ADVERTISEMENT

ചന്ദ്ര... (കഥ)

‘‘ഇതെന്താ, നിന്റെ പുസ്തകത്തിന്റെ കവർപേജിൽ പുസ്തകത്തിന്റെ പേരില്ലാത്തത്..!’’

ജനാലയ്ക്കരികിലെ വെള്ളവിരിയിട്ട മേശയ്ക്ക് മുകളിൽ അടുക്കി വെച്ചിരിക്കുന്ന ചന്ദ്രയുടെ പുതിയ പുസ്തകത്തിലൊന്ന് കൈയിൽ എടുത്തുകൊണ്ടവൻ ചോദിച്ചു. ജനാലയുടെ പിണഞ്ഞു കിടക്കുന്ന കമ്പിയിൽ പിടിച്ചു കൊണ്ട് അവൾ പുറത്തേക്ക് നോക്കി നിന്നു. ഇരുട്ടിൽ വള്ളിപ്പടർപ്പിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ചുവന്ന ഹൈബ്രിഡ് ലില്ലിപ്പൂവിന്റെ  ചിത്രമായിരുന്നു കവർപേജിന്.. അവൻ അത്ഭുതത്തോടെ അതിലൂടെ കൈവിരൽ തഴുകി.. പേരില്ലാത്ത പുസ്തകത്തിന്റെ അടിഭാഗത്തായി ചന്ദ്ര എന്ന് മാത്രം എഴുതിയതിലേക്ക് വീണ്ടും വീണ്ടും അവൻ കൗതുകത്തോടെ നോക്കി. അപ്പോഴും ചന്ദ്രയുടെ കണ്ണുകൾ വിദൂരതയിലെന്തോ തിരയുകയായിരുന്നു. 

 

അവനവളെ നോക്കി... പിങ്ക് നിറത്തിൽ ചെറിയ വെള്ളപ്പൂക്കൾ വിതറിയ സാരിയാണ് അവൾ ഉടുത്തിരുന്നത്. ജനലിലൂടെ അകത്തേക്ക് പരന്നൊഴുകുന്ന നിലാവ് അവളുടെ നീണ്ട ഇടതൂർന്ന മുടിയിൽ നേർത്ത പ്രകാശത്തിന്റെ തോരണങ്ങൾ തൂക്കി.. പുസ്തകം തിരികെ വെച്ചവൻ അവളുടെ അരികിൽ വന്നു നിന്നു.. 

 

‘‘ചന്ദ്ര... നിനക്കിതെന്ത് പറ്റി..’’

      

അപ്പോഴും മൗനമായി നിൽക്കുന്ന അവളെയവൻ പിറകിലൂടെ വന്ന് അവന്റെ ഇടത്തേ കരം കൊണ്ട് അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു.. വലത്തേ കൈകൊണ്ട് പാറിപ്പറക്കുന്ന അവളുടെ  മുടിയിഴകളെ മാറ്റിക്കൊണ്ട് പിൻകഴുത്തിൽ ഉമ്മ വെച്ചു.. അവളൊന്നു പൊള്ളിപ്പിടഞ്ഞു.. സാധാരണ അവന്റെ ഇത്തരം കുസൃതികൾ അവളേറെ ഇഷ്ടത്തോടെ ആസ്വദിക്കാറുണ്ട്.. ഇന്ന് പക്ഷേ അവളിലെ നിസ്സംഗഭാവം അവനെ വിഷമിപ്പിച്ചു. അവൻ അവളെ ബലമായി പിടിച്ചു തനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി.. അവളുടെ കരിമഷിയെഴുതിയ കണ്ണുകൾ കലങ്ങുകയും കണ്ണിൽനിന്നും കറുത്ത നീർച്ചാലുകൾ ഒഴുകുകയും ചെയ്തിരുന്നു. അവന് വല്ലാത്ത വേദന തോന്നി..  

 

‘‘ചന്ദ്ര, എന്തായിത്.. എന്തിനാണിങ്ങനെ..’’

    

‘‘നിന്നെ പിരിയാനെനിക്കാവില്ല മഹീ..’’

    

അവളുടെ വാക്കുകൾ ഗദ്ഗദങ്ങളായി. ചുണ്ടുകൾ വിറച്ചു.. കനത്ത കുറ്റബോധം അവളുടെ ഇമകളെ ഉയരാനനുവദിക്കാതെ കൂമ്പിനിർത്തി. 

 

‘‘ചന്ദ്ര.., നീ തന്നെയോ ഇത്. ഞാൻ നിന്നെ പിരിയണമെന്നുള്ളത് നിന്റെ മാത്രം തീരുമാനമായിരുന്നു. എന്നിട്ടിപ്പോൾ ആ നീ തന്നെ... ഇനിയെനിക്കൊരു തിരിച്ചു വരവില്ലെന്ന് നിനക്ക് അറിയാവുന്നതല്ലേ.. ഞാൻ മരിച്ചു കഴിഞ്ഞിരിക്കുന്നു ചന്ദ്ര. ഇന്ന് നമ്മുടെ അവസാനത്തെ രാത്രിയാണ്.. ’’

 

അവളോടത് പറയുമ്പോഴും വാക്കുകൾക്കായി അവൻ പരതി.. മറുപടി പറയാനാവാതെ ചന്ദ്ര അവന്റെ നെഞ്ചിലേക്ക് തലചായ്ച്ചു നിന്നു.. 

‘‘ചന്ദ്രാ...’’ അവന്റെ ശബ്ദം ആർദ്രമായി.. 

 

‘‘ചന്ദ്ര... എത്ര തവണ ഞാൻ നിന്നോട് ചോദിച്ചു എന്റെ മരണമല്ലാതെ മറ്റൊരു പോംവഴിയും ഇല്ലേയെന്ന്... അപ്പോഴെല്ലാം നീ പറഞ്ഞത് എന്റെ മരണം മാത്രമേ എല്ലാവരും ആഗ്രഹിക്കുന്നുള്ളു എന്നല്ലേ. എല്ലാവരുടെയും സന്തോഷത്തേക്കാൾ നിന്റെ ഉയർച്ചയ്ക്ക് വേണ്ടിയാണ് ഈ മരണം ഞാൻ സ്വീകരിച്ചതെന്ന് നീ മറന്നു പോകരുത്...’’

 

‘‘നിന്നെ ഞാൻ മരണത്തിലേക്ക് പറഞ്ഞയച്ചത് സന്തോഷത്തോടെയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ മഹീ..’’

 

അവൾ തലയുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.. അതിന് മറുപടിയായി അവനവളുടെ നെറുകയിൽ ചുംബിച്ചു.

 

‘‘ഒരിക്കലുമില്ല.. ഈ ലോകത്തു എന്നെ സ്നേഹിക്കുന്നത് നീ മാത്രമാണ്.. ഞാൻ സ്നേഹിക്കുന്നതും നിന്നെ മാത്രമാണ് ചന്ദ്ര.. നിന്റെ ഉയർച്ചയ്ക്ക് വേണ്ടി ഏത് മരണവും ഞാൻ സ്വീകരിക്കും..’’ അവനവളെ ഇറുകെ പുണർന്നു.. 

 

‘‘നീ ഇല്ലാത്ത ജീവിതത്തിൽ ഒരു ഉയർച്ചയും എന്നെ സന്തോഷിപ്പിക്കില്ല മഹീ.. നിന്റെ സാമിപ്യം ഇല്ലാതെ, നിന്റെ സ്നേഹം ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല. ഏകാന്തത നിറഞ്ഞ എന്റെ ജീവിതത്തിലെ കൂട്ടായവനാണ് നീ.. സ്നേഹവും പരിഗണനയും സന്തോഷവും പ്രണയവും എല്ലാം എന്നെ പഠിപ്പിച്ചത് നീയാണ്.. ആ നിന്നെ തന്നെ ഞാൻ കൊന്നുകളഞ്ഞു.. ഞാൻ ദുഷ്ടയാണ് മഹീ.. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എനിക്കർഹതയില്ല..’’ 

 

അവൾ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു.. ഒടുവിൽ വാടിത്തളർന്ന പൂവ് പോലെ അവന്റെ കരവലയത്തിൽ എല്ലാ ബലവും നഷ്ടപ്പെട്ട് തളർന്നു നിന്നു.. അവനവളെ അടുത്തുള്ള സെറ്റിയിലേക്ക് ചാരിയിരുത്തി.. അവൾക്ക് മുന്നിൽ മുട്ടുകുത്തിയിരുന്നുകൊണ്ട് അവളുടെ കൈകൾ അവൻ രണ്ടു കൈകൊണ്ടും ചേർത്ത് പിടിച്ചു.. 

 

‘‘നോക്കു ചന്ദ്ര, നിന്റെ അക്ഷരങ്ങളാണ് എനിക്ക് ജീവൻ നൽകിയത്.. അന്നുമുതൽ ഇന്നോളം നിന്റെ തീരുമാനങ്ങളിൽ ജീവിച്ച ഒരു കഥാപാത്രം മാത്രമാണ് ഞാൻ.. സത്യത്തിൽ നീയാണ് എന്നെ സ്നേഹിക്കാനും പ്രണയിക്കാനും പഠിപ്പിച്ചത്.. നീയില്ലെങ്കിൽ ഞാനില്ല. പക്ഷേ ഞാനില്ലെങ്കിലും നിന്റെ അക്ഷരങ്ങളിലൂടെ ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ജനിക്കും.. അവരെയെല്ലാം നീ സ്നേഹിക്കാൻ പിടിപ്പിക്കുമെന്ന് എനിക്കറിയാം ചന്ദ്ര.. കാരണം നിനക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ..’’

 

അവൾ ദയനീയമായി അവനെ നോക്കി.. അവളുടെ പ്രകാശം അണഞ്ഞ നോട്ടത്തെ താങ്ങാനാവാതെ അവൻ തലതാഴ്ത്തി.. 

‘‘ഈ കൈകളിൽ ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ജനിക്കാനിരിക്കുന്നുണ്ട് ചന്ദ്ര.. ’’

‘‘മരിക്കാനും അല്ലെ.. !’’

പെട്ടെന്നുള്ള അവളുടെ ചോദ്യത്തിന് മുന്നിൽ അവൻ പതറി.. അവളുടെ കൈകൾ ഒന്നുകൂടി ചേർത്ത് പിടിച്ചു കൊണ്ട് അവനവളുടെ വലതുകൈക്കുള്ളിൽ ഉമ്മ വെച്ചു.. അവളുടെ കണ്ണുനീർ വീണ്ടും അനിയന്ത്രിതമായി ഒഴുകി.. 

 

‘‘നീ പറഞ്ഞത് ശരിയാണ് മഹീ... എത്രെയോ കഥാപാത്രങ്ങളെ ഞാൻ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ അവരാരും എന്റെ ഏകാന്തതയിൽ എനിക്ക് കൂട്ട് വന്നിട്ടില്ല. എന്നെ സ്നേഹിച്ചിട്ടില്ല, പ്രണയിച്ചിട്ടില്ല... നീ മാത്രമാണ് എന്നെ അറിഞ്ഞത്.. നിന്നെ പിരിഞ്ഞുകൊണ്ട് എനിക്ക് ജീവിക്കാനാവില്ല..’’

 

അവളോടെന്ത് മറുപടി പറയണമെന്നറിയാതെ അവൻ കുഴങ്ങി.. മരണത്തേക്കാൾ വേദനയാണ് നിന്നെ പിരിയുന്നതെന്ന് എങ്ങനെ ഞാൻ നിന്നോട് പറയും ചന്ദ്ര... അവൻ മനസ്സിൽ തേങ്ങി.. 

 

‘‘ഇനി കുറച്ചു നേരം കൂടിയേ ഞാൻ ഇവിടെ ഉണ്ടാവൂ.. നാളെ നേരം പുലർന്നാൽ നിന്റെ പുസ്തകങ്ങൾ വായനക്കാരിലേക്ക് എത്തിത്തുടങ്ങും. പിന്നെ എനിക്ക് നിന്റെ കൂടെ നിൽക്കാനാവില്ല.. ഈ അവസാനരാത്രി ഇങ്ങനെ കരഞ്ഞിരിക്കാനുള്ളതല്ല.. പുറത്ത് നിലാവ് നമ്മെ കാത്തിരിക്കുന്നു..’’

 

അവനവളെ ക്ഷണിച്ചു. കരഞ്ഞു തളർന്ന കണ്ണുകളോടെ എല്ലാം നഷ്ടപ്പെട്ടവളെ പോലെ അവളവന്റെ കൂടെ പുറത്തേക്ക് നടന്നു.. അവിടെ പൂത്തുനിൽക്കുന്ന ചെമ്പകങ്ങൾ നിലാവിൽ നക്ഷത്രങ്ങളെ പോലെ തിളങ്ങി.. അവനവളെ ചേർത്ത് പിടിച്ചുകൊണ്ട് ചെമ്പകത്തിനരികിലുള്ള ബെഞ്ചിൽ ഇരുന്നു.. കുതിച്ചൊഴുകുന്ന പുഴയിൽ പെട്ട് പോയ പനിനീർദളം പോലെ അവനിൽ നിന്ന് മോചിതയാവാനാവാതെ ദിശയറിയാതെ അവളുടെ മനസ്സ് ഒഴുകിക്കൊണ്ടിരുന്നു. അവന്റെ തോളിൽ തലചായ്ച്ച് മിഴികൾ അടച്ചവൾ കിടന്നു... ആദ്യമായാണ് അവൻ അരികിൽ ഉണ്ടായിട്ടും ഈ നിലാവ് താൻ ആസ്വദിക്കാതെ പോകുന്നതെന്ന് അവളോർത്തു.. ആ നിമിഷത്തിൽ അവൾക്ക് ചുറ്റും അനിർവചനീയമായ തണുപ്പ് പരക്കുകയും ചെമ്പകമരം പൂക്കളെ മുഴുവൻ അവളുടെ തലയ്ക്കു മുകളിലൂടെ പൊഴിക്കുന്നതായും അവൾക്ക് തോന്നി.. ചെമ്പകത്തിന്റെ വശ്യസുഗന്ധം അവളെ പൊതിഞ്ഞു.. ഭാരം നഷ്ടപ്പെട്ട് അപ്പൂപ്പൻതാടിയായ് അവൾ മുകളിലേക്ക് ഉയർന്നു.. അവൾക്കായി നിർമ്മിക്കപ്പെട്ട സോപാനത്തിലേറി പെയ്യാമേഘങ്ങളിലേക്കവൾ യാത്രയായി..

 

ചിതറിക്കിടക്കുന്ന പേരില്ലാപുസ്തകങ്ങളിൽ അവളുടെ കൈഞരമ്പിൽ നിന്നും ഒഴുകിയ അവസാനതുള്ളി രക്തവും ശോണിമയാർന്നു നിന്നു..  

 

English Summary: Chandra, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com