“ഇന്നിതാ വിൺസുതൻ ജാതനായി
കന്യാമേരി തൻ കണ്മണിയായി...”
വർഷങ്ങൾ പഴക്കമുള്ള ആ പാട്ട് കഴിഞ്ഞ വിസിലടിച്ചപ്പോൾ ഞങ്ങൾ കരോൾ ഗായകസംഘം നിശബ്ദമായി. ക്രിസ്മസ് കാരോളിന് പാട്ടും കൊട്ടും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ വിസിലടിയോടെയാണ് അന്നും ഇന്നും.
ഒരു നിമിഷം ഞങ്ങൾ പ്രാർത്ഥിച്ചു, സമയം ഏഴര കഴിഞ്ഞു, പതിവ് പോലെ ഇത്തവണയും വൈകി. അതും പറഞ്ഞ ഞങ്ങൾ കാരാഴ്മപ്പള്ളിയിൽ നിന്ന് പുറത്തോട്ടിറങ്ങി. ആകാശത്ത് നിലാവുണ്ട്, അതിന്റെ പ്രകാശത്തിൽ നിറഞ്ഞനിൽക്കുന്നു തൂവെള്ളയാറന്ന പള്ളി, ഏറ്റവും മുകളിലെ കുരിശിന് പുറകിലാ ആകാശത്തിൽ നക്ഷത്രങ്ങൾ മിന്നുന്നു, പെട്ടെന്ന് ഡ്രംമ്മിൻന്റെ ശബ്ദമയർന്നു.
പള്ളിയുടെ കരോൾ ഇറങ്ങാൻ പോകുന്നു, അത് ഓർത്തപ്പോൾ തന്നെ നെഞ്ചിൽ പതിവുള്ള ഇടിപ്പ് നിറയുന്നു. ക്രിസ്തുമസ് രാത്രികളിൽ കരോൾ സംഘത്തിന്റെ ശബ്ദം കേൾക്കുമ്പോൾ മാത്രം ഉണ്ടാകുന്ന സുഖമുള്ള തുടിപ്പ്.
പുറത്ത് നേരിയ മഞ്ഞ് പൊഴിയുന്നു. ഉള്ളിൽ അതിലേറെ തണുപ്പും സന്തോഷവും വഹിച്ചുകൊണ്ട് ഞങ്ങൾ പത്തുമുപ്പത് ആളുകൾ അടങ്ങുന്ന സംഘം നടന്ന തുടങ്ങി. വഴിയിൽ നിറയെ ഇരുട്ട്. അങ്ങ്ഇങ്ങായി റോഡിന് ഇരുവശവും നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റിൽ നിന്ന് വരുന്ന ബൾബിന്റെ വെളിച്ചത്തിന് ഇരുട്ടിനെ പൂർണമായും മാറ്റാൻ കഴിയുന്നില്ല.
ആ ഇരുട്ടിൽ ഞങ്ങൾക്ക് വഴികാട്ടാൻ ഒരു നീണ്ട മനുഷ്യൻ മുന്നേ നടക്കുന്നുണ്ട്. വെള്ളത്തോർത്തും തലയിൽചുറ്റിവെച്ച് അതിൽ പെട്രോൾമാക്സുമായി, നരച്ച ചുമന്ന ഷർട്ടുമിട്ട് മുണ്ടും മടക്കിക്കുത്തി അയാൾ ഒരു വഴികാട്ടിയെപ്പോലെ നടന്ന് നീങ്ങുന്നു. പണ്ട് ഒരു വാൽനക്ഷത്രം വഴികാട്ടിയത് പോലെ.
ഞങ്ങൾ ചെറുപ്പക്കാരും കുട്ടികളും മുൻപിലും മുതിർന്ന അച്ചായന്മാർ പുറകിലുമായി ആ വെട്ടത്തിന് പുറകെ റോഡിലോട്ട് ഇറങ്ങി നടന്നുതുടങ്ങി. ഞങ്ങളുടെ മുഖത്ത് ആവേശം നിറഞ്ഞു നിന്നിരുന്നു, കഴിഞ്ഞ ഒരു വർഷം മുഴുവൻ കാത്തിരുന്ന ദിനങ്ങളാണ് ഇനിയുള്ളത്. അതിന്റെ മുഴുവൻ ആവേശത്തിമിർപ്പിൽ മുൻപോട്ട് വന്ന ഞങ്ങൾ വിസിലടിച്ച ഒരു കൈയ്യ് ആകാശത്തേക്ക് ചൂണ്ടി ഉറക്കെപ്പാടിത്തുടങ്ങി.
“താരാഗണം സ്തുതിപാടും രാവിൽ..
ദുതഗണം സ്തുതിപാടും രാവിൽ,
ഭൂജാതനായിന്ന്…ഉണ്ണി ഭൂജാതനായിന്ന്.
മഞ്ഞ് പെയ്യും രാവിലിന്ന് മാലാഖമാർ…..”
ബാക്കിയുള്ളവർ അത് ഏറ്റുപാടുന്നതിനോടൊപ്പം ഡ്രമ്മും സൈഡ്ഡ്രമ്മും ശബ്ദമുയർത്തും. ഡ്രമ്മിന്റെ തുകലിൽ നിന്ന് വരുന്ന ധും ധും ശബ്ദത്തോടെപ്പം സൈഡ്ഡ്രമ്മിന്റെ ചിലങ്ങുന്ന കൊട്ടും ചിഞ്ചിലത്തിന്റെ ചിലച്ചില് ശബ്ദവും ഞങ്ങളുടെ ഇടയിൽ നിറഞ്ഞു.
ആദ്യത്തെ നാലുവരി കഴിയുമ്പോൾ തമ്പേറിന്റെ ശബ്ദം തെല്ലൊന്ന് നിൽക്കും, അടുത്ത വരി പാടിതുടങ്ങുമ്പോൾ അവ പിന്നെയും കൂട്ടിയടികൊണ്ട് ശബ്ദമുയർത്തും, താളത്തിൽ അർപ്പവിളിച്ചും പാടിയും ഞങ്ങൾ മുന്നോട്ട് നടക്കും. ഈ വർഷത്തെ മുഴുവൻ സന്തോഷവും ചുമന്ന ഉടുപ്പുമിട്ട് നരച്ചനീണ്ട താടിയുമായി കൂടെയുണ്ട്. മിട്ടായുടെ സമ്മാനക്കെട്ട് മുറുക്കെ പിടിച്ച് വടിയും കുത്തി, തുള്ളികളികൊണ്ടാണ് ഞങ്ങളുടെ സന്തോഷം സാന്താക്ലോസ് ആയി നടക്കുന്നത്.
റോഡിലൂടെയുള്ള ഞങ്ങളുടെ വരവും കാത്തിരിക്കുന്ന വീടുകളിലേക്ക് പതിയെ നടന്ന് കയറുമ്പോൾ മിന്നുന്ന നക്ഷത്രവിളക്കുകൾക്ക് അരികിലാ വരാന്തയിൽ അവിടുത്തെ കുടുംബം നില്പുണ്ടാവും.
ആ വീടിന്റെ ഗൃഹനാഥൻ ഏറ്റവും മുന്നിലായി മുതിർന്ന ആൺകുട്ടിയുമായി നിൽകുമ്പോൾ അമ്മയുടെ പുറകിൽ ക്രിസ്തുമസ് പപ്പയെ പേടിച്ച ഇളയ ആൺകുട്ടി മറഞ്ഞനിൽക്കുന്നത് കാണാം. പേടിച്ചാണേലും സാന്ത തരുന്ന മിട്ടായി അവൻ എത്തി വാങ്ങിക്കാറുണ്ട്. ഞങ്ങളെയും നോക്കികൊണ്ട് പ്രായമായ അമ്മച്ചി സ്വീകരണമുറിയിൽ ഇരിന്നു കൊണ്ട് അവരുടെ പഴയ കരോൾ ഓർക്കുന്നുണ്ടാവും അപ്പോൾ.
ഡ്രമ്മടിച്ച കയറുന്ന ഞങ്ങൾ വിസിലടിയോടെ കൂടെ കോട്ട നിർത്തുമ്പോൾ കരോൾ പാട്ട് തുടങ്ങും.
“പുളകം കൊണ്ടാടിടുന്നീ നേരത്തെല്ലാം
പുൽക്കൂട്ടിൽ ഉണ്ണിയുടെ കിടപ്പക്കണ്ട്…”
ആദ്യത്തെ രണ്ടുവരി ഞങ്ങൾ ഗായകസംഘം പാടി കഴിയുമ്പോൾ അടുത്ത വരിയുടെ കൂടെതന്നെ ഡ്രമ്മിന്റെ ശബ്ദമുയരും. പിന്നീട് അവിടയൊരു ആഘോഷമാണ്. പാട്ടിന്റെ താളത്തിൽ കൊട്ടിയടിച്ചോണ്ട് ഉയരുന്ന തമ്പേറിനൊപ്പം ഞങ്ങൾ വട്ടം ചേർന്ന് ഒരു കൈയ്യുർത്തി ഉയർന്ന് പാടും,
“…മലയിൽ നിന്ന് ഓടിയെത്തി ഇടയരെല്ലാം
നല്ല, ചുവടുവെച്ച് ചുവടുവെച്ച് നടനമാടി.
മനസ്സിന്റെ കാലിത്തൊട്ടിൽ കിളിപ്പറന്നേ
മനുജന്റെ പുതുമണ്ണിൽ ഒളിപ്പരന്നേ…
പശുതൊട്ടിൽ ഒരുക്കിയ പുതിയസ്വർഗം,
നല്ല കണിക്കൊന്ന മലർവാടി വിരിഞ്ഞത്പോൽ.”
ഓരോ വരിയും ആവേശത്തോടെ എല്ലാവരും ചേർന്ന് പാടുന്നതിനൊപ്പം വട്ടത്തിൽ തോൾചേർന്ന് തുള്ളിച്ചാടും ഞങ്ങളിൽ ചിലർ. ആ ഇരുട്ടിൽ തമ്പേറിന്റെയും ചിഞ്ചിലത്തിന്റെയും ശബ്ദത്തോടപ്പം ഞങ്ങളുടെ ചുറ്റും ഒഴുകുന്നത് സന്തോഷം മാത്രമാകും. ഇതെല്ലാം കണ്ട പുറകിൽ ഞങ്ങൾക്ക് ഒപ്പം ഉറക്കെപ്പാടിയും താളത്തിൽ കയ്യടിച്ചും തലമുതിർന്നവർ നില്പുണ്ടാവും. ഈ സമയങ്ങളിൽ ഉള്ളിൽ നിറയുന്ന സന്തോഷം ദൈവീകമാരിക്കാം.
ആ പാട്ടും കൊട്ടും കഴിയുമ്പോൾ ക്രിസ്തുമസ് ആശംസകൾ അറിയിച്ചോണ്ട് ഞങ്ങൾ ആ വീട്ടീന്നിറങ്ങും. അത് വരെ പേടിച്ച നിന്ന് ഇളയകുട്ടി ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടാകും അപ്പോൾ.
മുൻ നിശ്ചയിച്ച ഉറപ്പിച്ച അടുത്ത വീടുകൾ ലക്ഷ്യമാക്കി ഞങ്ങൾ നടന്ന നീങ്ങും, ഇതേ ആവേശത്തോടെ ഞങ്ങൾ അടുത്തടുത്ത വീടുകൾ കയറി പാട്ടും കൊട്ടും തുടരും. ഓരോ വീട്ടിൽ പാടി കഴിയുമ്പോളും നിലക്കാത്ത ഊർജ്ജവും സന്തോഷവും ഞങ്ങളുടെ ഓരോരുത്തരുടെ കണ്ണിൽ മിന്നിനിൽപ്പുണ്ടാവും.
കൊട്ടും പാട്ടുമായി ഈ വഴികളിലൂടെ ഞങ്ങൾ പോകുമ്പോൾ, ഞങ്ങൾ കരോൾസംഘം ആരാണെന്ന് അറിയിക്കുവാൻ രണ്ട് വശവും കുരിശ് പള്ളിയെന്നും ബാക്കി രണ്ട വശവും ക്രിസ്തുമസ് പുതുവത്സരാശംസകൾ എന്നും വെള്ളയിൽ ചുമന്ന് നിറത്തിൽ എഴുതിയ ചതുരത്തിൽ ഉള്ള പെട്ടിവിളക്കും (പുൽക്കൂട് ) തലയിൽ വെച്ച് പള്ളിയുടെ തൊട്ടപ്പുറത്ത് താമസിക്കുന്ന ചേട്ടനും, മുളക്കമ്പേൽ പച്ചയും ചുമപ്പും മഞ്ഞയും തുടങ്ങിയ വർണ്ണപേപ്പർ ഒട്ടിച്ച് ഉണ്ടാക്കിയ നക്ഷത്രവും കൈയിൽ പിടിച്ചോണ്ട് പ്രായമായ കൊച്ചേട്ടനും നടന്ന നീങ്ങും ഞങ്ങളക്ക് പുറകെ. കൂലിയെക്കാൾ ഏറേ, പള്ളിയെ ചേർന്ന് നിന്ന് സ്നേഹിക്കുന്ന ഇവരാണ് വിളക്കും പുൽക്കൂടും എടുക്കുന്നത്.
ഇനിയും പാടാൻ ഉള്ളത് നേഴ്സ്അമ്മച്ചിയുടെ വീടാണ്. എല്ലാ വർഷവും മുടങ്ങാതെ ഞങ്ങൾക്ക് വെള്ളകേക്കും ചുക്ക്കാപ്പിയും തരുന്ന വീടുകളിലൊന്ന്. വെളുത്ത സാരി ഉടുത്ത് വെളുത്ത മെലിഞ്ഞ നീളം കുറഞ്ഞ അമ്മച്ചി നിറഞ്ഞ ചിരിയോട് കൂടെ ഞങ്ങളെ സ്വീകരിക്കും. കൈയ്യടിയും ആർപ്പവിളിയും നിറഞ്ഞ പാട്ടുകളക്ക് ഒടുവിൽ വിസിലടിച്ച പാട്ട് അവസാനിപ്പിച്ച ഞങ്ങൾ വീട്ടീന്ന് ഇറങ്ങാൻ തുടങ്ങും. അപ്പോൾ അമ്മച്ചി വിളിക്കും - “എടാ മക്കളെ ആരും പോകരുത്, കാപ്പിയുണ്ട്’.
അവിടെ കാപ്പിയുണ്ടന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞങ്ങൾ പിള്ളേർ പതിയെ ഇറങ്ങാൻ ഭാവിക്കുന്നത്. അമ്മച്ചി പുറകീന്ന് വിളിക്കുന്നത് കേട്ടിട്ട് വന്ന് കാപ്പി കുടിക്കുന്നത് ഒരു രസം.
കഴിക്കാൻ തരുന്ന വീട്ടിൽ ഒരു ‘സന്തോഷ സൂചകം’ പാടാതെ ഞങ്ങൾ ആരും തിരികെ പോകാറില്ല. വർഷങ്ങളായി തുടരുന്ന പതിവാണത്.
‘‘സന്തോഷസൂചകമായി തന്നത് സ്വീകരിച്ച,
ബാലകരാം ഞങ്ങളിതാ പോകുന്നു…
ഞങ്ങൾ പോകുന്നു…”
കയ്യിൽ കാപ്പിയും വായിൽ കേക്കുമായി കുറച്ചുപേർ അത് പാടുമ്പോൾ, ചിലർ അവിടുത്തെ വരാന്തയിലെ അരമതിലിൽ വിശ്രമത്തിലാകും. ഇതിനിടയിൽ തലമുതിർന്നവർ ഇരുട്ടിലൊന്ന് പോയി സന്തോഷം പങ്ക് വെച്ചിട്ട് വരും. സന്തോഷ സൂചകത്തിന്റെ പാട്ട് കഴിഞ്ഞ അടുത്ത വർഷവും കാപ്പി തരണേ എന്ന പറഞ്ഞകൊണ്ട് അവിടുന്ന് ഇറങ്ങി അടുത്ത വീടുകളിലോട്ടുള്ള നടത്തമാരിമ്പിക്കും.
കരോൾ തുടങ്ങുമ്പോൾ പല തിരക്കുകൾ കൊണ്ട് വരാൻ കഴിയാഞ്ഞ പലരും പിന്നീട് പതിയെ പതിയെ ഈ വഴികളിൽ വെച്ച് വന്ന ചേരും. നടക്കാൻ വയ്യാത്ത ചില അച്ചായന്മാർ സ്കൂട്ടറിൽ ഞങ്ങളെ അനുഗമിക്കും. ഇങ്ങനെ ഇങ്ങനെ ഞങ്ങളുടെ ഗായകസംഘം മുന്നോട്ട് നീങ്ങും, ഇടക്ക് ഇടവവീടുകളിലെ കേക്കും കാപ്പിയും, കപ്പയും കാച്ചിലും കാന്താരിചമ്മന്തിയും ഞങ്ങളുടെ പാട്ടിന് ഉണർവേകികൊണ്ടിരിക്കും.
പ്രധാനറോഡിൽ നിന്ന് ഇടവഴികളിലൂടെയും പാടവരത്തിലൂടെയും ഞങ്ങൾ പെട്രോൾമാക്സിന്റെ അരണ്ടവെളിച്ചത്തിന് പുറകെ നടക്കും. പോകും വഴി പല വീടുകളിലും രണ്ടും മുന്നും നക്ഷത്രവിളക്കുകൾ മിന്നികത്തുന്നുണ്ടാവും, മുറ്റത്തെ ചെറുമരങ്ങളിൽ പലവർണങ്ങൾ ഉള്ള ചെറിയ എൽ.ഇ.ഡി ബൾബുകൾ തൂക്കിയിട്ട നാടൻ ക്രിസ്തുമസ് ട്രീ തൊട്ട് വരാന്തയിൽ വെച്ചിരിക്കിന്നു വലിയ റെഡിമേഡ് ട്രീകൾ കൊണ്ടുള്ള ആഘോഷങ്ങൾ ഈ യാത്രയിൽ കാണാം. അവിടെയെല്ലാം ഞങ്ങളെ സ്വീകരിക്കാൻ മടിക്കാത്ത എല്ലാ വീടുകളിലും ക്രിസ്തുമസിന്റെ സന്ദേശമറിയിക്കും ഞങ്ങൾ. ഇടുങ്ങിയ വഴികളിലൂടെ ഇരുട്ടിൽ നടക്കുമ്പോൾ ഒരു രണ്ടുവരി പാട്ട് ഉയരും കുട്ടത്തിൽ നിന്ന്,
“ഈ വഴി വളരെ ഇടുക്കവും ഞെരുക്കവും,
ആരിത് കടന്നീടുമേ……”
മാലോകരെ കേൾക്കുവിൻ മാമാറിയാമ്മിൻ സുതൻ
മണ്ണിടത്തിൽ ഇന്ന് ഉദിച്ചത്.”
സമയം പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു. സമയം കടന്ന് പോകുന്നത് അറിയാത്ത നടത്തമാണ് ക്രിസ്തുമസ് കാരോളിന്റെ നടത്തം. ഇനി ചെല്ലാനുള്ള വീടുകളിലെ അംഗങ്ങൾ ഉറങ്ങി കാണും. കാരാഴ്മപ്പള്ളിയുടെ കരോൾ അവരുടെ വീട്ടിൽ കയറാതെ പോയാൽ നാളെ വഴിയിൽ തടഞ്ഞ നിർത്തി അവർ പരിഭവം പറയും. അവരുടെ വീടുകളിൽ കയറുമ്പോൾ ഡ്രം കൊട്ടി തുടങ്ങും, എന്നിട്ടും വീടിൻന്റെ വാതിൽ തുറന്നിലേൽ, കോട്ട നിർത്തി ജനലിന്റെ അടുത്തുനിന്ന് ഉറക്കെ വിളിച്ച പറയും, ‘കാരാഴ്മപ്പള്ളിയിൽ നിന്നാണേ…’. അത് കേൾക്കുമ്പോൾ ഏത് വാതിലും തുറക്കും, വാതിൽ തുറന്ന് ഞങ്ങളുടെ പാട്ടും കൊട്ടും സന്തോഷവും അവർ സ്വികരിക്കും.
സമയം വൈകി വരുന്നു, ഒരു മണിയാകുമ്പോൾ ഇന്നത്തെ കരോൾ തീരണം. ഇനി കുറച്ച വീടുകൾ മാത്രം ബാക്കി, ഈ രാത്രി മുഴുവൻ നടക്കാൻ തയ്യാറായാണ് ഞങ്ങൾ എല്ലാവരും മുന്നോട് പോകുന്നത്. അത്രമേൽ വലിയ ഒരു വികാരമാണ് ക്രിസ്മസ് കരോൾ.
ആവേശവും ആഹ്ളാദവും കുറയാത്ത നടത്തത്തിലും കൊട്ടിലും, വീടുകൾ കയറി ഞങ്ങൾ പാടും. അവസാനം അന്നത്തെ കരോൾ, കവലിയിലെ കന്യകമറിയാമിന്റെ കുരിശുംതൊട്ടിലിൽ നിർത്താൻ സമയമാകും. ഉണ്ണിയേശുവിനെ കയ്യിൽ പിടിച്ചോണ്ട് നിക്കുന്ന മേരിമാതാവിന്റെ ചിത്രത്തിന് മുൻപിൽ ആ പാട്ട് ഞങ്ങൾ പാടും.
“സുതനെ തിരുസുതനെ കന്യകയിൻ മകനേ…
ഉണർവിൻ ഉറവിടമാം മന്നവമഖിലേശാ.. ’’
വിസിലടിച്ചു, പാട്ട് നിർത്തും.
മനസ്സിൽ സന്തോഷം മാത്രം തീർന്നില്ല. ഇനിയുമുണ്ട് കരോൾ ദിനങ്ങൾ, അവ ഒരിക്കലൂം അവസാനിക്കരുതേ എന്ന് ഓർത്തുകൊണ്ടും അതിനെ നിറഞ്ഞ സ്നേഹിച്ചുകൊണ്ടും അന്ന് ഞങ്ങൾ പിരിയും. ഡ്രമ്മും ബാക്കി സാധനങ്ങളും അടുത്തുള്ള ഇടവകവീട്ടിൽ ഏൽപ്പിച്ചിട്ടുണ്ടാവും അപ്പോൾ.
പാടി ഇടറിയ ശബ്ദവുമായി തിരിച്ച് നടക്കുമ്പോൾ ഡ്രമ്മിന്റെ ശബ്ദമിങ്ങനെ ചെവിയിൽ മൂളുന്നുണ്ടാവും, മനസ്സിൽ അന്നേരം ആരോ ഉറക്കെപ്പാടുന്നുണ്ടാവും,
“ഇന്നിതാ വിൺസുതൻ ജാതനായി
കന്യാമേരി തൻ കണ്മണിയായി.”
English Summary: Writers Blog - Christmas Memories by Bino Kochumol Varghese