ജീവിതാനുഭവങ്ങൾ മനസ്സിന്റെ താളം തെറ്റിച്ചു, എന്നിട്ടും മക്കൾക്കുവേണ്ടി ജീവിച്ചു, പക്ഷേ...

poor-woman
പ്രതീകാത്മക ചിത്രം : Photocredit : Nuki Sharir / Shutterstock
SHARE

രാത്രികൾ പറഞ്ഞ കഥ (കഥ)

സമയം രാവിലെ ഒൻപത് മണി കഴിഞ്ഞിരുന്നു. കുട്ടികൾ വിശന്നു കരയാൻ തുടങ്ങിയപ്പോളാണ്, അവരെ തനിച്ചാക്കി, ഒരു ചാക്കും എടുത്തുകൊണ്ട്, അവൾ  കുറച്ചു ദൂരം മുൻപോട്ട് നടന്നുതുടങ്ങിയത്.

അവൾ മല്ലിക... 

പഴയ പ്ലാസ്റ്റിക് സാധനങ്ങൾ പെറുക്കി വിറ്റ് അന്നത്തിനുള്ള വക കണ്ടെത്തുന്ന തമിഴ് നാടോടി സംഘത്തിലെ യുവതി. 

കാണുമ്പോൾ തന്നെ ആട്ടിയോടിക്കുന്ന, ജനങ്ങളെ തെല്ലൊരു നിസ്സംഗതയോടെ നോക്കിയവൾ നടപ്പ് തുടർന്നു. 

കടുത്ത ജീവിതയാഥാർഥ്യങ്ങൾ താങ്ങാനാവാതെ കുറച്ചു മാനസിക അസ്വാസ്ഥ്യം കാണിക്കുന്ന അവളെ ഭ്രാന്തിയെന്ന് മുദ്ര കുത്തി ആളുകൾ ആട്ടിയോടിക്കുന്നത് പതിവായിരുന്നു. 

ചെന്നെ നഗരത്തിലെ ഒരു വഴിയോര കച്ചവടക്കാരന്റെ മകളായിരുന്ന മല്ലികയ്ക്ക്,  ജന്മം നൽകിയുടനെ  കാലയവനികക്കുള്ളിൽ മറഞ്ഞു പോയിരുന്നു അവളുടെ അമ്മ. 

സുന്ദരിയായ മല്ലികയെ ശക്തിവേലു എന്ന മനുഷ്യൻ കല്യാണം കഴിച്ചു കൊണ്ടുപോയ രാത്രി തന്നെ... കള്ളിനും, കഞ്ചാവിനും വേണ്ടി അവളെ മറ്റുള്ളവർക്ക് കാഴ്ച വച്ചു.

ചെന്നെ നഗരത്തിലെ  ആർഭാട ജീവിതത്തിനും, ജോലിക്കുമിടയിൽ  ജീവിതം ആഘോഷിക്കാൻ വരുന്നവർക്കുള്ള വിരുന്ന് ആയിരുന്നു അവൾ... !

ഏറെ സ്വപ്‌നങ്ങൾ കണ്ടു കയറി വന്ന ജീവിതത്തിന്റെ, ആദ്യ ദിനം തന്നെ അതിക്രൂരമായ പീഡനത്തിന് ഇരയായി അവൾ... 

ആ  ആഘാതം അവളുടെ  ശരീരത്തെ മാത്രമല്ല മനസ്സിനെയും ബാധിച്ചു. അപശ്രുതി മീട്ടിയ മനസ്സുമായി അവൾ ഇടക്കൊക്കെ ഭ്രാന്തിന്റ മായാലോകത്തേക്ക് നടന്നു കയറി. 

നാളുകൾ  നീണ്ട കൊടിയ പീഡനങ്ങൾക്കൊടുവിൽ, എങ്ങനെയോ രക്ഷപെട്ടു നാടോടി സംഘത്തിനൊപ്പം കേരളത്തിൽ എത്തിയതായിരുന്നു അവൾ... 

തന്റെ സ്ത്രീത്വത്തിന് ഏൽക്കുന്ന അപമാനം ഒരു സ്ത്രീയുടെ ജീവിതത്തെ തന്നെയും അപഹരിച്ചുകൊണ്ട്  പോകുന്ന സത്യം അവളിലൂടെ കാണാനാവുന്നു നമ്മുക്ക്‌. 

ചെന്നൈ നഗരം അവൾക്ക് സമ്മാനിച്ച മൂത്ത കുഞ്ഞ്  മുത്തുവിനെ കൂടാതെ... ഇരുളിന്റെ മറവിൽ മറ്റേതോ പകൽ മാന്യൻ സമ്മാനിച്ച അപ്പു എന്ന് വിളിക്കുന്ന ഒരു കുഞ്ഞ് കൂടിയുണ്ട് അവൾക്ക്. 

കുഞ്ഞുങ്ങളെ അവൾക്ക് ഏറെയിഷ്ടമായിരുന്നു. അവർക്കുവേണ്ടി മാത്രം ആണ് അവൾ ജീവിക്കുന്നത് തന്നെ. 

അവരെ കാണുമ്പോൾ അവളുടെ ബോധ മണ്ഡലത്തിൽ നിന്നും ഭ്രാന്തിന്റെ ശലഭങ്ങൾ പറന്നു പോകും... അപ്പോളവൾ ഉത്തരവാദിത്തമുള്ളൊരു അമ്മ ആവാൻ ശ്രമിക്കും... പലപ്പോഴും പരാജയപെടാറാണ് പതിവ്.  

ഏറെ ദൂരം നടന്നു കഴിഞ്ഞിരുന്നു അവൾ. നിറയെ പണക്കാർ താമസിക്കുന്ന സ്ഥലം ആണ്, മുൻപിൽ കണ്ടയൊരു കൂറ്റൻ വീടിന്റെ, പാതി ചാരിയ ഗേറ്റിലൂടെ നോക്കിയപ്പോൾ, വിശാലമായ മുറ്റത്തിന്റെ ഒരു വശത്തായി കൂട്ടിയിട്ടിരിക്കുന്ന ചപ്പുചവറുകൾക്കിടയിൽ പഴയ പ്ലാസ്റ്റിക് സാധനങ്ങൾ കിടക്കുന്നത് കണ്ടു. 

ഒരുപാട് സ്ഥലത്തു തപ്പി നടക്കാതെ അവിടെ കിടക്കുന്നത് മുഴുവനും പെറുക്കിയെടുത്താൽ 

പത്തിരുപതു രൂപയ്ക്ക് ഉള്ളത് ഉണ്ടാവും... കുറച്ചു അരി വാങ്ങാൻ അത് ധാരാളം മതി. കുഞ്ഞുങ്ങളുടെ വിശപ്പ്  തല്കാലത്തേയ്ക്ക് അടക്കാനാവും. 

മെല്ലെ ശബ്ദമുണ്ടാക്കാതെ, ഗേറ്റിൽ തൊടാതെയവൾ അകത്തേക്ക് കടന്നു. ആ പാഴ് വസ്തുക്കൾക്കിടയിൽ അവൾ പരതുകയായിരുന്നു തന്റെ കുഞ്ഞുങ്ങളുടെ വിശപ്പടക്കാനുള്ള വക... !

മുഷിഞ്ഞു നാറുന്ന  സാരിയും, എണ്ണ തേക്കാതെ പാറി പറന്നു കിടക്കുന്ന തലമുടിയും... കുളിച്ചു വൃത്തിയായി നടക്കാത്തത് മനഃപൂർവ്വം ആണ്.  തെരുവിന്റെ സന്തതികളുടെ പടച്ചട്ട അവരുടെ ദുർഗന്ധം വമിക്കുന്ന ശരീരം തന്നെ ആണ്.. കാമവെറിയന്മാരുടെ പേ കൂത്തിൽ നിന്നും രക്ഷ നേടാൻ ഉള്ള ഉപായം... 

എങ്കിലും അതിനുള്ളിലും  ക്രൂരതകൾ കാണിക്കുന്ന മനുഷ്യ മൃഗങ്ങൾ ഉണ്ട്.

പെട്ടെന്നാണ് പൂന്തോട്ടത്തിലേക്ക് ഒരു കുട്ടി, കളിപ്പാട്ടവുമായി  ചിരിച്ചുകൊണ്ട്  ഓടിയെത്തിയത്. 

സാകൂതം വീക്ഷിച്ചപ്പോൾ, അവൾക്ക് അവനിൽ തന്റെ  മൂത്തമകൻ മുത്തുവിനെ കാണാൻ സാധിച്ചു...

അവന്റെ അതേ ഛായ. വെളുത്തു തുടുത്ത  നല്ല കുപ്പായം ഒക്കെ ഇട്ടിരിക്കുന്ന അവനെ നോക്കിയപ്പോൾ തന്റെ  മകൻ വേഷവും, നിറവും  മാറി വന്നത് പോലെ തോന്നിയവൾക്ക്..!

കുറച്ചുകൂടി അടുത്തേക്ക് ചെന്നു നോക്കിയ അവളുടെ കണ്ണുകൾ നിറഞ്ഞു...

സകല സൗഭ്യാഗ്യത്തിലും കഴിയുന്ന ആ കുഞ്ഞിനെ  നോക്കിയപ്പോൾ അവളുടെ ഉള്ളിൽ തെളിഞ്ഞത്,  തെരുവിന്റെ വലതു ഭാഗത്തായി, പാലം പണി നടക്കുന്നസ്ഥലത്തു കിടക്കുന്ന, കൂറ്റൻ സിമന്റ് പൈപ്പ് വീടാക്കി ജീവിക്കുന്ന തന്റെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയായിരുന്നു. 

ഉടുതുണിക്ക് ഒരു മറുതുണിയില്ലാതെ... 

ഒരു നേരം പോലും വയറു നിറച്ചൊന്നു കഴിക്കാൻ പോലും നിവൃത്തിയില്ലാത്ത

തന്റെ മക്കൾ...

ആകാശം മേൽക്കൂരയാക്കിയവരുടെ വിധിയാണത്. 

അപ്പോൾ, അമ്മ വരാൻ കാത്തിരിക്കുന്ന രണ്ടു പിഞ്ചുകുഞ്ഞുങ്ങളിൽ ഇളയത് വിശന്നു കരച്ചിൽ ആരംഭിച്ചിരുന്നു. അവനെ ആശ്വസിപ്പിക്കാൻ മൂത്തവൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു. 

അവർക്കായി  ഒരു പിടി അരിയെങ്കിലും  വാങ്ങാനാണ്  മല്ലിക ചാക്കും എടുത്തുകൊണ്ടു ഇറങ്ങിയത്. 

കൈനീട്ടി ആരോട് എങ്കിലും യാചിച്ചാൽ  ആരും കൊടുക്കില്ല. 

‘‘നിനക്കൊക്കെ ആരോഗ്യമുണ്ടല്ലോ  പണിയെടുത്ത് ജീവിച്ചൂടെടീ.... 

@#& എന്ന് പുലഭ്യം പറയുന്ന ജനങ്ങൾ...’’

പണിക്ക് ചെന്നാലോ, കാമകണ്ണുകൾ എറിഞ്ഞു ഭോഗിക്കുന്ന  മുതലാളിമാർ. അവർക്ക് പണി ചെയ്തു കൊടുത്താൽ മാത്രം പോരാ ശരീരം  കൂടി കൊടുക്കണം... എന്ന അവസ്ഥയായതിനാൽ അവൾ ജോലിക്ക് പോക്ക് നിർത്തി.

ശക്തമായൊരു അലർച്ച കേട്ടാണ് അവൾ ഞെട്ടി തിരിഞ്ഞു നോക്കിയത്. തനിക്കുചുറ്റും ആൾക്കാർ നിറഞ്ഞിരിക്കുന്നു.

‘‘പിള്ളേരെ പിടുത്തക്കാർ ആണെന്ന് തോന്നുന്നു.... ’’

‘‘പോലീസിനെ വിളി... ’’

ആരെക്കൊയോ ചേർന്ന് അവളെ കയറുകൊണ്ട് ബന്ധിച്ചു...

പെട്ടെന്ന്... കുട്ടിയെ എടുക്കാനായി പുറത്തേക്കിറങ്ങി വന്ന ആളിന്റെ മാന്യത നിറഞ്ഞ മുഖം കണ്ടപ്പോൾ 

അവൾക്ക് ഓർമ്മ വന്നത് തന്റെ ആദ്യ രാത്രിയാണ്... 

‘‘അതേ ഇത് അയാൾ തന്നെയാണ് ആദ്യമായി തന്റെ ശരീരത്തിൽ കൈ വച്ചവൻ...... !’’

കോപം കൊണ്ട് അവളുടെ കണ്ണുകൾ കത്തിജ്വലിച്ചു... വന്യമായി അവൾ അട്ടഹസിച്ചു...

അവളുടെ അപ്പോഴത്തെ മാനസിക നില മനസ്സിലാകാതെ ആളുകൾ അവളുടെ ഭാവമാറ്റത്തിൽ  പുതിയ അർത്ഥം കണ്ടെത്തുകയായിരുന്നു.

എല്ലാവരും കൂടി അവളെ കള്ളിയാക്കി...ലകുട്ടികളെ പിടിച്ചു കൊണ്ടു പോകുന്ന അധോലോക സംഘത്തിലെ കണ്ണിയാക്കി..

പോലീസെത്തി,  ചോദ്യങ്ങൾ കൊണ്ട് അവളെ  ശ്വാസം മുട്ടിച്ചു...

അർത്ഥം വച്ച വാക്കുകളാൽ ആ ഹൃദയം കൊത്തി വലിച്ചു... 

എന്നിട്ടും പോരാഞ്ഞു അവളെ ലാത്തിക്ക് തലോടി ആ ശരീരത്തിൽ ചിത്രങ്ങൾ വരച്ചു ചേർത്തു. 

വിലങ്ങണിയിച്ചു പോലീസ് ജീപ്പിൽ കൊണ്ടുപോകുമ്പോഴും... അവളുടെ ജീവിതത്തിന്റെ താളം തെറ്റിച്ച, ആ നശിച്ച രാത്രിയുടെ ഓർമ്മകളിൽ ഭ്രാന്ത് പൂത്ത തലച്ചോറുമായി അവൾ പിറുപിറുത്തു കൊണ്ടേയിരുന്നു.

ഇടയ്ക്കെപ്പോഴോ ബോധമനസ്സിന്റെ മിന്നലിൽ തന്റെ കുഞ്ഞുങ്ങളെ ചൊല്ലിയവൾ കേണു. 

അപ്പോൾ സദാചാര പോലീസ്  വേഷമണിഞ്ഞ നാട്ടുകാരും, വീട്ടുകാരും, ഒർജിനൽ  പോലീസുകാരും കൂടിയവളെ  പുറംലോകം കാണിക്കാത്ത വകുപ്പുകൾ ചുമത്തി അകത്താക്കി.

ജാമ്യത്തിൽ ഇറക്കാൻ പോലും ആളില്ലാത്ത നിസ്സഹായയായ അവളുടെ രോദനം കേൾക്കാൻ ദൈവങ്ങൾ പോലും ഉണ്ടായിരുന്നില്ല. 

‘‘എന്റെ കുഞ്ഞുങ്ങൾ.... 

എന്റെ കുഞ്ഞുങ്ങൾ.... 

എന്റെ മുത്തുവും... 

അപ്പുവും....’’

സ്റ്റേഷനിൽ,  ലോക്കപ്പിനുള്ളിൽ, തണുത്ത തറയിൽ, കുഞ്ഞുങ്ങളെ ഓർത്ത്  പ്രാണവേദനയാൽ കണ്ണീരിൽ കുതിർന്ന  അവളുടെ രോദനം, ഒരു ഭ്രാന്തിയുടെ ജല്പനങ്ങളായി അവർ തള്ളികളഞ്ഞു. 

അപ്പോൾ  ഇരുളിന്റെ മറവിൽ, കഴുകൻ  കണ്ണുകളുമായി യഥാർത്ഥ, അവയവ മാഫിയക്കാർ തെരുവോരത്തു  

അമ്മയെ കാണാതെ കരഞ്ഞു തളന്നുറങ്ങിയ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ലക്ഷ്യം വച്ച് നടന്നു കഴിഞ്ഞിരുന്നു... !!!

English Summary: Rathrikal Paranja Kadha, Malayalam Short Story

   

                  

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;