ADVERTISEMENT

2020ലെ കൊറോണ കാലം.. കോവിഡ് ഭയത്തിൽ പലചരക്കു സാധനങ്ങൾ മാസത്തിൽ ഒരിക്കലേ പോയി വാങ്ങു. ചിപ്സ്, മിക്സ്ചർ, ചോക്കോസ് ഒക്കെ വലിയ പാക്കറ്റ് വാങ്ങി സ്റ്റോക്ക് ചെയ്യും. എന്റെ എട്ടു വയസ്സുകാരൻ കുട്ടികുറുമ്പന്റെ ഫേവറിറ്റ് ഫുഡ് ആണ് സ്നാക്ക്സ്. ചോറും ചപ്പാത്തിയും പുട്ടുമൊന്നും അവനു വേണ്ട. സ്നാക്ക്സ് മതി. അപ്പൂപ്പൻ അവനെ പേടിച്ചു സ്നാക്ക്സ് ഒക്കെ ഒളിപ്പിച്ചു വക്കും. എന്റെ കൊച്ചു ഡിറ്റക്റ്റീവ് എല്ലാം തേടി കണ്ടു പിടിക്കും. പാവം കൃത്യമായി സ്ഥലം എന്നോട് വന്നു പറയും. ഞാനതു അവന്റെ അപ്പൂപ്പനോടും പറഞ്ഞു കൊടുക്കും. പിന്നെയും സ്നാക്ക്സ് ഒളിച്ചു കളി തുടരും. അരിക്കലത്തിൽ തൊട്ട് ഇഡ്ഡലിചെമ്പിൽ വരെ അപ്പൂപ്പൻ ഒളിപ്പിക്കും. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കൊച്ചു മകന്റെ കണ്ണ് വെട്ടിക്കാൻ പറ്റുന്നില്ല. ഒരു മാസത്തേക്ക് വാങ്ങിയ സ്നാക്ക്സ് ഒറ്റ ദിവസം കൊണ്ട് കഴിച്ചു തീർത്തു വയറിനു വല്ല അസുഖവും വരുത്തി വച്ചാലോ? ഇതാണ് അപ്പൂപ്പന് പേടി.

 

ഈ ടോം ആൻഡ് ജെറി വീട്ടിലെ സ്ഥിരം കാഴ്ചയാണ്. ഞാൻ എന്റെ കുട്ടിക്കാലം ഓർത്തു. അവധികാലം വാരാപ്പുഴയുള്ള അമ്മ വീട്ടിൽ കസിൻസ് കൂടി കളിച്ചു തകർക്കുന്ന കാലം. 7 ടൈൽസ്, ലോക്ക് ആൻഡ് കീ, സാറ്റ് കളി, ഓടി തൊട്ടു കളി, മച്ചിങ്ങ കളി, പൂ പറിക്കാൻ പോരുമോ കളി തുടങ്ങി കളികൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത കാലം. ഒരു കാര്യത്തിൽ പഞ്ഞം ഉണ്ട്, പ്രിയപ്പെട്ട മധുര പലഹാരങ്ങൾ കിട്ടുന്ന കാര്യത്തിൽ. ജിലേബി, ലഡ്ഡു, കേക്ക്, ചിപ്സ്, മിക്സ്ചർ ഒക്കെ വിരുന്നുകാർക്ക് മാത്രം ഉള്ളതാണ്. അവൽ നനച്ചത്, കൊഴുക്കട്ട, ഇല അട, പഴം പുഴുങ്ങിയത്, കപ്പ പുഴുക്ക് മുതലായ ലോക്കൽ വീട്ടു പലഹാരങ്ങളാണ് ഞങ്ങൾക്ക് കിട്ടുക. ഈ വിരുന്നുകാർ സ്പെഷ്യൽ പലഹാരം ഒക്കെ ഒരു ചുവർ അലമാരയിൽ വച്ച് താക്കോൽ ഇട്ടു പൂട്ടി താക്കോൽ അമ്മാമ്മ ഭദ്രമായി അരയിൽ തിരുകി വക്കും. ഞങ്ങൾ കുട്ടിക്കൂട്ടം സംഘങ്ങൾ ആയി തിരിഞ്ഞു അലമാര പരിസരത്തു വട്ടമിട്ടു പറക്കും പലഹാരം റാഞ്ചാൻ! എവിടെ ഒരു രക്ഷയുമില്ല.

 

ഒരു ദിവസം വിരുന്നുകാർ വന്നു. അവരെ സൽകരിക്കാൻ അമ്മാമ്മ പലഹാര അലമാര തുറന്നു. പെട്ടെന്ന് അടക്കാൻ വിട്ടു പോയ തക്കത്തിന് ഞാൻ രണ്ടു മൂന്നു കേക്ക് കഷ്ണങ്ങളും ലഡ്ഡുവും റാഞ്ചി. കസിൻസിനെ വിളിച്ചു കൂട്ടി എല്ലാവരും കൂടി പട്ടികൂടിന്റെ മുകളിൽ കയറി (പട്ടി ഇല്ലാത്ത കൂടാണ്) ഇരുന്ന് ലഡ്ഡുവും കേക്കും ആസ്വദിച്ചു തിന്നു. അമ്മാമ അലമാര പൂട്ടാൻ ചെന്നപ്പോൾ ഒരു ലഡ്ഡു താഴെ വീണു കിടക്കുന്നു. കാര്യം മനസിലായ അമ്മാമ വടിയുമായി ഞങ്ങളെ തിരഞ്ഞിറങ്ങി. 

 

വടി കണ്ട മാത്രയിൽ കുട്ടിക്കൂട്ടം പട്ടിക്കൂടിന്റെ മുകളിൽ നിന്ന് താഴോട്ട് ചാടി. എന്റെ കഷ്ടകാലം, ഞാൻ ചാടിയത് ഒരു പൊട്ടിയ ഓടിൻ കഷണത്തിൽ ആയിരുന്നു. കാല് പൊട്ടി നല്ലോണം ചോര പൊടിഞ്ഞു. അത് കണ്ട് അമ്മാമ്മ വടി താഴെ ഇട്ടു ഓടി വന്നു. എന്നെ കൂട്ടി പൈപ്പിൻ ചോട്ടിൽ കാല് കഴുകിച്ചു. വെള്ളം വീണു നീറി എങ്കിലും ചോര നിന്നപ്പോൾ ആശ്വാസം ആയി. ആന്റി after shave ലോഷൻ കൊണ്ട് വന്നു. സെപ്റ്റിക് ആവാതിരിക്കാനാണ്. നല്ല നീറ്റൽ മനസ്സിൽ കണ്ടു ഞാൻ ഒറ്റ ഓട്ടം വച്ച് കൊടുത്തു. ആന്റി നല്ല സൂത്രക്കാരി ആണ്. രാത്രി ഞാൻ ഉറങ്ങിയപ്പോൾ കാലിലെ മുറിവിൽ after shave ലോഷൻ പുരട്ടി. ഉറക്കത്തിന്റെ സുഖത്തിൽ ഞാനറിഞ്ഞില്ല. എപ്പോൾ ഓർക്കുമ്പോൾ എന്റെ കുട്ടികാലത്തിന് എത്ര ഭംഗിയാണ്.

               

ഇന്ന് സൂപ്പർ മാർക്കറ്റിൽ മാസ്ക് ധരിച്ച് എന്റെ മോന് ഓൺലൈൻ ക്ലാസ്സിലെ സ്നാക്ക്സ് ബ്രേക്കിൽ കൊടുക്കാനുള്ള പലഹാര പാക്കറ്റുകൾ ട്രോളിയിലേക്കു ഇടുമ്പോൾ എന്റെ മനസ്സ പഴയ പലാഹാര അലമാരയിലേക്കു പോയി. പണ്ടത്തെ ബേക്കറിയിലെ ചില്ലു ഭരണിയിലെ മുന്തിരി വച്ച ലഡ്ഡുവിലും തേൻ മിട്ടായിയിലും ഓർമ്മകൾ ഉടക്കി നിന്നു. ഇന്നിന്റെ കുട്ടികൾക്ക് ആവശ്യത്തിലേറെ കിട്ടുമ്പോൾ നമുക്ക് പണ്ട് കാത്തിരുന്ന് കിട്ടിയിരുന്ന രുചികൾ ആസ്വദിക്കാനുള്ള അവസരം കാലവും ഞാനും നിഷേധിക്കുകയോ? ആ ഓർമയിൽ നിൽക്കുമ്പോൾ പെട്ടെന്ന് ചേച്ചി സാധനങ്ങൾ ട്രേയിലേക്കു വക്കു എന്ന  ബില്ലിംഗ് കൗണ്ടറിലെ പെൺകുട്ടിയുടെ വാക്കുകൾ എന്നെ ഓർമ്മകളിൽ നിന്നുണർത്തി. 

 

mealsafe എന്നാണ് പലഹാര അലമാരയുടെ ശരിക്കുള്ള പേര്. പണ്ടത്തെ ആളുകൾ ഇട്ട അർത്ഥ പൂർണമായ പേര്. ഇപ്പോൾ ആ പേര് ആരും പറഞ്ഞു കേൾക്കാറില്ല. പലഹാരങ്ങൾക്കും ഇപ്പോൾ പഞ്ഞം ഇല്ലല്ലോ. എപ്പോഴും കിട്ടുന്നതിനാൽ പഴയ പലഹാര രുചി ഇല്ല. കൊതിച്ചു കൊതിച്ചിരുന്നു കിട്ടുമ്പോളെ നാവിനു രുചി അറിയൂ. വിലയറിയൂ. ഒരു ലഡ്ഡുവിനു പകരം ഒരു പാക്കറ്റ് ലഡ്ഡു. ഏഴോ എട്ടോ പേർക്ക് പകരം ഒന്നോ രണ്ടോ പേര് മാത്രം. പലഹാരമേറെ… കഴിക്കാനുള്ളവർ കുറഞ്ഞു. പണ്ടത്തേതിന് നേരെ വിപരീതം. മാത്രമല്ല പഴയ മധുര രുചി കുട്ടികളുടെ കിൻഡർജോയ്ക്കും ചോക്കോസിനും ഒക്കെ വഴി മാറി. ഇവർക്ക് മധുരിക്കും ഓർമ്മകൾ ഉണ്ടാവുമോ? ഒരു ലഡ്ഡു പങ്കു വച്ച് കഴിക്കുമ്പോഴുള്ള പങ്കുവക്കലിന്റെ സ്നേഹം ഇവർ എന്നെങ്കിലും അറിയുമോ?

 

English Summary: Memoir written by Rosmy Jose Valavi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com