ADVERTISEMENT

തപ്പഡ്‌  (കഥ) 

 

‘‘തപ്പഡ്‌ അല്ല, ഥപ്പഡ്‌ ആണ്‌’’

 

സിനിമകൊട്ടകയിൽ നിന്നും പുറത്തിറങ്ങുമ്പോൾ അജു പറഞ്ഞു. 

 

അവധിക്ക്‌ നാട്ടിൽ വന്നാൽ ഒന്നോ രണ്ടോ സിനിമകൾ പതിവാണ്‌. എങ്കിലും ഹിന്ദി സിനിമകൾ അപൂർവ്വമായേ തിയറ്ററിൽ പോയി കാണാറുള്ളൂ. ഇതിപ്പോൾ അനുവിന്റെ കൂട്ടുകാരികളുടെ നിരൂപണങ്ങളുടെ ബലത്തിലായിരുന്നു കാണാമെന്ന് വെച്ചത്‌. 

 

‘നീ വിഷയം മാറ്റണ്ട. അവൾ ചെയ്തത്‌ ശരിയാണോ അല്ലേ എന്ന് മാത്രം പറഞ്ഞാൽ മതി’. അനു വിടാൻ ഭാവമില്ല. ഇനി ഒരുത്തരം കിട്ടാതെ വേറെ ഒരു വർത്തമാനവും മുന്നോട്ട്‌ പോവില്ല. ഭർത്താവ്‌ ഭാര്യക്ക്‌ കൊടുത്ത ഒരുഅടിയാണ്‌ സിനിമയുടെ കാതൽ. അതും പരസ്യമായി. ഒരുപാട്‌ പേരുടെ മുന്നിൽ വച്ച്‌. പ്രതീക്ഷിച്ച ഒരുക്ഷമാപണം പോലും ലഭിക്കാതെ നായിക നായകനിൽനിന്നു വിവാഹമോചനം നേടുന്നതാണ്‌ വിഷയം. 

 

കല്യാണം കഴിഞ്ഞ്‌ ഒന്നര‌‌‌ വർഷമായി. ഇതിനിടയിൽ ചില്ലറ അടിപിടികൾ രണ്ടാളും നടത്തിയിട്ടുണ്ട്‌. ഈ വഴക്കുകൾ വഴി മാറാൻ അധികസമയമൊന്നും വേണ്ട. 

 

‘കാർ പാർക്ക്‌ ചെയ്തത്‌ ഓപ്പസിറ്റ്‌ സൈഡിലാണ്‌. ഇതെവിടേക്കാണ്‌ പോകുന്നത്?’ 

 

അനുവിന്റെ ചോദ്യം ചിന്തകളിൽ നിന്നുണർത്തി. ചിലപ്പോഴങ്ങനെയാണ്‌. മനസ്സ്‌ ഒരു സ്ഥലത്തും ശരീരം മറ്റൊരിടത്തും. ചില സമയം കടന്നുപോയ വഴികൾ താണ്ടിയതെങ്ങനെ എന്ന് പോലും ഓർമ്മ വരില്ല. 

 

‘ഇത്ര ആലോചിക്കാനൊന്നുമില്ല. തെറ്റ്‌ തെറ്റാണെന്ന് അംഗീകരിക്കാനുള്ള മനസ്സ്‌. അതാണാദ്യം വേണ്ടത്‌.’

 

അനു ഇനി അടുത്ത രണ്ട്‌ ദിവസം സിനിമയുടെ പുറകെയാകും. കണ്ടതും കേട്ടതും വായിച്ചതുമായ എല്ലാസംഭവങ്ങളും കൂട്ടിക്കെട്ടും. ഈ സിനിമയുമായി. 

 

റിമോട്ട്‌ അമർത്തി കാറിന്റെ ഇടത്‌‌ ഭാഗത്തെ ഡോർ തുറന്നു. സ്റ്റിയറിങ് കാണാനില്ല. ചമ്മിയ മുഖത്തോടെ അനുവിനെ നോക്കി. അവൾ പിന്നിൽ തന്നെ ഉണ്ട്‌. ഒരു കള്ളച്ചിരിയുമായി. 

 

അമേരിക്കയിൽ നിന്നും വരുമ്പോൾ എപ്പോഴും സംഭവിക്കുന്നതാണ്‌.  ഹോൺ  അടിച്ചാൽ ‘വഴി മാറടാ മുണ്ടക്കൽ ശേഖരാ’ എന്നാണർഥം. സീബ്രകളെ കാണാത്തിടത്തോളം വര കണ്ടാൽ നിർത്തേണ്ട ആവശ്യമില്ല. ഇനി എങ്ങാനും നിർത്തിയാലോ പുറകിൽ നിന്നുവരും ‘അമ്മേടെ ജിമിക്കിക്കമ്മൽ’ പോലൂള്ള പാട്ട്‌. ഓവർടേക്‌ ചെയ്യുന്നതിൽ ഇടതും വലതും രാഷ്ട്രീയം നോക്കേണ്ട. പിന്നെ പട്ടിയും പശുവും കുണ്ടും കുഴിയും. ഇവിടെ വാഹനമോടിക്കാമെങ്കിൽ ലോകത്തിന്റെ ഏത്‌കോണിലും അത്‌ ബുദ്ധിമുട്ടാവില്ല. 

 

‘അച്‌ഛൻ പറഞ്ഞതല്ലേ ഡ്രൈവറെ ഏർപ്പാടാക്കാം എന്ന്. ഭാര്യ വീട്ടുകാർ പറഞ്ഞാൽ കേൾക്കാൻ എന്താ ഇത്രബുദ്ധിമുട്ട്‌?’

 

അങ്ങനെ ഒരു സംഭാഷണം ഈ സിനിമയിൽ ഇല്ലല്ലോ? ഇതെവിടെ നിന്ന് വന്നു?

 

‘നിനക്കറിയാലോ, ഡ്രൈവിങ് എനിക്കിഷ്ടാണ്‌. പിന്നെ വേറെ ഏതൊരാളെക്കാളും എനിക്കെന്നെ വിശ്വാസാണ്‌’ 

 

ഇത്‌ എത്രാമത്തെ തവണയാണ്‌ പറയുന്നത്‌. ഒരുപക്ഷേ രാത്രിയാത്ര കഴിയുന്നതും ഒഴിവാക്കണമെന്ന് ഇന്നലെ ഞാൻ പറഞ്ഞതിന്റെ ബാക്കിപത്രമാകാം. എന്താണെന്നറിയില്ല, നാട്ടിൽ രാത്രി കാറോടിക്കുന്നത്‌ കുറെ നാളായി അത്ര ഇഷ്ടമല്ല. കണ്ണിന്റെ കാഴ്‌ച കുറയുന്നതാണോ അതോ കണ്ണിലടിക്കുന്ന വെളിച്ചമാണോ. അറിയില്ല. 

 

ഷോപ്പിങ് മാളിൽ നിന്നും പുറത്തിറങ്ങിയപ്പോഴെ വഴി തെറ്റി. പുറത്ത്‌ തിരക്ക്‌ ഒഴിഞ്ഞിട്ടില്ല. വാഹനങ്ങൾ തകർന്ന ചിതൽപ്പുറ്റിൽ നിന്നെന്ന പോലെ തലങ്ങും വിലങ്ങും പായുന്നുണ്ട്‌. ഈ ആൾക്കാർക്ക്‌ ഉറക്കമൊന്നുമില്ലേ? തന്റെനേരെ തന്നെ നീളുന്ന ആ ചോദ്യം അജു കേട്ടില്ലെന്ന് നടിച്ചു. ഒരു ജീവിതം കെട്ടിപ്പടുക്കാനുള്ള ഓട്ടത്തിലാണ്‌ എല്ലാവരും. അതിനിടയിൽ കുറച്ച്‌ സമയം ആസ്വദിക്കാനും. രാത്രിയാണെങ്കിലെന്താണ്‌. ഒരു യു ടേണിൽ കാറിന്റെയും ചിന്തയുടെയും മാർഗ്ഗം ശരിയായ ദിശയിലേക്ക്‌ തിരിച്ച്‌ വന്നു. 

 

യു ടേൺ എടുത്ത സ്ഥലത്ത്‌ ബോർഡുകളൊന്നും കണ്ടില്ല. പുറകിൽ പോലീസില്ല. അമേരിക്കയിലാണെങ്കിൽ പോലീസ്‌ പുറകിൽ വന്ന് ലൈറ്റ്‌ ഇടും. അതാണ്‌ നിർത്താനുള്ള സൂചന. ഇവിടെ പോലീസ്‌ മുന്നിൽ നിന്ന് പൊടുന്നനെ ചാടി വീഴാൻ സാദ്ധ്യതയുണ്ട്‌. നിയമലംഘനം നടത്തിയവരെ അഭിസംബോധന ചെയ്യുന്നതിൽ വരെ എത്ര വ്യത്യാസമാണ്‌? ഓരോ രാജ്യത്തിന്റെയും സംസ്ക്കാരം അവിടത്തെ പോലീസിന്റെ സമീപനത്തിൽ കാണാം എന്നാരാണ്‌ പറഞ്ഞത്‌?

 

മെയിൻ റോഡ്‌ വൺവേ വിട്ട്‌ ഒറ്റ റോഡ്‌ ആയി. എതിരെനിന്നും വരുന്ന വാഹനങ്ങൾ മുഖത്തേക്ക്‌ ടോർച്ച്‌ അടിക്കുന്നുണ്ട്‌.  

 

‘അച്‌ഛനും അമ്മയും അടിക്കാതെ താലോലിച്ച്‌ വളർത്തിയ ഒരാളുടെ മീതെ കൈ വയ്ക്കാൻ ആർക്കെന്ത്‌ അധികാരം? സ്കൂളിൽ വരെ അടി പാടില്ല ഇപ്പോൾ, അറിയോ?’

 

അനു ഇപ്പോഴും സിനിമയ്ക്ക്‌ പുറകെയാണ്‌. 

 

മൂന്നാംമുറയിൽ വില്ലന്റെ ശിങ്കിടിയെക്കൊണ്ട്‌ സത്യം പറയിക്കുന്നതും നായകൻ വില്ലനെ അടിച്ച്‌ നിരപ്പാക്കുന്നതും വിസിൽ അടിച്ച്‌ ആസ്വദിക്കുന്ന ആളാണ്‌. അടി ആർക്കായാലും നോവും. 

 

എതിരെ ഓവർടേക്ക്‌ കയറി വന്ന ലോറിയുടെ വെളിച്ചത്തിൽ ഒരു നിമിഷം കണ്ണുചിമ്മി. ഓവർസ്പീഡിൽ ഒരു ബൈക്ക്‌ അരികിലൂടെ കയറി മുന്നിൽ വന്ന് വെട്ടിച്ചു. ഇടി അറിയുന്നതിനൊപ്പം എയർബാഗ്‌ മുഖത്ത്‌ വന്നിടിച്ചു. ഇടത്തെ വിളക്കുകാലിലിടിച്ച്‌ കാർ നിന്നു. 

 

പുക. ചില്ല്. നെഞ്ച്‌ വേദനിക്കുന്നുണ്ട്‌. കാതിൽ ഓടിയടുക്കുന്ന ജനക്കൂട്ടത്തിന്റെ ആരവം. അവർ പോലീസും ജഡ്ജികളുമായി വിധി കൽപ്പിക്കുന്നത്‌ കേൾക്കാൻ കഴിയുന്നുണ്ട്‌. ആയാസപ്പെട്ട്‌ പുറത്തിറങ്ങിയ അജുവിന്റെ കവിളിൽ ജീവിതത്തിലാദ്യമായി ഒരടി വീണു. ചെവിയടച്ച്‌. അകലെ നൊന്തുപെറ്റ അമ്മയുടെയും, വീഴാതെ കൈപിടിച്ച്‌ വളർത്തിയ ഒരച്‌ഛന്റെയും മനസ്സ്‌ പിടഞ്ഞു. 

 

‘ഥപ്പഡ്‌’ ന്റെ വിവിധ മാനങ്ങളിൽ അജുവിന്റെ ബോധം മറയാൻ തുടങ്ങി. ബോധവും അബോധവും സന്ധിക്കുന്ന കവലയിൽ അവന്റെ മനസ്സ്‌ പിന്നെയും പറഞ്ഞു. 

 

തപ്പഡ്‌ ശരിയല്ല. 

 

English Summary : Writers Blog - Thappad  Malayalam Short Story by Suresh Thundathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com