ADVERTISEMENT

തുറന്നിട്ട ജനാലകൾ (ചെറുകഥ)

ബസിറങ്ങി തോളത്തൊരു ബാഗുമായി മോഹൻദാസ് നേരെ നടന്നത് കവലയിലെ ചായപ്പീടികയിലേക്കായിരുന്നു. ഒരു തവണ വന്ന പരിചയം മാത്രമേ ആ നാടുമായുള്ളു. എങ്കിലും മനസ്സിൽ എന്തോ ഒന്നു തോന്നിയ പോലെ ആ കടയിലേക്കുതന്നെ അയാൾ നടന്നു. മൂന്നും കൂടിയുള്ള കവല. ഒഴിഞ്ഞ ഭാഗത്ത്, ആ ഒരു കട മാത്രമേയുള്ളു.

 

‘സുധാകരനെ കണ്ടായിരുന്നോ...?’ ചായ കുടിച്ചുകൊണ്ട് അടുത്തിരുന്ന ആളോട് ചോദിച്ചു.

 

‘രാവിലെ ഇവിടെ വരുന്നതായിരുന്നു. എന്തോ, ഇന്നു കണ്ടില്ല.’ 

 

വീണ്ടും അയാൾ മറ്റൊന്നും ശ്രദ്ധിക്കാതെ ചായ കുടിച്ചുകൊണ്ടിരുന്നു. അൽപം കഴിഞ്ഞപ്പോൾ റോഡിലൂടെ പൊടി പറത്തിക്കൊണ്ടൊരു ബസ് അതുവഴിയേ കടന്നുപോയി. ആകാശവാണിയിൽ നിന്നുള്ള പ്രാദേശിക വാർത്തകൾ അവിടെ മുഴങ്ങി കേൾക്കാം. കടയിൽ വലിയ തിരക്കൊന്നുമില്ല, എങ്കിലും ഒന്നു രണ്ടാളുകൾ എപ്പോഴും കാണും. മെലിഞ്ഞുണങ്ങിയ ഒരു വൃദ്ധൻ മുറ്റത്തിട്ട തടിബഞ്ചിൽ ആരെയും ശ്രദ്ധിക്കാതെ പത്രം വായിക്കുന്നു. ഇടയ്ക്കിടക്ക് ആ വൃദ്ധന്റെ നിർത്താതെയുള്ള ചുമ അയാളിൽ അസ്വസ്ഥത ഉണർത്തി. ജനാലയിലൂടെ അകലെ കാണുന്ന ക്ഷേത്രത്തിൽ നിന്നുള്ള ദേവിസ്തുതികൾ മൈക്കിലൂടെ ഉച്ചത്തിൽ കേൾക്കാം. മന്ദമായുള്ള കാറ്റത്ത് ആലിലകൾ ദേവി സ്തുതികൾക്കൊപ്പം ഉലയുന്നതായി അയാൾക്ക് തോന്നി. അൽപനേരം ചായ കുടിച്ചുകൊണ്ട് അവിടെ തന്നെ ഇരുന്നു. ഇറങ്ങാൻ നേരം ജുബ്ബായുടെ പോക്കറ്റിൽ നിന്ന് പൈസ എടുത്ത് കൊടുക്കുമ്പോഴായിരുന്നു ആൽത്തറയ്ക്ക് താഴെയുള്ള കൽപ്പടവുകൾ ഇറങ്ങി സുധാകരൻ നടന്നു വരുന്നതു കാണുന്നത്. 

 

‘ഏറെ നേരമായോ വന്നിട്ട്...?’ നടന്നടുത്തു വന്നപ്പോൾ സുധാകരൻ ചോദിച്ചു.

 

‘ഇല്ല’

 

‘വരുന്ന വഴിക്കാ വീടുവരെ പോയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പണിക്കാരുണ്ടായിരുന്നു. വർഷങ്ങളായി താമസക്കാരില്ലാത്ത വീടല്ലേ. എല്ലാം വൃത്തിയാക്കിയെടുത്തപ്പോൾ കുറെ നേരം എടുത്തു.’

 

വിളഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങളും ചെറിയ തോടും ഇടനാഴിയും കടന്നവർ നടന്നു. നടന്നു പോകവേ ആ വീടും അവിടെ മുമ്പ് താമസിച്ചവരെപ്പറ്റിയും എന്തൊക്കെയോ സുധാകരൻ പറയുന്നുണ്ടായിരുന്നു. അയാളതൊന്നും ഗൗനിച്ചില്ല. അല്ലേത്തന്നെ ഞാനിതൊക്കെ എന്തിനറിയണം. അയാൾ ഓർത്തു. പ്രതീക്ഷകളെല്ലാം അവസാനിച്ചവന് എന്തിനെയോർത്തു ചിന്തിക്കണം. രണ്ടു വർഷം മുമ്പുള്ള പ്രളയത്തിൽ ഉരുളെടുത്ത് ജീവിതത്തിന്റെ സകലതും നഷ്ടപ്പെട്ടവനായിട്ടായിരുന്നു ഈ നാട്ടിലേക്ക് വന്നത്. അമ്മയും അച്ഛനും സഹോദരിയുമെല്ലാം ഇന്നൊരോർമ്മ മാത്രമായിരുന്നു അയാൾക്ക്. 

 

താമസിക്കാനൊരു വീട്, അതെങ്ങനെയുള്ള വീടാണെങ്കിലും ആകട്ടെ. അയാൾ ചിന്തിച്ചു. മാനം മുട്ടി നിൽക്കുന്ന കരിമ്പനത്തോട്ടങ്ങളുടെ നടുവിലൂടെ കുറെ നടന്ന ശേഷം അവർ ആ വീടിന്റെ മുമ്പിലെത്തി. വൻ മരങ്ങൾക്കു നടുവിലായുള്ള വീട്. ഓടിട്ട വീടിന്റെ പലഭാഗവും നന്നാക്കിയെടുത്ത രൂപത്തിലായിരുന്നു. പുറമെ നിന്നു കണ്ടാൽ പ്രകൃതി പോലും വളരെ നിശ്ശബ്ദമാണ്. ഏകാന്ത നിശ്ശബ്ദത. വിശാലമായ ഭൂപ്രദേശത്ത് ഒറ്റപ്പെട്ടിരിക്കുന്ന വീട്. അങ്ങകലെ അക്കാനി കുടങ്ങൾ നിറഞ്ഞ കരിമ്പനകൾ ഉയർന്നു നിൽക്കുന്നതായി കാണാം. പറങ്കിമരത്തിന്റെ ചുവട്ടിൽ വീണുകിടക്കുന്ന പറങ്കിപ്പഴങ്ങൾ കാക്കകൾ കൊത്തിപ്പറിക്കുന്നു. ജനാലകൾ പലതും ദ്രവിച്ചിരുന്നു. എന്നോ ഒരിക്കൽ ഇവിടെ സന്തുഷ്ടമായൊരു കുടുംബം ജീവിച്ചിരിക്കാം അയാൾക്കു തോന്നി. പണ്ടെങ്ങോ പ്രതാപത്തിൽ കഴിഞ്ഞതിന്റെ അടയാളം ഇപ്പോഴും ആ വീട്ടിൽ കാണാം. ഭിത്തിയിൽ കുട്ടികൾ വരച്ചിട്ട ചിത്രങ്ങൾ മായാതെ നിൽക്കുന്നു. വവ്വാലുകൾ ചപ്പിയ പേരായ്ക്കായുടെ ബാക്കിഭാഗങ്ങൾ നിലത്തുവീണു കിടക്കുന്നു. തെക്കുഭാഗത്ത് വലിയ മാവിൽ ഒന്നു രണ്ടു കാക്കകൾ ഇരുന്നു വിരുന്നു വിളിക്കുന്നു. കാക്കകൾക്കിതെന്തു പറ്റി ആരോരുമില്ലാത്ത വീട്ടിൽ ആരു വരാൻ.... ഉപയോഗം കഴിഞ്ഞ കിളിക്കൂടിന്റെ ബാക്കിഭാഗങ്ങൾ ചെടിയുടെ ഇടയിൽ തങ്ങിനിൽക്കുന്നു. ഇടയ്ക്കൊക്കെ ആ വീട്ടിൽ ആരുടെയോ അദൃശ്യസാന്നിധ്യം ഉള്ളതായി അയാൾക്കു തോന്നി.

 

‘എങ്ങനെയുണ്ട് വീട്, ഇഷ്ടമായോ...? സുധാകരന്റെ ചോദ്യത്തിനുത്തരമായി സമ്മതഭാവത്തിൽ മോഹൻദാസ് തലയാട്ടി.

അധ്യാപകനായി ആദ്യത്തെ നിയമനം ഈ ഗ്രാമത്തിലെ സ്കൂളിലായിരുന്നു. എന്തുകൊണ്ടോ അയാൾക്ക് ആ ഗ്രാമം വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു. അയാൾ ഓരോ മുറിയിലും കയറി നടന്നു. വായുസഞ്ചാരം കുറഞ്ഞ ഇടുങ്ങിയ മുറികൾ. എന്നോ ഒരിക്കൽ പ്രകാശം പരത്തിയ നിലവിളക്ക് ക്ലാവു പിടിച്ച് അടുക്കളയുടെ മൂലയിൽ ചരിഞ്ഞു കിടക്കുന്നു. വീടിന്റെ കിഴക്കുഭാഗത്ത് മറ്റൊരു മുറി അയാളുടെ ശ്രദ്ധയിൽപെട്ടു. നിറയെ ജനാലകളുള്ള വലിയ മുറി. അയാൾക്ക് ഏറെ ഇഷ്ടമുള്ളതും ഇങ്ങനെയുള്ള മുറികളായിരുന്നു. ഏറെ നാളുകളായി അടച്ചിട്ട ജനാലകളെല്ലാം ഓരോന്നായി തുറന്നു. ആ മുറി എങ്ങനെ ഭംഗിയാക്കാമെന്ന ചിന്തകളായിരുന്നു പിന്നീടയാൾക്ക്. ജനലിനോട് ചേർന്ന് കട്ടിലിടണം. മുറിയുടെ വലതു വശത്തായി മേശയുണ്ടായിരുന്നു. മേശയുടെ മുകളിൽ ചന്ദന നിറത്തിലുള്ള വിരിയും അതിനു മുകളിൽ തൂവെള്ള നിറത്തിലൊരു ഫ്ലവർവെയ്സും വേണം. ദിവസവും പൂക്കൾ മാറ്റി വയ്ക്കണം. അതും വെളുത്ത പൂക്കൾ തന്നെയായാൽ നല്ലത്. കുട്ടികളുടെ പരീക്ഷ പേപ്പറുകൾ നോക്കാൻ മൂന്നു നിറങ്ങളിലുള്ള പേന വേണം. നീല, കറുപ്പ്, ചുവപ്പ്. പിന്നെ എഴുതാൻ വരയിടാത്ത കുറേ പേപ്പറുകൾ. ആഗ്രഹങ്ങൾ അങ്ങനെ നീണ്ടുപോയി. അയാൾ തുറന്നിട്ട ജനാലക്കരികിലേക്ക് നടന്നു. 

 

ജനാലക്കമ്പികളിൽ പിടിച്ച് പുറത്തേക്ക് നോക്കി അൽപനേരം നിശ്ശബ്ദമായി നിന്നു.  പ്രഭാതത്തിലെ സൂര്യരശ്മികൾ കൊന്നപ്പൂക്കളിൽ തട്ടി തിളങ്ങുന്നുണ്ടായിരുന്നു. വെള്ളാരം കല്ലുകൾ നിറഞ്ഞ മുറ്റത്ത് അൽപം മാറി പായലുകൾ പിടിച്ച കിണറ്റുകരയും കാണാം. ഓർമ്മകൾ അയാളിൽ പൊടുന്നനെ വിഷാദഭാവം സൃഷ്ടിച്ചു. പ്രളയത്തിൽ തകർന്ന പഴയ വീടും ഉറ്റവരുമെല്ലാം.... വീണ്ടും പുറത്തേക്കിറങ്ങി അവിടെയൊക്കെ കണ്ടു നടന്നു. ആകെ മൂന്നു മുറികളുള്ള വീടിന്റെ കോലായിൽ പഴയൊരു ചാരുകസേര കാണാം. ഈ വീട്ടിലെ കാരണവരുപയോഗിച്ചതാകാം. ഏറെ പഴക്കം ചെന്നൊരു റാന്തൽ വിളക്ക് ഒരു മൂലയിൽ തൂക്കിയിട്ടിരിക്കുന്നു. 

‘എങ്കിൽ ഞാൻ ഇറങ്ങുവാ.... കുറെ കഴിയുമ്പോൾ എനിക്ക് വില്ലേജ് ആഫീസ് വരെ ഒന്നു പോണം. പിന്നെ ഉച്ചയ്ക്കുള്ള ഭക്ഷണം ആ ഗോപാലൻ നായരുടെ ചായപ്പീടികയിൽ പറഞ്ഞാ മതി.‘ അതു പറഞ്ഞ് അയാൾ നടന്നു.

 

സുധാകരൻ നടന്നു അകലുന്നതുവരെ അയാളവിടെ നോക്കി നിന്നു. പിന്നീടയാൾ വീടിന്റെ ചുറ്റുപാടും നടന്നു. മുറ്റത്തെ മാവിൻ ചില്ലകൾ ഓണത്തിന് ഊഞ്ഞാൽ ഇടാൻ പാകത്തിൽ ചാഞ്ഞു നിൽക്കുന്നു. ആ വീട്ടിലെ ആദ്യ ദിവസം. സന്ധ്യാനേരം. നിലാവില്ലാത്ത രാത്രിയായിരുന്നു അന്ന്. ചന്ദനത്തിരി കത്തിച്ചയാൾ മേശമേൽ വച്ചു. കാലങ്ങൾക്കു ശേഷമാണ് ഇവിടെയൊരു ചന്ദനത്തിരി കത്തുന്നത്. അവസാനമായി ചന്ദനത്തിരി കത്തിച്ചത് വിഷാദമൂകമായ പ്രഭാതത്തിലായിരുന്നു. സന്ധ്യയ്ക്ക് പുറത്ത് മഴ ചാറി പെയ്യുന്നുണ്ട്. ഒരിക്കൽ മഴയെ സ്നേഹിച്ചിരുന്ന അയാൾക്കിന്ന് മഴയുടെ ശബ്ദങ്ങൾ ഭയമായി തുടങ്ങിയിരിക്കുന്നു. ഓടിന് പുറത്ത് വീഴുന്ന മഴവെള്ളം താഴെ മണൽതരികളിൽ വീണുപതിച്ച് ഭൂമിയിലെ മണ്ണുമായി ചേർന്നൊഴുകുന്നു. ഒഴുകി.... ഒഴുകി ഒഴുകി എല്ലാം ഒടുവിൽ മണ്ണായി ചേരും… അയാൾ വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. ‘ഒടുവിൽ മണ്ണായി ചേരും…. മണ്ണായി ചേരും....” അയാളുടെ മനസ്സിലൂടെ പലപ്പോഴും കടന്നുപോകും, പത്മരാജന്റെ കഥയിലെ ഓർമ്മകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശങ്കരനാരായണപിള്ള. മുമ്പു നടന്ന കാര്യങ്ങളൊന്നു പോലും ഓർത്തെടുക്കാൻ കഴിയാതെ പോകുന്ന ശങ്കരനാരായണ പിള്ള... അങ്ങനെ മറവികളുടെ ലോകത്തിൽ ജീവിക്കാൻ അയാൾ പലപ്പോഴും ആഗ്രഹിച്ചിരുന്നു. അത്രമേൽ നിരാശ പൂർണമായിരുന്നു അയാളുടെ മനസ്സ്.  ജനാലക്കരികിൽ കട്ടിലിൽ ഒരുവശം ചരിഞ്ഞുകിടന്നുകൊണ്ട് മോഹൻദാസ് ചിന്തിക്കുകയാണ്. പലപ്പോഴും അയാളുടെ ചിന്തകൾ വിഷാദമൂകമായിരുന്നു. ഒന്നിനു പുറുകെ മറ്റൊന്നായി ഓർമ്മകൾ വന്നു തുടങ്ങി. ഉരുളെടുത്ത വീടും ഉറ്റവരും എല്ലാം... എല്ലാം…

 

തേയില തോട്ടങ്ങൾക്കു നടുവിലായി തൊഴിലാളി ലയങ്ങളിലൊന്നിലായിരുന്നു അവരുടെ വീട്. മൂടുപടം ഇല്ലാത്ത സാധാരണക്കാരായ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ഗ്രാമം. ചെറിയ കാട്ടാറും വെള്ളച്ചാട്ടങ്ങളും മൊട്ടക്കുന്നുകളും നിറഞ്ഞ ഗ്രാമം. അച്ഛനും അമ്മയും ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന സഹോദരിയും അടങ്ങുന്ന കുടുംബം. ബി. എഡ് കഴിഞ്ഞ് സ്കൂൾ അധ്യാപകനാകാൻ ആഗ്രഹിച്ചു നടന്ന കാലം, അതിനുള്ള ഒരുക്കങ്ങളും അയാൾ നടത്തിയിരുന്നു. ദിവസവും പട്ടണത്തിലേക്ക് പോകും. പി. എസ്. സി കോച്ചിങ് സെന്ററിലേക്ക്... 

ആ ദിവസങ്ങളിൽ വളരെയധികം സന്തോഷത്തിലായിരുന്നു വീട്ടിലുള്ളവർ, തേയില തോട്ടത്തിലെ വാച്ചറായ അച്ഛനെപ്പോഴും പറയും.

‘അവന്റെ അധ്വാനത്തിന് ഫലം അവനു കിട്ടും. നീ ഇതെല്ലാമൊന്ന് കണ്ടു പഠിക്ക്. ‘ അനിയത്തി മാളവികയോട് എപ്പോഴും പറയും. പഠിത്തതിൽ അൽപം പുറകോട്ടായ അവൾക്കിത്തിരി നീരസം തോന്നുമെങ്കിലും മോഹനേട്ടൻ ഒരു സ്കൂൾ അധ്യാപകനായി കാണാൻ ഏറെ ആഗ്രഹിച്ചിരുന്നു.

 

കാർമേഘങ്ങൾ മൂടി നിറഞ്ഞ ഓഗസ്റ്റ് മാസം. തുള്ളിക്കൊരുകുടം പേമാരി പോലെ മാനത്തു നിന്നും വെള്ളം ആരോ കോരിയൊഴിക്കുന്നു. രാപകൽ വ്യത്യാസമില്ലാതെ മഴ തിമിർത്ത് പെയ്തു തുടങ്ങിയിട്ട് മൂന്നു നാലു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ആഗ്രഹിച്ചു കിട്ടിയ ജോലിയുടെ ഓർഡർ ലെറ്റർ വാങ്ങാനാണ് അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് സുഹൃത്തിനൊപ്പം പട്ടണത്തിലേക്ക് പോയത്. അന്നു തന്നെ തിരികെ വീട്ടിലെത്താമെന്ന് വിചാരിച്ചാണ് ഇറങ്ങിയത്. ഇന്നേവരെ കാണാത്ത പേമാരിയിൽ മരങ്ങൾ കടപുഴകി വീണും റോഡുകളിൽ വെള്ളക്കെട്ടായും തിരികെ പോകാൻ പറ്റാത്ത സ്ഥിതിയായി. സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി അവിടെയുള്ളൊരു ഹോട്ടലിൽ ആ രാത്രിയിൽ തങ്ങേണ്ടിവന്നു. എങ്ങും ഭയപ്പെടുത്തുന്ന കാറ്റും കനത്ത മഴയും. രാത്രിയിലെവിടെയോ തൊഴിലാളിലയങ്ങളിൽ ഉരുളുപൊട്ടിയ വിവരം പുലർച്ചയാണ് അറിയുന്നത്. ഞങ്ങൾ താമസിക്കുന്ന ലയങ്ങളും ആ കൂട്ടത്തിലുണ്ടെന്ന് വളരെ നടുക്കത്തോടെയാണ് അറിയാൻ കഴിഞ്ഞത്. സന്തോഷ വാർത്തയുമായി വന്ന ഞാൻ കണ്ടത് മണ്ണിനടിയിലായിപ്പോയ ഉറ്റവരുടെയും ബന്ധുകളുടെയും മൃതദേഹങ്ങളായിരുന്നു. ഒറ്റരാത്രി കൊണ്ട് മൺകൂമ്പാരങ്ങളായി മാറിയിരുന്നു എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം. എല്ലാം നഷ്ടപ്പെട്ടുവെന്ന് വേദനയോടെ തിരിച്ചറിഞ്ഞു. നിദ്രാവിഹീനങ്ങളായ രാത്രികളായിരുന്നു പിന്നീടങ്ങോട്ട്... ജീവിതം എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്ന് തോന്നിയ നാളുകൾ.

 

ഓർമ്മകളുടെ ലോകത്തു നിന്നും സ്വതന്ത്രമാകാൻ അയാൾ ഏറെ ആഗ്രഹിച്ചു. മറവി മനുഷ്യന് ഒരനുഗ്രഹമാണ് എന്നു തോന്നി തുടങ്ങിയിരിക്കുന്നു. നാളുകൾക്കു ശേഷം അങ്ങനെ മറ്റൊരു ഭവനത്തിൽ, ഈ രാത്രിയിൽ... ഇവിടെ.... ഇങ്ങനെ... ഭ്രമണപഥത്തിൽ നിന്നും അകന്ന് അന്തമില്ലാതെ അലയുന്ന നക്ഷത്രങ്ങളെ പോലെ അയാളുടെ ചിന്തകൾ അലഞ്ഞു നടന്നു.

 

അയാൾ വീണ്ടും ചരിഞ്ഞുകിടന്നു. പുറത്തു മഴ തിമിർത്തു പെയ്യുകയാണ്. വല്ലാത്ത കാറ്റ്. തുറന്നിട്ട ജനാലയിൽ കൂടി തൂവാനം വന്നു മുഖത്തു പതിച്ചപ്പോൾ അയാൾ ഞെട്ടലോടെ എഴുന്നേറ്റു. കൂരിരുട്ട് നിറഞ്ഞ രാത്രിയിലെ ഇടിയും മിന്നലും ഭയത്തിന്റെ അലകൾ അയാളിൽ സൃഷ്ടിച്ചുകൊണ്ടിരുന്നു. ജനാലകൾ ഓരോന്നായി അടച്ചു പുസ്തകം വായിക്കാൻ തുടങ്ങി. ഏറെനേരം തിമിർത്തു പെയ്ത ശേഷം മഴ തീർന്ന മട്ടാണ്. കുറെ വായിച്ച ശേഷം അയാൾ ഉറങ്ങാൻ കിടന്നു. നിശ്ശബ്ദതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് വീടിന്റെ മുകളിൽ നിന്നും വെള്ളത്തുള്ളികൾ കൃത്യമായ ഇടവേളകളിൽ വീണു കൊണ്ടിരുന്നു. കൂരിരുട്ട് നിറഞ്ഞ രാത്രി. എങ്ങുനിന്നോ കാലൻ കോഴികൾ കൂവുന്ന ശബ്ദങ്ങൾ. ഉറക്കം വരാതെ ഒരുവശം ചരിഞ്ഞു കിടന്നു ചിന്തകളിലേക്ക് മുഴുകി. എത്രയോ രാത്രികളിൽ അയാളുടെ ചിന്തകൾ ഇതുപോലെ അന്ധകാരത്തിന്റെ അഗാധതയിലേക്ക് വീണു പോയിട്ടുണ്ടായിരുന്നു. പതിയെ പതിയെ ഗാഢനിദ്രയിലാണ്ടു പോയ മനസിൽ പല കാഴ്ചകളും വന്നു നിറഞ്ഞു. എന്നോ ദുരൂഹസാഹചര്യത്തിൽ മരിച്ചു മൺമറഞ്ഞുപോയ ആ കുടുംബം അയാളുടെ മുന്നിൽ തെളിഞ്ഞു വന്നു. അവരുടെ അദൃശ്യസാന്നിധ്യം ഗാഢനിദ്രയിൽ പോലും അയാൾക്കുഭവപ്പെട്ടു. മങ്ങിയും മറഞ്ഞുമുള്ള ദൃശ്യങ്ങൾ... നിരവധി ദൃശ്യങ്ങൾ.

 

പ്രഭാതത്തിൽ ഉണർന്നപ്പോഴാണ് കഴിഞ്ഞ രാത്രിയിലെ നിദ്രയിൽ തന്റെ മനസ്സിലൂടെ കടന്നുപോയ സംഭവങ്ങൾ വെറുതെ ഓർത്തെടുത്തത്. അച്ഛനും അമ്മയും രണ്ടു കുട്ടികളുമടങ്ങുന്ന സന്തുഷ്ട കുടുംബം ഇവിടെ താമസിച്ചിരുന്നു. അഞ്ചാം ക്ലാസ്സിലും ഏഴാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികൾ. അച്ഛൻ രാവിലെ കരിപ്പട്ടി കച്ചവടത്തിനു പോയാൽ പിന്നെ കുട്ടികളെ സ്കൂളിൽ അയക്കാനുള്ള തിരക്കിലാണ് അമ്മ.

‘അമ്മേ... ഞങ്ങൾ ഇറങ്ങുവാ.‘ ബാഗും തോളത്തു തൂക്കി പടികൾ ഇറങ്ങുമ്പോൾ ഇരുവരും ഉച്ചത്തിൽ വിളിച്ചു പറയും.

‘ചോറ്റുപാത്രം എടുക്കാൻ ഇന്നും മറന്നിരിക്കുന്നു. ഒരു കാര്യത്തിലും ശ്രദ്ധയില്ലാതായിരിക്കുന്നു.’

 

അടുക്കളയിൽ നിന്നും അമ്മ പിറകെ ഓടിവന്ന് ചോറ്റുപാത്രം കൊടുക്കുമ്പോഴാണ് സജിത്തും ശ്യാമും ആ കാര്യം ഓർക്കുന്നത്. ഇരുവരും വളവിലുള്ള ആഞ്ഞിലിമരത്തിന്റെ അരികിലൂടെ നടന്നകലുന്നതുവരെ നോക്കി നിൽക്കും. അങ്ങേക്കുന്നിന്റെ താഴ്‌വാരത്തുള്ള സർക്കാർ സ്കൂളിലേക്കാണ് ഇരുവരുടെയും യാത്ര. എല്ലാവരും പോയി കഴിഞ്ഞാൽ പിന്നെ ആ വീട്ടിലെ സ്ത്രീ അവരുടെതായുള്ള ജോലിയിൽ മുഴുകും. കൂടുതൽ സമയവും തയ്യൽ ആയിരിക്കും. ചെറിയ കുട്ടികളുടെ നിക്കർ, ഉടുപ്പ്, പിന്നെ ബ്ലൗസ്, പാവാട അങ്ങനെ പലതും. ആ കുട്ടികൾ പഠിച്ച അതേ സ്കൂളിലായിരുന്നു മോഹൻദാസിന്റെ ആദ്യനിയമനം. ഇപ്പോൾ ഇതെല്ലാം ഒരു നിയോഗം പോലെ എനിക്ക് തോന്നുന്നു. കുട്ടികൾ മരിച്ചില്ലായിരുന്നെങ്കിൽ.... ഒരു പക്ഷെ എന്റെ ക്ലാസ്സിൽ... ചിന്തകൾ അങ്ങനെ പോയി.

 

ആ വീട്ടിലെ രണ്ടാം ദിവസം, രാത്രി കുറെ വായിച്ച ശേഷം അയാൾ ഉറങ്ങാൻ കിടന്നു. പിറ്റേന്ന് പ്രഭാതത്തിലും ഉണർന്നത് പല കാഴ്ചകളും കണ്ടുകൊണ്ടായിരുന്നു. ആ വീട്ടിൽ എന്നോ ഒരിക്കൽ നടന്ന സംഭവങ്ങൾ ഒരോ രാത്രിയിലായി അയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു. പല രാത്രികളിലും സ്വപ്നത്തിൽ ഞെട്ടിയുണരും. കുട്ടികൾ തട്ടിവിളിച്ചപോലെ... ഉണർന്നാൽ തുറന്നിട്ട ജാലകങ്ങളിലൂടെ കുട്ടികൾ ഓടി മറയുന്നതായി തോന്നും. പിന്നെ കുറെ നേരം ഉണർന്നിരിക്കും... ഒരിക്കലും ഉണരാത്ത നിദ്രകൾ ഉണ്ടായിരുന്നെങ്കിൽ.... ഈ രാത്രികൾക്ക് പകൽ ഒരു തടസമായിരിക്കുന്നു. പകൽ എന്ന ഇടവേള ഇല്ലാതെ, രാത്രികൾ മാത്രമായ ദിവസങ്ങൾ .... അയാളങ്ങനെ പലതും ആഗ്രഹിച്ചു. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട അയാൾക്ക് ആ കുട്ടികളോടൊത്തു വീടിനുള്ളിലും മുറ്റത്തെ മാവിൻ ചുവട്ടിലും നടക്കാൻ കൊതിയാകും.

 

ഒരു സന്ധ്യാനേരം...വീടിന്റെ മുക്കും മൂലയും ആയാൾ നിരീക്ഷിച്ചു. കാലൊടിഞ്ഞ കട്ടിലിന്റെ അടിയിലായി പകുതി ദ്രവിച്ച ഒരു തടിപ്പെട്ടി. ചരിഞ്ഞു കിടന്ന പെട്ടി അയാൾ പ്രയാസപ്പെട്ട് വലിച്ചെടുത്തു. ചിതലുകൾ പാതി തിന്ന പുസ്തകങ്ങളും ബുക്കുകളും. ഏറ്റവും അടിയിലായി അല്പം മങ്ങിയൊരു ഗ്രൂപ്പ് ഫോട്ടോ. സ്കൂളിലെ വാർഷിക പരീക്ഷയ്ക്ക് മുമ്പെടുത്ത ഫോട്ടോ ആണെന്ന് തോന്നുന്നു. പൊടി തട്ടികളഞ്ഞ് അയാൾ അതിൽതന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. അയാളുടെ മനസ്സിൽ ഒരജ്ഞാതശക്തി പ്രവഹിച്ചപ്പോലെ... ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കുട്ടികളെ ആ കൂട്ടത്തിൽ നിന്നും അയാൾ തിരിച്ചറിഞ്ഞു. വ്യക്തമായി തിരിച്ചറിഞ്ഞു. കഴിഞ്ഞ രാത്രികളിൽ കണ്ട കാര്യങ്ങളെല്ലാം സത്യമായിരിക്കുമോ... അയാൾക്ക് ജിജ്ഞാസയേറി... ഈ വീട്ടിൽ മുമ്പ് താമസിച്ചവരുടെ ആത്മാക്കൾ ഇവിടെ ഓരോ മുറിയിലും തങ്ങി നിൽക്കുന്നതായി അയാൾക്ക് തോന്നി. 

 

ഓരോ രാത്രിയിലും കണ്ട കാര്യങ്ങൾ ചായപ്പീടികയിലെ ഗോപാലൻ നായരോട് ചോദിക്കും. കുട്ടികളുടെ കളിയും ചിരിയും നിറഞ്ഞ രാത്രികൾ. എന്നോ ഒരിക്കൽ ജീവിച്ചിരുന്ന കുട്ടികൾ എന്റെ ജീവിതത്തിലൂടെ കടന്നുപോയത് എന്തുകൊണ്ടായിരിക്കും...? ആ ആത്മാക്കൾക്ക് ഞാനുമായി എന്തായിരിക്കും ബന്ധം...? ആരോരുമില്ലാത്ത അയാൾക്ക് ആ വീട്ടിൽ കഴിഞ്ഞിരുന്ന ആത്മാക്കൾ എല്ലാ രാത്രികളിലും വിരുന്നു വന്നു. അമ്മയായും അച്ഛനായും, അനിയനും അനിയത്തിയായും .... അങ്ങനെ പല ഭാവത്തിൽ...സ്കൂളിലും ആ കുട്ടികളുടെ അദൃശ്യ സാന്നിധ്യം ഉള്ളതായി തോന്നി. ക്ലാസ്സ് മുറിയിലെ ബെഞ്ചിലും വരാന്തയിലും മുറ്റത്തെ വാക മരചുവട്ടിലുമെല്ലാം.... പല രാത്രികളിലും പാഠങ്ങൾ പറഞ്ഞു കൊടുക്കുന്ന നല്ലൊരു അദ്ധ്യാപകനായി മാറും. രാത്രിയാകാൻ അയാൾ കാത്തിരിക്കും. അത്ര മാത്രം ആ വീടുമായി അടുത്തിരുന്നു. ഓരോ രാത്രികൾ കഴിയും തോറും അവിടെയുള്ള ആത്മാക്കളുമായി അയാൾ ഏറെ അടുത്തുകൊണ്ടിരുന്നു. അയാളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി തീർന്നിരിക്കുന്നു. പകലിനെക്കാൾ ദൈർഘ്യം രാത്രികൾക്കുള്ളതായി അയാൾക്ക് തോന്നി.

 

രാത്രിയുടെ യാമങ്ങളിൽ പിന്നീടയാൾ കണ്ട കാഴ്ചകളെല്ലാം ദുഃഖപൂർണമായ അവരുടെ ജീവിതമായിരുന്നു. സുഹൃത്തിനെ സഹായിക്കാനാണ് കുട്ടികളുടെ അച്ഛൻ സഹകരണ ബാങ്കിൽ വായ്പയ്ക്ക് ജാമ്യം നിന്നത്. അതൊരിക്കലും ഇങ്ങനെ വന്നു ഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ജപ്തിയുടെ അവസാന ഘട്ടത്തിലായിരുന്നു എല്ലാം അറിയുന്നത്. വീട് ജപ്തി ചെയ്യുന്നതിന്റെ തലേ ദിവസമായിരുന്നു അന്ന്. കടുത്ത മാനസിക സംഘർഷത്തിലായ ദിനങ്ങൾ. ആരോടും കടപ്പെട്ടിട്ടില്ലാത്ത മനുഷ്യൻ ഇത്രയും വലിയ കടം വന്നതറിഞ്ഞപ്പോൾ ഉൾക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. അടുത്ത പ്രഭാതത്തിൽ നടുങ്ങുന്ന വാർത്തയുമായാണ് ആ നാടുണർന്നത്. പല മുറികളിലായി നാലു ജീവനുകൾ മരിച്ച നിലയിൽ എന്ന വാർത്തയുമാണ്.  നാട്ടുകാർക്ക് ആ വാർത്ത ഒരിക്കലും ഉൾക്കൊള്ളാൻ ആകുമായിരുന്നില്ല. അത്രമേൽ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു അയാളുടെ.

 

ആ ദിവസങ്ങളിൽ നാട്ടിലെ വർത്തമാനം അയാളുടെ കുടുംബവും വീടുമായിരുന്നു.  ചായപ്പീടികയിലും ബാർബർ ഷോപ്പിലും പന്തുകളി സ്ഥലത്തുമെല്ലാം... സമർത്ഥരായ കുട്ടികളെപ്പറ്റിയും അവർ മരിക്കാനിടയാക്കിയ കാരണങ്ങളും ഒക്കെ.... അങ്ങനെ പലതും ആളുകൾ പറഞ്ഞു. ദിവസങ്ങൾ കഴിയും തോറും നാട്ടുകാർ അതെല്ലാം മറന്നു തുടങ്ങി. സംസാരിക്കാൻ ഇഷ്ടപ്പെടാത്ത വാർത്തകളായി... പിന്നെ പിന്നെ പുറമെ നിന്നാരെങ്കിലും ചോദിച്ചാൽ തന്നെ പറയും. “അതോ...ആളൊഴിഞ്ഞ വീട്.” അത്രയായി ചുരുങ്ങി. 

 

ഒരു നെടുവീർപ്പോടെ മോഹൻദാസ് കസേരയിൽ ഇരുന്നു. അതിനു ശേഷമുള്ള രാത്രികളിൽ, മുറിയിലെ എല്ലാ ജനാലകളും അയാൾ അടച്ചിട്ടു. എകാന്തമായ രാവുകളായിരുന്നു പിന്നീടങ്ങോട്ട്.... രാത്രിയുടെ നിശ്ബദയാമങ്ങളിൽ ആരും വരാതെയായി... വിരസമായി തീർന്ന രാവുകൾ. അങ്ങകലെ കരിമ്പനകളിൽ തട്ടി വരുന്ന കാറ്റിന്റെ ഗന്ധം പിന്നീടൊന്നും ആ മുറികളിൽ തങ്ങിനിന്നില്ല. അയാളുടെ മനസ്സിൽ പതിയെ നിരാശബോധം ഉടലെടുത്തു. 

 

ഏറെ ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. സ്കൂൾ വാർഷികവുമായി ബന്ധപ്പെട്ട തിരക്കുള്ളതായിരുന്നു ആ ദിനങ്ങൾ. വളരെ വൈകിയാണ് ആ ദിവസങ്ങളിൽ വീട്ടിലെത്താറുളളത്. മിക്കവാറും ഇരുട്ട് വീണിരിക്കും. നന്നേ ക്ഷീണിതനായ മോഹൻദാസ് ആ രാത്രിയിൽ വളരെ നേരത്തെ കിടന്നുറങ്ങി. പതിയെ പതിയെ നിദ്രയുടെ ലോകത്തേക്ക് അയാൾ പോയ്ക്കഴിഞ്ഞിരുന്നു.

 

നീണ്ട ഇടവേളയ്ക്ക് ശേഷം നിദ്രയിൽ ആ കുട്ടികളുടെ ആത്മാക്കൾ അയാളിൽ നിറഞ്ഞു. കൂട്ട ചിരികളും കളികളും ആർപ്പുവിളികളുമെല്ലാമായി ആ വീടുണർന്നു. പ്രഭാതത്തിൽ ഉണർന്നപ്പോഴാണ് തെക്കു ഭാഗത്തുള്ള ഒരു ജനാല തുറന്നു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.  കഴിഞ്ഞ രാത്രിയിൽ ക്ഷീണിച്ചുറങ്ങിയകൊണ്ട് അടയ്ക്കാൻ മറന്നിരുന്നു. അയാളുടെ മനസ്സിൽ പെട്ടന്നാണ് മറ്റൊരു ചിന്ത വന്നു നിറഞ്ഞത്. ഒരു പക്ഷെ ജനാലകൾ അടച്ചിരുന്നെങ്കിൽ വീണ്ടും അവർ എന്റെ ജീവിതത്തിൽ കടന്നുവരില്ലായിരുന്നു. ദുഃഖപൂർണ്ണമായ ഈ ജീവിതത്തിൽ ആ കുട്ടികൾ തരുന്ന സന്തോഷം വളരെ വലുതെന്നയാൾക്ക് തോന്നി. പിന്നീട് ഒട്ടും വൈകിയില്ല. ആവേശത്തോടെ ജനാലകളെല്ലാം തുറന്നിട്ടു. ഭ്രാന്തമായ ആവേശത്തോടു കൂടി. അതിന് ശേഷം ഒരു രാത്രിയിൽ പോലും അയാൾ ജനാലകൾ അടച്ചിരുന്നില്ല. തുറന്നു തന്നെ കിടന്നു.

 

English Summary : Thurannitta Janalakal, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com