ADVERTISEMENT

മങ്ങിയ ഒരു ക്രിസ്തുമസ് (കഥ)   

പതിവുള്ള മഞ്ഞുവീഴ്ച വരും ദിവസങ്ങളിലൊന്നും ഇല്ലന്നാണ് വാർത്തയിൽ കേട്ടത്, പൊതുവെ തണുപ്പും കുറവാണ്. ഉറപ്പിച്ചു, ഇന്നുതന്നെ പറ്റിയ ദിവസം. വീട്ടിലിരുന്നുള്ള ജോലിയാണെങ്കിലും ഓഫീസിൽ വിളിച്ച് അവധി പറഞ്ഞു, മക്കളുടെ ഓൺലൈൻ ക്ളാസുകൾ ഇന്നലെക്കൊണ്ട് കഴിഞ്ഞു, അവധി തുടങ്ങി. ജെസ്സിക്കും അവധിയാണ്,  തന്റെ കട്ടിയുള്ള കമ്പിളി ഉടുപ്പ് ഒരെണ്ണം അമ്മക്കായി എടുത്ത് വച്ച് യാത്രക്ക് അവളും തയാറായി. 

കോവിഡിന്റെ പശ്ചാത്തലത്തിൽ ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആഘോഷത്തിനായി കഴിഞ്ഞ പത്തുമാസമായി നഷ്ടപ്പെട്ട കച്ചവടം അവരെകൊണ്ട് ആവുന്ന തരത്തിൽ കൊഴിപ്പിച്ച് തിരിച്ചുപിടിക്കാൻ കടക്കാർ ശ്രമങ്ങൾ തുടങ്ങി. മരണവും അസുഖങ്ങളും നിലക്കാതെ മുന്നേറുന്നതിനിടയിലും മനുഷ്യന്റെ വീര്യത്തെ പിടിച്ച് നിർത്താനെന്നപോലെ മൻഹാട്ടനിൽ, ടൗണിന്റെ നടുവിൽ ഈ വർഷവും എതിർപ്പുകളും അവ്യക്തകൾക്കും നടുവിൽ ക്രിസ്തുമസ്സ് ട്രീ ഉയർന്നു. അതൊഴിവാക്കിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാവില്ലന്നോർത്താവണം ഒടുവിൽ തീരുമാനം ഈവർഷം അത് മുടക്കാതിരിക്കാൻ ഉറപ്പിച്ചത്. പക്ഷെ സാമൂഹീക അകലം ഉൾപ്പെടെ എല്ലാ നടപടികളും കോവിഡിനെ ചെറുക്കാൻ ഉൾപ്പെടുത്തിക്കൊണ്ടുമാത്രമെ ആളുകൾക്ക് അവിടെ എത്താൻ പറ്റുവെന്ന്മാത്രം.

ചൂളമരത്തിൽ അൻപതിനായിരത്തിൽപരം പല വര്‍ണ്ണങ്ങളോടുള്ള ലൈറ്റിൽ നുറോളം അടി ഉയരത്തിൽ അലങ്കരിക്കുന്ന പതിവ് തുടങ്ങിയിട്ട് ഏകദേശം നൂറുവർഷത്തോളമായി. എല്ലാവർഷവും ക്രിസ്തുമസ്സിന്റെ മുന്നോടിയായി ഉയർത്തുന്ന ലോകപ്രശസ്തമായ ഈ ചൂളമരം ഒരു കാഴ്ചതന്നെയാണ്. 

അമ്മയെ ഒന്ന് കൊണ്ടുപോയി കാണിക്കണം എന്നോർത്തിട്ട് ദിവസങ്ങളായി. ഇതുവരെ നടക്കാഞ്ഞതിനെ സ്വയം കുറ്റപ്പെടുത്തി.  ഇതിനു മുമ്പ് വന്നപ്പോഴൊക്കെ അമ്മ തണുപ്പിന് മുമ്പ് തിരികെ പോയതുകൊണ്ട്, കഴിഞ്ഞില്ല. ജൂലൈയിൽ നാട്ടിപോകേണ്ടിയിരുന്ന അമ്മയുടെ യാത്ര കോവിഡ് പരന്നത് മൂലം ഇതുവരെ നടന്നില്ല. 

അമ്മയ്ക്ക് ചരിത്രം പറഞ്ഞുകൊടുത്തപ്പോൾ പുറത്തെ കൊടിയ തണുപ്പ് വകവെക്കാതെ കാണണമെന്ന് അമ്മയും ആഗ്രഹം പറഞ്ഞു.  പട്ടിണിപ്പാവങ്ങളായ കുറെ കെട്ടിട നിർമ്മാണ തൊഴിലാളികൾ വെറും തോരണങ്ങൾക്കൊണ്ടും, ക്രാൻബെറി പഴങ്ങൾ കോർത്ത മാലകൾ കൊണ്ടും തങ്ങളുടെ കുടുംബത്തോടൊപ്പം ഇരുപതടിയിൽ അന്ന് ആ കെട്ടിടത്തിന്റെ പണിക്കിടയിൽ ആദ്യമായി ഉയർത്തിയ മരത്തിന്റെ തുടർച്ചയാണിന്ന് ഇത്രയും ഉയത്തിൽ, ചരിത്രത്തിന്റെ ഭാഗമായി നാടിന്റെ നടുവിൽ നിൽക്കുന്നത്. 

ഇനി അമ്മ ഇവിടെക്കൊരു തിരിച്ചു വരവില്ല, ഇന്ന് കണ്ടില്ലെങ്കിൽ, അത് ഉണ്ടാവില്ലെന്ന് അറിയാം. ആളുകളെ നിയന്ത്രിക്കാൻ തന്നെ മൂന്നാലു സെക്യൂരിറ്റി ഗാർഡുകൾ ഉണ്ടായിരിക്കുന്നു. അലങ്കരിച്ച ക്രിസ്തുമസ്സ് മരം കാണുമ്പോഴെല്ലാം കഴിഞ്ഞു പോയ ക്രിസ്തുമസ്സ് കാലങ്ങൾ മനസ്സിൽ ഓടിയെത്താറുണ്ട്. താഴെ നിന്ന് മരത്തിന്റെ നൂറടി പൊക്കത്തിലേക്ക് കണ്ണുകൾ ഉയരുന്നതനുസരിച്ച് ഓർമ്മകൾ വർഷങ്ങൾക്കു പിന്നിലേക്ക് അറിയാതെ കുതിച്ചു.

ആ ക്രിസ്തുമസ്സ് അവധിക്കാലം തുടങ്ങിയത് ഒരു ചെറിയ നൊമ്പരത്തോടെയാണ്. കാരണം മറ്റൊന്നുമല്ല, എനിക്കുമാത്രം അലങ്കരിക്കാൻ ഒരു മരം കിട്ടിയില്ല എന്നതുതന്നെ. എല്ലാവർഷവും ചേട്ടായി എവിടുന്നെങ്കിലും ഒരു മരം സ്ക്കൂൾ അടക്കുന്ന അന്നുതന്നെ സംഘടിപ്പിക്കാറാണ് പതിവ്. ഈ കൊല്ലമാണ് ചേട്ടായി ബോംബെക്ക് പോയത്, ഇനി എന്തുചെയ്യുമെന്ന് ഒരു പിടുത്തവുമില്ല. കൂട്ടുകാരൊക്കെ വീടിന്റെ മുന്നിൽ മരം അലങ്കരിച്ച് ഇട്ടുകഴിഞ്ഞു. അനിലും, റോയിയും രാത്രിയിൽ മതിൽ ചാടി ഗുർക്കയുടെ കണ്ണുവെട്ടിച്ച് സ്‌കൂൾ മൈതാനത്തിൽ നിൽക്കുന്ന ചൂളമരത്തിന്റെ കമ്പുവെട്ടി തോരണങ്ങൾ ഇട്ടു. മറ്റേതു മരത്തെക്കാളും ചൂളമരത്തിൽ അലങ്കരിച്ചാലാണ് കാണാൻ ഭംഗി. 

അവരോട് തനിക്കു ഒരു കമ്പ് ചോദിച്ചതാണ്, തന്നില്ല. ആദ്യം, രാത്രിയിൽ കൂടെ ചെല്ലാൻ പറഞ്ഞു. അത് പറ്റില്ല, അപ്പൻ വിടില്ലെന്നു പറഞ്ഞപ്പോൾ പകരം കൂലിയായി ഇരുപത്തിയഞ്ചു രുപ ചോദിച്ചു. ഒരു രുപയെടുക്കാൻ വഴിയില്ലാത്തവൻ എവിടുന്ന് ഇരുപത്തിയഞ്ചു രൂപ കൊടുക്കും. പക്ഷെ അലങ്കരിച്ച മരം വീടിന്റെ മുന്നിൽ ഇല്ലാത്തോരു ക്രിസ്തുമസ്സ് ഓർക്കാൻ കൂടി കഴിലായില്ലായിരുന്നു. അങ്ങനെ പലയിടത്തും അന്വേഷിച്ചു. 

ബെന്നിയുടെ പുരയിടത്തിൽ കണ്ട ചെറു വഷണയുടെ ഒരു കമ്പ് ചോദിച്ചപ്പോൾ അവന്റെ അമ്മയും പറ്റില്ലാന്ന് കടുപ്പിച്ചു പറഞ്ഞു. 

ആദ്യത്തെ അവധി ദിവസം പെട്ടന്ന് കഴിഞ്ഞു, ഇനി എന്താണന്നു മാർഗമെന്നോർത്ത് നീറി. വീട്ടിലിരിക്കാൻ തോന്നിയില്ല, കൂട്ടത്തിൽ അനിയത്തി റോസിയുടെ ഈ ക്രിസ്തുമസിന് തോരണങ്ങളിടാൻ മരമില്ലേ എന്ന മിനിറ്റിനിടവിട്ടുള്ള വേദനകലർന്ന ചോദ്യകൂടിയായപ്പോൾ വീർപ്പുമുട്ടി പുറത്തേക്കിറങ്ങി.  ചോദ്യങ്ങൾ ഒഴിവാക്കാനായി മറ്റെങ്ങും പോവാതെ വീടിന്റെ തൊട്ടു തെക്കേലെ ഉപ്പാപ്പന്റെ പുരയിടത്തിൽ ചുമ്മാതെ ഉലാത്തി.

വല്യപ്പന്റെ ഇളയ അനുജന്റെ സ്ഥലമാണ്, അവിടെ അവർ കൃഷി നടത്തുന്നതല്ലാതെ താമസമില്ല. ഇടക്കിടെ തെക്കേലെ അമ്മച്ചി കൃഷി നോക്കാൻ വരാറുണ്ട്. അത് കൂടുതലും കൃഷിയുടെ പുരോഗതി അറിയുന്നതിനുപരി, തെങ്ങിൽ നിറഞ്ഞു കുലച്ചു കിടക്കുന്ന തേങ്ങാ ഞങ്ങൾ എടുക്കുന്നുണ്ടോ, കമ്പിളി നാരകത്തിലെ നിറയെ പഴുത്ത് തുങ്ങിക്കിടക്കുന്ന നാരങ്ങാ പറിക്കുന്നുണ്ടോ എന്നൊക്കെ അറിയാനുള്ള വരവായിരുന്നു. ചേട്ടായി പലവട്ടവും ആഞ്ഞിലിച്ചക്ക പറിച്ചതിനു വേലിക്കു വന്നുനിന്ന് ആരോടെന്നില്ലാതെ വായിൽ തോന്നിയതൊക്കെ അമ്മച്ചി പറഞ്ഞിട്ടുണ്ട്. 

പുരയിടത്തിന്റെ നടുവിൽ നിരനിരയായി നട്ടിരിക്കുന്ന മുളപൊട്ടി തുടങ്ങിയ  കപ്പത്തണ്ടുകളിൽ ചവുട്ടാതെ ഒഴിഞ്ഞു മാറി നടക്കുമ്പോഴാണ് അതിരിൽ നിൽക്കുന്ന ചെറിയ തൊട്ടുപുളിയുടെ മരം കണ്ണിൽ പെട്ടത്. പിന്നെയെല്ലാം പെട്ടന്നായിരുന്നു.

 

വെട്ടുകത്തി കഴുകി അടുക്കളയിൽ കൊണ്ടുവെക്കുമ്പോഴാണ് അമ്മ കാര്യം തിരക്കിയത്. മകൻ വീടിന്റെ മുന്നിൽ മരം നാട്ടിയതു കാണാനായി ചെയ്തുകൊണ്ടിരുന്ന പണിനിർത്തി സാരിത്തലപ്പുകൊണ്ട് മുഖം തുടച്ച് അമ്മ എന്റെ പിന്നാലെ വന്നു. കുഴിച്ച് നാട്ടിയ മരത്തിനു ചുറ്റിനും സന്തോഷത്തോടെ ഓടിനടന്ന് കഴിഞ്ഞ വർഷത്തെ തോരണങ്ങൾ വാരിയിടുന്ന തിരക്കിലായിരുന്നു റോസി. 

ഉമ്മറത്തേക്ക് വന്നു കണ്ട അമ്മ ഒന്നും പറയാനാവാതെ വാപൊളിച്ചിരുന്നു പോയി. വീടിന്റെ മുന്നിൽ ഒത്ത പൊക്കത്തിൽ, പന്ത്രണ്ട് അടിയിൽ ഉണ്ണിയേശുവിനെ വരവേൽക്കാനായി ഒരു മരം നാട്ടിയ മകനെപ്പറ്റിയുള്ള അഭിമാനമാണെന്നാണ് ആദ്യം ഞാൻ കരുതിയത്. പെട്ടന്നാണ് ആ ഭാവം മാറിയത്. ‘‘എടാ, നീ എന്നാ പണിയാ ഈ കാണിച്ചത്, അവര് വെള്ളകോരി ഒരു പരുവമാക്കിയ ആ പുളിമരം നീ ചുവടോടെ വെട്ടിക്കളഞ്ഞല്ലോടാ, ഇനി അവരുടെ വായിലിരിക്കുന്നതെല്ലാം കേൾക്കണമെല്ലോ കർത്താവേ!’’ മുറ്റത്ത് കിടന്നിരുന്ന ചൂലുമായി അമ്മ എന്റെ നേരെ ഓടിവരുന്നത് കണ്ടപ്പോളാണ് കാര്യങ്ങളുടെ തീക്ഷ്ണത എന്നിൽ വെളിവായത്. വളർന്നുവരുന്നൊരു നല്ല പുളിമരം വെട്ടിയതിലായിരുന്നില്ല അമ്മയുടെ വിഷമം, വേലിക്ക് വന്നുനിന്ന് വായിൽ തോന്നിയത് പറയുന്ന തെക്കേൽ അമ്മച്ചിയോട് എന്ത് പറഞ്ഞു പിടിച്ചു നിൽക്കുമെന്നതായിരുന്നു ആവലാതി. 

“വെട്ടിയത് വെട്ടി, ഇനി അതവിടെ നിൽക്കട്ടെ ക്രിസ്തുമസ്സ് കഴിയുന്നതുവരെ, ചോദിച്ചാൽ കൊച്ചമ്മയോട് ഞാൻ പറഞ്ഞോളാം’’ എന്ന്  വൈകിട്ടെത്തിയ അപ്പൻ ചെറു പുഞ്ചിരിയോടെ പറഞ്ഞത് നിലവറയിൽ ഒളിഞ്ഞിരുന്ന ഞാൻ കേട്ടതോടെയാണ് സംഭവമൊന്ന് തണുത്തത്. 

ആളുകൾ മാറുന്നതനുസരിച്ചു ഫോട്ടോയെടുക്കാനായി അവസരം കിട്ടിയപ്പോൾ മരത്തിന്റെ അടുത്തേക്ക് അമ്മയോടൊപ്പം നിൽക്കാനായി അവൾ എന്റെ കൈയിൽ പിടിച്ച് വലിച്ചപ്പോഴാണ് ഓർമ്മകൾക്ക് വിള്ളൽവീണത്. ഞാൻ അമ്മയുടെ മുഖത്തേയ്ക്കൊന്നു നോക്കി. അമ്മയുടെ പുഞ്ചിരിയിൽ നിന്നും ഓർമ്മകളുടെ യാത്രക്കൊപ്പം അമ്മയും ഉണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. 

English Summary: Mangiya Oru Christmas Kadha, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com