ADVERTISEMENT

‘‘എന്നെടാ പുള്ളേങ്ങളെ ഇത്.. പന്നിക്കൂട് പോൽ തെറികിരത്? കടവുളെ... മുടിഞ്ഞാച്ച്. അടുത്ത മാദത്തിലിരുന്ത് ഞാൻ വരമാട്ടെ…’’ 

 

രണ്ടുദിവസത്തെ മാരത്തോൺ ക്രിക്കറ്റ് കളി കഴിഞ്ഞു മുറ്റത്തുണക്കാനിട്ട കൈപ്പക്കാ കൊണ്ടാട്ടം പോലെ കരിഞ്ഞുണങ്ങി ബാച്ചിലർ വീടിന്റെ നാലുഭാഗത്തും തളർന്നിരിക്കുന്ന ഞങ്ങളെ നോക്കി അക്ക പറഞ്ഞു.

 

ഞങ്ങളുടെ ബാച്ചിലർ വീട്ടിൽ അടിച്ചുവാരാനും പാത്രം കഴുകാനും വരുന്ന ഒരു തമിഴത്തി സ്ത്രീയാണ് ആനന്ദവല്ലി അഥവാ ഞങ്ങളുടെ അക്ക. ഞങ്ങളെപ്പോലെ ബാച്ചിലർ ആയിരുന്നു അക്കയും. എന്തൊക്കെയോ കുടുംബ പ്രാരാബ്ധവും പ്രശ്നങ്ങളും കാരണം അക്ക കല്യാണം കഴിച്ചിട്ടില്ല. സ്വന്തമെന്നു പറയാൻ ഒരു അനിയനും അനിയന്റെ കുടുംബവും മാത്രം.

 

അക്കയെക്കുറിച്ച് ഞങ്ങൾക്ക് ഒരുപാടൊന്നും അറിയില്ല. തമിഴ്നാട്ടിലെ ഏതോ ഒരു കുഗ്രാമത്തിൽ നിന്നാണെന്നു മാത്രമറിയാം. പക്ഷേ ഞങ്ങളുമായി അക്കയ്ക്ക് നല്ലൊരു സിങ്ക് കിട്ടാൻ കാരണം മറ്റൊരു സംഗതി ആണ്. പണിയെടുക്കാനുള്ള മടി! ജോലി സ്ഥലത്ത് പണിയെടുക്കാനുള്ള മടി ഞങ്ങൾക്കുള്ളതുപോലെ അക്കയുടെ ജോലിസ്ഥലത്ത് അതായത് ഞങ്ങളുടെ വീട്ടിൽ അടിച്ചുവാരി തുടക്കാൻ അക്കയ്ക്കും വലിയ മടിയായിരുന്നു. ഞങ്ങൾക്കും അക്കയ്ക്കും ഒരേ വേവ് ലെങ്ത്ത്. മടിയന്മാരായ ഞങ്ങളുടെ അടുത്തടുത്തുള്ള രണ്ട് വീടുകൾ വൃത്തിയാക്കുവാൻ വരുമ്പോൾ വീടിന്റെ കോലം വലിയ തരക്കേടില്ലാത്തതാണെങ്കിൽ അക്ക മിണ്ടാതെ വന്നു പാത്രം കഴുകി തറയെ വേദനിപ്പിക്കാതെ ഒന്ന് അടിച്ചുവാരും. ഇനി അതല്ല, വീട് ഒരു ചെറു ഭൂമികുലുക്കത്തിന്റെ ബാക്കിപത്രം പോലെ കിടക്കുകയാണെങ്കിൽ അക്ക സ്ഥിരമായി പറയുന്ന ഡയലോഗാണ് ആദ്യം പറഞ്ഞത്. അത് പക്ഷേ വർഷങ്ങളായി പറയുന്നുണ്ടെന്ന് മാത്രം.

 

ഇതൊക്കെയാണെങ്കിലും പത്തുവർഷത്തിൽ കൂടുതൽ ജീവിച്ച ബാച്ചിലർ വീട്ടിൽ മറ്റൊരു വേലക്കാരി ഉണ്ടായിരുന്നില്ല. അതിനു കാരണം മറ്റൊന്നുമല്ല. മറ്റു പല സുഹൃത്തുക്കളുടെ വീട്ടിൽ നിന്നും സ്ഥിരമായി പല സാധനങ്ങളും മോഷണം പോകുമായിരുന്നു. പക്ഷേ ഞങ്ങളുടെ വീട്ടിൽ മാത്രം അങ്ങനെയൊന്ന് ഉണ്ടായില്ല. പല പ്രാവിശ്യം അലക്ഷ്യമായി ഇടുന്ന ചിലരുടെ സ്വർണ മോതിരങ്ങൾ, ചിലരുടെ ഫോണുകൾ, ഞങ്ങൾക്ക് പോലും വച്ചതെവിടെയാണെന്ന് ഓർമയില്ലാത്ത ചില നോട്ടുകൾ, ഇതിലൊന്നും അക്കയുടെ കൈ എത്താറില്ലായിരുന്നു. ഒരു അരിമണി പോലും അക്ക അവിടെ നിന്നും കൊണ്ടുപോകാറില്ല. പലപ്പോഴും ഞങ്ങൾ വീട്ടിലില്ലാത്ത ദിവസങ്ങളിൽ ചെടിച്ചട്ടിയുടെ അടിയിലോ തെരുവുനായ്ക്ക് പോലും വേണ്ടാത്ത ചെരുപ്പിന്റെ അടിയിലോ ഒളിപ്പിച്ചു വയ്ക്കുന്ന താക്കോലെടുത്ത് അക്ക വീടുതുറന്നു വൃത്തിയാക്കും. അത് കഴിഞ്ഞു അവിടെത്തന്നെ താക്കോൽ വച്ചിട്ട് പോകും.

 

ദിവസവും വന്ന് അടിച്ചുവാരി വൃത്തിയാക്കി പാത്രം കഴുകണമെന്നാണ് ഞങ്ങളുമായുള്ള ഉടമ്പടി. പക്ഷേ ഒരു ദിവസം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാൽ അക്ക അടുത്ത മൂന്ന് ദിവസത്തേക്ക് ചൈന വിട്ട ഉപഗ്രഹം പോലെയാണ്. എവിടെപ്പോയി എന്ന് ആർക്കും പിടികിട്ടൂല. ചില ദിവസങ്ങളിലാണേൽ അടുപ്പിച്ചു വരുകയും ചെയ്യും.

akka
അക്കയെ അവസാനമായി കണ്ടപ്പോൾ എടുത്ത സെൽഫി

 

ഞങ്ങൾ രണ്ടുവീട്ടുകാർക്കും അക്ക വരാത്തത് കറണ്ടുപോകുന്നതുപോലെയാണ്. രണ്ടു ദിവസം കഴിഞ്ഞിട്ടും അക്കയെ കണ്ടില്ലെങ്കിൽ രണ്ടാം കൂഡ്‌ലു വീട്ടിലേക്ക് വിളിച്ചു ചോദിക്കും. അവിടെ എത്തീനാന്ന്? (ബാംഗ്ലൂരിലെ കുഡ്‌ലു എന്ന സ്ഥലത്താണ് സുഹൃത്തുക്കളായ ഒരുപറ്റം ചെറുപ്പക്കാർ അടുത്തടുത്തുള്ള രണ്ടു വീടുകളിൽ താമസിക്കുന്നത്). അവിടെയും വന്നില്ലെങ്കിൽ എവിടെയും കറണ്ടില്ല എന്ന സന്തോഷം പോലെ ഞങ്ങൾ കിടന്നുറങ്ങേണ്ട ആറടി ഭാഗം മാത്രം വൃത്തിയാക്കി അവിടെ ചുരുണ്ടു കൂടും.

 

ഈ പത്തു വർഷങ്ങൾക്കിടയിൽ ഞങ്ങളുടെ ബാച്ചിലർ വീട് രണ്ടു മൂന്ന് തവണ മാറി. കള്ളുഷാപ്പിലെ കപ്പയും താറാവുകറിയും പോലെ കെട്ടിപ്പിടിച്ചു കഴിഞ്ഞിരുന്ന രണ്ടുവീടുകൾ രണ്ടു ഭാഗത്തേക്ക് മാറി. രണ്ടു ബാച്ചിലർ വീട്ടിലെയും പൈലികൾ ഓരോന്നായി സ്വന്തം വിളി കാരണവും പ്രകൃതിയുടെ വിളി കാരണവും ഇടയ്ക്കിടയ്ക്ക് കല്യാണം കഴിഞ്ഞുകൊണ്ടിരുന്നു. അവരൊക്കെ ഞങ്ങളുടെ വീട്ടിൽ നിന്നും മാറി പുതിയ ടെന്റടിച്ച് പുതു ജീവിതത്തിലേക്ക് കയറിക്കൂടി. അങ്ങനെ അംഗബലം കുറഞ്ഞ ബാച്ചിലർ വീടുകൾ ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നിനുപകരം ഒന്നും ഒന്നും ചെറിയ ഒന്നായി ഒറ്റ വീടായി മാറി. ആ ഒറ്റ ബാച്ചിലർ വീട്ടിൽ കല്യാണം കഴിയാത്ത കുറച്ചു ഭാഗ്യവാന്മാരും പണ്ടുമുതലേ ഞങ്ങൾ വളർത്തുന്ന മൂട്ടകളും എലികളും മാത്രം ബാക്കിയായി.

 

കുറച്ചു വർഷങ്ങൾ കടന്നുപോയി. ബാച്ചിലർ വീട്ടിൽ പുതിയ ഒന്നുരണ്ടുപേർ കൂടി വന്നു. ഒരു പാതിരായ്ക്ക് ലോകത്തിലെ ഏതോ കോണിലുള്ള ഏതോ സംഭവത്തെപ്പറ്റി ഒരു കാര്യവുമില്ലാതെ സ്ഥിരമായി നടക്കാറുള്ള കുഡ്‌ലു whatsapp ഗ്രൂപ്പിലെ തർക്കങ്ങൾക്കിടയിൽ ബാച്ചിലർ റൂമിൽ ബാക്കിയുള്ള ഒരാൾ ഒരു വാർത്ത പറഞ്ഞു.

“അക്ക ഇപ്പോൾ വരാറില്ല.. കാൻസർ ആണെന്ന് കേട്ടു.”

 

അന്ന് പല വിധ ചർച്ചകൾക്കിടയിൽ അത് മുങ്ങിപോയെങ്കിലും, അക്കയുമായുള്ള തർക്കങ്ങളും വർത്തമാനങ്ങളും കുഡ്‌ലുവിൽ ജീവിച്ചുപോയ പലരുടെയും മനസ്സിൽ പലപ്പോഴായി തിരിച്ചുവന്നുകാണണം. ഞങ്ങളുടെ രണ്ടു വീടിന്റെയും ക്യാപ്റ്റനും മെൻറ്ററുമായ നൗഷാദിക്കയുടെ നേതൃത്വത്തിൽ കുഡ്‌ലു ബാച്ചിലർ മുറിയിൽ ജീവിച്ചവരൊക്കെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മോശമല്ലാത്ത ഒരു തുക പിരിച്ചെടുത്തു.

 

ആനന്ദവല്ലി അക്കയ്ക്ക് എന്താണ് യഥാർഥ പ്രശ്നം എന്നോ എവിടെയാണ് അക്കയുടെ വീടെന്നോ ആർക്കും അറിയില്ലായിരുന്നു. കാൻസർ ആണെങ്കിൽ ചികിത്സയ്ക്കായി പണം ഉപകരിക്കും എന്ന് മാത്രമേ അന്ന് മനസ്സിൽ ഉണ്ടായിരുന്നുള്ളു. കുറെ ദിവസത്തെ അന്വേഷണത്തിനൊടുവിൽ അക്ക വൈകുന്നേരങ്ങളിൽ വൃത്തിയാക്കുവാൻ പോകാറുണ്ടായിരുന്ന ഒരു ചെറിയ കമ്പനി കണ്ടുപിടിച്ചു. അവിടെ അന്വേഷിച്ചതുപ്രകാരം അക്കയുടെ ഫോൺ നമ്പർ കിട്ടി.

 

ഞങ്ങൾ അക്കയെ വിളിച്ചു. പ്രതീക്ഷയൊക്കെ നശിച്ചിരിക്കുന്ന, ആഘോഷിക്കാൻ ചുറ്റിലും ആരുമില്ലാതെ ഒറ്റപ്പെട്ടിരിക്കുന്ന ഒരാളെ ഒരു ക്രിസ്മസ് രാത്രി അപ്രതീക്ഷിതമായി ഒരുകൂട്ടം മാലാഖമാർ ഫോണിൽ വിളിച്ചാൽ അയാൾ എന്തുമാത്രം സന്തോഷവാനാവും, അതേ സന്തോഷത്തോടെ അക്ക നമ്മളോട് സംസാരിച്ചു. ഫോൺ വയ്ക്കുന്നതിന് മുൻപ് ഞങ്ങൾ അക്കയെ ഒന്ന് കാണാൻ വരുകയാണെന്ന് പറഞ്ഞു.

 

തമിഴ്നാട്ടിലെ തിരുവണ്ണാമലൈ എന്ന സ്ഥലത്തുനിന്നും ഒരു ഗ്രാമത്തിലേക്ക് കുറച്ചുദൂരം പോയാൽ മാത്രമേ അക്കയുടെ വീടുത്തുകയുള്ളു. തിരുവണ്ണാമലൈ എത്തിയിട്ട് വിളിക്കാൻ അക്ക ഞങ്ങളോട് പറഞ്ഞു.

 

പറഞ്ഞതുപ്രകാരം ഞങ്ങളുടെ കൂട്ടത്തിലെ രണ്ടുപേർ ഒരു ദിവസം രാവിലെ പുറപ്പെട്ടു. പക്ഷേ അന്ന് രാവിലെ മുതൽ അക്കയുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പോകണമോ വേണ്ടയോ എന്ന ശങ്കയ്‌ക്കൊടുവിൽ എന്തായാലും പോയേക്കാമെന്ന് തീരുമാനിച്ചു. തമിഴ്നാട് RTCയുടെ ബസ്സിൽ രണ്ടു നൻപൻമ്മാർ തിരുവണ്ണാമലൈയിൽ വണ്ടിയിറങ്ങി. പോകുന്ന വഴിയിലൊക്കെ അക്കയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എല്ലായ്‌പോഴും സ്വിച്ച്ഡ് ഓഫ് എന്നുമാത്രം അങ്ങേത്തലയ്ക്കൽ നിന്നും മറുപടി കിട്ടി.

തിരുവണ്ണാമലയിൽ എത്തി. അവിടുന്ന് എങ്ങോട്ടു പോകണമെന്ന് രണ്ടുപേർക്കും ഒരു ധാരണയും ഇല്ല. കാൻസർ രോഗി ആയതുകൊണ്ട് അടുത്തുള്ള ആശുപത്രിയിലെങ്ങാനും ചികിത്സയ്ക്ക് വന്നിട്ടുണ്ടാകും എന്ന ചിന്തയിൽ രണ്ടു മൂന്ന് ആശുപത്രികളിൽ കയറി ആനന്ദവല്ലിക്കുവേണ്ടി അന്വേഷിച്ചു. അവരുടെ റെക്കോർഡുകളിൽ ഒന്നും അങ്ങനെ ഒരു പേരില്ല. അവസാനം ഒരുപാട് അലച്ചിലിനുശേഷം അക്കയെ കാണാൻ സാധിക്കാതെ രണ്ടുപേരും തിരിച്ചു ബാംഗ്ലൂരിലേക്ക് വണ്ടി കയറി.

 

പിന്തിരിയാൻ ഒരുക്കമല്ലായിരുന്നു. ഒരാഴ്ച കഴിഞ്ഞു വീണ്ടും വിളിച്ചു. ഇപ്രാവശ്യം ഫോൺ ഓൺ ആയിരുന്നു. അക്ക ഫോൺ എടുത്തു. അന്ന് വന്ന കാര്യം പറഞ്ഞപ്പോൾ അവർ എന്തൊക്കെയോ പറഞ്ഞു. ഒന്നും ക്ലിയർ അല്ലായിരുന്നു. ഇപ്രാവശ്യം അക്ക സംസാരിക്കുമ്പോൾ അടുത്ത് ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. അങ്ങനെ അടുത്ത വീട്ടിലെ ആരെയോ അക്ക വിളിച്ചുകൊണ്ടുവന്നു. അവരോടു സംസാരിച്ചതിനുശേഷം ഞങ്ങൾ അയാളുടെ നമ്പർ കൂടെ വാങ്ങി വച്ചു.

 

ഒരാഴ്ച കഴിഞ്ഞു മറ്റു രണ്ടു നൻപന്മാർ ബാംഗ്ലൂരിൽ നിന്നും വീണ്ടും വിട്ടു തിരുവണ്ണാമലൈക്ക്. പതിവുപോലെ അവിടെ എത്തുമ്പോളേക്കും ഫോൺ വീണ്ടും സ്വിച്ച്ഡ് ഓഫ്. ഭാഗ്യത്തിന് അക്കയുടെ അയൽക്കാരന്റെ ഫോൺ അന്ന് കുറിച്ചെടുത്തതുകൊണ്ട് അയാളെ ഫോണിൽ വിളിച്ചു. വീട്ടിലേക്കുള്ള വഴി അയാൾ പറഞ്ഞുതന്നു.

ചെറിയ റോഡിലൂടെ അവിടെ നിന്നും ഒരുപാട് സഞ്ചരിച്ചു. കൃഷിക്കാർ മാത്രമുള്ള തനി തമിഴ്നാടൻ ഗ്രാമം. അവസാനം അക്കയെ കണ്ടുമുട്ടി. അക്കയുടെ മരിച്ചുപോയ സഹോദരന്റെ ഒരു ചെറിയ വീട്ടിലായിരുന്നു അക്കയുടെ താമസം. ഞങ്ങളെ കണ്ട സന്തോഷത്തിൽ അക്കയ്ക്ക് കരച്ചിൽ വന്നു. പഴയ ബാച്ചിലർ വീടിനെപ്പറ്റിയും, അക്കയുടെ അസുഖത്തെപ്പറ്റിയൊക്കെ ഒരുപാട് സംസാരിച്ചു. ഞങ്ങൾ വരുന്നുണ്ടെന്നറിഞ്ഞ്‌ അക്ക കുറച്ചു ഓറഞ്ചും ആരെയോ പറഞ്ഞുവിട്ട് ഒന്ന് രണ്ടു കൂൾഡ്രിങ്ങ്സും എവിടെ നിന്നോ വാങ്ങിപ്പിച്ചിരുന്നു. അതൊക്കെ ഞങ്ങൾക്ക് തന്നു.

 

പോകാൻ നേരം ഞങ്ങൾ അക്കയെ മാറ്റി നിർത്തി പണം കയ്യിൽ കൊടുത്തു. അക്കയ്ക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു. ചില സന്തോഷങ്ങൾ സങ്കടത്തെക്കാൾ കൂടുതൽ കണ്ണുകളെ നനവുകൊണ്ടു മുക്കിക്കളയും. എത്രയും വേഗം അക്കയുടെ അസുഖം മാറുമെന്നും തിരിച്ചു ബാംഗ്ലൂരിലേക്ക് വരണമെന്നും പറഞ്ഞു ഞങ്ങൾ മടങ്ങി.

അവിടുന്ന് തിരിച്ചുവന്ന് മൂന്നാഴ്ച കഴിഞ്ഞു ഞങ്ങൾ കേട്ടത് അക്ക മരിച്ചു എന്ന വാർത്തയായിരുന്നു. ഒരുകൂട്ടം ചെറുപ്പക്കാരുടെ കുറച്ചു വർഷങ്ങളുടെ ജീവിതങ്ങൾക്ക് മൂകസാക്ഷിയായ, ഇടയ്ക്കിടയ്ക്ക് കൊമ്പുകോർക്കുമെങ്കിലും ഞങ്ങൾക്കൊക്കെ ആരോ ആയിരുന്ന അക്ക അങ്ങനെ പോയി.

 

അക്കയെ അവസാനമായി കണ്ട രണ്ടുപേർക്കും അക്ക ഇത്രയും വേഗം മരിക്കുമെന്ന് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. അതിനു മാത്രമുള്ള ആരോഗ്യപ്രശ്ങ്ങൾ ഒന്നും കാഴ്ചയ്ക്ക് ഉണ്ടായിരുന്നില്ല. ഇത്രപെട്ടെന്ന് അക്ക മരിക്കുമോ? ചോദ്യങ്ങൾ ഒരുപാടുണ്ടായിരുന്നു.

ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന് എങ്ങുനിന്നോ വന്ന് എങ്ങോട്ടേക്കോ പോകുന്ന മഴപ്പാറ്റകളാണ് ഓരോ മരണവും.

English Summary: Writers Blog - Memoir written by Sreejesh TP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com