ഇമോജികൾ സംസാരിക്കുമ്പോൾ...

emoji
പ്രതീകാത്മക ചിത്രം : Photocredit : Nina design / Shutterstock
SHARE

നമ്മൾ ആശയവിനിമയത്തിനായാണ് പരസ്പരം സംസാരിക്കുന്നത്. എന്നാൽ സംസാരത്തിനൊപ്പം ഒരൽപ്പം ആംഗ്യവും കൂടിയായാലോ ആശയം കൂടുതൽ വ്യക്തം. ഫോണിലൂടെ സംസാരിക്കുമ്പോഴും പലരും ആംഗ്യം കാണിക്കുന്നത് തമാശയായി തോന്നാറുണ്ട്. അതൊരുപക്ഷേ അവർ അറിഞ്ഞുകൊണ്ടാകില്ല. അവർ സംസാരിക്കുന്നതിനൊപ്പം ആംഗ്യവും കാണിക്കുമ്പോൾ കേൾക്കുന്നയാൾക്ക് അത് കൂടുതൽ സ്പഷ്ടമായി എന്ന ഒരു സംതൃപ്തിയാകാം.

ഇത് സാധാരണ മനുഷ്യർ തമ്മിൽ നടത്തുന്ന സംഭാഷത്തിന്റെ കാര്യം. എന്നാൽ നാട്യശാസ്ത്രത്തിലാണെങ്കിലോ? അവതരിപ്പിക്കുന്ന കലാരൂപം ഏതു ഭാഷയിലാണെങ്കിലും മുദ്രകളും, ഭാവങ്ങളും ഉപയോഗിച്ച് കഥയെ അല്ലെങ്കിൽ സാഹചര്യത്തെ കാണികൾ മനസ്സിലാക്കുന്നു. നാട്യശാസ്ത്രത്തിൽ പ്രവൃത്തികളെ വ്യക്തമാക്കാൻ മുദ്രകളും അതേസമയം കഥാപാത്രത്തിന്റെ മനോവികാരങ്ങളെ വ്യക്തമാക്കാൻ ഭാവങ്ങളും ഉപയോഗിക്കാറുണ്ട്. ശൃംഗാരം, വീരം, ഹാസ്യം, കരുണം, അദ്ഭുതം, ബീഭത്സം, രൗദ്രം, ഭയാനകം, ശാന്തം തുടങ്ങി കലാകാരന്റെ  മുഖത്ത് തെളിയുന്ന നവരസങ്ങളിൽ നിന്നുമാണ് കാണികൾ കഥാപാത്രത്തിന്റെ മനോവികാരം മനസ്സിലാക്കുന്നത്.

ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് ആശയവിനിമയത്തെപ്പറ്റിയാണ്. ജനങ്ങൾ മുഖാമുഖം സംസാരിക്കുമ്പോൾ ആംഗ്യഭാഷ ഉപയോഗിച്ചിരുന്നുവെങ്കിൽ ഇന്ന് അധികവും ആശയവിനിമയം നടത്തുന്നത് ടെലിഫോണിലൂടെയാണ്. ഇവിടെ ആംഗ്യഭാഷയ്ക്ക് പ്രാധാന്യമില്ല. വാക്‌ചാതുരിയിലൂടെ  മാത്രമേ ആശയവിനിമയം നടത്താനാകൂ. സംഭാഷണം മുഖാമുഖം അല്ലാത്തതുകൊണ്ട്  പറയുന്ന വാക്കുകളിലൂടെയാണ് കേൾവിക്കാരൻ ആശയങ്ങൾ മനസ്സിലാക്കുന്നത്. ഇവിടെ പ്രാധാന്യം വാക്കുകൾക്കാണ്

എന്നാൽ ഇന്ന് ആശയവിനിമയത്തിന്റെ തലങ്ങൾ അവിടെനിന്നും ബഹുദൂരം സഞ്ചരിച്ച് സമൂഹമാധ്യമങ്ങയിൽ എത്തിച്ചേർന്നിരിക്കുന്നു. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇന്ന് ജനങ്ങൾ ബന്ധങ്ങളും സൗഹൃദങ്ങളും നിലനിർത്തുന്നത്. ഇവയിലൂടെയാണ് പരസ്പരം ആശയങ്ങൾ കൈമാറുന്നത്.  സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ആശയവിനിമയത്തിന് പ്രത്യേകമായ ഒരു ഭാഷാശൈലി തന്നെ ഇന്ന് ഉടലെടുത്തിരിയ്ക്കുന്നു എന്ന് പറയാം. സൗകര്യാർഥം ഓരോരുത്തരും മാറ്റിയെടുത്ത കുറെ വാക്കുകളിൽനിന്നുമാണ് ഈ ശൈലി രൂപമെടുത്തത്. ഇതിന് പ്രത്യേക ഒരു ഉറവിടമുണ്ടെന്ന് പറയാൻ കഴിയില്ല. സ്വമേധയാ രൂപംകൊണ്ട് ജനങ്ങൾ അംഗീകരിച്ച ഒരു ശൈലി എന്നേ പറയാനാകൂ. ആശയവിനിമയം നടത്തുന്നതിന് അധികവും ഭാഷയുടെ ഏറ്റവും ചുരുങ്ങിയ രൂപമാണ് ഉപയോഗിക്കുന്നത്. ഇന്നത് ഒരു സാധാരണ ആശയവിനിമയ ഭാഷയായി മാറിയിരിക്കുന്നു.   ഈ പ്രത്യേക ഭാഷയെ സ്യൂഡോ ഭാഷ (pseduo language) എന്നു പറയുന്നു. ഉദാ. ഒ.എം.ജി ( OMG-oh my God), ടി.ടി.വൈ.എൽ (TTYL Talk to you later) , ആർ.ഒ.എഫ്.എൽ (ROFL - Rolled on the floor laughting), എൽ.എ എം.ഒ (LAMO - laughing my ass off). സാമൂഹ്യ മാധ്യമങ്ങളിൽ മാത്രമല്ല, ഇന്നത്തെ ചെറുപ്പക്കാർ സംസാരിക്കുന്നതിനും ഇത്തരം ചുരുക്കരൂപങ്ങൾ ഉപയോഗിച്ചുപോരുന്നു. ഉദാഹരണത്തിന് ബ്രദർ (സഹോദരൻ) എന്ന വാക്കിന് സാധാരണമായി ബ്രോ, എന്ന് വിശേഷിപ്പിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലും പരസ്പരം സംസാരിക്കുമ്പോഴും ഇത്തരം ചുരുക്ക ഭാഷ ശീലിച്ച യുവാക്കൾ പരീക്ഷയ്ക്ക് ഉത്തരക്കടലാസിലും അവരറിയാതെ ഈ ഭാഷ ഉപയോഗിക്കുന്നു എന്ന്  എവിടെയോ വായിച്ചതായി ഓർക്കുന്നു. അതിൽ നിന്നും മനസ്സിലാക്കേണ്ടത്  ഈ ഭാഷ പ്രയോഗം അത്രമാത്രം പുതുതലമുറയെ സ്വാധീനിച്ചിരിയ്ക്കുന്നു എന്നതാണ്

ഈ അടുത്ത കാലത്ത് എന്നു വേണമെങ്കിൽ പറയാം ആശയ വിനിമയത്തിൽ ഇനിയും മാറ്റങ്ങൾ വന്നു.  വാക്കുകളുടെ അല്ലെങ്കിൽ വാചകങ്ങളുടെ ചുരുക്ക രൂപത്തെക്കാൾ എളുപ്പത്തിൽ, വേഗത്തിൽ ആശയവിനിമയം സാധിക്കാവുന്ന ‘ഇമോജികൾ’ ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു കാലമാണ്. ദേഷ്യം, സങ്കടം, ഇഷ്ടം, അതിശയം, കുശുമ്പ്, നമസ്കാരം എന്നുവേണ്ട മനുഷ്യർ പരസ്പരം സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന എല്ലാ ആശയത്തിലിനും ഉതകുന്ന രീതിയിലുള്ള ഇമോജികൾ ഇന്ന് നിലവിലുണ്ട്. ഇമോജികളുടെ ഉപയോഗം വളരെ എളുപ്പമാണെന്ന് മാത്രമല്ല, ഒരുപക്ഷേ ഒരു വാക്കിലൂടെ അല്ലെങ്കിൽ ഒരു വാചകത്തിലൂടെ കൈമാറുന്ന ആശയത്തെ വളരെ മനോഹരമായ ഒരു ഇമോജിയിലൂടെ പരസപരം മനസ്സിലാക്കാൻ സാധിക്കും എന്ന ഒരു പ്രത്യേകതയും ഇതിനുണ്ട്. അതുകൊണ്ടുതന്നെ ഓരോ ദിവസവും ഇമോജികളുടെ ഉപയോഗം സർവസാധാരണമായി. അതുമാത്രമല്ല ഓരോ ദിവസവും ഓരോ പുതിയ ഇമോജികൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്നതും ആകർഷണീയമാണ് 

സോഷ്യൽമീഡിയയിൽ പരസ്പരം കണ്ടെത്തിയ ഭാഷയറിയാത്ത കമിതാക്കൾ ആശയ വിനിമയം നടത്തി ഇഷ്ടത്തിലായ തമാശ നമ്മളെല്ലാവർക്കും അറിയാം. ഇതൊരു തമാശയാണെങ്കിലും, ഇവിടെ അവർ ആശയവിനിമയത്തിനായി ഉപയോഗിച്ചത് ഇമോജികളാണ്. ഇന്ന് സാമൂഹിക മാധ്യമങ്ങളിൽകൂടി ആശയവിനിമയം ചെയ്യുന്ന ഏതൊരാൾക്കും ഏറ്റവും വേഗത്തിൽ ലളിതമായ രീതിയിൽ ഉപയോഗിക്കാവുന്ന ഭാഷ ഇമോജികൾ ആയി മാറി കഴിഞ്ഞിരിക്കുന്നു. ഇമോജികൾ പ്രതിനിധാനം ചെയ്യുന്നത് പ്രവൃത്തികളേയും ഭാവങ്ങളേയുമാണ്. ഭക്ഷണം കഴിക്കുക, വണങ്ങുക, കയ്യടിച്ച് പ്രാത്സാഹിപ്പിക്കുക, കൈ കൊടുക്കുക തുടങ്ങിയ പ്രവൃത്തികളും, ഭാവങ്ങളാകുന്ന നവരസങ്ങളും പ്രകടമാക്കാൻ ഇമോജികൾ ഉണ്ട്. കൂടാതെ പല വസ്തുക്കളേയും കുറിക്കുന്ന ഇമോജികളും സർവ്വസാധാരണമായിരിക്കുന്നു  സമൂഹമാധ്യമങ്ങളിൽ എന്ന് മാത്രമല്ല പോസ്റ്ററുകളിൽ, സൈൻബോഡുകളിൽ എല്ലാം ഇമോജികൾ ഇടം പിടിച്ചിരിക്കുന്നു. ആശയവിനിമയത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നായി ഇമോജികൾ എന്നുതന്നെ പറയാം. എന്തിനേറെ ഈ കോവിഡ് കാലഘട്ടത്തിൽ മാസ്കിന്റെ, സാനിറ്റൈസറിന്റെ, സാമൂഹിക അകലത്തിന്റെ എല്ലാം പ്രത്യേകത ജനങ്ങളെ ബോധവത്കരിയ്ക്കുന്നതിനു പരസ്യവാചകങ്ങൾക്കൊപ്പം മിക്കവാറും സ്ഥലങ്ങളിൽ ഉപയോഗിച്ചത് ഇമോജികൾതന്നെ. ഇന്ന് ആശയവിനിമയത്തിൽ ഇത്രയും പ്രാധാന്യം നൽകുന്ന മോജികളുടെ ഉത്ഭവത്തെക്കുറിച്ച് നമ്മൾ ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ? 

1999 ലാണ് ജാപ്പനീസ് കലാകാരനായ ഫിഗേട്ടക കുറിത്ത, ഡോകോമോ എന്ന ജപ്പാനിലെ മൊബൈൽ കമ്പനിക്കായി വളരെ ചെറിയ രൂപത്തിലുള്ള 176 ഇമോജികൾക്ക് രൂപം നൽകിയത്.പിന്നീട് ഇവ ആപ്പിൾ പോലുള്ള ഡിജിറ്റൽ കമ്പനികൾ ഉപയോഗിക്കാൻ തുടങ്ങി. 2007-ൽ ഗൂഗിൾ കമ്പനി ഇതിനെ അംഗീകാരത്തോടു കൂടി കമ്പ്യൂട്ടർ ഭാഷയായി തിരഞ്ഞെടുത്തു. 2010ലാണ് സർവ്വസാധാരണമായി ഇമോജികൾ ഉപയോഗിക്കാൻ തുടങ്ങിയത് 2011 ൽ ആപ്പിൾ കമ്പനി ഔദ്യോഗികമായി ഇമോജികളെ അംഗീകരിച്ചു.  ഇന്ന് ഇമോജികൾ സമൂഹ മാധ്യമങ്ങളിൽ ആശയ വിനിമയത്തിൽ മുഖ്യമായ ഒന്നായി. ക്ഷണനേരം കൊണ്ട് അഭിപ്രായങ്ങളും, ആശയങ്ങളും വ്യക്തമാക്കുന്നതിനുള്ള ഏറ്റവും എളുപ്പമായ മാർഗ്ഗം. ഈ അടുത്ത കാലത്ത് ഇമോജികളെ കോർത്തിണക്കി വാചകങ്ങൾവരെ ഉണ്ടാക്കുന്നതിന് മനുഷ്യർ വിദഗ്ധരായി. ഇമോജികളെ വിപുലീകരിച്ച പല സ്റ്റിക്കറുകളും ഇന്ന് ആശയ വിനിമയ രംഗത്തുണ്ട്. 

ടെലിഫോണിന്റെ വരവോടെ മനുഷ്യർ പരസപരം കണ്ടുമുട്ടുന്ന ശീലം കുറഞ്ഞു. വിവരങ്ങൾ ഞൊടിയിടയിൽ ടെലിഫോണിലൂടെ കൈമാറാൻ തുടങ്ങി. ഇതിലൂടെ, കത്തെഴുതുക എന്ന ഒരു ആശയവിനിമയകല തന്നെ അന്യം നിന്നുപോയി. അതിനുശേഷമാണ് മൊബൈൽ ഫോണുകൾ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, വാട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ രംഗപ്രവേശം. ഇതിലൂടെ എല്ലാ വാക്കുകളെയും ചുരുക്കരൂപത്തിൽ പ്രയോഗിയ്ക്കുന്ന ഒരു പ്രത്യേക ഭാഷ നിലവിൽ വന്നു. ഇതിലൂടെ മനോഹരമായി ഒരു ഭാഷ എഴുതാനുള്ള കഴിവുകൾ  മനുഷ്യന് നഷ്ടപ്പെട്ടുതുടങ്ങി. അതിനുശേഷം ആശയവിനിമയത്തിനായി എളുപ്പവും, ആകര്ഷണീയവുമായ ഇമോജികളുടെ വരവ്. ഇതോടെ മനുഷ്യർ എഴുത്തുഭാഷയുടെ ഉപയോഗംതന്നെ വളരെ കുറച്ചു. ഇതിലൂടെ മനുഷ്യന്റെ സംസാരവും അക്ഷരങ്ങളിലൂടെ ആശയവിനിമയം നടത്തുവാനുള്ള കഴിവും കുറഞ്ഞുവരുന്നു. ഇന്ന് എവിടെനോക്കിയാലും നമ്മളോട് സംസാരിക്കുന്നത് ഇമോജികളാകാം. പുതിയ കണ്ടുപിടുത്തങ്ങൾ ആശയവിനിമയം കൂടുതൽ സുഗമമാക്കുന്നതിലൂടെ മനുഷ്യൻ സംസാരിക്കാൻ ഉപയോഗിക്കുന്ന ഭാഷയും, എഴുതുവാനും വായിക്കുവാനും ഉപയോഗിക്കുന്ന ലിപിയും മറക്കില്ല എന്ന് ഭാവിയെക്കുറിച്ച് നമുക്ക് പ്രത്യാശിക്കാം.

English Summary: Speaking through emojis

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;