ADVERTISEMENT

കാപ്പച്ചീനോ (കഥ)

ബാംഗ്ലൂരിൽ നിന്നും വീട്ടിലേക്കു വരുമ്പോൾ പാറൂന് വളരെ ആവേശമായിരുന്നു...

തന്റെ കൂടെ എൻജിനീയറിങ്ങിനു മാസ്റ്റർ ബിരുദത്തിനു പഠിക്കുന്ന ഏതാനും സുഹൃത്തുക്കളും അവളുടെ കൂടെ നാട്ടിലേക്കുണ്ട് ഇത്തവണ... കണ്ണെത്താ ദൂരത്തോളം നിരന്നു കിടക്കുന്ന പച്ചപുതച്ച പാടങ്ങളും വിളഞ്ഞ നെൽക്കതിരുകളും അതിനു നടുവിലൂടെ മണ്ണുപാകിയ റോഡും പഴയ നാലുകെട്ടും കുളവും എല്ലാം അവർക്കd ഒരു ഉത്സവമാവും.. അത് കൂടാതെ അമ്മമ്മയുടെ വക സദ്യയും ...

പടിക്കൽ വന്നു കയറിയപ്പോഴേ അവളുടെ കൂടെ വന്ന മെറിനും, ദിവ്യയും, സൂസനും എല്ലാം അവളുടെ തറവാടിന്റെ ഭംഗിയിൽ വഴുതി വീണു... എസിയുടെ കുളിർമ ആ പഴയ വീടിന്റെ ഓടിട്ട മച്ചിന്.... അമ്മമ്മ കൊടുത്ത സംഭാരമോ അതിനെപ്പറ്റി പറയാൻ വാക്കുകളില്ല... “പാറു, യു ആർ വെരി ലക്കി....”- പാറു അവരുടെ പുകഴ്ത്തലിൽ മതി മറന്നു....

ഈ കണ്ട കാര്യങ്ങളെല്ലാം ഇനി അവർ തന്റെ ഹോസ്റ്റലിൽ പറഞ്ഞോളും... താൻ പറഞ്ഞത് ഒന്നും പുളുവായിരുന്നില്ലെന്ന്....

വിഭവസമൃദ്ധമായ സദ്യ വട്ടത്തിനു ശേഷമാണ് അമേരിക്കയിൽ മാതാപിതാക്കളുള്ള പൂത്ത പണക്കാരിയുമായ സൂസൻ പാറുവിനോട് പറഞ്ഞത്...

“എടീ നിന്റെ വീട്, പറമ്പ്, അമ്മമ്മയുടെ സദ്യ എല്ലാം എനിക്ക് ഇഷ്ട്ടപ്പെട്ടു ...

ബട്ട്, നിനക്കറിയാമല്ലോ.. എനിക്ക് ലഞ്ച് കഴിച്ചാൽ ഒരു കാപ്പച്ചീനോ നിർബന്ധമാണെന്ന്... പക്ഷേ ഈ പട്ടികാട്ടിൽ പ്രതീക്ഷിക്കേണ്ടല്ലോ...”- അവൾ പരിഹസിച്ചു ചിരിച്ചു... പാറുവിനു സങ്കടം വന്നു... കഷ്ട്ടം എല്ലാം ഇഷ്ട്ടപ്പെട്ടു ഇതിന്റെ പേരിൽ അവൾ ഇനി ഈ വർഷം മുഴുവൻ കളിയാക്കും...സൂസന്റെ സ്വഭാവം അവൾക്കറിയാമായിരുന്നു.... എന്തെങ്കിലും ചെയ്തേപറ്റൂ....

 

ഒരു കാപ്പിയെങ്കിലും കൊടുത്ത് അവളെ ഒന്ന് മയപ്പെടുത്തണം ...

അവൾ അമ്മമ്മയുടെ അടുത്തേക്കോടി...

‘‘അമ്മമ്മയ്ക്കു കാപ്പചനോ ഉണ്ടാക്കാൻ അറിയുമോ...’’- അവൾ ചിണുങ്ങി.

എന്താ ഈ കുട്ടി പറേണത്.. കാപ്പിയിടാൻ അറിയും, മറ്റേതെന്താ ചേനയോ ...-

അവൾ പറഞ്ഞു ‘‘അമ്മമ്മ നല്ല ഒരു കാപ്പി ഉണ്ടാക്കണം പെട്ടെന്ന് ...’’-

“ഊണ് കഴിച്ചല്ലേ ഉള്ളോ കുട്ടിയെ ..... ’’ ഇപ്പൊ വേണം അമ്മമ്മേ...അവൾ വീണ്ടും അമ്മമ്മയെ നിർബന്ധിച്ചു

 

അവർ പുറത്തേക്കിറങ്ങി പണിക്കാരൻ മാധവനെ ഉറക്കെ വിളിച്ചു ...

മാധവാ ആ പയ്യിനെ ഒന്ന് കറന്നു നോക്ക്... കുട്ടികൾക്ക് ഇപ്പൊ കാപ്പി വേണമത്രേ....

മാധവൻ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും പശു പാൽ ചുരത്തിയില്ല... ഒരു തുടം മാത്രം കിട്ടി.. അതും കൂടുതൽ പതയും.

അമ്മമ്മ പറഞ്ഞു ഈ പാൽ പത വെച്ച് എങ്ങനെ കാപ്പി ഉണ്ടാക്കും...

 

‘‘പ്ലീസ് അമ്മമ്മേ ഒരു കപ്പു കാപ്പി മതി, എങ്ങനെയെങ്കിലും...’’_

അമ്മമ്മ പാൽ പതയും അൽപ്പം കിട്ടിയ പാലും കൊണ്ട് കാപ്പി ഉണ്ടാക്കി...’’-

പാറു അത് ഒരു കപ്പിലെടുത്തു... മുകളിൽ പാൽ പത മാത്രം... ‘‘ഊള കാപ്പിയായല്ലോ കുട്ടിയെ അത്...’’ അമ്മമ്മ പറഞത് കേട്ടില്ലാത്ത ഭാവത്തിൽ പാറു ആ കാപ്പിയുമെടുത്തു സൂസന്റെ അടുത്തേക്ക് പോയി... ഏതായാലും ഇവൾ എന്നെ പറഞ്ഞു കളിയാക്കി കൊന്നത് തന്നെ.....

സൂസൻ ഊള കാപ്പി ഒന്ന് മൊത്തി...

 

പാറു വിചാരിച്ചത് ഇപ്പൊ അവൾ അതെടുത്തു അകലേക്ക് എറിയുമെന്നാണ് ...

പെട്ടെന്ന് അവളെ ഞെട്ടിച്ചു കൊണ്ട് ....സൂസൻ പറഞ്ഞു ..

വാട്ട് എ സർപ്രൈസ് ...ഗ്രേറ്റ് ...‘‘സൂപ്പർ  കാപ്പ ചീനോ ....’’-അവൾ പാറുവിനെ കെട്ടിപ്പിടിച്ചു പിന്നെ അമ്മമ്മയെയും. അപ്പോഴും എന്തുകൊണ്ടാണ് സൂസൻ തന്നെ കെട്ടിപ്പിടിച്ചതെന്നു മനസിലാവാതെ നിൽക്കുകയായിരുന്നു അമ്മമ്മ  .

 

English Summary: Cappuccino, Malayalam short story                                                              

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com