ADVERTISEMENT

വൃത്തം (കവിത)

ഓടുമ്പോൾ

വൃത്തത്തിലോടണം.

നെടുകെയും കുറുകെയുമരുത്.

അണയ്ക്കുമ്പോൾ

ഉമിനീരിറക്കുക.

ശ്വാസോച്ഛ്വാസം

മൂക്കിലൂടെ മാത്രം...

വാ തുറക്കരുത്....

ദ്രവിച്ചു തുടങ്ങിയ

തടിപ്പാലത്തിലൂടെ കൈത്തോടു മുറിച്ചു കടക്കുമ്പോഴാണ്

അവൾ ഓർമ്മിപ്പിച്ചത്...

 

ജീവിതത്തിന്റെ പച്ചപ്പ്

നഷ്ടപ്പെടുമ്പോഴാണ്

പച്ചയോടിങ്ങനെ

ഇഷ്ടം തോന്നുന്നത് 

അവൾ കൂട്ടിച്ചേർത്തു.

 

അങ്ങനെയെങ്കിൽ

എന്റെ പ്രണയകവിതകളോ!

പുഴയൊഴുകിപ്പോയപ്പോഴാണോ

ഞാൻ

പുഴയെക്കുറിച്ച് വാചാലയായത്?

മഴ കിട്ടാതെ കരിഞ്ഞപ്പോഴാണോ

മഴക്കാറു കണ്ടു

ഞാൻ

കുലുങ്ങിച്ചിരിച്ചത്?

 

ചുവന്ന കസവുമുന്താണിയുള്ള

കരിംപച്ച സാരിയുടുത്ത്

റൂബി കൊണ്ടുള്ള

പതക്കവും ജിമിക്കിയുമിട്ട്

അലുക്കുകളുള്ള

മൂക്കുത്തിയണിഞ്ഞ്

ഞാനെന്നെത്തന്നെ

നോക്കിയിരുന്നു.

ലിപ്സ്റ്റിക്കിടാത്ത

ചുണ്ടുകൾ

വരണ്ടു തുടങ്ങിയിരുന്നു.

 

കുത്തും കോമയുമില്ലാതെ

ജീവിതം

വൃത്തത്തിലാക്കാൻ

എല്ലാവർക്കും

എന്തൊരു

തിടുക്കമാണ്!


English Summary : Writers Blog - Vritham - Poem by Chandrathara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com