ADVERTISEMENT

ശീതകാറ്റും അമ്മ മണവും! (കഥ)

 

തെരുവോരങ്ങളിൽ ഡിസംബർ മഞ്ഞ് വീണു തുടങ്ങിരുന്നു.. കാളച്ചന്തയോട് ചേർന്നുള്ള വേശ്യാലയത്തിന്റെ മതിൽക്കെട്ടിനിപ്പുറം ഓട്ടോ രണ്ട് തവണ ഹോണടിച്ചു നിന്നു. കുറച്ച് സമയത്തിന് ശേഷം അകത്ത് നിന്നും ഇളം മഞ്ഞ ഷിഫോൺ സാരി ധരിച്ച ഒരു സ്ത്രീ സാവധാനം നടന്നുവന്നു.

 

‘‘ഹോട്ടൽ ഡ്രീം പാലസ്സ്, റൂം നമ്പർ 114’’

 

ശക്തമായൊരു പുക വലിച്ച് പുറത്തേക്ക് വിട്ടുകൊണ്ട് ഓട്ടോക്കാരൻ വണ്ടി സ്റ്റാർട്ട് ചെയ്തു. രാത്രിക്ക് തെരുവിന്റെ മനം മടുപ്പിക്കുന്ന ഗന്ധമായിരുന്നു. അതിലേറെ ദുർഗന്ധം ഇതിനോടകം തന്റെ ജീവിതത്തിൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്ന തോന്നലുകൊണ്ടാവാം, അവൾ മൂക്ക് പൊത്തിയില്ല. ചീഞ്ഞു നാറുന്ന ഓർമ്മയോരം അവൾ തന്റെ അറ്റമില്ലാത്ത ചിന്തകൾക്ക് വഴി വെട്ടി തുടങ്ങിയിരുന്നു. 

 

തെരുവിന്റെ വേട്ടമുഖം തന്നിൽ നിന്നും തട്ടിപ്പറിച്ച ബാല്യം.. അടച്ചിട്ട ചുമരുകൾക്കുള്ളിൽ മുറിവ് മണക്കുന്നകൗമാരം... പരിഹാസങ്ങൾക്കും ഒറ്റപ്പെടുത്തലുകൾക്കും മാംസദാഹത്തിനുമപ്പുറം ഇരുട്ടിൽ നിന്നും തന്നെ രക്ഷിക്കാൻ വെളിച്ചത്തിന്റെ കൈ വച്ചുനീട്ടുന്ന ഒരു മനുഷ്യനെയെങ്കിലും കണ്ടിട്ട് മരിച്ചാൽ മതിയെന്ന് തോന്നിപ്പോയി!

 

മരിക്കാൻ അവൾക്ക് ഭയമുണ്ടായിരുന്നില്ല... പക്ഷേ മനസ്സും ശരീരവും എന്നോ മരവിച്ചു പോയിട്ടും  ജീവിക്കാനുള്ള ആഗ്രഹം  എന്തിനോ വീണ്ടും പച്ച പിടിച്ച് കിടന്നു. 

 

ആൾക്കൂട്ടത്തിന്റെ ഒച്ചപ്പാട് കൂടി കൂടി വന്നു. ഇടവഴികൾ കടന്ന് ഓട്ടോ മെയിൻ റോഡിലൂടെ മന്ദഗതിയിൽ ഇഴയുന്നതിനിടക്കാണ് ആ കാഴ്ച അവളുടെ കണ്ണിലുടക്കിയത്. വാഹനാപകടത്തിൽ പരിക്കേറ്റ് ഒരമ്മയും കുഞ്ഞും വഴിയിൽ കിടക്കുന്നു. അബോധാവസ്ഥയിൽ ആയിരുന്നിട്ട് കൂടി ആ സ്ത്രീ തന്റെ കുഞ്ഞിനെ നെഞ്ചോട് പറ്റിച്ചേർത്ത് പിടിച്ചിട്ടുണ്ട്..

 

‘‘വണ്ടി നിർത്തൂ.. നമ്മുക്ക് എത്രയും വേഗം ഇവരെ ആശുപത്രിയിലെത്തിക്കണം’’

 

അവൾ ഓട്ടോക്കാരനോട് പറഞ്ഞു.

 

‘‘ഇതൊക്കെ ഇവിടെ പതിവാണ്.. വെറുതെയോരോ പൊല്ലാപ്പ് എടുത്ത് തലയിൽ കേറ്റണ്ട.. ഹോട്ടലിൽ ആ സാറ്....’’

 

‘‘വണ്ടി നിർത്താൻ!!’’

 

അവളുടെ ശബ്ദം ദൃഢമായിരുന്നു. അയാൾ വണ്ടി നിർത്തി..

 

പെരുവഴിയിൽ ഇറക്കിവിട്ട് യാതൊരു കരുണയും കാട്ടാതെ തിരകെ പോയ ഓട്ടോക്കാരനോടും സഹായം നിരസിച്ച വഴിയാത്രക്കാരോടും അവൾക്ക് പുശ്ചമല്ലാതെ മറ്റൊന്നും തോന്നിയില്ല! ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം സഹായത്തിനൊരാളില്ലാതെ ആ അമ്മയെയും കുത്തിനെയും ആംബുലൻസിൽ കയറ്റുമ്പോൾ മനസ്സ് നിറയെ അമ്മയായിരുന്നു.

 

താനിതുവരെ കണ്ടിട്ടില്ലാത്ത തന്റെ അമ്മയ്ക്ക് പിന്നാലെ ഓർമ്മകൾ ഓടിക്കിതച്ച് നാലാഴ്ച മുന്നേ മോർച്ചറിയിൽ വെള്ളപുതപ്പിച്ച് കിടത്തിയ തന്റെ പൊന്നു കുഞ്ഞിന്റെ മുന്നിലെത്തി നിന്നു. കണ്ണുകളിൽ നിന്നും ഒരു കടലൊഴുകി തുടങ്ങി. അവളുടെ ഓർമകൾക്ക് പോലും മുഖങ്ങളുണ്ടായിരുന്നില്ല എന്നതാണ് സത്യം.!

 

ആംബുലൻസിന്റെ നിലവിളിയെ തോൽപ്പിച്ചെന്നോണം അവളുടെ കൈക്കുള്ളിൽ ആ സ്ത്രീയുടെ കുഞ്ഞ്  വാവിട്ടു കരഞ്ഞുകൊണ്ടേയിരുന്നു. ആ കുഞ്ഞ് കൈകൾ പ്രതീക്ഷയോടെ അവളുടെ മാറിൽ അമരുമ്പോൾ 

മരം പോലെ മരവിച്ച മനസ്സിന് വീണ്ടും പൊള്ളലേൽക്കുകയായിരുന്നു.. !

വർഷങ്ങളായി വരണ്ടുണങ്ങിക്കിടന്ന മരുഭൂമിയിലെ ആദ്യ മഴ പോലെയായിരുന്നു അത്..

ജീവിതത്തിലാദ്യമായി വീണുകിട്ടിയ ജീവനുള്ള ഒരു നിമിഷം! വെറുതെയെങ്കിലും തനിക്കും  ആരൊക്കെയോ ഉണ്ടെന്ന തോന്നൽ മനസ്സിന്റെ പഴകിയ മുറിവുകളിൽ ശീതക്കാറ്റായി വീശിത്തുടങ്ങി..

 

രാത്രിയേറെ  വൈകി ICU ന് പുറത്ത് ആർക്കെന്നില്ലാതെ കാത്തിരിക്കുമ്പോൾ അവൾ തന്റെ ആരോരുമല്ലാത്ത കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. ഒരു നിമിഷം ആ ചുവരിനപ്പുറം മരണത്തോട് മല്ലിട്ട് കിടക്കുന്ന സ്ത്രീയോട്  അവൾക്ക് അസൂയ തോന്നി.. അന്നേരം ഹൃദയം തുളച്ചു കയറുന്ന ശീതക്കാറ്റിന് ഈറ്റുനോവിന്റെ മണമായിരുന്നു... അമ്മമണം!

 

English Summary: Seethakkattum Ammamanavum, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com