപ്പാണെന്നതും, പിന്നീട് പതിയെ പുറം രാജ്യത്തോട്ടൊക്കെ പോകാം എന്നുള്ളതുമായിരുന്നു.

 

അങ്ങനെ പതിയെ പതിയെ വീടുകളിലെ കഷ്ടത കുറയൊക്കെ മാറും.  ഇതൊക്കെയായിരുന്നു അന്ന് ആതുര ശുശ്രൂഷാ രംഗത്തെ പറ്റിയുള്ള വിവരങ്ങൾ.

 

ഏതായാലും നഴ്സിംഗിന് ജോയിൻ ചെയ്ത് കഴിഞ്ഞപ്പോൾ പറഞ്ഞു കേട്ടത് പോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ എന്ന് മനസ്സിലായി.

ആദ്യവർഷം ഇതുമായി ചേർന്നു പോവുക അത്ര എളുപ്പമായിരുന്നില്ല.

അറിയാത്ത നാട്. അറിയാത്ത ഭാഷ. ഏകാന്തത വിഷാദത്തെ കൂട്ടായി തന്നു.

 

മാസത്തിൽ ഒരു തവണ മാത്രമേ വീട്ടിലേക്ക് ഫോൺ വിളിക്കാൻ കഴിയുള്ളു. അതും അധികസമയം കിട്ടുകയില്ല സംസാരിക്കാൻ. കാരണം മാസത്തിലെ ആദ്യ ഞായറാഴ്ച ഫസ്റ്റ് ഇയർ സ്റ്റുഡന്റ്സിന് വീട്ടിലേക്ക് വിളിക്കാനുള്ള അവസരമാണ്. അതും വൈകുന്നേരം അഞ്ച് മുതൽ ആറ് വരെ. അതിനുള്ളിൽ എല്ലാവർക്കും വിളിക്കാൻ കഴിയണം. മൂന്ന് മിനിറ്റെങ്കിലും സംസാരിക്കാൻ കിട്ടിയാൽ ഭാഗ്യം. ഒന്നോ രണ്ടോ വാചകങ്ങൾ. അതിന് മാത്രമുള്ള സമയമേ കയ്യിലുള്ളു. എങ്കിലും എല്ലാവരും സമയ കൃത്യത ശരിക്കും പാലിച്ചു പോന്നു.

 

ആദ്യവർഷ ക്ലാസ്സുകൾ വലിയ പ്രശ്നമായി തോന്നിയില്ല.

കാരണം ഹോസ്പിറ്റൽ ഡ്യൂട്ടി തുടങ്ങിയിരുന്നില്ല.

രണ്ടാം വർഷം ക്ലാസ്സുകളോടൊപ്പം, ഹോസ്പിറ്റൽ ഡ്യൂട്ടി കൂടി ആരംഭിച്ചു. സമയം തികയാതെ വന്നു. വീടിനെ പറ്റിയൊക്കെ മറന്നേ പോയി. സമയമില്ലായ്മ തന്നെ കാരണം. ടെലഫോൺ ബൂത്തിന് മുന്നിൽ പോയി ക്യൂ നിന്നാൽ കിട്ടുന്ന രണ്ടോ മൂന്നോ മിനിറ്റ്. അതിനൊന്നും പിന്നീട് പോകാതായി. ജീവിതത്തിൽ പലതും ഒഴിവാക്കി, ചിലതൊക്കെ അറിഞ്ഞും, ചിലതൊക്കെ അറിയാതെയും.

 

മനസ്സൊക്കെ പാറ പോലെ ഉറച്ചു തുടങ്ങി. മനസ്സിലുണ്ടായിരുന്ന പേടിയൊക്കെ ഓടിയൊളിച്ചു. ക്ലാസ്സ്, ഡ്യൂട്ടി, പ്രാക്ടിക്കൽ എക്സാമുകൾ, ഇതിനൊക്കെ പുറമേ എല്ലാ ദിവസവും കാണുന്ന പച്ചയായ ജീവിതങ്ങൾ. ആ ജീവിതരീതിയുമായി പതിയെ അങ്ങ് പൊരുത്തപ്പെട്ടു തുടങ്ങി.

 

മൂന്നാം വർഷമായിരുന്നു ലേബർ റൂം, ഡെലിവറി റൂം, ന്യൂ ബോൺ ഐ.സി.യു, ന്യൂ ബോൺ കെയർ, ഓപ്പറേഷൻ തീയേറ്റർ എന്നിവിടങ്ങളിലെ പോസ്റ്റിംഗ് കിട്ടിയത്. അത്രയൊന്നും താല്പര്യമില്ലാതെയായിരുന്നു ഡെലിവറി റൂമിൽ ജോലി ചെയ്തിരുന്നത്.

 

ലേബർ റൂം എന്ന് എഴുതിയിരിക്കുന്ന ഡോർ കാണുമ്പോഴേ ഒരു വല്ലാത്ത തണുപ്പ് എന്നെ ബാധിച്ചിരുന്നു. മനസ്സ് മരവിച്ച അവസ്ഥയിലാണ് അവിടെ ചെന്നു കയറുന്നത്.

 

എന്‍റെ പേടിയുടെ ഒരു പ്രധാന കാരണം മീരാ ദീദിയുടെ വഴക്കുപറച്ചിൽ തന്നെയായിരുന്നു. ദീദിയ്ക്ക് വേറെ വഴിയില്ല. ഒരു കുഞ്ഞിന്റെ ജീവൻ നമ്മുടെ കൈകളിലാണ്. ദീദിയെ പേടിച്ച് പേടിച്ചാണ് ഓരോ ഡെലിവറിയും അറ്റൻഡ് ചെയ്തിരുന്നത്. ശരിക്കും വഴക്ക് പറയും, കയ്യിലൊക്കെ അടിക്കും. എല്ലാം കഴിഞ്ഞ് അമ്മയേയും, കുഞ്ഞിനേയും സെറ്റിലാക്കിയതിന് ശേഷം ദീദി ഞങ്ങളെ വിളിച്ച് അടുത്തിരുത്തി ചായയും സ്നാക്സും തരും. സ്നേഹപൂർവ്വം സംസാരിക്കും. ദീദിയോട് ഒരിക്കലും ദേഷ്യം തോന്നിയിരുന്നില്ല. ആരാധന കലർന്ന ഒരു ഭയമായിരുന്നു ഞങ്ങൾ കുട്ടികൾക്ക്. ജൂനിയർ ഡോക്ടേഴ്സിനേയും ദീദി പഠിപ്പിക്കാറുണ്ടായിരുന്നു. ഏതായാലും അവിടുത്തെ പോസ്റ്റിംഗ് കഴിഞ്ഞപ്പോൾ ആശ്വാസമായി എന്നുളളതാണ് സത്യം.

 

മൂന്നാം വർഷ പരീക്ഷ കഴിഞ്ഞു. റിസൽട്ടിനായി കാത്തിരിക്കുന്ന സമയം. എല്ലാ സ്റ്റുഡൻസിനും പെർമനന്റ് പോസിറ്റിംഗ് തരുന്ന സമയം. സ്വാഭാവികമായും ഞാൻ ആഗ്രഹിച്ചിരുന്നത് കുഞ്ഞുങ്ങളുടെ വാർഡിൽ പോകാനായിരുന്നു. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് ഡ്യൂട്ടി ലിസ്‌റ്റ്‌ വന്നു. എനിക്ക് പോസ്റ്റിംഗ് ഡെലിവറി റൂമിലേക്ക് അതും മീരാ ദീദിയുടെ പ്രത്യേക താല്പര്യപ്രകാരം.

 

അന്ന് ആ ലോകത്ത് കയറിയ ഞാൻ ഇന്നും ഇവിടെ തന്നെ. ആകെ വന്ന വ്യത്യാസം മീരാ ദീദി റിസൈൻ ചെയ്ത് പോയപ്പോൾ ഞാൻ ആ സ്ഥാനത്തേക്ക് വന്നു. ഇവിടെ ഒരുപാട് ജീവിതങ്ങൾ, ഒരു പാട് ജീവനുകൾ കാണാൻ സാധിക്കുന്നു. എന്ത് മാത്രം കഥകളാണ് ഓരോ മനുഷ്യനും പറയാനുള്ളത്.

 

പക്ഷേ ഇന്ന് ഞാൻ കണ്ട കരൺ എന്ന പേഷ്യന്റിന്റെ ഫയൽ എന്നെ ആകെ അസ്വസ്ഥയാക്കുന്നു. കരൺ ലേബർ റൂമിൽ അഡ്മിറ്റായി. ഔട്ട് സൈഡ് കേസാണ്. ഹൈ റിസ്ക് കേസുമാണ്. റിസ്കിൽ പ്രധാനമായി കണ്ടത് ഉയർന്ന ബ്ലഡ് പ്രഷറും, ഡയബറ്റിസുമാണ്. അമിത വണ്ണം വേറൊരു കാരണം. ഹോസ്പിറ്റൽ അതോറിറ്റിക്ക് ഒരു പ്രത്യേക താല്പര്യമുള്ള കേസാണ്.

 

ആദ്യ അസെസ്സ്മെന്റ് നടത്തവേ ഔട്ട്സൗഡ് ഹിസ്റ്ററി വായിച്ച ഞാൻ ഞെട്ടിപ്പോയി. മൂന്ന് ഡെലിവറികൾ. മൂന്നും നോർമൽ ഡെലിവറി. 

എന്നാൽ ഒരു കുഞ്ഞ് പോലും ഇന്ന് ജീവനോടില്ല.

എന്‍റെ ഹൃദയം വേദന കൊണ്ട് കീറി മുറിയുന്നത് പോലെ തോന്നി. കണ്ണറിയാതെ നിറഞ്ഞൊഴുകുമെന്ന് തോന്നി.

 

നാലാമതും കരൺ എന്തുകൊണ്ടായിരിക്കും ഈ റിസ്ക് എടുത്തത്? ഈ പ്രൊഫഷനിൽ സിംപതി പാടില്ലല്ലോ എംപതി മാത്രമാണല്ലോ ആവശ്യം. അതുകൊണ്ട് തന്നെ രണ്ടും കല്പിച്ച് ഞാനവരോട്‌ സംസാരിക്കാൻ ശ്രമിച്ചു. ആ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു. ആ ഒരു ധൈര്യത്തിൽ ഞാൻ ചോദിച്ചു.

 

കരൺ കൈസേ ഹെ ആപ്? (കരൺ എങ്ങനുണ്ട്?)

മറുപടി ചിരിയായിരുന്നു.

എന്നിട്ട് പറഞ്ഞു,

ദീദി മേം ഖുശ് ഹൂം. (ഞാൻ സന്തോഷത്തിലാണ്)

മേം മേരാ ബച്ചാ കാ ഇന്തസാർ മേം ഹെ... (ഞാൻ എന്റെ കുഞ്ഞിനെ വെയിറ്റ് ചെയ്യുകയാണ്)

ഖുശ് രഹോ കരൺ (സന്തോഷമായിരിക്കൂ കരൺ)

ഹം സബ് ഹെ ഇധർ (ഞങ്ങളൊക്കെ ഇവിടുണ്ട്)

 

ഞാൻ ബ്ലഡ് പ്രഷറും, ഷുഗറുമെല്ലാം ചെക്കും ചെയ്തു. എല്ലാം കൂടുതലാണ്. കരണിനെ ഹൈ റിസ്ക് റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. എല്ലാ എമർജൻസി മെഡിസിനുകളും ഉണ്ടെന്ന് ഉറപ്പാക്കി. ക്രാഷ് കാർട്ട് ചെക്ക് ചെയ്തു. എല്ലാം അടുത്ത് തന്നെയുണ്ടെന്ന് ഉറപ്പാക്കി. ഒരു സ്റ്റാഫിനെ കരണിന് വേണ്ടി മാത്രം അസൈൻ ചെയ്തു.

 

കരൺ അച്ഛാ സേ രഹോ. ടെൻഷൻ നഹി ലേനാ... ഹം ഹെ ആപ്കേ സാഥ്. കുഛ് നഹി ഹോഗാ ആപ് കോ ഓർ ബച്ചേ കോ...

(കരൺ നന്നായിരിക്കുക. ടെൻഷൻ ഒഴിവാക്കുക. ഞങ്ങളെല്ലാവരും കൂടെയുണ്ട്. ഒന്നും സംഭവിക്കില്ല രണ്ടു പേർക്കും)

 

ഇത്രയും പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു. കരൺ കരഞ്ഞു കൊണ്ട് എന്‍റെ കയ്യിൽ പിടിച്ചു. ഞാൻ അവരെ ചേർത്തുപിടിച്ചു.

രോനാ നഹി കരൺ (കരയരുത് )

 

ക്യാ ബാത്ത് ഹെ? ദിദീ സമച്കർ മുഛ് സേ ബോലോ ബഹൻ. (കാര്യമെന്തായാലും എന്നെ ഒരു സഹോദരിയായി കണ്ട് പറയു)

 

കരച്ചിലടങ്ങിയ ശേഷം അവൾ തന്‍റെ കഥ പറഞ്ഞു. പ്രണയ വിവാഹമായിരുന്നു എങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നും രണ്ട് ഭാഗത്ത് നിന്നുമുണ്ടായില്ല. അതുകൊണ്ട് തന്നെ സന്തോഷമായിരുന്നു. ദിവസങ്ങളും, മാസങ്ങളും കടന്നുപോയി. അങ്ങനെ  ആ സന്തോഷ ദിവസവും എത്തി. അമ്മയാകാൻ പോകുന്നു. കറക്റ്റായി ചെക്കപ്പുകൾ നടത്തി. സന്തോഷമായിരുന്നു എല്ലാവർക്കും.

 

ഡേറ്റ് പറഞ്ഞതിനും ഒരാഴ്ച മുന്നേ അഡ്മിറ്റാക്കി. അങ്ങനെ പറഞ്ഞ ഡേറ്റിന് ഒരു ദിവസം മുന്നേ എന്റെ കുഞ്ഞ് വന്നു. പക്ഷേ ജീവനില്ലാരുന്നു. അവന് വേണ്ടി എന്തായിരുന്നു കാത്തിരിപ്പ്. ആകെ തകർന്ന് തല കുനിച്ച്, കുഞ്ഞിനെ കയ്യിൽ പിടിച്ച് നിൽക്കുന്ന രാജിനെ കണ്ടപ്പോൾ സർവ്വനിയന്ത്രണങ്ങളും പോയി. ആർത്തലച്ച് ഞാൻ കരഞ്ഞു.

 

മാനസിക നില തെറ്റിയ എനിക്ക് കൗൺസിലിംഗ് വേണ്ടി വന്നു. ഭർത്താവിന്റെ ഭാഗത്ത് നിന്നോ, വീട്ടുകാരുടെ ഭാഗത്ത് നിന്നോ കുറ്റപ്പെടുത്തലുകളോ, അവഗണനയോ ഉണ്ടായില്ല. പകരം എല്ലാവരും കൂടുതൽ സ്നേഹിക്കുകയാണ് ചെയ്യുന്നത്.

 

നാളുകൾക്ക് ശേഷം വീണ്ടും പ്രഗ്നന്റായി. ഇപ്രാവശ്യം ആദ്യത്തേതിലും കൂടുതൽ ശ്രദ്ധ പുലർത്തി. ഒരു മാസം മുന്നേ അഡ്മിറ്റായി. പക്ഷേ വിധി എന്നൊന്നുണ്ടല്ലോ. ആ കുഞ്ഞും പോയി. അവന്‍റെ ജനനവും പഴയത് പോലെയായിരുന്നു.

 

എല്ലായ്പ്പോഴും ഭർത്താവ് എനിക്കൊപ്പം തന്നെയുണ്ടായിരുന്നു. നമുക്ക് നമ്മൾ മതിയെന്ന് അദ്ദേഹം ഇടയ്ക്കിടെ എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. പിന്നീട് എന്‍റെ നിർബന്ധപ്രകാരമാണ് ഒന്ന് കൂടി നോക്കാം എന്ന് പറഞ്ഞത്. വീണ്ടും അമ്മയാകാനുളള തയ്യാറെടുപ്പുകൾ. 

 

ഇപ്രാവശ്യം ഭയങ്കരമായ വിഷാദത്തിലേക്ക് കൂപ്പുകുത്തി. എല്ലാത്തിനോടും പേടി. ആരെയും വിശ്വാസമില്ലാതായി. അമ്മ ആഹാരം വെച്ച് തന്നാൽ കൂടിയും ഭർത്താവ് കഴിച്ച് നോക്കിയതിന് ശേഷം മാത്രമേ ഞാൻ കഴിക്കുമായിരുന്നുള്ളു. ഞാൻ എന്റേതായ ലോകത്തേക്ക് ചുരുങ്ങി. അവിടെ എന്‍റെ കുഞ്ഞ് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്‍റെ മാനസിക നിലയിൽ കാര്യമായി മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന് ഭർത്താവിനും വീട്ടുകാർക്കും മനസ്സിലായി തുടങ്ങി.

 

വീണ്ടും കൗൺസിലിംഗ്, മരുന്ന്... ഒന്നിനും എന്‍റെ മനസ്സിനെ ശാന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. എന്‍റെ ഏറ്റവും മോശം അവസ്ഥയിൽ എനിക്ക് താങ്ങായി നിന്ന എന്‍റെ ഭർത്താവിന് ഒരു കുഞ്ഞിനെയെങ്കിലും കൊടുക്കണം. അത് മാത്രമായിരുന്നു എന്‍റെ ആഗ്രഹം. അതും ഒരാഗ്രഹം മാത്രമായി മാറി. ആ കുഞ്ഞിനേയും രക്ഷിക്കാനായില്ല. പഴയത് പോലെ തന്നെ... അവളും ജീവനോടല്ല ഭൂമിയിലേക്ക് വന്നത്.

കാര്യങ്ങൾ പഴയതിലും മോശമായി. എന്‍റെ മനസ്സ് കൈവിട്ടു പോയി. അക്രാമാസക്തയായി. ഭർത്താവിനെ ഒരുപാടുപദ്രവിച്ചു. സാധനങ്ങളൊക്കെ തല്ലി തകർത്തു.

 

കതകടച്ച് ഒറ്റയ്ക്കിരിയ്ക്കാനായിരുന്നു ഏറ്റവും താല്പര്യം. അങ്ങനെ ഒറ്റയ്ക്കിരുന്ന ആ ദിവസം ഞാനത് ചെയ്തു. കയ്യിൽ കിട്ടിയ ഒരു ബ്ലേഡ് വെച്ച് ഞരമ്പ് മുറിച്ചു.

 

എത്ര വിളിച്ചിട്ടും കതക് തുറക്കാഞ്ഞതിനാലാകും, അദ്ദേഹം കതക് ചവിട്ടി തുറന്നു. പിന്നെ എടുത്ത് കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടി.

എന്‍റെ മാനസികാവസ്ഥയെ പറ്റി ഡോക്ടർ അദ്ദേഹത്തോട് സംസാരിച്ചു. കൗൺസിലിംഗ് കൊണ്ട് കാര്യമില്ലെന്നും ട്രീറ്റ്മെന്റ് ആവശ്യമാണെന്നും പറഞ്ഞു. എന്നെയും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

 

അങ്ങനെ ഏകദേശം ഒൻപത് മാസത്തോളം റാഞ്ചിയിലൊരു മാനസികാരോഗ്യ കേന്ദ്രത്തിൽ ട്രീറ്റ്മെന്റ്. തുടക്കത്തിൽ ആര് കാണാൻ വന്നാലും ഞാൻ കാണാൻ കൂട്ടാക്കിയിരുന്നില്ല. എപ്പോഴും എന്‍റെ കുഞ്ഞ്‌, കുഞ്ഞ് എന്ന് പിറുപിറുത്തു കൊണ്ടേയിരുന്നു. കിട്ടുന്ന പാത്രമോ, പൂവോ എന്ത് തന്നെയായാലും കുഞ്ഞായി സങ്കൽപിച്ചായിരുന്നു പെരുമാറ്റം.

 

നാലുമാസങ്ങൾക്ക് ശേഷമായിരുന്നു ചെറുതായെങ്കിലും ഭർത്താവിനോട് സംസാരിക്കാൻ തുടങ്ങിയത്. അങ്ങനെ ചെറിയ ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങി. നീണ്ട ഒൻപത് മാസങ്ങൾക്കു ശേഷം ഞാൻ വീട്ടിലെത്തി. അവർക്കാർക്കും എന്നോട് അശേഷം പരിഭവമില്ലായിരുന്നു.

 

എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായിരുന്നു ആ കുടുംബം.

തുടർന്നുള്ള രണ്ട് വർഷങ്ങൾ വലിയ പ്രശ്നമില്ലാതെ പോയി. പക്ഷേ പിന്നീട് ഞാൻ അദ്ദേഹത്തെ നിരന്തരം ശല്യം ചെയ്തു കൊണ്ടേയിരുന്നു. ഒരു കുഞ്ഞിനെ അദ്ദേഹം എന്തു മാത്രം ആഗ്രഹിക്കുന്നു എന്നറിയാവുന്ന ഏക വ്യക്തി ഞാനാണ്. അതുകൊണ്ട് തന്നെ ഞാൻ നിർബന്ധം പിടിച്ചു. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എനിക്കും ഒരു കുഞ്ഞിനെ ആവശ്യമാണ്. ഒരു പ്രാവശ്യം കൂടി അവസരം നൽകാൻ ഞാൻ അദ്ദേഹത്തോട് കെഞ്ചി. ഇതാണ് അവസാനത്തെ പ്രതീക്ഷ. അല്ലെങ്കിൽ ഞാനും കൂടെ അങ്ങ് പോകണം. പിന്നൊരു തിരിച്ചു വരവ് ഞാൻ ആഗ്രഹിക്കുന്നില്ല.

 

ദീദി, ആപ് കുഛ് ബോലോ... മേരക്കോ ബച്ചാ മിൽ ജായാഗേനാ ദീദി?

(എന്നോടെന്തെങ്കിലും പറയു... എനിക്കൊരു കുഞ്ഞിനെ കിട്ടില്ലേ?)

അവളോടെന്ത് പറയണമെന്നറിയാതെ നിൽക്കുമ്പോഴാണ് സീനിയർ ഡോക്ടർ റൗണ്ട്സിനെത്തിയത്. എല്ലാം ചെക്ക് ചെയ്തതിന് ശേഷം ചൊവ്വാഴ്ച്ച രാവിലെ എട്ട് മണിക്ക് ആദ്യ കേസായി കരണിനെ പോസ്റ്റ് ചെയ്തു. കരൺ എന്‍റെ കയ്യിൽ മുറുകെ പിടിച്ചു.

 

കുഛ് നഹി ഹോഗാ കരൺ. (ഒന്നും സംഭവിക്കില്ല കരൺ.) അവളെ ആശ്വസിപ്പിച്ച് അവിടെ നിന്നിറങ്ങുമ്പോഴും മനസ്സ് ശാന്തമാകുന്നില്ല.

എത്രയോ ജീവിതങ്ങൾ ദിവസവും കാണുന്നതാണ് എന്നാൽ ഒരു കുഞ്ഞിന് വേണ്ടി ജീവൻ പണയം കൊടുക്കാൻ തീരുമാനിച്ച ഒരു സ്ത്രീയെ എന്ത് പറഞ്ഞാണൊന്നു സമാധാനിപ്പിക്കുക. ഒരു കുഞ്ഞ് മാത്രമാണവർക്ക് സമാധാനം നൽകുക.

 

അനിതാ, അനിതാ ആരോ വിളിക്കുന്നു. ഹോസ്റ്റലിൽ കാണാഞ്ഞത് കൊണ്ടാവും. അനിത ചിന്തകളിൽ നിന്നും തിരിച്ചെത്തി. സൂര്യനസ്തമിച്ചു കഴിഞ്ഞിരിക്കുന്നു.

അവിടെ നിന്നും എഴുന്നേറ്റ് തിരിച്ചു നടന്നു. പതിവില്ലാതെ പള്ളിയിലേക്കാണ് പോയത്. ആരുമില്ലാത്തോർക്ക് ദൈവം തുണ എന്നല്ലേ?

 

പളളിയിൽ ഞാനും ക്രൂശിതനായ ദൈവവും മാത്രം. ക്രിസ്തു ക്രൂശിനായപ്പോൾ എത്ര വേദന അനുഭവിച്ചിട്ടുണ്ടാകും?

എങ്കിലും ആ മുഖത്തെ പ്രകാശം പുതിയ ഒരു പ്രതീക്ഷയാണ് മാനവരാശിക്ക് നൽകിയത്. ആ പ്രകാശം കരണിനേയും സഹായിക്കുമെന്ന പ്രതീക്ഷയോടെ ഒരു കൈത്തിരി ഞാനിവിടെ തെളിയിക്കുന്നു.

 

English Summary: Ammamanam, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com