ഭാര്യയോടുള്ള സ്നേഹക്കൂടുതൽ കാരണം വിവാഹമോചനം നേടിയ ഭർത്താവ്

lovers-1
പ്രതീകാത്മക ചിത്രം. Photo Credit : Shutterstock.com
SHARE

ഒരു ഡയറികുറിപ്പ് (കഥ)

ആനിയേ, ആനി മോളേ നിനക്ക് ഒരു രജിസ്റ്റേഡുണ്ട് വന്ന് ഒപ്പിട്ട് വാങ്ങ്. വല്യമ്മച്ചി വിളിച്ചു പറഞ്ഞു.

ആനി പതിയെ മുകളിലെ തന്റെ മുറിയിൽ നിന്നുമിറങ്ങി വന്ന് രജിസ്‌റ്റേഡ് കൈപറ്റി. അതും കയ്യിൽ പിടിച്ചു കൊണ്ട് വെറുതേ മുറ്റത്തൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഓരോന്നാലോചിച്ച് ആലോചിച്ച് നടന്ന് നദിക്കരയിലെത്തി. കുറേ നേരം നദിയിലേക്ക് നോക്കി അവൾ അവിടെ നിന്നു. ആഞ്ഞിലിമരവും ചാരി ദൂരെ നദിയിലേക്ക് നോക്കിയവൾ ഇരുന്നു...

“പൂഹോയ്’’ “ഓയ്...’’ ഇക്കരയിൽ നിന്നും അക്കരയ്ക്കു ആളെ കൊണ്ടുപോകുന്ന കുമാരേട്ടൻ. കുഞ്ഞുന്നാളിൽ മുതലേ കാണുന്നതാണ് കുമാരേട്ടനെ. കുമാരേട്ടൻ അകന്നകന്നു പോകുന്നതും നോക്കി ആനി അവിടിരുന്നു.

ജീവിതം ആകസ്മികതയുടെ ആകെ തുകയാണോ? എന്തൊക്കെയാണ് ജീവിതത്തിൽ സംഭവിക്കുന്നത്? ജീവിതത്തെ ഒരു കുട്ടികളിയായി കണ്ട തനിക്ക് സംഭവിച്ചതെന്താണ്?

ഒരു പൂമ്പാറ്റയെ പോലെ ഈ ലോകമെങ്ങും പാറി പറന്ന് നടക്കാനാഗ്രഹിച്ച ആനി. എല്ലാത്തിനും എപ്പോഴും കൂടെയുണ്ടായിരുന്ന കളിക്കൂട്ടുകാരി കാവേരി. ഒരുമിച്ച് കളിച്ച് പഠിച്ച് വളർന്ന രണ്ടു പെൺകുട്ടികൾ ഞങ്ങളുടെ സ്വപ്നങ്ങൾക്കൊക്കെ ഒരേ നിറമായിരുന്നു.

വിവാഹമെന്ന ഇൻസ്റ്റിറ്റ്യൂഷനിൽ ഒട്ടും വിശ്വാസമില്ലാതിരുന്ന കാലം. പക്ഷേ ഡൽഹി സെറ്റിൽഡായ അനിലിന്റെ ആലോചന വന്നപ്പോ പപ്പയ്ക്ക് പിന്നൊന്നും ആലോചിക്കാനില്ലായിരുന്നു. ഒറ്റമകൻ. എൻജീനിയർ. നാട്ടിൽ വീടിനടുത്തു തന്നെയുള്ള കുടുംബക്കാർ. എന്തുകൊണ്ടും അനുയോജ്യമായ ബന്ധം.

കാവേരിക്കും മറിച്ചൊരഭിപ്രായം ഉണ്ടായിരുന്നില്ല.

അങ്ങനെ വിവാഹം ആർഭാടപൂർണ്ണമായി, പപ്പ നടത്തി. ഒരാഴ്ച മാത്രമേ നാട്ടിലുണ്ടാകുകയുള്ളു. അതിനു ശേഷം ഡൽഹിയിലേക്ക്. വളരെ സന്തോഷകരമായി ദിവസങ്ങൾ കടന്നുപോയി. ആ ദിവസങ്ങളിൽ

ഒരു പാട് സംസാരിച്ചു. പരസ്പരം കൂടുതൽ മനസ്സിലാക്കാൻ ആ സമയം വിനിയോഗിച്ചു. അനിൽ നല്ല ക്ഷമയുള്ള ഒരാളാണെന്നും, തന്നെപോലെ തന്നെ യാത്രയോട് ഭ്രമമുള്ള ആണെന്നും മനസ്സിലാക്കി. ഒരാഴ്ച വേഗം തീർന്നതു പോലെ.

ആ ദിവസം വന്നെത്തി. താനന്ന് പൊട്ടി കരഞ്ഞു കൊണ്ടാണ് വീട്ടിൽ നിന്നുമിറങ്ങിയത്. കാവേരി തനിക്ക് മുഖം തന്നതേയില്ല. അവളെ താൻ കണ്ണു കൊണ്ട് അവിടെല്ലാം തിരഞ്ഞു. ഏതെങ്കിലും മുറിയിൽ ഇരുന്നവൾ കരയുന്നുണ്ടാവും. ഇടനെഞ്ചു വിങ്ങിപൊട്ടുന്നത് ഞാനറിഞ്ഞു. ഒരു കൈ വന്നെന്നെ പൊതിഞ്ഞത് ഞാനറിഞ്ഞു. ഞാനുണ്ട് നിനക്ക് എന്ന് പറയാതെ പറഞ്ഞു അനിൽ.

രണ്ട് മണിക്കൂറുകൊണ്ട് ഡൽഹിയിലെത്തി. മെഹറോളിയിലാണ് അനിലിന്റെ അപ്പാർട്ട്മെന്റ്. മെഹറോളിയോട് അടുക്കുമ്പോഴേക്കും കാണാൻ ആഗ്രഹിച്ചിരുന്ന ഒരു കാഴ്ച കണ്ടു, “കുത്തബ് മിനാർ’’. അറിയാതെ പറഞ്ഞു പോയി ഹായ് കുത്തബ് മിനാർ ... അനിൽ ചിരിച്ചു. അനിലിന്റെ അമ്മ പറഞ്ഞു വീട്ടിൽ നിന്നും പത്ത് മിനിറ്റ് നടന്നാൽ കുത്തബ് മിനാർ എത്തും. “ഇനി എന്നും കാണാലോ.”

അനിൽ ഒരു മാസത്തെ ലീവിലായിരുന്നു.. ഹണിമൂൺ ആഘോഷിക്കാൻ എവിടെ പോകണമെന്നുള്ളത് എന്നോട് ആലോചിക്കാൻ പറഞ്ഞു. പക്ഷേ താൻ പറഞ്ഞത്‌ ഡൽഹി മതിയെന്നായിരുന്നു. ലോട്ടസ് ടെംപിൾ, ഇൻഡ്യാ ഗേറ്റ്, റെഡ്ഫോർട്ട്, കുത്തബ് മിനാർ പിന്നെ ആഗ്രയ്ക്ക് താജ്മഹൽ ഇവിടെയൊക്കെയായിരുന്നു കറക്കം. ഇഷ്ടപെട്ട മധുരം കഴിച്ച് ഐ.എൻ.എ മാർക്കറ്റിൽ പോയി നാടൻചായയും, ചൂടു പഴം പൊരിയും കഴിക്കൽ ഇതൊക്കെയായിരുന്നു ആ ദിവസങ്ങളിലെ പ്രധാന പരിപാടികൾ. രാവിലെ ഇറങ്ങും രാത്രിയായിരിക്കും കയറി വരുന്നത്. അമ്മയും അപ്പയും സുഹൃത്തുക്കളെ പോലെയാണ്.

അങ്ങനെ സന്തോഷകരമായ ഒരു വർഷം. ഇടയ്ക്ക് രണ്ട് പ്രാവശ്യം വീട്ടിലും വന്നു. കാവേരിയേയും കണ്ടു. അവൾ വിവാഹത്തിന് ഇതുവരെ സമ്മതം മൂളിയിട്ടില്ല താനാവതും പറഞ്ഞു. അവൾ അടുക്കുന്നേയില്ലായിരുന്നു. നമ്മൾ കരുതിയതുപോലെ അത്ര ഭീകരമല്ല വൈവാഹിക ജീവിതം എന്ന് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു ഞാൻ പരാജയപ്പെട്ടു.

ഒന്നരവർഷങ്ങൾ കടന്നുപോയി. അനിൽ ഒരു ഭർത്താവിലുപരി എന്റെ സുഹൃത്ത് തന്നെയായിരുന്നു. അതായിരുന്നു എന്റെ ഭാഗ്യവും. പക്ഷേ ഇടയ്ക്കിടയ്ക്ക് വല്ലാത്ത തലവേദന അനിലിനെ അലട്ടിയിരുന്നു. വർക്ക് പ്രഷറാണ് കാരണമെന്ന് പറഞ്ഞു. എന്തെങ്കിലും മരുന്ന് കഴിക്കും അതങ്ങ് മാറും.

അങ്ങനെയിരിക്കേ ഒരു ദിവസം കാവേരിവിളിച്ചു. എന്നിട്ട് പറഞ്ഞു ഞങ്ങളുടെ കൂടെ കോളേജിൽ ഉണ്ടായിരുന്ന ജിത്ത് ഡൽഹിയിൽ ഉണ്ട്... അതും മെഹറോളിയിൽ.

ഒരു സെമിനാറിൽ പങ്കെടുക്കാനായെത്തിയതായിരുന്നു.

അവനെന്നോട് ഒരിഷ്ടമുണ്ടായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ പോലും താനത് പരിഗണിച്ചതേയില് . ഗുഡ് ബൈ പറഞ്ഞ് പിരിഞ്ഞതാണ്.

അനിൽ ഓഫീസിൽ നിന്നും എത്തിയപ്പോൾ താനത് പറഞ്ഞു. ഒരുമിച്ച് പോയി കണ്ടു. സംസാരിച്ചു. വീട്ടിലേക്ക് ക്ഷണിച്ചു. ഒരു മാസം അവിടുണ്ടാകുമെന്നും കാണാമെന്നും പറഞ്ഞ് സന്തോഷമായി പിരിഞ്ഞു. തിരിച്ചു വരുന്ന വഴിക്ക് അവനെന്നോടുണ്ടായിരുന്ന ഇഷ്ടത്തെ പറ്റിയും പറഞ്ഞു. അനിൽ അത് കേട്ട് ചിരിച്ചു എന്നിട്ടു പറഞ്ഞു അതെന്റെ ഭാഗ്യമായി എന്ന്.

ആ ആഴ്ചയിൽ തന്നെ ജിത്ത് വീട്ടിൽ വന്നു. സന്തോഷകരമായി ആഹാരം കഴിഞ്ഞ് പിരിഞ്ഞു. വീണ്ടും ഒന്നുരണ്ടു വട്ടം ജിത്ത് വീട്ടിൽ വന്ന് കാണുകയുണ്ടായി. സെമിനാർ അവസാനിക്കുന്ന ദിവസം അവൻ വിളിച്ചു. അനിൽ വരാൻ താമസിക്കുമെന്ന് പറഞ്ഞതിനാൽ, അമ്മയോടും, അപ്പയോടും പറഞ്ഞിട്ട് താൻ തന്നെ പോയി കണ്ടു. സംസാരിച്ച് പിരിഞ്ഞു.

വീട്ടിൽ തിരിച്ചെത്തിയപ്പോൾ അനിൽ എത്തിയിട്ടുണ്ട്. ഇന്നുവരെ കാണാത്ത ഭാവത്തിൽ. എന്തുപറ്റിയെന്നു ചോദിച്ചതും അടി കരണത്തു വീണതും ഒരുമിച്ചായിരുന്നു.. എന്നിട്ട് കതക് വലിച്ചടച്ചിട്ട് ഇറങ്ങി പോയി. അമ്മയും അപ്പയും അമ്പരന്നുപോയി.

അമ്മ വന്നെന്നെ കെട്ടിപിടിച്ചു.

“എന്താ മോളേ ഇത്? എന്തുപറ്റി?’’ പൊട്ടി കരച്ചിലായിരുന്നു അതിനെന്റെ മറുപടി.

ആ വീട് അന്നൊരു മരണ വീടുപോലെ തോന്നി. ഞങ്ങൾ മൂന്നുപേരും അനിലിനെ കത്തിരുന്നു. അന്ന് അനിൽ വന്നില്ല.

പിറ്റേന്ന് ഒരു പത്തു മണിയായപ്പോഴേക്കും നാട്ടിലേക്കുള്ള മൂന്ന് ഫ്ലൈറ്റ് ടിക്കറ്റുമായി അനിൽ വന്നു. വന്നപാടെ ടിക്കറ്റ് അപ്പയുടെ കയ്യിൽ കൊടുത്തു. എന്നിട്ട് പറഞ്ഞു ഇവളെ വീട്ടിൽ കൊണ്ടാക്കുക. വേറൊരുത്തനെ മനസ്സിൽ വെച്ചു കൊണ്ടിരിക്കുന്ന ഇവളെ എനിക്കിനി വേണ്ട. ഇത് ഇവളുടെ വീട്ടിൽ അറിയിക്കുക. എന്നിട്ട് നിങ്ങൾ തിരിച്ചു വരിക. ഡിവോഴ്സ്ഫയൽ ചെയ്തിട്ട് അറിയിക്കും. അതിൽ ഒപ്പിട്ടുതരിക. അത് മാന്യത. അത് എന്നോടായിട്ടാണ് പറഞ്ഞത്. എന്നിട്ട് മുറിയിൽ കയറി കതക് വലിച്ചടച്ചു.

അപ്പയും അമ്മയും എന്തു ചെയ്യുണമെന്നറിയില്ലായിരുന്നു. താൻ പതിയെ നടന്നു പോയി ഹാൻഡ് ബാഗെടുത്ത് കയ്യിൽ വെച്ച് പുറത്ത് വന്ന് കാത്തിരുന്നു. നെഞ്ചുപൊട്ടി പോകുമെന്ന് കരുതി. സന്തോഷം മാത്രമുണ്ടായിരുന്ന ജീവിതം അവസാനിച്ചു. ആ നിമിഷം ഒരു സത്യം ഞാൻ മനസ്സിലാക്കി. അനിൽ എനിക്ക് ആരായിരുന്നു എന്ന്.

അവിടെ നിന്നുമിറങ്ങി താഴെയെത്തി ഞാനൊന്നു തിരിഞ്ഞു നോക്കി. ഈ നടന്നതൊന്നും സത്യമല്ലെന്നും അനിൽ തന്നെ തിരിച്ചു വിളിക്കുമെന്നുമൊക്കെ ചിന്തിച്ചു. ജനലിന്നരുകിൽ ഒരു നിഴൽ കണ്ട പോലെ. അത് അനിലായിരുന്നോ? അതോ തന്റെ തോന്നലായിരുന്നോ? അമ്മ തന്നെ ചേർത്തുപിടിച്ചിരുന്നു. വീട്ടിലെത്തുന്നതുവരെ ആരും ശബ്ദിച്ചതേയില്ല.

തന്നെയും അമ്മയേയും അപ്പയേയും അപ്രതീക്ഷിതമായി കണ്ടപ്പോൾ വീട്ടിലെല്ലാവർക്കും സന്തോഷമായി. ആനി മോളേ എന്ന വല്യമ്മച്ചിയുടെ സ്നേഹത്തിൽ പൊതിഞ്ഞ ശബ്ദം കേൾക്കാത്തതു പോലെ ഞാൻ മുറിയിൽ കയറി കതകടച്ചു. അല്ലെങ്കിലും ഒന്നും കേൾക്കാനാകാത്ത വിധം ചെവി കൊട്ടിയടയ്ക്കപ്പെട്ടിരുന്നു. മനസ്സ് മൂടി കെട്ടിയിരുന്നു.

താഴെ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. കരച്ചിലുകൾ, സംഭാഷണ ശകലങ്ങൾ, വല്യമ്മച്ചിയുടെ പരിവേദനങ്ങൾ.. ഒടുവിൽ കരഞ്ഞു കൊണ്ടിറങ്ങി പോകുന്ന അമ്മയും അപ്പയും. അന്ന് മുറിക്ക് പുറത്തിറങ്ങിയതേയില്ല. വീട്ടിൽ ആകെ മൂകത. ആരും തന്നെ ശല്യപ്പെടുത്തിയില്ല. എന്നാലും തന്നെ എങ്ങനെ സംശയിക്കാൻ തോന്നി.. അനിലിനെന്തായിരിക്കും പറ്റിയിരിക്കുക ?

പിറ്റേദിവസം കാവേരി വന്നു തന്നെ കാണാൻ. ഇതിനു കാരണം ജിത്താണെന്നറിഞ്ഞ അവൾ പൊട്ടി കരഞ്ഞു. അവൾ കാരണമാണല്ലോ താൻ ജിത്തിനെ കാണാനിടയായത്. കെട്ടിപിടിച്ച് കുറേ നേരം കരഞ്ഞു. താനനങ്ങാതെ ഇരുന്നു കൊടുത്തു. കല്ല് പോലെ ഇരുന്ന തന്നെ തനിയെ വിട്ട് അവൾ പോയി.

കൃത്യം ഒരാഴ്ചയായപ്പോൾ തന്നെ ലീഗൽ പേപ്പേഴ്സ് വീട്ടിലെത്തി. ഒരക്ഷരം മിണ്ടാതെ ഒപ്പിട്ടു കൊടുത്തു. വല്യമ്മച്ചിയേയും, പപ്പയേയും നോക്കി ഒന്നു ചിരിച്ചെന്നു വരുത്തി.

മമ്മയെ അവിടെങ്ങും കണ്ടില്ല. അടുക്കളവാതിൽക്കലിരുന്നു കരയുന്നുണ്ടാവും. മുറിയിൽ കയറി മതി വരുവോളം കരഞ്ഞു.

അങ്ങനെ നീണ്ട ആറുമാസങ്ങൾ. ഡിവോഴ്സ് എളുപ്പമായിരുന്നു. ആർക്കും എതിർപ്പില്ലായിരുന്നല്ലോ. കോടതിയിൽ വെച്ച് കണ്ടപ്പോൾ അനിൽ ലേശം മെലിഞ്ഞതായി തോന്നി. മുഖത്തിന്റെ പഴയ തേജസ്സ് അപ്രത്യക്ഷമായതു പോലെ. അനിൽ എന്നെ ഒന്ന് നോക്കുകപോലും ചെയ്തില്ല. താൻ വെറുക്കപ്പെട്ടവളാണല്ലോ..

വല്ലവിധേനയും വീട്ടിലെത്തിയതു മാത്രമേ ഓർമയുളളു. ഏതായാലും ജീവിതം ഇങ്ങനെ ഉന്തിതള്ളി തീർക്കണം. പക്ഷേ ഇനി വല്യമ്മച്ചിയേയും, പപ്പയേയും അമ്മയേയും വിഷമിപ്പിക്കാൻ വയ്യ. സന്തോഷം പ്രകടിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അഭിനയം മോശമായിരുന്നു എങ്കിലും നന്നാക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. കാവേരിയുടെ കൂടെ പുറത്തു പോകാനും പഠനം പുനരാരംഭിക്കാനുമുളള ശ്രമങ്ങളും ആരംഭിച്ചു. അപ്പയും അമ്മയും ഇപ്പോഴും വിളിക്കാറുണ്ട്. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും വിളിച്ചന്വേഷിക്കാറുണ്ട്. സ്നേഹത്തിനൊരു കുറവുമില്ല.

“പൂഹോയ്.... ഓയ്.....”

അത് അവളെ ഓർമ്മയിൽ നിന്നും തിരികെയെത്തിച്ചു. അവൾ കയ്യിൽ ഇരുന്ന പാഴ്സൽ തുറന്നു. അതിൽ ഒരു ഡയറിയായിരുന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു.

“പ്രീയമുള്ള ആനിയ്ക്ക്  ...

ഈ ഡയറി നിന്റെ കയ്യിൽ കിട്ടുമ്പോൾ ഞാനീ ലോകത്തുണ്ടാകുമോ എന്നറിയില്ല.

നിനക്ക് എന്നോട് ദേഷ്യമുണ്ടാകുമെന്ന് അറിയാം. സാരമില്ല. എന്റെ ഭാഗം വായിച്ചു കഴിയുമ്പോൾ നീ എനിക്കു മാപ്പു തരും. എനിക്കേറ്റവും പ്രീയമുള്ള ആനി, നിന്നെ ഒരു ദുരിതത്തിലേക്ക് തളളിയിടാൻ എനിക്കാവില്ലായിരുന്നു. മരണ ദിവസം എണ്ണികഴിയുന്ന എനിക്കായ് നിന്റെ ജീവിതം ദുരിതത്തിലാക്കാൻ എനിക്ക് കഴിയില്ലായിരുന്നു.

ഇടയ്ക്കിടെ എന്നെ അലട്ടിയിരുന്ന ആ തലവേദന തന്നെയായിരുന്നു വില്ലൻ. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ഞാൻ മനസ്സു തുറന്നത് ജിത്തിനോടാണ്. നിനക്കു വേണ്ടി ഞാനും, എനിക്കു വേണ്ടി ജിത്തും ഈ നാടകത്തിൽ അഭിനയിച്ചു. ഞങ്ങളുടെ പദ്ധതിയായിരുന്നു അന്ന് നിങ്ങളുടെ കൂടികാഴ്ചയും അതിനെ തുടർന്നുണ്ടായ സംഭവങ്ങളും പിന്നെ ഡിവോഴ്സും. ഞാൻ ഡിവോഴ്സ്തന്നത് മനസ്സോടു കൂടിയല്ല. പക്ഷേ തന്നെ ഒരു ബന്ധവും അലട്ടരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അതാണ് ആ ഡിവോഴ്സ് പേപ്പറിലുണ്ടായിരുന്നത്. എനിക്ക് തന്നെ സംശയമേയില്ല. വല്യമ്മച്ചിയേയും, പപ്പയേയും, മമ്മിയേയും വിഷമിപ്പിക്കരുത്. ജിത്തിനോട് ദേഷ്യം വേണ്ട. അയാൾ പാവമാണ്.

കാവേരിയോട് അന്വേഷണം പറയുക. ഈ പാവത്തിനെ വെറുക്കരുതെന്നും ആഗ്രഹിച്ചിട്ടല്ല ഞാൻ ആനിയെ വേദനിപ്പിച്ചതെന്നും കാവേരിയോട് പറയണം. പിന്നെ ഒന്നു കൂടി ഞാനില്ലാതാകുമ്പോൾ ശൂന്യതയിലായി പോകാനിടയുള്ള രണ്ടു പേർ ഇവിടുണ്ടാകും. അപ്പയും, അമ്മയും ... സാധ്യമെങ്കിൽ അവരെ ഒന്നു വിളിക്കുക, വല്ലപ്പോഴും മതി. പക്ഷേ അതൊരു ബന്ധനമായി കരുതേണ്ട. അവസാനമായി ഒന്നുകൂടി പറഞ്ഞു കൊണ്ട് നിർത്തുന്നു. ആനിക്കുട്ടി എന്നെ വെറുക്കരുത് ....

അനിൽ.

നദിക്കരയിൽ നിന്നും ഓടി വീട്ടിലെത്തിയതെങ്ങനെയെന്നറിയില്ല. പപ്പയുടെ കയ്യിൽ ഡയറി കൊടുത്തു. പപ്പാ നാളത്തേക്ക് ഒരു ഫ്ലൈറ്റ് ടിക്കറ്റ് വേണം, ഡൽഹിയ്ക്ക്. വല്യമ്മച്ചിയെ കെട്ടിപിടിച്ചു കരഞ്ഞു. ഡയറി വായിച്ചു കഴിഞ്ഞ അവരുടെ അവസ്ഥയും വേറൊന്നല്ലായിരുന്നു.

പിറ്റേ ദിവസം ടിക്കറ്റു കയ്യിൽ തന്നു പപ്പ. രാത്രി എട്ടു മണിയുടെ ഫ്ലൈറ്റ്. എയർപോർട്ട് വരെ വല്യമ്മച്ചിയും, പപ്പയും, മമ്മയും, കാവേരിയും വന്നു. പപ്പ കൂടെ വരാമെന്ന് പറഞ്ഞതാണ്. സമ്മതിച്ചില്ല. 

അനിലിനെ കാണുമ്പോൾ താൻ മാത്രം മതി... മനസ്സു കൊണ്ട് എപ്പോഴേ അനിലിനടുത്ത് പറന്നെത്തിയിരുന്നു... തനിക്കു വേണ്ടി അനിൽ കാത്തിരിക്കുന്നുണ്ടാവും...

English Summary: Oru Diary Kurippu, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;