ADVERTISEMENT

ജിപ്സികൾ വരയ്ക്കുന്ന ചുവർ ചിത്രങ്ങൾ ( കഥ)

രാവിലെ എഴുന്നേറ്റപ്പോൾ ചെറിയ മടി തോന്നാതിരുന്നില്ല. ശരത്കാലത്തെ മഞ്ഞിന്റെ അസ്കിത കലശലായതു കൊണ്ട് വീണ്ടും കിടക്കയിലേക്ക് ചായാൻ അന്തരംഗം മന്ത്രിച്ചു കൊണ്ടേയിരുന്നു. അഞ്ചു മിനിറ്റു കിടന്നു എഴുനേൽക്കാമെന്ന് നിശ്ചയിച്ചു കട്ടിലിലേക്ക് ചായാൻ തുടങ്ങുമ്പോൾ ചായക്കപ്പുമായി അവളെത്തി.

 

‘മടി പിടിക്കാതെ എഴുന്നേറ്റ് നടന്നേ മനുഷ്യാ...വയ്യെങ്കിൽ ഇനി ഡോക്ടറുടെ അടുത്തു ചെല്ലുമ്പോൾ പറഞ്ഞേക്കാം . ചായ കുടിച്ചാലേ നടത്തം വരൂ എന്ന് പറഞ്ഞ് ചായയുമായി വരുമ്പോൾ കിടന്നുറങ്ങുന്നോ?’ പിന്നെയും അവളെന്തെക്കയോ ചലപില പറഞ്ഞതു കേൾക്കാൻ താൽപര്യമില്ലാത്തോണ്ട് ചായ മൊത്തിക്കുടിച്ച്  റോഡിലേക്കിറങ്ങുമ്പോൾ അടുത്തുള്ള പള്ളിയിലേക്കുള്ള ആളുകളെ മാത്രമേ റോഡിൽ കണ്ടുള്ളു. സാധാരണ ഒരു കിലോമീറ്റർ ദൂരം പ്രധാന റോഡിലും ബാക്കി ചെറു റോഡിലുമായാണ് നടക്കുന്നത്. ബഹളമൊക്കെ വെച്ചെങ്കിലും ഭാര്യ കൂട്ടത്തിൽ നടക്കാൻ വരാത്തത് ശുണ്ഠി പിടിപ്പിക്കാതിരുന്നില്ല. തന്റെ ഇമ്മാതിരി ആവശ്യങ്ങൾ വരുമ്പോൾ തനിക്കിപ്പം ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലന്നും ഡോക്ടേഴ്സ് അയാളോട് പറഞ്ഞത് അനുസരിക്കുകയാണ് വേണ്ടതെന്നുമുള്ള അവളുടെ തിരിച്ചടികൾ അവ നിശ്ബദമാക്കിക്കൊണ്ടേയിരുന്നു.

 

പള്ളി കഴിഞ്ഞ വളവിലെത്തിയപ്പോൾ പതിവു പോലെ അയാളെ പ്രതീക്ഷിച്ച് റോഡിലെത്തുന്ന ഇടവഴിയിലേക്ക് കണ്ണുകൾ പായിച്ചു. ഇല്ല ധൃതി പിടിച്ചു നടന്നു വരുന്ന കാലൊച്ചയൊന്നും കേൾക്കുന്നില്ല.  ഒരാഴ്ച്ചയായി നാട്ടിലായതുകൊണ്ട് അയാളെ കണ്ടിട്ടില്ല. ... കഴിഞ്ഞ ഒരു മാസമായി അയാൾ രാവിലെത്തെ നടത്തതിനുള്ള ഏക കമ്പനിയാണ്. പൊതുവെ അധികം സംസാരിക്കാത്ത ആളായതുകൊണ്ട് അയാളുടെ ഒച്ച വെച്ചുള്ള സംസാരങ്ങളെ അവഗണിച്ചുവെങ്കിലും മമ്മൂട്ടിയുടെ ‘മൈക്ക്’ പോലെ ഒരു നിഷ്കളങ്കത അയാളിലുമുണ്ടെന്ന തോന്നൽ അയാളോട് ഇഷ്ടം തോന്നിച്ചിരുന്നു. അക്ഷര നഗരിയിൽ ജോലി സംബന്ധിച്ചു താമസിക്കുന്ന തനിക്ക് വലിയ സുഹൃത്ത് വലയമൊന്നും ഇവിടെയില്ല. ഇടയ്ക്ക് നടക്കാൻ വരുന്ന സമയത്ത് ഏതെങ്കിലുമാക്കെ നാട്ടുപഴങ്ങളുമായിട്ടായിരിക്കും അയാൾ വരുന്നത്. അതു കെട്ടിയേൽപ്പിക്കുമ്പോൾ അയാളുടെ മുഖത്ത് തെളിയുന്ന സന്തോഷം കാണുമ്പോൾ നാട്യങ്ങളില്ലാത്ത ഒരു മലനാട്ടുകാരനാണ് അയാളെന്ന് തോന്നിപ്പോകും. 

 

അയാളുടെ അപ്പാപ്പൻ സുഖമില്ലാതെ കിടക്കുകയാണെന്നു പറഞ്ഞിരുന്നതാണ്. ഇനി വല്ല ആശുപത്രീലോ വല്ലതും ആയോ എന്തോ? ഒരിക്കൽ രാവിലെ നടത്തം കഴിഞ്ഞ് തിരികെ വരും വഴി അയാളുമൊന്നിച്ച് താനവിടെ പോയിരുന്നതാണ്. തീരെ കിടപ്പിലാണയാളുടെ അപ്പാപ്പൻ. ഞങ്ങൾ ചെല്ലുമ്പോൾ ഒരു സ്ത്രീയും കുട്ടിയും ചേർന്ന് അപ്പാപ്പനെ വീൽചെയറിൽ ഭക്ഷണം കൊടുക്കുന്നതിനു വേണ്ടി ഡൈനിംഗ് ടേബിളിനരികിലേക്ക് ഉന്തിക്കൊണ്ടുപോകുന്നത് കണ്ടു. ‘എന്റെ ഭാര്യയും മോനുമാണ്’ പകിട്ടില്ലാത്ത വസ്ത്രങ്ങൾ ധരിച്ചാണ് നിൽ പെങ്കിലും അവർ അപ്പാപ്പന് പ്രസരിപ്പോടെ നൽകുന്ന കെയർ എന്നിൽ സന്തോഷം ജനിപ്പിച്ചു. അപ്പാപ്പന്റെ ചുണ്ടിൽ ഒരു വരണ്ട ചിരി തെളിഞ്ഞു.

 

‘ചാച്ചന് ആളെ മനസ്സിലായോ? സാറ് ഇവിടടുത്താ താമസിക്കുന്നേ ... സ്വന്തം സ്ഥലങ്ങു തൊടുപുഴയിലാ’ അപ്പാപ്പൻ തലകുലുക്കുന്നത് കണ്ടു. അയാൾ പറഞ്ഞു. ചുമ്മാ തലയാട്ടുവാ ... ചാച്ചന് ഇടക്കിടക്ക് സോഡിയം കുറയുന്നുണ്ട്, അതോണ്ട് ഓർമ്മ കുറവാ’ അപ്പാപ്പന്റെ ചികിത്സ കാര്യങ്ങളും ദിനചര്യകളും ഒക്കെ ഒറ്റശ്വാസത്തിൽ അയാൾ പറയുന്നത് കേട്ട് ആശ്വാസം തോന്നി. മക്കളായാൽ ഇങ്ങനെ വേണം.

 

ഓർമ്മകളെ മുറിച്ചു ഒറ്റയ്ക്കായതു കൊണ്ട് ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി. വിയർത്തൊലിച്ചു നടപ്പു കഴിഞ്ഞു വന്നതു കണ്ട് ഭാര്യ പ്രാതലും ടിഫിനുമൊക്കെ യഥാസമയം  റെഡിയാക്കി മേശപ്പുറത്ത് എത്തിച്ചു. ഓഫീസിലേക്കിറങ്ങാൻ കാറിൽ കേറിയപ്പോൾ അവൾ കൈ കാണിച്ചു കൊണ്ടുവരുന്നതു കണ്ടു. ഫോൺ ചെവിയിൽ വെച്ച് ആരോടോ സംസാരിച്ചുകൊണ്ട്!. ഗ്ലാസ് താഴ്ത്തിയപ്പോൾ ഫോൺ കട്ടു ചെയ്തു സ്വരം താഴ്ത്തി പറഞ്ഞു ‘അച്ചായാ വൈകിട്ട് രണ്ടു ഗസ്റ്റൊണ്ടേ .... സിബിച്ചനും ഭാര്യയും വരുന്നു . എന്തേലും ബേക്കറി കൂടി വാങ്ങിയേക്കണെ’...

 

സിബിച്ചൻ അവളുടെ നാട്ടുകാരനും വകയിലെ ഒരു ബന്ധുക്കാരനുമൊക്കെയാണ്. അയാളുടെ ഭാര്യ അവളുടെ കൂടെ ഒരുമിച്ച് പഠിച്ചിരുന്നതുമാണ്. സിബിച്ചന്റെ മോന് എൻജിനിയറായി ജോലി കിട്ടിയപോൾ മോളുടെ കാര്യത്തിന് ആലോചിക്കണമെന്നൊക്കെ പറഞ്ഞു അവൾ ബഹളം വെക്കുന്നതു കണ്ടിട്ടുള്ളതുകൊണ്ട് മറുത്തൊന്നും പറയാതെ കാർ മുന്നോട്ടെടുത്തു. ഓഫീസിലെത്തിയതോടെ തിരക്കുകളുട ലോകത്ത് വെറൊന്നും ഓർത്തെടുക്കാൻ സമയമില്ലാതെ ജോലികളുടെ നടുവിലേക്ക് ആഴ്ന്നിറങ്ങി. ഒരാഴ്ച്ച നാട്ടിൽ പോയതു കാരണം പെൻഡിംഗ്‌ ആയി. വൈകിട്ട് വീട്ടിലേക്കു മടങ്ങും വഴി വീണ്ടും അവളുടെ വിളിയെത്തിയതു കൊണ്ട് ബേക്കറിയിൽ കയറാൻ സാധിച്ചു. വീട്ടിലെത്തി അരമണിക്കൂറിനകം സിബിച്ചനും ഭാര്യയുമെത്തി.

 

സിബിച്ചന്റെ താമസം കൊച്ചിയിലാണ്. ഭാര്യ സാറയുടെ കുടുംബമിങ്ങ് കോട്ടയത്താണ്. അവിടെ നാളെ കുടുംബത്തിലുള്ളവർ ഒത്തുകൂടുന്നു. സാറയുടെ സഹോദരങ്ങളും കുടുംബാദികളും മാത്രമേ പങ്കെടുക്കുന്നുള്ളത്രേ .. സാറയുടെ അപ്പൻ മരിച്ചിട്ട് അധിക ദിനങ്ങൾ ആകാത്തതിനാൽ വിപുലമായ പരിപാടികൾ ഇല്ല. യാത്ര പറഞ്ഞിറങ്ങുമ്പോൾ സിബിച്ചനും ഭാര്യയും നാളത്തെ  സംഗമത്തിൽ പങ്കെടുക്കണമെന്ന് ആവർത്തിച്ചു ക്ഷണിച്ചുവെങ്കിലും അവരുടെ കുടുംബ പരിപാടിക്കു പോകേണ്ടതില്ലെന്ന അഭിപ്രായത്തിലായിരുന്നു ഞാൻ. പക്ഷേ അഭിപ്രായം ഇരുമ്പുലക്കയൊന്നുമല്ലാത്തതിനാൽ ലോക സമാധാനത്തിന് കുടുംബ സമാധാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന പ്രായോഗിക വാദി ആയതിനാൽ വൈകിട്ട് ഭാര്യയുമായി അവിടെ പോകുവാൻ ഞാൻ തീരുമാനിച്ചു.

 

പിറ്റേ ദിവസത്തെ രാവിലത്തെ നടപ്പ് ഒരു ദിവസത്തേക്ക് സസ്പെൻഡു ചെയ്യുവാനും. കൂട്ടുകാരിയിൽ നിന്ന് സംഗമം നടക്കുന്ന ഇളയ സഹോദരന്റെ അഡ്രസ് ഭാര്യ വാങ്ങിയതു കൊണ്ട് വലിയ അലച്ചിലില്ലാതെ സ്ഥലം മനസ്സിലായി. എന്നാലും ഗേറ്റ് കടന്ന് വീട്ടുമുറ്റത്ത് എത്തിയപ്പോൾ കൗതുകവും വിഷമവും തോന്നി... ഇതയാളുടെ വീടല്ലേ? അപ്പാപ്പൻ മരിച്ചോ? സിബിച്ചനും ഭാര്യയും എല്ലാരെയും പരിചയപ്പെടുത്തി  അപ്പാപ്പൻ എല്ലാരേം കാണാൻ തിരക്കു കൂട്ടിയെങ്കിലും അമേരിക്കയിലും ദുബായിലുമൊക്കെയുള്ള  മക്കൾക്ക് സമയത്ത് എത്താൻ കഴിഞ്ഞിരുന്നില്ലത്രേ. സിബിച്ചതും കുടുംബവും എത്താനും വൈകി,കോട്ടയത്തെ പ്ലാന്ററായ ഇളയ അളിയൻ മാത്രമേ അടുത്തുണ്ടായിരുന്നുള്ളൂവെന്ന് സാറ കണ്ണുതുടച്ചു കൊണ്ട് കലപില പറഞ്ഞു കൊണ്ടിരുന്നു. ഹും... പ്ലാന്ററായിരുന്നോ അയാൾ. ഒരു അഹങ്കാരവുമില്ലാതെ സംസാരിച്ചു കൊണ്ടേയിരിക്കുന്ന ആളെന്തിയേ? എന്റെ കണ്ണുകൾ അവിടങ്ങളിൽ പരതി. കുഞ്ഞാങ്ങളെന്തിയേ ഞങ്ങൾ  പരിചയക്കാരാ .. അച്ചായന് ഇവനെ അറിയുമോ ഒരു ജൂബാക്കാരനെ സാറ ചേർത്തു നിർത്തി ചോദിച്ചു... ഇതല്ല : അപ്പന്റെ കൂടെ ഇവിടെ ഒരു കുടുംബമുണ്ടായിരുന്നല്ലോ?.

 

‘ഓ ചേട്ടായി ഉദ്ദേശിച്ചത് ഞങ്ങൾ ഏജൻസി വഴി ഇവിടെ നിർത്തിയിരുന്ന സാമുവലിനെയും ഭാര്യയുമായിരിക്കും. അവർക്ക് സ്വന്തമായി വീടും സ്ഥലവുമൊന്നുമില്ലാത്തതിനാൽ കുടുംബമായിട്ടാണ് ജോലിക്ക് പോകുന്നത്. ഇവിടെ മൂന്നു മാസത്തോളം ഉണ്ടായിരുന്നു. അപ്പൻ മരിച്ചതിന്റെ പിറ്റേ ദിവസം അവരുടെ സേവനം മതിയാക്കി. തടിയൻ ആങ്ങള കുലുങ്ങി ചെറുതായി ചിരിച്ചതുപോലെ തോന്നി. തിരികെ വരുമ്പോൾ കാറിലിരുന്ന് ഭാര്യ രഹസ്യം പറഞ്ഞു.അപ്പനെ നോക്കുന്ന  കാര്യത്തിൽ സാറയുടെ ആങ്ങളമാർ തമ്മിൽ അടിയായിരുന്നു.. സാറയും സിബിച്ചനും ചെന്നാണ് അപ്പനെ കെയർ ഹോമിൽ നിന്ന് കുടുംബ വീട്ടിലേക്ക് വീണ്ടും കൊണ്ടുവന്നതെന്നും സഹായത്തിന് ഏജൻസി വഴി ഹോം നേഴ്സിംഗ് ഏജൻസിയെ സമീപിതും. അപ്പോഴും എന്റെ ചിന്ത ആ ജിപ്സി കുടുംബത്തോടൊപ്പമായിരുന്നു. എവിടെ ആയിരിക്കുമോ ആവോ. വീടിന്റെ ഹാളിൽ തൂക്കിയിരുന്ന അപ്പാപ്പന്റെ ചിരി തൂകിയ മുഖം ഒരിക്കലും മക്കളുടെ കൂടെ കഴിഞ്ഞപ്പോൾ ആയിരിക്കില്ല! സാമുവലെന്ന നല്ല ശമരിയാക്കാരന്റെ കൂടൊള്ളപ്പോൾ ആകും.

 

വീണ്ടും തിരക്കുകളിലേക്ക് ആഴ്ന്നപ്പോൾ രാവിലത്തെ മുടങ്ങിയുള്ള നടപ്പിലൊഴിച്ച് സാമുവലിനെയും അപ്പാപ്പനെയുമൊക്കെ നിങ്ങളെപ്പോലെ ഞാനും മറന്നു. ഡിസംബറിന്റെ കോടമഞ്ഞു മൂടിയ പ്രഭാതങ്ങളിലെ നടത്തമോർത്തപ്പോൾ ഡോക്ടറുടെ അടുത്തു നിന്ന് ബി.പിയും കൊളൊസ്ട്രോളുമൊക്കെ നോർമൽ ആയെന്ന് ഒരു സർട്ടിഫിക്കറ്റ് കിട്ടുമോന്ന് മോഹിച്ചാണ് ഭാര്യയുമായി ഹോസ്പിറ്റലിലെത്തിയത്. ഡോക്ടറെ കണ്ടു തിരികെ ഇറങ്ങുമ്പോൾ ഭാര്യയെ കൺസൾട്ടിംഗ് റൂമിനു വെളിയിൽ കണ്ടില്ല ..ഇവളിത് എവിടെ പോയി കിടക്കുന്നു ... പിറുപിറുക്കൽ തീരുന്നതിന് മുൻപ് തന്നെ ഫോൺ ശബ്ദിച്ചു. ‘ഇച്ചായാ ഞാൻ റൂം നമ്പർ 35 ൽ ഉണ്ട്. സ്ക്കൂളിലെ പ്രസാദ് മാഷടെ അമ്മ സുഖമില്ലാതെ ഇവിടെ കിടക്കുന്നു. ഇങ്ങോട്ടു വരൂ’

 

പ്രസാദ് മാഷേ ഹോസ്പിറ്റലിലേക്ക് വരുന്ന സമയത്ത് പുറത്തുവെച്ച് കണ്ടതോർമ്മ വന്നു. എന്തായാലും ഒന്നു കണ്ടേക്കാം. സാർ, എന്താ ഇവിടെ? വിളി കേട്ട് തിരിഞ്ഞപ്പോൾ മുമ്പിൽ സാമുവലിന്റെ രൂപം ... ഞാൻ ഡോക്ടറെ കാണാൻ വന്നതാ.. നിങ്ങൾക്ക് എന്തു പറ്റി ? എന്തോ പറയാനാ സാറെ അമ്മച്ചിക്ക് നല്ല സുഖമില്ല ഇവിടെ അഡ്മിറ്റാ... 35–ാം നമ്പർ റൂമിൽ.  സത്യത്തിൽ അൽപം ദേഷ്യമാണ് തോന്നിയത് അയാളുടെ മറുപടി കേട്ടപ്പോൾ . പടികൾ കയറി റൂമെത്തുന്നതിനു മുൻപ് തന്നെ ഭാര്യ ഇറങ്ങി വരുന്നതു കണ്ടു. ഇതാരാന്ന് അറിയാമോ? പ്രസാദ് മാഷിന്റെ ചേട്ടനാണ്’ സാമുവലിനെ ചൂണ്ടികാട്ടി ഭാര്യ പരിചയപ്പെടുത്തി. കുടുംബത്ത് ചേട്ടനോടൊപ്പമാണ് അമ്മ. ഒന്നും പറയാതെ ഭാര്യയോടൊപ്പം കാറിൽ കയറിയപ്പോൾ അവളുടെ വക ഒരു കുശു കുശുപ്പും. അല്ല ഇച്ചായാ നമ്മടെ ആൾക്കാർക്കേ പേരൻസിനെ നോക്കാൻ മടിയുള്ളു. മാഷടെ ചേട്ടനും ഭാര്യയുമൊക്കെ എന്തു നന്നായാണ് ആ അമ്മച്ചിയെ നോക്കണെ, എനിക്കു ചിരി വന്നു പാവം! ഇവളുടെ ലോകത്ത് ജിപ്സികളില്ലാത്തത് അവളുടെ കുറ്റമല്ലല്ലോ !! യൂറോപ്പിലെ പോലെ ഇടനാട്ടിലും ജിപ്സികൾ ഉദയം ചെയ്തിരിക്കുന്നു.

 

English Summary : Jipsikal Varakkunna Chuvar Chithrangal, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com