‘വായ തുറന്നുപിടിച്ച് ദാഹം തീരുവോളം മഴ വെള്ളം കുടിച്ചു, എന്തൊരു സ്വാദ്’ വേനൽ മഴയെന്ന അനുഗ്രഹം!

RAIN
ചിത്രം: ജോസുകുട്ടി പനക്കൽ, മനോരമ
SHARE

കാലിക്കുപ്പികൾ (കഥ)

എങ്ങിനെയാണ് ഉണർന്ന് പോയതെന്നറിയില്ല. അയാളാകെ വിയർത്തു കുളിച്ചിരുന്നു.

എ.സി. ഓഫായിരിക്കുന്നല്ലോ! അയാൾ ബഡ് ലൈറ്റിന്റെ സ്വിച്ച് തപ്പി ഓണാക്കി.

ഇല്ല കത്തുന്നില്ല. കറന്റ് പോയിരിക്കുന്നു.

‘‘നാശം, കറന്റ് പോകാൻ കണ്ട ഒരു സമയം’’

പ്രാകി കൊണ്ടയാൾ കിടക്കയിൽ എഴുന്നേറ്റ് ഇരുന്നു. ദാഹിച്ച് തൊണ്ട വരളുന്നു.

കിടന്നിയിടത്ത് ബഡ്ഷീറ്റ് നനഞ്ഞ് കുതിർന്നിരിക്കുന്നു. ഉറക്കത്തിൽ താനറിയാതെ മൂത്രമൊഴിച്ചോ? അയാൾ ജാള്യതയോടെ ശങ്കിച്ചു. മൊബൈലിന്റെ അരണ്ട വെളിച്ചത്തിൽ എമർജൻസി ലൈറ്റ് തപ്പിയെടുത്ത് തെളിയിച്ച് നോക്കി. മൂത്രമൊഴിച്ചതല്ല, താൻ കിടന്നയിടം മാത്രം വിയർപ്പിൽ നനഞ്ഞ് കുതിർന്നതാണ്. ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ട ജലാംശത്തെ കുറിച്ചുള്ള ഓർമ്മ തൊണ്ടയിൽ കൂടുകെട്ടിയ ദാഹത്തെ അധികരിപ്പിച്ചു.

കട്ടിലിന്റെ തലയ്ക്കൽ വെച്ചിരുന്ന  കുപ്പിയെടുത്ത് വായിലേക്ക് കമിഴ്ത്തി. മദ്യത്തിന്റെ ഗന്ധമല്ലാതെ, ഒരു തുള്ളി വെള്ളം പോലും വായിൽ വീണില്ല. അപ്പോഴാണ് അയാൾ ഓർത്തത്, കുടിക്കാനുള്ള വെള്ളം പോലും എടുത്തു വയ്ക്കാതെ ആണ് താൻ ഉറങ്ങിയത് .

എപ്പോഴാണ് താൻ ഉറങ്ങിയത് എന്ന് ഓർക്കുന്നില്ല. പകലിന്റെ ചൂട് രാത്രിയിലേക്ക് നീണ്ടപ്പോൾ ബെഡ്റൂമിൽ വന്ന് എസി ഓൺ ആക്കി കിടന്നതാണ്. അകത്താക്കിയ മദ്യത്തിന്റെ ലഹരി കൊണ്ടും, പകൽ കറക്കത്തിന്റെ ക്ഷീണം കൊണ്ടും പെട്ടെന്ന് നിദ്രയിലേക്കാണ്ട് പോയി.

നാശം ഇനി വെള്ളമെടുക്കാൻ ഡൈനിംഗ് റൂമിലേക്ക് ചെല്ലണം. ഡൈനിങ് ഹാളിൽ ചെന്ന് ഫ്രിഡ്ജ് തുറന്ന് ഡോറിൽ തണുത്ത വെള്ളക്കുപ്പികൾ പരതി. ഇല്ല, ഒന്നിലും വെള്ളം ഇല്ല. വെള്ളം നിറച്ചു വെക്കാൻ മറന്നിരിക്കുന്നു. 

സമയം ഓർമ്മപ്പെടുത്തിക്കൊണ്ട് സ്വീകരണമുറിയിലെ ക്ലോക്കിൽ രണ്ട് മണി അടിച്ചു. അയാൾ  വാഷ്ബേസിനിലെ ടാപ്പ് തിരിച്ചു. ‘ഫൂ‌’ എന്ന ശബ്ദമുണ്ടാക്കിയത് അയാളെ കളിയാക്കി.

കുറച്ചുദിവസമായി ഇങ്ങനെയാണ് ആണ്. പതിനാല് നിലയുള്ള  ഈ ഫ്ലാറ്റ് സമുച്ചയത്തിൽ വെള്ളം റേഷനാണ്. മൂന്നാം നിലയിലുള്ള അയാളുടെ ഫ്ലാറ്റിൽ രാത്രി 10നും 12നും ഇടയ്ക്കാണ് വെള്ളം വരുന്നത്. അപ്പോൾ ആവശ്യമുള്ളവർ ശേഖരിച്ചു വയ്ക്കണം നൈറ്റ് ഡ്യൂട്ടിക്ക് പുറപ്പെടുമ്പോൾ ഭാര്യ ഫോൺ വിളിച്ച് ഓർമിപ്പിച്ചതാ.

‘ചേട്ടാ രാത്രി നേരത്തെ ഉറങ്ങരുത്. വെള്ളം പിടിച്ചു വയ്ക്കണം. ഒരു തുള്ളി വെള്ളം പോലുമില്ല.’

ഞാൻ അതൊക്കെ ഏറ്റെന്ന് വളരെ നിസ്സാരമായി പറയുകയും ചെയ്തു. മദ്യത്തിന്റെ ലഹരിയിൽ മയങ്ങിയത് അവളറിയുമെന്നത് തീർച്ച.

പതിവിലധികം മദ്യം അകത്താക്കിയത് കൊണ്ടാകാം  നല്ലവണ്ണം വിയർത്തിട്ടും മൂത്ര സഞ്ചി നിറഞ്ഞിരിക്കുന്നു. മൂത്രശങ്ക തീർക്കാൻ ബാത്റൂമിൽ കയറിയപ്പോൾ അയാൾ ഞെട്ടിപ്പോയി. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം ഇല്ലാത്ത അവസ്ഥ. ബക്കറ്റുകൾ കാലി. വീട്ടിൽ എവിടെയും ഒരു തുള്ളി വെള്ളം ഇല്ലെന്ന തിരിച്ചറിവ് അയാളിൽ ചെറുതല്ലാത്ത ഒരു അസ്വസ്ഥത ഉണ്ടാക്കി.

രാത്രിയുടെ നിശബ്ദത അയാളുടെ ഭയം വർദ്ധിപ്പിച്ചു. കതക് കുറ്റിയിട്ടിട്ടില്ലേ? സ്വീകരണമുറിയിൽ വാതിൽ അടയുന്ന ശബ്ദം കേട്ടപ്പോൾ  അയാൾ ഒന്ന് ആശങ്കപ്പെടാതിരുന്നില്ല. കുറ്റിയിട്ടിരിക്കുന്നു. ജനവാതിലുകൾ അടയുന്നതാണ്. ആശ്വാസം ചെറിയ കാറ്റുണ്ട്.

അയാൾ വാതിൽ തുറന്നു മട്ടുപ്പാവിലേക്കിറങ്ങി. ചെറുതല്ല, നല്ല കാറ്റു വീശി അടിക്കുന്നുണ്ട്. മട്ടുപ്പാവിനോട് ചേർന്നുളള ചെന്തെങ്ങ് തന്റെ തല മട്ടുപ്പാവിന്റെ കൈവരിയിൽ മുട്ടിച്ച്  എത്തി നോക്കുന്നുണ്ട്. ഒരു ഉണങ്ങിയ പട്ട വൈദ്യുതകമ്പിയിൽ തങ്ങി നിൽക്കുന്നു. നാശം പിടിച്ചതെങ്ങ് അപ്പോൾ കറന്റ് പോകാൻ അതാണ് കാരണം. കഴിഞ്ഞ റസിഡൻസ് അസോസിയേഷൻ മീറ്റിംഗിലും താൻ പറഞ്ഞതാണ് ഈ തെങ്ങു മുറിച്ചു കളയണം എന്ന്. കാറ്റിൽ മറിഞ്ഞു വീഴാൻസാധ്യതയുണ്ട്. ഇപ്പോൾ കണ്ടില്ലേ? 

അന്ന് തന്റെ ഭാര്യയാണ് പറഞ്ഞത്, വേണ്ട, നമ്മുടെ മട്ടുപ്പാവിൽ നിന്നാൽ ഇളനീർ പറിക്കാൻ എത്തും; പിന്നെ ചെന്തെങ്ങ് ഒരു ഐശ്വര്യമാണ്. എന്നൊക്കെ. അത് ഏറ്റു പിടിക്കാൻ കുറേ കിളവൻമാരും കിളവികളും ഉണ്ടായിരുന്നു.

അതോർത്തപ്പോളാണ് അയാൾക്ക് ഒരു ഇളനീർ പറിച്ചാലോ എന്ന ആശയം തോന്നിയത്. അയാളെ  കൊതിപ്പിക്കാൻ എന്ന വണ്ണം ചെന്തെങ്ങ് തന്റെ തല മട്ടുപ്പാവിലെ കൈവരിയിൽ ഒന്നുകൂടി മുട്ടിച്ചു. അയാൾ തൊട്ടു എന്ന് വരുമ്പോഴേക്കും തെങ്ങ് വീണ്ടും ആടിയുലഞ്ഞു. രണ്ടുമൂന്നു തവണത്തെ ശ്രമത്തിനു ശേഷം അയാൾ ആ ആഗ്രഹം ഉപേക്ഷിച്ചു.

രാവിലെതന്നെ ടാങ്കർലോറിക്കാരൻ ശരവണനെ വിളിക്കാം. അല്ലെങ്കിൽ വേണ്ട, ഇപ്പോൾതന്നെ വിളിച്ചേക്കാം. വേനൽക്കാലത്ത് ടാങ്കർലോറിക്കാരും അവശ്യ സേവന വിഭാഗം തന്നെ. 24 മണിക്കൂറും പ്രവർത്തന സജ്ജമാകേണ്ടവർ. മൊബൈലിൽ നമ്പർ തപ്പിയെടുത്ത് വിളിച്ചു നോക്കി. ലൈൻ ബിസി തന്നെപ്പോലെ വെള്ളം പിടിച്ചു വെക്കാൻ മറന്നവർ ഉണ്ടാകും. 

ഇങ്ങനത്തെ എമർജൻസിക്കാർക്ക് ബക്കറ്റിനാണ് ടാങ്കർലോറിക്കാരുടെ റേറ്റ്. ഒന്നു രണ്ടു ബക്കറ്റു വെള്ളമെങ്കിലും നാളെ കാലത്തേക്ക് കിട്ടിയേ തീരൂ. മറ്റു ഫ്ലാറ്റിൽ ഉള്ളവരും വിളിക്കുന്നുണ്ടെങ്കിൽ വളരെ നല്ലത്. എന്തായാലും ഏറ്റവും താഴത്തെ ഫ്ലാറ്റിലെ ജല പിശാച് അമ്മൂമ്മ വിളിക്കാതിരിക്കാൻ സാധ്യതയില്ല. കയ്യും കാലും കഴുകിയാലും കഴുകിയാലും മതിവരാത്ത അവർക്ക് ഒരു ദിവസം രണ്ടു മൂന്നു ബക്കറ്റ് വെള്ളം മതിയാവില്ല. അവർ മുറ്റത്തെ പൈപ്പിന് കീഴെ കൂടെ കൂടെ കൈ കഴുകുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.

ഒരു ടാങ്കർ വെള്ളത്തിന് ആളായാൽ ലോറിക്കാരൻ ശരവണൻ ഉടനെ വരും. ഇല്ലെങ്കിൽ ഈ വഴിക്ക് പോകുന്ന സമയത്ത് നിർത്തി അടിച്ചു തരുകയേയുള്ളൂ. താഴെനിന്ന് മുകളിലെത്തിക്കാൻ ലിഫ്റ്റ് ഓപ്പറേറ്റർക്കും കൊടുക്കണം കാശ്. മര്യാദയ്ക്ക് വെള്ളം പിടിച്ചു വെച്ചാൽ മതിയായിരുന്നു. ഉറങ്ങിപ്പോയതിൽ അയാൾ പശ്ചാത്തപിച്ചു.

മൂത്രസഞ്ചി ഇപ്പോൾ പൊട്ടും എന്ന പോലെയുള്ള വേദന അടിവയറ്റിൽ വന്നപ്പോൾ അയാൾ ബാത്ത് റൂമിൽ വീണ്ടും കയറി. മൂത്രശങ്ക തീർത്ത് ഫ്ലഷ് ചെയ്തപ്പോൾ വെള്ളമില്ലാത്ത ശബ്ദം പുറപ്പെടുവിച്ച് ഫ്ലഷ് നിന്നു. ഭാര്യ പറഞ്ഞതിന്റെ ഗൗരവം അയാൾക്ക് വീണ്ടും ബോദ്ധ്യപ്പെട്ടു. ഉണ്ടായിരുന്ന വെള്ളമെല്ലാം  ഉപയോഗിച്ചിട്ടാണ് അവൾ ഒരുങ്ങിയിറങ്ങിയിട്ടുണ്ടാകുക.

ബാത്റൂമിൽ നിന്ന് പുറത്തേക്ക് കടക്കുമ്പോഴാണ് ചുമരിൽ നിന്ന് പല്ലിക്കാട്ടം ദേഹത്തേക്ക് വീണത്. ഉണങ്ങിവരണ്ട്  ജലാംശം അല്പം പോലുമില്ലാത്ത വിസർജ്യം പുറന്തള്ളി പല്ലി ചുമരിൽ ഇരുന്നു തന്നെ കളിയാക്കുന്നതായി അയാൾക്ക് തോന്നി. ഒരു പേപ്പർ എടുത്ത് അയാൾ കൈ തുടച്ചു. നാറ്റം പോകുന്നില്ല.

ദാഹം തൊണ്ടയിൽ കൂട് കൂടിയിരിക്കുകയാണ്. കുടിക്കാനുള്ള വെള്ളമെങ്കിലും കിട്ടിയേ മതിയാവൂ.

എന്ത് ചെയ്യും? അടുത്ത ഫ്ലാറ്റിൽ ചെന്നു മുട്ടി ചോദിച്ചാലോ? ഈ രാത്രിയിലോ? ഇവിടെ താമസമാക്കിയതിന് ശേഷം അടുത്ത ഫ്ലാറ്റിലെ ആളുകളുമായി സംസാരിക്കുന്നതേ അപൂർവ്വമാണ്. റസിഡൻസ് അസോസിയേഷൻ മീറ്റിംഗുകളിൽ കണ്ടാൽ ഒന്നു മിണ്ടും അത്രമാത്രം. അപ്പോൾ പിന്നെ ഈ പാതിരാത്രി കുടിവെള്ളം ചോദിച്ചു ചെന്നാ... വേണ്ട വെള്ളം പിടിച്ച് വെച്ചില്ലേ? ഉറങ്ങിപ്പോയോ എന്ന ചോദ്യമായിരിക്കും നേരിടേണ്ടി വരിക. മദ്യത്തിന്റെ മണം ഉണ്ടല്ലോ എന്നൊരു ധ്വനിയോടുള്ള ചോദ്യം. അഭിമാനം കൊണ്ട് ദാഹമടക്കുവാൻ അയാൾ പാടുപെട്ടു.

വീണ്ടും റിംഗ് ചെയ്തപ്പോൾ ടാങ്കർലോറിക്കാരൻ എടുത്തു.

‘‘എന്താ സാറേ ഈ പാതിരാത്രിക്ക്’’ അങ്ങേ തലയ്ക്കൽ നീരസം പ്രകടമായിരുന്നു.

‘‘ശരവണാ കാലത്തേക്കെങ്കിലും വെള്ളം വേണം. ഫ്ലാറ്റിൽ ഒരു തുള്ളി വെള്ളമില്ല.’’

‘‘ആ റൂട്ടിൽ  വരുന്നുണ്ടെങ്കിൽ വരാം’’ കൂടുതൽ പറയുന്നതിനു മുമ്പ് മുമ്പ് അയാൾ ഫോൺ കട്ട് ചെയ്തു. അപ്പോൾ ഇവിടുന്ന് അധികം ആരും വിളിച്ചിട്ടില്ല. എല്ലാവരും വെള്ളം പിടിച്ചു വച്ചിരിക്കുന്നു.

ഇനിയിപ്പോ വണ്ടിയെടുത്ത് ടൗണിൽ പോകാം. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഏതെങ്കിലും കടകൾ തുറന്നിട്ടുണ്ടാവും. രണ്ടു കുപ്പി വെള്ളം വാങ്ങി കൊണ്ടുവരണം. അയാൾ പടികളിറങ്ങി വണ്ടിയെടുക്കാൻ നടന്നു. ലിഫ്റ്റ് പ്രവർത്തിക്കുന്നില്ല സെക്യൂരിറ്റി ഇതുവരെ ജനറേറ്റർ പ്രവർത്തിപ്പിച്ചിട്ടില്ല. പാർക്കിംഗ് ഏരിയയിൽ നിന്ന് കാർ പുറത്തെടുക്കാൻ ചെന്നപ്പോഴാണ് ശക്തമായ ഒരു മിന്നലും കാറ്റും മഴയും ഒരുമിച്ച് വന്നത്. അയാളാകെ നനഞ്ഞു. വായ തുറന്നുപിടിച്ച്  ദാഹം മതിവരുവോളം മഴ വെള്ളം കുടിച്ചു. എന്തൊരു സ്വാദ്! അയാളോർത്തു. വെള്ളം പിടിച്ചു വയ്ക്കണ്ടേ. അയാൾ കോണി പടികൾ ഓടിക്കയറി ബക്കറ്റ് കൊണ്ടുവന്ന് മുറ്റത്ത് വച്ച് നിറയുന്നതും നോക്കിനിന്നു. ജീവിതത്തിലാദ്യമായി വേനൽ മഴയുടെ സൗന്ദര്യം അയാൾ ആസ്വദിക്കുകയായിരുന്നു., ആ മഴ അയാളിലേക്ക് പെയ്തിറങ്ങുകയായിരുന്നു.

English Summary: Kalikuppikal, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;