ADVERTISEMENT

ഒറ്റപ്പെട്ടവൻ (കഥ)

ബി.എഡ് കോഴ്സിന്റെ ഭാഗമായുള്ള അധ്യാപക പരിശീലനം തിങ്കളാഴ്ച ആരംഭിക്കുകയാണ്. രണ്ട് മാസത്തേക്കാണെങ്കിലും അധ്യാപക വിദ്യാർഥി എന്ന നിലയിൽ നിന്നും യഥാർഥ അധ്യാപകനും അധ്യാപികയും  ആയി മാറുന്ന ഞങ്ങൾക്ക് നിർദേശങ്ങളും ആശംസയും അർപ്പിച്ചു കൊണ്ടുള്ള ബിജു സാറിന്റെ ചെറിയ പ്രസംഗം അവസാനിച്ചപ്പോൾ ബി.എഡ് സെന്ററിലെ ചെറിയ ഹാളിൽ കരഘോഷം മുഴങ്ങി. പിന്നീടുള്ള രണ്ട് ദിവസവും അതായത് ശനിയും ഞായറും ഞങ്ങളെ സംബന്ധിച്ച് വളരെ തിരക്ക് പിടിച്ച ദിവസങ്ങളായിരുന്നു.

 

ഒരാഴ്ചത്തേക്കുള്ള ലെസൻ പ്ലാനുകളും അനുബന്ധ കുറിപ്പുകളും മുന്നേ തയാറാക്കിയിരുന്നെങ്കിലും അനുയോജ്യ മായ ചാർട്ടുകളും മോഡലുകളും മാറ്റി മാറ്റി വരയ്ക്കേണ്ടിയും നിർമ്മിക്കേണ്ടിയും വന്നു. ഫസ്റ്റ് ബെല്ലടിക്കുന്നതിന് അര മണിക്കൂർ മുമ്പെ സ്ക്കൂളിൽ എത്തണമെന്നായിരുന്നു ബിജു സാറിന്റെ ഉപദേശമെങ്കിലും ആദ്യ ദിനമായതുക്കൊണ്ട് ഞങ്ങളെല്ലാവരും ഒരു മണിക്കൂർ മുമ്പെ എത്തി. ഞങ്ങളെന്നു പറഞ്ഞാൽ,

സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ നിന്ന് ഞാനും അനീഷും ഫിസിക്കൽ സയൻസിൽ   രാജേഷും ഭവ്യയും മലയാളത്തിൽ ഫാത്തിമയും ദീപയും ഗണിതത്തിൽ രമേശും ചന്ദനയും അടങ്ങിയ എട്ടു പേർ.

 

 

മെയിൻ റോഡിൽ നിന്നും ഇരുനൂറ്  മീറ്ററോളം മാറി പഴയ ഫാക്ടറി കെട്ടിടങ്ങളെന്നു തോന്നിക്കുന്ന നീളൻ കെട്ടിടങ്ങളും  വിശാലമായ മൈതാനവും ചുറ്റുമതിലും ചേർന്ന സ്കൂൾ കോമ്പൗണ്ടിലേക്ക് കടക്കുമ്പോൾ കാക്കി ട്രൗസറും വെള്ളക്കുപ്പായവുമിട്ട് പുസ്തകസഞ്ചിയും ചോറു പാത്രവുമായി പണ്ട് ഹൈസ്ക്കൂളിലേക്ക് പോയ ബാല്യമാണ് മനസ്സിൽ ഓടിയെത്തിയത്.

 

സ്കൂളിന് മുൻവശത്തെ ചെറിയ വയലിൽ മഴക്കാലത്തിന്റെ ബാക്കിപത്രമെന്നോണം തളം കെട്ടി നിൽക്കുന്ന വെള്ളത്തിന് മുകളിൽ അവിടെയവിടെയായി വെളുത്ത ആമ്പൽ പൂക്കൾ വിടർന്നു നിൽക്കുന്നുണ്ട്. പാടത്തിന് നടുവിലൂടെയുള്ള ചെമ്മൺപാതയിലൂടെ ആൺകുട്ടികളും പെൺകുട്ടികളും ഒറ്റയ്ക്കും കൂട്ടമായും കളിച്ചും ചിരിച്ചും നടന്നു വരുന്നത് ദൂരെ നിന്നെ കാണാം.

 

 

ആ സ്കൂളിലെ സാമൂഹ്യ ശാസ്ത്രാധ്യാപകൻ  ദീർഘ അവധിയെടുത്തതിനാൽ എന്റെ കൂടെയുള്ളവരിൽ നിന്നും വ്യത്യസ്തമായി എനിക്ക് ക്ലാസ്ചാർജ്ജുകൂടെ അധികമായി കിട്ടി. ഇങ്ങനെ  അധിക ചുമതലകൾ എന്റെ തലയിൽ തന്നെ വന്നു വീഴുന്നത് ഇപ്പോൾ തുടങ്ങിയതല്ല. തലയിലെഴുത്ത് തന്നെ. ടീച്ചിങ് പ്രാക്ടീസിനിടയിൽ  ചില കുട്ടികളിൽ നിന്നുമുണ്ടായ ഭീതിജനകമായ പല അനുഭവങ്ങളും ഞങ്ങളുടെ സീനിയേഴ്സ് പറഞ്ഞറിവ് ഉള്ളിലെവിടെയോ ഒരു കനലായി പുകയുന്നതു കൊണ്ട് ഒരു ഉൾഭയത്തോടെയാണ് ആദ്യ ദിനം ക്ലാസ്സിൽ കാലെടുത്തു വെച്ചത്. ഒമ്പത് ബിയിൽ 18 ആൺക്കുട്ടികളും 20 പെൺക്കുട്ടികളും ....

 

എല്ലാവരും ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന് ഗുഡ് മോണിങ് പറഞ്ഞ് എന്നെ ഒരു അധ്യാപകനാക്കി. ഒമ്പത് ബി എന്നതുപോലെ മറ്റ് ക്ലാസ്സുകളിലും പരിചയപ്പെടലും മറ്റുമായി ഒന്നാം ദിനം കുഴപ്പമില്ലാതെ കടന്നു പോയി. അന്ന് ടീച്ചിങ് പ്രാക്ടീസ് തുടങ്ങി നാലാം നാളായിരുന്നു. മിക്കവാറും ഞങ്ങളെ മോണിറ്ററിങ് ചെയ്യാൻ കോളേജിൽ നിന്ന്  അധ്യാപകർ ആരെങ്കിലും വരാൻ ചാൻസുണ്ടെന്ന ബോധ്യത്തിൽ കൂടുതൽ പഠനോപകരണങ്ങളുമായാണ്  ക്ലാസ്സിലേക്ക് പോയത്.

 

 

‘‘സാർ .. സുമേഷ് വന്നിട്ടുണ്ട്. .. ഇന്ന് ഫുൾ ഹാജരായിരിക്കും’’ മുൻ ബെഞ്ചിലിരിക്കുന്ന പഠിപ്പിസ്റ്റ് കണ്ണൻ വിളിച്ചു പറഞ്ഞു. ഹാജർ പട്ടികയിൽ ഇടയ്ക്കിടെ ആബ്സെൻറ് മാർക്ക് ചെയ്യപ്പെട്ട അവനെക്കുറിച്ച് ഇന്നലെ ഞാൻ കുട്ടികളോട് അന്വേഷിച്ചിരുന്നു.കഴിഞ്ഞ നാലു ദിവസവും അവൻ ഹാജരുണ്ടായിരുന്നില്ല. ക്ലാസ്സിൽ വെച്ച് ഉറങ്ങുന്ന, അകാരണമായി കുട്ടികളെ ഉപദ്രവിക്കുന്ന, ടീച്ചർമാരോടു പോലും കയർത്തു സംസാരിക്കുന്ന,വല്ലപ്പോഴും മാത്രം സ്കൂളിൽ വരുന്ന ഒരു വില്ലന്റെ ചിത്രമാണ് അവരിൽ നിന്നും ലഭിച്ചത് .സുബിൻ പറഞ്ഞതുപോലെ അവൻ വരാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്കും തോന്നി. ചാർട്ടുകളും പുസ്തകങ്ങളും മേശപ്പുറത്ത് വെച്ച് സുമേഷിനെ തെരയാനായി ആൺക്കുട്ടികൾ ഇരിക്കുന്ന ഭാഗം മുഴുവനായി കണ്ണോടിച്ചു. 

 

 

മുടി ക്രോപ്പ് ചെയ്ത് ഒരു കാതിൽ ചെറിയൊരു കമ്മലും കഴുത്തിൽ പുലിനഖമാലയും വലതുകൈത്തണ്ടയിൽ സ്റ്റീൽ വളയും ഇടതു കൈത്തണ്ടയിൽ കറുത്ത ചരടും കെട്ടി ഒരു റൗഡി ലുക്കിൽ പ്ലസ് ടു വിദ്യാർഥിയെന്നു തോന്നിക്കുന്ന  പൊടിമീശക്കാരൻ എന്നെ നോക്കി ചിരിച്ചു. ആദ്യ കാഴ്ചയിൽ തന്നെ കുട്ടികൾ പറഞ്ഞത് ശരിയാണെന്നെനിക്ക് ബോധ്യമായി. ഞാനവനെ അധികം ശ്രദ്ധിക്കാതെ പാഠഭാഗത്തേക്ക് കടന്നു. സിന്ധു നദീതട സംസ്കാരത്തിന്റെ കാലത്തെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചും ഞാൻ വാചാലനായി മോഹൻ ജൊ ദാരോവിലെ ഗ്രേറ്റ് ബാത്തിനെക്കുറിച്ച് ചാർട്ടിൽ വരച്ച ചിത്ര സഹിതം വിശദീകരിക്കുമ്പോഴാണ് ആൺകുട്ടികളുടെ പിൻബെഞ്ചിൽ നിന്നും ബഹളമുയർന്നത്.

 

സാർ, പാമ്പ് .. പാമ്പ്. ഞാനൊന്നു ഞെട്ടി. പെൺകുട്ടികൾ പലരും  നിലവിളിയോടെ എഴുന്നേറ്റു. ചിലർ എന്റെയരികിലേക്കും മറ്റു ചിലർ ബെഞ്ചിന്റെ മുകളിലും കയറി നിന്ന് ബഹളം കൂട്ടി. ഞാൻ കരുതലോടെ പതുക്കെ  പിൻബെഞ്ചിലിരിക്കുന്ന ആൺക്കുട്ടികളുടെയരികിലേക്ക് ചെന്നു. അവിടെ, സുമേഷിന്റെ കൈയ്യിലെ പാതി നിറച്ച ചില്ലുക്കുപ്പിയിലെ വെള്ളത്തിൽ ജീവനുള്ള ചെറിയൊരു പാമ്പിൻക്കുഞ്ഞ്. തല വെള്ളത്തിന് പുറത്തേക്ക് നീട്ടിവെച്ച്നാക്ക് ഇടയ്ക്കിടെ പുറത്തേക്ക് നീട്ടി, വാൽ പതുക്കെ ഇളക്കിക്കൊണ്ട്   ചില്ലുക്കുപ്പിയിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗം തേടുകയാണത്. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാനൊന്നു പകച്ചു നിന്നു.

വക്ക് പൊട്ടിയ ഉളിപ്പല്ല് കാട്ടി സുമേഷ് എന്നെ നോക്കി പുഞ്ചിരിച്ചു. അടപ്പ് ഭദ്രമാക്കിയ ചില്ലു കുപ്പി  വാങ്ങി എല്ലാവരും കാൺകെ മേശപ്പുറത്ത് വെച്ചപ്പോഴാണ് ബഹളമൊന്നടങ്ങിയത് .

 

 

സുമേഷിനെ ചോദ്യം ചെയ്യണമെന്നും പറ്റിയാൽ രണ്ടടി കൊടുക്കണമെന്നും എനിക്ക് നല്ല ആഗ്രഹമുണ്ടായിരു ന്നെങ്കിലും കുട്ടികളെ യാതൊരു കാരണവശാലും അടിക്കരുതെന്ന ബിജു സാറിന്റെ ഉപദേശവും ഞാനടിച്ചാൽ അവനെന്നെ തിരിച്ചു തല്ലിയേക്കുമെന്ന ഭയവും കാരണം  ആ ആഗ്രഹത്തിൽ നിന്നും പിൻമാറി. അന്നുച്ചയ്ക്ക് ശേഷമുള്ള  ആദ്യത്തെ ക്ലാസ് ഒമ്പത് സി യിലായിരുന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ ഓഫീസ് റൂമിന് പിന്നിലെ വാകമരത്തണലിലുള്ള ആ ക്ലാസ്സിലേക്ക് നടക്കുമ്പോൾ സ്റ്റാഫ് റൂമിന്റെ വരാന്തയിൽ കുറച്ച് അധ്യാപകർ കൂട്ടം കൂടി നിൽക്കുന്നു. ആരെയോ വിചാരണ ചെയ്യുകയാണ്.

 

 

കൗതുകത്തോടെ തൂണിനും ഗോപാലൻ മാഷിനും ഇടയിലുള്ള വിടവിലൂടെ കണ്ണെറിഞ്ഞു. സന്ധ്യാവാനം പോലെ കരഞ്ഞു കലങ്ങിയ കണ്ണുമായി മൂക്കിൽ നിന്നും വരുന്ന ചോര പഞ്ഞിയിൽ ഒപ്പിയെടുക്കുന്ന  ഒരു എട്ടാം ക്ലാസ്സുകാരനാണ് ആദ്യം ഫോക്കസ്സിൽ തെളിഞ്ഞത്. തൊട്ടടുത്ത് കൈകൾ നെഞ്ചിൽ ചേർത്തു കെട്ടി മൈക്രോസ് കോപ്പിൽ നോക്കുന്നതു പോലെ താഴേക്ക് ദൃഷ്ടിയൂന്നിചുമരിൽ ചാരി ഒരു കൂസലുമില്ലാതെ സുമേഷ്.

 

 

‘ഇവനെയൊന്നും അടിച്ചിട്ട് ഒരു കാര്യോല്ല മാഷെ ... ടി. സി കൊടുത്ത് പറഞ്ഞു വിടുകയാ വേണ്ടത്’എണ്ണമയമില്ലാത്ത മുടി ബോബ് ചെയ്ത് സുന്ദരമായ മുഖത്തെ മേക്കയ്പ്പിട്ട്   വികൃതമാക്കിയ ശാലിനി ടീച്ചർ എല്ലാവരോടുമെന്ന പോലെ പറഞ്ഞു. ബാലൻ മാഷിന്റെ കൈയ്യിലെ ചൂരലിന്റെ അറ്റം കാറ്റേറ്റ് വിറകൊള്ളുന്ന മാമ്പൂ പോലെ വിറച്ചുക്കൊണ്ടിരുന്നു. സുമേഷിന്റെ ക്ലാസ് ടീച്ചർ ( താൽകാലികമാണെങ്കിലും) എന്ന നിലയിൽ എന്നെയെങ്ങാനും  വിളപ്പിക്കുമോ എന്ന പേടിയിൽ ഞാൻ വേഗം ഒമ്പത് സിയിലേക്ക് നടന്നു. വാകമര ചില്ലകളെ തഴുകി വന്ന കാറ്റ് ഉച്ചച്ചൂടിനെ അൽപമൊന്നു തണുപ്പിച്ച ശേഷം മൈതാനത്ത് വട്ടത്തിൽ പൊടിപറത്തി എങ്ങോ പോയ് മറഞ്ഞു .

 

പിന്നീടുള്ള രണ്ട് ദിവസവും സുമേഷ് ക്ലാസ്സിൽ വന്നില്ല. അവന്റെ പ്രകൃതത്തെക്കുറിച്ച് കൂടുതലറിഞ്ഞതിനാൽ മൂന്നാം ദിനം അവൻ വന്നപ്പോൾ രണ്ട് ദിവസത്തെ ലീവിന്റെ കാര്യമൊന്നും ഞാൻ ചോദിച്ചുമില്ല. പക്ഷേ ഉച്ചയ്ക്ക് ഇന്റർവെൽ സമയത്ത് ശാലിനി ടീച്ചറുടെ നിർദ്ദേശാനുസരണം സയൻസ് ലാബിലെ ഫർണ്ണിച്ചറും മറ്റും ഒതുക്കി വെച്ച് തൂത്തുവാരുന്ന സുമേഷിനെ  കണ്ട് ഞാനൊന്നമ്പരന്നു.

 

‘സയൻസ് ലാബിലെന്തായിരുന്നു പണി?. വൈകുന്നേരം കണ്ടപ്പോൾ ഞാൻ ചോദിച്ചു.

 

 

‘ലാബിലൊരു എലി ചത്തതാ ... ഭയങ്കര ചീഞ്ഞുനാറ്റമായിരുന്നു’ അത് പറഞ്ഞ്  അവനൊന്നു ചിരിച്ചു. അവന്റെ പൊട്ടിയ പല്ല് ആരുമായോ ഉണ്ടായ വഴക്കിന്റെ ഫലമാണെന്നെനിക്ക് തോന്നി. സുമേഷ് വരുന്ന ദിവസങ്ങളിലെല്ലാം എന്തെങ്കിലും പരാതി അവനെക്കുറിച്ച് ഉയരാറുണ്ട്. അധ്യാപികമാരെ  കളിയാക്കുന്ന രീതിയിൽ കാർട്ടൂൺ വരയ്ക്കുക. അവനിഷ്ടമില്ലാത്തവരെക്കുറിച്ച്  ഡസ്ക്കലടിച്ച്  പാരഡിഗാനങ്ങൾ പാടുക, പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും പേരുകൾക്കിടയിൽ പ്ലസ് ചിഹ്നം ചേർത്ത് ചുമരിലും ഡസ്ക്കിലും എഴുതി വെയ്ക്കുക, കടലാസ്  വിമാനങ്ങൾ ഉണ്ടാക്കി പറത്തുക, ചീത്ത വിളിക്കുക, ഉപദ്രവിക്കുക,കടലാസ് ചുരുട്ടി സിഗരറ്റ് ഉണ്ടാക്കി തീ കൊളുത്തി വലിക്കുക, ഡസ്ക്കുകളും ബെഞ്ചുകളും മറ്റും നശിപ്പിക്കുക,പക്ഷികൾഅണ്ണാൻ, ഓന്ത്, പാമ്പ് തുടങ്ങിയ ജീവികളെ പിടിച്ചു ക്ലാസ്സിൽ കൊണ്ടുവരുക. എന്നിങ്ങനെയുള്ള പറഞ്ഞാൽ തീരാത്തത്ര  കലാപരിപാടികളുമായി സുമേഷിന്റെ ദിവസങ്ങൾ കടന്നു പോയി.

 

 

ഒരു ദിവസം ബിജു സാർ വന്ന് ഞങ്ങളുടെ ക്ലാസ്സുകളെല്ലാം മോണിറ്റർ ചെയ്ത അന്ന് വൈകുന്നേരം സ്കൂൾ കോമ്പൗണ്ടിന് പുറത്തുള്ള കുമാരേട്ടന്റെ ചായക്കടയിലിരുന്ന് ചായ കുടിക്കുകയായിരുന്നു. രണ്ടാഴ്ചകൊണ്ട് കുമാരേട്ടനുമായി നല്ലൊരു സൗഹൃദം സ്ഥാപിക്കാൻ എനിക്ക് സാധിച്ചിരുന്നു. കൈയ്യില്ലാത്ത വെളുത്ത ബനിയനും ലുങ്കിയും ധരിച്ച നീണ്ടു മെലിഞ്ഞ കുമാരേട്ടന് രാഷ്ട്രീയം പറയൽ നല്ല ഹരമുള്ള കാര്യമാണ്.

 

 

സ്കൂൾ വിട്ട് കുട്ടികളെല്ലാം പോയിട്ട് അര മുക്കാൽ മണിക്കൂറെങ്കിലും കഴിഞ്ഞു കാണും. അപ്പോഴാണ് സ്കൂൾ യൂണിഫോമിൽ സുമേഷ് അവിടേക്ക് കയറി വന്നത്. കുമാരേട്ടൻ കൊടുത്ത പണം എണ്ണി നോക്കാതെ കുപ്പായക്കീശയിലിട്ട് ഒന്നും പറയാതെ അവൻ നടന്നകന്നു. മുറിയുടെ മൂലയിൽ ഇരിക്കുന്ന എന്നെ അവൻ കണ്ടില്ലെന്നു തോന്നുന്നു. കുമാരേട്ടനും അവനും തമ്മിലുള്ള ഇടപാട് എന്താണെന്നറിയാനുള്ള ഒരാകാംക്ഷ എന്നിൽ മുള പൊട്ടിയെങ്കിലുംഅതടക്കി വെച്ച് വീണ്ടും പത്രത്താളിലേക്ക് തല താഴ്ത്തി.

 

 

അഹല്യയുടെ കഥയിലൂടെ ശിലയിലേക്കും പിന്നീട് ആഗ്നേയ ശില, കായാന്തരിക ശില, അവസാദ ശില എന്നിങ്ങനെ ശിലകളുടെ വകഭേദങ്ങളെക്കുറിച്ചും ഉൽപ്പത്തിയെക്കുറിച്ചും വിശദീകരിക്കുമ്പോഴാണ് സബ് ജില്ലാ കലോത്സവ മത്സരത്തിലെ വിവിധ കലാപരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് വന്നത്. സ്ക്കൂൾ തല കലോത്സവം നടത്താത്തതിനാൽ ഒരേ ഐറ്റംസിൽ രണ്ടിൽ കൂടുതൽ മത്സരാർത്ഥികളുണ്ടെങ്കിൽ അവരെകലാതൽപരരായ അധ്യാപകരുടെ ഒരു ടീം സ്ക്രീൻ ചെയ്ത് ഒന്നും രണ്ടും സ്ഥാനക്കാരെ കണ്ടെത്തുന്ന ഒരേർപ്പാടാണ് അവിടെയുണ്ടായിരുന്നത്. എന്റെ ക്ലാസ്സിൽ മലയാളം പദ്യം ചൊല്ലൽ, ലളിതഗാനം എന്നീ വിഭാഗങ്ങളിലായി നാലു പേർ മാത്രമേ പേര് തന്നുള്ളൂ. ആ ലിസ്റ്റ് കലോത്സവം കൺവീനറായ വെള്ളാരം കണ്ണുകളുള്ള സുഷമ ടീച്ചറെ പറഞ്ഞ തീയതിക്കു മുന്നേ ഏൽപ്പിച്ചു.

 

 

പിറ്റേ ദിവസം രാവിലെത്തെ ഇന്റർവെൽ സമയത്ത്കോളേജിലെ ആസ്ഥാന ഗായികയെന്നറിയപ്പെടുന്ന ചന്ദന കൊണ്ടുവന്ന ഉണ്ണിയപ്പം ഞങ്ങളെല്ലാവരും കൂടിച്ചേർന്ന് കഴിക്കുമ്പോഴാണ് ‘സുഷമ ടീച്ചർ വിളിക്കുന്നു’ എന്ന് പറഞ്ഞ് സുബിൻ വന്നത്. എനിക്ക് വീണ്ടും ‘പണി’ കിട്ടി എന്ന തരത്തിൽ എല്ലാവരും ചിരിച്ചു. ഞാൻ ചെല്ലുമ്പോൾ സുഷമ ടീച്ചറും ശാലിനി ടീച്ചറും ജിതേഷ് മാഷും പഴയ ചാർട്ടുകളും മാപ്പുകളും ചില പഠനോപകരണങ്ങളും കൂട്ടി വെച്ച    സ്റ്റാഫ് റൂമിന്റെ  മൂലയ്ക്കരികിലെ മേശയ്ക്ക് ചുറ്റുമിരുന്ന് കലോത്സവ ലിസ്റ്റ് പരിശോധിക്കുകയായിരുന്നു.

 

 

‘അല്ല .. മാഷിന്റെ ക്ലാസ്സിൽ ഞങ്ങളറിയാത്ത ചെണ്ടവാദ്യകലാകാരനുണ്ടോ’ എന്നെ കണ്ടയുടനെ ചിരിക്കുമ്പോൾ നുണക്കുഴി വിരിയുന്ന സുഷമ ടീച്ചർ ചിരിയോടെ ചോദിച്ചു . അല്ലറ ചില്ലറ വികൃതിത്തരങ്ങൾ കാട്ടുന്നതിനാൽ സാറന്മാർക്കും ടീച്ചർമാർക്കും അവനൊരു ശല്യമാ ... പക്ഷേ ഒരു കാര്യത്തിൽ അവൻ മിടുക്കാനാണെന്ന് ഞാമ്പറയും’ 

 

 

കുമാരേട്ടൻ  തന്റെ നീണ്ടു മെലിഞ്ഞ കൈവിരലുകൾ ചായ ഗ്ലാസ്സിനുള്ളിൽ കടത്തി കഴുകുന്നതിനിടയിൽ പറഞ്ഞു.

‘അവനിപ്പോ കാശും വാങ്ങിപ്പോയതു കണ്ടില്ലേ’ ഞാൻ കൗതുകത്തോടെ കുമാരേട്ടനെ നോക്കി. ‘ഇവിടേക്കും അപ്പുറത്തെ ഗോപാലന്റെ കടയിലേക്കും ആവശ്യമായ പച്ചക്കറീം ഇറച്ചീം മീനുമൊക്കെ  പുലർച്ചെ മാർക്കറ്റിൽ പോയി വാങ്ങി വരുന്നത് ഓനാ .. കൂടാതെ പത്രവിതരണോം ണ്ട് ’

 

‘അവന്റെ അച്ഛൻ?’ കുമാരേട്ടൻ പാതി നിർത്തിയപ്പോൾ അതിനിടയിലേക്ക് എന്റെ വാക്കുകളെ മെല്ലെ കുത്തിക്കയറ്റി.

 

‘ഇല്ല. ... നാലഞ്ച് കൊല്ലം മുമ്പ് മരിച്ചുപോയി’ എനിക്ക് ആകെപ്പാടെ ഒരു വല്ലായ്മ അനുഭവപ്പെട്ടു. 

 

‘വല്യ തെയ്യം കലാകാരനായിരുന്നു. ചെണ്ടവാദ്യത്തിൽ അഗ്രഗണ്യൻ... ഉത്സവ പറമ്പിൽ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള തായമ്പക കേൾക്കാൻ മണൽത്തരി താഴെ വീഴാത്തത്ര ജനക്കൂട്ടമായിരുന്നു. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം?’

 

കുമാരേട്ടൻ ഒന്നു നിർത്തി. തൊണ്ടയിൽ കുറുകി വന്ന കഫത്തെ വലിച്ചെടുത്ത്, കമ്പി വലക്കുളളിലൂടെ അടുക്കളമുറ്റത്തേക്ക് നീട്ടി തുപ്പി.

 

‘കുടിച്ച് കുടിച്ച് മരിക്കാംന്ന് കേട്ടിട്ടില്ലേ .. ശരിക്കും അതെന്നാ സംഭവിച്ചത്’ പാതി കുടിച്ചു വെച്ചആറിത്തണുത്ത എന്റെ ചായ ഗ്ലാസ്സിന്റെ വക്കിലൂടെ ഒരു ഈച്ച ഇഴഞ്ഞു നടന്നു.  ഗ്ലാസ്സുകളും പ്ലേറ്റുകളും കഴുകി വെച്ച കുമാരേട്ടൻ

എനിക്കഭിമുഖമായി ബെഞ്ചിമേൽ വന്നിരുന്നു.

 

 

‘അമ്മേം മോനും മാത്രാ കുടിയിൽ ... ആയമ്മ തൊഴിലുറപ്പിനും മറ്റും പോയി തട്ടി മുട്ടീം അങ്ങനെ കഴിഞ്ഞു പോണ് ... ഒരസുഖകാരിയാ’ ഉത്സവ സീസണായാൽ ഓന്റെച്ഛന്റെ ശിഷ്യന്മാരോടൊപ്പം ചെണ്ടകൊട്ടാൻ പോകും .. നല്ല കൈവഴക്കമാണ് .. അച്ഛന്റെയല്ലേ മോൻ’ ചായ കുടിക്കാനായി രണ്ടു പേർ കടയിലേക്ക് വന്നതോടെ കുമാരേട്ടൻ കഥ നിർത്തി എഴുന്നേറ്റു.

 

‘മാഷെ .. ഉത്സവ പറമ്പിൽ കൊട്ടണ പോലെയല്ല മത്സരത്തിൽ. അത് ശാസ്ത്രീയമായി അഭ്യസിക്കണം. സുഷുമ ടീച്ചർ വെള്ളാരം കണ്ണുകൾ ഇറുക്കി തടസ്സവാദം ഉന്നയിച്ചു.

 

‘ചെണ്ടവാദ്യത്തിന് മറ്റാരും പേര് തന്നിട്ടില്ലാത്ത സ്ഥിതിക്ക് കൊണ്ടുപോകാമായിരുന്നു. പക്ഷേ ഇവനെ മാഷ്ക്ക് ശരിക്ക് അറിയാഞ്ഞിട്ടാ. വെറുതെ മഴുവെടുത്ത് കാലിലിടണോ’?

 

 

ശാലിനി ടീച്ചർ കറുത്ത മഷി തേച്ച പുരികമുയർത്തി അർദ്ധ സമ്മതത്തിൽ നിർത്തി. ക്ലീൻ ഷേവ് ചെയ്ത് തുടുത്ത മുഖമുള്ള ജിതേഷ് മാഷ് മൂക്കിൻ തുമ്പത്തേക്ക് ഇറങ്ങി വന്ന കണ്ണടയ്ക്ക് മുകളിലൂടെ എന്നെ നോക്കി.

‘എന്തായാലും മാഷ് എഴുതിയതല്ലേ ? ഒഴിവാക്കേണ്ട ... അവനെ മാഷെയങ്ങ് ഏൽപ്പിക്കാം’. അതും പറഞ്ഞ്

ചൂണ്ടുവിരൽ കൊണ്ട് കണ്ണടയെ യഥാസ്ഥാനത്തേക്ക് കയറ്റി വെച്ചു. അവസാനം അവനെ കൊണ്ടുപോയി കൊണ്ടുവരേണ്ട ഉത്തരവാദിത്തം എനിക്കായി.

 

 

വെറുതെ എന്തിനാണ് പുലിവാലു പിടിച്ചതെന്ന ചോദ്യം തിരമാല പോലെ പലവട്ടം മനസ്സിൽ ഉയർന്നു വന്നു.

ചെണ്ടവാദ്യമടക്കമുള്ള വാദ്യോപകരണങ്ങളുടെ മത്സരം കലോത്സവത്തിന്റെ രണ്ടാം ദിനമായിരുന്നു. അന്നത്തെ ദിവസം സ്ക്കൂളിൽ നിന്ന് മത്സരാർത്ഥിയായിട്ട് സുമേഷ് മാത്രമായതുക്കൊണ്ട് ഞാനും സുമേഷും ചെണ്ടയുമായി ഓട്ടോയിലാണ് കലോത്സവം നടക്കുന്ന സ്കൂളിലേക്ക് പോയത്. ഒരു ഭീകരനെയും കൂട്ടിയാണല്ലോ എന്റെ യാത്ര എന്നോർത്തപ്പോൾ ഉള്ളിലൊരാന്തൽ. അവിടെയെത്തിയാൽ വല്ല വികൃതിത്തരങ്ങളും ഒപ്പിക്കുമോയെന്നതായിരുന്നു എന്റെ പേടി. കലോത്സവം നടക്കുന്ന സ്ക്കൂളിന് മുന്നിലെ റോഡിന്റെ ഇരുവശവും പല വർണ്ണങ്ങളിലുള്ള കൊടി തോരണങ്ങളാൽ അലങ്കരിച്ചിരുന്നു. കുട്ടികളും രക്ഷിതാക്കളും സംഘാടകരും നാട്ടുകാരുമടക്കമുള്ള വലിയൊരു ജനസഞ്ചയം തന്നെയുണ്ട്. ഐസും ഐസ് ക്രീമും ഉപ്പിലിട്ട കായ്കനികളും വിൽക്കുന്ന ഉന്തുവണ്ടിക്കാരും സൈക്കിളുകാരും മുഴുക്കുന്ന ഹോണടികളുടെയും വിവിധ വേദികളിൽ നിന്നുയരുന്ന അനൗൺസ്മെൻറുകളുടെയും ശബ്ദകോലാഹലത്തിനിടയിലൂടെ വേദി മൂന്നിനെ ലക്ഷ്യമാക്കി നടന്നു.

 

 

 പത്തുമണിക്ക് ആരംഭിക്കുമെന്ന പറഞ്ഞ ചെണ്ടവാദ്യമത്സരം തുടങ്ങാൻ ഒന്നര മണിക്കൂർ കഴിഞ്ഞു. ലോട്ടെടുത്ത് ചെസ്റ്റ് നമ്പർ വാങ്ങി സുമേഷിനെ ഗ്രീൻ റൂമിൽ ആക്കിയ ശേഷം ഞാൻ വേദിക്ക് മുമ്പിലെ നിരത്തി വെച്ച കസേരയിലൊന്നിൽ വന്നിരുന്നപ്പോഴാണ് ഒരാശ്വാസമായത് . കുറച്ചകലെയുണ്ടായിരുന്ന റിവോൾവിംഗ് ഫാനിൽ നിന്നുള്ള കുളിർന്ന കാറ്റ് ഇടയ്ക്കിടെ എന്നെ തഴുകി കൊണ്ടേയിരുന്നു. ചെണ്ടവാദ്യത്തിന് നിന്റെ പേര് കൊടുക്കട്ടെയെന്ന് ആദ്യമായി ചോദിച്ചപ്പോൾ അവൻ അവശ്വസനീയതയോടെ എന്നെ നോക്കിയത് മനസ്സിൽ തെളിഞ്ഞു. അവൻ ചെണ്ടകൊട്ടാൻ പോകാറുണ്ടെന്ന് ഞാനങ്ങനെയറിഞ്ഞു എന്ന അദ്ഭുതമാണ് ആ നോട്ടത്തിൽ പ്രതിഫലിച്ചത്. പക്ഷേ അവന് സമ്മതമുണ്ടായിരുന്നില്ല. അറിയില്ലെന്നുൾപ്പെടെ പലതും പറഞ്ഞവൻ ഒഴിഞ്ഞു മാറി.

 

 

‘നിന്റെമ്മയ്ക്കും കുമാരേട്ടനും ഞാൻ വാക്കു കൊടുത്തു പോയി.. അവരുടെ കൂടി ആഗ്രഹമാണ് ’ എന്റെയാ ഡയലോഗിൽ അവൻ വീണു. കുമാരേട്ടന്റെ കഥ കേട്ടതിന്റെ പിറ്റേ ദിവസം വൈകുന്നേരം ഞാനും അനീഷും സുമേഷിന്റെ വീട്ടിൽ പോയിരുന്നു. ഞങ്ങളുടെ കോഴ്സിന്റെ ഭാഗമായി ‘പ്രശ്നക്കാരനായ’ ഒരു കുട്ടിയെ കണ്ടെത്തി ‘കേസ് സ്റ്റഡി’ നടത്തി ഒരു റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കേണ്ടതുണ്ട്. ദാരിദ്ര്യം കൊത്തുപണി ചെയ്ത് വികൃതമാക്കാൻ തുടങ്ങിയ രൂപവുമായി അവന്റെയമ്മ ചെറിയ വീടിന്റെ വാതിൽ തുറന്നു. അവൻ ഫുട്ബോൾ കളിക്കാൻ മൈതാനത്തേക്ക് പോയിരുന്നു.

 

 

‘വായനേം പഠിപ്പൊന്നുമില്ല മാഷെ ... വൈകുന്നേരം വന്നാൽ ഈ കളിയാണ്’ പടിവാതിലിൽ ചാരി നിന്ന് അവർ പറഞ്ഞു. ‘ടീച്ചർമാർക്കും മാഷന്മാർക്കും എപ്പഴും പരാതിയാണ് ... പക്ഷേ എനിക്ക് ഓൻ മാത്രെയുള്ളൂ മാഷെ’

അവരുടെ ക്ഷീണം പിടിച്ച് കരുവാളിച്ച കണ്ണുകളിൽ  നീരണിഞ്ഞു. വരാന്തയോട് ചേർന്നുള്ള കൊച്ചുമുറിയിലെ ചുമരിൽചില്ലിട്ടു വെച്ച അവന്റെയച്ഛന്റെ പടത്തിനു താഴെയുള്ള മേശമേൽ വെച്ച ചെണ്ട കണ്ടപ്പോൾ ഞാൻ ചോദിച്ചു. 

 

‘ചെണ്ട കൊട്ടാനറിയാം .. ഇല്ലേ?’. ‘

 

ചെറുതായിരുന്നപ്പോൾ തന്നെ ആ കുഞ്ഞിക്കൈയ്യിൽ അവന്റെച്ഛനാണ് ചെണ്ടക്കോൽ പിടിപ്പിച്ചത്’

അവരുടെ വാക്കുകളിൽ വാത്സല്യം നിറഞ്ഞു. ഭർത്താവിന്റെ ഫോട്ടോയിലേക്ക് കണ്ണുനട്ട് അവരൊന്നു നെടുവീർപ്പിട്ടു .

സുമേഷിന്റെ  ചെസ്റ്റ് നമ്പർ മൈക്കിലൂടെ പന്തലിൽ  മുഴങ്ങിയപ്പോൾ ഞാനുണർന്നു. ആകാംക്ഷയും ഭയവും സന്തോഷവും മറ്റ് പേരറിയാത്ത പല വികാരങ്ങളും കൂടിച്ചേർന്ന് ഒരു ഉൾപിരിമുറക്കത്തോടെ ഞാൻ വേദിയിലേക്ക് ഉറ്റുനോക്കിയിരുന്നു. തോളത്തു തൂക്കിയ ചെണ്ടയും  കൈയ്യിൽ ചെണ്ടക്കോലുമായി ചുവന്ന കരയുള്ള മുണ്ടുമുടുത്ത് അവൻ പതുക്കെ സ്റ്റേജിലേക്ക് കയറി വന്നു.

 

സുമേഷിന്റെ വീട്ടിൽ പോയ അന്നു രാത്രി മന:ശാസ്ത്രവിഷയവുമായി ബന്ധപ്പെട്ട് ജെ എൽ മൊറോനോ ആവിഷ്ക്കരിച്ച സാമൂഹികമിതി നിർമ്മിക്കാനായി കുട്ടികളിൽ നിന്ന് ശേഖരിച്ച ദത്തങ്ങൾ വിശദമായി പരിശോധിച്ചു. ഒരു സംഘത്തിലെ അഥവാ ക്ലാസ്സിലെ കുട്ടികളിൽ കാണുന്ന സ്വീകരണ പ്രവണതയും നിരാസപ്രവണതയും അളക്കാനുള്ള മാർഗ്ഗമാണത്. ഏവർക്കും സ്വീകാര്യനായ ക്ലാസ്സിലെ താരത്തെ കണ്ടു പിടിക്കാനായി ഏറ്റവും കൂടുതൽ കുട്ടികൾ കൂട്ടുകൂടാൻ  ആഗ്രഹിച്ചവരുടെ പേരുവിവരങ്ങൾ ശ്രദ്ധയോടെ ലിസ്റ്റ് ചെയ്തു. ഞാൻ പ്രതീക്ഷിച്ചത് പഠിപ്പിസ്റ്റ് കണ്ണനെയായിരുന്നെങ്കിലും കൂടുതൽ പേരും എഴുതിയ പേര് ക്ലാസ്സിലെ പാട്ടുകാരനായ സുബിനെയായിരുന്നു. പെൺകുട്ടികളിൽ എപ്പോഴും സംശയങ്ങൾ ചോദിക്കുന്ന സംസാര പ്രിയയായ നന്ദനയായിരുന്നു താരം .

 

 

രണ്ടോ മൂന്നോ അംഗങ്ങൾ പ്രത്യേകമായി കൂട്ടുചേർന്നുണ്ടാകുന്ന ഉപസംഘമാണ് ക്ലിക്കുകൾ . എന്തു കാര്യമായാലുംഎവിടെ പോകുമ്പോഴും ആ മൂന്നു പേരും ഒന്നിച്ചാണുണ്ടാകുക. അത്തരത്തിലുള്ള  ഒരു ഉപസംഘത്തെ  കണ്ടെത്തി  പേരെഴുതിയപ്പോൾ ഞാനത്ഭുതപ്പെട്ടു. മന:പ്പൊരുത്തം പോലെ തന്നെയായിരുന്നു അവരുടെ പേരുകളും. അഞ്ജു,മഞ്ജു, ചിഞ്ചു. ആരും കൂട്ടുകൂടാൻ ഇഷ്ടപ്പെടാത്ത അഥവാ ക്ലാസ്സിലെ ഒറ്റപ്പെട്ടവന്റെ പേര് ഞാൻ പ്രതീക്ഷിച്ചതു  തന്നെയായിരുന്നു. മത്സരത്തിന്റെ ഫലപ്രഖ്യാപനത്തിനായി വിധികർത്താക്കളെ ക്ഷണിച്ചുക്കൊണ്ടുള്ള അനൗൺസ്മെന്റ് വന്നു. എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി .

 

 

കോൺ ഐസ് ക്രീം നുണഞ്ഞുക്കൊണ്ട് പുറം കാഴ്ചകൾ നോക്കിക്കൊണ്ടിരുന്ന സുമേഷ് എനിക്ക് നേരെ തിരിഞ്ഞു. 

‘ലാസ്റ്റ്ന്ന്  ഫസ്റ്റായിരിക്കും. വെറുതെ മാഷ് ടെൻഷനടിക്കേണ്ട’ എന്റെ ആകാംക്ഷ കണ്ടിട്ടാകണംഅവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ചെസ്റ്റ് നമ്പർ ടു നോട്ട് സിക്സ് എന്ന് മുഴങ്ങിയത് മാത്രമെ ഞാൻ കേട്ടുള്ളൂ ... മനസ്സിൽ പടർന്നു കയറിയ വികാര തള്ളിച്ചയിൽ തുള്ളിച്ചാടണമെന്ന് തോന്നി. ടു നോട്ട് സിക്സ് എന്നത് പന്തലിൽ വീണ്ടും വീണ്ടും പ്രതിധ്വനിക്കുന്നതു പോലെ ... ഞാനവനെ ചേർത്തു പിടിച്ചു. പിറ്റേ ദിവസം രാവിലെ നടന്ന സ്കൂൾ അസംബ്ലിയിലെ താരം സുമേഷായിരുന്നു. അസംബ്ലിയിൽ മാത്രമല്ല ക്ലാസ്സിലും അവൻ തന്നെയായിരുന്നു താരം .

അന്നു രാത്രി മുതൽ എന്റെ സാമൂഹികമിതി ചാർട്ടിലെ ഒറ്റപ്പെട്ടവന്റെ കോളം ഒഴിഞ്ഞുകിടന്നു.

 

English Summary : Ottapettavan, Malayalam Short Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com