ADVERTISEMENT

കോവിഡ് ആശുപത്രിയിലെ നെടുവീർപ്പുകൾ (കഥ)

അപ്രതീക്ഷിതമായി എത്തിയ കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയുടെ പേവാ൪ഡിലെ ഒരു ഭാഗം കോവിഡ് ചികിത്സക്കായി മാറ്റി വക്കുകയായിരുന്നു. അന്ന് കേസുകൾ കുറവായിരുന്നു. വിദേശ രാജ്യങ്ങളിൽനിന്നു വന്നവരായിരുന്നു രോഗബാധിത൪. പിന്നെ അവരുമായി സമ്പർക്കത്തിൽ ഉള്ളവരും. കുറച്ചു നാളുകൾ അങ്ങനെ പോയല്ലോ. തുട൪ന്ന് ലോക്ഡൗൺ നാളുകൾ. അക്കാലത്തു പലപ്പോഴും എയർപോർട്ട് വഴി രോഗികൾ നേരെ ആശുപത്രിയിൽ എത്തി. രോഗികൾക്ക് മുറികൾ, ഐസലേഷൻ, കൃത്യ സമയത്ത് ഭക്ഷണം. രോഗികൾ സന്തുഷ്ട൪. എന്നാൽ ആശുപത്രി ജീവനക്കാർ സന്തോഷത്തിലായിരുന്നില്ല. പിപിഇ കിറ്റിനകത്ത് വിയ൪ത്തൊലിച്ചും തല വേദനിച്ചും അവ൪ ദിവസങ്ങൾ തള്ളി നീക്കി. തുടക്ക കാലത്തു രോഗികൾ ഉപയോഗിച്ച തുണികൾ കത്തിക്കുന്ന രീതി വരെ അനുവ൪ത്തിച്ചിരുന്നു. പുതിയ വസ്ത്രങ്ങൾ ബന്ധുക്കൾ എത്തിക്കും. 

 

ഒരു നാൾ നഴ്സ് മുറിയിൽ ചെന്നപ്പോൾ ഒരു രോഗി തലേന്നത്തെ വസ്ത്രം ഊരി ബക്കറ്റിൽ ഇടുന്നതിനു പകരം സ്റ്റൂളിൽ വച്ചിരിക്കുന്നു. അതെടുത്ത് ബക്കറ്റിൽ ഫിനൈൽ സൊലൂഷനിൽ ഇടാൻ പറഞ്ഞപ്പോൾ തനിക്കു സൗകര്യമില്ലെന്നു രോഗി. എത്ര പറഞ്ഞുവെങ്കിലും താൻ ഇട്ട വസ്ത്രം ബക്കറ്റിൽ നിക്ഷേപിക്കാൻ അയാൾ തയ്യാറായില്ല. ഒടുവിൽ നഴ്സ് ആ പണി കൂടി ചെയ്യേണ്ടി വന്നു. എന്തെങ്കിലും പറഞ്ഞാൽ ഒന്നിനെ പത്താക്കി മൊബൈലിൽ ആരെയെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞ് രോഗി വിഷയമാക്കേണ്ട എന്നും നഴ്സ് കരുതി.  എന്നാലും സൂപ്രണ്ടിനെ കണ്ടു വിവരം ധരിപ്പിക്കണമെന്നു തീരുമാനിച്ച് ഹെഡ് നഴ്സിനോടു വിവരം ഡ്യൂട്ടിക്കുശേഷം ഫോണിലൂടെ അവതരിപ്പിച്ചു. 

 

ഈ പരാതിയുമായി ഹെഡ് നഴ്സ് പ്രമുഖകാർഡിയോ സ൪ജൻ കൂടിയായ സൂപ്രണ്ട് ഡോ. ഹൃദയവിശാലന്റെ മുറിക്കു പുറത്തു കാത്തു നിന്നു. ഡോ. ഹൃദയവിശാലന്റെ നെടുവീർപ്പുകൾ ഒരു വേള പുറത്തേക്കു കേട്ടു. മേലാവിൽനിന്ന് ആരോ ഡോക്ടറെ ഫോണിൽ വിളിച്ചിരുന്ന സമയമായിരുന്നു. 

 

‘‘എന്താ ഡോക്ടറെ മലേഷ്യയിൽ നിന്നു വന്ന സരോജിനിയമ്മ ഇന്നലെ ഭക്ഷണം കഴിച്ചില്ലെന്നു കേട്ടു. ഒന്നു ശ്രദ്ധിക്കണം’’

 

‘‘വേണ്ട പോലെ നോക്കാം സാ൪’’

 

‘‘ആദ്യരോഗിയെ ചികിത്സിച്ചു ഭേദമാക്കിയതു മുതൽ നമുക്കു പുറമേ നല്ല മതിപ്പാണ്. മറക്കണ്ട. പരാതികൾ ഒന്നും ഉണ്ടാവാതെ നോക്കണം’’

 

‘‘ശരി സാ൪’’

 

ഡോക്ടർ ഫോൺ വച്ചു. പിന്നെ മുകളിലേക്ക് നോക്കി. എന്നെ ഒന്നു കെട്ടിയെടുത്തൂടെ ദൈവമേ എന്ന് പറയാതെ പറയുന്ന നോട്ടമായിരുന്നു അത്. എഴുപത്തഞ്ചു കഴിഞ്ഞ സരോജിനിയമ്മ ഈ നേരത്തുതന്നെ മലേഷ്യയിൽ നിന്നു വന്നതും പോരാ, ഭക്ഷണം കഴിക്കാതെയുള്ള നാടകവും. ഉള്ളി അടങ്ങിയ ഭക്ഷണം അവര് കഴിക്കില്ലത്രേ. ഇനി ഞാൻ ഉള്ളി ഇല്ലാത്ത ഭക്ഷണം തയ്യാറാക്കി അവർക്ക്

കൊണ്ടു കൊടുക്കണോ. ഇവർ കൊറോണ ചികിത്സക്കു വന്നതോ അതോ സുഖവാസത്തിന്...... 

 

രണ്ടു നാൾ മുൻപ് രോഗികൾക്ക് കൊടുത്ത സാമ്പാറിന്റെ കൊഴുപ്പില്ല എന്നായിരുന്നു പരാതി. സാമ്പാർ ഒഴിക്കുമ്പോൾ പരക്കുന്നുവെന്ന്. അതേസമയം ജീവനക്കാരുടെ ഭാഗത്തുനിന്നും ഉയർന്ന പ്രശ്നം അവർക്കു ഭക്ഷണം റേഷൻ പോലെയാണ് കിട്ടുന്നതെന്നായിരുന്നു. ഇഡ്ഡലിക്ക് കനം കുറവ്. നാലിൽ കൂടുതൽ കിട്ടുന്നില്ല. എല്ലാവരും പരാതിക്കെട്ടുമായി സൂപ്രണ്ടിനോടാണ് യുദ്ധം. 

 

സൂപ്രണ്ട് ടെൻഷനിലാണെന്നു കേട്ട ഹെഡ് നഴ്സ് അവരുടെ വിഷയം പറയാതെ തിരിഞ്ഞു നടന്നു.. 

ഇങ്ങനെ ചികിത്സയുമായി നേരിട്ട് ബന്ധമില്ലാത്ത നിരവധി പ്രശ്നങ്ങളുടെ നടുക്കടലിലൂടെ സൂപ്രണ്ടും പരിവാരങ്ങളും കോവിഡിനെ തുട൪ന്ന് കടന്നു പോയി. കാലത്ത് പ്രിൻസിപ്പലിന്റെ മുറിയിൽ അവലോകനം, വൈകുന്നേരം കലക്ടറുടെ ചേംബറിൽ മീറ്റിങ്. ഇതിനിടയിൽ ആശുപത്രിയിൽ മീറ്റിങ്ങുകൾ. 

പുതിയ സംവിധാനങ്ങളൊരുക്കൽ. ഇതുകൂടാതെ ഇടക്കിടെ വരുന്ന നിരവധി ഫോണുകൾ. 

 

 

മാസങ്ങൾ കടന്നു പോയിട്ടും കാര്യങ്ങൾ ആരും നിനച്ചിടത്തൊന്നും നിന്നില്ലല്ലോ. ഘട്ടം ഘട്ടമായി അൺലോക്ക് നടന്നപ്പോൾ കേസുകൾ കൂടി വന്നു. അപ്പോഴും വിദേശ രാജ്യങ്ങളിൽനിന്നു മടങ്ങി വന്നവരിലും ഇതരസംസ്ഥാനങ്ങളിൽനിന്നു വന്നവരിലുമായിരുന്നു രോഗം ഏറിയ പങ്കും. തദ്ദേശീയ൪ സോപ്പും മാസ്കും അകലം പാലിക്കലുമായി ഏറെ പിടിച്ചു നിന്നു. പിന്നീടാണ് സമൂഹവ്യാപനം ഉണ്ടായത്. ആശുപത്രിയിൽ സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങൾ വന്നു. 

 

കോവിഡ് ആശുപത്രിയായി മാറി. സാധാരണ വാ൪ഡ്മൾട്ടി ഡിസിപ്ലിനറി ഐസിയു, വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു. കേസുകൾ വരുന്ന ഏരിയ ടെസ്റ്റ് നടത്തുന്ന ഏരിയ... സ്റ്റാഫിന്റെ ഡ്യൂട്ടികൾ, അവരുടെ താമസം ഏ൪പ്പാടാക്കൽ, ഭക്ഷണം എത്തിക്കൽ അങ്ങനെ പല പല കാര്യങ്ങൾ... 

കേസുകൾ പിന്നെയും കൂടിയപ്പോൾ പുറമെയുള്ള കേന്ദ്രങ്ങളിൽ ഫസ്റ്റ് ലൈൻ കോവിഡ് കെയ൪ സെന്ററുകൾ തുടങ്ങി.  പ്രൈവറ്റ് ആശുപത്രികളിൽ കോവിഡ് ചികിത്സ തുടങ്ങി..... അതിനുശേഷം രോഗലക്ഷണങ്ങൾ കുറഞ്ഞ കേസുകൾ വീടുകളിൽ ചികിത്സിക്കാമെന്നായി.... ഈഘട്ടമെത്തിയപ്പോഴേക്കും ആരോഗ്യപ്രവ൪ത്തക൪ മടുപ്പിന്റെ കൊടുമുടിയിൽ എത്തിയിരുന്നു. ഡൃൂട്ടികൾ.. മാറിയിരിക്കൽ.. അങ്ങനെ അങ്ങനെ.... കേസുകൾ ധാരാളമായി എത്തിയപ്പോൾ മീറ്റിങ്ങുകൾ ഗൂഗിൾ മീറ്റിലൂടെയായി... 

കാലത്തും ഉച്ചക്കും വൈകിട്ടും ഓൺലൈൻ മീറ്റിങ്ങുകൾ.. പുതിയ കാര്യങ്ങളിൽ ട്രെയിനിങുകൾ... 

അപ്പോൾ ദാ വരുന്നു കോവിഡ് ഭേദപ്പെട്ട ആളുകളുടെ ആരോഗ്യ പ്രശ്നങ്ങൾ... 

 

പോസ്റ്റ് കോവിഡ് ഒ. പി. തുടങ്ങുവാനുള്ള ഒരു നിർദ്ദേശവും ട്രെയിനിങ്ങുമായി തല പെരുത്തു ഇരിക്കുകയായിരുന്നു സൂപ്രണ്ട് ഡോ. ഹൃദയവിശാലൻ.  കുറെ നേരമായി ഒരാൾ പുറത്തു നിൽക്കുന്നതറിഞ്ഞ് അകത്തേക്കു വിളിപ്പിച്ചു. 

 

‘‘എന്താ കാര്യം’’

‘‘സ൪ എന്റെ അമ്മ ഇന്നലെ മുതൽ കോവിഡ് വാർഡിൽ അഡ്മിറ്റാണ്. അമ്മ ആശുപത്രിയിൽ ആദ്യമായാണ് കിടക്കുന്നത്. അമ്മ പുറത്തു നിന്നു ഭക്ഷണം കഴിക്കാറില്ല. ഞങ്ങളുടെ ജാതിക്കാര് ഉണ്ടാക്കിയ ആഹാരം മാത്രമേ കഴിക്കൂ.’’

 

ആഗതൻ ഉണ൪ത്തിച്ചത് കേട്ടു സൂപ്രണ്ട് ഞെട്ടി. 

 

‘‘ അതിന് ഞാൻ എന്തു ചെയ്യണം എന്നാണ് പറയുന്നത്. നിങ്ങളുടെ ജാതിക്കാരെക്കൊണ്ട് ആഹാരം ഉണ്ടാക്കണംന്നാണോ. അതിത്തിരി ബുദ്ധിമുട്ടാവും... പിന്നെ ഒരു കാര്യംണ്ട്... നമ്മുടെ ആ൪എംഒ ഡോക്ടറുണ്ട്. പുള്ളി ആ ജാതിയാ.. യൂണിറ്റ് ചീഫാ. അപ്പോഴും ഒരു പ്രശ്നം. അവരുടെ ഡ്യൂട്ടി നിങ്ങള് ചെയ്യണം... 

ഇനി അത് പറ്റില്ലെങ്കി ഞാൻ അടുക്കളേലു കേറാം... 

സൂപ്രണ്ട് പണി താൻ ചെയ്യോ’’

 

സൂപ്രണ്ട് ഡോ. ഹൃദയവിശാലന്റെ ആ മറുപടിയിൽ ഒന്നും പറയാതെ പരാതിക്കാരൻ പുറത്തിറങ്ങി... 

ഹൃദയവിശാലന്റെ നെടുവീർപ്പ് ഒരിക്കൽ കൂടി ഉയ൪ന്നു.... 

 

English Summary : Covid Ashupathriyile Neduveerppukal, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com