ADVERTISEMENT

പ്രവാസിയെ വിൽപ്പനക്ക് (കഥ)

ഒരു വലിയ കുടുംബത്തിന്‍റെ മുഴുവന്‍ പ്രതീക്ഷകളും അതിനൊപ്പം എന്റേതായ കുറച്ച്  സ്വപ്നങ്ങളും ചെറു പെട്ടിയിലാക്കി യാത്ര പറഞ്ഞ് പടിയിറങ്ങവേ ചുറ്റിലും പെരുമഴക്കാലം പോലെ നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ ‍മാത്രം. മരണ വീടിന്‍റെ പ്രതീതി. കാലം സമയത്തെ പോലും കാത്ത് നിൽക്കാതെ മുന്നോട്ടോടി.

പ്രവാസത്തിന്‍റെ വീഴ്ചകളും, പ്രയാസങ്ങളും താണ്ടി ഒരു പ്രവാസിയുടെ സുഖമറിഞ്ഞ ദിനങ്ങള്‍.  ചൂടും, തണുപ്പും ഇന്ന് എനിക്ക് ഒരു പോലെ...

പലപ്പോഴും തകർന്ന് പോയ മനസ്സിനെ സാന്ത്വനിപ്പിച്ച പ്രവാസഭൂമിയിലെ കൂട്ടുകാര്‍, 

ഇവിടെ എല്ലാവരും പ്രവാസിയാണ്.. ജാതിയില്ല.. മതമില്ല... ഭാഷയില്ല.. ആരും ആരോടും സംസാരിക്കും... പ്രവാസിയുടെ ഭാഷ. ഒരു പ്രവാസി മറ്റൊരു പ്രവാസിയെ മനസ്സിലാകുന്നു.

 

പിന്നീടെന്നോ ഒരു മടക്കയാത്ര. വിയര്‍പ്പിന്‍ സമ്പാദ്യങ്ങള്‍ വലിയ 2 പെട്ടികളില്‍ നിറച്ചു കൂട്ടി

ഒരു കല്യാണ വീട്ടിലെ ആഘോഷ നിമിഷങ്ങള്‍. ഇന്നലെ വന്നിറങ്ങിയ പോലെ... ദിവസങ്ങള്‍ ഓടി തീര്‍ന്നത്‌ അറിഞ്ഞില്ല.

 

ഇന്ന് വീണ്ടുമൊരു മടക്കം.എന്നെ ഞാനാക്കിയ പ്രവാസ ലോകത്തേക്ക് ഇന്നത്തെ മടക്ക യാത്രക്ക് മുഖം കാണിച്ചത് കുറച്ചു പേര്‍ മാത്രം ... നിറഞ്ഞ കണ്ണുകളും ശൂന്യം.

കാലം എന്നില്‍ വെള്ളിവരകള്‍ വരച്ചിട്ടു... മുന്നോട്ടുള്ള പ്രവാസ യാത്രയില്‍ തടസ്സങ്ങളായ് രോഗങ്ങൾ വലയം വെച്ചു.

 

എല്ലാം അവസാനിപ്പിച്ചൊരു മടക്കയാത്ര... ഇനി ഒരു മടക്കമില്ലാ..

പരാതികള്‍ ആസ്വാദകരമല്ലാത്തത് കൊണ്ട്... പെട്ടികളുടെ എണ്ണം കൂട്ടി.

 

ആഘോഷങ്ങളും, സ്നേഹപ്രകടനങ്ങളും. ശുഭയാത്രയുടെ പൊരുള്‍ പരസ്യമായി, ആഘോഷങ്ങളുടെ രസ ചരട് പൊട്ടി... എങ്ങും മൂകത. മരണ വീട് പോലെ, വായ പൊത്തി പിടിച്ച്‌ സംസാരിക്കുന്ന നിഴല്‍ രൂപങ്ങള്‍. ചെവിയില്‍ ആരോ പതിയെ മന്ത്രിച്ചു...

തിരിച്ച്‌ പോ... തിരിച്ച്‌ പോ... പ്രവാസം നിര്‍ത്തി വന്ന പ്രവാസി .. കറവ വറ്റിയ പശുവാണ്...നീ

 

നിന്‍റെ പ്രവാസം ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പികുന്നു... തളരുന്ന നിന്‍റെ ചിറകിന്‍ ഊര്‍ജ്ജം ഞങ്ങളില്‍ ജീവിതം നല്‍കുന്നു. നിന്‍റെ ജീവിതം അവിടെ നീ അടിച്ചു പൊളിച്ചില്ലേ.

 

ഓ... അത് മാത്രം പറയല്ലേ... അടിച്ച് പൊളിച്ചെന്നോ...?

രാവും പകലും മനസ്സ് നിറയെ നിങ്ങളായിരുന്നു, നിങ്ങള്‍ക്ക്‌ സുഖമില്ല എന്ന് കേള്‍ക്കുമ്പോൾ അവിടെ ഞങ്ങള്‍ക്ക്‌ ഉറക്കമില്ലാത്ത രാത്രികളായിരുന്നു... പെരുന്നാൾ അടുക്കുന്നേരം ഞാന്‍ എനിക്ക് ഒരു ഉടുപ്പ് വാങ്ങാന്‍ മോഹിച്ചില്ല. നാട്ടിലെ പെരുന്നാളിന്‍റെ വിശേഷങ്ങള്‍ നിങ്ങള്‍ ഫോണിലൂടെ പറയുന്നേരം ആ സന്തോഷമായിരുന്നു എന്‍റെ പെരുന്നാളുകള്‍,  പര്‍ച്ചേസ്സുകള്‍ക്ക് വിലപേശാത്ത നിങ്ങളെ കണ്ടപ്പോ... ഉള്ളില്‍ മനസ്സ് കരയുകയായിരുന്നു...

എന്‍റെ വിയര്‍പ്പിന്‍റെ വില... എന്നിട്ടും ഞാന്‍ ശബ്ദിച്ചില്ല. കാരണം നിങ്ങളുടെ സന്തോഷമായിരുന്നു എന്‍റെ പ്രവാസം.

 

ഇന്ന് ഈ രോഗിയായ പ്രവാസി നിങ്ങള്‍ക്കൊരു ഭാരമെന്നോ... ഒരു ആയുസ്സ് മുഴുവന്‍ നിങ്ങൾക്ക് വേണ്ടി ഞാന്‍ പാഴാക്കിയത് എന്റെ ജീവിതമായിരുന്നു എന്നിട്ടും

ഒന്നുറക്കെ കരയാന്‍ പോലും ഞാന്‍ മറന്നു പോയി മുന്നില്‍ ഇരുള്‍ നിറഞ്ഞ പ്രവാസഭൂമി...

വാടി തളര്‍ന്ന മനസ്സും, ശരീരവുമായി വാര്‍ദ്ധക്യത്തിന്റെ അന്ത്യത്തിലേക്ക് കാലും നീട്ടി ഇരിക്കുന്ന വരുമാനം നിലച്ചൊരു പ്രവാസിയെ വാങ്ങാന്‍ ഈ നാട്ടിൽ ആളുണ്ടാവുമോ...?  

 

പ്രവാസി ഫോര്‍ സെയില്‍...

 

English Summary: Prevasiye vilpanakku, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com