സുകുമാരണ്ണൻ ഒറ്റയടിക്ക് ഇന്നസെന്റീന്നു മാറി കിലുക്കത്തിലെ തിലകനായി ; ‘എന്ത് തോന്നിവാസാടാ ഇയ്യ്‌ പറയുന്നത്’...

എം.എ ധവാൻറെ ഡിസിഷൻ റിവ്യൂ സിസ്റ്റം  ( കഥ)
പ്രതീകാത്മക ചിത്രം : Photo Credit: kuzmaphoto/ Shutterstock
SHARE

എം.എ ധവാൻറെ ഡിസിഷൻ റിവ്യൂ സിസ്റ്റം  ( കഥ)

‘ഒരു റിവ്യൂ ചാനൽ ഉണ്ടാക്കുമ്പോ മാക്സിമം വ്യൂ കിട്ടാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടത് നിങ്ങൾക്ക് ഒരിക്കലും കോമ്പറ്റിഷൻ ഉണ്ടാകരുത് എന്നതാണ്. അതായതു വേറെ ഒരാൾ നിങ്ങളുടെ ഭാഷയിൽ ചെയ്ത അതേ വിഷയം നിങ്ങൾ എടുത്താൽ അതിനു വ്യൂസ് കുറവാകാനാണ് സാധ്യത. അതേസമയം തന്നെ എല്ലാവർക്കുമുള്ള അല്ലെങ്കിൽ സ്ഥിരം ഉപയോഗിക്കുന്ന അല്ലെങ്കിൽ കഴിക്കുന്ന ഒരു സാധനം ആണെങ്കിൽ അത്രയും പോപ്പുലാരിറ്റി കൂടുകയും ചെയ്യും’.

ഉടുത്തിരുന്ന ഉടുമുണ്ട് പുതപ്പായി ഒന്നൂടെ വലിച്ചിട്ട് എം.എ ധവാൻ ചെരിഞ്ഞു കിടന്നു മൊബൈലിന്റെ മൂലയിൽ നോക്കി. സമയം പതിനൊന്നര ആകുന്നതേയുള്ളൂ ടൈം ഉണ്ട്.

‘ഇനി നമ്മൾക്ക് റിവ്യൂവിൽ എന്തൊക്കെ പറയാം എന്ന് നോക്കാം. ഒരു പ്രധാനപ്പെട്ട കാര്യം ആ സാധനം ഒരാൾക്ക് എത്ര ആവശ്യം ഉള്ള സാധനം ആണെന്ന് ആദ്യം ഒരു അവലോകനം പറയുകയാണ്’ കൊള്ളാം. പോയിന്റ് നൊട്ടേഡ്‌.

അടുത്തതായി ഈ വസ്തുവിന്റെ ലുക്സ്, സ്ട്രെങ്ത് അല്ലെങ്കിൽ സ്വാദ് മുതലായ കാര്യങ്ങളെപ്പറ്റി സംസാരിക്കുക. ഉദാഹരണത്തിന് മൊബൈൽ ആണെങ്കിൽ സ്ക്രീൻ കൊള്ളാമെന്നും ബോഡി നല്ല സ്ട്രോങ്ങ് ആണെന്നും ഒരു കേക്ക് ആണെങ്കിൽ കാഴ്ചക്ക് ഉഗ്രൻ ആണെന്നും ടേസ്റ്റ് ഇച്ചിരി സ്വീറ്റ് ആണെന്നും’ നൈസ്...

എന്തേലും റിവ്യൂ ഇട്ടാൽ മാത്രേ ഇപ്പോൾ യൂട്യൂബിൽ സബ്സ് കിട്ടൂ എന്ന് കിച്ചു പറഞ്ഞതിൽ പിന്നെ എം.എ ധവാൻ അതിനുള്ള കഠിനമായ ശ്രമത്തിലാണ്. കിച്ചു കഴിഞ്ഞ ആഴ്ച ചൂലിന്റെ ഒരു റിവ്യൂ ഇട്ടതിന്റെ അവസാനം അവന്റെ അമ്മ അവനെ ചൂല് കൊണ്ട് അടിക്കുന്നത് വൈറൽ ആയേപ്പിന്നെ അവനു സ്കൂളിൽ ഒക്കെ നല്ല പ്രശസ്തി കിട്ടിയല്ലോ. നമ്മളെ പിന്നെ അമ്മ തല്ലാൻ സാധ്യത ഇല്ല. ഒന്നും ഇല്ലെങ്കിലും പത്തു മുപ്പതു വയസ്സായില്ലേ.

‘‘നിങ്ങൾ ഒരു റിവ്യൂവിൽ നിർബന്ധമായും പറയേണ്ട കാര്യം ആ സാധനത്തിന്റെ കാലാവധി ആണ്. അഥവാ എക്സ് പയറി തീയതി. അത് ഒരു ഇലക്ട്രോണിക് ഉപകരണം ആണെങ്കിൽ അത് എത്ര കാലം നില നിൽക്കും എന്നാകാം, ഒരു ഭക്ഷണ പദാർത്ഥം ആണെങ്കിൽ എത്ര കാലത്തിനുള്ളിൽ സേഫ് ആയി കഴിക്കാം എന്നതാവാം’’

ഐവാ .. കൊള്ളാലോ പരിപാടി.

‘‘ഡ്രങ്ക് ഐ ആം ആൻ ഇരുകാലി ..ഡ്രങ്ക് നൗ എ നാൽക്കാലി’’ മൊബൈൽ അടിക്കുവാണ്.

‘‘പറയടാ സൈനു’’

‘‘ധവാ... ആയോടാ?’’

‘‘ഇത് നോക്കിക്കൊണ്ടിരിക്ക്യല്ലേ ... അതിന്റെ എടേൽ വിളിച്ച എങ്ങനാടാ ആവുന്നേ’’

‘‘എടാ ഇന്നന്നെ ഇടണം. നീ സംഗതി തീർത്തു സിം തിരിച്ചു താ. വാങ്ങിട്ടു നാല് ദിവസായില്ലേ? എനിക്ക് അതോണ്ട് ഇച്ചിരി പരിപാടി ണ്ട്’’

‘‘ ആ മനസ്സിലായി’’ ധവാൻ ഒരു ഊള ചിരി ചിരിച്ചു.

‘‘ എടാ .. നെറ്റ് ഇന്നൂടെയെ ഒള്ളു. ഇനി റീചാർജ് ചെയ്യാൻ കാശു ചോദിച്ചാ പെരെന്ന് പുറത്താക്കും’’

‘‘ആടാ .. സംഗതി വിഡിയോ എങ്ങനാ ഉണ്ടാക്കുന്നേ എന്ന് ഒരു ഐഡിയ കിട്ടിട്ടുണ്ട്.. ഇനി റിവ്യൂ ഇടാനുള്ള ഒരു സാധനം കൂടെ കണ്ടു പിടിച്ച മതി’’

‘‘എന്നാ ഞാൻ വെക്കട്ടെ വെറുതെ വിളിച്ചിട്ട് കാശു കളയണ്ട. വൈന്നേരം ഞാൻ വന്നു സാധനം വാങ്ങിക്കും അന്നേരം തന്നേക്കണം’’. അവൻ കട്ട് ചെയ്തു.

ഇനീപ്പോ വിഡിയോ കണ്ടു സമയം കളയണ്ട. ഫീൽഡിൽ ഇറങ്ങി കൈ വെക്കണം. ധവാൻ മുണ്ടു വാരി പെറുക്കി ഉടുത്ത് ചുറ്റും ഒന്നും നോക്കി. ചുമരിൽ ബാറ്ററി ഇടാതെ മാറാല പിടിച്ചു കിടക്കുന്ന ക്ലോക്ക്, അതിനു കൂട്ടായി തൊട്ടടുത്ത് അമ്മക്ക് സൂചിയും നൂലും വരി വരിയായി കുത്തി വെക്കാൻ വേണ്ടി മാത്രം തൂക്കിയിരിക്കുന്ന രണ്ടു കൊല്ലം മുന്നത്തെ മനോരമ കലണ്ടർ. അയയിൽ കിടക്കുന്ന ഓട്ട വീണ അണ്ടർ വെയർ. ദാരിദ്ര്യം... 

അടുക്കളയിൽ അമ്മ അടുപ്പത്തു വെച്ച അരിക്കലം ഉണ്ട്. പോരാ. വീട്ടിൽ ഉള്ളതെന്നും പോരാ. ടെക്‌നിക്കാലിറ്റി ഇല്ലാ.

അവൻ വീടിനു ചുറ്റും നാല് തവണ നടന്നു. ചങ്ങലയിൽ കിടന്ന പട്ടി ആളറിയാതെ കുരച്ചു അവന്റെ നേരെ ചാടി.

‘‘നന്ദികേട് കാണിക്കുന്നോടാ കുത്തേ കമീനേ .. നിന്റെ റേഷൻ കട്ട് ചെയ്തു കളയും വല്ലാണ്ടെ കളിച്ചാൽ’’

ഇവനെ പിടിച്ചു റിവ്യൂ ചെയ്താലോ? എം.എ ധവാൻ യൂട്യൂബ് തിരഞ്ഞു നോക്കി. ദേ കിടക്കുന്നു നാടൻ നായ്ക്കളുടെ റിവ്യൂകൾ മാല പോലെ. വേണ്ടാ.. കോമ്പറ്റിഷൻ കൂടുതലാ.

വീടിനു ചുറ്റും വലം വെച്ച് മൂന്നു തവണ നടന്നു. ഒരു ഐഡിയയും വരുന്നില്ല. തെങ്ങും പ്ലാവും മാങ്ങയും ഒക്കെ ഓരോ കൊണാപ്പന്മാർ റിവ്യൂ ചെയ്തു യൂട്യൂബിൽ ഇട്ടേക്കുന്നു. നടന്നു മൂന്നു വട്ടം കാല് കഴച്ചപ്പോ ഉമ്മറത്തെ മാവിന്റെ മുന്നിൽ ചാരി നിക്കുമ്പോ ദേ ..

‘‘..ഡ്രങ്ക് ഐ ആം ആൻ ഇരുകാലി ..ഡ്രങ്ക് നൗ എ നാൽക്കാലി’’ പിന്നേം സൈനു.

‘‘ധവാ .. എന്തായെടാ... കിട്ടിയോ.. ഒന്ന് പെട്ടെന്ന് ആക്കെടാ’’

ഇപ്പൊ എന്ത് പറയും...

ചുറ്റും നോക്കി. ഉമ്മറത്ത് അച്ഛൻ സുകുമാരൻ ഉച്ചക്കടിച്ച ഫുള്ളിന്റെ ഹാങ്ങോവറിൽ ചാരു കസേരയിൽ കെടപ്പുണ്ട്. അടിച്ച ട്രിപ്പിൾ എക്സ് റമ്മിന്റെ കാലി കുപ്പി കയ്യിന്നു വീഴാറായി നിക്കുന്നുണ്ട്. ചാരു കസേര ഇച്ചിരി പഴയതാണ്. കസേര കാണാൻ ഇച്ചിരി ലുക്ക് ഒക്കെയുണ്ട്. കിട്ടി , സംഗതി കിട്ടി.

‘‘എടാ ഒരു കിടിലൻ സംഗതി കിട്ടിയിട്ടുണ്ട്. കോമ്പറ്റിഷൻ ഒന്നും ഇല്ലാത്ത എന്നാ എല്ലാർക്കും ഒരു വിധം ഒക്കെ ഉള്ള എന്നാൽ നമ്മക്ക് മാത്രായിട്ടുള്ള ഒരു സാധനം.. ലൈവ് തന്നെ ഇടാം. നീ ഒന്ന് നോക്ക്’’

‘‘ലൈവോ എന്ത് കുന്തോ വേണെങ്കി ആയിക്കോ. ഞാൻ അര മണിക്കൂറിൽ വരും. സിം കിട്ടണം’’  അവൻ കട്ട് ചെയ്തു.

അവൻ ഉമ്മറത്തേക്ക് നടന്ന് സുകുമാരണ്ണൻ ചാരി കിടക്കുന്ന കസേരക്ക് മുന്നിൽ നിന്ന് ഫേസ്‌ബുക്ക് എടുത്ത് സെൽഫി കാം എടുത്തു, ലൈവ് വിഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങി. വെളിച്ചം തീരെ പോരാ. മുന്നിലെ ബൾബ് മാറ്റി സി എഫ് എൽ ആക്കണം. എന്നാ വേറെ ലൈറ്റിംഗ് വേണ്ടല്ലോ.

‘‘ഹലോ ഫ്രണ്ട്സ്. ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത് ഒരു വ്യത്യസ്തമായ ഒരു റിവ്യൂ കൊണ്ടാണ്. ഞാൻ ഇന്ന് റിവ്യൂ ചെയ്യാൻ പോകുന്നത് എന്റെ അച്ഛനെ ആണ്’’

സുകുമാരണ്ണൻ ഉറക്കത്തീന്ന് എണീറ്റ് ഹിന്ദി സീരിയലിലെ നായികയെ പോലെ മുന്ന് തവണ ഞെട്ടി തല വെട്ടിച്ചു നോക്കി.

‘‘നിങ്ങൾക്ക് എല്ലാവർക്കും അറിയാം അച്ഛൻ എന്ന് പറയുന്നത് നമ്മൾക്ക് എല്ലാവർക്കും ഉള്ള ഒന്നാണ്. എല്ലാർക്കും ആവശ്യം ഉള്ള ഒന്നാണ്’’

സുകുമാരണ്ണന് എന്താണ് നടക്കുന്നതെന്ന് ആദ്യം മനസ്സിലായില്ല. മുണ്ടു തപ്പുന്ന ഇന്നസെന്റിന്റെ എക്സ്സ്പ്രെഷൻ ഇട്ട് ക്യാമറയിലേക്ക് നോക്കി.

‘‘നിങ്ങൾക്ക് വീട്ടിൽ ഉള്ള അച്ഛന്മാരെകൊണ്ട് ഉപയോഗം ഉണ്ടോ എന്ന് എനിക്ക് അറിയില്ല, പക്ഷെ ഗുയ്സ് എന്റെ വീട്ടിലുള്ള അച്ഛന്റെ ഉപയോഗം ഈയിടെ ആയി കുറഞ്ഞു വരുവാണ് ... ലോക്‌ഡൗൺ ആയി പുള്ളിക്കാരൻ ഫുൾ ടൈം ഫുള്ളും അടിച്ചു വീട്ടി തന്നാണ്. ജോലിക്കൊന്നും പോകുന്നില്ല. അതോണ്ട് പണിയില്ലാത്ത അച്ഛന്മാർ ഉണ്ടെങ്കിൽ ഞാൻ നിങ്ങൾക്ക് അത് റെക്കമെൻഡ് ചെയ്യൂല’’

സുകുമാരണ്ണൻ ഒറ്റയടിക്ക് ഇന്നസെന്റിന്നു മാറി കിലുക്കത്തിലെ തിലകനായി.

‘‘എന്ത് തോന്നിവാസാടാ ഇയ്യ്‌ പറയുന്നത്’’  ക്യാമറയുടെ മുന്നിൽ നിന്ന് നൈസ് ആയി പാളി മാറി.

‘‘അടുത്തതായി നമ്മൾക്ക് ഈ അച്ഛൻ കാണാൻ എങ്ങനെ ഉണ്ടെന്നു നോക്കാം..‘‘ അവൻ ക്യാമറ തിരിച്ചു സുകുമാരണ്ണനെ ഫോക്കസിലേക്ക് കേറ്റി.

‘‘ആള് കാണാൻ ലുക്കൊന്നും ഇല്ലാ. സ്ട്രെങ്ത്... അധികം ഉണ്ടെന്നു തോന്നുന്നില്ല.. നിങ്ങൾക്ക് നോക്കിയാൽ കാണാം ആളുടെ കാലു ഇച്ചിരി കുഴയുന്നുണ്ട്.. 

സുകുമാരണ്ണൻ കിലുക്കത്തിലെ തിലകനിൽ നിന്നും ഗെയിം ഓഫ് ത്രോൺസിലെ ഫൈനൽ എപ്പിസോഡിലെ വ്യാളിയായി..

‘‘അടുത്തതായി നമ്മൾക്ക് ഈ പ്രൊഡക്ടിന്റെ നിലനിൽപ്പ് എത്ര കാലം ഉണ്ടാകും എന്ന് നോക്കാം. ഈ കുടിക്കുന്ന കുടി വെച്ച് എക്സ്പയറി ഡേറ്റ് കൂടിപ്പോയാൽ ആറു മുതൽ പന്ത്രണ്ടു മാസം വരെയേ ഉണ്ടാകാൻ സാധ്യത ഉള്ളു’’

അത് പറഞ്ഞു തീർന്നതും ട്രിപ്പിൾ എക്സ് റമ്മിന്റെ കുപ്പി പറന്നു വന്നു തലക്കടിച്ചു വീണതും ഒരുമിച്ചായിരുന്നു.

‘‘സ്വന്തം അച്ഛന്റെ നെഞ്ചത്തോട്ട് റിവ്യൂ ഉണ്ടാക്കുന്നോടാ............ മോനെ’’

പിന്നീട് അങ്ങോട്ട് അവിടുന്ന് ടെലിമാർക്കെറ്റിങ്ങിൽ ചപ്പാത്തി മേക്കറിന്റെ ആഡ് കാണിക്കുന്ന പോലെ സുകുമാരണ്ണൻ എം.എ ധവാന് കിടിലൻ ഒരു ‘റിവ്യൂ’ കൊടുത്തു. പാണ്ടി ലോറിക്ക് അടിയിൽ പെട്ട വിൽസ് പാക്കറ്റ് പോലെ എം.എ ധവാൻ പൊട്ടിച്ചിതറിയ ട്രിപ്പിൾ എക്സ് റമ്മിന്റെ കഷ്ണങ്ങൾക്ക് അടുത്ത് കിടക്കുമ്പോൾ സിം കാർഡിന് വേണ്ടി സൈനു വിളിച്ച കാൾ അടിക്കുന്നുണ്ടായിരുന്നു.

‘‘ഡ്രങ്ക് ഐ ആം ആൻ ഇരുകാലി ... ഡ്രങ്ക് നൗ എ നാൽക്കാലി ..... ഡ്രൻക് ഐ ആം ആൻ എട്ടുകാലി..അടിച്ചു പൂസ് മലയാളി’’

English Summary : M.A Dhavante Decision Review System, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;