ADVERTISEMENT

ഊഞ്ഞാലേ പാണ്ടിയാലേ... (കഥ)

 

ത്രേസ്യേടെ കെട്ടിയോൻ ഗൾഫിലെ ഏതോ ഒരു പ്രദേശത്തിരുന്ന് അലറി ...

 

ടീ, ത്രേസ്യേ ഇക്കാര്യത്തിൽ നീ പിശുക്കാൻ നിക്കരുത്. നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു അപ്പുറത്തെ ചേട്ടനെ വിളിച്ച് ആ കുരുമുളകങ്ങ് പിച്ചിക്കാൻ. പത്തോ നൂറോ കൊടുത്താ മതി.

 

അതു കേട്ട ത്രേസ്യ ഇവിടെ നമ്മുടെ കൊച്ചുകേരളത്തിന്റെ തെക്കുള്ള ഒരു കൊച്ചു ഗ്രാമത്തിന്റെ ഇങ്ങേയറ്റത്തുളള സ്വന്തം വീട്ടിലിരുന്നു തിരിച്ചമറി... ഒന്ന് ഒന്നര അമറൽ അല്ല അലറൽ.

 

പത്തിനും, നൂറിനുമൊന്നും ആരും വരത്തില്ല മനുഷ്യാ. ചോദിക്കുന്ന കാശ് കൊടുത്തേ പറ്റു. അതിലും ഭേദം കുരുമുളക് വേണ്ടാന്നങ്ങ് വെക്കുന്നതാ. അത് ചെടിയിൽ തന്നെ നിന്നോട്ടെ.

 

ഒന്നും രണ്ടും മൂന്നും പറഞ്ഞ് പതിവ് പോലെ അടിയുണ്ടാക്കി ത്രേസ്യ ഫോണെടുത്ത് സോഫായിലോട്ടെറിഞ്ഞു. എന്നിട്ടും ദേഷ്യം തീരാതെ  തുളളിച്ചാടി അടുക്കളയിലോട്ട് പോയി. ഇനി കുറച്ച് നേരം കിച്ചൺ മ്യൂസിക് ഉണ്ടാകും.

 

സ്ലാബിന്റെ മുകളിലിരുന്ന പാത്രമെടുത്ത് സിങ്കിലെറിഞ്ഞു. ചീനിച്ചട്ടി എടുത്ത് അടുപ്പിലോട്ട് എറിഞ്ഞു. കുറച്ച് പാമോയിലതിലേക്ക് കമിഴ്ത്തി. ശേഷം മസാല പുരട്ടി വെച്ചിരുന്ന കോഴിക്കഷണങ്ങൾ പറക്കി ചീനിച്ചട്ടിയിലേക്ക് എടുത്തെറിഞ്ഞു.

 

മ്യൂസിക്കൊനൊത്ത് ഇപ്പോ പാട്ടും വരും.. ദാ, തുടങ്ങി കഴിഞ്ഞു. ത്രേസ്യ പിറുപിറുക്കൽ തുടങ്ങി. പിശുക്കി പോലും പിശുക്കി. ഞാൻ പിശുക്കുന്നതു കൊണ്ട് കാര്യങ്ങൾ നടക്കുന്നു. അല്ലാതെ അങ്ങേലെ മണിയെ പോലെ എല്ലാ ആഴ്ചയും തുണിക്കടകളിലും സൂപ്പർ മാർക്കറ്റിലും കേറിയിറങ്ങി നടക്കണാരുന്നോ? സ്വഭാവികമായും കുശുമ്പ് പതുക്കെയങ്ങ് പുറത്തുചാടി. അതല്ലെങ്കിലും അങ്ങനാണല്ലോ, അവസരം നോക്കി പുറത്തേക്ക് ചാടും.

 

പിറ്റേന്ന് മതിലിനപ്പുറവും ഇപ്പുറവും നിന്ന് പരദൂഷണം നടത്തുന്നതിനിടയിൽ ത്രേസ്യയെ കനകമ്മ ചേച്ചി ഒരു കാഴ്ച കാണിച്ചു കൊടുത്തു. ‘‘ത്രേസ്യേ കുരുമുളക് മൊത്തം പഴുത്തല്ലോടി. ഇനീം നിർത്തീരുന്നാൽ കാക്കയും കുയിലും തിന്നു തീർക്കും.’’

 

ആരെയെങ്കിലും വിളിച്ച് അതങ്ങ് പിച്ചിപ്പിക്ക്. ആ സനലിനോടെങ്ങാനം പറയെടി. പത്തോ നൂറോ കൊടുത്താൽ മതിയെന്നേ ..

 

ചേച്ചിയെന്തുവാ പറയുന്നേ? അവനോട് ഞാൻ ചോദിച്ചതാ. അപ്പോ അവന് മുന്നുറു ഉലുവ വേണം പോലും. അതിൽ നിക്കുന്ന കുരുമുളകിന് അത്രേം പൈസ കിട്ടത്തില്ലല്ലോ ചേച്ചി. അവനോട് ചോദിച്ച എന്നേ വേണം തല്ലാൻ ..

 

ആ.. അല്ലെങ്കിലും എവക്കൊരടിയുടെ കൊറവുണ്ട്. കനകമ്മചേച്ചി മനസ്സിലോർത്തു. കൂട്ടത്തിലൊരു പച്ചചിരിയും .....

 

ആ... എന്തെങ്കിലുംചെയ്യാം ചേച്ചി. അല്ലെങ്കിൽ മയില് അല്ല കുയില് കൊണ്ടുപോകട്ടെ ചേച്ചി. എന്നാലും അവനെ വിളിക്കത്തില്ല.

 

ഇതാ കെട്ടിയോൻ നാട്ടിലില്ലെങ്കിലുള്ള കൊഴപ്പം. എല്ലാത്തിനും ആരുടെയെങ്കിലും പൊറകേ പോകണം. ആത്മഗതമെന്ന പോലെ ഡയലോഗടിച്ച് ചേച്ചി ചേച്ചീടെ പാട്ടിനു പോയി.

 

“ചെറിയ ഒരു തീപ്പൊരി തെറിച്ചു വീണാൽ കത്തിപടരാനിരിക്കുന്ന ഉണക്കിലയിൽ മണ്ണെണ്ണ കൂടി ഒഴിച്ചു കൊടുത്താൽ എങ്ങനിരിക്കും?’’

അതാണിപ്പോ നമ്മൾ കണ്ടത് ...

 

ഇന്ന് റോക്ക് മ്യൂസിക്കായിരിക്കും ത്രേസ്യേടെ കെട്ടിയോൻ അനുഭവിക്കേണ്ടി വരിക. കർണപടം പൊട്ടിയില്ലെങ്കിൽ അതിയാൻ വീണ്ടും വിളിക്കും. അത്രയ്ക്ക് ഇഷ്ടമാണ് ത്രേസ്യയെ ....

 

പിറ്റേന്ന് ത്രേസ്യ ഒന്നു തീരുമാനിച്ചു. കുരുമുളകിന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കണം. അങ്ങനെ രണ്ടും കല്പിച്ച് ഏണി എടുത്ത് മരത്തിൽ ചാരിവെച്ചു.

 

സന്ധ്യ മയങ്ങാറാകുമ്പോഴേയ്ക്കും പണി തുടങ്ങാം എന്നു വിചാരിച്ച് വീട്ടുപണികളൊക്കെ തീർത്ത് സ്വസ്ഥമായി കെട്ടിയോനോട് സംസാരിച്ചു കൊണ്ടിരുന്നു. അപ്പുറത്ത് കൗസല്യയുടെ വീടു പണി തീരാറായെന്നും, പറമ്പിലെ കുഞ്ഞി പൈലി ചക്ക അടത്താൻ കേറി കമ്പൊടിഞ്ഞ് കയ്യാലയും ഇടിച്ചു കൊണ്ട് താഴെ പോയെന്നും, കയ്യാല ഇടിഞ്ഞതല്ലാതെ ആ കാലനൊന്നും പറ്റിയില്ല എന്നും , അവന്‍റെ അഹങ്കാരത്തിന് ഒരു കുറവുമില്ല എന്ന് വേണ്ട നാട്ടിലെ മുഴുവൻ കാര്യങ്ങളും ത്രേസ്യയങ്ങ് ഗൾഫിലെത്തിക്കും. അതിയാന് നാട്ടിൽ വരേണ്ട ഒരാവശ്യവുമില്ല.

 

സന്ധ്യയായപ്പോ തിക്കും പൊക്കും നോക്കി ത്രേസ്യ കുരുമുളക് ചെടിയോടടുത്തു. അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ഒന്നു നോക്കി. ഐശ്വര്യമായി ഏണിയുടെ ആദ്യത്തെ പടിയിലോട്ട് കാലെടുത്തു വെച്ചു. പിന്നങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമായിരുന്നു.

 

മുകളിലോട്ട് കയറിപ്പോയ ഒരാത്മവിശ്വാസം അങ്ങ് മുകളിൽ ചെന്ന് താഴോട്ട് നോക്കിയപ്പോ കണ്ടില്ല. എങ്കിലും പിടിച്ചങ്ങ് നിന്നു.

 

കുരുമുളക് പറിച്ചിടാനായി സഞ്ചി തപ്പി. അപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം ത്രേസ്യയ്ക്ക് മനസ്സിലായത്. സഞ്ചി എടുത്തില്ല. താഴെയിറങ്ങിയിട്ട് വീണ്ടും കയറുന്ന കാര്യം ആലോചിക്കാനേ വയ്യ.

 

എന്തായാലും കയറി ഇനിയിപ്പോ രണ്ടു കയ്യിലും കൂടി പിച്ചാൻ പറ്റുന്നതു പിച്ചി കൊണ്ട് ഇറങ്ങാം. ശേഷം പോയി സഞ്ചിം കൊണ്ട് വരാം. സംഭവം എങ്ങനായാലും ഇന്നിതൊരു തീരുമാനമാക്കും.

 

ത്രേസ്യ പണി തുടങ്ങി.

പെട്ടെന്ന് തന്നെ ഇടത് കയ്യ് നിറഞ്ഞു. വലതുകയ്യിലും കൂടെ പറ്റുന്നത് പിച്ചിക്കൊണ്ടിറങ്ങാം. അപ്പോഴാണ് ഏണിക്കൊന്ന് ചാഞ്ചാടാൻ തോന്നിയത്. ഏണി അങ്ങോട്ടുമിങ്ങോട്ടു ആടാൻ തുടങ്ങി. തോന്നലാണോ അതോ?

അല്ല, അല്ല.... ഏണി നല്ല രീതിയിൽ തന്നെ ഊഞ്ഞാലാട്ടം തുടങ്ങി.

 

തന്റെ കാര്യത്തിൽ ഒരു തീരുമാനമായെന്ന് മനസ്സിലാക്കിയ ത്രേസ്യയുടെ ഫൈറ്റ് ആൻഡ് ഫ്ലൈറ്റ് മോഡ് ഓണായി. പിന്നൊന്നുമാലോച്ചില്ല. എടുത്തൊരു ചാട്ടം......  

 

വളരെ വേഗം താഴെയെത്തിയ ത്രേസ്യ കുരുമുളക് ചെടിയിലോട്ട് ഒന്നു നോക്കി. ഒന്നേ നോക്കിയുള്ളു. ഊഞ്ഞാലാടി കൊണ്ടിരുന്ന ഏണിയതാ  തിരിച്ചു ചെന്നു ചെടിയിൽ ചാരിയിരിക്കുന്നു. ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ .

വല്ലവിധേനയും എഴുന്നേറ്റ് ഏന്തിയും, വലിഞ്ഞും നടക്കാൻ ശ്രമിക്കുന്നതിനിടയിൽ ത്രേസ്യ തിക്കും പൊക്കും നോക്കി. 

 

നിയാരെങ്കിലും കണ്ടാരുന്നോ എന്തോ? 

ശേഷം ത്രേസ്യ ഒന്നു കൂടി മുകളിലേക്ക് നോക്കി.എന്നിട്ടിപ്രകാരം പറഞ്ഞു ...

ഒന്നാഞ്ഞു ശ്രമിച്ചിരുന്നെങ്കിൽ നേരെ മുകളിലെത്താമായിരുന്നു. ഈശോയേ!!

 

English Summary: Oonjale Pandiyale, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com