‘മഴ നല്ല കുട്ടിയാണ്, മഴയ്ക്ക് എന്നേയും എനിക്ക് മഴയേയും നല്ല ഇഷ്ടാണ്’

girl-in-rain
പ്രതീകാത്മക ചിത്രം : Photocredit : Patrick Foto / Shutterstock
SHARE

മഴക്കൂട്ടുകാരി

തിമിര്‍ത്തു പെയ്യുന്ന ഒരു മഴക്കാലത്ത് ഭൂമിയിലേക്ക് പിറന്ന് വീണത് കൊണ്ടാവണം മഴയോട് അന്നും ഇന്നും എന്നും ഒരു പ്രത്യേക അടുപ്പമുണ്ട്. മഴ പലപ്പോഴും എനിക്ക് നല്ല ഒരു സുഹൃത്താണ്. സന്തോഷം വരുമ്പോള്‍ അട്ടഹസിച്ച് കൂടെ ചിരിക്കാനും കരയുമ്പോള്‍ ഒപ്പം നിന്ന് ആശ്വസിപ്പിക്കാനും കളിക്കാനും കഴിവുള്ള ഉറ്റ സുഹൃത്ത്.

അങ്ങനെയിരിക്കെ ഈയിടെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ മഴ തകര്‍ത്ത് പെയ്യുന്നു. കുടയെടുക്കാന്‍ മറന്ന് പോയല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടിരിക്കുന്ന ബസ്സിലെ മറ്റു യാത്രക്കാരെ തെല്ലു പുഞ്ചിരിയോടെ ഒന്ന് തിരിഞ്ഞു നോക്കി കൈയില്‍ കരുതിയിരുന്ന കുട ബാഗില്‍ തിരിച്ച് വെച്ച് ഞാന്‍ ബസില്‍ നിന്നിറങ്ങി. കാലങ്ങളായി ഒന്ന് മഴ നനഞ്ഞിട്ട്. ഓരോ തുള്ളിയും ദേഹത്ത് വീഴുമ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു, ഈ പെയ്തിറങ്ങുന്നത് കേവലം വെള്ളതുള്ളികളല്ല മറിച്ച് ഓര്‍മകളാണ്.... മണ്ണിന്‍റെ മണമുള്ള ഓര്‍മകള്‍! മുത്തശ്ശിയുടെ കൈ പിടിച്ച് അങ്കണവാടിയിലേക്ക് പോകുമ്പോള്‍ നനയാന്‍ കൊതിച്ചിരുന്ന ആ മൂന്നുവയസ്സുകാരി ഇന്നും എന്‍റെയുള്ളില്‍ മരിക്കാതെ കിടപ്പുണ്ട്. ഒപ്പം വേനലിന്‍റെ കാഠിന്യം തീര്‍ക്കാന്‍ മണ്ണിലേക്ക് ഇറ്റ് വീഴുന്ന മഴത്തുള്ളികള്‍ക്കൊപ്പം ഞാന്‍ കാത്തിരിക്കുന്നത് മറ്റൊന്നിനാണ്.... ‘മണ്ണിന്‍റെ മണം’(Petrichor)! അനുഭൂതി ആണ്.

രണ്ട് മാസക്കാലത്തെ ആഘോഷത്തിന് വിരാമമിട്ട് വേനല്‍കാലത്തോട് യാത്ര പറഞ്ഞ് മഴക്കാലത്തിലേക്ക് കടക്കുമ്പോള്‍ ഉളളില്‍ ചെറിയൊരു സങ്കടം കനക്കുമെങ്കിലും ‘സ്കൂളില്‍ പോയാല്‍ മഴയത്ത് കളിക്കാലോ' എന്ന കൂട്ടുകാരുടെ വാക്കുകള്‍ വേദന ഇത്തിരി കുറച്ചു. പിന്നീട് പനിപിടിച്ച് പുതപ്പിനുള്ളില്‍ ലോകം ചുരുങ്ങുമ്പോള്‍ ജനലില്‍ ഇറ്റ് വീഴുന്ന മഴതുള്ളികളുടെ ‘പനി മാറട്ടെ , നമുക്ക് കളിക്കാം’ എന്ന കുസൃതിച്ചിരിയോടെയുള്ള ഓര്‍മപ്പെടുത്തലിന് ഒരു ചുക്കുകാപ്പിക്കും തരാന്‍ സാധിക്കാത്ത ആശ്വാസം പകരാന്‍ കഴിഞ്ഞിരുന്നു.

ചാറ്റല്‍മഴ കൊടുങ്കാറ്റിന്‍റേയും വലിയ മഴയുടേയും കുട്ടിയാണെന്നും, ദൈവം കൈ കഴുകുന്ന വെള്ളമാണ് ഭൂമിയില്‍ പതിക്കുന്നതെന്നുമുള്ള കൂട്ടുകാരുടെ വാദങ്ങള്‍ എന്നെ ഒരുപാട് ചിന്തിപ്പിച്ചിട്ടുണ്ട്. ‘മയ’ എന്ന് പറയുന്നവരെ ‘മയ’ അല്ല ‘മഴ’ എന്നാണ് എന്ന എന്‍റെ വാദം അറ്റം കാണാതായപ്പോള്‍ ടീച്ചര്‍ ഇടപെട്ട് സമ്മതിച്ചു തന്നതും അതിന് ശേഷം ക്ലാസില്‍ ഗമ കാണിച്ച് നടന്നതും ഓര്‍ക്കാന്‍ രസം തോന്നുന്നു. മുറ്റം  കേടാക്കി, നാശം പിടിച്ച മഴ, മഴയ്ക്ക് പെയ്യാന്‍ കണ്ടൊരു നേരം തുടങ്ങി മഴയെ കുറ്റം പറയുന്നവരെ അരിശത്തോടെ തുറിച്ച് നോക്കിയിരുന്നു.  മഴയത്ത് നനഞ്ഞതിന് അമ്മ ശകാരിച്ചപ്പോള്‍ ‘മഴ നല്ല കുട്ടിയാണ്, മഴയ്ക്ക് എന്നേയും എനിക്ക് മഴയേയും നല്ല ഇഷ്ടാണ്’ എന്ന എന്‍റെ മാസ്സ് ഡയലോഗ് കേട്ട് ചിരിച്ച അമ്മ. ചുരുക്കി പറഞ്ഞാല്‍ മഴ എന്‍റെ ബാല്യത്തിന്‍റെ പര്യായമായിരുന്നു.

അതെ, മഴയെ കുറിച്ച് മറ്റെന്തു പറയാന്‍?! എന്‍റെ വികാരങ്ങള്‍ തിരിച്ചറിഞ്ഞ് എന്നോടൊപ്പം നിന്ന മഴക്കൂട്ടുകാരി. ഒറ്റയ്ക്കിരിക്കുമ്പോള്‍ അല്ലെങ്കില്‍ ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഏറ്റവും ആദ്യം നേര്‍ത്ത കുളിര്‍മയോടെ തലോടാന്‍ നിനക്കല്ലാതെ മറ്റാര്‍ക്ക് സാധിക്കും?!

പിന്നീട് പ്രളയം വന്ന് കേരളം മുഴുവൻ പേടിയിൽ ആണ്ട് പോയപ്പോഴാണ് ഞാൻ അവളെ ഏറ്റവും ആകുലതയോടെ ഉറ്റുനോക്കുന്നത്. അത് അവളോട് ഞാൻ ഉൾപ്പെടെയുള്ളവർ ചെയ്ത അനീതിയുടെ പ്രതികാരം ആയിരിക്കണം എന്ന് ഓർത്തത്.  

പ്രകൃതിയുടെ നന്മകളെ കുറിച്ച് അറിയാൻ ശ്രമിച്ചത്....

അതിന്റെ മാറ്റങ്ങളെ കുറിച്ച് ഓർത്തു പോയത്....

അവളുടെ ഒരു ഭാവപകർച്ചയിൽ തീർന്നു പോകുന്ന സമ്പാദ്യം മാത്രമാണ് മനുഷ്യന് ഉള്ളത് എന്ന് മനസ്സിലാക്കിയത്....... 

എന്നിലെ ചിന്തകൾക്ക് വേരിട്ട്‌  തന്നതിന് നിനക്ക് നന്ദി

English Summary: Memoir written by Anagha Gopi

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;