രണ്ടു കാലിൽ ഓടിയോടി തേയ്മാനം മാനം വന്നു നശിച്ചു ജീവനുള്ള യന്ത്രമാണോ പെണ്ണ്?

tired-women
പ്രതീകാത്മക ചിത്രം. Photo Credit : Vladeep / Shutterstock.com.
SHARE

രണ്ടുകാലിൽ ഓടുന്ന മനുഷ്യയന്ത്രം (കഥ)

സോഫയിലേക്ക് ഹരി വലിച്ചെറിഞ്ഞ ബാഗുമായി അടുക്കളയിലേക്ക് തിരിഞ്ഞതോടെ അന്നത്തെ കാത്തിരിപ്പിന് അവസാനമായി.

ബാഗിൽനിന്നെടുത്ത പാത്രങ്ങൾ സോപ്പിട്ടു പതപ്പിച്ചു, സിങ്കിൽ മുഴുവൻ പത നിറഞ്ഞു, ആ പതയിൽ പാത്രത്തിൽ നിന്നും ഇളകിമാറിയ എണ്ണയും കറിമസാലയുടെ അവശിഷ്ടങ്ങളും കൂടി കലർന്ന് അവിടവിടയായി മഞ്ഞനിറങ്ങളിൽ പടർന്നു കിടന്നു.

അടുക്കളയുടെ ജനൽ തുറന്നു പത കൈയിൽ കോരി വെളിയിലേക്ക് ഊതി പറപ്പിച്ചു... കാറ്റിൽ പത പൊങ്ങിയും താണും പറന്നു പറന്നു... ഒന്ന് കണ്ണു ചിമ്മിയ നേരത്ത് പെട്ടന്ന് ഇല്ലാതെ ആയി.

എന്റെ ഓരോ ദിവസത്തെ കാത്തിരിപ്പും ഇല്ലാതെ ആകുന്നത് ഇതു പോലെയാണ്.

തീർത്തും ഒറ്റപെട്ട ജീവിതം. കൂട്ടുകാരില്ല, അയൽക്കാരില്ല, പരിചയക്കാരില്ല. പാചകവും, തുണി നനക്കലും, വീട് വൃത്തിയാക്കലും കഴിഞ്ഞാൽ നാടും വീടും സ്കൂളും കോളജും ഒക്കെ മനസ്സിൽ വരും.

കളിച്ചു വളർന്ന വീട്ടിലെ മണ്ണിൽ ഒന്ന് നടക്കാൻ കൊതി തോന്നും. അടുക്കള വശത്തു ഇറങ്ങി നിന്നd അടുത്ത വീട്ടിലെ ചേച്ചിയെ നീട്ടി വിളിക്കാനും അവരോടൊക്കെ ഉറക്കെ കാര്യം പറയാനും തോന്നും.

പെട്ടന്ന് എതിർ ദിശയിൽ വീശിയ കാറ്റിൽ കയ്യിലെ സോപ്പ്പത പറന്നു മുഖത്തേക്കും കണ്ണിലേക്കും വീണു. അതുവരെ ഒതുക്കി വച്ചിരുന്ന കണ്ണു നീരെല്ലാം സോപ്പ് പതയോടൊപ്പം പുറത്തേക്കു ഒഴുകി ഇറങ്ങി.

കുളി കഴിഞ്ഞിറങ്ങിയ ഹരി അടുക്കള വാതുക്കൽ വന്ന് അകത്തേക്ക് നോക്കി പറഞ്ഞു.

:-കഴിക്കാൻ വല്ലതും ഉണ്ടേൽ എടുത്തു വയ്ക്ക്.

മേശപ്പുറത്തു കൊണ്ട് വച്ച അത്താഴം പ്ലേറ്റിലേക്ക് എടുത്തു വച്ചു കഴിക്കുന്നതിനിടയിൽ മുറിയിൽ നിശബ്ദത കനം കെട്ടി. അതിന് ഒരു അയവു വരുത്താൻ വേണ്ടി ചോദിച്ചു.

:-കറി കൊള്ളാവോ...

മറുപടി ചോദ്യത്തിനുള്ളത് അല്ലാരുന്നു.

:- കാഴ്ച കണ്ടും കാണിച്ചും മതിയാക്കിയിട്ടാണോ ഇങ്ങോട്ട് കഴിക്കാൻ വന്നത് ?

:- കാഴ്ചയോ, എന്തു കാഴ്ച.

:- നീ ആരെയാ ഈ മണ്ടൻ കളിപ്പിക്കുന്നത്, കൂടുതൽ  നാടകം കളിക്കാതെ കഴിച്ചിട്ട് അടുക്കളേൽ പോയി ജനലും തുറന്നിട്ട്‌ നിൽക്കു, അവരെ ആരെയും നിരാശ പെടുത്തേണ്ട... കാത്തു നിൽക്കുവല്ലേ അവിടെ കുറെയെണ്ണം.

ബാക്കി ഉള്ളവൻ പൊട്ടൻ ആണെന്നാണോ നിന്റെ  വിചാരം.

അടുത്ത വീട്ടിൽ താമസിക്കുന്നത് ഒരു ബോംബെകാരനും കുടുംബവും ആണ്, അവിടെ അയാളും, മകനും, മകളുടെ ഭർത്താവും അടക്കം മൂന്നു ആണുങ്ങൾ ആണ്. അവരെല്ലാം സ്ത്രീകളുടെ കൂടെ അടുക്കളയിൽ കയറി എന്തെങ്കിലും ഒക്കെ ചെയ്യുന്നത് കാണാം, ചിലപ്പോൾ ഒറ്റക്കും.

ഞാൻ ജനലുകളും തുറന്നിട്ട്‌  ആ പുരുഷന്മാരെ നോക്കി നിന്നതാണ് എന്നാണ് ഹരി പറഞ്ഞത്.

തൊണ്ടയിലും നെഞ്ചിലും എന്തോ ഒരു ഭാരം വന്നു കനത്തു. വായിലേക്ക് വച്ച ചപ്പാത്തി എത്ര ചവച്ചരച്ചിട്ടും വിഴുങ്ങാൻ കഴിയുന്നില്ല. മൂക്കടച്ചു... ശ്വാസം കിട്ടാത്ത പോലെ തോന്നി. നിയന്ത്രിക്കാൻ കഴിയാതെ കണ്ണുനീർ നിശബ്ദമായി കവിളുകളെ തലോടി.

രാവിലെ ഹരിക്കുള്ള ആഹാരം ഉണ്ടാക്കി ബാഗിലാക്കി കൊടുത്തു വിട്ടുകഴിഞ്ഞാൽ പിന്നെ വൈകുന്നേരം ഹരി വരാൻ ഉള്ള കാത്തിരിപ്പാണ്. ആ കാത്തിരുപ്പുകൾ എല്ലാം അവസാനിക്കുന്നത് ഇത് പോലെ ഉള്ള കുറ്റപ്പെടുത്തലുകളിലും, സംശയം നിറഞ്ഞ ചോദ്യങ്ങളിലും സംസാരങ്ങളിലും ആണ്.

മനസ്സിൽ പേടിയാണ്. ആരെ നോക്കണം, ആരോട് മിണ്ടണം, എന്തു പറയണം. എങ്ങനെ നടക്കണം, നിൽക്കണം എല്ലാം പേടിയാണ്. എന്തു ചെയ്താലാ ഹരിക്കു ഇഷ്ടപെടുക, എന്തു ചെയ്താലാ ഇഷ്ടപെടാത്തത്... ഒന്നും മനസിലാകുന്നില്ല. ഒന്ന് മാത്രം മനസിലായി... ഞാൻ ചെയ്യുന്ന ഒന്നും ഹരിക്കു ഇഷ്ടമല്ല എന്ന്.

ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി. മക്കളായി. ഹരിക്കു മാത്രം മാറ്റം ഒന്നും ഉണ്ടായില്ല.

ഹരിയോട് തിരിച്ചു സംസാരിക്കാൻ തുടങ്ങിയപ്പോൾ അതെല്ലാം വഴക്കുകളായി.

അവധി ദിവസങ്ങൾ എല്ലാം വഴക്കിട്ടു തീർക്കാൻ വേണ്ടി മാത്രമുള്ളതായി. പരസ്പരമുള്ള വഴക്കുകളും തർക്കങ്ങളും ഓരോ ദിവസം കഴിയുംതോറും  കൂടി കൂടി വന്നു.

തിരിച്ചു സംസാരിക്കാനും  തർക്കിക്കാനും തുടങ്ങിയപ്പോൾ ഹരി എന്നെ നിശബ്ദയാക്കാൻ വേണ്ടി ശാരീരികമായി  ഉപദ്രവിക്കാൻ  തുടങ്ങി. ഹരിയുടെ കൈകരുത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ ഉള്ള ശേഷി ഇല്ലാതെ മനസുതകർന്നുപോയി. ഓരോ തവണയും  തല്ലി കഴിഞ്ഞുള്ള  sorry പറച്ചിൽ  എല്ലാം ഒരു പൊട്ടിയെ പോലെ വിശ്വസിച്ചു. തല്ലും sorry പറച്ചിലും ആവർത്തനങ്ങളായി.

ഇതിനിടയിൽ ഒരുപാട്  അലഞ്ഞു തിരിഞ്ഞു കണ്ടു പിടിച്ച ജോലി വലിയ സാമ്പത്തിക നേട്ടങ്ങൾ ഒന്നും ഉണ്ടാക്കി തന്നില്ലെങ്കിലും സമയം പോയികിട്ടാൻ ഉള്ള ഒരു മാർഗ്ഗം ആയിരുന്നു.

ജീവിതം വലിയ ഒരു തിരശീലയുടെ രണ്ടു വശങ്ങളിലായി തകർത്താടി. ഇതിനിടയിൽ എപ്പോഴോ ജീവിതത്തിനോടുള്ള സ്നേഹവും  ഇഷ്ടവും  ഒക്കെ കൈവിട്ടു പോയി.

ജീവിതം കുറെയേറെ അക്കങ്ങളിൽ മാത്രമായി  ഒതുങ്ങി. സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി കുറച്ചു കൂടി മെച്ചപ്പെട്ട ജോലിയിലേക്കുള്ള മാറ്റം. മാസംതോറും കൊടുത്തു തീർക്കേണ്ട ബില്ലുകൾക്ക് വേണ്ടി ഉള്ള കാശു ഉണ്ടാക്കാൻ വേണ്ടി മാത്രമായി ജീവിതം.സ്കൂൾ ഫീസ്, electricity, water, വീട് വാടക, phone bill,  ബാങ്കുകളിലെ ലോണിന്റെ തിരിച്ചടവ്, പണയം വച്ച സ്വർണം തിരിച്ചെടുക്കൽ.

ജീവിതം മുഴുവൻ അക്കങ്ങൾ ആയി മാറി. രണ്ടു കാലിൽ ഓടുന്ന വെറും ഒരു യന്ത്രം.

മനസ്സിൽ ഉണ്ടാരുന്നല്ലോ ഒരുപാട് കുഞ്ഞുകുഞ്ഞു മോഹങ്ങൾ. അതൊന്നും എന്താരുന്നു എന്നു  പോലും അറിയില്ല ഇപ്പോൾ. പഴയ ദാവണിക്കാരിയുടെ മഴവിൽ വർണമുള്ള സ്വപ്നങ്ങൾ ഒക്കെ എന്തായിരുന്നു... ഓർത്തു നോക്കിട്ട് ഒന്നും ഓർമയിലേക്ക് വരുന്നില്ല.

ഒരു പഴയ nokia മൊബൈൽ phone ബാഗിന്റെ ഉള്ളിലെവിടെയോ ഉണ്ട്. ആരും വിളിക്കാൻ ഇല്ലാതെ അത് എപ്പോഴും ബാഗിൽ വിശ്രമിക്കും. ഇതിനിടയിൽ എപ്പോഴോ ആണ് smart phone എന്ന ആശയം മനസിലേക്ക് വന്നത്. Phone വാങ്ങുമ്പോഴും മനസ്സിൽ സംശയം ആരുന്നു.എനിക്ക് ആര്  മെസേജ് അയക്കാനാ. ആരുമായും എനിക്ക് ഒരു അടുപ്പവും ഇല്ലല്ലോ. വെറുതെ കാശു കളയണോ എന്ന്.

ഫോണിൽ whatsp ഉം ഫേസ്ബുക്കും. instal ചെയ്തു. ഫേസ്ബുക്കിൽകൂടി പഴയ കൂട്ടുകാരെ പലരെയും കിട്ടി. Phone നമ്പർ വാങ്ങി. പതുക്കെ പതുക്കെ സൗഹൃദങ്ങൾ ഒന്നൊന്നായി തിരികെ വന്നു.ഒരുപാട് വൈകി ഉറങ്ങാൻ കിടന്ന ഒരു ദിവസം ആണ് അഭിയുടെ മെസേജ് വരുന്നത്. ഒരു ക്രിസ്മസ് തലേന്ന്. ഡിസംബർ 24, ഏകദേശം  രാത്രി 12 മണിയോട് അടുത്ത സമയത്താണ് വൈകിട്ട് ഏഴു മണിക്ക് വന്ന അഭിയുടെ മെസേജ് കണ്ടതും  മറുപടി അയച്ചതും.

ഓർമയുണ്ടോ എന്നു ചോദിച്ചു കൊണ്ട് വന്ന ആ മെസ്സേജ് ഒരു പാട് ഓർമകളെ തിരികെ തന്നു.

വീടിനെയും വീട്ടുകാരെയും കൂട്ടുകാരെയും പറ്റി പറഞ്ഞു പറഞ്ഞു. കണ്ടതും കേട്ടതും അറിഞ്ഞതും  കാണാനും അറിയാനും  ആഗ്രഹിക്കുന്നതും ആയ എല്ലാം പരസ്പരം പറയാൻ തുടങ്ങി.

പഴയ ഓർമകളും പുതിയ സന്തോഷങ്ങളും ഒക്കെ പതുക്കെ പതുക്കെ തിരികെ വന്നു.

ഇത്രയും നാളും ഹരി പലരുടെയും പേര് പറഞ്ഞു എന്നെ irritate ചെയ്തിട്ടുണ്ട്, അതൊക്കെ സഹിച്ചും മറന്നും ആണ് ഇപ്പോഴും കഴിയുന്നത്. ഹരിയുടെ പ്രതികരണം എന്തായാലും അതും സഹിക്കാം എന്നു ഉറപ്പിച്ചിട്ടാണ് അഭിയെ പറ്റി ഹരിയോട് പറയാൻ തീരുമാനിച്ചത്.

പറഞ്ഞു കഴിഞ്ഞപ്പോൾ പ്രണയം, കാമം, അവിഹിതം, ഫെമിനിസം  എന്നൊക്കെയുള്ള പലപേരിൽ അഭിയുമായുള്ള അടുപ്പത്തിനെ ഹരി പ്രതിരോധിച്ചു.

എന്തുകൊണ്ടോ അതിനൊന്നും എന്റെ മനസുമാറ്റാൻ തക്ക ശക്തിയുണ്ടായിരുന്നില്ല. 

ഇനിയും എനിക്ക് എന്നെ നഷ്ടപ്പെടുത്താൻ പറ്റില്ല എന്നതാകാം ആ ശക്തിക്കു കാരണം.

എന്നെകേൾക്കാൻ ക്ഷമയുള്ള ആ കാതുകൾ എനിക്കിനി മറ്റൊന്നിനു വേണ്ടിയും നഷ്ടപ്പെടുത്താൻ പറ്റില്ല. വർഷങ്ങളായി കൂടെ കഴിയുന്ന ഭാര്യയോട്  ഒരു ദിവസം 10 minute തികച്ചു സംസാരിക്കാൻ ഹരിക്കു സമയമില്ലാത്തപ്പോൾ. എവിടെ പോയാലും ഇയാളോട് 10 minute എങ്കിലും സംസാരിക്കാതെ ഞാൻ ഉറങ്ങില്ല എന്നു പറയുന്ന അഭി എനിക്ക് അത്രമേൽ പ്രിയപ്പെട്ടതുതന്നെ.

അഭി നീ വന്നില്ലായിരുന്നെങ്കിൽ... രണ്ടു കാലിൽ ഓടി കാലപ്പഴക്കം കൊണ്ട് തേയ്മാനം മാനം വന്നു നശിച്ചു പോകുമായിരുന്ന വെറും ഒരു യന്ത്രം മാത്രം ആകുമായിരുന്നു ഞാൻ. ആ എനിക്ക് സ്വപ്നങ്ങളും ഇഷ്ടങ്ങളും സന്തോഷവും  വികാരങ്ങളെ വേർതിരിച്ചറിയുന്ന ഒരു ഹൃദയവും നീ തന്നു.

നീ എനിക്കാരാണ് എന്നു ചോദിച്ചാൽ ഉത്തരം ഇല്ല. ആരല്ല എന്നു ചോദിച്ചാലും ഉത്തരം ഇല്ല.

English Summary: Randukalil odunna manushya yantharam, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;