ADVERTISEMENT

അവളിലെ പെണ്ണ് (കഥ)

 

കാലമേ നിനക്കു നന്ദി. എന്നോ മൗനിയായി മാറിയ എന്നുടെ തൂലിക ചലിച്ചതും അവളെ കണ്ടതിനു ശേഷമാവാം... നമ്മുക്ക് എല്ലാവർക്കും അവളെ അറിയാം... ഞാനും നീയും ദിനവും നടന്നു നീങ്ങുന്ന വഴിത്താരകളിൽ എല്ലാം അവളുടെ നിഴലിലേക്ക്‌ നാം ഒളി കണ്ണെറിഞ്ഞിട്ടുണ്ട്... അന്നു നാം കണ്ണെറിഞ്ഞത് അവളുടെ മനസ്സിലേക്കോ  അവളിലെ പെണ്ണിലേക്കൊ..?

 

ഉണ്ണി ഉണ്ണി നീ ഇതെവിടെയാ ?

 

മുറിയിൽ ഒരു ശബ്ദം കേട്ട് അവൾ അവിടേക്ക് ചെന്നപ്പോൾ കട്ടിലിൻ അടിയിലേക്ക് ഊളി ഇട്ടു ഇറങ്ങുന്നു... ഒരു ചിരിയോടെ അവളു അവന്റെ അടുത്തേക്ക് എത്തി അവനെ കട്ടിലിന്റെ പുറത്തേക്ക് എത്തിച്ചു ഒപ്പം അവനേ അവള് ചേർത്തുപിടിച്ചു...

 

‘‘ഉണ്ണിയെ നിന്റെ കുറുമ്പിത്തിരി കൂടുന്നുണ്ട്’’

 

ഞാനിതു തപ്പി പോയതാ എന്നും പറഞ്ഞു തന്റെ പാട്ട് പെട്ടി തുറന്ന് അതിൽ നിന്നും മനോഹരങ്ങളായ പാട്ടുകൾ അത് കേട്ടപ്പോൾ അവളുടെ കാലുകൾക്ക് അനങ്ങാതെ നിൽക്കാനായില്ല... അവ ചടുലമായി ചലിച്ചു... കൂട്ടിന് കൈയ്യും... ചടുല താളമയമായവിടം...

 

അവളുടെ ഭാവമാറ്റം കണ്ടു പെട്ടന്നു ഉണ്ണി പാട്ടു നിർത്തി. അവളിൽ ഇന്നുവരെ കാണാത്ത ഒരു തരം ഭയം ക്രോധം പരിഹാസം എല്ലാം അവളിൽ മിന്നിമറഞ്ഞു...

 

അവൻ പാട്ട് നിർത്തിയത് അറിയാതെ അവള് നൃത്തചുവടുകൾ മുന്നോട്ട് നീക്കി... അതിവേഗം അവളുടെ ചുവടുകൾ ചലിച്ചു... തന്റെ ചുവടുകൾക്കൊപ്പം അവളുടെ മനസ്സും മാറിയിരിക്കുന്നു.

 

‘‘അരവി...’’ അവളുടെ കണ്ണുകൾ അവനെ തിരഞ്ഞു... അവളു ചുറ്റും നോക്കി.

 

ഛെ അതൊരു സ്വപ്നമായിരുന്നൊ?

 

ഹോസ്റ്റൽ മുറിയിൽ അവളെ തുറിച്ച് നോക്കിയിരിക്കുന്ന ആ കണ്ണുകൾ. എന്നാടി രാവിലെ സ്വപ്നം ഒക്കെ കണ്ടല്ലോ ? അട്ടെ ആരാ കക്ഷി...? 

എടി എടി കോപ്പെ നിന്നോടാ..

 

അവളു ഇവിടെ ഒന്നുമല്ലടി... എടീ സേറെ... നിനക്ക് എന്താ പറ്റിയത്?

 

ഒന്നുമില്ലടി ഒരു സ്വപ്നം കണ്ടതാ...

 

മ്മ്‌ മ്മ് ... നിനക്ക് സ്വപ്നം കാഴ്ച ഇത്തിരി കൂടുന്നുണ്ട്...

 

പോ നീ...

 

അട്ടെ ആരാ അരവി...?

 

അതാരുമില്ല.

 

എന്നും പറഞ്ഞ് അവൾ വാഷ് റൂമിലേക്ക് ഓടി... ഭാഗ്യം ഒരെണ്ണം ഒഴിവുണ്ട്.... അവൾ അതിലേക്ക് കയറി... അത്ര നേരം ചിരി തൂകി നിന്ന അവളുടെ മുഖം വാടി

 

അവളു വീണ്ടും അരവിയുടെ ഓർമ്മകളിലേക്ക് മുഴുകി....

 

ഒരു പ്രമുഖ കമ്പനിയുടെ ഫിനാൻസിങ് അഡ്വൈസറാണവൾ. അവളുടെ ഒരുപാട് കാലത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ പോസ്റ്റ്. ഒരുപാടു മോഹങ്ങൾക്ക് നൽകണ്ടി വന്ന വിലയാണ് അവൾക്കിന്നീ പോസ്റ്റ് പോലും... ഒരു നർത്തകി ആകണം എന്നായിരുന്നു അവൾക്ക്. അവളുടെ അഗ്രഹവും അരങ്ങു തെളിഞ്ഞ ഗുരുവും രണ്ടും കൂടി ചേർന്നപ്പോൾ അവളുടെ ചുവടുറച്ചു... അവളുടെ ചിന്തകളെ കീറി മുറിച്ച് അവളുടെ ക്യാബിനിന്റെ ഡോറിൽ ടക് ടക് മേടം 

 

മെ ഐ കമ്മിൻ?

 

എസ് കമ്മിൻ...

 

സൂട്ടും കോട്ടും അണിഞ്ഞവൻ അവളുടെ അടുത്തേക്ക് നടന്നു നീങ്ങി... അവൻ ചുറ്റും കണ്ണോടിച്ചു... വലിയ കാബിൻ അതിനു ഭംഗിയേകാൻ പെയിന്റിങ്സ് കൂടുതൽ നൃത്തരൂപങ്ങൾ... ഒന്നുരണ്ട് അലമാരകളിൽ ബുക്സ് അതോടൊപ്പം വൃത്തിയായി അലങ്കരിച്ചു വച്ച ടേബിൾ അതിനു നേരെ അവള്. സെറ സേവിയർ... നെയിം ബോർഡ് വായിച്ചു അവൻ മന്ത്രിച്ചു...

 

‘‘പറയൂ അരവി എന്തുണ്ട് വിശേഷങ്ങൾ ഓക്കെ?’’

 

അവൻ ഒന്ന് ഞെട്ടി

 

അവന്റെ മറുപടി കിട്ടാഞപ്പോൾ അവൾ‌ ലാപ്ടോപ് നിന്നും കണ്ണുയർത്തി  .

 

എന്തുണ്ട് അരവി ? തന്റെ ജി എം എന്തു പറയുന്നു? 

 

സുഖമായിരിക്കുന്നു. പുതിയ പ്രോജക്ടായിട്ടുണ്ട് അതിന്റെ കാര്യങ്ങൾ സംസാരിക്കാൻ വന്നതാണ് എന്നും പറഞ്ഞ് അരവി സംസാരിച്ചു തുടങ്ങി...

 

അപ്പോ തന്നെ അവനു മനസ്സിലായി സേറ തന്നെ കുറിച്ചും തന്റെ കമ്പനിയെ കുറിച്ചും വ്യക്തമായി പഠിച്ചിട്ടുണ്ടെന്ന്. അവരുടെ സംസാരം നീണ്ടു... കുറെ നേരത്തിനു ശേഷം അവൻ പുറത്തേക്കു വന്നു ഒരു വിഷമം അവന്റെ മുഖത്തുണ്ടായിരുന്നു.

 

അവൻ വീണ്ടും വീണ്ടും ആ പ്രോജക്ട് ഭംഗിയായി ചെയ്യാൻ ശ്രമിച്ചു.. വളരെ ദിവസങ്ങൾ കൊണ്ടവൻ ആ പ്രോജക്ട് ഭംഗിയാക്കി... ഈ സമയം കൊണ്ടു തന്നെ അവർക്കിടയിൽ നല്ലൊരു സൗഹൃദം ഉണ്ടായി കഴിഞ്ഞിരുന്നു...

 

പതിയെ പതിയെ അവരിലത് പ്രണയമായി മാറി പക്ഷേ അവർ തമ്മിൽ അതറിയിച്ചില്ല... മറ്റുള്ളവരുടെ ഇടയിൽ ഒഫിഷ്യൽ ആയി തന്നെ പെരുമാറി... അങ്ങനെ കുറച്ചു നാളുകൾക്ക് ശേഷം അവൻ എങ്ങനൊക്കെയൊ അവന്റെ പ്രണയം അവതരിപ്പിച്ചു .

 

പക്ഷേ ഒരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി... അവർ പിന്നെയും നല്ല സുഹൃത്തുക്കളായി തന്നെ തുടർന്നു...

 

അങ്ങനെ വളരെ നാളുകൾക്ക് ശേഷം പാർക്കിന്റെ അറ്റത്ത് തണൽമരങ്ങളുടെ ചുവട്ടിൽ പൂക്കളും പൂമ്പാറ്റകളും ഒക്കെ കണ്ടു. കുരുന്നുകളുടെ കളി ചിരികൾക്കിടയിൽ അവൻ മെല്ലെ അവളോട് ചോദിച്ചു

 

‘‘സെറ നിനക്കെന്നെ ഇഷ്ടമല്ലേ?’’

 

‘‘മറ്റാരേക്കാളും ഇഷ്ടമാണ്’’

 

‘‘പിന്നെ എന്താ??’’

 

‘‘നിനക്കറിയില്ല ഞാൻ എന്താണെന്ന് ?’’

 

പറയൂ നീ...!

 

അതു വേണ്ടാ... നീ പറ..എന്നായാലും അറിയേണ്ടതല്ലെ

 

അരവി പ്ലീസ്...

 

അവൻ പിന്നെയും പിന്നെയും നിർബന്ധിച്ചു കൊണ്ടിരുന്നു... അവളു പെട്ടന്നു ദേഷ്യപ്പെട്ടു അവിടെ നിന്നും ഇറങ്ങി നടന്നു... അവൻ അവളുടെ പിന്നാലെ നടന്നു

ഒടുവിൽ അവളൽപ്പം ശബ്ദം കടുപ്പിച്ചു അവനോട് പറഞ്ഞു...

 

അരവി നീ ഇപ്പൊ പോ... ഞാൻ സംസാരിക്കാൻ ഉള്ള മൂടിലല്ല... എനിക്ക് പ്രണയിക്കാൻ പറ്റില്ല... ഒരുനാൾ വേർപിരിയാൻ എന്തിനാണ് ഈ പ്രണയം?

 

ഒരിക്കലുമില്ല നമ്മൾ പിരിയില്ലാ... ഒരിക്കലും. അവന്റെ മറുപടിക്കായി കാത്തു നിൽക്കാതെ അവൻ നടന്നു നീങ്ങി...

 

അവളുടെ നടത്തത്തിനു വേഗത കൂടി കൂടി വന്നു....

 

അവൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു മറുപടി. പിന്നെ കുറച്ചുനാൾ അവർ അങ്ങനെ സംസാരിച്ചില്ല പിന്നെ വിളിക്കാൻ ശ്രമിച്ചു പക്ഷെ അവളുടെ ഫോൺ സ്വിച്ച് ഓഫാണ്. ഓഫീസിൽ ചെന്നു തിരക്കിയപ്പോൾ ലീവിലാണ് എന്ന് പറഞ്ഞ്.

 

പ്രണയത്തെക്കാളും അവനു സങ്കടമായത് അവളോട് മിണ്ടാൻ കഴിയുന്നില്ല എന്നതായിരുന്നു. പതിയെ അവൻ എന്തോ നഷ്ടമായ ഒരാളെ പോലെയായി അവന്റെ സുഹൃത്തുക്കൾ അവനു ഡിപ്രഷനാണോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു...

 

അങ്ങനെയിരിക്കെ ഒരു ദിവസം അവൾ അവനെ വിളിച്ചു... ഒരുപാട് സോറി ഒക്കെ പറഞ്ഞു രണ്ടുപേരും പതിയെ പഴയതു പോലായി.

 

ഒരു സൗഹൃദത്തിന്റെ അപ്പുറം അവർ തമ്മിൽ അടുത്തു. അവളുടെ മനസ്സിൽ എന്താണ് എന്ന് അവന് അറിയാൻ സാധിച്ചില്ല. അവന്റെ ഉള്ളിൽ ഒരു വെമ്പൽ ആയിരുന്നു അതറിയാൻ. പക്ഷേ അവൾ പലപ്പോഴും ആ വിഷയത്തിൽ നിന്നും തെന്നി മാറുകയാണ്. അതു കാരണം അവർ തമ്മിൽ ഒരു അകൽച്ച. അതവൾക്കും അറിയാം അവൾ മറ്റെല്ലാം അവനോട് പറഞ്ഞു. എന്നാലും അവളുടെ ഇന്നലെകൾ മറച്ചു. എന്തിന് എന്ന് അവൾക്കും അറിയില്ലായിരുന്നു. എന്നാലും അവളുടെ മനസ്സിൽ പ്രണയത്തിനു വലിയ സ്ഥാനം ഒന്നുമില്ലായിരുന്നു. അവനിനിയും മനസ്സിലായില്ല അവർ പിന്നെയും അടുത്തു. ഒരുപാട്, എന്നാലും ഇന്നലകളെ കുറിച്ചു ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു അത് അവൻ ശ്രദ്ധിച്ചു. എന്നാലും അവൻ വിട്ടില്ല ... ഒരിക്കൽ അവളു പറഞ്ഞു. 

 

ഞാൻ അതു പറഞ്ഞു കഴിഞ്ഞാൽ പിന്നെ നിനക്കിതുപോലെ എന്നെ പ്രണയിക്കാൻ ആകുമോ എന്നറിയില്ല. കാരണം നീ ഉദ്ദേശിക്കുന്ന പോലെ ഒരു പെണ്ണല്ല ഞാൻ.

ഞാൻ അനുഭവിച്ചതും. ഞാൻ കേട്ടതും കണ്ടതുമെല്ലാം ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത ഒരു ഭൂതകാലം...

 

നീ എന്താ ഈ പറയുന്നേ? എനിക്കൊന്നും മനസ്സിലാകുന്നില്ല...

 

നീ കേൾക്ക്‌...

 

എന്റെ ഇന്നലെകൾ പൂർണമായ അന്ധകാരത്തിന്റെ വിത്തുകൾ വിതറിയിട്ടു പോയവയായിരുന്നു. വേട്ടക്കാരനും ഇരയും തമ്മിലുള്ള യുദ്ധത്തിന്റെ ബാല്യം. പിൻതുടരുന്ന കണ്ണുകളിൽ നിന്നും ഓടിയൊളിച്ച കൗമാരം...

 

സെറ എന്താ നീയീ പറയുന്നത് ? ഒന്നും മനസിലാകുന്നില്ല...!

 

മനസ്സിലാവില്ല അരവി...

 

ആർക്കും എന്നെ മനസ്സിലാകില്ല. ഒരാൾക്കും.

 

അതു പറയുമ്പോൾ... അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. അവളുടെ മുഖത്ത് ഭയവും വെറുപ്പും ഒക്കെ കണ്ടു. 

 

അരവി മിണ്ടാതെ ഇരുന്നു. അവളു തുടർന്നു...

 

എനിക്ക് ഓർമ്മ വച്ച കാലം മുതൽ സ്വർഗ്ഗമായിരുന്നു എന്റെ വീട്. അച്ഛനും അമ്മയും ചേട്ടനും ഒക്കെ ചേർന്നു കളിയും ചിരിയും ഒക്കെയായി അങ്ങനെ പോകുമ്പോൾ ആയിരുന്നു എന്റെ ചേട്ടന്റെ മരണം. അവിടെ ഞാൻ പകുതി തളർന്നു. വീട്ടിൽ എപ്പോഴും സങ്കടം മാത്രമായിരുന്നു. അച്ഛൻ പതിയെ പതിയെ മദ്യത്തെ ആശ്രയിക്കാൻ തുടങ്ങി. അങ്ങനെ അച്ഛൻ മുഴു കുടിയനായി മാറി അച്ഛന്റെ ജോലി നഷ്ടമായി. അതിൽ പിന്നെ വീട്ടിലെ സാധനങ്ങൾ വിറ്റു കുടിച്ചു... അങ്ങനെ കുറച്ചു ദിവസങ്ങൾകൊണ്ട് അച്ഛൻ മറ്റൊരാളായി മാറി... അദ്യം ആദ്യം ഒക്കെ വീട്ടിൽ ബഹളം ഉണ്ടാക്കും ഉപദ്രവിക്കും എന്നൊക്കെ ഒള്ളൂ..

 

പക്ഷേ... അവൾ കരഞ്ഞു തുടങ്ങി

 

പക്ഷേ... എനിക്ക് ഒരു 15 വയസ്സ് കഴിഞ്ഞപ്പോൾ തൊട്ടു ഒരുപാട് കണ്ണുകൾ പിന്തുടരാൻ തുടങ്ങി. പക്ഷേ അപ്പോഴൊന്നും ഞാൻ പതറിയില്ല കാരണം അത് സാധാരണം ആണല്ലോ എന്നു കരുതി വിട്ടു. പക്ഷേ എന്റെ... എന്റെ... അച്ഛൻ എന്നെ ആ കണ്ണുകൾ കൊണ്ടു കാണാൻ തുടങ്ങിയപ്പോൾ ഞാൻ ഒന്നു ഞെട്ടി. പലപ്പോഴും അച്ഛന്റെ സ്പർശങ്ങൾ പോലും മറ്റൊരു രീതിയിലായി. അങ്ങനെ അച്ഛനിൽ നിന്നും അകന്നു തുടങ്ങി. ഡാൻസ് ക്ലാസ്സൊക്കെ നിർത്തി പട്ടിണിയും പരിവട്ടവുമായി... പക്ഷേ അമ്മ തളർന്നില്ല. അമ്മ ജോലി ഒക്കെ ചെയ്തെന്നെ വളർത്തി. അങ്ങനെ ഞാൻ കോളജിലേക്ക് എത്തുന്നതിന്റെ മുൻപ്. അഡ്മിഷൻ ഒക്കെ നടക്കുന്ന സമയം. ഞാൻ ഒരു തരം ഒറ്റപ്പെടലിന്റെ വക്കിലേക്ക്‌ എത്തി തുടങ്ങി... അപ്പോഴാണ് ഞാൻ അവനെ കണ്ടതും പരിചയപ്പെട്ടതും...

 

ആരാ അവൻ? എന്നിട്ട് എന്തായി ?

 

അലൻ... അലൻ ദേവസ്യ

ഞങ്ങൾ തമ്മിൽ പ്രായത്തിന്റെ നല്ല വ്യത്യാസം ഉണ്ടായിരുന്നു. ആദ്യമൊക്കെ ഒരു വായിനോക്കി എന്നു വിചാരിച്ചു. പക്ഷേ വളരെ പെട്ടന്നു തന്നെ ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി... അടുത്ത സുഹൃത്തുക്കൾ. പലപ്പോഴും അവൻ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നെ നല്ല രീതിയിൽ കെയർ ഒക്കെ ചെയ്തു.

 

അങ്ങനെ പതിയെ എനിക്ക് അവനോട് എന്തോ തോന്നി. പക്ഷേ അതു പ്രണയമോ എന്നു ചോദിച്ചാൽ അവനെ കാണുമ്പോൾ ഒരു കുളിര്. ലോകത്ത് ഏറ്റവും സെയിഫ് അവന്റെ കൂടെ നിൽക്കുമ്പോൾ ആണെന്നു തോന്നി തുടങ്ങി. ഒരു ദിവസം സംസാരത്തിന്റെ ഇടയിൽ അവൻ എന്നോട് ഒരിഷ്ടം ഉണ്ടെന്നു പറഞ്ഞു. എനിക്കും അങ്ങനെ തന്നെയായതു കൊണ്ട് മറുപടി ഉടനെ പറഞ്ഞു എനിക്കും ഇഷ്ടമാണ്...

 

അതോടൊപ്പം തന്നെ വീട്ടിലെ അവസ്ഥ മോശമായി തുടങ്ങി. അച്ഛൻ കൂടുതൽ മോശമായി പെരുമാറാൻ തുടങ്ങി. അച്ഛന്റെ ചില കൂട്ടുകാർ ഒക്കെ വീട്ടിൽ വരാൻ തുടങ്ങി. അവരിൽ ചിലരും എന്നെ നോട്ടം ഇട്ടതു പോലെ തോന്നി...

 

ഭാഗ്യം... എനിക്ക് വീട്ടിൽ നിന്നും വളരെ ദൂരെയുള്ള കോളജിൽ അഡ്മിഷൻ ശരിയായി... അങ്ങനെ ഞാൻ ഹോസ്റ്റലിലേക്ക്‌ മാറി. ആ സമയത്താണ് എനിക്ക് ഫോൺ കിട്ടിയത്. പിന്നെ ഞങ്ങൾ ഫോണിലൂടെ സംസാരിച്ചു. ഇതിന്റെ ഇടക്ക് അമ്മക്കു വയ്യാതെ ആയി. എന്നാലും അമ്മ എന്നെ വീട്ടിലേക്ക് വിളിച്ചില്ല. വല്ലപ്പോഴും ഒന്നു വീട്ടിൽ പോവും എന്നിട്ട് അമ്മയെ കാണും ഉച്ച കഴിഞ്ഞ് അവനെയും കണ്ടിട്ടു തിരിച്ചു പോവും .

അങ്ങനെ ഞങ്ങളുടെ ആദ്യ പ്രണയ വാർഷികം. അന്നു ഞാൻ ക്ലാസ്സ് കട്ടു ചെയ്തു അവന്റെ കൂടെ പോയി.

 

വളരെ മനോഹരമായ ദിവസം. പ്രകൃതിയിലെ ഓരോ അണുവിലും ഞങ്ങളുടെ പ്രണയം തുളുമ്പി നിന്നു. അവൻ എന്നെ പാർക്കിലെ ഒരു സൈഡിലേക്കു കൊണ്ടുപോയി. ഞങ്ങൾ അങ്ങനെ സംസാരിച്ചു ഇരുന്നു. പതിയെ അവൻ എന്റെ തോളിൽ കൈയിട്ടു സംസാരിച്ചു കൊണ്ടിരുന്നു. പെട്ടന്നു അവൻ എന്റെ കണ്ണുകളിലേക്ക് നോക്കി. അതിൽ പ്രണയം അങ്ങനെ നിൽക്കുന്നു. അവൻ എന്റെ മുഖത്തോട് അവന്റെ മുഖം അടുപ്പിച്ചു അവൻ അവന്റെ ചുണ്ട് എന്റെ ചുണ്ടോടു ചേർത്തു. അതിൽ ലയിച്ചു പോയി ഞാൻ അവന്റെ കൈകൾ എന്റെ ശരീരത്തിൽ ഓടി കളിക്കാൻ തുടങ്ങി പെട്ടന്നു ഞാൻ അവനെ തള്ളി മാറ്റി. അവൻ : എന്തു പറ്റി ?

 

ഒന്നുമില്ല എന്തോ പോലെ. നമ്മുക്കു പോവാം...

 

എന്നും പറഞ്ഞ് ഞാൻ ബാഗുമെടുത്ത് നടന്നു. എന്റെ മനസ്സിൽ എന്തൊക്കെയോ ചുന്തകൾ നിറഞ്ഞു നിന്നു. ഞാൻ ആഗ്രഹിച്ച പ്രണയം ഇങ്ങനെ ആയിരുന്നില്ല. എനിക്കുണ്ടായ ദുരനുഭങ്ങൾ കൊണ്ടു തന്നെ എനിക്കു വല്ലാതെ വിഷമമായി. അങ്ങനെ ഹോസ്റ്റലിൽ എത്തി. ആരോടും അധികം ഒന്നും സംസാരിച്ചില്ല. അവൻ വിളിച്ചു കൊണ്ടിരുന്നു പക്ഷേ എന്തോ സംസാരിക്കാൻ തോന്നിയില്ല. പതിയെ അവനോടുള്ള ആത്മബന്ധം കുറഞ്ഞു കുറഞ്ഞു തുടങ്ങി. അങ്ങനെ ഞാനെന്റെ പ്രണയത്തെ കൊന്നു വീണ്ടും ഒറ്റപ്പെട്ടു തുടങ്ങി.

 

അവളൊന്നു കരയാൻ തുടങ്ങി പിന്നെ വാക്കുകൾ മുറിഞ്ഞു . 

 

എടോ കരയാതെ താൻ.. ആൾക്കാര് ശ്രദ്ധിക്കുന്നു... താൻ ഈ വെള്ളം കുടിച്ചേ 

എന്നും പറഞ്ഞു അവന്റെ കയ്യിൽ ഇരുന്ന വെള്ളം കുപ്പി അവൾക്കു കൊടുത്തു... അവളതു കുടിച്ചു.

 

തനിക്കു പറ്റുന്നില്ല എങ്കിൽ വേണ്ടടോ ഞാൻ കാരണം നീ വീണ്ടും പഴയത് ഒക്കെ 

ഓർത്തു.. ഛെ.

 

അല്ല നീ ഇതൊക്കെ അറിയണം. അല്ലെങ്കിൽ ഞാൻ നിന്നെ ചതിക്കുന്ന പോലെയാവും 

എന്നും പറഞ്ഞവൾ ബാക്കി പറയാൻ തുടങ്ങി. അങ്ങനെ ഒറ്റക്കായി പോയ എന്നെ ഇവിടെയും താങ്ങി നിർത്തിയത് ഒരു ഫ്രണ്ടായിരുന്നു.

 

ഞാൻ അവന്റെ കാമുകി ആയി... അവൻ എന്റെ കാമുകനും. എന്നാലും എന്നിൽ അവൻ ഒരു കാമുകനും അപ്പുറം ഒരു സുഹൃത്ത് മാത്രമായി അവശേഷിച്ചു... അവന്റെ പ്രതീക്ഷകൾ കാണുമ്പോൾ അവനോട് ഈ സത്യം പറയണം എന്ന് എനിക്കു തോന്നി. അതേ സമയം പറയേണ്ടാ എന്നും തോന്നി. എന്നാൽ അവന്റെ പ്രതീക്ഷ കൂടി കൂടി വന്നു. അതെന്നെ ആ സത്യം പറയാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു... അവനിലെ പ്രതീക്ഷ എന്നെ പിന്തിരിപ്പിച്ചു. പക്ഷേ വീണ്ടും ഞാൻ അതേ അവസ്ഥയിലേക്ക് എത്തി തുടങ്ങി. അവൻ എന്നോട് എന്തു പറ്റി എന്നു ചോദിച്ചു. ഒന്നുമില്ല എന്നു ഞാനും.

 

അവസാനം ഞാൻ അവനോട് പറയാൻ തീരുമാനിച്ചു. ഒരുപാട് നേരത്തെ മൗനത്തിനു ശേഷം...

 

അവൻ: നിനക്ക് എന്തേലും പറയാൻ ഉണ്ടോ ??

 

അവളു പതുക്കെ അവനോട് അതു പറഞ്ഞു.

 

അവന് എന്തൊക്കെയോ പോലെ തോന്നി അവന്റെ കണ്ണുകൾ നിറഞ്ഞു. അവളുടെയും

 

അവൻ പതിയെ പുറകോട്ടു നടന്നു എല്ലാം നഷ്ടപ്പെട്ടവനേ പോലെ. പക്ഷേ അവൻ അവളെ നോക്കി പറഞ്ഞു.

 

നീ... എന്റെ.. സുഹൃത്താണ്... എ...ന്റെ ഏറ്റ..വും നല്ല... സുഹൃത്ത് .

 

അവന്റെ ശബ്ദം ഇടറിയിരുന്നു... കണ്ണുകൾ നിറഞ്ഞു. അതും പറഞ്ഞ് അവൻ നടന്നു തുടങ്ങി...

 

പിന്നെ പിന്നെ അവർ നല്ല സുഹൃത്തുക്കൾ പോലെ മാറി. നല്ല സുഹൃത്തുക്കളാണ് ഞങ്ങളിന്നും.

 

അങ്ങനെ കോളജ് ഒക്കെ കഴിഞ്ഞു. അതിന്റെ ഇടക്കു അമ്മ മരിച്ചു. അച്ഛൻ ഉള്ള വീട്ടിൽ അന്തി ഉറങ്ങുമ്പോൾ കത്തി തലയിണക്കടിയിൽ വച്ചു കിടക്കുന്ന രാത്രികൾ. ഒടുവിൽ ഒരു സുഹൃത്തിന്റെ സഹായം കൊണ്ടു മറ്റു ഒരു സ്ഥലത്തേക്ക് മാറി. ഒപ്പം എന്റെ പേരും എല്ലാം മാറ്റി. പിന്നെ ജോലിക്കു കയറി. ഓര്‍മ്മകൾക്ക് എന്നെ തിന്നാൻ കൊടുക്കാതെ ഞാൻ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് മാറി. അങ്ങനെ ഈ പൊസിഷനിൽ എത്തി. പുതിയ സ്ഥലത്ത് എത്തിയപ്പോൾ ദൈവത്തോട് ഒരു ഒറ്റ പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളൂ . 

 

എന്നെ കൊത്തി വലിക്കുന്ന കണ്ണുകൾക്കു പകരം ഒരുപാട് സുഹൃത്തുക്കൾ.

 

പുതിയ സ്ഥലങ്ങൾ... തനിക്ക് പുറകെ വരാത്ത കണ്ണുകൾ... പുതിയ ആൾക്കാർ... അങ്ങനെ ഇനിയുള്ള കാലം ജീവിക്കണം എനിക്ക്... അവിടെ പ്രണയത്തിന് സ്ഥാനമില്ല... അവിടെ ബന്ധങ്ങൾക്കും ബന്ധനങ്ങൾക്കും സ്ഥാനമില്ല... ഓരോ പെണ്ണും ആഗ്രഹിക്കുന്നത് വിലങ്ങുകൾ അറുത്തു നീക്കാനാണ് അത് മനസ്സിലാക്കാത്ത സമൂഹം അവളെ ഒരു യന്ത്രമായി മാത്രം കണ്ടൂ... അടുക്കളയിലും... മുറിക്കുള്ളിൽ അണിന്റെ അടിയിൽ കിടക്കാൻ ഉള്ള ഒരു യന്ത്രമായി കണ്ടു... ആ ചിന്താഗതിക്കു നേരെ ചൂണ്ടുന്ന വിരലുകൾക്കിടയിൽ ഒന്നാവട്ടെ ഞാനും.

 

അതു പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി. വാക്കുകൾക്ക് വാളിന്റെ മൂർച്ച.

അതൊരു തീരുമാനം പോലെ തോന്നിയവന്..

 

മൗനം മാത്രം...

 

അവൻ വാക്കുകൾക്കു വേണ്ടി പരതി. ശേഷം അവളൊന്നു നെടുവീർപ്പിട്ടു. ഒന്നു പുഞ്ചിരിച്ചു. 

 

സെറ ഒന്നു ഞാൻ ചോദിക്കട്ടെ...

 

ചോദിച്ചോളൂ...

 

നീ എന്ത് കരുതുമെന്നെനിക്കറിയില്ല...!

 

ചോദിക്കൂ നീ വളച്ചുകെട്ടാതെ...

 

ആർ യൂ എ വെർജിൻ ? 

 

അവളിൽ ഒരു നിശ്ശബ്ദത !....

 

നിസ്സംഗതയോടെ ഒരു പുഞ്ചിരി നൽകി അവള് തിരിഞ്ഞു നടന്നു... ആ ചോദ്യം മാത്രം ആ കാറ്റിൽ അലിഞ്ഞു ചേർന്നു. എവിടുന്നോ വന്ന് എവിടേക്കോ പോയൊരു ചോദ്യം.

 

English Summary: Avalile pennu, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com