ADVERTISEMENT

പ്രണയം രാശിയോട്... (കഥ)

നല്ല തണുപ്പ്, ഹൈറേഞ്ചിന്റെ മനോഹാരിതയിൽ മുങ്ങി നിൽക്കുന്ന ഈ മലഞ്ചെരിവുകൾക്കു ഒരുപാട് ഓർമ്മകൾ സമ്മാനിക്കാനാവും. നല്ല മഞ്ഞുണ്ട്, കാറ്റും. പാറിപറക്കുന്ന മുടിയിഴകളെ അവയുടെ സ്വാതന്ത്ര്യത്തിനു വിട്ടിട്ട്, താഴെ മലയടിവാരത്തിൽ പൊങ്ങിവരുന്ന മഞ്ഞുമേഘങ്ങളെ നോക്കി നിന്നപ്പോൾ മനസിന്‌ നല്ല കുളിർമ്മ തോന്നി.

 

പ്രിയംവദ മാഡം, മാഡത്തിന് രാത്രിയിൽ കഞ്ഞി ആണോ ചപ്പാത്തിയാണോ വേണ്ടത്.

ഇവിടുത്തെ പാചകക്കാരി  ആണ്.

 

ഏറിയാൽ 30 കാണും. കഴിഞ്ഞതവണ വന്നപ്പോഴും ഇവളുണ്ടായിരുന്നു. രാത്രിയിൽ ഇന്നൊന്നും വേണ്ട ആശേ.

 

ആശ എന്നാണ് അവളുടെ പേര് എന്ന് നേരത്തെ ഒരിക്കൽ വന്നപ്പോൾ പറഞ്ഞിരുന്നു. എന്തൊക്കെയോ പറയണം എന്ന് ആഗ്രഹിക്കുന്ന പോലെ പലപ്പോഴും ചുറ്റിപറ്റി നിൽക്കുന്നത് കാണാറുണ്ട്. പക്ഷേ താൻ ഇവിടെ വരുന്നത് ആരെയും കേൾക്കാൻ അല്ലല്ലോ.

മാഡം, മാഡം ആരോടും സംസാരിക്കാറേയില്ലേ?

സഹികെട്ടിട്ട് ആകും അവൾ ഇന്ന്‌ രണ്ടും കല്പ്പിച്ചു ചോദിച്ചു.

ആശേ, മൗനത്തിനാണ് ഏറെ സംസാരിക്കാൻ കഴിയുക. സംസാരത്തേക്കാൾ ഏറെ സുന്ദരവും, മൗനമാണ്. ഒരുപാട് സംസാരിച്ചിട്ട് പിന്നെ ഒരുനാൾ ഒന്നും മിണ്ടാൻ ഇല്ലാതെ വരുമ്പോൾ ഒത്തിരി വിഷമം ആകും.

 

അവൾക്ക് ഒന്നും മനസിലായില്ല. എന്നെത്തന്നെ ഇത്തിരി നേരം നോക്കിയിട്ട് അവൾ തിരിച്ചു നടന്നു.

മാഡം, ജീരകവെള്ളം ഫ്ലാസ്ക്കിൽ വെച്ചിട്ടുണ്ട്. പിന്നെ അവൾക്ക് ഒന്നും പറയാനില്ലാത്തത് പോലെ.

ശരി ആശേ, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ പറഞ്ഞോളാം.

മഞ്ഞു നന്നായി വീഴാൻ തുടങ്ങി. ജലദോഷം ഉണ്ടാകാൻ സാധ്യത ഉണ്ട്. എന്നാലും കേറി പോകാൻ തോന്നുന്നില്ല.

 

ഈ മൊട്ടകുന്നുകൾ എന്നും തനിക്ക് ഹരമായിരുന്നു. ആദ്യം ഇവിടെ വന്നപ്പോൾ മുതൽ എല്ലാവർഷവും ഒരു ദിവസം എങ്കിലും  ഇവിടെ എത്താറുണ്ട്. കഴിഞ്ഞ പതിനേഴ്  വർഷവും അതിനു മുടക്കം വന്നിട്ടില്ല. ഓർമ്മകൾ ഒന്നും മരവിച്ചിട്ടില്ലല്ലോ. ഇന്നും മനസ്സിൽ ഇന്നലെപോലെ എല്ലാം ഉണ്ട്.

 

കവിതകളും കഥകളും തനിക്ക് എന്നും ഹരമായിരുന്നു. മനുഷ്യരെക്കാൾ ചെടികളെയും പൂക്കളെയും കിളികളെയുമായിരുന്നു തനിക്ക് അന്നൊക്കെ ഇഷ്ടം.

ഇഷ്ടമുള്ള പൂക്കളെ നോക്കി പതിയെ തലോടുമ്പോൾ, നട്ടുപിടിപ്പിച്ച ചെടികൾ ആദ്യം പൂക്കുമ്പോൾ ഒക്കെ എന്തൊക്കെയോ കിട്ടിയ സന്തോഷം ആയിരുന്നു.

അന്നൊക്കെ കൂട്ടുകാർ പറയുമായിരുന്നു, തനിക്കു ഭ്രാന്ത് ആണെന്ന്. അങ്ങനെ ആണ് ഭ്രാന്ത് പിടിച്ച മറ്റൊരാൾ തന്നെ പരിചയപ്പെടുന്നത്. അയാൾക്ക് ഭ്രാന്ത് കവിതളോട് ആയിരുന്നു.

സ്വന്തം കവിതകൾ നന്നായി ആലപിക്കാൻ കഴിവുണ്ടായിരുന്ന വിനയൻ, തന്നെ പരിചയപെട്ടപ്പോൾ അയാളുടെ കവിതകളോടായിരുന്നു തനിക്കു  ഭ്രമം.

പതിയെ രണ്ടുപേരുടെയും ഉള്ളിൽ ഒരിഷ്ടം ഉണ്ടായി. തുറന്നു പറഞ്ഞില്ല എങ്കിലും ആ ഇഷ്ടം പരസ്പരം അറിയാമായിരുന്നു.

 

തന്റെ കഥകളുടെ നല്ലൊരു ആസ്വാദകൻ ആയിരുന്നു വിനയൻ.

പ്രിയേ, താൻ മിക്കവാറും വലിയൊരു എഴുത്തുകാരി  ആകുമെന്നാ തോന്നുന്നത്.

വിനയൻ, ഞാൻ അങ്ങനെ ഓർക്കാറില്ല. പൂക്കളെയും കിളികളെയും സ്നേഹിക്കാൻ, അവർക്ക് ഒരു താരാട്ട് പോലെ കുഞ്ഞു കവിതകൾ മൂളാൻ, പിന്നെ മേഘങ്ങളോട് കിന്നാരം പറയാൻ ഒക്കെയാണ് എനിക്കിഷ്ടം.

അത് ശരി, അപ്പോൾ എന്റെ കവിതകളെയും എന്നെയും ഒന്നും തനിക്കത്ര പിടുത്തം ഇല്ല അല്ലേ.

 

വിനയന്റെ ആ ചോദ്യം തന്റെ മനസിന്റെ ഉള്ളിലേയ്ക്ക് ഉള്ളതാണ് എന്ന് മനസിലായി.

എങ്കിലും ഒന്നും പറഞ്ഞില്ല, ചിരിച്ചു.

പ്രിയെ താൻ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.

എന്താ വിനയൻ, ഇപ്പോൾ ചോദിക്കാൻ?

ഒന്നുമില്ല പ്രിയ, വെറുതെ അറിയാൻ.

വെറുതെ അല്ല ആ ചോദ്യം എന്ന് അറിഞ്ഞിട്ടും എന്തോ മറുപടി പറയാൻ പറ്റുന്നില്ല.

അന്ന് രാത്രി നിലാവിനെ നോക്കി വെറുതെ ഇരിക്കാൻ ഒരു രസം തോന്നി. നിലാവിനന്ന്  പതിവിലും കൂടുതൽ  സൗന്ദര്യം ഉള്ളത് പോലെ. രാത്രി ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വന്നില്ല.

വിനയൻ തനിക്കു ആരൊക്കെയോ ആകുകയാണ് എന്ന് മനസിലായി. പ്രണയമാണോ അതോ ഇഷ്ടം മാത്രമോ. അറിയാൻ പറ്റുന്നില്ല.

 

പിറ്റേന്ന് രാവിലെ, തന്നെ കാത്തു നിന്ന വിനയനെ കണ്ടപ്പോൾ ഏറെ പരുങ്ങി. അന്ന് താൻ സ്കൂളിൽ ടീച്ചർ ആയി ജോലിക്ക് കയറിയിട്ട് ഒരു വർഷം തികച്ചും ആയിട്ടില്ല. വിനയൻ  കുറെ വർഷങ്ങൾ ആയി അവിടെ ഉണ്ട്.

പ്രിയേ, താൻ തിരക്കിൽ ആണോ.

എന്താ വിനയൻ?

 

എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്. താൻ എപ്പോഴാ ഫ്രീ ആകുന്നെ.

പറഞ്ഞോ വിനയൻ. എനിക്ക് ഫസ്റ്റ് പീരിയഡ് ക്ലാസ്സില്ല.

പ്രിയ, തനിക്കു അറിയാല്ലോ, ഞാൻ ഒരു കവി ആണെങ്കിലും തന്നെ കണ്ടപ്പോഴാണ് ആ കവിതകൾക്ക് അർത്ഥം ഉണ്ടായത്. തന്നെ എനിക്ക് ഇഷ്ടം ആണ്. എന്റെ കവിത കേട്ട് ബോർ അടിക്കാതെ സഹിക്കണം എങ്കിൽ, തന്നെ പോലെ ക്ഷമ ഉള്ള ഒരാളാവണം. അതുകൊണ്ടാണ് ഞാൻ..

 

മാഷിന്റെ കവിതകൾ കേട്ട് ബോർ അടിക്കാതെ സഹിക്കാൻ ഒരാള് വേണ്ടിട്ട് ആണോ വിവാഹം ചെയ്യുന്നേ.

തന്റെ ചോദ്യം കേട്ടു വിനയൻ വല്ലാതായി.

 

പ്രിയേ ഞാൻ, അങ്ങനെയല്ല പറഞ്ഞത്. അല്പം സാഹിത്യം കൂട്ടി പറഞ്ഞു എന്നേയുള്ളു.

മനസിലായി വിനയൻ, പക്ഷേ എനിക്ക് അങ്ങനെ ഒരു ജീവിതം സ്വപ്നം കാണാൻ പറ്റുന്നില്ല. അല്ലെങ്കിൽതന്നെ എനിക്ക് എന്റെ ജീവിതത്തെക്കുറിച്ച് സ്വപ്‌നങ്ങൾ ഇല്ല എന്ന് തന്നെ പറയുന്നത് ആകും ശരി.

അത് മാറണം പ്രിയേ, തനിക്കൊരു  ജീവിതം വേണ്ടേ.  ഇപ്പോൾ തന്നെ മുപ്പത് ആയില്ലേ. ഇനി എന്നെയല്ലെങ്കിലും വെച്ച് താമസിപ്പിക്കണ്ട. താൻ ആലോചിച്ചു പറഞ്ഞാൽ മതി.

അതും പറഞ്ഞു വിനയൻ ഓഫീസിലേയ്ക്ക് കയറിപ്പോയി . 

 

അന്ന് സ്കൂളിൽ ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല. ഓരോ നിമിഷവും വിനയന്റെ മുഖം മാത്രം. സ്കൂളിൽ നിന്നും ഹോസ്റ്റൽ മുറിയിൽ എത്തിയിട്ടും അവസ്ഥയ്ക്ക് മാറ്റം ഒന്നുമില്ലാതെ വന്നപ്പോൾ പുറകിലെ പൂന്തോട്ടത്തിൽ പോയി അല്പനേരം ഇരിക്കാം എന്ന് വെച്ചു.

ഓരോ പൂവിനോടും കുശലം പറഞ്ഞിരുന്ന തനിക്ക്  അന്ന് ഓരോ പൂവിനും വിനയന്റെ മുഖം ആണെന്ന് തോന്നി. ഓരോ പൂവിന്റെ സുഗന്ധവും വിനയൻ ഉപയോഗിക്കുന്ന പെർഫ്യൂമിന്റെ മണം പോലെ.

 

പ്രണയം മൊട്ടിട്ട് തുടങ്ങി, പക്ഷേ വിവാഹം,  അതാലോചിക്കാൻ മാത്രം ധൈര്യം വന്നില്ല. പിന്നെ വിനയനോട് എന്താ പറയുക എന്നായി. ആ ഇഷ്ടം വളർന്നു, പ്രണയമായി. രണ്ടുപേരും അത്യാവശ്യം പക്വതയുള്ളവർ ആയിരുന്നത്കൊണ്ട് തങ്ങളുടെ പ്രണയം മറ്റാരും അങ്ങനെ അറിഞ്ഞില്ല. സാധാരണ പോലെ സംസാരിക്കും. പക്ഷേ അപ്പോഴൊക്കെ കിളികളെയും കവിതകളെയും കുറിച്ച് ആയിരുന്നില്ല പറഞ്ഞിരുന്നത് എന്ന് മാത്രം.

വിനയന്റെ കുടുംബം, സ്വപ്‌നങ്ങൾ, വീട്ടിലെ ചുറ്റുപാടുകൾ എല്ലാം. തനിക്കു അന്നും ഒത്തിരിയൊന്നും പറയാൻ ഉണ്ടായിരുന്നില്ല. കുറെ വിനയന് അറിയാമായിരുന്നതു കൊണ്ട് ചോദിച്ചുമില്ല.

 

നല്ല തണുപ്പ്..

ഇനി ഇവിടെ നിന്നാൽ.,

പതിയെ റൂമിനകത്തേയ്ക്ക് കയറുമ്പോൾ പ്രിയ ഓർത്തു., താൻ ഇവിടെ വന്നത് ഒരു മെയ്‌മാസത്തിൽ ആണ്. വീണ്ടും പ്രിയ പഴയ ഓർമ്മകൾ തപ്പിയെടുത്തു.

വിനയന് തന്നെക്കാൾ പ്രായം ഉള്ളത് കൊണ്ടാവും ഇടയ്ക്കിടെ വിവാഹത്തെ കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

 

ഒരു ദിവസം വിനയൻ പറഞ്ഞു. പ്രിയേ, തനിക്കു നാളെ ഒരു അവധി എടുക്കാമോ. നമുക്ക് ഒരു വഴി പോകാം.

 

എവിടാ വിനയൻ, ഒരുപാട് ദൂരെ ആണോ.?

 

ഉം, കുറച്ചു ദൂരെ ആണ്.. ഒരുദിവസം താമസിക്കാൻ റെഡി ആയിക്കോ. തനിക്കു ഏറെ ഇഷ്ടമാകുന്ന സ്ഥലമാണ്.

അയ്യോ താമസിക്കാൻ ഒന്നും ഞാനില്ല. എനിക്ക് പേടിയാണ്.

 

എന്റെ പ്രിയേ, തനിക്കു എന്നെ പേടിയാണോ. ഞാൻ തന്നെ കല്യാണം കഴിക്കുന്നവരെ ഇങ്ങനെ തന്നെ ആകും നമ്മൾ. അവിടെ തനിക്കു പറ്റിയ പ്രകൃതി ഭംഗിയാണ്. ഇവിടെ നമുക്ക് ഒന്ന് ഫ്രീ ആയി സംസാരിക്കാനും പറ്റുന്നില്ല, അതുകൊണ്ടാണ്.

അങ്ങനെ വിനയനൊപ്പം ആദ്യം ആയി കാറിൽ. തന്റെ മുഖം കണ്ടിട്ട് വിനയന് ചിരി വന്നു.

എടൊ, തന്നെ ഞാൻ വേറെ ഒന്നിനുമല്ല കൊണ്ടുപോകുന്നെ. എനിക്ക് കുറച്ചു നേരം തന്നെ ഒന്ന് സംസാരിക്കാൻ കിട്ടണം. പിന്നെ താനും എങ്ങും പോകുന്നില്ലല്ലോ.

പതിയെ തന്റെ പേടി മാറി തുടങ്ങി. താനും എന്തൊക്കെയോ സംസാരിച്ചു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വലിയ മലകൾക്ക് ഇടയിലൂടെ, അല്ലെങ്കിൽ മലയടിവാരത്തിലൂടെ ഒക്കെയായി യാത്ര.

 

എന്ത് രസം ആണല്ലേ വിനയൻ..  മനുഷരെക്കാൾ സൗന്ദര്യം പ്രകൃതിക്ക്തന്നെയാണല്ലേ. എന്ത് ഭംഗിയാണ് ഇവിടം.

പിന്നെ വലിയ മലകൾ മാറി, തേയിലതോട്ടങ്ങളും മൊട്ടകുന്നുകളും, അവിടവിടായി ഓരോ വീടുകളും.

 

ഇവിടെ ഒരു ടൂറിസ്റ്റ് കേന്ദ്രം ആണ്. ഒരുപാട് ആളുകൾ കൂടി നിൽക്കുന്ന ഒരു കുന്നിൻ ചരിവ് കാണിച്ചുകൊണ്ട് വിനയൻ പറഞ്ഞു. കുട്ടികൾ കൂട്ടം കൂടി ഓടുന്നു. ഒരുപാട് പേരും ഫോട്ടോ എടുക്കുന്ന തിരക്കിൽ ആണ്. 

 

അവിടുന്ന് കുറച്ചു മുൻപോട്ടു ഇരിടവഴി അവസാനിക്കുന്നത് രാശി എന്ന ഹോംസ്റ്റേയിൽ  ആണ്. ഹോംസ്റ്റേ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. മനോഹരമായ അന്തരീക്ഷം, നല്ല കാറ്റ് വിനയൻ കാർ അവിടെ നിർത്തി. രണ്ടു പേർക്കും രണ്ടു മുറി പറഞ്ഞിരുന്നു. 

ഇടയ്ക്ക് മുറ്റത്ത് പൂന്തോട്ടത്തിൽ ഇരുന്നപ്പോൾ ചോദിച്ചു. തനിക്കു ഇഷ്ടപ്പെട്ടോ ഇവിടം.

തീർച്ചയായും, എന്ത് രസം ആണ് ഇവിടെ, ആരായാലും കവിത എഴുതി പോകും. വിനയൻ ഒരു കവിത എഴുതിക്കോ.

 

ഇപ്പോൾ എനിക്ക് പ്രകൃതിയെക്കുറിച്ചല്ല കവിത എഴുതാൻ തോന്നുന്നത്. എന്റെ മുൻപിൽ ഇരിക്കുന്ന ഈ പൂവിനെ കുറിച്ച് ആണ്.

തന്റെ മുഖം നാണം കൊണ്ട് അന്നാദ്യമായി ചുവന്നു. അന്ന് ഒരുപാട് നേരം ജീവിതത്തെ കുറിച്ച്, ആഗ്രഹങ്ങളെ കുറിച്ചൊക്കെ  രണ്ടുപേരും സംസാരിച്ചു.

ഒരുപാട് സ്വപ്‌നങ്ങൾ പങ്കുവെച്ചു. സന്ധ്യക്ക് ഈ മഞ്ഞുമേഘങ്ങൾ നോക്കി നിന്നു. അപ്പോൾ വിനയന്റെ കയ്യ് തന്റെ തോളിൽ ആയിരുന്നു.

 

പ്രിയേ, ഈ ജന്മവും വരും ജന്മവും എനിക്ക് തന്നെ മതി. ഇടയ്ക്ക് ചെവിയിൽ മന്ത്രിച്ചു. താനും അങ്ങനെ മനസ്സിൽ പറഞ്ഞു. ഇതുവരെ വേദനകൾ മാത്രം നിറഞ്ഞ തനിക്കു ദൈവം തന്ന സ്വർഗം ആണിതെന്ന് മനസ്സിൽ പറഞ്ഞു. ജീവിതത്തിൽ ആദ്യമായി താൻ ഒരു അനാഥ അല്ലെന്നു തോന്നി. ആരൊക്കെയോ ഉണ്ടെന്നുള്ള ബോധ്യത്തിൽ ആ നെഞ്ചിൽ മുഖം ചേർത്ത് ഇരുന്നപ്പോൾ മഞ്ഞുകണങ്ങൾ തലോടിയ പോലെ. ഒരു മഞ്ഞുതുള്ളി പോലെ നെറ്റിയിൽ വിനയൻ ഒരുമ്മ നൽകിയപ്പോൾ മുപ്പതു വർഷം ഉള്ളിൽ ഒതുക്കിയ വേദന ഒരു എങ്ങലായി മാറി. പ്രകൃതിയുടെ ഏഴു വർണ്ണങ്ങളും സാക്ഷിയാക്കി കയ്യിൽ കരുതിയിരുന്ന മോതിരം തന്റെ വിരലിൽ അണിയിച്ചുകൊണ്ട് വിനയൻ പറഞ്ഞു..

 

വിവാഹം വരെ എന്റെ സാമിപ്യം തനിക്കു കിട്ടാൻ, ഇനി മേൽ നീ ഒറ്റയ്ക്ക് അല്ലെന്നു നിനക്ക് മനസ്സിൽ ഉറപ്പിക്കാൻ എന്റെ സ്നേഹസമ്മാനം.

പിറ്റേന്ന് മടക്കയാത്രയിൽ ഇടയ്ക്കിടെ കയ്യിൽ പിടിച്ചുകൊണ്ട് വിനയൻ പ്രേമാർദ്രനായി   സംസാരിച്ചുകൊണ്ടിരുന്നു. ആ യാത്ര അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന് താനും ഓർത്തു. ഇടയ്ക്ക് ഒരു ആശ്രയമെന്നോണം ആ തോളിൽ തലചായ്ച്ചു. അപ്പോൾ തന്നെ ചേർത്ത് പിടിച്ചു വിനയൻ. ഇനി മുതൽ നീ ഒറ്റയ്ക്കല്ല, ഞാൻ ഉണ്ടെന്നു വീണ്ടും പറഞ്ഞു.

ജീവിതത്തിൽ സ്വപ്നം പോലും കാണാതിരുന്ന താനും സ്വപ്‌നങ്ങൾ കണ്ടു. പതിയെ ചിലരൊക്കെ തങ്ങളുടെ പ്രണയം അറിഞ്ഞു തുടങ്ങി. എല്ലാരും സപ്പോർട്ട് ചെയ്തല്ലാതെ   ആരും അരുതാത്തതു ഒന്നും പറഞ്ഞില്ല. വിവാഹം അധികം വൈകാതെ നടത്താൻ തീരുമാനിച്ചു. രജിസ്റ്റർ ഓഫീസിൽ വെച്ച് ചെറിയ ഒരു ചടങ്ങ് മതി എന്ന് എല്ലാരും പറഞ്ഞു. പിന്നെ വൈകുന്നേരം ഒരു പാർട്ടിയാകാം എന്ന് എല്ലാരും പറഞ്ഞപ്പോൾ വിനയനും വീട്ടിൽ അങ്ങനെ സമ്മതിപ്പിച്ചോളാം എന്ന് പറഞ്ഞു.

 

കുറച്ചു നാൾ കഴിഞ്ഞു ഒരു ദിവസം വിനയൻ സ്കൂളിൽ എത്തിയില്ല. അന്നൊക്കെ ഫേസ്ബുക്കും വാട്സ്ആപ്പും ഒന്നുമില്ലാതിരുന്നത് കൊണ്ട് ഒന്നും അപ്പപ്പോൾ അറിയാൻ പറ്റിയിരുന്നില്ല. ഫോൺ വിളിച്ചപ്പോൾ ആ നമ്പർ നിലവിൽ ഇല്ല.

കുറച്ചു ദിവസം ആയപ്പോൾ ആധിയായി. ദൈവമേ.. വിനയൻ, എന്ത് പറ്റിതാണോ? അവസാനം തങ്ങളുടെ പ്രണയം അറിയാവുന്ന ഒരു മാഷിനെ വിട്ടു തിരക്കാം എന്ന് വെച്ചു.

പോയിട്ട് വന്ന മാഷ്, ആരോടും മിണ്ടാതെ ഇരുന്നപ്പോൾ ആധി ഇരട്ടിയായി. എന്താ മാഷേ.. പലരും മാറിമാറി ചോദിച്ചപ്പോൾ മാഷ് എന്നെ ഒന്ന് നോക്കി.. എന്നിട്ട് പതിയെ പറഞ്ഞു.

ഇന്ന്‌ വിനയൻ മാഷുടെ കല്യാണം ആയിരുന്നു.

 

ഞെട്ടിയോ അതോ മരവിച്ചു പോയോ, അറിയില്ല. ആരൊക്കെയോ ആശ്വസിപ്പിച്ചു, പലരും വിനയനെ കുറ്റപ്പെടുത്തി.

മാഷ്, വിനയനെ കണ്ടോ? ഒരുവിധം അത്രയും താൻ ചോദിച്ചു.

ഉം, കണ്ടു. അയാളുടെ അമ്മാവന്റെ മോളാണെന്നു. ആലോചിച്ചു ഉറപ്പിച്ച വിവാഹം എന്തോ കാരണത്താൽ മാറിപോയപ്പോൾ എല്ലാരും കൂടെ വിനയൻ മാഷിനെ കൊണ്ട്..

പിന്നെ ഒന്നും കേൾക്കാൻ നിന്നില്ല.

 

പിന്നെ താനും ആ സ്കൂളിൽ പോയില്ല. അവിടെ വിനയന്റെ ഓർമ്മകൾ ഉണ്ടാകും. അത് വേണ്ട എന്ന് വെച്ചു. പക്ഷേ വിനയന്റെ ഓർമ്മകൾ ഇന്നും ഉണ്ട്. അതുകൊണ്ടാണല്ലോ ഇന്നും താൻ ഇവിടെ. പിന്നെ മറ്റൊരു സ്കൂളിൽ ജോലി ശരിയാക്കി. കഥകളുടെ ലോകത്ത് ഏറെ നേരം ചിലവഴിച്ചു. ഒരു പൂന്തോട്ടം തന്നെ ഉണ്ടാക്കി.

 

ഇന്നും അറിയില്ല, ദൈവം എന്തിനു തന്നോട് ഇങ്ങനെ ചെയ്തു എന്ന്. ആരുടെയോ അവിഹിതത്തിന്റെ ബാക്കി പത്രം ആയി അനാഥാലയത്തിൽ. കയ്യിലെ ഏലസ് കൊണ്ട് ഹിന്ദു ആണെന്ന് ഉറപ്പിച്ചു, ഒരു ഹിന്ദു പേര് അവിടുത്തെ അമ്മമാർ ഇട്ടു. അച്ഛൻ ആര്, അമ്മ ആര് എന്ന് ഇന്നും അറിയില്ല. ആരും തിരക്കി വന്നുമില്ല. അതുകൊണ്ട് തന്നെ ഒരിക്കലും ഒന്നും ആഗ്രഹിച്ചില്ല. ഒന്നിനോടും വലിയ താല്പര്യം തോന്നിയിട്ടുമില്ലാരുന്നു.

പക്ഷേ എന്തൊക്കെയോ ആഗ്രഹിച്ചു, വിനയൻ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോൾ. അനാഥ ആയിട്ടും എന്തൊക്കെയോ  പ്രതീക്ഷിച്ചു.

 

താൻ ഒരു അനാഥ ആണെന്ന് അറിഞ്ഞിട്ടും ആരും ഇല്ലെന്ന് അറിഞ്ഞിട്ടും ഈ ജന്മത്തിലും വരും ജന്മത്തിലും തന്നെ മതി എന്ന് പറഞ്ഞു കൊതിപ്പിച്ചവൻ, സ്വപ്നം കാണാൻ പഠിപ്പിച്ചിട്ട്, മോഹങ്ങൾ നൽകിയിട്ട്, ജീവിതം വെച്ചുനീട്ടിയിട്ട് എവിടെയോ പോയി.

17 വർഷം, ഇന്നും പിന്നെ ഒന്നും മോഹിച്ചിട്ടില്ല. വിനയൻ എവിടാണ് എന്ന് തിരക്കിയില്ല. തന്റെ തെറ്റാണ് എന്ന് തോന്നി. സ്വപ്നം കാണാൻ പോലും യോഗ്യത ഇല്ലാഞ്ഞിട്ടും എന്തൊക്കെയോ മോഹിച്ചതിന്, ഈശ്വരൻ തന്ന ശിക്ഷ.

 

ചിലർ അല്ലെങ്കിലും അങ്ങനെ ആണ്. മോഹിപ്പിച്ചിട്ട് കടന്നു കളയും. അവർ പറയുന്നത് വെറും വാക്കുകൾ ആകാം. പക്ഷേ കേൾക്കുന്നവർക്ക് അത് ജീവിതം തന്നെ ആണ്. നാളെ ഒന്നുമറിയാത്ത പോലെ അവർ പുറം തിരിഞ്ഞു നടക്കും. എങ്ങനെ പറ്റുന്നു, ഇങ്ങനെ പറ്റിക്കാൻ. ആരുടെയെങ്കിലും വാക്ക് വിശ്വസിച്ച ഒരു സ്ത്രീയുടെ അടിവയറ്റിൽ കുരുത്ത ശാപം ആണ് താൻ.

 

നല്ല തണുപ്പ് ഉണ്ടായിട്ടും പുതപ്പ് പോലും എടുക്കാൻ തോന്നിയില്ല. ഈ തണുപ്പ്, ഇവിടെ ആണ് ജീവിതം പഠിച്ചത്. ഇവിടെ വരുന്നത് തന്നെ ഓർമ്മ പുതുക്കൽ ആണ്. ഒന്നും ആഗ്രഹിക്കാതെ ഇരിക്കാൻ, സ്ത്രീക്ക് ഒരു ആണ് കൂട്ടായിട്ട് ഇല്ലെങ്കിലും ജീവിക്കുമെന്ന് സ്വയം മനസിലാക്കാൻ ഞാൻ ആയി മാത്രം ജീവിക്കാൻ വേണ്ടി ഒരു ഓർമ്മ പുതുക്കൽ.

പിറ്റേന്ന് രാവിലെ പോകാൻ റെഡി ആയപ്പോൾ ആശ വന്നു.

 

മാഡം, മാഡത്തിന് ഒരു വിസിറ്റർ ഉണ്ട്.

ഇവിടെ തനിക്കു ഒരു വിസിറ്ററോ. ആരോടും പറയാതെ ഉള്ള ഈ ഒളിച്ചോട്ടം എങ്ങനെ മറ്റൊരാൾ അറിഞ്ഞു.

തന്നെ പ്രതീക്ഷിച്ചു നിന്ന ആളെ കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ഒരു വിമ്മിഷ്ടം.

വിനയൻ..

 

ഈ ജന്മത്തിലും വരും ജന്മത്തിലും കൂടെ കാണും എന്ന് മോഹിപ്പിച്ചവൻ.. എന്താണ് ഇപ്പോൾ ഈ വരവിന്റെ ഉദ്ദേശം. നരച്ചു തുടങ്ങി, മുഖത്ത് പഴയ സന്തോഷം ഇല്ല. മൗനം വല്ലാതെയായപ്പോൾ വിനയൻ പതിയെ വിളിച്ചു..

പ്രിയേ..

വിനയൻ എന്താ ഇവിടെ? ഫാമിലി എല്ലാവരും ഉണ്ടോ? ഞാൻ ഇവിടെ ഉണ്ടെന്നു എങ്ങനെ മനസിലായി?

 

ഞാൻ ഒറ്റയ്ക്ക് ആണ് പ്രിയേ വന്നത്. തന്നെ തിരഞ്ഞു പിടിച്ചു സ്കൂളിൽ എത്തിയപ്പോൾ താൻ ലീവ് ആണെന്ന് അറിഞ്ഞു. ഇവിടെ കാണും എന്ന് തോന്നി. 

ഒന്ന് നിർത്തിയിട്ട് വിനയൻ ചോദിച്ചു?

നീ വിവാഹം കഴിച്ചില്ല അല്ലേ?

 

ഇല്ല വിനയൻ. ഒരിക്കൽ ഇവിടെ വെച്ച് എന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണ്. പിന്നെ മറ്റൊരാളെ കുറിച്ച് ഓർക്കാൻ എനിക്ക് പറ്റിയിട്ടില്ല.

പ്രിയ, അവളുടെ കയ്യിലെ മോതിരം അങ്ങോട്ടുമിങ്ങോട്ടും തിരിച്ചുകൊണ്ടിരുന്നു.

പ്രിയേ ഞാൻ തന്നോട് ചെയ്തത് വലിയൊരു അപരാധം ആണ്. പക്ഷേ എന്റെ സാഹചര്യം അതായിരുന്നു. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. പിന്നെ അമ്മയെയും ഞങ്ങളെയും സംരക്ഷിച്ചത് അമ്മാവൻ ആയിരുന്നു. മാറിപ്പോയ വിവാഹത്തിന് പകരം ഞാൻ അവളെ താലി ചാർത്തിയില്ലെങ്കിൽ ജീവൻ ഒടുക്കുമെന്ന് അമ്മ, അമ്മാവന്റെ സങ്കടം, എനിക്ക് മറ്റൊന്നും പറ്റുമായിരുന്നില്ല.

 

പക്ഷേ മനസ്സിൽ നീ മാത്രം ആയിരുന്നു. അവളെ ഞാൻ ഭാര്യ എന്ന നിലയിൽ  സ്നേഹിച്ചിരുന്നില്ല. കുറച്ചു നാളുകൾ കഴിഞ്ഞു ഒരുവിധമെങ്കിലും എനിക്ക് അവളെ ചേർത്ത് പിടിക്കാൻ പറ്റിയപ്പോൾ. അപ്പോഴും കുറ്റബോധം എന്നെ വേട്ടയാടിയിരുന്നു. എഴുത്തു മറന്നു. വായന പോലും ഇല്ലെന്നായി. ഒരു മകൻ പിറന്നു, അപ്പോഴേയ്ക്കും എന്റെ മനസ്സിൽ നീ ഉണ്ടെന്നു അല്ലെങ്കിൽ നീ കഴിഞ്ഞിട്ടേ ഉള്ളൂ അവൾക്ക് ഞാൻ എന്ന് അവൾ മനസിലാക്കിയിരുന്നു. അമ്മയും അമ്മാവനും ഒക്കെ കുറ്റബോധം തോന്നി, എന്റെ അവസ്ഥ കണ്ടിട്ട്. പിന്നെ ജീവിതം തള്ളി നീക്കി കൊണ്ടുപോകാൻ പഠിച്ചു. മകന്റെ ചിരിയും കളിയും ഒക്കെ എന്നെ ഒരുപാട് മാറ്റി. നീ ഉള്ളിൽ ഉണ്ടായിട്ടും പലപ്പോഴും മറക്കാൻ ശ്രമിച്ചു. പക്ഷേ അപ്പോഴേയ്ക്കും വിധി മറ്റൊരു ക്രൂരത കാട്ടി.

 

അവളെ എന്റെ കൂടെ നിർത്തിയില്ല. കൂടെ നിന്നപ്പോൾ അധികം സ്നേഹിച്ചിരുന്നില്ല എങ്കിലും അവൾ എന്റെ മകന്റെ അമ്മയല്ലേ. തന്നോട് ഞാൻ ചെയ്ത തെറ്റിന് ദൈവം എന്നെ ശിക്ഷിച്ചതാവം എന്ന് കരുതി. ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞു, അവൾ പോയിട്ട്. തന്റെ മുൻപിൽ വരാൻ ധൈര്യം ഇല്ലായിരുന്നു. ഒരു കേൾവിക്കാരി മാത്രം ആയിരുന്ന പ്രിയ, പെട്ടെന്ന് ചോദിച്ചു.

 

പിന്നെ ഇപ്പോൾ എങ്ങനെ ധൈര്യം ഉണ്ടായി?

അമ്മ തീരെ വയ്യാണ്ടായി. മരിക്കുന്നതിന് മുൻപ് തന്നോട് പ്രായശ്ചിത്തം ചെയ്യാൻ, അമ്മ എന്നെ നിർബന്ധിക്കുന്നു. ഞാൻ നിന്നെ എന്നും സ്നേഹിച്ചിട്ടേ ഉള്ളൂ പ്രിയേ.

എന്നോട് ക്ഷമിക്കാൻ തനിക്കു കഴിയില്ലേ. എന്റെ മോന്റെ അമ്മ ആയി, ഇനിയുള്ള കാലം എന്റെ കൂടെ?

വിനയൻ പ്രിയയെ നോക്കി. ഒട്ടും ആലോചിക്കാതെ മറുപടി വന്നു.

 

ഇല്ല വിനയൻ, ഇനി ഒരിക്കൽ കൂടി ഒരു പരീക്ഷണവസ്തു ആകാൻ ഞാൻ ഇല്ല. ആരുടെയും പകരക്കാരി ആകാനും. ഇന്നും വിനയൻ മാത്രമേ ഉള്ളൂ എന്റെ മനസ്സിൽ. പക്ഷേ ഇനി എനിക്ക് വയ്യ.

 

എന്നെ പ്രതീഷിക്കുന്ന കുറച്ചു കുഞ്ഞുങ്ങൾ അനാഥലയത്തിൽ ഉണ്ട്. വിനയന്റെ കൂടെ വന്നാൽ ഒരാളുടെ അമ്മ ആകാനല്ലേ പറ്റൂ. അവിടെ കുറെ കുട്ടികളുടെ അമ്മയാണ് ഞാൻ. അവർക്ക് ഞാൻ വേണം വിനയൻ. എനിക്ക് ഞാൻ ആയാൽ മതി. എന്റെ കവിതകൾ, പൂക്കൾ പിന്നെ എന്റെ കുട്ടികൾ.. അവിടെ എന്റെ ലോകം തീരട്ടെ.

 

ഈ മോതിരം എനിക്ക് എല്ലാത്തിനും ഉള്ള കരുത്തു നൽകുന്നുണ്ട്. കൂടുതൽ ഒന്നും മോഹിക്കാതെ ഇരിക്കാൻ, ഞാൻ ആരാണ് എന്നുള്ള തിരിച്ചറിവിന് ഒക്കെ ഇതുമതി വിനയൻ.

വിനയൻ അമ്മയ്ക്ക് വേണ്ടി, അമ്മാവന് വേണ്ടിയൊക്കെ എന്നെ ഉപേക്ഷിച്ചപ്പോൾ ഒത്തിരി തകർന്നു പോയിരുന്നു. ഇപ്പോൾ എനിക്ക് സങ്കടങ്ങൾ ഇല്ല, പരാതിയില്ല. സ്ത്രീ, പുരുഷനൊപ്പം അല്ലാതെ ജീവിക്കുമ്പോൾ കൂടുതൽ കരുത്താർജിക്കും എന്ന് ഞാൻ പഠിച്ചു.

എന്നെ തിരക്കി വന്നതിൽ സന്തോഷം വിനയൻ. ജീവിത വഴിത്താരയിൽ ഇനിയും കണ്ടുമുട്ടാതിരിക്കട്ടെ.

എനിക്കുള്ള ടാക്സി വന്നിട്ടുണ്ട്.

 

അതും പറഞ്ഞു നടന്നു നീങ്ങുന്ന പ്രിയയെ നോക്കി വിനയൻ നിന്നു. ഒന്നും പറയാൻ ഇല്ലായിരുന്നു അവളുടെ തീരുമാനത്തിനു മുൻപിൽ. അതൊരു അബലയായ പെണ്ണല്ല. ഇരുത്തം വന്ന സ്ത്രീയാണ്. അവളാണ് സ്ത്രീ. സ്വന്തം തീരുമാനമുള്ളവൾ.

വിനയൻ, അവൾ തിരിഞ്ഞു പോലും നോക്കാതെ പോകുന്നത് നോക്കി നിന്നു.

 

English Summary: Prenayam Rasiyod, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com