കഷ്ടപ്പാടുകൾ അറിയിക്കാതെ വളർത്തി, അല്ലെങ്കിൽത്തന്നെ കഷ്ടപ്പാടുകളെക്കുറിച്ച് പറഞ്ഞാൽ കുട്ടികൾക്ക് മനസ്സിലാകുമോ?

girl-in-train
പ്രതീകാത്മക ചിത്രം. Photo Credit : gabczi / Shutterstock.com
SHARE

ജാലകക്കാഴ്ചകൾക്കുമപ്പുറം  

“ഒന്ന് വേഗമാവട്ടെ മാളൂ. പുറപ്പെടാറായി കേട്ടോ”.  മാലതി തിരക്കു കൂട്ടി. മാളു പക്ഷേ, അമ്മ പറഞ്ഞത് ശ്രദ്ധിച്ചതേയില്ല. അമ്മയുടെ കറുത്ത ഹാൻഡ്ബാഗിലെ ആ ‘രഹസ്യ അറയിൽ’ എത്രതവണ പരതിയെന്ന്‌  അവൾക്ക് തന്നെ അറിയില്ല. പക്ഷേ തന്റെ മാലമാത്രം അതിനുള്ളിൽ  കാണുന്നേയില്ല. മനോഹരമായ കുഞ്ഞു അലുക്കുകളോടുകൂടിയ ആ കൊച്ചു സ്വർണനെക്‌ലേസ് അവൾക്കേറ്റവും പ്രിയപ്പെട്ടതാണ്. കഴിഞ്ഞതിന്റെ മുന്നത്തെ വർഷം, അതായത്, അവളുടെ ഒൻപതാം  ജന്മദിനത്തിന്, അച്ഛന്റെ വക സമ്മാനമായിരുന്നു ആ മാല. 

മാളുവിന്റെ കുഞ്ഞിക്കഴുത്തിൽ അച്ഛൻ അത് അണിയിച്ച നിമിഷം അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. എന്തൊക്കെയാണവൾ കാണിച്ചുകൂട്ടിയത്? ആ മാലയുമണിഞ്ഞ് അച്ഛന്റെയും അമ്മയുടെയും കൂടെ എത്രയോ സ്ഥലങ്ങളിൽ അവൾ പോയിരിക്കുന്നു.  ചെല്ലുന്നിടത്തെല്ലാം പരിചയക്കാർ അമ്മയോട് ആ മാലയെക്കുറിച്ച് മാത്രം ചോദിച്ചു. ഇതെവിടുന്നു വാങ്ങിയതാണ്? എത്ര പവനുണ്ട്? ഈ മാല നല്ല ഭംഗിയുണ്ടല്ലോ? ഇത് കേൾക്കുമ്പോൾ മാളുവിന്‌ തോന്നുന്ന സന്തോഷവും അഭിമാനവും ചെറുതല്ല.

അത്തരം യാത്രകളിൽ അവൾക്കേറെ പ്രിയങ്കരം സ്കൂൾ അവധിക്കാലത്ത് നാട്ടിലേക്കുള്ള യാത്രയാണ്. ഒരു രാത്രി മുഴുവനും നീളുന്ന തീവണ്ടിയാത്ര.  തീക്കാറ്റൂതുന്ന  ഊഷരഭൂമിയിൽ നിന്നാരംഭിക്കുന്ന ആ രാത്രിയാത്രയുടെ മടുപ്പ്, രാവെളുക്കുമ്പോൾ കമ്പാർട്ടുമെന്റിലേക്കിരച്ചെത്തുന്ന,  ഈറൻമണ്ണിന്റെ മണമുള്ള പാലക്കാടൻ കാറ്റിന്റെ കുളിർമ്മയാർന്ന തലോടലിൽ അലിഞ്ഞില്ലാതാകുന്നു. ഷൊറണൂർ സ്റ്റേഷനിൽ വണ്ടി നിർത്തിയാൽ നമ്പീശന്റെ കടയിലെ കാപ്പിയും ഒപ്പം ദോശയും ചമ്മന്തിയും പാർസൽ വാങ്ങുന്നു. തീവണ്ടി ഭാരതപ്പുഴ കടന്നാൽ ഹാവൂ,  ആശ്വാസമായി. ഇനി ഒരു മണിക്കൂർ കൂടി കഴിഞ്ഞാൽ നാടായി. അതെ, നാട്! പൂരങ്ങളുടെയും ഉത്സവങ്ങളുടെയും ആനച്ചന്തം നിറയുന്ന നാട്.

തമിഴകത്തെ ആ മഹാനഗരത്തിലേക്ക് മാളുവിന്റെ അച്ഛൻ ജീവിതം പറിച്ചുനട്ടിട്ട് രണ്ട് പതിറ്റാണ്ടിലേറെയായിരിക്കുന്നു. നഗരത്തിന്റെ ഒരു മൂലയെന്ന് പറയാവുന്ന സ്ഥലത്ത് സ്റ്റീൽ പാത്രങ്ങളും മറ്റും നിർമ്മിക്കുന്ന ഒരു കൊച്ചു കമ്പനി നടത്തുകയാണ് സുധീർ. ആദ്യമാദ്യം നല്ല നിലയിലായിരുന്ന കമ്പനി പക്ഷേ ഈയടുത്തകാലത്തായി നഷ്ടത്തിലാണ് പോയിക്കൊണ്ടിരിക്കുന്നത്. സേലത്തുനിന്നുള്ള വിലകുറഞ്ഞ സ്റ്റീൽ പാത്രങ്ങൾ കുറഞ്ഞ വിലയ്ക്ക് നഗരത്തിലെല്ലായിടത്തും ലഭിക്കാൻ തുടങ്ങിയതിൽപിന്നെ സുധീറിന് മോശം സമയമാണ്. ഈയിടെയായി കമ്പനി ആർക്കെങ്കിലും വിറ്റ് മറ്റെവിടെയെങ്കിലും ഒരു ജോലിക്ക് കയറുന്നതിനെക്കുറിച്ചാണ് സുധീറിന്റെ ആലോചന മുഴുവൻ. ഒരു തരത്തിൽ അതാണ് നല്ലതും. കുറേ ടെൻഷനെങ്കിലും ഒഴിവായിക്കിട്ടുമല്ലോ. 

ഈ പ്രയാസങ്ങളൊന്നും അറിയിക്കാതെയാണ് അവർ മാളുവിനെ വളർത്തുന്നത്. അല്ലെങ്കിൽത്തന്നെ കഷ്ടപ്പാടുകളെക്കുറിച്ച് പറഞ്ഞാൽ കുട്ടികൾക്ക് മനസ്സിലാകുമോ? അതെല്ലാം മനസ്സിലായി വരുമ്പോഴേക്കും അവരുടെ കുട്ടിക്കാലം കൂടുവിട്ട് പറന്നിട്ടുണ്ടാവും.  

നാട്ടിലെത്തിയാൽ വല്യമ്മയുടെ വീട്ടിലാണ് അവർ താമസിക്കുക. ആ രണ്ടു മാസക്കാലം സന്തോഷത്തിന്റെ പൂക്കാലം തന്നെയാണ്. ഓടിക്കളിക്കാൻ ഇഷ്ടംപോലെ സ്ഥലം. നെല്ലിയും, മധുരപ്പുളിയും, പേരയും, ലൂബിയും, മാമ്പഴവും നിറയെ കായ്ച്ചു നിൽക്കുന്ന പറമ്പ്. പറമ്പിലെ മാമ്പഴങ്ങളിൽ അടുക്കളയുടെ ചാർത്തിനോട് ചേർന്നുള്ള കൊളമ്പുമാവിലെ മാമ്പഴമാണ്‌ കേമൻ. രുചിയുടെ രാജാവ്. എപ്പോഴും നനവും കുളിരുമുള്ള ആ ഹരിതവിശാലതയിൽ ഒളിച്ചുകളിക്കാം, ഓടിക്കളിക്കാം കാറ്റിനൊപ്പം കൂട്ടുകൂടി ഒരു അപ്പൂപ്പൻതാടി പോലെ പാറിപ്പറന്നു നടക്കാം. ആകെ ഒരു വിലക്കുള്ളത്, പറമ്പിന്റെ വടക്കേ മൂലയിലുള്ള കൊക്കർണിയുടെ അടുത്തേയ്ക്ക് പോകരുതെന്ന് മാത്രമാണ്. 

പണ്ട് തറവാട്ടിലെ ഒരു വല്യമ്മാവൻ ആ കൊക്കർണിയിൽ വീണ് മരിച്ചിട്ടുണ്ടത്രെ. അത്രയ്ക്കും ആഴമുണ്ട് അതിന്. നീന്തലറിയില്ലെങ്കിൽ തീർന്നതു തന്നെ. വല്യമ്മാവന്‌ പക്ഷേ നീന്തലറിയാമായിരുന്നുവെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. എന്താണ് ഉണ്ടായതെന്ന് ഇപ്പോഴും ആർക്കുമറിയില്ല. അതോ ഇനി അറിയാമെങ്കിൽ തന്നെ ആരും പറയാത്തതോ? ഇളം നീല രാശിയിൽ സ്ഫടികസമാനമായ അതിലെ ജലം ഭൂമിയുടെ നീല നേത്രമായിരുന്നു. എത്ര നേരം വേണമെങ്കിലും ആ ജലത്തിലേക്ക്,  ആഴങ്ങളിൽ തെളിയുന്ന അതിന്റെ അപാരമായ നിഗൂഢ വിസ്മയങ്ങളിലേക്ക് കണ്ണിമചിമ്മാതെ നോക്കിയിരിക്കാം, മടുപ്പേതുമില്ലാതെ. ആഴങ്ങളിലേക്ക് മാടി വിളിക്കുന്ന ഒരു വശ്യത ആ നീല നേത്രത്തിലൊളിപ്പിക്കപ്പെട്ടിരുന്നു. ഒരുപക്ഷേ വല്യമ്മാവനെയും ആ നീരാഴങ്ങളിലേക്ക് വിളിച്ചത് അപ്രതിരോധ്യമായ ഈ വശ്യത തന്നെയായിരിക്കും. ആർക്കറിയാം?   

മഹാനഗരത്തിൽ പക്ഷേ, ഇതൊന്നുമല്ല സ്ഥിതി. എപ്പോഴും പൊടിയും പുകയും നിറഞ്ഞ, പകലന്തിയോളം ഇടവിടാതെ ഒച്ചയും ബഹളവും നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷം. വീഥികളെ ഞെരിച്ചമർത്തിക്കൊണ്ട് തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങൾ. അവയ്ക്കിടയിലായി വർത്തമാനകാല ഗതിവേഗങ്ങൾക്ക് ചോദ്യചിഹ്നമെന്നവണ്ണം,  സമയത്തോടൊപ്പം സഞ്ചരിക്കാൻ കിതയ്ക്കുന്ന, ഇപ്പോഴും ഭൂതകാല സ്മരണകളുണർത്തുന്ന സൈക്കിൾറിക്ഷകൾ. വിളറിയ മഞ്ഞച്ചായമടിച്ച കെട്ടിടങ്ങൾക്കൊപ്പം നഗരനിർമ്മിതിയുടെ ആശ്ചര്യചിഹ്നങ്ങളും അങ്ങിങ്ങായി തലയുയർത്തി നിന്നു, ആകാശത്തേയ്ക്ക് നീട്ടിയ ചൂണ്ടുവിരലുകൾ പോലെ. മുറുക്കിത്തുപ്പലിന്റെ ചോരക്കറ പുരണ്ട് വൃത്തിഹീനമായ, മനുഷ്യസിരാപടലങ്ങൾ പോലെ ദുഷ്കരവും കെട്ടുപിണഞ്ഞതുമായ ഇടവഴികളിൽ ചവിട്ടി ഞെരിക്കപ്പെട്ട കനകാംബരമാലകളും, വിലകുറഞ്ഞ അത്തറിന്റെയും വിയർപ്പിന്റേയും ജീർണ്ണിച്ച ഗന്ധങ്ങളും കനത്തു കിടന്നു. ചേറ്റുപന്നികൾ ഒറ്റയ്ക്കും കൂട്ടമായും അലഞ്ഞുനടക്കുന്ന കനാലിറമ്പുകളിൽ പച്ചപ്പിന്റെ നഷ്ടാവശിഷ്ടം പോലെ ഇടയ്ക്കൊക്കെ കാണാവുന്ന പേരറിയാമരങ്ങൾ. പൊടിയുടെ മണവും നിറവുമുള്ള വിശാലമായ ലോകം; അതോ നിറം മങ്ങിയ ലോകമോ? പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടേയും ഇനിയൊരു മുഖവും ആ ലോകത്തിനുണ്ടായിരുന്നു. ആ സ്വപ്നങ്ങളുടെ തേൻതുള്ളികളിലേക്ക് ചോണനുറുമ്പുകളെപ്പോലെ, ഒരേ താളത്തിൽ ചലിച്ചുകൊണ്ട് ആയിരക്കണക്കിന് മനുഷ്യർ തങ്ങളുടെ പ്രതീക്ഷകളുടെ പുത്തൻ തുരുത്തു തേടി ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നൈര്യന്തരങ്ങളുടെ തനിയാവർത്തനം കണക്കെ. 

“അമ്മേ ഇതിവിടെ കാണുന്നില്ലല്ലോ? എവിടെ എന്റെ മാല?” മാളുവിന് കുറേശ്ശെ ദേഷ്യം വരാൻ തുടങ്ങിയിരുന്നു. ഈ അമ്മ ഇതെവിടെയാണ് കൊണ്ടുവച്ചത്?

“അതവിടെ വല്ലയിടത്തും കാണും മാളൂ. നീ ആദ്യം പോയി ഡ്രസ്സ് മാറാൻ നോക്ക്. വല്യച്ഛൻ ഇപ്പോൾ കാറുമായി വരും. ആറുമണിക്ക് മുമ്പേ റെയിൽവേ സ്റ്റേഷനിൽ എത്തണം.” 

“പക്ഷേ അമ്മേ, എന്റെ മാലയിതെവിടെപോയി? അതില്ലാതെ ഞാനെങ്ങോട്ടും വരുന്നില്ല.” 

സാധനങ്ങളെല്ലാം ഒതുക്കിവച്ച് ബാഗിന്റെ സിബ്ബ് അടയ്ക്കുമ്പോൾ മാലതിയുടെ കണ്ണുകളിൽ എങ്ങുനിന്നോ ഓടിവന്ന രണ്ടുതുള്ളി കണ്ണീരിന്റെ വെള്ളിത്തിളക്കം. മാളുവിനോട് താൻ എന്തു പറയുമെന്നായിരുന്നു അവളുടെ വേവലാതി മുഴുവൻ. മാല കൈയ്യിലില്ല എന്ന കാര്യം മാളുവിനോട് എങ്ങിനെയാണ് പറയുക? അല്ലെങ്കിൽത്തന്നെ ബുദ്ധിമുട്ടുകളുടെ കടുംവർണ്ണങ്ങൾ വാരിയൊഴിച്ച് അവളുടെ നുനുത്ത സ്വപ്നജാലകവിരികളെ അലങ്കോലമാക്കേണ്ടതുണ്ടോ? അതേസമയം എത്ര കാലമാണ് സുധിയേട്ടന്റെ കഷ്ടപ്പാടുകൾ കണ്ടില്ലെന്ന് നടിക്കുക? തനിക്കും ഒരു ജോലിയുണ്ടായിരുന്നെങ്കിൽ ഒരു ആശ്വാസമായേനെ. 

അടുത്ത മാസമാണ് പലിശക്കാരൻ ഗോപാലസ്വാമിയുടെ പണം തിരികെ കൊടുക്കേണ്ടത്. ശാന്തിക്കാരനായ സ്വാമി ശാന്തത കൈവെടിയാതിരിക്കാൻ കണ്ടെത്തിയ മുട്ടുശാന്തിയാണ് മാളുവിന്റെ മാല.  

അല്ലെങ്കിലും വേറൊരിടത്തൊന്നുമല്ലല്ലോ മാല ഏൽപ്പിച്ചിരിക്കുന്നത്?  മാലതി ആശ്വസിക്കാൻ ശ്രമിച്ചു. കുഞ്ഞേച്ചിയുടെ കൈയ്യിലല്ലേ? വെറുതെ കുറച്ചു പണം കടം ചോദിക്കാൻ മനസ്സ് വന്നില്ല. മുമ്പ് പലപ്പോഴായി വാങ്ങിയ പണം കൊടുക്കാനുമുണ്ട്. ഇത്തവണത്തെ വരവിൽ കുഞ്ഞേച്ചി അത് സൂചിപ്പിക്കുകകൂടി ചെയ്തു. അപ്പോൾ പിന്നെ മാളുവിന്റെ മാല കുഞ്ഞേച്ചിയുടെ കൈയ്യിലിരിക്കട്ടെ എന്ന് കരുതി. കാശ് കൈയ്യിൽ വരുമ്പോൾ തിരികെ വാങ്ങാമല്ലോ? കുഞ്ഞേച്ചിക്കാണ് കൂട്ടത്തിൽ നല്ല സാമ്പത്തിക സ്ഥിതി. ചേട്ടന് നാട്ടിൽതന്നെ ബിസിനസ്സാണ്; കൂടാതെ കുറെയേറെ പറമ്പുമുണ്ട്. ഒരരികത്തുകൂടെ രാവിലെ പുറപ്പെട്ടാൽ വൈകുന്നേരമായാലും നടന്നു തീരാത്തത്ര, നിറയെ അനുഭവമുള്ള പറമ്പുകൾ. അടുക്കളയിൽ രണ്ടു പണിക്കാരത്തികളും പുറംപണിക്ക് കുറേയേറെയും പണിക്കാരുണ്ട് അവിടെ. മാളുവിന് പക്ഷേ വല്യേച്ചിയുടെ വീട്ടിലാണ് കൂടുതൽ ഇഷ്ടം. കൂടുതൽ സ്വാതന്ത്ര്യമെന്ന് പറയുന്നതാകും ശരി.  

“അമ്മേ, അമ്മയുടെ ബാഗിലൊന്നും എൻറെ മാല കാണാനില്ലാട്ടോ. ഞാൻ എവിടെയൊക്കെ തിരഞ്ഞു? ഒന്ന് അത് എടുത്തു തരൂന്നേ.” മാളു വിടുന്ന മട്ടില്ല.  

“എന്റെ മാളൂ, ഞാനിപ്പഴാ ഓർത്തത് ട്ടോ. നിന്നോട് പറയാൻ മറന്നു.  നമ്മുടെ വലിയ പെട്ടിയുടെ ഉള്ളിലാണ് അതിരിക്കുന്നത്‌. ‘തീവണ്ടീല് ഇത്ര ദൂരം പോണതല്ലേ, മടക്കത്തിൽ സുധീറുമില്ലല്ലോ അതുകൊണ്ടു നീയാ മാല വലിയപെട്ടിക്കകത്തേക്ക് വച്ചേക്കൂ’ എന്ന് വല്യമ്മ പറഞ്ഞപ്പോൾ എനിക്കും തോന്നി ശരിയാണെന്ന്. ഇനിയെന്തായാലും അവിടെ ചെല്ലട്ടെ. അപ്പഴേ എടുത്തു തന്നേക്കാം നിന്റെ മാല.”  

തൽക്കാലത്തേക്ക് ഒരു നുണ പറഞ്ഞു കഴിഞ്ഞപ്പോൾ മാലതിക്ക് ആശ്വാസമല്ല തോന്നിയത്. പെയ്തുതോർന്നിട്ടും ഒഴിഞ്ഞുപോകാത്ത കാർമേഘം പോലെ നെഞ്ചിനുള്ളിൽ ഒരു കനം. പറയരുതായിരുന്നു.  മാളുവിനോട് നുണ പറയരുതായിരുന്നു.  എപ്പോഴും  സത്യം മാത്രമേ പറയാവൂ എന്ന് അവളെ പഠിപ്പിച്ചിട്ട് താനിപ്പോൾ എന്താണ് പറഞ്ഞത്?  ജീവിതം പലപ്പോഴും അങ്ങിനെയാണ്. ചിലപ്പോഴെങ്കിലും സത്യം മറഞ്ഞുകിടക്കണമെന്ന് നാം ആഗ്രഹിച്ചുപോകുന്നു. പക്ഷേ സത്യം ഒരുനാൾ മറനീക്കി പുറത്തുവരും എന്ന വസ്തുത പലപ്പോഴും നാം ഓർക്കാൻ കൂടി ഇഷ്ടപ്പെടാറില്ല. ഇനി മാലയുടെ കാര്യം അവളോട് പറഞ്ഞുവെന്ന് വയ്ക്കുക, തനിക്ക് വയ്യ അവളുടെ സങ്കടം കാണാൻ. അവിടെച്ചെന്നിട്ടാകുമ്പോൾ സുധിയേട്ടൻ ഉണ്ടല്ലോ? അവൾക്ക് സുധിയേട്ടനോടാണ് കൂടുതൽ അടുപ്പം. ആദ്യമായാണ് മോളുമൊത്ത് നാട്ടിൽനിന്ന് തനിച്ചുള്ള മടക്കം. എപ്പോഴും സുധിയേട്ടൻ വന്ന് കൂട്ടിക്കൊണ്ടു പോകുകയാണ് പതിവ്. ‘സ്ലീപ്പിങ് ബെർത്തിന് റിസർവേഷൻ കിട്ടിയില്ല മാലൂ, ഇത്തവണ നിനക്ക് മോളെയുംകൊണ്ട് പോരാമോ’ എന്ന് ചോദിച്ചപ്പോൾ കാര്യം മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. പണത്തിന് ബുദ്ധിമുട്ടുണ്ട് എന്ന കാര്യം സുധിയേട്ടൻ പറയാതെ പറഞ്ഞതാവണം. പാവം, തനിക്ക് വിഷമമാകേണ്ടെന്ന് കരുതിയിട്ടുണ്ടാകും. അതുകൂടിയായപ്പോൾ മാല കുഞ്ഞേച്ചിയെ ഏൽപ്പിച്ച് കുറച്ചു പണം വാങ്ങാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അതേതായാലും നന്നായെന്ന് ഇപ്പോൾ തോന്നുന്നു.  

******    ******    ******

എല്ലാവരും കൂടി സാധനങ്ങൾ ഉമ്മറത്തേക്ക് എടുത്തുവച്ചു. ചക്ക തന്നെ മൂന്നാലെണ്ണമുണ്ട്. വല്യേച്ചിയുടെ പറമ്പിലെ ചക്കകളാണ്. ചക്കയിടാൻ ആളെക്കിട്ടാൻ ശകലം ബുദ്ധിമുട്ടേണ്ടിവന്നു. ഒടുവിൽ കോട്ടക്കുന്നത്തെ പോൾസണാണ് പുളിയുറുമ്പിന്റെ കടിയെല്ലാം കൊണ്ട് പ്ലാവിൽ കയറി ചക്കകൾ കയറിൽ കെട്ടിയിറക്കിത്തന്നത്. വല്യേട്ടൻ കൊടുത്തത് നോക്കുകപോലും ചെയ്യാതെ ഒരു മൂളിപ്പാട്ടും പാടി അയാൾ പോകുകയും ചെയ്തു. ഇക്കാലത്ത് ഇങ്ങനെയുമുണ്ടോ ആളുകൾ? നാട്ടിൽനിന്ന് വരുന്ന ചക്കയും കാത്തിരിക്കുന്നവർ കുറേപ്പേരുണ്ട്. തൊട്ടയല്പക്കത്തെ ശാരദേച്ചി, പിന്നെ സമാജത്തിലെ ചിത്രേടത്തി, ബിന്ദു, ജോൺസൻ, ഷിബു... അങ്ങനെ പോകുന്നു ചങ്ങാതിക്കൂട്ടം. 

കുഞ്ഞേച്ചിയുടെ വക അമ്പത് നാളികേരം, മൂന്ന് കുപ്പി വെളിച്ചെണ്ണ,  ഉണക്കമാന്തളും, ഉണക്ക ഐലയും ഓരോ കിലോ വീതം. ഉണ്ണിയപ്പം, കായനുറുക്ക്, കടുമാങ്ങാ അച്ചാർ ഇത്യാദികൾ വേറെയും. 

സുധിയേട്ടനുള്ളപ്പോൾ ഇതൊക്കെ കൈകാര്യം ചെയ്യേണ്ട ബുദ്ധിമുട്ട് അറിഞ്ഞിട്ടേയില്ല, എല്ലാം ഉത്സാഹത്തോടെ ഓടിനടന്ന് ചെയ്തുകൊള്ളും. വല്യേട്ടൻ എല്ലാം തീവണ്ടിയിലേക്ക് എടുത്തു വച്ചു തരും എന്നുള്ളതാണ് ആശ്വാസം. അവിടെച്ചെന്നാൽപിന്നെ റെയിൽവേസ്റ്റേഷനിൽ   സുധിയേട്ടനുണ്ടാകുമല്ലോ. സുധിയേട്ടനെ കാണാൻ തിടുക്കമായി.  

യാത്രയയയ്ക്കാനായി വലിയൊരു പട തന്നെയുണ്ടാകും റെയിൽവേ സ്റ്റേഷനിലേക്ക്. വല്യേച്ചി, വല്യേട്ടൻ, അവരുടെ രണ്ടു മക്കൾ, കുഞ്ഞേച്ചി, ബിസിനസ്സിന്റെ തിരക്കുകൾ കാരണം കുഞ്ഞേട്ടൻ വരാറില്ല. അനിയത്തി സുധയും ഭർത്താവും... അങ്ങിനെ പോകുന്നു യാത്രയാക്കാൻ വരുന്നവരുടെ നിര. എല്ലാക്കൊല്ലവും അത് പതിവാണ്.  

അഞ്ചു മണിയായിരിക്കുന്നു. യാത്രയുടെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞിരിക്കുന്നു.  ഇനി വല്യേട്ടൻ കാറുമായി വന്നാൽ മാത്രം മതി. അംബാസ്സഡർ കാറാണ്. ഇക്കണ്ട സാധനങ്ങളും ആളുകളും കയറണമെങ്കിൽ അംബാസഡർ തന്നെ വേണം. എന്നാലും മുഴുവൻ ആളുകൾക്കും കയറാൻ പറ്റില്ല. ബാക്കിയുള്ളവർ ഒരു ഓട്ടോറിക്ഷയിൽ പിന്നാലെ വന്നുകൊള്ളും.  

അവിടെ ചെന്നിട്ടുള്ള കാര്യങ്ങൾ ഓരോന്ന് ആലോചിച്ച് നിൽക്കുകയായിരുന്ന മാലതി, യാത്രയിൽ രാത്രി കഴിക്കാനുള്ള പൊതിച്ചോറുമായി വല്യേച്ചി മുറിയിലേക്ക് കടന്ന് വന്നത് അറിഞ്ഞില്ല. 

“എന്താ മാലൂ പോണ നേരത്ത് ഒരു ആലോചന?”

“ഒന്നുമില്ല ചേച്ചി, ഓരോന്ന് ഇങ്ങനെ ആലോചിച്ചു നിൽക്കുകയായിരുന്നു.”  

“ഇന്നാ നീയിത് കയ്യിൽ വച്ചോളൂ...”, കുറച്ചു പണം മാലതിയുടെ കൈയിലേക്ക് വച്ചുകൊടുത്തുകൊണ്ട് വല്യേച്ചി പറഞ്ഞു.  എല്ലാ തവണയും ഇത് പതിവാണ്. വല്യേച്ചിയുടെ സ്വകാര്യ സമ്പാദ്യത്തിൽനിന്നുള്ള ഒരു ഓഹരി. വല്യേച്ചി എപ്പോഴും അങ്ങിനെയാണ്. കണക്ക് വയ്ക്കാതെ സ്നേഹം കോരിച്ചൊരിയുന്ന പ്രകൃതം. മനസ്സിൽ കനത്തുകിടന്നിരുന്ന വിഷമം മുഴുവൻ ഞൊടിയിടയിൽ കണ്ണീർ പ്രവാഹമായി മാറിയത് മാലതിപോലും അറിയാതെയാണ്.

“വല്യേച്ചി... ഒരു തേങ്ങലോടെ മാലതി ചേച്ചിയുടെ ചുമലിലേക്ക് ചാഞ്ഞു. 

മാലതിയുടെ പുറം തലോടിക്കൊണ്ട് വല്യേച്ചി പറഞ്ഞു: ‘‘എല്ലാം ശരിയാകും മാലൂ. നീ സമാധാനിക്ക്’’

‘‘ആ ഒരു പ്രതീക്ഷ മാത്രമേയുള്ളൂ ചേച്ചി’’

‘‘കണ്ണു തുടയ്ക്കൂ, എന്നിട്ട് പുറപ്പെടാൻ നോക്ക്’’

കാറുവരുന്നതും കാത്ത് എല്ലാവരും ഉമ്മറത്ത് നിൽക്കുകയാണ്. മാളുവിന്റെ മുഖത്ത് മാത്രം പതിവുള്ള ഉത്സാഹമില്ല. എന്നാലും അവൾ അങ്ങോട്ടും ഇങ്ങോട്ടുമായി നടക്കുന്നുണ്ട്. ഇടയ്ക്കിടെ കഴുത്തിൽ തൊട്ടു നോക്കുന്നത് കാണാം. മാലയെക്കുറിച്ചുള്ള ചിന്ത അവളെ വല്ലാതെ അലട്ടുന്നുണ്ട്, മാലതി സങ്കടത്തോടെ ഓർത്തു.

“കുഞ്ഞേച്ചി വന്നില്ലല്ലോ ഇതുവരെ?” മാലതി ചോദിച്ചു.

“അവൾ തീവണ്ടിയാപ്പീസിലേക്ക് നേരിട്ട് എത്തിക്കോളാമെന്നാണ് പറഞ്ഞത്. കുറച്ചു നേരത്തെ ഫോൺ ചെയ്തിരുന്നൂത്രേ. താഴേള്ളത് സ്കൂളീന്ന് വരാൻ വൈകുമെന്നാണ് കേട്ടത്.” വല്യേച്ചിയാണ് പറഞ്ഞത്.

ഇടവഴിയിൽ കാറിന്റെ ഹോണടി. വല്യേട്ടൻ എത്തിയിരിക്കുന്നു. എല്ലാവരും ഇറങ്ങാൻ റെഡിയായി. സാധനങ്ങളെല്ലാം ചിട്ടയോടെ വല്യേട്ടനാണ് ഡിക്കിയിലേക്ക് ഒതുക്കി വച്ചത്.

******    *******    ******

റെയിൽവേ സ്റ്റേഷൻ. ഒരിക്കലും അവസാനിക്കാത്ത ബഹളങ്ങളുടെ ജീവസ്സുറ്റ ഉത്സവപ്പറമ്പ്. ഉച്ചഭാഷിണിയിലൂടെ മുഴങ്ങുന്ന ഇടയ്ക്കിടെയുള്ള അറിയിപ്പുകൾ, തിരക്കിട്ട് പ്ലാറ്റുഫോമിലൂടെ നടന്നുനീങ്ങുന്ന യാത്രപോകുന്നവർ, യാത്രയയക്കാൻ വരുന്നവർ, ചുവന്ന ഷർട്ടും തലേക്കെട്ടുമായി വലിയ പെട്ടികൾ തലയിലേറ്റി നടന്നുനീങ്ങുന്ന ചുമട്ടുകാർ, ചായയും കാപ്പിയും വിൽക്കാൻ നടക്കുന്നവർ, മുഷിഞ്ഞ ഭാണ്ഡങ്ങൾ തോളത്തേറ്റിയ യാചകർ, എങ്ങുനിന്നോ വരികയും എങ്ങോട്ടൊക്കെയോ പോകുകയും ചെയ്യുന്ന തീവണ്ടികൾ, ദുർഗന്ധങ്ങൾ, ജീവിതത്തിന്റെ നൈരന്തര്യത്തെ ഓർമ്മിപ്പിക്കുമാറ്, അനന്തതയോളം നീണ്ടു കിടക്കുന്ന ഉരുക്കു പാളങ്ങൾ... അങ്ങനെ എന്തെല്ലാം കാഴ്ചകൾ! ഏതൊക്കെയോ യാത്രകളുടെ തുടക്കത്തിനും ഒടുക്കത്തിനും സാക്ഷിയാകുന്ന ഓരോ റെയിൽവേ സ്റ്റേഷനും ഒരു വിചിത്രമായ ലോകം തന്നെ. 

തീവണ്ടി വരാൻ അല്പനേരംകൂടി ബാക്കിയുണ്ട്. രണ്ടാംനമ്പർ പ്ലാറ്റുഫോമിലാണ് മാലതിക്കുള്ള തീവണ്ടി എത്തിച്ചേരുക. എല്ലാവരും സാധനങ്ങളുമെടുത്ത് മാലതിക്ക്‌ യാത്ര ചെയ്യേണ്ട കംപാർട്മെന്റ് വന്ന് നിൽക്കുന്ന സ്ഥലത്തെത്തി അവിടെയുള്ള ഒരു സിമെന്റുബെഞ്ചിൽ ഇരിപ്പുറപ്പിച്ചു. തൊട്ടടുത്ത് ഹിഗ്ഗിൻ ബോത്തം ബുക്‌ഷോപ്. ഒന്നോ രണ്ടോ ആളുകൾ അവിടെ ഏതോ മാഗസിനും മറിച്ചുനോക്കി നിൽക്കുന്നുണ്ട്.  അതിനടുത്തുള്ള കൊച്ചു കടയിൽ ഒരാൾ ഒരു പാക്കറ്റ് കായ വറുത്തതും ഒരു കുപ്പി വെള്ളവും വാങ്ങി പണം കൊടുക്കുന്നു. അതിനുമപ്പുറത്ത് രണ്ടു മൂന്ന് നായ്ക്കൾ കടിപിടി കൂടുന്നു. മാളു അവയെ കൗതുകത്തോടെ നോക്കി നിൽക്കുകയാണ്. 

ഒരു തമിഴ് കുടുംബമാണെന്ന് തോന്നുന്നു, വലിയ ഒച്ചയിൽ വർത്തമാനം പറഞ്ഞുകൊണ്ട് അധികം അകലെയല്ലാതെ മറ്റൊരു ബെഞ്ചിൽ ഇരിക്കുന്നുണ്ട്. ക്ഷേത്രദർശനമോ മറ്റോ പൂർത്തിയാക്കി  മടങ്ങുന്നവരായിരിക്കണം. കുഞ്ഞേച്ചി ഇതുവരെ എത്തിയില്ലല്ലോ? മാലതി ഓർത്തു. വല്യേച്ചിയോട് സൂചിപ്പിക്കുകയും ചെയ്തു.

“വല്യേട്ടൻ ദാ, ഇപ്പൊ വിളിച്ചു വച്ചതേയുള്ളൂ സോമനെ. അവൾ വീട്ടിൽ നിന്ന് പോന്നിട്ട് കുറെ സമയമായെന്നാണ് പറഞ്ഞത്. ചിലപ്പോൾ ട്രാഫിക്കിൽ കുടുങ്ങിയിട്ടുണ്ടാകും”

“എന്നാപ്പിന്നെ കുഞ്ഞേച്ചിയുടെ മൊബൈലിൽ ഒന്ന് വിളിച്ചു നോക്കിയാലോ?” മാലതി വിടാൻ ഭാവമില്ല.

“അതും നോക്കി. മൊബൈൽ ഓഫ് ആണ്. അവൾ ചാർജ് ചെയ്യാൻ മറന്നു കാണും.”

“ഇനിയിപ്പോ എത്തുമ്പോൾ എത്തട്ടെ. അല്ലാതെന്താ ചെയ്യാ?” മാലതിക്ക് അല്പം നിരാശ തോന്നാതിരുന്നില്ല. കുഞ്ഞേച്ചിയോട് യാത്ര പറയാതെ പോകേണ്ടി വരുമോ? ട്രെയിൻ വരാൻ ഇനി ഏതാനും മിനിറ്റുകളേയുള്ളൂ. കുഞ്ഞേച്ചി എപ്പോഴും അങ്ങിനെയാണ്. ഒരിടത്ത് പോകുന്നുണ്ടെങ്കിൽ ഒരൽപം നേരത്തെ ഇറങ്ങില്ല. ചെല്ലുന്ന സ്ഥലത്തെല്ലാം വൈകിയേ എത്തൂ. എത്ര പറഞ്ഞാലും ഒരു കാര്യവുമില്ല. മാലതി ഓർത്തു.

ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് മുഴങ്ങി. അകലെ ആകാശത്തേക്കുയരുന്ന പുകവാൽ തീവണ്ടിയുടെ വരവറിയിച്ചു. മാലതിക്കുള്ള വണ്ടിയാണ്.  എല്ലാവരും തയ്യാറായി. വല്യേട്ടനും സുധയുടെ ഭർത്താവും ലഗ്ഗേജ് എല്ലാമെടുത്ത് എപ്പഴേ റെഡി. ഇനി ഏതാനും മിനിറ്റുകൾ മാത്രം. വല്യേച്ചി ഇപ്പഴേ കണ്ണുകൾ നിറച്ചുകൊണ്ടാണ് നിൽപ്പ്. സുധയും അങ്ങിനെത്തന്നെ.  മാലതിയുടെ കാര്യം പറയാനുമില്ല. 

“മാളൂ, ഇനിയെന്നാ വര് രാ?” വല്യേച്ചി മാളുവിനോടാണ്.

“അടുത്ത കൊല്ലം വല്യമ്മേ.” മാളു ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും അവളുടെ സ്വരത്തിൽ വലിയ ഉത്സാഹമൊന്നും ഉണ്ടായിരുന്നില്ല.    

“അവിടെ എത്തിയാൽ വല്യമ്മയെ വിളിക്കണം, ട്ടോ.” 

മാളു തലയാട്ടുകമാത്രം ചെയ്തു. 

വലിയൊരു മുരൾച്ചയോടെ തീവണ്ടി പ്ലാറ്റുഫോമിലേക്ക് പ്രവേശിച്ചു. കൂടെ എന്തൊക്കെയോ മനം മടുപ്പിക്കുന്ന ഗന്ധങ്ങളുടെ അകമ്പടിയും. കയറുകയും ഇറങ്ങുകയും ചെയ്യുന്നവരുടെ ബഹളം. അതിനിടയിലൂടെ വല്യേട്ടനും സുധയുടെ ഭർത്താവും ഒരുവിധത്തിൽ മാലതിക്കുള്ള കമ്പാർട്ട്മെന്റിൽ കയറിപ്പറ്റിക്കഴിഞ്ഞിരുന്നു. ലഗേജെല്ലാം മാലതിയുടെ സീറ്റിനടിയിലും ബെർത്തിലുമായി ഒരുവിധത്തിൽ ഒതുക്കിവച്ചതിനുശേഷം അഭ്യാസികളെപ്പോലെ വേഗത്തിൽ ഇരുവരും പുറത്തേയ്ക്കിറങ്ങി. ജനലരികത്തുള്ള സീറ്റാണ് മാലതിക്ക് കിട്ടിയിരിക്കുന്നത്. തൊട്ടരികത്ത് മാളുവിനും. ചായമടർന്ന് തുരുമ്പിച്ച, തീവണ്ടിയുടെ  ജനൽക്കമ്പികൾക്കിടയിലൂടെ കൈകൾ കോർത്തു, നിറഞ്ഞ കണ്ണുകളോടെ മാലതിയും വല്യേച്ചിയും. അപ്പോഴാണ് ഓടിക്കിതച്ചുകൊണ്ട് കുഞ്ഞേച്ചിയും ഇളയ മകൾ ആമിയും എത്തിച്ചേർന്നത്. മാളുവും ആമിയും സമപ്രായക്കാരാണ്. അവർ എത്തിയതും തീവണ്ടി പതിയെ നീങ്ങാൻ തുടങ്ങിയതും ഏകദേശം ഒരേസമയത്തായിരുന്നു. എങ്കിലും യാത്രപറയാൻ പറ്റി. അത്രയും ആശ്വാസം. 

വളരെ പതിയെ നീങ്ങിത്തുടങ്ങിയ തീവണ്ടിയോടൊപ്പം പ്ലാറ്റ്‌ഫോം അവസാനിക്കുന്നിടം വരെ കൈവീശിക്കൊണ്ട് എല്ലാവരും വേഗത്തിൽ ഒപ്പം നടന്നു. അപ്പോഴാണ് മാളു മാലതിയെ തോണ്ടി വിളിച്ച് ആമിയുടെ നേർക്ക് വിരൽ ചൂണ്ടിയത്. അപ്പോൾമാത്രമാണ് ഒരു ഞെട്ടലോടെ മാലതിയും അത് കണ്ടത്. ആമി കഴുത്തിൽ അണിഞ്ഞിരുന്നത്, അത് മാളുവിന്റെ മാലയായിരുന്നു. 

കണ്ണുനീർ മറച്ച ജാലകക്കാഴ്ചകൾക്കപ്പുറം പിന്നിലേക്ക് അകന്നകന്നു പോകുന്ന കൈവീശലുകൾ. അകലെ മൈലാഞ്ചിച്ചുവപ്പുള്ള ആകാശച്ചെരുവിൽ ഒരുകൂട്ടം ദേശാടനപ്പക്ഷികൾ. അപ്പോഴും സങ്കടത്തോടെ പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്ന മാളുവിന്റെ നിറഞ്ഞ കണ്ണുകൾ നിർവികാരതയോടെ, കാഴ്ചയിൽനിന്ന് അതിവേഗമകലുന്ന പ്ലാറ്റുഫോമിലായിരുന്നു.  

ഒരു നീണ്ട ചൂളംവിളിയോടെ, കാണേണ്ടതും കാണേണ്ടാത്തതുമായ കാഴ്ചകളെയെല്ലാം അതിവേഗം പിന്നിലേക്ക് പായിച്ചുകൊണ്ട് ആ തീവണ്ടിയുടെ പ്രയാണം അതിനോടകംതന്നെ മഹാനഗരം ലക്ഷ്യമാക്കിയുള്ള അതിന്റെ ഗതിവേഗമാർജ്ജിച്ചു കഴിഞ്ഞിരുന്നു. അപ്പോഴും ഇനിയും വന്നെത്തിയിട്ടില്ലാത്ത കാഴ്ചകളുടെ കാണാപ്പുറങ്ങളിലേക്ക് ആ പാളങ്ങൾ, ഒരിക്കലും അവസാനിക്കാത്ത സമാന്തര രേഖകളായി നീണ്ടു നീണ്ടു കിടന്നു. 

English Summary: Jalakakazhchakalkkumappuram, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;