ADVERTISEMENT

ഒരു ഡിസംബറിൽ (കഥ)

അന്ന് ഡിസംബറിലെ ഒരു തണുപ്പുള്ള ദിവസമായിരുന്നു. പതിവ് പോലെ ജെയിംസ് തന്റെ പ്രഭാത സവാരിക്കിറങ്ങി. റോഡരികിൽ നിന്നും പതിഞ്ഞ ഒരു ശബ്ദം കേട്ടാണ് ജെയിംസ് അങ്ങോട്ടേക്ക് ചെന്നത്. അവിടെ തണുത്ത് വിറച്ച് ഒരു കുഞ്ഞു രൂപം, രൂപം എന്നും പറയാൻ കഴിയില്ല. അത്രക്കും അവശതയിൽ ആയിരുന്നു അത്. ജനിച്ച് ദിവസങ്ങൾ മാത്രമുള്ള അതിനെ ജെയിംസ് വീട്ടിൽ കൊണ്ട് വന്ന്  ടോമി എന്ന് പേരിട്ടു വളർത്തി. ജെയിംസും ടോമിയും വളരെ വേഗം അടുത്തു. ദിവസവും ജെയിംസ് നടക്കാൻ പോകുമ്പോൾ ടോമിയേയും കൂടെ കൂട്ടി.

 

ഇനി ടോമിയരാണെന്ന് അറിയണ്ടേ? വെള്ള പുതച്ച ദേഹത്ത് ചാര നിറത്തിൽ പുള്ളികളുള്ള ഒരു മിടുമിടുക്കനായ പട്ടിക്കുട്ടിയാണ് ടോമി. എന്ത് പറഞ്ഞു കൊടുത്താലും വളരെ വേഗം അത് ഗ്രഹിക്കുന്ന ടോമിയെ ജെയിംസിന് മാത്രമല്ല അയൽക്കാർക്കൊക്കെ വളരെ ഇഷ്ടമായിരുന്നു. ‘‘ടോമി’’- എന്ന് ജെയിംസ് വിളിച്ചാൽ എവിടെ നിന്നാണെങ്കിലും ഓടി വന്ന് ജെയിംസിന്റെ മുന്നിൽ വാലാട്ടി ഇരിക്കും. അവരുടെ തൊട്ടടുത്ത വീട്ടിൽ ഒരു ഡോക്ടർ ഉണ്ടായിരുന്നു. പേര് അനൂപ്. ടോമിക്ക് ‍ഡോ. അനൂപിനെ വലിയ ഇഷ്ടമാണ്. ജെയിംസ് ജോലിക്ക് പോകുമ്പോൾ ടോമിയെ അനൂപിനെ ഏൽപ്പിച്ചിട്ടാണ് പോകാറുള്ളത്.

 

ഒരു ദിവസം പതിവ് പോലെ ജെയിംസ് ടോമിയെയും കൂടി നടക്കാനിറങ്ങി. ജെയിംസിന്റെ ഓരം പറ്റിയാണ് ടോമിയുടെ നടത്തം. പെട്ടന്ന് ജെയിംസ് ബോധം മറഞ്ഞ് റോഡിൽ വീണു. ടോമി കുറേ നേരം ജെയിംസിനെ ഉണർത്താൻ വേണ്ടി കുരച്ചു. പക്ഷേ ജെയിംസ് ഉണർന്നില്ല. ടോമിക്ക് എന്തോ മനസ്സിലായത് പോലെ അവരുടെ അയൽക്കാരനായ അനൂപിന്റെ വീട്ടിലേക്കെത്തി.

 

വീടിന് പുറത്ത് ടോമിയുടെ അസാധാരണമായ കുര കേട്ടാണ് അനൂപ് വാതിൽ തുറന്നത്. അനൂപ് പുറത്ത് വന്നതും ടോമി അനൂപിന്റെ പാന്റിൽ കടിച്ചു വലിച്ചു. ടോമിയുടെ അസാധാരണമായ പെരുമാറ്റം അനൂപിൽ സംശയം ഉണർത്തി. അനൂപ് ടോമിയോടൊപ്പം ചെന്നു. വഴിയരികിൽ ബോധം കെട്ട് കിടക്കുന്ന ജെയിംസിന്റെ അടുത്തേക്കാണ് ടോമി അനൂപിനെ എത്തിച്ചത്. അനൂപ് പെട്ടെന്ന് ജെയിംസിനെ ആശുപത്രിയിൽ എത്തിച്ചു.

 

അങ്ങനെ ടോമിയുടെ സന്ദർഭോചിതമായ പെരുമാറ്റം കാരണം ജെയിംസ് തിരികെ ജീവിതത്തിലേക്ക് നടന്നു. അങ്ങനെ ടോമിയൊരു ഹീറോയായി. പക്ഷേ അവരുടെ ആ സന്തോഷം അധിക നാൾ നീണ്ടു നിന്നില്ല. ജെയിംസിന് ഗൾഫിൽ ഒരു ജോലി ശെരിയായി. പക്ഷേ ടോമിയെ കൊണ്ടുപോകാൻ കഴിയില്ല. ജെയിംസ് ആകെ വിഷമത്തിൽ ആയി. അവസാനം ടോമിയെ അനൂപിനെ ഏൽപ്പിച്ച് ജെയിംസ് ഗൾഫിലേക്ക് യാത്രയായി. പിന്നീട് അനൂപും ജെയിംസും തമ്മിൽ എഴുതുന്ന കത്തുകളിൽ ടോമി നിറഞ്ഞു നിന്നു. ഒരു ദിവസം ടോമി കളിച്ചു കൊണ്ടിരുന്ന ബോൾ ഗേറ്റിന് പുറത്തേക്ക് പോയി. അതിന് പിന്നാലെ ഓടിയ ടോമിയെ ഒരു വണ്ടി ഇടിച്ചു തെറിപ്പിച്ചു. പാവം ടോമി അവിടെ വെച്ച് തന്നെ മരണപ്പെട്ടു.

 

ഇത് ജെയിംസിനെ അറിയിക്കാനായി അനൂപ് കത്തയച്ചു. പക്ഷേ ജെയിംസിന്റെ അടുത്ത് നിന്നും തിരിച്ചു മറുപടി ഒന്നും വന്നില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ അനൂപിന് ഒരു കത്തു കിട്ടി. അത് ജെയിംസിന്റെ സഹപ്രവർത്തകൻ അയച്ചതായിരുന്നു. അതിൽ ടോമി മരിച്ച അതേ ദിവസം ഏകദേശം അതേ സമയത്തു തന്നെ ഒരു വാഹനാപകടത്തിൽ ജെയിംസും മരണപ്പെട്ടു എന്ന വാർത്തയായിരുന്നു. അപ്പോഴാണ് ടോമിയും ജെയിംസും തമ്മിലുള്ള ബന്ധം എത്ര ആഴത്തിലുള്ളതാണെന്ന് അനൂപിന് മനസ്സിലായത്. അന്ന് ഡിസംബറിലെ ഒരു ഞായറാഴ്ചയായിരുന്നു. ഇന്നും ഡിസംബറിലെ ആ ദിവസം ഓർക്കുമ്പോൾ അനൂപിന് ഞെട്ടലാണ്.

 

English Summary: Writers Blog - Oru Decemberil, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com