അരി മേടിക്കാനുള്ള കാശ് കൊണ്ട് കള്ളു  കുടിക്കാം; കള്ളു കുടിക്കാനുള്ള കാശു കൊണ്ട് അരി മേടിച്ചു കൂടാ...

‘ഈ മദ്യത്തിന്റെ ഒരു പവറേ?’ (കഥ)
പ്രതീകാത്മക ചിത്രം : Photocredit : Alexandr Vlassyuk / Shutterstock
SHARE

വീട്ടിൽനിന്നു പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് പിന്നിൽനിന്ന് അന്നമ്മയുടെ വിളി.

‘അതേയ്. ’

‘ഉം. ’

‘ഇന്ന് ഉച്ചയ്ക്കത്തേക്ക് ഒരു തരി അരി ഇല്ല. ഇന്ന് ശനിയാഴ്ചയാ.  പിള്ളേർക്ക് ഉച്ച വരെയേ ക്ലാസ് ഉള്ളൂ. ഉച്ചയാകുമ്പോഴേക്കും  അവരിങ്ങ് വരും. ’

‘ഉം. ’ ഒന്ന് നീട്ടി മൂളിയിട്ട് ജോസഫ് മുന്നോട്ടു നടന്നു. 

ആദ്യമായാണ് അന്നമ്മ ഒരു സാധനം ഇല്ല എന്ന് പറയുന്നത്.  അതിനുള്ള അവസരം താൻ കൊടുത്തിട്ടില്ല.  ജോസഫ് ചേട്ടൻ ഓർത്തു. 

വീടിനു മുൻപിലെ ഒതുക്കു കല്ലുകൾ ഇറങ്ങി മൺറോഡിലൂടെ നടക്കുന്നതിനിടയിൽ പോക്കറ്റിൽ ഒന്ന് തപ്പിനോക്കി.  ഒരു പഴയ അഞ്ചു രൂപയുടെ നോട്ടു മാത്രം.  ഇത് കൊണ്ട് എന്ത് ആകാനാണ്?

ഒരു ചെറിയ നെടുവീർപ്പ് ഉള്ളിൽ കിടന്ന് തേങ്ങി. 

‘ദൈവമേ എന്റെ മക്കൾ ഇന്ന് പട്ടിണി കിടക്കേണ്ടിവരുമോ?’

ഓർത്തപ്പോൾ ജോസഫിന് തല കറങ്ങുന്നതുപോലെ തോന്നി.

ഇല്ല. ഒരിക്കലും ഇല്ല. ഞാൻ ജീവിച്ചിരിക്കുമ്പോൾ അങ്ങനെയുണ്ടാവില്ല. 

ദാരിദ്ര്യം എന്താണെന്ന് എനിക്കറിയാം. താൻ അത് അനുഭവിച്ചിട്ടുണ്ട്. വീട്ടിൽ ഒൻപതു മക്കളുമായി ഒരപ്പനും അമ്മയും കഴിഞ്ഞതെങ്ങനെയെന്ന് ഇന്നലെയെന്നപോലെ ഓർക്കുന്നു. ഇല്ല എന്റെ മക്കൾ ഒരിക്കലും അത് അറിയരുത്.’

വർഷങ്ങൾക്കു മുൻപ് ഒരു വീട്ടിൽ അപ്പനും അമ്മയ്ക്കുമൊപ്പം മക്കളെല്ലാവരും കൂടി ഇരുന്നു കപ്പ വാട്ടിയതും കുറിച്ചി മീൻ ചുട്ടതും കഴിക്കുന്ന രംഗം അയാളുടെ ഓർമയിൽ വന്നു. 

മൂന്ന് കഷ്ണം മീൻ പതിനൊന്നു കഷണമായി മുറിക്കും. ഓരോരുത്തർക്കും ഓരോ കഷണം കിട്ടും. 

ഇനി കഴിക്കുന്നതിലാണ് നമ്മുടെ കഴിവ്. 

വലതു കൈ കൊണ്ട് കപ്പ കഴിക്കുമ്പോൾ ഇടതു കൈവിരലുകൾക്കിടയിൽ അമർത്തിപിടിച്ചിരിക്കുന്ന മീൻ കഷണത്തിൽ തൊടാതെ വിരലിൽ നുള്ളി വേണം കഴിക്കാൻ. മീനിൽ തൊട്ടാൽ ഒരു നുള്ളിനു സംഗതി ക്ലോസ്. 

പിന്നെ കപ്പ തിന്നാൻ ഒരു ഉത്സാഹവും ഉണ്ടാവില്ല. വിരലിൽ നുള്ളുമ്പോൾ പ്രതീക്ഷ ബാക്കിയാണ്. ബാക്കി ഇരിക്കുന്ന മീനിനെക്കുറിച്ചോർത്ത്. 

‘അതൊക്കെ അന്ത കാലം.’

അയാൾ ദീർഘമായി ഒന്ന് നിശ്വസിച്ചു. 

‘ഇന്ന്.  ഇനി എന്ത് ചെയ്യും?’

കൊഴുവഞ്ചേരിൽ പാപ്പച്ചൻ ചേട്ടന്റെ വീട്ടിൽ രണ്ടു ദിവസം മുൻപ് വരെ പണി ഉണ്ടായിരുന്നു. ചേട്ടന്റെ ഭാര്യയുടെ അമ്മ മരിച്ചത് കൊണ്ട് അവരെല്ലാം പാലായിലേക്ക് പോയി. ചിലപ്പോൾ രണ്ട്  ദിവസം കൂടി കഴിഞ്ഞേ വരൂ. 

പാപ്പച്ചൻ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ പൈസ തന്നേനെ. 

റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന ‘തങ്കപ്പൻ പാറ’ യ്ക്കടുത്തുള്ള വളവും തിരിഞ്ഞ് അയാൾ കവലയിലേക്കെത്തി. 

‘തങ്കപ്പൻ പാറയോ?’.  അതെന്തു പേരാ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. 

അതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. 

ആ നാട്ടിൽ തങ്കപ്പൻ എന്നൊരു ചേട്ടൻ ഉണ്ട്. കള്ള് മോന്തുക, പിന്നെ വല്ലപ്പോഴും ഇത്തിരി കഞ്ചാവ്; ഇതു രണ്ടുമാണ് മെയിൻ പണി. 

ഒരു ദിവസം രാവിലെ തന്നെ കുറച്ചു കഞ്ചാവും അടിച്ച് ഈ പാറയുടെ അടുത്ത് വന്നപ്പോൾ തങ്കപ്പൻ ചേട്ടന് ഒരു മൂത്ര ശങ്ക. പിന്നെ ഒന്നും നോക്കിയില്ല പാറയുടെ ചുവട്ടിൽ തന്നെ സാധിച്ചേക്കാം എന്ന് കരുതി. 

ഒരു കൈ പാറയിൽ പിടിച്ചു മറ്റേ കൈ കൊണ്ട് ‘യന്ത്രം’ പ്രവർത്തിപ്പിച്ചു കാര്യം സാധിച്ചു. തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് ആ ഭീകര സത്യം തങ്കപ്പൻ ചേട്ടൻ മനസ്സിലാക്കുന്നത്. പാറയിൽ പിടിച്ച കൈ വിടാൻ തുടങ്ങുമ്പോൾ പാറ താഴേക്ക് പോരുന്നു. അയ്യാൾ രണ്ടു കൈ കൊണ്ടും ശക്തിയായി പാറ താങ്ങിപ്പിടിച്ചു. 

സമയം കടന്നു പോയി; ഒപ്പം അത് വഴി പലരും.

‘എന്താ ഇവിടെ നിൽക്കുന്നേ6. വരുന്നോ. ?

പലരും തങ്കപ്പൻ ചേട്ടനോട് ചോദിച്ചു.

‘ഇല്ല. ഇപ്പോൾ വന്നാൽ ശരിയാകില്ല. 

വരാൻ പോകുന്ന വലിയൊരു ദുരന്തം അയാൾ എല്ലാവരിൽ നിന്നും ബുദ്ധിപൂർവ്വം മറച്ചു വച്ചു. ഒരു പ്രദേശത്തെ മുഴുവൻ വലിയൊരപകടത്തിൽ നിന്ന് രക്ഷിക്കുവാനുള്ള അദ്ദേഹത്തിന്റെ ശ്രമം വൈകുന്നേരം വരെ, അതായത് കെട്ടെറങ്ങുന്നതുവരെ തുടർന്നു. 

കഞ്ചാവിന്റെ ലീലാവിലാസങ്ങൾ അയാളുടെ നാവിൻ തുമ്പിൽ നിന്നു തന്നെ പിന്നീട് നാട്ടുകാർ അറിഞ്ഞു. 

അങ്ങനെ ആ മഹാത്യാഗത്തിനു കാരണഭൂതനായ പാറയെ ‘തങ്കപ്പൻ പാറ’ എന്ന് പിന്നീട് നാട്ടുകാർ വിളിച്ചു പോന്നു.

കവലയിലെത്തിയ ജോസഫ് കണ്ടു. കടത്തനാട്ട് വർഗീസ് ചേട്ടന്റെ കട തുറന്നിട്ടുണ്ട്. അതുകൊണ്ട് വലിയ കാര്യം ഒന്നും ഇല്ല. കാശില്ലാതെ ഒരു കളിയും നടക്കില്ല. നിലവിൽ ഒരു നൂറ്റിരുപതു രൂപ കൊടുക്കാനുണ്ട്. പിന്നേം ചെന്ന് കടം ചോദിച്ചാൽ പുള്ളി ഒരു ചോദ്യമാണ്.

‘എന്റെ പുള്ളാര് വല്ലതും നിന്റെ വീട്ടിൽ ഉണ്ടോ?’

അതുകൊണ്ടു ചോദിക്കാനും പറ്റില്ല. പൊട്ടിപ്പഴകിയ കടത്തിണ്ണയിലേക്ക് കയറുന്നതിനു മുൻപ് അയാൾ വർഗീസ് ചേട്ടനെ ഒന്ന് നോക്കി. മൂക്കിൻ തുമ്പത്തേക്കു കണ്ണടയും ഇറക്കി വച്ച് വളരെ ഗൗരവത്തോടെ എന്തോ കണക്കുകൾ പരിശോധിക്കുകയാണ് അദ്ദേഹം. ഷർട്ട് ഊരി പുറകിൽ ഒരു ആണിയിൽ തൂക്കി ഇട്ടിരിക്കുന്നു. ഒരു പഴകിയ കസേരയിൽ ചാരിയിരിക്കുന്ന അയാളുടെ ശരീരം തൊലി കളഞ്ഞ ചന്ദനമരം പോലെ തോന്നിച്ചു. അഞ്ചു പവനോളം വരുന്ന പിരിയൻ മാല മാറിലെ രോമങ്ങൾക്കിടയിൽ കിടന്നു തിളങ്ങുന്നു. ഉഷ്ണം തെല്ലുമില്ലെങ്കിലും ഷർട്ട് ഊരി ഇട്ടിരിക്കുന്നതിന്റെ ഗുട്ടൻസ് ഇപ്പഴാ പിടി കിട്ടിയത്. വരച്ചു വച്ചതുപോലെയുള്ള പഴുതാര മീശയ്ക്കു താഴെ ചുണ്ടിൽ കത്തിയെരിയുന്ന സിഗരറ്റ്. മുഷിഞ്ഞ്,വൃത്തികേടായി കിടക്കുന്ന മേശയിൽ മൂന്നാല് മിഠായി ഭരണികൾ. സിഗരറ്റിൽ നിന്നുള്ള ചാരം അങ്ങിങ്ങായി മേശയിൽ വീണു കിടക്കുന്നു.കണ്ണടക്കിടയിലൂടെ ഇടംകണ്ണിട്ട് അയാൾ ജോസഫിനെ ഒന്ന് നോക്കി. പിന്നെ വീണ്ടും കണക്കിൽ വ്യാപൃതനായി.

തിണ്ണയുടെ മൂലയ്ക്ക് കിടന്ന വയസ്സൻ ബെഞ്ചിൽ ജോസഫ് ഇരുന്നു. ചെറിയൊരു ഞെരക്കവുമായി ബെഞ്ച് ഒന്ന് ആടി നിന്നു. അതിനോട് ചേർന്ന് ഉപ്പു ചാക്കുകൾ അടുക്കി വച്ചിരിക്കുന്നു. അതിന്റെ അടിയിൽ നിന്നുള്ള ഉപ്പുരസത്തിന്റെ നനവ് വയസ്സൻ ബെഞ്ചിന്റെ കാൽച്ചുവട്ടിൽ തൊട്ടു നിൽക്കുന്നു. തൊട്ടപ്പുറത്തായി ഗംഗാധരന്റെ മുറുക്കാൻകട. താടിക്കു കയ്യും കൊടുത്തു എന്തോ ചിന്തിച്ചിരിക്കുകയാണ് ഗംഗാധരൻ. തിണ്ണയിലെ മേൽക്കൂരയെ താങ്ങി നിർത്താൻ കുറെ തൂണുകൾ ഉണ്ട്. 

ഗംഗാധരന്റെ മുറുക്കാൻ കടയ്ക്ക് മുൻപിലെ തൂണ്‌ മാത്രം എപ്പോഴും വെളുക്കെ ചിരിച്ചാണ് നിൽപ്പ്. മുറുക്കുന്നവർ കയ്യിലെ ചുണ്ണാമ്പു തേച്ചു തേച്ചു വെളുപ്പിച്ചതാണ്. ആ വെള്ളി വെളിച്ചത്തിനു താഴെ മുറുക്കി ചുവപ്പിച്ചു ഒരു കറുത്ത രൂപം. ജോയിച്ചൻ.

ഈ കവലയിലെ സ്ഥിരം സാന്നിധ്യമാണ് ജോയിച്ചൻ. ആ തൂണിനു ചുവട്ടിൽ കൊത്തി വച്ചൊരു പ്രതിമ പോലെ ജോയിച്ചൻ എപ്പോഴുമുണ്ടാവും. കടയിലേക്ക് സാധനങ്ങൾ വന്നാൽ ഇറക്കാൻ സഹായിക്കുക,മലഞ്ചരക്കുമായി വരുന്ന ആളുകളെ അതിറക്കാനും, തൂക്കാനും സഹായിക്കുക ഇതൊക്കെയാണ് അയാളുടെ ജോലി. ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ മേടിക്കും. ഇല്ലെങ്കിലും പരാതി ഒന്നും ഇല്ല. 

‘ഈ മനുഷ്യൻ ആഹാരം വല്ലതും കഴിക്കുണ്ടോ ആവോ? ആർക്കറിയാം’

‘ആരും ഇല്ലാത്തവനാ. ദൂരെ ഏതോ നാട്ടിൽ നിന്നും വന്നതാ.’ പല കഥകളും അയാളെപ്പറ്റി ആളുകൾ പറയുന്നത് കേൾക്കാറുണ്ട്. 

‘ഒന്ന് എനിക്കറിയാം സ്നേഹമുള്ളവനാ.’

സിദ്ദിഖ് അണ്ണന്റെ ചായക്കടയിൽ നിന്നും വലിയ വർത്തമാനം കേൾക്കാം. ആനുകാലിക സംഭവവികാസങ്ങളെപ്പറ്റി ചക്കാന്തിരി  ജോസിന്റെ ഗീർവാണം ആണ്. കൂടെയിരിക്കുന്നവർ ചിരിക്കുകയും ജോസിനെ സപ്പോർട്ട് ചെയ്തു സംസാരിക്കുകയും ചെയ്യുന്നു. അല്ലെങ്കിലും നാട്ടിലെ പ്രമാണിമാർ സംസാരിക്കുമ്പോൾ ആര് എതിർക്കാനാണ്? അതിപ്പോൾ എന്ത് മണ്ടത്തരം ആയാലും. 

ജോസഫിന്റെ ചിന്തകൾക്കിടയിലേയ്ക്ക് വീട്ടിലെ അരി പ്രശ്നം വീണ്ടും തള്ളിക്കേറി വന്നു. എന്ത് ചെയ്യും. ആരോട് ചോദിക്കും. ?

അയാൾ തലയിൽ കൈ വച്ച് കുനിഞ്ഞിരുന്നു. മണിക്കൂറുകൾ കൊഴിഞ്ഞു പോയത് അയാൾ അറിഞ്ഞില്ല.

‘മുള്ളിരിങ്ങാട്ട് പന്തുകളി കാണാൻ ആരെങ്കിലും വരുന്നുണ്ടോ?’

ശബ്‌ദം കേട്ട് ജോസഫ് തല ഉയർത്തി നോക്കി . 

ഗീർവാണവും പ്രഭാഷണവും കഴിഞ്ഞ് പുറത്തേക്കു വന്ന ചക്കാന്തിരി ജോസാണ്‌ ചോദിച്ചത്. കണക്കുകൾക്കിടയിൽ നിന്ന് വർഗീസ് ചേട്ടനും ചിന്തയിൽ നിന്ന് ഗംഗാധരനും തലതിരിച്ചു ജോസിനെ നോക്കി. ജോയിച്ചൻ പഴയ പടി തന്നെ. ഒരനക്കവുമില്ല.

‘വരുന്നുണ്ടോ ആരെങ്കിലും. ?’

ജോസ് വീണ്ടും ചോദിക്കുന്നു. 

‘ഓ. എന്നാ പന്ത് കളി? വർഗീസ് ചേട്ടൻ കിറി കോട്ടി. 

‘എന്നാപ്പിന്നെ നമുക്കൊരു ഷെയർ ഇട്ടാലോ?’

ജോസ് അടുത്ത ഓപ്ഷൻ ഇട്ടു. മദ്യപാനം ആണ് സംഭവം. നല്ല എ ക്ലാസ് വാറ്റ് കിട്ടും. അത് ഷെയറിട്ട് വാങ്ങി അടിക്കുന്ന കാര്യം ആണ്. 

കോറിപ്പോയ വർഗീസ് ചേട്ടന്റെ ചുണ്ടിൽ ഒരു ചിരി പടർന്നു. ഗംഗാധരന്റെ കണ്ണുകൾ വിടർന്നു.

‘അത് നല്ല ഐഡിയ’ ഗംഗാധരനു പൂർണ്ണ സമ്മതം. ജോസഫ് തല കുനിച്ചിരുന്നു.  

‘എടോ ജോസഫേ താനും കൂടുന്നോ?’ ജോസ് ചോദിച്ചു.

‘ഇവിടെ അരി മേടിക്കാൻ കാശില്ലാതെ ഇരിക്കുമ്പോഴാ അവന്റെയൊരു ഷെയറ്.’ ജോസഫിന് തെല്ലു ദേഷ്യം വരാതിരുന്നില്ല. 

ജോസേഫിനോട് ചോദിച്ചതിന്റെ അവജ്ഞയോടെ വർഗീസ് ചേട്ടൻ ജോസിനെ നോക്കി. ജോസ് പക്ഷേ അത് കണ്ടില്ല. 

‘ഞാനില്ല ജോസേ. എന്റെ കയ്യിൽ കാശില്ല.’

വർഗീസ് ചേട്ടന്റെ ഉള്ളിൽ ചെറിയൊരു സന്തോഷം. ‘നിന്റെ ഷെയർ ഞാൻ എടുത്തോളാം. പിന്നെ തന്നാൽ മതി. ‘ ഒരു നൂറിന്റെ നോട്ട് പോക്കറ്റിൽ നിന്ന് എടുത്തുകൊണ്ടു ജോസ് പറഞ്ഞു. 

‘ദൈവമേ ആ ഷെയറിന്റെ കാശു ഇങ്ങു തന്നിരുന്നെങ്കിൽ അരി മേടിക്കാമായിരുന്നു.’ ജോസഫ് ഓർത്തു. 

പക്ഷേ ചോദിച്ചാൽ അവര് കൊന്നു കൊല വിളിക്കും. കാരണം; അരി മേടിക്കാനുള്ള കാശ് കൊണ്ട് കള്ളു  കുടിക്കാം. കള്ളു കുടിക്കാനുള്ള കാശു കൊണ്ട് അരി മേടിച്ചു കൂടാ. പ്രകൃതി നിയമമാണത്. 

‘വേണ്ട ജോസേ .’ ജോസഫ് തീർത്തു പറഞ്ഞു. 

‘വേണ്ടങ്കിൽ വേണ്ട. പോ പുല്ല്. ‘ ജോസിന് ദേഷ്യം വന്നു. 

ജോസ് പൈസ എടുത്തു പ്രതിമ പോലെ ഇരുന്ന ജോയിച്ചന്റെ നേരെ നീട്ടി. 

‘എടാ ഒരു വലിയ ‘ചൂട്ട്’  മേടിച്ചോണ്ടു വാ. ഇന്ന് കത്തിച്ചിട്ട് തന്നെ കാര്യം’

ജോസ് കുംഭ കുലുക്കി ചിരിച്ചു. വർഗീസ് ചേട്ടനും ഗംഗാധരനും കൂടെ ചിരിച്ചു. വെള്ളത്തൂണിന് ചുവട്ടിലെ കറുത്ത രൂപം മുറുക്കിച്ചുവന്ന മോണ കാട്ടി ചിരിച്ചു. പിന്നെ തൊട്ടടുത്ത് നിന്ന പഞ്ഞി മരത്തിന്റെ അരികിലൂടെയുള്ള ഇടവഴിയിലൂടെ ഓടി മറഞ്ഞു. പത്തു മിനിറ്റിനുള്ളിൽ കയ്യിൽ ‘ചൂട്ടു’(കുപ്പി) മായി വന്നു. ജോസിന്റെ കയ്യിൽ കൊടുത്തു വീണ്ടും ചിരിച്ചു. ഒരു അഞ്ചു രൂപയുടെ നോട്ട് അവന്റെ കയ്യിൽ വച്ച് കൊടുത്തു. ചുമ്മാതല്ല അവൻ ഇത്രയും ചിരിച്ചത്. ജോസഫ് ഓർത്തു. വെള്ളതൂണിനു ചുവട്ടിൽ വീണ്ടും പ്രതിമ പ്രത്യക്ഷപ്പെട്ടു. 

ഗംഗാധരന്റെ മുറുക്കാൻ കടയ്ക്കുള്ളിൽ ചൂട്ട് കത്തിക്കൊണ്ടിരുന്നു. അരി മേടിക്കാൻ സഹായിക്കാത്ത, താനെന്നും പ്രാർത്ഥിക്കുന്ന  ദൈവത്തോട് ജോസഫ്  നീരസപ്പെട്ടു. കള്ളുകുടിയൻമാർക്ക് കാശ് കൊടുത്ത ദൈവമേതെന്നോർത്ത് അയാൾ  ചിന്താക്കുഴപ്പത്തിലായി.  

കുറച്ചു കഴിഞ്ഞപ്പോൾ വർഗീസ് ചേട്ടൻ ഇറങ്ങി വന്നു. ജോസഫിനെ നോക്കി ഒരു ചിരി പാസ്സാക്കി. 

‘ദൈവമേ എത്ര മണിക്കൂറായി ഞാൻ ഇവിടെ ഇരിക്കുന്നു. ഇത് വരെ എന്നെ ഒന്ന് നോക്കാത്ത മനുഷ്യനാണ്. ദേ ഇപ്പോൾ ചിരിക്കുന്നു.’

‘എന്താടോ ജോസഫേ താൻ രാവിലെ മുതൽ ഇവിടെ ഇരിക്കുന്നു. എന്താ കാര്യം. ?’

‘ഒന്നുമില്ല വർഗീസേട്ടാ.’ അയാൾ ഒരു കള്ളം പറഞ്ഞു. 

‘തനിക്കെന്തെങ്കിലും വേണോ. ? വേണെങ്കിൽ പറയെടോ’

‘ഈശ്വരാ. എന്തൊരു അദ്ഭുതം. വർഗീസ് ചേട്ടൻ തന്നെയാണോ ഇത്. ?’ ജോസഫിന് അദ്ഭുതം.

‘ചേട്ടാ എനിക്കിത്തിരി അരി വേണം. കയ്യിൽ കാശില്ല. ’ രണ്ടും കൽപ്പിച്ചു ജോസഫ് പറഞ്ഞു.

‘വേണമെങ്കിൽ തനിക്കു വാ തുറന്നു ചോദിക്കത്തില്ലേ? അതിനല്ലേ ഞാൻ ഇവിടെ ഇരിക്കുന്നെ.’

പെട്ടെന്ന് അകത്തു കടന്നു വർഗീസ് ചേട്ടൻ കുറച്ചു അരി, കുറച്ചു വൻപയർ, എല്ലാം തൂക്കി എടുത്തു ഒരു സഞ്ചിയിലാക്കി കൊടുത്തു. ബാക്കിയുള്ള ‘ചൂട്ട്’ കത്തിക്കാൻ തിരക്കിട്ട് പോകുന്നതിനിടയിൽ അയാൾ പറഞ്ഞു. 

‘ഇതും കൊണ്ട് വേഗം പോടോ. പണം ഇന്ന് വരും നാളെ പോകും. സ്നേഹമല്ലേടോ വലുത്.’

ഈ തത്വം നേരത്തെ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും,വർഗീസ് ചേട്ടന്റെ വായിൽ നിന്നു കേട്ടപ്പോൾ എന്തോ ഒരു പുതുമ. 

ചൂട്ടു കത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ ജോസിന്റെ ഗീർവാണം തലങ്ങും വിലങ്ങും കിടന്നു പൊട്ടിക്കൊണ്ടിരുന്നു. 

കടയിൽ നിന്നിറങ്ങി തങ്കപ്പൻ പാറ വളവും തിരിഞ്ഞു മൺറോഡിലൂടെ വേഗത്തിൽ നടന്നു,ഒതുക്കു കല്ലുകൾ കയറി വീട്ടിലെത്തുമ്പോൾ അന്നമ്മ വീടിന്റെ ഉമ്മറത്ത് തന്നെയും പ്രതീക്ഷിച്ചിരിപ്പുണ്ട്.

കയ്യിലെ സഞ്ചി കണ്ടപ്പോൾ അവളുടെ  മുഖത്ത് സന്തോഷത്തിന്റെ തിരയിളക്കം.

സഞ്ചി വാങ്ങുന്നതിനിടയിൽ അവൾ ചോദിച്ചു. 

‘എങ്ങനെ കിട്ടി. പൈസയില്ലായിരുന്നല്ലോ കയ്യിൽ. ?’

ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു. 

‘ഈ മദ്യത്തിന്റെ ഒരു പവറേ. ?’

‘ങേ. . എന്ത് ?’ 

‘ഒന്നുമില്ലേ’

അയാളെ അടിമുടി ഒന്ന് നോക്കിയിട്ട് ഒന്നും മനസ്സിലാകാത്തപോലെ അവൾ അടുക്കളയിലേക്കു പോയി. 

കാലം കടന്നു പോയി. ഓർമയുടെ പുസ്തകത്താളുകൾ മറിച്ചുകൊണ്ട് ഉമ്മറത്തെ  ചാരുകസേരയിൽ ജോസഫ് കിടന്നു. ഗൾഫിൽനിന്നു മൂത്ത മകൻ കൊണ്ടുവന്ന ജാക്ക് ഡാനിയേലിന്റെ ഓരോ പെഗ്ഗും ഓർമകൾക്ക് ചന്തം കൂട്ടിക്കൊണ്ടിരുന്നു. എങ്കിലും ആ കിടപ്പിൽ അയാൾ ഒന്ന് ഉറപ്പിച്ചു. 

‘പഴയ ആ ‘ചൂട്ടി’ന്റെ പവർ ഒന്നിനുമില്ല. സത്യം.

English Summary : Writers Blog - Ee Madhyathinte Oru Pavare - Short story by Joby Joseph

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;