ADVERTISEMENT

താടിക്കാരൻ (കഥ) 

വിളിക്കാതെ തന്നെ വിരുന്ന് വരികയാണ് ദാരിദ്ര്യം. കിണറിനുള്ളിൽ, കരകയറാതെ കിടക്കുന്ന മനുഷ്യർക്ക് ഇന്നുകൾ മാത്രമേയുള്ളു. കാലവർഷം കഴുത്തൊടിക്കുന്ന കഴുക്കോലുകളും ചോർച്ച മറയ്ക്കാനായി ഓടുകളെ മൂടുന്ന പാവാടകളുമൊക്കെ പിഞ്ചിത്തുടങ്ങി... അന്നന്നു വേണ്ട അപ്പത്തിന് വേണ്ടി മാത്രം വിയർക്കുന്ന അപ്പന്മാർ അലിയിച്ചു കളയുന്ന കുറച്ച് കുരുന്ന് സ്വപ്‌നങ്ങൾ കുടികളിലുണ്ട്. നിമിഷങ്ങൾകൊണ്ട് ജനിപ്പിച്ചവരുടെ നിറമില്ലാത്ത ബീജങ്ങൾ വളർത്തുന്നത്  ഇരുട്ടിനെയാകുന്നു. ഉന്തിയവയറുകളും ഉണങ്ങിപ്പിടിച്ച തലമുടിയും മൂക്കട്ട ഒട്ടിപ്പിടിച്ച മുഖങ്ങളുമൊക്കെ ആ കോളനിയിലെ ബാല്യങ്ങളാണ്. കീറത്തുണികൾ ഉണങ്ങിത്തൂങ്ങിയ അയകളും, ചെളി പിടിച്ച ഒറ്റ മുറികളും നഗരത്തിന്റെ നഗ്നതയെ ഓർമ്മപ്പെടുത്തുന്നു. മാലിന്യങ്ങളിൽ മറഞ്ഞിരിക്കുന്ന നാളത്തെ മരണങ്ങളാകുന്നു  ഇവിടെയുള്ള കുഞ്ഞുങ്ങൾ. വിഷവിത്തുകൾ വിഷച്ചെടികളായി തീരണമെന്നത് ഭൂമിനിയമം.. വെള്ളമൊഴിക്കേണ്ടവർ തന്നെ കളകളാകുമ്പോൾ വെളിച്ചം കിട്ടാതാവുന്നത്  കുറേ  കുരുന്നിലകൾക്കാണ്....  ഇടവഴിക്കിരുവശവുമുള്ള കുടിലുകളിൽ പലതും വിറ്റൊഴിഞ്ഞിരിക്കുന്നു. വാങ്ങിച്ചവരിൽ ചിലർ വാർക്കക്കെട്ടിടങ്ങൾ പണിത് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. പരസ്പരം തിരക്കാനുള്ള മനസ്സ് പോലും ഇല്ലാത്ത വിധം തിരക്കാണ് ഇന്നാ തെരുവിന്..

 

കതിനാ കോളനി എന്നായിരുന്നു ആ സ്ഥലത്തിന്റെ  പഴയ പേര്. തൊട്ടടുത്ത ചാത്തൻ കോവിലിലെ  വെടിവഴിപാടിനുള്ള കതിനകൾ പിറന്നിരുന്നയിടം.. ചെറ്റ പൊക്കാൻ വന്നിരുന്ന ചെറ്റകളെ ചിരവകൊണ്ട് തല്ലിയോടിച്ച ഒരു മുൻതലമുറ അവിടെയുണ്ട്. പാട്ടപെറുക്കിയും പാത്രം കഴുകിയുമൊക്കെ അവർ പിള്ളേരെ വളർത്തി. പട്ടണം പിഴയ്ക്കാൻ തുടങ്ങിയതോടെ പുതിയ പിള്ളേരും പെഴകളായി.. കതിനാ കോളനിയുടെ പുതിയപേര് കഞ്ചാവ് കോളനിയെന്നാണ്. ഇരുട്ടിയാൽ മുഖത്ത് പെയിന്റും പൗഡറുമിട്ട് പുറത്തേക്കിറങ്ങുന്ന പല പുരുഷന്മാരും പണമുണ്ടാക്കാൻ പഠിച്ചിരിക്കുന്നു... ബീഡിക്കറ പുരണ്ട അവരുടെ ചുണ്ടുകളിലെ ചെഞ്ചായത്തിന് സ്ത്രീയുടെ മണമൊട്ടുമില്ല. മാറിലെ വെച്ചുകെട്ടഴിച്ചു മാറ്റി അടിവസ്ത്രം തിരിച്ച് നൽകുമ്പോൾ കഞ്ചാവ് പുകയിൽ ഉറക്കെച്ചിരിക്കുകയാണ് അവരുടെ പെണ്ണുങ്ങൾ... കുറ്റിബീഡി തപ്പിപ്പെറുക്കി വലിക്കുന്ന കുറച്ച് കുട്ടികളൊക്കെ തെളിച്ചമില്ലാത്ത തെരുവിൽ ഇരുന്നുറങ്ങുന്നുണ്ട്. ഇടത്തെ കാലിന് മുടന്തുള്ള പോളിയെ ജീവനായിരുന്നു അവന്റെയമ്മയ്ക്ക്.. പണ്ടാരോ പട്ടിക്കിട്ട് എറിഞ്ഞ കല്ല് തെറ്റിക്കൊണ്ടത് കുഞ്ഞു പോളിയുടെ കണങ്കാലിലാണ്. ഞൊണ്ടി നടക്കുന്നവന് ഒപ്പമെത്താൻ പറ്റാതാകുമ്പോൾ അഴുക്കുചാലുകളാണ് അകലെയാകുന്നത്. അല്ലെങ്കിലും ചില ഒറ്റപ്പെടലുകൾ ഭാഗ്യമാകുന്നു. അസുരവിത്തുകൾ അവനൊരു വട്ടപ്പേരിട്ടു കൊടുത്തിട്ടുണ്ട്....  പുണ്യാളൻ.

 

പുതുപ്പണക്കാരനായ, പടിഞ്ഞാറൻ കാറ്റ് കോളനിയെ വിഴുങ്ങാൻ എത്തിയിട്ടുണ്ട്. മറുനാടൻ മലയാളികൾ ഒരുമിച്ചൊരു വില പറഞ്ഞെങ്കിലും വസ്തു വിൽക്കാൻ കുറച്ച് പേർ മാത്രം തയ്യാറായി. ചെറുതും വലുതുമായ കെട്ടിടങ്ങൾ ചുറ്റുപാടും പൊങ്ങി  തുടങ്ങിയിരിക്കുന്നു. മഴയുള്ള രാത്രികളിൽ മാനത്തേക്ക് നോക്കി നക്ഷത്രങ്ങളെ തിരയുകയാണ് കുഞ്ഞു പോളി... ആരെയോ തിരക്കിപ്പോയവർ ഡിസംബറിൽ മഞ്ഞുതുള്ളികളായി മടങ്ങിവരുമെന്ന് അമ്മ പറഞ്ഞതവന്റെ മനസ്സിലുണ്ട്.  മുറ്റത്ത് നിരത്തി വെച്ചിരിക്കുന്ന മൺചിരാതുകളെ കത്തിക്കാനായി  നക്ഷത്രങ്ങൾ ഇറങ്ങിവരുന്നത് അവൻ സ്വപ്നം കണ്ടു. ലത്തീൻ പള്ളിക്കൂടത്തിലെ പണി പോകുമെന്നായപ്പോഴാണ് മെർലി ടീച്ചർ കോളനിയിൽ എത്തുന്നത്. തലതെറിച്ചവന്മാരെ കുരുക്കാനുള്ള വലയൊന്നും ടീച്ചറുടെ കൈവശമില്ലായിരുന്നു. ഉടുപ്പും ബാഗും കുടയും, പിന്നെ അപ്പന് കുറച്ച് കാശും കൊടുത്തപ്പോൾ പോളിയുടെ കാര്യത്തിൽ മാത്രം തീരുമാനമായി. മഴയില്ലെങ്കിലും കുടയും ചൂടിപ്പോകുന്നവന്റെ ഇടത് വശത്തായി എപ്പോഴും പാപ്പിയുണ്ടാവും. പണ്ടൊരിക്കൽ തനിക്ക് കിട്ടേണ്ട ഏറ് ഏറ്റുവാങ്ങിയതോടെയാണ് ആ തെരുവ്പട്ടി അവന്റെ സഹചാരിയായത്. അവശതയുള്ളവന് ആശ്രയമാവാൻ ആരോ അയച്ച വാൽനക്ഷത്രം...

 

പരിസരം മോശമായത് കൊണ്ടാവണം, കോളനിയിലെ വരത്തരിൽ അധികവും വാടകക്കാരായിരുന്നു. പണിക്കായി പട്ടണത്തിലെത്തിയ പരദേശികളെ, പല കെട്ടിടങ്ങളിലും അടുക്കി കിടത്തിയിരിക്കുകയാണ് മുതലാളിമാർ.. തുരുമ്പ് കയറി നരകിച്ചു തുടങ്ങിയ രണ്ട് തീവണ്ടിബോഗികൾ പുറകിലെ ചതുപ്പിൽ ചത്ത് കിടക്കുന്നുണ്ട്. ഇരുമ്പിൽ പടർന്നു കിടക്കുന്ന  പുല്ലാഞ്ഞികൾക്ക് പൂവിട്ട കാലമൊന്നും ഓർമ്മയില്ല. പുതിയ അയൽവാസികളെ കണ്ട് പരുങ്ങി നിൽക്കുന്ന പോളിയെ കുഞ്ഞു വാവയാണ് ആദ്യം കണ്ടത്. അവന്റെ ചിരികേട്ട് അച്ഛനും അമ്മയും തിരിഞ്ഞ് നോക്കുമ്പോഴെല്ലാം പോളി മാറിക്കളയും. കൂടുതൽ ഒന്നുമറിയില്ലെങ്കിലും, താടിക്കാരനും ഭാര്യയും ഉള്ള് നിറയെ  സ്നേഹമുള്ളവരാണെന്ന് മാത്രം അവനറിയാം. ഉണ്ണിയെന്നുള്ള വിളി കുഞ്ഞിനെയാണെങ്കിലും അപ്പുറത്തിരുന്ന് അറിയാതെ അവനും വിളി കേൾക്കും. മുറ്റം മൂടിക്കിടന്നിരുന്ന കാട്ട് കഴഞ്ചിയും പന്നലുമൊക്കെ പറിച്ച് മാറ്റാൻ അവരോടൊപ്പം അവനും കൂടി. രാവിലെ പാല് വാങ്ങിക്കൊണ്ടു വരുന്നവനുതന്നെ ആദ്യം കാച്ചിക്കൊടുക്കുമ്പോൾ ആ അമ്മയുടെ മുഖത്തെ പുഞ്ചിരിയിൽ ആകാശമുണ്ട്... അവിടെ മഞ്ഞ് തുള്ളികളുമായി മടങ്ങി വന്ന കുറേ നക്ഷത്രങ്ങളുമുണ്ട്..

തണുപ്പിനെ കുഞ്ഞുപോളിക്കിപ്പോൾ ഒരുപാടിഷ്ടമാണ്.

 

അവർ ആരാണെന്നോ എവിടെ നിന്നും വന്നവരാണെന്നോ,ചോദിച്ചറിയാനുള്ള പ്രായമൊന്നും കുഞ്ഞുപോളിക്കായിട്ടില്ല. ധനുമാസത്തിലെ തണുപ്പ് തുള്ളികൾ വീഴുന്ന ഒരു സന്ധ്യയിൽ  അവരെത്തുന്നത് അവനോർമ്മയുണ്ട്. ഉണ്ണിയെ കാണാനെന്ന പേരിൽ കേറിയിറങ്ങുന്നതു വയറ് നിറയാൻ വേണ്ടിക്കൂടിയായിരുന്നു. കവലയ്ക്കപ്പുറം കാണാത്തവന്റെ കണ്ണുകളിലെ കാർമേഘങ്ങളെ താടിക്കാരൻ തുടക്കത്തിലേ  കണ്ടതാകുന്നു. വിടരാനായി വെളിച്ചം തിരയുന്ന നീല കോളാംബിയ്ക്ക് പോളിയുടെ മുഖമാണെന്ന് അയാൾ ഭാര്യയോട് പറയാറുണ്ട്. ചില ബാല്യങ്ങൾ അങ്ങനെയാണ്. ഇരുട്ടിൽ  ചിതറി നടക്കുന്നവരിൽ നിന്നും കുതറിമാറിയവന്റെ വെളിച്ചമായി ഇപ്പോൾ ആ  കുടുംബമുണ്ട്. തിന്നാനല്ലാതെ ഈ ചെറുക്കൻ വായ തുറക്കില്ലേ, എന്ന് ഉണ്ണീടമ്മ ചോദിക്കുമ്പോഴും തീറ്റ നിർത്താൻ അവനുദ്ദേശമില്ല... കേൾക്കാനും കരുതാനും ആളില്ലാതായപ്പോൾ നിന്ന് പോയതാവണം അവന്റെ സംസാരം. അതുപോലെ ഇല്ലായ്മയിൽ കൊതിയും വിശപ്പുമെല്ലാം മരണപ്പെട്ടിരുന്നെങ്കിൽ പട്ടിണി എന്ന വാക്ക് തന്നെ പിറക്കാതെ പോയേനെ. രുചിയുടെ പുതിയ രൂപങ്ങൾ അറിഞ്ഞു തുടങ്ങിയവൻ കോളനിയ്ക്ക് പുറത്തുള്ള കാഴ്ച്ചകളും കാണാൻ പോകുന്നു. പാപ്പിയും ഇപ്പോൾ സന്തോഷത്തിലാണ്. എച്ചിൽ അല്ലാത്ത ഭക്ഷണം കഴിക്കാൻ കഴിയുന്നവന്റെ സന്തോഷം..

 

കണ്ണടയ്ക്കാതെ രാത്രിയെ യാത്രയാക്കുകയാണ് പോളി... ഉറങ്ങിപ്പോയ പച്ചിലകളെ തട്ടിയുണർത്തുന്ന മഞ്ഞുതുള്ളികൾ അവൻ കാണുന്നുണ്ട്. ഇടാനായി കീറാത്തൊരു നിക്കറും ബനിയനും എടുത്ത് കൊടുത്തത് അവന്റെമ്മയായിരുന്നു. പണിക്ക് പോകുന്ന വീട്ടിലെ പണക്കാരൻ ചെറുക്കന്റെ പഴയ വസ്ത്രങ്ങളായിരുന്നു അവന്റെ നല്ലതൊക്കെയും. സ്കൂട്ടറിന്റെ മുൻപിൽ നിന്നാൽ മതിയെന്ന് പറഞ്ഞത് താടിക്കാരനാണ്. ഉത്സവലഹരി തലയ്ക്ക് പിടിച്ച പട്ടണത്തിന് ഇന്ന് പകലുറക്കമില്ല. കടയിൽ കയറ്റി,  ഇഷ്ടമുള്ളതൊക്കെ എടുത്തോളാൻ പറഞ്ഞ് താടിക്കാരൻ മാറി നിൽക്കുമ്പോൾ പോളിയ്ക്ക് കരച്ചിൽ വന്നു. ആദ്യമായിട്ടായിരുന്നു ഐസ്ക്രീമൊക്കെ അവൻ കഴിക്കുന്നത്. പാർക്കിലെ തീവണ്ടി, തുരങ്കത്തിലേക്ക്  കയറുമ്പോൾ കുട്ടികളൊക്കെ കാറിക്കൂവുകയാണ്. ഇരുട്ടിൽ വളർന്നവനൊഴികെ.... ബീച്ചിലൂടെ താടിക്കാരന്റെ വിരലിൽ തൂങ്ങി നടക്കുമ്പോൾ പുതിയ ആകാശവും പുതിയ ഭൂമിയും അവൻ കണ്ടു. അന്വേഷിക്കാൻ ആരുമില്ലാത്തവരുടെ ആകാശത്തിനു കറുപ്പ് നിറമാകുന്നു. ഭൂമിയ്ക്ക് അഴുക്ക് മണവും... ഇന്ന് നീ നന്നായിട്ടുറങ്ങണം, എന്നിട്ട് നാളെ  നേരത്തേ എത്തണം... ഉണ്ണീടമ്മ അത് പറയുമ്പോൾ മനസ്സില്ലാ മനസ്സോടെ മടങ്ങുകയാണ് പോളി... 

 

തണുപ്പ് തുള്ളികൾ തോരാതെ പെയ്ത രാത്രിയായിരുന്നു അത്. പുത്തനുടുപ്പിട്ട് അവനെത്തുമ്പോൾ സ്വീകരണമുറിയിൽ ഇഞ്ചിപ്പുല്ലും പനയോലയും കൊണ്ട് പണിത മനോഹരമായൊരു പുൽക്കൂടുണ്ട്. വീട്ടുകാരുടെ അനക്കമൊന്നും കേൾക്കുന്നില്ല. ഒരു കുന്ന് സമ്മാനപ്പൊതികളാണ് തറയിൽ അടുക്കി വെച്ചിരിക്കുന്നത്. മേശപ്പുറത്തു മൂടിവെച്ചിരിക്കുന്ന ബിരിയാണിയുടെ സ്വാദ് വായുവിൽ നിറഞ്ഞ് നിൽക്കുകയാണ്. കൂട്ടിനുള്ളിലെ മൺരൂപങ്ങൾക്കെല്ലാം ജീവനുള്ളത് പോലെ.... പരിഭ്രാന്തിയിൽ പുറത്തിറങ്ങി നോക്കുമ്പോൾ പോർച്ചിൽ സ്കൂട്ടർ കാണുന്നില്ല.. പുൽക്കൂട്ടിലെ ഉണ്ണീശോയും മറിയവും യൗസേപ്പുമൊക്കെ അവന് പരിചയമുള്ള മുഖങ്ങളാകുന്നു. അല്ലെങ്കിലും താടിക്കാരൊക്കെ അങ്ങനെയാണ് സ്നേഹിച്ചു കൊല്ലുന്ന തല്ലിപ്പൊളികൾ .... 

 

English Summary: Writers Blog - Thadikkaran - Malayalam short story by Dr. Aby Lukose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com