ജനിച്ച് നിമിഷങ്ങൾക്കകം കുഞ്ഞിനെ മാറ്റി, ഒരു വർഷത്തോളം കുഞ്ഞ് നഷ്ടപെട്ടെന്നു കരുതി ജീവിച്ച അമ്മ

newborn
പ്രതീകാത്മക ചിത്രം. Photo Credit : Liudmila Fadzeyeva / Shutterstock.com
SHARE

സ്നേഹസ്പർശം (കഥ )

മരിച്ചുപോകുമെന്ന് ഉറപ്പിച്ച നേരത്ത് പിൻവിളിയായി വന്ന ആ കുഞ്ഞു കരച്ചിൽ.. പിന്നെ അതൊരു വലിയ കരച്ചിലാവുന്നതിനിടക്ക് ഡോക്ടർ പറയുന്നത് കേട്ടു

‘പെൺകുട്ടിയാട്ടോ’

ആ തളർച്ചയിലും ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു... കരഞ്ഞു കൊണ്ടേയിരുന്ന കുഞ്ഞിനെ, തന്നെ കാണിക്കുമ്പോൾ ആ കുഞ്ഞികൈ നീട്ടിയവൾ.. തിരികെ താൻ കൈ ഒന്നെത്തിച്ചപ്പോഴേക്കും അവർ കുഞ്ഞിനേയും കൊണ്ട് പോകുന്നത് മയങ്ങി പോകുന്ന കണ്ണുകളിലൂടെ അവ്യക്തമായി കണ്ടു.

മയക്കം വിട്ടൊഴിഞ്ഞ് കണ്ണുകൾ തുറക്കുമ്പോഴും ലേബർ റൂമിൽ തന്നെയാണ്.. ചുറ്റും പരതുന്നത് കണ്ടപ്പോൾ നഴ്‌സ്‌ അടുത്തേക്ക് വന്നു.

‘എന്റെ കുഞ്ഞ്’ അവർ ഒരു നിമിഷം നിശബ്ദയായി. പിന്നെ പറഞ്ഞു.

റൂമിൽ.. റൂമിലുണ്ട്.. കുറച്ച് കഴിയുമ്പോൾ അങ്ങോട്ട് പോകാം.. അപ്പോൾ കാണാം കേട്ടോ..

പിന്നെ അക്ഷമയുടെ നിമിഷങ്ങളായിരുന്നു.. തന്റെ കുഞ്ഞ്.. തന്റെയും യദുവേട്ടന്റെയും കുഞ്ഞ്.. യദുവേട്ടന് കുഞ്ഞുങ്ങളെന്ന് പറഞ്ഞാൽ ജീവനായിരുന്നു.. പെൺകുഞ്ഞ്  വേണമെന്നായിരുന്നു ആൾക്ക്.. ആ ആഗ്രഹം തന്നെ നടന്നല്ലോ.. പക്ഷേ.. എവിടെയാണ്.. യദുവേട്ടൻ.. തനിക്ക് കൂട്ടായി ഒരു കുഞ്ഞിനേയും തന്ന് എവിടെ പോയി മറഞ്ഞു അദ്ദേഹം..

മെഡിക്കൽ എത്തിക്സിനോട് നീതി പുലർത്തണമെന്ന് നിർബന്ധം  ഉണ്ടായിരുന്ന ഒരു ഡോക്ടർ ആയിരുന്നു യദുനന്ദൻ.ഏ വർക്കും പ്രിയപ്പെട്ടവനായിരുന്നു. ജീവിതത്തിലെ എത്ര പ്രധാനപ്പെട്ട കാര്യങ്ങളാണെങ്കിലും എത്ര പ്രിയപ്പെട്ട നിമിഷങ്ങളാണെങ്കിലും തന്നെ തേടിവരുന്ന രോഗികൾക്ക് വേണ്ടി അത്‌ മാറ്റി വയ്ക്കാൻ യദുവിന് രണ്ടാമതൊരാലോചനയുടെ ആവശ്യമില്ലായിരുന്നു.. തന്നെ വിവാഹം കഴിയ്ക്കാൻ മണ്ഡപത്തിലെത്തുന്നത് തന്നെ ഓപ്പറേഷൻ തീയറ്ററിൽ നിന്നുമായിരുന്നു. ആ കാര്യത്തിൽ താനും യദുവേട്ടനൊപ്പം തന്നെയുണ്ടായിരുന്നു എന്നും.. ഒരിക്കലൊഴിച്ച്

പീഡിയാട്രിക്  സർജറിയിൽ ഒരു  ഫെല്ലോഷിപ്പ് ചെയ്തത് യുഎസ്സിലായിരുന്നു. അവിടെ നിന്നും തിരിച്ചു വരുന്നത്  ഒരു അന്തർദ്ദേശീയ സംഘടനയുമായി ചേർന്ന് സിറിയയിൽ സന്നദ്ധ സേവനം നടത്താനുള്ള തീരുമാനവുമായീട്ടായിരുന്നു.

എന്നാൽ അവർ വിളിച്ചതാകട്ടെ ഒരു കുഞ്ഞുണ്ടാകാൻ പോകുന്നതിന്റെ സന്തോഷത്തിനിടയിലും.. ഒരു വർഷത്തേക്കായിരുന്നു സർവീസ്.. അപ്പോൾ കുഞ്ഞിന്റെ ജനന സമയത്ത് ഒപ്പം ഉണ്ടാകില്ല.. ഒരു സ്ത്രീ തന്റെ ഭർത്താവിന്റെ സാമീപ്യം ഏറ്റവും  ആഗ്രഹിക്കുന്ന കാലഘട്ടമല്ലേ ആ നാളുകൾ.. അത്‌ കൊണ്ടാണ് അന്ന് താനെതിർത്തത്.. എന്നാൽ ആ എതിർപ്പ്  ഒരു ഭാര്യയുടെ സ്വഭാവീകമായ സ്വാർത്ഥതയാണെന്ന് മനസ്സിലാക്കി ക്ഷമയോടെ എല്ലാം പറഞ്ഞു മനസ്സിലാക്കി തരികയായിരുന്നു യദുവേട്ടൻ. മനസ്സില്ലാമനസ്സോടെയാണ് അന്ന്  സമ്മതം മൂളിയത്. രണ്ടുപേരുടെയും അച്ഛനമ്മമാരും വിഷമത്തോടെ തന്നെയാണ് യാത്രയാക്കിയത്.

പോയതിനു ശേഷം എല്ലാ ദിവസവും വിളിക്കുമായിരുന്നു.. ആദ്യമൊക്കെ വീഡിയോ കാളിലും വരുമായിരുന്നു. പിന്നെ സമയമില്ലെന്ന് പറഞ്ഞു വീഡിയോ കാളിൽ വരാതായി. ഒരു ദിവസം വല്ലാതെ നിർബന്ധിച്ചപ്പോൾ വീഡിയോ കാളിൽ വന്നു. കണ്ടപ്പോൾ തന്നെ ഞെട്ടിപ്പോയി നെറ്റിയിൽ ഒരു സ്റ്റിച്ച്. ആധിയോടെ എന്ത് പറ്റിയെന്ന് ചോദിക്കുമ്പോൾ വാഷ്റൂമിൽ വീഴാൻ പോയപ്പോൾ ചുമരിൽ ചെന്നിടിച്ചതാണെന്ന് എളുപ്പം പറഞ്ഞൊഴിഞ്ഞു.

വിളിക്കുമ്പോഴൊക്കെ  ആക്രമണത്തിൽ പരിക്കേറ്റ് കൊണ്ടുവരുന്ന കുഞ്ഞുങ്ങളെപ്പറ്റി പറഞ്ഞ് വിഷമിക്കുമായിരുന്നു. ഈ സമയത്ത് തന്നോട് പറയാൻ ആഗ്രഹമില്ലെങ്കിലും പറഞ്ഞു പോകുന്നതാണെന്ന് പറയും.

ആ നാളുകളിൽ അവിടത്തെ സ്ഥിതി കുറച്ച് രൂക്ഷമായിരുന്നത് കൊണ്ട് മനസ്സ് നിറയെ ഭയമായിരുന്നു. എപ്പോഴും  ന്യൂസ്‌ ശ്രദ്ധിക്കുമായിരുന്നു. അവിടത്തെ ഓരോ ആക്രമണ വാർത്തകളും നെഞ്ചിടിപ്പോടെയാണ് അറിഞ്ഞത്. എപ്പോഴും ക്യാമ്പുകൾ മാറുന്നത്  കാരണം വിളിക്കുമ്പോഴൊക്കെ ചോദിക്കും എവിടെയാണെന്ന്.. പറയുന്ന ഓരോ പേരും ഓർത്തു വെച്ച് അവിടന്നുള്ള ന്യൂസ്‌ വരുമ്പോഴൊക്കെ പ്രധാനമായും ശ്രദ്ധിച്ചിരുന്നത് സ്ഥലപ്പേരുകളായിരുന്നു.

ആറാം മാസം ചെക്കപ്പിന് പോയി വന്ന അന്നാണ് യദുവേട്ടൻ അവസാനമായി വിളിച്ചത്...,

ആതിരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. നഴ്സ് അടുത്തേക്ക് വരുന്നത് കണ്ട് അവൾ വേഗം കണ്ണുകൾ തുടച്ചു. റൂമിലേക്ക് മാറ്റുകയാണെന്ന് പറഞ്ഞു. ഇതിനിടയിൽ അവർ ഡ്രസ്സ്‌ ഒക്കെ മാറ്റി തന്നിരുന്നു.

ധൃതിയായിരുന്നു നഴ്‌സ് കൊണ്ടുവന്ന വീൽചെയറിലേക്കിരിക്കുമ്പോൾ.. യദുവേട്ടൻ തന്നിട്ടുപോയ പൊന്നുമോളെ കാണാനുള്ള തിടുക്കം. ലേബർ റൂമിന് പുറത്ത് അച്ഛനും അമ്മയുമൊക്കെ ഉണ്ടായിരുന്നു.

‘അമ്മേ കുഞ്ഞ്’ റൂമിലേക്ക് പോകാം മോളെ..

റൂമിലേക്ക് എത്തുമ്പോഴേക്കും ഡോക്ടറും എത്തിയിരുന്നു. റൂമിലാകെ പരതി.

‘കുഞ്ഞെവിടെ..’ കുറച്ച് അക്ഷമയോടെയാണ് ചോദിച്ചത്

.

‘ആതിര കിടക്കൂ’ എന്ന് പറഞ്ഞു കൊണ്ട് യദുവിന്റെ സുഹൃത്ത് കൂടിയായ ഡോക്ടർ നീലിമ ആതിരയുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ച് ബെഡിലേക്ക് കിടത്തിയിട്ട് അരികിലിരുന്നു.

ആതിര ചോദ്യഭാവത്തിൽ ഡോക്ടറെ നോക്കി.

അവർ പറഞ്ഞു തുടങ്ങി

‘ആതിരാ.. കുഞ്ഞ് ഇപ്പോ എൻ ഐ സി യു വിലാണ് ഉള്ളത്... ബ്രീത്തിങ് പ്രോബ്ലെംസ്  കാണിക്കുന്നുണ്ട്.. തുറന്ന് പറയുകയാണ്..എന്ത് സംഭവിച്ചാലും ധൈര്യത്തോടെ നേരിടണം... ഹോപ്പ് കുറവാണ്..’

ആതിരക്ക് തലയിലാരോ ഇരുമ്പ് വടി കൊണ്ടടിച്ചത് പോലെ തോന്നി.

‘എന്താണ് പറയുന്നേ.. എന്റെ മോൾക്ക് ഒരു കുഴപ്പവുമില്ലായിരുന്നല്ലോ.. എനിക്കിപ്പോ കാണണം.’

ആതിര ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചു. നീലിമ ബലമായി പിടിച്ചു കിടത്തി.

പിന്നെയാവട്ടെ.. ഫീഡ് ചെയ്യാറാകുമ്പോൾ വിളിക്കാം.. സമാധാനമായിട്ടിരിക്കണം.. നീലിമ ആതിരയുടെ കവിളിലൊന്ന് തട്ടിയിട്ട് പെട്ടെന്നെഴുന്നേറ്റ് പോയി..

യദുവേട്ടന്റെ കാൾ വരാതെ ആയതുമുതൽ എത്ര ആവർത്തി ആ നമ്പറിലേക്ക് വിളിച്ചെന്ന് നിശ്ചയമില്ല.. അറബിയിൽ എന്തോ പറയുന്നതല്ലാതെ ഒരുവട്ടം പോലും അത്‌ റിങ് ചെയ്തില്ല.. അറിയാവുന്നവരോടൊക്കെ വിളിച്ചന്വേഷിച്ചു. ആർക്കുമാർക്കും ഒരു ഉത്തരമില്ലായിരുന്നു. യദുവേട്ടന്റെ ചേട്ടൻ വിധു യുഎഇ ലാണ്.. ആളും പരമാവധി ശ്രമിച്ചിരുന്നു... ഒന്നും അറിഞ്ഞില്ല എന്ന വിവരമാണ് ചേട്ടനും നൽകിയത്..

അതിനിടയിൽ, തന്നെ, യദുവേട്ടന്റെ വീട്ടിൽ നിന്നും തന്റെ വീട്ടിലേക്ക് കൊണ്ട് പോന്നിരുന്നു. പോകേണ്ട എന്ന് വാശിപിടിച്ചിട്ടും ആരും സമ്മതിച്ചില്ല..

എട്ടാം മാസം അവസാനിക്കാറായ നാളുകളിലൊന്നിലാണ് ഇടിത്തീ പോലെ ആ വാർത്ത എത്തിയത്.. യദുവേട്ടൻ അവസാനമായി വിളിച്ചപ്പോഴുണ്ടായിരുന്ന ക്യാമ്പ് ഭീകരാക്രമണത്തിൽ പൂർണമായും തകർന്നെന്ന്.. ഒറ്റപ്പെട്ട പ്രദേശമായതിനാൽ വിവരങ്ങൾ ലഭിക്കാൻ വൈകിയത്രേ.. അവിടെ ഒന്നും അവശേഷിച്ചില്ലെന്നാണ് എല്ലാവരും പറഞ്ഞത്.. പക്ഷേ താനിതുവരെ  അതൊന്നും വിശ്വസിച്ചീട്ടില്ല.. യദുവേട്ടൻ ഇനിയില്ല എന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരു ഒഫീഷ്യൽ കൺഫർമേഷനും ലഭിച്ചിട്ടില്ല. ആ വാർത്ത കേട്ടപ്പോൾ മനസ്സിനൊരു മരവിപ്പായിരുന്നു. ഇന്ന് വരെ അതോർത്ത് കരഞ്ഞിട്ടില്ല. ലേബർ റൂമിലേക്ക് കയറുന്നതിനു മുൻപ് വരെ യദുവേട്ടനെ ഫോണിൽ വിളിച്ചു നോക്കിയതും അതുകൊണ്ടാണ്. അതുപോലെ ഇപ്പോൾ  ഞങ്ങളുടെ മോളുടെ കാര്യം പറഞ്ഞതും വിശ്വസിച്ചീട്ടില്ല ഞാൻ... ഒന്നും പറ്റില്ല എന്റെ യദുവേട്ടനും മോൾക്കും..

കുഞ്ഞിന് ഫീഡ് ചെയ്യാൻ വിളിക്കുന്നതും കാത്ത് കിടന്ന് ഉറങ്ങിപ്പോയി..

കണ്ണ് തുറക്കുമ്പോൾ മുറിയിൽ എല്ലാവരുമുണ്ട്.. മോളെ കൊണ്ട് വന്നോ.. അമ്മയുടെ മുഖത്ത്  നോക്കിയാണ് ചോദിച്ചത്..

അമ്മ കരഞ്ഞുകൊണ്ട് പുറത്തേക്ക് പോയി... നീലിമയാണ് പറഞ്ഞത്.. താൻ വീണ്ടും ഈ ലോകത്ത് ഒറ്റക്കായെന്ന സത്യം..

ഒരു വർഷം കഴിഞ്ഞിരിക്കുന്നു ഇന്ന്.. മോളും യദുവേട്ടനമുണ്ടായിരുന്നെങ്കിൽ ഒന്നാം പിറന്നാളാഘോഷമാകേണ്ട ദിനം.

ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് ഞാൻ എന്നെ തന്നെ മറന്നു പോയ നാളുകളായിരുന്നു പിന്നീടങ്ങോട്ട്.. മൂന്നു മാസം മുറിയിൽ നിന്നിറങ്ങിയില്ല.. തന്റെ  ശുശ്രൂഷയ്ക്കായി നിറുത്തിയിരുന്ന ചേച്ചിയോട് ഒരുപാട് ദേഷ്യം കാണിച്ചിരുന്നു. കുഞ്ഞിനെ ഒരു നോക്ക് കാണിക്കാതിരുന്നതിന് അച്ഛനോടും അമ്മയോടും ദേഷ്യമായിരുന്നു.. എത്ര നാളുകൾ കഴിഞ്ഞാണ് അവരോട് സംസാരിച്ചത്.. എന്നിട്ടും ഒരു പരിഭവവും കാണിക്കാതെ, കടുത്ത ഡിപ്രെഷനിലേക്ക് വീണ് പൊയ്ക്കൊണ്ടിരുന്ന തന്നെ കൗൺസിലിങ്ങുകളും വേണ്ട സപ്പോർട്ടും തന്ന് വീണ്ടും  ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരികയായിരുന്നു..

പക്ഷേ കുറച്ചു ദിവസങ്ങളായിട്ട് അവർ പറയുന്ന കാര്യം ഇതുവരെ ഉൾക്കൊള്ളാനായീട്ടില്ല..

പുതിയൊരു ജീവിതം തുടങ്ങണമെന്ന്.. പുതിയൊരാളുടെ ഒപ്പം..

ഒരിയ്ക്കലും സംഭവിക്കാത്ത കാര്യമാണത്.. ഇന്നും വിശ്വസിക്കുന്നു യദുവേട്ടൻ എവിടെയോ ഉണ്ടെന്ന്.. ഒരു കുഞ്ഞു മുഖം ഇടയ്ക്കിടെ സ്വപ്നം കാണുന്നുമുണ്ട്.. അപ്പോൾ തോന്നും മോളും എവിടെയോ ഉണ്ടെന്ന്...

അവരുടെ ഓർമകളാണെന്റെ സന്തോഷം.. അതാണിനിയെന്റെ ജീവിതം  യദുവേട്ടന്റെ വീട്ടിൽ പോകണമെന്ന് ഒരിയ്ക്കൽ പറഞ്ഞതാണ്.. പക്ഷേ യദുവേട്ടന്റെ അച്ഛനുമമ്മയ്ക്കും അതിന് താല്പര്യമില്ലെന്ന് പറഞ്ഞത്രേ.. മരുമകളായല്ല സ്വന്തം മകളായാണവർ തന്നെ കണ്ടിരുന്നത്.. എന്നിട്ട് തന്നെ വിട്ടു കളഞ്ഞെന്ന് പറഞ്ഞത് ഉൾക്കൊള്ളാനായീട്ടില്ല ഇന്നും.. അതുമാത്രമല്ല  അവർ യു എ ഇ ലേക്ക് പോയത്രേ... ഇതിനിടയിൽ പലപ്രാവശ്യം യദുവേട്ടന്റെ വീട്ടിലെ എല്ലാവരേയും കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. ഒരിയ്ക്കൽപോലും  അവർ കാൾ എടുക്കുകയോ തന്നെ തിരിച്ചു വിളിക്കുകയോ ചെയ്തില്ല.. വീട്ടിലെ സഹായിയായ ഹരിമാമ പോലും ഫോൺ എടുത്തില്ല

ആരും തന്നെ ഒന്ന്  കാണാൻ പോലും വന്നില്ല ഇതുവരെ.... സ്നേഹിക്കാൻ ഒരുപാട് പേരുണ്ടായിരുന്നിടത്തുനിന്നും പെട്ടെന്ന് ഏകാന്തതയിലേക്ക് വലിച്ചെറിയപ്പെട്ട അവസ്ഥ.. അസ്സഹനീയമാണ് പലപ്പോഴുമത്..

രാത്രി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് നടക്കുമ്പോൾ അച്ഛന്റെ മുറിയിൽ നിന്ന് ഫോൺ ബെല്ലടിക്കുന്നത് കേട്ടു.. അച്ഛൻ ടിവി കാണുകയാണ്. ഫോണെടുക്കാൻ മുറിയിലേക്ക് കയറിയപ്പോഴേക്കും ബെൽ നിന്നു.. അപ്പോൾ തന്നെ മെസ്സേജ് ടോണും കേട്ടു. ചെന്ന് എടുത്ത് നോക്കി..

നന്ദഗോപൻ..

യദുവേട്ടന്റെ അച്ഛൻ..

അച്ഛൻ വിളിക്കാറുണ്ടെന്നോ?

മെസ്സേജും അയച്ചിരിക്കുന്നത് അച്ഛൻ തന്നെ.. വേഗം തുറന്ന് നോക്കി..

എറൈവ്ഡ്.. എന്ന് മാത്രം..

മുകളിൽ ഏതൊക്കെയോ ഫോട്ടോ ഡിലീറ്റ് ചെയ്തേക്കുന്നു.. വേഗം ഗാലറി എടുത്ത് നോക്കി.. ചുവന്ന ഉടുപ്പൊക്കെയിട്ട് രാജകുമാരിയെ പോലൊരു കുഞ്ഞ്.. കണ്ടമാത്രയിൽ വയറ്റിലൂടെ നെഞ്ചിലേക്കൊരു മിന്നൽപിണർ പാഞ്ഞു.. കുഞ്ഞിന്റെ വേറെയും ഫോട്ടോകളുണ്ട്.. യദുവേട്ടന്റെ അതേ  മുഖം.. യദുവേട്ടന്റെ അച്ഛന്റെ കയ്യിലിരിക്കുന്ന ഒരു ഫോട്ടോയുമുണ്ട്.

അച്ഛന്റെ മുന്നിൽ ഫോൺ കാണിച്ച് അലറി കരയുകയായിരുന്നു.

‘എന്താണച്ഛാ.. ഇത് ..’

അച്ഛൻ ഞെട്ടിപിടഞ്ഞെഴുന്നേറ്റ് ഫോണിലേക്ക് നോക്കിയതും, പതറുന്നത് വ്യക്തമായി കണ്ടു

‘മോളേ..’

ഇതാരാണെന്ന് മാത്രം അറിഞ്ഞാൽ മതിയെനിക്ക്..

അപ്പോഴേക്കും ശബ്ദം കേട്ട് അടുക്കളയിൽ നിന്നും അമ്മയും ഓടി വന്നു..

മോളെ നീയൊന്ന് സമാധാനിക്ക്..

എന്നെ ആരും സമാധാനിപ്പിക്കണ്ട.. ഞാൻ ചോദിച്ചതിനുള്ള ഉത്തരം മാത്രം മതി.. അല്ല.. അച്ഛന്റെ ടെക്സ്റ്റ്‌ കണ്ടു എറൈവ്ഡ് എന്ന്.. നാട്ടിൽ എത്തിയെന്നാണോ.’

മോളെ..

ആണോ.. അല്ലയോ.. ജ്വലിക്കുകയായിരുന്നു ആതിര

അത്‌.. അവർ എയർപോർട്ടിലെത്തിയിട്ടുണ്ടാകും..

എനിക്കിപ്പോ പോകണം ആ വീട്ടിലേക്ക്..

അവർ വീട്ടിൽ എത്തിയിട്ട്..?

എത്തട്ടെ.. നമുക്ക് അവിടെ വെയിറ്റ് ചെയ്യാം.. ഇറങ്ങാം നമുക്ക്.. അവിടെ ഹരിമാമ ഉണ്ടാകുമല്ലോ..

അവൾ ഫോൺ തെരുപ്പിടിച്ചീട്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു.. പിന്നെ നേരെ പുറത്തേക്ക് പാഞ്ഞു..

ആതിരയുടെ അമ്മ  അച്ഛനെ ഒന്ന് നോക്കിയിട്ട് കരഞ്ഞുകൊണ്ട് പുറകെ ചെന്നു.

കീ ഹോൾഡറിൽ നിന്നും കീ എടുത്ത് അച്ഛനും ഇറങ്ങി. കാറിൽ മൂന്ന് പേരും നിശബ്ദരായിരുന്നു.. ആതിരയും അമ്മയും ഇടയ്ക്കിടെ കണ്ണുകൾ തുടച്ചുകൊണ്ടിരുന്നു..

അച്ഛാ..

ആതിര തന്നെ ആ മൗനത്തിന് വിരാമമിട്ടു.. അവളുടെ ശബ്ദം നേർത്തിരുന്നു.. അല്പം പോലും രോഷമില്ലായിരുന്നു പകരം നിറഞ്ഞു നിന്നിരുന്നതത്രയും  സങ്കടമായിരുന്നു..

മോ.. മോളെ..

എന്നോടെന്തിനായിരുന്നു ഇങ്ങനൊക്കെ.. എന്റെ അവസ്ഥ നിങ്ങൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നില്ലേ... എന്നിട്ടും  ഇത്രയും ക്രൂരമായി പെരുമാറാൻ എങ്ങിനെ കഴിഞ്ഞു?

അത്‌..

ആതിരയുടെ അച്ഛൻ പറഞ്ഞു തുടങ്ങി.

ആതിര വീട്ടിലേക്ക് വന്ന് ദിവസങ്ങൾക്കുള്ളിൽ യദുവിനെ കുറിച്ചുള്ള വിവരം കിട്ടിയിരുന്നു, യദു തന്നെയായിരുന്നു വിളിച്ചത്.. ഇഡ്ലിബ് എന്ന സ്ഥലത്തായിരുന്നു ആ സമയത്ത് യദുവിന്റെ ക്യാമ്പ്.. ആരോഗ്യസംരക്ഷണത്തിനെതിരെയുള്ള ആക്രമണങ്ങൾ വ്യാപകമായിരുന്നു പൊതുവെ സിറിയയിൽ.. അങ്ങനെ ഒരു ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതാണ് അന്ന് ആതിര കണ്ട യദുവിന്റെ നെറ്റിയിലെ മുറിവ് പോലും. പക്ഷേ പിന്നീടുണ്ടായ അക്രമണത്തിൽ നിന്നും രക്ഷനേടാനായില്ല.. ഷെല്ലാക്രമണത്തിൽ ആ  കെട്ടിടമാകെ നിലം പൊത്തി... ഒരു ദിവസം മുഴുവൻ  കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ട് കിടക്കേണ്ടി വന്നു.. അവിടെ നിന്നും യദു ഉൾപ്പെടെ മൂന്ന് പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്. റെസ്ക്യൂ ടീമിന് ആ  പ്രദേശത്തേക്ക് എത്തിപ്പെടാനുണ്ടായ കാലതാമസം യദുവിന്റെ അവസ്ഥ പരിതാപകരമാക്കി.. അവരുടെ കയ്യിൽ കിട്ടുമ്പോൾ യദുവിന് ജീവനുണ്ടെന്നതിനുള്ള തെളിവായി  ഒരു ഞരക്കം മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു.. ഓർമ്മ വരുമ്പോൾ മറ്റൊരു ക്യാമ്പിലായിരുന്നു.. വൈകാതെ യദു നടുക്കുന്ന മറ്റൊരു യാഥാർഥ്യം കൂടി മനസിലാക്കി.. തന്റെ ഇരുകാലുകളുടേയും ചലന ശേഷി നഷ്ടപ്പെട്ടെന്ന്.. തന്നെ നോക്കാൻ വരുന്ന ഡോക്ടറെ വിവരങ്ങൾ ധരിപ്പിച്ച് യു എ ഇ ലുള്ള ചേട്ടൻ വിധുവിനെ വിവരമറിയിക്കുകയായിരുന്നു. അപ്പോഴും യദു നിർബന്ധപൂർവ്വം പറഞ്ഞ കാര്യം ആതിര ഒന്നുമറിയരുതെന്നായിരുന്നു.

യദുവിന് കരാറുണ്ടായിരുന്ന സന്നദ്ധസംഘടനയും കോൺസുലെറ്റുമൊക്കെയായി ബന്ധപ്പെട്ട് യദുവിന്റെ  തിരിച്ചു വരവ് ശരിയാക്കാൻ ഓടിനടന്നത് വിധുവും കൂട്ടുകാരുമായിരുന്നു.. നാട്ടിലേക്ക് വരുന്നില്ലെന്ന് വാശിപിടിച്ച യദുവിനെ വിധു യു എ ഇ ലേക്ക് എത്തിക്കുകയായിരുന്നു. പഴയ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് ഇനിയൊരു അത്ഭുതം സംഭവിക്കേണ്ടി വരുമെന്ന തിരിച്ചറിവ് ആതിരയെ അവന്റെ ജീവിതത്തിൽ നിന്നും അകറ്റാൻ പ്രേരിപ്പിച്ചു.

അങ്ങനെയാണ് ആതിരയോട് താൻ ജീവിച്ചിരിപ്പില്ലെന്ന് വിശ്വസിപ്പിക്കാനും ജനിക്കുന്ന കുഞ്ഞിനെ തനിക്ക്‌ നൽകിയിട്ട് ആതിരയ്ക്ക് പുതിയൊരു ജീവിതം ഉണ്ടാക്കി കൊടുക്കണമെന്നും പറഞ്ഞ് യദു രണ്ടച്ഛനമ്മമാരെയും സമീപിക്കുന്നതും ബുദ്ധിമുട്ടിയാണെങ്കിലും സമ്മതം വാങ്ങുന്നതും.. തന്റെ വൈകല്യം കുഞ്ഞിന്റെ കാര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാകാത്ത വിധം കൈകാര്യം ചെയ്യാനാകുമെന്നും യദു ഉറപ്പ് കൊടുത്തു.

അതിൻ പ്രകാരമുള്ള നാടകങ്ങളാണ് യദു ജോലിചെയ്തിരുന്ന ഹോസ്പിറ്റലിലെ ഡോക്ടർമാരുടെയും മറ്റുള്ളവരുടെയും സഹായത്തോടെ  നടത്തിയത്..

തെറ്റാണെന്നറിഞ്ഞിട്ടും അങ്ങനെയൊരു സാഹസത്തിന് യദു മുതിർന്നത് ആതിരയോടുള്ള സ്നേഹക്കൂടുതൽ ഒന്ന് കൊണ്ട് മാത്രമായിരുന്നു.

യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാത്ത കുഞ്ഞിനെ, ആതിര മയങ്ങി കിടക്കുന്ന സമയത്ത് ആദ്യത്തെ ഫീഡ് നൽകുകയും യദുവിന്റെ അച്ഛനുമമ്മയും പിറ്റേ ദിവസം അവരുടെ വീട്ടിലേക്ക് കൊണ്ട് പോവുകയും ചെയ്തു.. കുഞ്ഞിന് ആറ് മാസം  കഴിഞ്ഞപ്പോൾ  അവർ യദുവിന്റെ അടുത്തേക്ക് പോവുകയായിരുന്നു.

അങ്ങനെ അമ്മ ഉണ്ടായിട്ടും അമ്മയുടെ സാമീപ്യം അറിയാതെ കുഞ്ഞ് വളരുന്നു. സ്വന്തം കുഞ്ഞ് ജീവിച്ചിരിക്കുന്നെന്നറിയാതെ കുഞ്ഞിനെ ഓർത്ത് നീറി ഒരമ്മയും ജീവിക്കുന്നു.

യദു തന്റെ കുറവുകൾ ഉൾക്കൊണ്ട് ആതിരയെന്ന ദുഃഖം ഉള്ളിലൊതുക്കി കുഞ്ഞ് മാത്രമുള്ള പുതിയൊരു ജീവിതത്തിലേക്കും കടന്നു. യദുനന്ദനെന്ന ഡോക്ടറുടെ സാമർഥ്യം മനസ്സിലാക്കിയ യു എ ഇ ലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ യദു നന്ദന് ജോലി കൊടുക്കാൻ തയ്യാറായി. ഇന്ന്  കുഞ്ഞിന്റെ ഒന്നാം പിറന്നാളാണ്.. ആറാം മാസത്തിൽ നടത്തേണ്ട ചോറൂണ് കുടുംബക്ഷേത്രത്തിൽ   നടത്താൻ വരുന്നതാണവർ ഇപ്പോൾ. 

ആതിരയ്ക്കുമുന്നിൽ രണ്ട് വീട്ടുകാരും അകൽച്ചയിലാണെങ്കിലും അവളറിയാതെ എല്ലാ കാര്യങ്ങളിലും സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നത്. കുഞ്ഞിന്റെ ഫോട്ടോകളും അയച്ചു കൊടുക്കുമായിരുന്നു മിക്കപ്പോഴും.. ആതിര അച്ഛന്റെ ഫോൺ ഉപയോഗിക്കാറില്ലങ്കിലും ഫോട്ടോ കണ്ട് കഴിഞ്ഞാൽ അപ്പൊ തന്നെ അവർ  ഡിലീറ്റ് ചെയ്ത് കളയുമായിരുന്നു. ചില ഫോട്ടോകൾ കളയാൻ തോന്നാതെ ഇട്ടിരുന്നതാണ് ഇന്ന് ആതിര കണ്ടത്. ഫോൺ ആതിരയുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുകയും ചെയ്തിരുന്നു. പക്ഷേ.. എല്ലാം വിധിയാണ്.. ആതിരയുടെ അച്ഛൻ പറഞ്ഞ് നിറുത്തുമ്പോൾ യദുവിന്റെ വീടിന്റെ  പൂമുഖത്തിരുന്ന് ആതിര മുഖം പൊത്തി കരയുകയായിരുന്നു.

കാറിൽ നിന്നും ആദ്യം ഇറങ്ങിയത് നന്ദഗോപനായിരുന്നു. ആതിരയുടെ അച്ഛൻ വേഗം നടന്ന് ചെന്ന് വിവരങ്ങൾ ധരിപ്പിച്ചു.. ഇതൊന്നുമറിയാതെ ബാക്കി എല്ലാവരും കാറിൽ നിന്നിറങ്ങി.. യദു ഒഴിച്ച്..

ആതിര ഇരുന്നിടത്ത് നിന്നും എഴുന്നേൽക്കുമ്പോഴാണ് എല്ലാവരും അവളെ കാണുന്നത്. ഒരു നിമിഷം എല്ലാവരും തറഞ്ഞു നിന്നു. കാറിലിരുന്ന യദുവും ആതിരയെ കണ്ടു കഴിഞ്ഞിരുന്നു. ആതിരയെ കണ്ട് യദുവിന്റെ മുഖമൊന്ന് വിടർന്നെങ്കിലും  പെട്ടെന്നു   തന്നെ മുഖഭാവം മാറ്റി. വിധു ഡിക്കിയിൽ നിന്നും വീൽ ചെയർ എടുക്കാൻ തിരിഞ്ഞു. കുഞ്ഞ് വിധുവിന്റെ ഭാര്യയുടെ കയ്യിലിരുന്ന് ഉറങ്ങുകയായിരുന്നു.

ആതിര കുഞ്ഞിനടുത്തേക്ക് ഓടുകയായിരുന്നു.. ആർക്കും ഒന്നും സംസാരിക്കാനായില്ല.. അവൾ കുറച്ച്നേരം കുഞ്ഞിനെ നോക്കി നിന്നു. ഒരിക്കൽ കയ്യെത്തും ദൂരത്ത് നിന്നും വഴുതിപ്പോയ മാണിക്യം.

ഇല്ല ഇനി ആർക്കും വിട്ടുകൊടുക്കില്ല. അവൾ കുഞ്ഞിനെ എടുത്ത് മാറോട് ചേർത്തു. നൊന്തു പ്രസവിച്ച അമ്മയുടെ ആദ്യ സ്പർശനം ഏറ്റിട്ടോ എന്തോ കുഞ്ഞൊന്ന് അനങ്ങി.. വീണ്ടും അമ്മയുടെ ചൂട് പറ്റി ആ നെഞ്ചിലേക്ക് തന്നെ ഒട്ടികിടന്നു.

ഏടത്തീ കുഞ്ഞിനെ വാങ്ങ്.. പുറകിലായി വീൽചെയറിലിരുന്നിരുന്ന യദു പറഞ്ഞു.

ആതിര തിരിഞ്ഞ് നോക്കിയപ്പോൾ കണ്ട കാഴ്ച  അവളെ തകർത്തുകളഞ്ഞു. വീൽചെയറിലിരിക്കുന്ന യദുവേട്ടൻ..

എങ്കിലും ധൈര്യം സംഭരിച്ച് സംസാരിച്ചു തുടങ്ങി. ആർക്കാണ് എന്റെ കുഞ്ഞിനെ വേണ്ടത്.. എങ്ങിനെ കഴിഞ്ഞു ഒരു കുഞ്ഞിനെ അതിന്റെ അമ്മയിൽ നിന്നും അകറ്റാൻ... ഒന്നുമല്ലെങ്കിലും  നിങ്ങളൊരു പീഡിയാട്രിഷ്യൻ അല്ലേ.. അറിയില്ലേ നിങ്ങൾക്ക് ഒരു കുഞ്ഞിന് അതിന്റെ അമ്മയെ എത്രത്തോളം ആവശ്യമുണ്ടെന്ന്.. എന്നെ നിങ്ങൾക്ക് വേണ്ടെന്ന് വെക്കാം.. പക്ഷേ ഞാൻ നൊന്തു പ്രസവിച്ച എന്റെ കുഞ്ഞിനെ എന്നിൽ നിന്നകറ്റാൻ ഒരാൾക്കും അവകാശമില്ല ഈശ്വരനല്ലാതെ.. അമ്മയും  ഇവരുടെ കൂടെ കൂടി ഇല്ലേ.. അമ്മ അറിഞ്ഞതല്ലേ അമ്മയുടെ മകനെ കാണാതായപ്പോഴുള്ള വേദന.. എന്നിട്ട് അതേ നോവിലേക്ക് എന്നേം തള്ളിയിട്ടില്ലേ... 

നിങ്ങളറിഞ്ഞീട്ടുണ്ടോ ഈ നിമിഷം വരെ ഞാനനുഭവിച്ചിരുന്ന വേദന... മരണത്തെക്കാൾ വേദനാജനകമാണത്.. എല്ലാമെല്ലാമായിരുന്നവൻ പെട്ടെന്നൊരു നാളിൽ എങ്ങോ പോയ്‌ മറഞ്ഞു.. ആ വേദനക്കൊരാശ്വാസം പോലെ കിട്ടിയ കുഞ്ഞും കൊതി തീരും വരെ ഒന്നു കാണാനാകാതെ.. ഒന്ന് തൊടനാകാതെ.. കയ്യെത്തും ദൂരത്തെത്തിയിട്ടും സ്വന്തം കുഞ്ഞിനെ ഒന്ന് തൊടാൻ പോലുമാകാതെ പോയൊരു അമ്മയായി പോയല്ലോ എന്നോർത്ത് പരിസരബോധം ഇല്ലാതെ എത്രയോ തവണ  വാവിട്ടു കരഞ്ഞീട്ടുണ്ടെന്നറിയാമോ.. ജീവിതം  കൈവിട്ടു പോയൊരവസ്ഥ. അറിഞ്ഞീട്ടുണ്ടോ..നിങ്ങളത്.. എന്നും ചോദിച്ചുകൊണ്ട് യദുവിന്റെ മുന്നിലേക്കവൾ ഇരുന്നു.

യദുവേട്ടന് എന്നോട് ഇത്രയേ സ്നേഹമുണ്ടായിരുന്നുള്ളു?.. ഒരാപത്ത് വരുമ്പോൾ വേറൊരു ജീവിതം തേടി പോകുന്നൊരു പെണ്ണാണെന്നാണോ എന്നെ പറ്റി ധരിച്ചു വച്ചിരുന്നത്.. അതാണോ ഒരു ഭാര്യ .ഭർത്താവിന്റെ സന്തോഷങ്ങളിലെന്നപോലെ  ഏത് വിഷമങ്ങളിലും കൈത്താങ്ങായി നിൽക്കേണ്ടവളല്ലേ അവൾ.. എനിക്കാണ് ഇങ്ങനെ ഒരു അപകടമുണ്ടായതെങ്കിൽ എന്നെ ഉപേക്ഷിച്ചു പോകുമായിരുന്നോ?

ആദി... യദു ഉറക്കെ വിളിച്ചു.

കഴിയില്ലല്ലേ.. പിന്നെ എനിക്കെങ്ങിനെ കഴിയും യദുവേട്ടാ.. ജീവിക്കാം യദുവേട്ടാ നമുക്ക്. ഈ ലോകത്ത് ഇതിലും മോശമായ സാഹചര്യങ്ങളിലും എത്രയോ  ഭാര്യാഭർത്താക്കന്മാർ  സന്തോഷത്തോടെ  ജീവിക്കുന്നു.. ഭാര്യയും ഭർത്താവും പരസ്പരം സ്നേഹിക്കേണ്ടത് അവരുടെ ബഹ്യരൂപങ്ങളെയല്ല.. പരസ്പരം ഉൾക്കൊള്ളുന്ന മനസ്സിനെയാണ്..

നമ്മോടൊപ്പം നമ്മുടെ മോളുണ്ട്.. ഇവരെല്ലാവരും ഉണ്ട്.... നമ്മുടെ വീഴ്ചകളിൽ പരസ്പരം താങ്ങായി നമുക്ക് ജീവിക്കാം.. എന്നോട് പോകാൻ പറയരുതേ യദുവേട്ടാ..

ഇല്ല ആദി.. തെറ്റ് പറ്റിയത് എനിക്കാണ്.. ഇത്രയും നാൾ വലിയൊരു കാര്യം ചെയ്തെന്ന ഭാവമായിരുന്നെനിക്ക്.. ഒരു പെൺകുട്ടിയുടെ ജീവിതം രക്ഷിച്ചെന്ന ചാരിതാർഥ്യം..ഞാനെപ്പോഴും മുറുകെ പിടിക്കുന്ന എത്തിക്സിനെ കൂടി മറന്നുകൊണ്ട് ഓരോന്നും ചെയ്തത് നിന്നോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രമായിരുന്നു.പക്ഷേ ഇപ്പോൾ മനസ്സിലാകുന്നു.. നിന്റെ മുൻപിൽ ഞാനെത്ര ചെറിയവനാണെന്ന്..നിന്റെ മനസ്സറിയാതെ പോയതിന് എന്നോട് ക്ഷമിക്ക് ആദി...ഇനി നമ്മൾ ഒരുമിച്ചുണ്ടാകും.. എന്നും.. കരച്ചിലിനിടയിലും ആതിരയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.

എല്ലാവരുടെയും ആനന്ദാശ്രുക്കൾക്കിടയിലൂടെ കുഞ്ഞിനേയും എടുത്ത് ആതിര യദുവിനോടൊപ്പം പുതിയൊരു ജീവിതത്തിലേക്ക് ഒരിക്കൽക്കൂടി ആ വീട്ടിലേക്ക് വലതുകാൽ വച്ച് കയറി..

അപ്പോഴും അമ്മയുടെ ആദ്യ സ്പർശനത്തിന്റെ അനുഭൂതിയിൽ ആ കുഞ്ഞ് ചുണ്ടിലൊരു മന്ദഹാസവുമായി  സുഖകരമായൊരു മയക്കത്തിലായിരുന്നു.

English Summary: Snehasparsam, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;