ADVERTISEMENT

ഇപ്പോൾ കോവിഡ് എന്ന മഹാമാരിയുടെ  കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നല്ലതും കെട്ടതുമായ ഏറെ വസ്തുതകൾ ഇതിനകം നമുക്ക് അനുഭവത്തിൽ വന്നിട്ടുണ്ട്. ഏറെ നല്ല ശീലങ്ങൾ പഠിക്കുകയും വളരെ മോശം സംഭവങ്ങൾക്കു സാക്ഷിയാവുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ ഏററവും കഷ്ടതകൾ അനുഭവിച്ചിട്ടുളളത് നമ്മുടെ ആരോഗ്യ വകുപ്പും ആഭ്യന്തര സുരക്ഷാ വിഭാഗവുമാണ്. നമ്മുടെ അശ്രദ്ധയും നിസ്സഹകരണവും അവരെയെല്ലാം കൂടുതൽ വിഷമത്തിലാക്കിയിട്ടുമുണ്ട്. അതെല്ലാം സൗകര്യം പോലെ നാം വിസ്മരിക്കുകയും ചെയ്യുന്നു എന്നതാണ് സത്യം! 

 

എല്ലാ ദിവസവും, എല്ലാവരും മുഖത്തിന്റെ പ്രധാന ഭാഗം മുഖാവരണം കൊണ്ട് മറച്ചാണു യാത്ര ചെയ്യുന്നത്. ആർക്കും മുഖം പൂർണ്ണമായും കാണിക്കാൻ കഴിയില്ല. മറ്റുള്ളവരുടെ കണ്ണുകളും നെറ്റിയും തലമുടിയും മാത്രമേ നമുക്ക് കാണാൻ കഴിയൂ. അതു പോലെതന്നെയണ് നമ്മേയും മറ്റുള്ളവർ കാണുന്നത്. സാധാരണഗതിയിൽ പൂർണ്ണമായ മുഖവും രുപവും ശബ്ദവും കൊണ്ട് ആളുകൾ പരസ്പരം തിരിച്ചറിയുന്നു. എന്നാൽ ഇന്നു നമുക്ക് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കണ്ണും നെറ്റിയും മുടിയുമാണു കാണാൻ കഴിയുന്നത് കൂടാതെ ശബ്ദങ്ങളും. കണ്ണുകളുടെ ചലനങ്ങളും വ്യത്യാസങ്ങളും മനസ്സിലാക്കി ആളുകളെ തിരിച്ചറിയാൻ കോവിഡ് കാലയളവിൽ നാം പഠിച്ചു. കണ്ണുകളിൽ നിന്ന് പുഞ്ചിരി, സന്തോഷം, ആശ്ചര്യം, സങ്കടം എന്നിവ എങ്ങനെ തിരിച്ചറിയാമെന്ന് ഇപ്പോൾ നമുക്കറിയാം. ജനങ്ങൾ പരസ്പരം കണ്ണുകളിലേക്ക് നോക്കി സംസാരിക്കുന്നത് ശീലമാക്കിയിരിക്കുന്നു.

 

മുൻ കാലങ്ങളിൽ മനുഷൃരുടെ കണ്ണുകളെക്കുറിച്ച് എഴുത്തുകാർ ആവിഷ്കരിച്ച വരികളിലൂടെ നാം വളരെയധികം അറിയുകയും അതിശയിക്കുകയും ആസ്വദിക്കുകയും  ചെയ്തിട്ടുണ്ട്.. എഴുത്തുകാരിലൂടെ മാത്രം അനുഭവിച്ചറിഞ്ഞിട്ടുള്ള നയനങ്ങളുടെ ദർശനവും ചലനങ്ങളിലുള്ള  മാധുര്യവും ശക്തിയും ഭംഗിയും കൂടാതെ അവർ വിവരിച്ചിരുന്ന കണ്ണുകളുടെ കാന്തികതയും ഇപ്പോൾ അടുത്തറിഞ്ഞു.  ചില എഴുത്തുകാർ അവരുടെ സാഹിത്യത്തിൽ കണ്ണുകൾ കഥകൾ പറയുന്നെന്നും സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നുവെന്നും വിശദീകരിക്കുന്നു.  മാത്രമല്ല, കണ്ണുകളിലൂടെ ദേഷ്യം, വിഷമം, വെറുപ്പ്, ഉത്കണ്ഠ എന്നിവയും മനോഹര വികാരമായ പ്രണയത്തിന്റെ തുടിപ്പുകളും എങ്ങനെ വിവരിച്ചിരിക്കുന്നുവെന്നത് നാം വായിച്ചറിഞ്ഞതാണ്.

 

സ്ത്രീകളും കൗമാരക്കാരും അവരുടെ മുഖം മനോഹരമാക്കുന്നതിന് ധാരാളം സമയവും പണവും ചെലവഴിക്കാറുണ്ട്. എന്നാൽ ഈ കോവിഡ് കാലത്ത് മറ്റുള്ളവർക്ക് കണ്ണുകൾ മാത്രമേ കാണാൻ കഴിയൂ എന്നതിനാൽ അവ കൂടുതൽ ആകർഷകമാക്കാനാണ് സമയവും പണവും അധികമായി ഉപയോഗിക്കുന്നത് എന്നു തോന്നുന്നു. കണ്ണട ധരിക്കുകയാണെങ്കിൽ നഗ്നനേത്രങ്ങളുടെ ദൃശ്യപരതയും സൗന്ദരൃവും തടസ്സപ്പെടുന്നു. ഈ സാഹചര്യങ്ങളെ നേരിടാനും പരിഹരിക്കാനുമായി ആളുകൾ ഇതരമാർഗ്ഗങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.  ഇതിലൂടെ കണ്ണട ഫ്രെയിമുകളുടെയും പ്രധാനമായും ഫെയ്സ് മാസ്കിന്റെയും ഘടനയിൽ അവരവരുടെ മുഖത്തിനും വസ്ത്രത്തിനും അനുസരിച്ച് പുതിയ ഡിസൈനുകൾ നൽകുകയും ചെയ്തു. കണ്ണുകൾ, നെറ്റിത്തടം, ശബ്ദം എന്നിവ ഉപയോഗിച്ച് നമ്മുടെ പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ ഇപ്പോൾ  പഠിച്ചു. ഏതു പ്രതികൂല സാഹചരൃവും നേരടാനും പുതിയ മാനങ്ങൾ കണ്ടെത്താനുമുളള നമ്മുടെ കഴിവ് മററു നാട്ടുകാർക്ക് ഉണ്ടെന്നു തോന്നുന്നില്ല!

 

വളരെ രസകരമായ വസ്തുത എന്തെന്നാൽ സാമൂഹിക വിരുദ്ധർക്കും കള്ളൻമാർക്കും മുഖാവരണം ഒരു അനുഗ്രഹമായിരിക്കുന്നു എന്നതാണ്. അടുത്തയിടെ പൂർണ്ണ സുരക്ഷാവരണമായ പിപിഇ കിറ്റു ധരിച്ചു മോഷണം നടത്തിയത് നാം പത്രത്തിൽ വായിച്ചു. ഇപ്പോൾ രാത്രിയെന്നോ പകലെന്നോയില്ലാതെ ഇവയെല്ലാം ധരിച്ച് പുറത്തിറങ്ങിയാൽ ആരും അവരെ സംശയിക്കില്ലായെന്നത് ഇക്കൂട്ടർക്കു അനുഗ്രഹമായി മാറിയിരിക്കുന്നു.

 

ഗൾഫിൽ, അറബി സ്ത്രീകൾ വസ്ത്രങ്ങൾക്കു മുകളിൽ കണ്ണുകൾ ഒഴികെ മുഖവും ശരീരം മുഴുവനുമായും മൂടുന്ന ‘അബയ’ ധരിക്കുന്നു. ഗൾഫിൽ ആദ്യമായി എത്തിയപ്പോൾ സ്ത്രീകളുടെ വസ്ത്രധാരണരീതി കണ്ട് ഞാൻ ഏറെ അദ്ഭുതപ്പെട്ടിട്ടുണ്ട്. ജനക്കൂട്ടത്തിനിടയിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ അവർ എങ്ങനെ തിരിച്ചറിയുന്നു എന്നത് ശരിക്കും എന്നെ ആശയക്കുഴപ്പത്തിലാക്കിട്ടുമുണ്ട്. ആൾക്കൂട്ടത്തിൽ നിന്നോ സ്ത്രീകളുടെ ഒത്തുചേരലുകളുടെ സഭയിൽ നിന്നോ കണ്ണുകളുടെ സ്വഭാവമനുസരിച്ച് ആളുകൾ അവരവർക്കു കാണേണ്ടവരെ എങ്ങനെ തിരിച്ചറിയുന്നുവെന്ന് ഇപ്പോൾ നമുക്കറിയാം!

 

ഫെയ്സ് മാസ്ക് ഉപയോഗിക്കുന്നത് ആളുകളെ പ്രത്യേകിച്ചും രാഷ്ട്രീയക്കാരെ ഏറെ അസ്വസ്ഥരാക്കി, കാരണം അവരുടെ ചിന്തയിലും കാഴ്ചപ്പാടിലും പ്രധാനമായത് ജനങ്ങളുടെ മുന്നിൽ അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ അവരുടെ വിവിധ ഭാവങ്ങളോടെയുള്ള ‘മുഖം കാണിക്കുക’ എന്നതാണ്.  ഇപ്പോൾ ഇതു നഷ്ടപ്പെടുത്തിക്കൊണ്ട് എല്ലാ സന്ദർഭങ്ങളിലും മുഖാവരണം  പ്രധാന വില്ലനായി മാറി. എതു സാഹചര്യങ്ങളിലും പ്രശ്നങ്ങളിലും രാഷ്ട്രീയക്കാർക്ക് പരിഹാരമുണ്ട് എന്നത് ഇവിടെയും സംഭവിച്ചു. താടിമുതൽ നാസികയ്ക്കു മൂകളിൽ വരെ മറയ്ക്കുന്നതിനുപകരം അവർ താടിയിൽ മാത്രമായി മാസ്ക് ധരിക്കാൻ തുടങ്ങി! ഇത് രാഷ്ട്രീയക്കാർക്കും മറ്റും അലങ്കാരമായി.  താടിയിൽ മുഖാവരണം ധരിക്കുന്നതിലൂടെ അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല! മാരകമയ അണുക്കളെ വെല്ലുവിളിക്കുകയാണൊ അതോ നിയമത്തെ അനുസരിക്കാതിരിക്കുകയാണോ എന്നറിയില്ല! കൂടാതെ എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി നടത്തിയ പ്രക്ഷോഭങ്ങളും മഹാമാരിയെ കൂടുതൽ ഭീകരമാക്കാനാണ് ഉതകിയത്. രാഷ്ട്രീയക്കാർക്ക്  ഇതിനും മറുപടി ഉണ്ടായിരിക്കാം!

 

സമൂഹത്തോട് നമുക്കുള്ള പ്രതിബദ്ധതഒരിക്കലും വിസ്മരിക്കാൻ പാടില്ല. ഈ വർഷം മുഴുവനായും നാം കോവിഡിനു സമർപ്പിച്ചു കഴിഞ്ഞു. ഇതിനകം നല്ല പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞു, മോശമായ അനുഭവങ്ങൾ കണ്ടറിഞ്ഞു, തെറ്റും ശരിയും തിരിച്ചറിഞ്ഞു. ഒറ്റപ്പെടലുകളും ഏകാന്തതയും എന്തെന്നറിഞ്ഞു, ചെലവു ചുരുക്കി ആഘോഷങ്ങൾ എങ്ങിനെ നടത്താമെന്ന് മനസ്സിലാക്കി. അതോടൊപ്പം പ്രിയപ്പെട്ടവരുടെ വേർപാടിൽ ഒത്തു ചേർന്ന് ദുഃഖം പങ്കുവയ്ക്കാൻ കഴിയാത്ത വേദനയും അറിഞ്ഞു. 

 

ഏറ്റവും കൂടുതലായി നാം നമ്മെത്തന്നെ തിരിച്ചറിഞ്ഞു.  ഇതിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ട് നമുക്ക് പുതുയുഗത്തിലേക്കു കടക്കാം. സാമൂഹിക അകലം പാലിക്കുക, ശരിയായ രീതിയിൽ മാസ്ക് ധരിക്കുക, കൈകൾ സോപ്പുപയോഗിച്ച് എപ്പോഴും കഴുകുക ഇവ ശീലമാക്കുക. കോവിഡിനെ നമുക്കു കീഴടക്കാം

 

English Summary: How Covid-19 took over the world in 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com