ADVERTISEMENT

അരാഷ്ട്രീയം (കഥ)

‘‘ബീനാ ഇത് കഷ്ടാണ്. അവരൊക്കെ നമ്മക്ക് വേണ്ടപ്പെട്ടോരാണ്.  നമ്മള് അച്ചനപ്പൂപ്പമ്മാരായിട്ട് ഈ പാര്‍ട്ടിക്കാരാണ്. യ്യ്ങ്ങനെ എടന്തടിച്ച് നിന്നാ ഞാന്‍ അവര്‌ടെ മുമ്പില് നാണം കെടും.’’

‘‘ങ്ങളെ ഞാന്‍ നാണം കെട്‌ത്ത്യോ... എന്താ ഈ പറയണത്. നിക്കാം പറ്റില്ല്യാന്നല്ലേ പറഞ്ഞുള്ളൂ. വേണ്വേട്ടാ.. ബേസിക്കലി ഞാന്‍ കൊറച്ച് ഇന്‍ട്രോവെര്‍ട്ടാണ്. യ്ക്ക് എല്ലാരോടും ഒരുപോലെ എടപെടാന്‍ തന്നെ പറ്റില്ല്യ.  സ്റ്റേജ്. പ്രസംഗം. ഒന്നും യ്ക്ക് പറ്റില്ല്യ. അത് മാത്രല്ലാ   വീടിനുപുറത്തും സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ താല്പര്യല്ല്യ.’’

‘‘കഷ്ടാണ് ബീനാ... നീയൊരു ടീച്ചറല്ലേ. സ്ത്രീശാക്തീകരണത്തെക്കുറിച്ച് ഒരു ബോധോം ല്ലാതെ സംസാരിക്കരുത്. ഇത്രധികം അരാഷ്ട്രീയം നന്നല്ല.’’

‘‘ശാക്തീകരണം ? എനിക്കോ... രാഷ്ട്രീയ തീരുമാനങ്ങള്‍ കൂടി നിങ്ങളെ അനുസരിക്കുന്നതാണോ രാഷ്ട്രീയം.’’

ബീനയ്ക്ക് ഒച്ച പൊങ്ങി. ഒരുപാട് ചോദ്യങ്ങള്‍ അവളുടെ ഉള്ളില്‍ തള്ളിവന്നു. മുമ്പ് പ്രയോഗിച്ച് വഴക്കം വന്നിട്ടില്ലാത്ത കുറേ രാഷ്ട്രീയ പദാവലികള്‍ തള്ളിത്തള്ളി നാക്കിന്‍ തുമ്പില്‍ വന്നു. മനസ്സിലെ മുഴുവന്‍ വികാരങ്ങളും ഇയാളുടെ മുന്നില്‍ പ്രകടിപ്പിക്കാന്‍ അതൊന്നും പര്യാപ്തമല്ലെന്ന് തിരിച്ചറിഞ്ഞ് തോറ്റടങ്ങി.

‘‘എത്ര പേര് ഈ ഓഫറിന് കാത്തുനിക്കണ് ണ്ട് ന്നറിയ്വോ.. ഒരു സീറ്റിന് വേണ്ടി പാര്‍ട്ടി മാറുണു, വിമതരാവുണു.. അങ്ങേയറ്റം വിധേയരാവുണൂ.. ഇപ്പൊ മുനിസിപ്പാലിറ്റി ന്നൊക്കെ പറഞ്ഞാ എന്തൊരധികാരാന്നാ വിചാരം.’’

ബീന നുസ്രത്തുമായി ചാറ്റിലായിരുന്നു. 

‘‘ഇരുന്നുകൊടുക്കണം, കുനിഞ്ഞുകൊടുക്കണം. ഇപ്പോഴിതാ നിന്നുകൊടുക്കാനും ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നു’’

‘‘mm ? ’’

‘‘ഇലക്ഷന് നിക്കണം പോലും. കട്ട complsn. ഞാനൊന്ന് നിന്ന് കൊടുത്താ മതീ ത്രേ’’

‘‘സഹധര്‍മിണി!  ധര്‍മങ്ങളില്‍ ഇതും പെടുമെന്ന് ഇപ്പഴാ അറിഞ്ഞത്.’’ 

വായ് പൊത്തിയും ചിറി കോട്ടിയുമുള്ള മുഴുവന്‍ ഇമോജികളും പരതിയിട്ടും പുച്ഛത്തെ ആവിഷ്‌കരിക്കാന്‍ മാത്രം ശക്തിയുള്ള ഒന്നും കിട്ടിയില്ല. 

‘‘തോല്‍ക്കുമെന്നുറപ്പുള്ള സീറ്റാ. So.. നേതാക്കളാരും ഭാര്യമാരുടെ തല വെക്കില്ല’’

‘‘നീ നില്‍ക്ക്. ഒരവസരമല്ലേ. തള്ളണ്ട.’’

‘‘വയ്യ നുസ്ര. ഒരു തീരുമാനമേ ള്ളൂ.’’

വേണു പിന്നെയും വിട്ടില്ല. ഫെമിനിസം അയാള്‍ വെറുക്കുന്ന പദമാണ്. എന്നിട്ടും അതിലെ ചില പദാവലികളാണ് ഇപ്പോള്‍ അയാള്‍ക്ക് കൂട്ട്.

‘‘നിങ്ങളെന്നെ ഒരു ടൂവീലര്‍ ഓടിച്ച് സ്‌കൂളില്‍ പോകാന്‍ സമ്മതിച്ചിട്ടുണ്ടോ.. ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ച് എട്ടും എച്ചും പതിനാറുമെഴുതിയിട്ടും നിങ്ങള്‍ വിട്ടില്ല. ലൈസന്‍സ് അലമാരയിലിരുന്നുപൂത്തുപോയി. ഒരു ശാക്തീകരണം.’’

‘‘ അത്രയും സ്‌നേഹള്ളതോണ്ടല്ലേ. എന്നും ഞാന്‍ സ്‌കൂളിന്റെ ഗേറ്റില്‍ വിടണില്ലേ.... എന്തെല്ലാം അപകടങ്ങളാ ദിവസോം പത്രത്തില്‍ വായിക്കണത്.  പെണ്ണുങ്ങളൊക്കെ റോഡിലിറങ്ങ്യാ ജീവനോടെ വീട്ടിലെത്ത്വോ..’’

അലുമ്‌നി അസോസിയേഷന്റെ മീറ്റിങിന് കോളജ് വരാന്തയില്‍ വേണു കാത്തുനിന്നത് ബീന ഓര്‍ത്തു. അതയാളെ ഇപ്പോള്‍ ഓര്‍മിപ്പിച്ചില്ല. മസ്സിലാവാത്തോരോട് പറഞ്ഞിട്ടെന്താ. പിന്നീടൊരിക്കലും പഠിച്ച സ്‌കൂളിലോ കോളജിലോ അവള്‍ പോയിട്ടില്ല. സ്‌കൂളില്‍ നിന്ന് ടൂറിന് പോകാന്‍ ക്ഷണിച്ചാല്‍ നിരന്തരം ഒഴികഴിവുകള്‍ പറഞ്ഞൊഴിഞ്ഞു. 

‘‘എനിക്ക് നീയല്ലേ ള്ളൂ.. എന്താ മനസ്സിലാക്കാത്തേ... നിനക്കിവിടെ എന്താ ഒരു കൊറവ്...’’

അത് കേട്ടാ ബീനയ്ക്ക് കലി കയറും. ബാലചന്ദ്രമേനോന്റെ ഡയലോഗില്‍ 90 കള്‍ മുഴുവന്‍ മിമിക്രിക്കാര്‍ ട്രോളീട്ടും ആണുങ്ങള്‍ക്ക് മനസ്സിലാവാത്ത പരിഹാസം. 

‘‘വേണ്വോട്ടാ.. സ്ഥാനാര്‍ഥിയായാ ഫോട്ടോ ഒക്കെ റോഡില് വെക്കില്ലേ.. സോഷ്യല്‍ മീഡിയയിലൊക്കെ പടമിടണ്ടേ... പല പോസിലുള്ള ഫോട്ടോകള്‍... പണ്ട് ഞാന്‍ മുടിയൊക്കെ മുന്നിലിട്ട് ഫോട്ടോ ഡിപി ആക്കിയപ്പൊ ങ്ങള് അത് മാറ്റിച്ചില്ലേ.. മോര്‍ഫിങ്, ദുരുപയോഗം... എന്തൊക്കെയാ പറഞ്ഞേ... ഇനിപ്പോ റോഡില് മുഴുവന്‍ ന്റെ ഫോട്ടോ വെക്കാന്‍ പറയില്ലേ  ങ്ങളും പാര്‍ട്ടീം.   കുലീന ഫോട്ടോ വേണ്ടീരും. ല്ലേ. ങ്ങടെ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിപ്പടം എട്ക്കാന്‍ സ്വന്തം ഫോട്ടോഗ്രാഫറ് ണ്ടോ...

വേണുവിന്റെ നാക്ക് അടക്കിയെന്നാശ്വസിച്ച് ബീന ഉറങ്ങാന്‍ കിടന്നു. രാവിലെ എണീറ്റ മുതല്‍ സഹപ്രവര്‍ത്തകരോട് സ്ഥാനാര്‍ഥിത്വം ചര്‍ച്ചയ്ക്ക് വെച്ചു. പ്രോത്സാഹനങ്ങള്‍. പരിഹാസങ്ങള്‍. സഹതാപങ്ങള്‍. ഇനിയിപ്പൊ നിന്നും കൊടുക്കണം എന്ന് പ്രയോഗം ശ്രീജടീച്ചര്‍ക്ക് നന്നായി പിടിച്ചു.

എട്ട് മണിയായപ്പഴേക്കും നാരായണമ്മാഷ് വന്നു. വക്കാലത്ത്. റെക്കമെന്റേഷന്‍. അനുനയം. ബ്ലാക്‌മെയിലിങ്.

വിവാഹത്തിന്റെ മൂന്നാമത്തെ രാത്രിയില്‍ എങ്ങനെയാണോ വേണുവിന് വഴങ്ങിയത് അതേ വേദനയോടെ ബീന അന്നും വഴങ്ങി. ഭര്‍ത്താവ് മാത്രമല്ല വലിയൊരു കൂട്ടം പുരുഷന്‍മാര്‍ക്ക് മുന്നില്‍. ബ്ലാക് മെയില്‍ ചെയ്യാനും അനുനയിപ്പിക്കാനും പോലും ഒരു സ്ത്രീയെ കൂടെക്കൂട്ടാന്‍ അവര്‍ക്കുണ്ടായിരുന്നില്ല.

ആദ്യദിവസത്തെ വേദനമാറി. താന്‍ നിരന്തരം ശാക്തീകരിക്കപ്പെടുന്നുണ്ടെന്ന് ബീനയ്ക്ക് ബോധ്യപ്പെട്ടു. വീടിനകത്തേക്കാള്‍ സ്ത്രീയെ കീഴ്‌പ്പെടുത്താനുള്ള സാധ്യത പുരുഷന് പുറത്തുണ്ടെന്ന് ഓരോ ദിവസവും തിരിച്ചറിഞ്ഞു. മാനറിസം നിയന്ത്രിക്കപ്പെട്ടു. ഭാഷ നിയന്ത്രിക്കപ്പെട്ടു. നില്‍പ്പ്, നടപ്പ്, ഉടുപ്പ്... എല്ലാം നിര്‍ണയിക്കപ്പെട്ടു. പരനിര്‍ണയാവകാശം ഉറപ്പിച്ചുകൊടുത്തു. 

തോല്‍ക്കുമെന്നുറപ്പുണ്ടായിട്ടും ജയസാധ്യത പ്രവചിക്കപ്പെട്ടു. ആത്മവിശ്വാസം വളര്‍ത്താന്‍ ഏത് മോട്ടിവേറ്ററേക്കാളും യോഗ്യര്‍ പൊളിറ്റീഷ്യന്‍സാണെന്ന് ബീനയറിഞ്ഞു. ആദ്യത്തെ പരിഭ്രമം മാറി. താന്‍  ശാക്തീകരിക്കപ്പെടുകയാണെന്ന കാര്യം അവള്‍ പോലും അറിയാതെപോയി. മറ്റുള്ളവര്‍ക്ക വേണ്ടി പോസ് ചെയ്ത പടങ്ങളാണെങ്കിലും തെരുവില്‍ നിറഞ്ഞ സ്വന്തം മുഖങ്ങള്‍ അവളില്‍ ആത്മരതി ഉണര്‍ത്തി. 

പല തവണ കണ്ടതാണ്. ശക്തിപ്രകടനം. പ്രതിഷേധ പ്രകടനം.  വെല്ലുവിളി. തെറിവിളി. പുറത്ത് മുദ്രാവാക്യം തകര്‍ക്കുകയാണ്. ഇതാണ് ആഹ്ലാദപ്രകടനം.

‘‘ആരാ മോളേ കരയണത്

ഞാനാ മോനേ ബീനടീച്ചര്‍... 

ആരാ നിന്നെ നിര്‍ത്തീത്... 

ഞാനാ മോളേ നാരാണമ്മാഷ്..’’

വൃത്തവും താളവും വേണ്ട പോലെ ഒക്കുന്നില്ല. 

‘‘ആകെക്കൂടി 504... ആകെക്കൂടി 504.’’ ആ മുദ്രാവാക്യം ആവര്‍ത്തിക്കപ്പെട്ടു. ആകെ കിട്ടിയ വോട്ടിന്റെ എണ്ണം പാര്‍ട്ടിക്കാര്‍ വിളിച്ച് വേണ്വേട്ടനോട് പറഞ്ഞിരുന്നു. 504.

മുദ്രാവാക്യം രസമുണ്ട്. ഒരു പെണ്ണിനെ മാലയിട്ട് അലങ്കരിച്ച് മുന്നില്‍ നിര്‍ത്തിയിട്ടുണ്ട്. ആണ്‍കൂട്ടം വിളിച്ചുകൂവുന്ന അധിക്ഷേപങ്ങള്‍ കേട്ടിട്ടും ബീനയ്ക്ക് ഒന്നും തോന്നിയില്ല. ജയവും തോല്‍വിയും തന്നെ ബാധിക്കുന്നില്ല. വല്ലാത്ത ഇരുത്തം വന്ന മാനസികനില. പക്വത. അപ്പോഴാണ് താന്‍ പൂര്‍ണമായും ശാക്തീകരിക്കപ്പെട്ടുവെന്ന കാര്യം അവള്‍ മനസ്സിലാക്കിയത്. അവള്‍ മാത്രമല്ല വേണുവും അവളിലെ ശാക്തീകരണം തിരിച്ചറിഞ്ഞു. അവള്‍ക്ക് മുന്നില്‍ നിവര്‍ന്നുനില്‍ക്കാന്‍ അയാള്‍ ശ്രമപ്പെടുന്നുണ്ടായിരുന്നു. ആര്‍ത്തുവിളിക്കുന്ന ആഹ്ലാദക്കാരെ അവഗണിച്ച് അവള്‍ വേണുവിന്റെ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത്് മുന്നോട്ടുപാഞ്ഞു. നേരെ നുസ്രയുടെ വീട്ടിലേക്ക്. ഓലപ്പടക്കങ്ങളും ആക്രോശങ്ങളും നിറഞ്ഞ ആണ്‍നിരത്തുകള്‍ മറ്റെന്നത്തേക്കാളും സുരക്ഷിതമായി അവള്‍ക്ക് തോന്നി.  

English Summary: Arashtreeyam, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com