‘പ്രണയം ഒന്നുമൊന്നും ഡിമാന്റ് ചെയ്യരുത്, കല്യാണവും നേരമ്പോക്കും ഒന്നും’

lavender
പ്രതീകാത്മക ചിത്രം. Photo Credit : Kamil Macniak / Shutterstock.com
SHARE

ലവന്‍ഡര്‍ (കഥ)

“നിന്നെ നേരില്‍ കാണണമെന്ന് പറഞ്ഞതിന് ഒരു കാരണമുണ്ട്.”

താമസിക്കില്ല എന്ന് കൂട്ടുകാരിയോട് പറഞ്ഞിട്ട് തിരിഞ്ഞുനടന്ന നിരുപമ ആനന്ദിനോട് പറഞ്ഞു. അയാള്‍ കൂടെ നടക്കുകയായിരുന്നു അവളോടൊപ്പം.

ആ തെളിഞ്ഞ തണുത്ത ഡിസംബര്‍ പ്രഭാതത്തിലെ അവരുടെ സംഭാഷണത്തിന് പതിവില്ലാത്ത ഒരു മുഖവുര ഉണ്ടായിരുന്നു. 

“ഇനി പപ്പ എന്നെ വെറുതെ വിടില്ല. കല്യാണത്തിന് സമ്മതിച്ചേ തീരൂ എന്നാണ് പറയുന്നത്”

അവള്‍ പറഞ്ഞത് സത്യമായിരുന്നു. കാമ്പസ് ഇന്‍റര്‍വ്യൂ കഴിഞ്ഞ് ജോലി കിട്ടിയ നിരുപമയോട് മാതാപിതാക്കള്‍ പറഞ്ഞിരുന്നു, മൂന്ന് വര്‍ഷം... ഒറ്റയ്ക്കുള്ള ജീവിതം ആസ്വദിക്കാന്‍ മൂന്ന് വര്‍ഷം. അതുകഴിഞ്ഞാല്‍ വിവാഹത്തിന് തയാറായിക്കൊള്ളണമെന്ന്. അതുകഴിഞ്ഞാല്‍, ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കില്‍ പറയണം. അത് നടത്തിക്കൊടുക്കും. അല്ലെങ്കില്‍ അവര്‍ കണ്ടെത്തുന്ന ചെറുക്കന് മുന്നില്‍ കഴുത്ത് നീട്ടിക്കൊടുക്കണം. അതായിരുന്നു വ്യവസ്ഥ. അത് ഇന്നലെ വീണ്ടും ഓര്‍മ്മിപ്പിച്ചു നിരുപമയുടെ പപ്പ.

“നിനക്കറിയാല്ലോ എനിക്കാരോടും പ്രണയമൊന്നുമില്ല. ആരുമെന്നോട് പ്രണയമാണെന്ന് പറഞ്ഞിട്ടുമില്ല.”

നിരുപമ പറഞ്ഞതുകേട്ട് ആനന്ദ് തമാശരൂപേണ പറഞ്ഞു,

“അപ്പോള്‍ പിന്നെ കാര്യമെളുപ്പമല്ലേ. പപ്പ കൊണ്ടുവരുന്ന ചെക്കനുമുന്നില്‍ തല നീട്ടിയാല്‍ പോരെ?” 

ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാളെ ഒരു നിമിഷം ജീവിതപങ്കാളിയായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് അവള്‍ പറഞ്ഞു.

“പിന്നെ ഞാനാലോചിച്ചത് എന്‍റെ ഫ്രണ്ട്സ് സര്‍ക്കിളിലുള്ള ചെക്കന്‍മാരെക്കുറിച്ചാണ്, ഇന്‍ക്ലുഡിംഗ് യൂ...”

നിരുപമ പറഞ്ഞുവരുന്നതെന്താണെന്ന് മനസ്സിലായ മട്ടില്‍ ആനന്ദ്പുഞ്ചിരിച്ചു.

“അങ്ങനെ ആലോചിച്ചപ്പോള്‍ കൂടെ പഠിച്ച നിനക്കെന്നോട് ഒരു സ്പെഷ്യല്‍ ഇഷ്ടം പൊടിക്ക് കൂടുതലുള്ള പോലെ എനിക്ക് തോന്നി.”

അവള്‍ പെട്ടെന്ന് നിന്നിട്ട് ആനന്ദിന്‍റെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചുനോക്കി ഒരു കുസൃതി പുഞ്ചിരിയോടെ ചോദിച്ചു,

“എന്നോടെപ്പോഴെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ ചെക്കാ നിനക്ക്?”

ഇതുകേട്ട് ആനന്ദ് അമ്പരന്നില്ല. കൈകള്‍ കെട്ടി തല മെല്ലെ ചരിച്ച് ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു,

“നിന്‍റെ ഊഹം ശരിയാണ്. നിന്നോട് പ്രണയം തോന്നിയിട്ടുണ്ട്... തോന്നുമുണ്ട് .... ഇനി തോന്നിക്കൊണ്ടുമിരിക്കും. സത്യം!”

നിരുപമ അവന്‍റെ ഉടുപ്പിന്‍റെ കോളര്‍ കൂടിപ്പിടിച്ച് ഒരു രഹസ്യം പോലെ ചോദിച്ചു,

“എന്നാപ്പിന്നെ എന്നെ കല്യാണം കഴിച്ചൂടെ നിനക്ക്?”

അപ്പോള്‍ ആനന്ദ് പുഞ്ചിരി കൈവിടാതെ ചോദിച്ചു,

“കല്യാണം കഴിക്കാന്‍ വേണ്ടി മാത്രമാണോ പ്രണയിക്കേണ്ടത്?” 

ആനന്ദിന്‍റെ ചോദ്യം നിരുപമയെ തെല്ലൊന്നത്ഭുതപ്പെടുത്തി.

കല്യാണം കഴിക്കാനല്ലെങ്കില്‍ നേരമ്പോക്കിന് പ്രണയിക്കുന്നവരുണ്ടാകും. പക്ഷെ, ഇത്ര നാള്‍ നീണ്ട സൗഹൃദത്തിനിടയില്‍ ഒരിക്കല്‍ പോലും അത്തരം നേരമ്പോക്കുകള്‍ക്കായി ആനന്ദ് നിരുപമയെ സമീചിച്ചിട്ടില്ല. തെറ്റായ ഒരു വാക്കോ നോട്ടമോ പോലും അവനില്‍ നിന്നുണ്ടായിട്ടില്ല. പിന്നെന്തിനാണ് അവന്‍ തന്നെ പ്രേമിച്ചത്? നിരുപമ ഓര്‍ത്തു.

ആ ചിന്ത അവളുടെ കണ്ണുകളില്‍ നിഴലിച്ചതുകൊണ്ടാവാം ആനന്ദ് ചോദിച്ചു,

“നീ സന്തോഷിക്കുന്നതും വിഷമിക്കുന്നതും ഫിസിക്കലായ ഏതെങ്കിലും നേട്ടം പ്രതീക്ഷിച്ചാണോ അതോ മനസ്സിന്‍റെ ഒരു..ഒരു .. ഇതിനാണോ?”

മനസ്സിന്‍റെ ‘ഇതിനാണ്’ എന്ന് നിരുപമ മറുപടി പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു,

“എനിയ്ക്ക് പ്രണയവും അങ്ങനെ തന്നെയാണ്. സന്തോഷവും സങ്കടവും പോലൊരു ഇമോഷന്‍.”

നിരുപമ അയാളെ സാകൂതം നോക്കി നിന്നു.

“പ്രണയം ഒന്നുമൊന്നും ഡിമാന്റ് ചെയ്യരുത്. കല്യാണവും നേരമ്പോക്കും ഒന്നും. അങ്ങനെ വല്ലതും തിരിച്ചുകിട്ടുമെന്ന് വിചാരിച്ച് പ്രണയിച്ചാല്‍ അത് പ്രണയമല്ല, സെല്‍ഫിഷ്നെസ്സാണ്.”

എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അവള്‍ മെല്ലെ ശബ്ദം താഴ്ത്തി ചോദിച്ചു,

“നിനക്ക് വട്ടുണ്ടോ?”

അതുകേട്ട് ആനന്ദ് പൊട്ടിച്ചിരിച്ചു. പിന്നെ പറഞ്ഞു,

“ഉണ്ടല്ലോ. പ്രണയത്തിന്‍റെ വട്ട്. നിന്നെ പ്രണയിക്കുമ്പോള്‍ ഞാനോര്‍ക്കുന്നത് നിന്നെ കെട്ടിപ്പിടിക്കുന്നതോ ഉമ്മ വയ്ക്കുന്നതോ കൂടെ കിടക്കുന്നതോ അല്ല.”

നിരുപമ ആനന്ദിന്‍റെ ചെകിടത്ത് മെല്ലെ ഒരു അടി കൊടുത്തിട്ട് ചിരിച്ചുകൊണ്ട് ചോദിച്ചു,

“പിന്നെന്താണ് കുന്തമാണ് തോന്നുന്നത്?”

കവിളില്‍ മെല്ലെ തലോടിക്കൊണ്ട് അയാള്‍ പറഞ്ഞു,

“ഡിഫൈന്‍ ചെയ്യാന്‍ കഴിയാത്ത ഒരുതരം വിങ്ങല്‍.. ഒരു നീറിപ്പുകച്ചില്‍... അതൊരു സുഖമാണ്. നീ പറഞ്ഞ പോലെ ഒരുതരം വട്ട്.”

നിരുപമയ്ക്ക് സ്വന്തം മിഴികള്‍ നിറയുന്ന പോലെ തോന്നി. അവള്‍ മെല്ലെ ചോദിച്ചു,

“പിന്നെന്താ നീയെന്നോട് പറയാഞ്ഞത്?”

“എന്‍റെ പെണ്ണേ, എനിയ്ക്ക് തിരിച്ചൊന്നും വേണ്ടാന്നേ. എനിയ്ക്ക് നിന്നെ പ്രണയിക്കണമെങ്കില്‍ നിന്‍റെ പോലും അനുവാദം ആവശ്യമില്ല. അതാണ്‌ പ്രണയത്തിന്‍റെ നിയമം.”

ആനന്ദിന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി നിരുപമ നിന്നു. എന്നിട്ട് പതിയെ പറഞ്ഞു,

“എനിയ്ക്ക് മനസ്സിലാകുന്നില്ലല്ലോ നിന്നെ?”

നിരുപമയുടെ നെറ്റിയിലേയ്ക്ക് വീണുകിടന്നിരുന്ന മുടിയിഴകള്‍ ഒതുക്കിയിട്ട് അവളെ ചേര്‍ത്തുപിടിച്ചുനടന്നുകൊണ്ട് ആനന്ദ് പറഞ്ഞു,

“നീ എവിടെയായിരുന്നാലും ആരുടെ കൂടെയായിരുന്നാലും ഞാന്‍ നിന്നെ മരണം വരെ പ്രണയിക്കും. ഇപ്പോള്‍ ഇത്രയും മനസ്സിലാക്കിയാല്‍ മതി.”

അപ്പോഴാണ്‌ ആനന്ദ് നിരുപമയുടെ കയ്യിലിരുന്ന ലാവന്റര്‍ പൂക്കള്‍ കണ്ടത്. അയാള്‍ പെട്ടെന്ന് നിന്നു.

“അല്ല, ഇതാര്‍ക്കായീ ലാവന്റര്‍ പൂക്കള്‍? എനിക്കാണോ?”  

ലാവന്റര്‍ ആനന്ദിന് ഏറ്റവും പ്രിയപ്പെട്ട പൂക്കളാണ്. 

നിരുപമ ആ പൂക്കള്‍ ആനന്ദിനുനേരെ നീട്ടിയിട്ട് ഇടറിയ സ്വരത്തില്‍ പറഞ്ഞു,

“നിനക്കാണീ പൂക്കള്‍!”

പിന്നെ അവള്‍ കണ്ണുകള്‍ മേല്ലെയടച്ച് ഒരു ധ്യാനത്തിലെന്ന പോലെ നിന്നു. അപ്പോള്‍ അവളുടെ മിഴിയിണകള്‍ നനഞ്ഞൊഴുകയായിരുന്നു.

“നിരൂ...” 

ഒരു വിജനതയിലെന്ന പോലെ ആനന്ദ് വിളിക്കുന്നത് നിരുപമ കേട്ടു. അവള്‍ കണ്ണുകള്‍ മെല്ലെ തുറന്നു. അവള്‍ ചുറ്റും നോക്കി. ആനന്ദ് അവിടെയെങ്ങും ഉണ്ടായിരുന്നില്ല. അവള്‍ മെല്ലെ താഴേയ്ക്ക് നോക്കി. കണ്ണുനീരിന്‍റെ മൂടലില്‍ കാഴ്ച പടര്‍ന്നപ്പോള്‍ അവള്‍ കണ്ണുകളൊന്ന് ചിമ്മി. 

“ആനന്ദ്‌ മാത്യു ജനനം.... മരണം...”

കല്ലറയുടെ മുകളില്‍ വാടിക്കരിയാന്‍ തുടങ്ങിയ പൂക്കള്‍ക്ക് താഴെ കോറിയിരുന്നത് നിരുപമ വായിച്ചു.

അന്നൊരു സായാഹനത്തില്‍ നഗരത്തിലെ കോഫീ ഹൗസില്‍ വച്ച്, നിരുപമയോട്  പ്രണയത്തെക്കുറിച്ച് മനോഹരമായി സംസാരിച്ചിട്ട് ആനന്ദ് ബൈക്കോടിച്ചുപോയത് മരണത്തിലേയ്ക്കാണ്.

അവള്‍ കൈയ്യിലിരുന്ന ലവൻഡ൪ പൂക്കള്‍ കല്ലറയുടെ മുകളില്‍ മെല്ലെ വച്ചു. അപ്പോള്‍ കാറ്റാടി മരങ്ങള്‍ക്കിടയിലൂടെ ഒരു തണുത്ത കാറ്റ് കടന്നുവന്നു, കള്ളനെപ്പോലെ. ലവന്റര്‍ പൂക്കളുടെ സൌരഭ്യം പടരാന്‍ തുടങ്ങിയ നിമിഷം നിരുപമ പിന്തിരിഞ്ഞ് നോക്കി. 

പായല്‍ പിടിച്ച കല്‍പ്പടവുകള്‍ കയറി ഇവിടെ വരെ ആനന്ദിനോടൊപ്പം നടന്ന ആ നിമിഷങ്ങള്‍ ഒരു തീര്‍ത്ഥയാത്രയുടെ വിശുദ്ധി പേറുന്ന യാത്രയായി നിരുപമയില്‍ അവശേഷിച്ചു.

English Summary: Lavender, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;