ADVERTISEMENT

കൊ കൊ കോ…ഒരു കോഴിക്കഥ (കഥ)

ശിഹാബുദിന്‍ പൊയ്‌തുംകടവിന്റെ ‘കാട്ടിലേക്ക്‌ പോകല്ലേ കുഞ്ഞേ’ എന്ന മനോഹരമായ കഥ വായിച്ചപ്പോഴാണ്‌. മലയാള സാഹിത്യത്തിൽ ‘കോഴി’ക്കുള്ള പ്രാധാന്യം എനിക്ക്‌ മനസ്സിലാകുന്നത്‌. അതു വരെ കോഴി എന്ന്‌ പറഞ്ഞാല്‍ മപ്പാസ്‌ വെക്കാനും പൊരിക്കാനും പറ്റുന്ന ഒരു പറവ എന്ന്‌ മാത്രമേ എനിക്ക്‌ തോന്നിയിട്ടുള്ളൂ. ആ കഥവായിക്കാന്‍ അവസരമൊരുക്കിയ എന്റെ സഹോദരി പുത്രിയോടുള്ള കടപ്പാട്‌ ഞാന്‍ ഇതിനാല്‍ അറിയിച്ച്‌ കൊള്ളുന്നു.

 

അത്‌ വായിച്ചപ്പോള്‍ എന്റെ മനസ്സ് മുപ്പത്തിയഞ്ച്‌ വര്‍ഷം പിറകോട്ടു സഞ്ചരിച്ച്‌  ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്ന ഒരു കോഴിയുടെ മുമ്പില്‍ ചെന്നെത്തി നിന്നു. ഓര്‍മകള്‍ മരിക്കുമോ? ഓളങ്ങള്‍ നിലക്കുമോ? എന്റെ അമ്മ വീട്ടിലെ പശു,  ആട്‌ മുതലായവയ്ക്ക്‌ പേരിടുമായിരുന്നെങ്കിലും കോഴികള്‍ക്ക്‌ ഒരു പേരിടീല്‍ കര്‍മം നടത്താറുണ്ടായിരുന്നില്ല. വീട്ടിലെ പശുക്കളെ എല്ലാം അമ്മ അമ്മിണി എന്നും ആട്ടിന്‍ കുട്ടികളെ മണിക്കുട്ടി, മണിക്കുട്ടന്‍ എന്നുമാണ്‌ വിളിക്കാറ്‌.

 

നമ്മുടെ ഒരു ബന്ധുവായ ചേട്ടായി,മിനി,ആന്‍സി എന്നിങ്ങനെ അന്നത്തെ നിലക്കുള്ള ആധുനിക നാമങ്ങള്‍ അവരുടെ ഗോക്കളെ വിളിക്കുമ്പോള്‍ സ്വന്തം പേരിനു എന്നും കുറ്റം പറഞ്ഞിരുന്ന ഈ ഉള്ളവള്‍ ഇനി എങ്കിലും നമ്മുടെ പശുവിന്‌ അങ്ങനെ ഒരു പേര്‌ ഇടാമോ എന്ന്‌ അമ്മയോട്‌ പരിഭവം പറഞ്ഞിരുന്നു. അതിനുള്ള പരിഹാരമെന്നോണം വീട്ടില്‍ കയറിവന്ന രണ്ടു കണ്ടന്‍ പൂച്ചകള്‍ക്ക്‌ എന്റെ ചേച്ചി ജാക്‌ എന്നും ജിം എന്നുമുള്ള ഇംഗ്ലീഷ്‌ പേരുകള്‍ കൊടുത്തു സായൂജ്യമടഞ്ഞു. അതിനു പ്രതികാരമായി പിന്നീട്‌ വന്ന മാര്‍ജാരന്‍ ദേഹമാസകലം വരകള്‍ ഉണ്ടായിരുന്നതു കൊണ്ട്‌ തന്നെ എന്റെ സഹോദരന്‍ വരദരാജന്‍ എന്ന നാമധേയം നല്‍കി എന്നത്‌ ഒക്കെ പിന്നാമ്പുറകഥകള്‍. അന്ന്‌ കോഴിക്ക്‌ പേരിടാന്‍ കഴിയാതിരുന്നത്‌ കൊണ്ട്‌ ഇന്ന്‌ ഈ കോഴിയെ മിനി എന്ന്‌ നമുക്ക്‌ വിളിക്കാം.

 

ലോകമേ തറവാട്‌ തനിക്ക്‌ ഈ ചെടികളും പുല്‍കളും പുഴുക്കളും കൂടി തന്‍ കുടുംബക്കാര്‍ എന്ന്‌ പാടിയ വള്ളത്തോളിനും യാറബുല്‍ ആലമിനായ പടച്ച തമ്പുരാന്‍ സൃഷ്ടിച്ച സകല ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ ഒരേ അവകാശമാണ്‌ എന്ന്‌ ഉറക്കെ പറഞ്ഞ സാക്ഷാല്‍ ബഷീര്‍ സാഹിബിനും ഈ അവസരത്തില്‍ പ്രണാമം.

 

പൂവന്‍ കോഴി പതിവായി എന്നെ കൂകി ഉണര്‍ത്തും പൂങ്കോഴി എന്ന്‌ പാടിയ പേരറിയാത്ത കവിക്കും കോഴി നീ നെല്ല്‌ തിന്നല്ലേ അങ്ങേ വീട്ടിലെ അപ്പന്‍ അറിഞ്ഞാല്‍ തല്ലിക്കൊല്ലും പപ്പ്‌ പറിക്കും ചിക്കി ഉലർത്തും കള്ളിന്‌ കൂട്ടും എന്ന്‌ പറഞ്ഞ്‌ പാവം കോഴിയെ പേടിപ്പിച്ച വിദ്വാനെയും രണ്ടാം ക്ലാസ്സില്‍ കോഴിയമ്മുടെ കഥ പഠിപ്പിച്ച പ്രിയങ്കരിയായ ഏലിയാമ്മ ടീച്ചറെയും സ്നേഹപൂര്‍വം സ്മരിക്കുന്നു..

 

ചികയുന്ന സുന്ദരിയുടെ കഥ പറഞ്ഞ്‌ ആക്ഷേപഹാസ്യത്തില്‍ പുതു ചരിത്രം സൃഷ്ടിച്ച വിഡി രാജപ്പനേയും ബസിലെ തിക്കിലും തിരക്കിലും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ ചിക്കി ചികഞ്ഞു  തല്ലുംകൊണ്ട്‌ ആത്മ നിര്‍വൃതി അടയുന്ന പൂവാലന്‍ കോഴികളെയും ഓര്‍ക്കാതിരിക്കുന്നത്‌ എങ്ങനെ? മീ ടൂ ക്യാംപയിന്‍ ഒന്നും പ്രചാരത്തില്‍ ഇല്ലാത്ത അക്കാലത്ത്‌ നിന്നെ പിന്നെ കണ്ടോളാം എന്ന്‌ മനസ്സില്‍ പറഞ്ഞ്‌ തുറിച്ച കണ്ണുകൊണ്ട്‌ ഒരു നോക്ക്‌ നോക്കി പോയിരുന്നു അന്നത്തെ സ്ത്രീ ജനം.

 

ഇനി ഈ കഥയിലെ കഥാ നായിക മിനിക്കോഴിയെ പരിചയപ്പെടുത്താം. അമ്മയുടെ പശു, പക്ഷി പരിപാലനത്തില്‍ ആടും പശുവും മാത്രമല്ല കോഴികളും ഉള്‍പ്പെട്ടിരുന്നു. നല്ല നാടന്‍ കോഴിയുടെ മുട്ട വാട്ടി ജീരകവും കുരമുളകും ഉപ്പും കൂടി ചേര്‍ത്തു കഴിച്ചാല്‍ വില്ലന്‍ ചുമ പോലും പമ്പ കടക്കും എന്നാണ്‌ അമ്മച്ചിയുടെ മതം. കോഴി മുട്ടയും ഏത്തപ്പഴ വും പുഴുങ്ങി  വീട്ടില്‍ വരുന്ന അതിഥികള്‍ക്ക്‌ അമ്മച്ചി സ്നേഹപൂര്‍വ്വം വിളമ്പിയിരുന്നൂ. 

 

കുറുമുള്ളൂര്‍ അപ്പച്ചന്‍ (അമ്മയുടെ അച്ചാച്ചന്‍) വരുമ്പോള്‍ സ്പെഷ്യലായി ഉണ്ടാക്കിയിരുന്ന മുട്ട അടിച്ച ചായയും മുട്ട കൊണ്ടുണ്ടാക്കിയ മടക്ക്‌സാന്‍ എന്ന്‌ അമ്മ ഓമന പേരിട്ട്‌ വിളിക്കുന്ന ഒരു പ്രത്യേക പലഹാരവും. ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം വരുന്നു. അപ്പച്ചന്‌ വലിവിന്റെ (ആസ്ത്മ) അസ്കിത കുറക്കാന്‍ മുട്ട അടിച്ച ചായ സഹായിക്കും എന്നാണ്‌ അമ്മ പറയാറ്‌..പക്ഷേ അപ്പച്ചന്റെ വലിവൊന്നും ഇത്‌ കൊണ്ട്‌ കുറഞ്ഞിട്ടില്ല..കാരണം അമ്മച്ചി ഉണ്ടാക്കുന്ന ഈ സ്പെഷ്യല്‍ ചായയും പലഹാരവും  അപ്പച്ചന്‍ എനിക്കും സഹോദരങ്ങള്‍ക്കും തുല്യമായി പങ്ക്‌ വെച്ച്‌ തന്നിരുന്നു. അപ്പൊ അപ്പച്ചന്‌ ഒട്ടും ഇല്ലല്ലോ എന്ന്‌ പറയുന്ന ഞങ്ങളോട്‌ ‘മക്കള്‌ കഴിച്ചാല്‍ മതി.. അപ്പച്ചന്റെ വയറ്‌ നിറയും’  എന്ന്‌ സ്നേഹപൂര്‍വ്വം പറഞ്ഞ്‌ അപ്പച്ചന്‍ പോകും... മുട്ടച്ചായ കുടിച്ചിട്ടാണോ എന്തോ ഞങ്ങളില്‍ ആര്‍ക്കും ആസ്ത്മ ബാധിച്ചില്ല.. സര്‍വശക്തനായ തമ്പുരാന്‌ നന്ദി... ഭക്ഷണത്തിന്റെ കാര്യം പറഞ്ഞു വന്നപ്പോള്‍ ഈയുള്ളവളുടെ സകല നിയന്ത്രണവും പോയി..മാപ്പാക്കണം...

 

മിനി ഒരു കൊച്ചു സുന്ദരി ആയിരുന്നു..അതുകൊണ്ട്‌ തന്നെ നാട്ടിലെ പൂവൻസ്‌ അവളുടെ പിന്നാലെ കൂടി. വല്യ അനുസരണക്കാരി ആയിരുന്ന അവളെ അമ്മ ഞുറുക്കരി എറിഞ്ഞ്‌ ബബബ ( ദില്‍വാലേ ദുല്‍ ഹനിയാ ലേ ജായെങ്കെ സിനിമയില്‍ അമരിഷ്‌ പുരി പ്രാവിനെ തീറ്റുന്നത്‌ ഒന്ന്‌ ഭാവനയില്‍ കണ്ടോളൂ) വിളിക്കുമ്പോള്‍ തന്നെ മറ്റു കോഴികളെ പിന്നിലാക്കി എത്തിയിരുന്നു...(കോഴിയുടെ പര്യായപദങ്ങള്‍ ഈയുള്ളളവൾക്ക് അറിയില്ലത്താത്‌ കൊണ്ടാണ്‌ ഈ പദം വീണ്ടും വീണ്ടും ഉപയോഗിക്കേണ്ടി വരുന്നത്‌. ബഹുമാനപ്പെട്ട വായനക്കാരിലെ ഭാഷ പണ്ഡിതന്മാര്‍ വേറെ എന്തെങ്കിലും പദങ്ങള്‍ പ്രയോഗത്തില്‍ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക.) പോരാഞ്ഞിട്ട്‌ അയല്‍പക്കത്തെ പൂവന്‍ പടയോ അല്ലെങ്കില്‍ കാകന്‍മാരോ എങ്ങാനും ഈ ഭക്ഷണ പദാര്‍ത്ഥം കവര്‍ന്നെടുക്കാന്‍ ശ്രമിച്ചാല്‍ അവരെ സധൈര്യം കൊത്തി ഓടിച്ചിരുന്നു..

 

ഇതൊക്കെ ആണെങ്കിലും സന്ധ്യ ആകുമ്പോള്‍ കൂട്ടില്‍ കയറുക എന്ന ഒരു പതിവ്‌ മാത്രം വീട്ടിലെ ബാക്കി കോഴികളെ പോലെ മിനിക്കും ഇല്ലായിരുന്നു. വീട്ടില്‍ പുതുതായി ഉണ്ടാക്കിയ ഒരു കോഴിക്കൂട്‌ വാസ്തുശാസ്ത്ര പ്രകാരം സ്ഥാനം തെറ്റിയോ അതോ തച്ചു ശാസ്ത്രത്തില്‍ അഗ്രഗണ്യന്‍ അല്ലാത്ത ഒരു പാവം അമച്വര്‍ കലാകാരന്‍ ഉണ്ടാക്കിയിട്ടോ അതോ തങ്ങളുടെ സ്വാതന്ത്യം ആരുടെ മുന്നിലും അടിയറവ്‌ പറയില്ല എന്ന അവറ്റകളുടെ തോന്നലോ എന്തന്നറിയില്ല ഒരു കോഴി പോലും ആ കൂട്ടില്‍ അന്തി ഉറങ്ങാന്‍ താൽപര്യപ്പെട്ടിട്ടില്ല.. അവറ്റകളൊക്കെയും ഈ കൂടിന്റെ അടുത്ത്‌ തന്നെയുള്ള ഒരു കാപ്പിയുടെ കൊമ്പിന്‍മേല്‍ ആയിരുന്നു രാത്രി കാലം കഴിച്ചു കൂട്ടിയത്‌. 

 

അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി. നമ്മുടെ മിനി മുട്ട ഇട്ടു തുടങ്ങി.  ആദ്യമായി മുട്ട ഇട്ടത്‌ തന്റെ കൂട്ടുകാരായ സഹ കോഴികള്‍ ഇടുന്നത്‌ പോലെ ഞങ്ങളുടെ വീട്ടിലെ തൊഴുത്തിന്റെ മുറിയില്‍ ഉണ്ടായിരുന്ന പത്തായത്തിന്റെ മേളില്‍ തന്നെ ആയിരുന്നു. അത്‌ അമ്മയും ഞങ്ങള്‍ മക്കളും കൂടി സന്തോഷ പൂര്‍വ്വം ഓരോ ദിവസവും എടുക്കുകയും ചെയ്തു വന്നു. സമൂഹമാധ്യമങ്ങൾ പോയിട്ട് ടെലഫോണ്‍ പോലും അന്ന്‌ പ്രചുര പ്രചാരത്തില്‍ വന്നിട്ടില്ല.. അത്‌ കൊണ്ട്‌ തന്നെ ഞങ്ങളുടെ മിനി കോഴി സമ്മാനിച്ച ഓര്‍ഗാനിക്‌ മുട്ട എന്ന്‌ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യാനും വാട്ട്സ്‌ആപ്‌ സ്റ്റാറ്റസ്‌ ആക്കാനും സാധിച്ചില്ല. ഈ കാലഘട്ടത്തില്‍ ആയിരുന്നെങ്കില്‍ ഞങ്ങളുടെ മിനി സമൂഹ മാധ്യമങ്ങളിൽ ഒരു താരമായി വിലസിയേനെ. മിനിക്ക്‌ താനിട്ട മുട്ടകള്‍ ഞങ്ങള്‍ കവര്‍ന്നെടുത്തത്‌ അത്ര ഇഷ്ടമായില്ല എന്ന്‌ തോന്നുന്നു. അതുകൊണ്ട്‌ തന്നെ അടുത്ത തവണ അവൾ മുട്ടയിടാന്‍ കണ്ടെത്തിയത്‌ നമ്മുടെ അയല്‍പക്കത്തെ വീടായിരുന്നു. പക്ഷേ  അവിടെയും വിധി അവളെ തോല്‍പിച്ച്‌ കളഞ്ഞു. പാറയിലെ കുഞ്ഞമ്മ അത്‌ വളരെ കൃത്യതയോടെ ശേഖരിച്ച്‌ ഞങ്ങള്‍ക്ക്‌ തന്നിരുന്നു. ഇത്‌ മിനികോഴിയെ വളരെ കൂടുതല്‍ ചൊടിപ്പിച്ചു. രണ്ടാമത്തെ തവണയും ഒരു അമ്മയകാനുള്ള അവളുടെ മോഹത്തിന്‌ കടിഞ്ഞാണ്‍ വീണു. ആ മുട്ടകള്‍ കറിവച്ചും ഓംലെറ്റ്‌ ആയും കാളക്കണ്ണനായും (ബുള്‍ സ്‌ ഐ) ഞങ്ങള്‍ ആസ്വദിച്ച്‌ കഴിച്ചു. അതിനുള്ള പ്രത്യാക്രമണം എന്നപോലെ മിനി തക്കം പാര്‍ത്തിരുന്ന വീട്ടിലെ തിണ്ണയിലും അടുക്കളയിലും ആകമാനം അപ്പിയിട്ട്‌ ഞങ്ങളെ നാറ്റിച്ചു. 

 

അങ്ങനെ ദിവസങ്ങള്‍ പലത്‌ കടന്നു പോയി.. ‘ഈ കോഴി ഇതെവിടെയാണോ മുട്ടയിടുന്നത്‌? എന്നും കൊക്കുന്നത്‌ കേള്‍ക്കാം. (കോഴികള്‍ മുട്ടയിട്ടത്തിന്‌ ശേഷം ഒരു പ്രത്യേക സ്വരത്തില്‍ കൂകി അവരുടെ സന്തോഷം അറിയിക്കും) അമ്മ കിണഞ്ഞു പരിശ്രമിച്ചിട്ടും മിനിയുടെ മുട്ട കണ്ടുപിടിക്കാന്‍ സാധിച്ചില്ല. അങ്ങനെ അമ്മക്ക്‌ മിനിക്കോഴി നല്ല എട്ടിന്റെ പണി കൊടുത്തു. അതുകൊണ്ടു തന്നെ അമ്മയ്ക്ക്‌ മിനിയോടുള്ള സ്‌നേഹം കുറച്ച്‌ കുറഞ്ഞു. തന്നെയുമല്ല കൃത്യമായി മുട്ടയിട്ട്‌ നല്‍കുന്ന മറ്റു കോഴികളോട്‌ അമ്മ കൂടുതല്‍ സ്‌നേഹം ഞുറുക്കരിയുടെ രൂപത്തില്‍ കാട്ടി തുടങ്ങുകയും ചെയ്തു.

 

കുറച്ച്‌ നാള്‍ കഴിഞ്ഞപ്പോള്‍ അമ്മയെ മാത്രമല്ല ഞങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്‌ മിനി തന്റെ കോഴി ക്കുഞ്ഞുങ്ങളുമായി മുറ്റത്തിറങ്ങി. നാല്‌ കോഴിക്കുഞ്ഞുങ്ങള്‍. കോഴിക്കുഞ്ഞുങ്ങളുമായി പുറത്തിറങ്ങിയ മിനിയെ കണ്ടപ്പോള്‍ അമ്മച്ചിയുടെ ഭാവം മാറി. അതുവരെ ഉണ്ടായിരുന്ന ദേഷ്യം ഒക്കെ ഉരുകി ഒലിച്ചു എന്ന്‌ തോന്നി. ‘അയ്യോടി പൊന്നു മോളെ എന്റെ കുഞ്ഞ്‌ ഇതിന്‌ വേണ്ടി ആയിരുന്നോ അമ്മയ്ക്ക്‌ മുട്ട തരാഞ്ഞതെന്ന് പറഞ്ഞ് അത്‌ വരെ ഒരു കോഴിക്ക്‌ പോലും കൊടുക്കാത്ത ഞുറുക്കുഗോതമ്പ്‌ മിനിക്കും കുഞ്ഞുങ്ങള്‍ക്കും ആയി നല്‍കി.

 

മിനി അമ്മ എന്ന തന്റെ ഉത്തരവാദിത്തം വളരെ ഭംഗിയായി തന്നെ നിർവഹിച്ചു വന്നു. പറക്കമുറ്റാത്ത തന്റെ പിഞ്ചോമനകളെ കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ ഭദ്രമായി ചിറകിനിടയില്‍ ഒളിപ്പിച്ചു. അത്‌ വരെ അയല്‍പക്കത്തെ കുക്കുട സുന്ദരന്‍മാരെ കണ്ട്‌ കുണുങ്ങി നടന്നവള്‍ നീ പോടാ പുല്ലേ എന്ന മട്ടില്‍ മാറിപ്പോയത് പൂവന്മാര്‍ക്കിടയില്‍ ഒരു അങ്കലാപ്പ്‌ സൃഷ്ടിക്കാതിരുന്നില്ല. 

 

മൂന്നാല്‌ ദിവസങ്ങള്‍ പിന്നിട്ടു. മിനിയുടെ കുഞ്ഞുങ്ങളെ റാഞ്ചാന്‍ അതി ക്രൂരന്മാര്‍ ആയ മറ്റ്‌ പക്ഷികള്‍ തക്കം പാര്‍ത്തിരുന്നു. അങ്ങനെ ഒരു ദിവസം മിനിയുടെ ഒരു കുഞ്ഞിനെ അവളുടെ കണ്ണ്‌ ഒന്ന്‌ തെറ്റിയപ്പോള്‍ ഏതോ കശ്മലന്‍കാക്ക തട്ടിക്കൊണ്ട്‌ പോയി. അവളിലെ മാതൃ ഹൃദയം വേദനിച്ചിരിക്കണം. അമ്മമാര്‍ക്ക്‌ എല്ലാ മക്കളും ഒരുപോലെ ആണെന്ന്‌ എന്റെ അമ്മ എപ്പോഴും പറഞ്ഞിരുന്നു. അതുകൊണ്ട്‌ തന്നെ തന്റെ മറ്റ്‌ മൂന്ന്‌ കുഞ്ഞുങ്ങളെ അവള്‍ സശ്രദ്ധം പരിപാലിച്ചു പക്ഷേ ദുരന്തം എന്ന്‌ തന്നെ പറയാം മൂന്നാലു ദിവസങ്ങള്‍ക്ക്‌ ശേഷം അവളുടെ മറ്റ്‌ രണ്ട്‌ കുഞ്ഞുങ്ങളെ കൂടി ഒരു പൂച്ചയും എറിയന്‍ എന്ന്‌ അമ്മച്ചി പറയുന്ന (ഞാന്‍ ആ പക്ഷിയെ കണ്ടിട്ടില്ല) ഏതോ ഒരു പക്ഷിയും റാഞ്ചിക്കൊണ്ട്‌ പോയി. ഇത്‌ പക്ഷേ അവള്‍ക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവള്‍ വേദനയോ കുറ്റബോധമോ എന്തെന്നറിയാതെ സാധാരണയില്‍ നിന്നും വളരെ വ്യത്യസ്തമായി പെരുമാറി തുടങ്ങി. ‘മനസ്സില്‍ കുറ്റബോധം തോന്നുമ്പോള്‍ ചെയ്യുന്നത്‌ എല്ലാം യാന്ത്രികമായിരിക്കും’ എന്നാണല്ലോ. ( കടപ്പാട്‌ വിൻസന്റ് ഗോമസ് രാജാവിന്റെ മകന്‍). 

 

അവളുടെ പെരുമാറ്റം കണ്ട്‌ എന്റെ അമ്മ ഇങ്ങനെ പറഞ്ഞു. ‘മക്കളെ എത്ര മക്കള്‍ ഉണ്ടായാലും അവരെല്ലാം നമ്മുടെ കാലം വരെ കൂടെ ഉണ്ടാകണം എന്നാ എല്ലാ അമ്മമാരും ആഗ്രഹിക്കുക’ അകാലത്തില്‍ പൊലിഞ്ഞ തന്റെ രണ്ട്‌ മക്കളെ ഓര്‍ത്തായിരിക്കണം എന്റെ അമ്മ അത്‌ പറഞ്ഞത്‌. അവളുടെ ദുഃഖം എനിക്ക്‌ മനസ്സിലാകും എന്ന്‌ പറഞ്ഞപ്പോള്‍ എന്റെ അമ്മയുടെ കണ്ഠം ഇടറി കണ്ണുകള്‍ നിറഞ്ഞു.

 

ഇനിയുള്ള തന്റെ പൊന്നോമനയെ കണ്ണിമ വെട്ടാതെ മിനി സ്‌നേഹിച്ചും ലാളിച്ചും പോന്നു. ദിവസങ്ങള്‍ കടന്നു പോയി. പെട്ടെന്ന്‌ ഒരു ദിവസം ഉച്ചക്ക്‌ മിനിയുടെ ഉച്ചത്തിലുള്ള കൂകല്‍ കേട്ട്‌ മുറ്റത്തിറങ്ങി നോക്കുമ്പോള്‍ കണ്ടത്‌ അവള്‌ വളരെ ഉച്ചത്തില്‍ കൊക്കികൊണ്ട്‌ ഒരു പക്ഷിയുടെ പിറകെ ചിറകിട്ടടിച്ച്‌ ഓടുന്നതാണ്‌. ആ കുഞ്ഞിനെയും എറിയന്‍ പിടിച്ചല്ലോ. എന്തൊരു കഷ്ടം’ എന്റെ അമ്മയും പായാരം പറഞ്ഞു. മിനിക്കോഴിയുടെ കൊക്കല്‍ ഒരു ആര്‍ത്തനാദം പോലെ എവിടുന്നോ കേള്‍ക്കുന്നുണ്ടായിരുന്നു.അത്‌ മുറ്റത്തും പരിസരങ്ങളിലും അയല്‍പക്കത്തെ പറമ്പിലും ഉച്ചത്തില്‍ അലറി കൂകി മണിക്കൂറുകളോളം നടന്നു. കുഞ്ഞേ കുഞ്ഞേ എന്നു വിളിച്ചു കരയുന്നത്‌ പോലെയാണ്‌ അവളുടെ കൂക്കല്‍ എനിക്ക്‌ തോന്നിയത്‌. എന്തായാലും ഞങ്ങളെ എല്ലാം അതിശയിപ്പിച്ചു കൊണ്ട്‌ മിനി കോഴി തന്റെ കോഴിക്കുഞ്ഞുമായി രണ്ടു മൂന്നു മണിക്കൂറുകള്‍ കഴിഞ്ഞ്‌ കയറി വന്നു. അവൾ ആ കുഞ്ഞിനെ എങ്ങനെ കണ്ടെത്തി എന്നോ എവിടെ നിന്ന്‌ കണ്ടെത്തി എന്നോ എനിക്കറിഞ്ഞു കൂടാ..എങ്കിലും ഒന്നെനിക്കറിയാം. മാതൃസ്നേഹം  അത്‌ സകല ചരാചരങ്ങള്‍ക്കും ഒരു അനുഭൂതി ആണ്‌. അതിനു പകരമാവാൻ മറ്റൊന്നിനും ആവില്ല.

 

കുഞ്ഞിനെയും കൂട്ടി തിരികെ വന്ന മിനിക്കോഴിയെ അമ്മ ഞുറുക്കരിയും ഞുറുക്കു ഗോതമ്പും ഒക്കെ യഥേഷ്ടം നല്‍കി വരവേറ്റു. മിനിക്കോഴി പിന്നെയും മുട്ടകള്‍ ഇട്ടുകൊണ്ടിരുന്നൂ.. അതൊക്കെ ഞങ്ങളുടെ പത്തായത്തിന്റെ മുകളില്‍ തന്നെ ആയിരുന്നു.

 

English Summary : Ko Ko Ko Oru Kozhi Kadha, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com