ADVERTISEMENT

അവിയൽ പ്രണയ കഥ (കഥ)

 

‘‘നീ എന്താ സന്ധ്യാ സമയം ആയിട്ടും വിളക്ക് കൊളുത്താത്തത്?’’

 

‘‘എനിക്ക് കൈയ്യും കാലും വിറയ്ക്കുന്നു. ഓർത്തിട്ട് തന്നെ പേടിയാകുന്നു. ഇനി നമ്മൾ എന്താ ചെയ്യുക ദാസേട്ടാ. നിങ്ങൾ ഒന്ന് അവിടെ വരെ പോയി വരുമോ?’’ 

 

‘‘നിനക്ക് ഭ്രാന്താണോ. ബാംഗ്ലൂരിൽ നിന്നും ഇന്നു രാവിലെയല്ലേ ഞാൻ വന്നത്. അവൻ ആ മദാമ്മ കൊച്ചിനെ കെട്ടും എന്ന ഉറപ്പിൽ തന്നെയാണ്’’

 

നമ്മൾ ഇനി എങ്ങനെ തറവാട്ടിൽ പോയി ഇതെല്ലാം പറയും. നാട്ടുകാർ എന്തൊക്കെ പറഞ്ഞ് ഉണ്ടാക്കും. 

 

‘‘ആ കാഴ്ചപ്പാട് ഒക്കെ എന്നോ നമ്മുടെ നാട്ടിൽ മാറി. കല്യാണം തീരുമാനിക്കാനും നടത്താനും വരെ ഈ പറഞ്ഞവര് കാണും. അതു കഴിഞ്ഞാലേ ഈ പറഞ്ഞ ഒറ്റ ഒരെണ്ണം നമ്മുടെ പരിസരത്ത് വരില്ല’’

 

‘‘നിങ്ങൾ അപ്പോൾ ഉറപ്പിച്ചോ? 

 

‘‘ഞാൻ ഒന്നും ഉറപ്പിച്ചിട്ടില്ല. പക്ഷേ എതിർത്തിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. എന്തായാലും പുറത്തറിയും മുൻപ് ഫ്രാൻസ്കാരീടെ വിവരങ്ങൾ തപ്പി എടുക്കട്ടെ. ഏത് മദാമ്മയായാലും വീടും നാടും കൂടും കാണാതിരിക്കില്ലല്ലോ’’ 

 

‘‘എന്റെ കൃഷ്ണാ... ട്രാവൽ ആൻഡ് ടൂറിസം പഠിക്കാൻ പോകണമെന്ന് പറഞ്ഞ് അവൻ വാശി പിടിച്ചപ്പോൾ വീടൊരു ടൂറിസ്റ്റ് കേന്ദ്രം ആക്കുമെന്ന് സ്വപ്നേപി നിരീച്ചില്ല’’

 

പിറുപിറുത്തു കൊണ്ട് വിളക്ക് കൊളുത്തി നടക്കുമ്പോൾ അറിയാതെ മനസിലേക്ക് കയറി വന്നത് ‘‘മെറീന ലോസിറ്റ’’ എന്ന ഭാവി മരുമകൾ നിലവിളക്കും കൊളുത്തി നാമം ചൊല്ലാൻ ഇരിക്കുന്നതാണ്. 

 

ആരോടും പറയരുതെന്ന് ദാസേട്ടൻ പറഞ്ഞിട്ടും സത്യയ്ക്ക് മനസ് എവിടെയെങ്കിലും കൊട്ടി കമിഴ്ത്തിയില്ലെങ്കിൽ വട്ടാകും എന്ന അവസ്ഥയായി. ഉടനെ റീനയ്ക്ക് നമ്പർ അമർത്തി കാര്യം ഒറ്റ ശ്വാസത്തിൽ പറഞ്ഞു. അതൊന്നും ശരിയാകില്ല എന്ന ഉറച്ച തീരുമാനത്തിൽ രണ്ടു പേരും എത്തി. 

 

രണ്ട് ദിവസമായി ഘനീഭവിച്ച് നിന്ന നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് വീട്ടിലേക്ക് ആദ്യമായി ഫ്രാൻസിൽ നിന്നും ഫോൺ ചിലച്ചു. അഭി മോന്റെ എല്ലാ ആഗ്രഹവും കണ്ണും അടച്ച് നടത്തി കൊടുക്കുന്ന അച്ഛനും അമ്മയുമാണ്. എന്നാൽ ഈ കാര്യത്തിൽ മാത്രം സത്യ പിന്നോട്ട് കാല് വെച്ചു. 

 

കടവും പരിവട്ടവുമായി പോകുന്ന ഒരേ ഒരു ഹോട്ടൽ ആണ് വരുമാന മാർഗമായി ഉള്ളത്. അത് ഒരുവിധത്തിൽ നന്നാക്കി എടുക്കാൻ ഉള്ള ആലോചന കൊടുംപിരി കൊണ്ട സമയത്താണ് അഭീടെ പ്രേമത്തിന്റെ കഥ വിളിച്ചു പറയുന്നത്. 

 

ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ മരുമകൾ ഈ വീട്ടിൽ വരണമെന്നായിരുന്നു എന്റെ ആഗ്രഹം. കോൻഡിനെന്റൽ ഫുഡും അറബിക് ഫുഡും ഒക്കെയായി ഹോട്ടൽ വളരുന്നത് സ്വപ്നം കണ്ടു. ഇംഗ്ലീഷുകാരി കൊച്ചിന് ഞാൻ എന്ത് ഉണ്ടാക്കി കൊടുക്കും കഴിക്കാൻ? അതൊക്കെ പോട്ടെ. അവിടേം ഇവിടേം തൊടാത്ത ഡ്രസും ഇട്ട് ഇതിലൂടെ നടന്നാൽ എന്താകും അവസ്ഥ? 

 

ശ്ശൊ.. ആലോചിച്ചിട്ട് എങ്ങനെ മുടക്കുമെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല. റീനയെത്തന്നെ വിളിച്ച് ചോദിക്കാം.. 

 

‘‘എടീ.. എന്റെ ഉറക്കം പോയി. ആ പെണ്ണിനെ അവൻ കെട്ടിക്കൊണ്ട് വന്നാൽ ഞാൻ എങ്ങനെ മിണ്ടും? സ്കൂളിൽ പഠിക്കുമ്പോഴേ കണ്ണിന് നേരെ കണ്ടുകൂടാത്ത വിഷയമായിരുന്നു ഇംഗ്ലീഷ്. ഇപ്പോഴും പാസ്റ്റ് ടെൻസും പ്രസന്റ് ടെൻസും അറിയില്ല’’. 

 

‘‘അതൊക്കെ ഇനി നിനക്ക് മരുമകളോട് ചോദിച്ച് പഠിച്ചൂടെ’’

 

‘‘നീ എന്താ എന്നെ കളിയാക്കുവാൻ നിൽക്കയാണോ?’’ 

 

‘‘എടീ.. സാധാരണ ഇതുപോലെ ഒരു കാര്യം വന്നാൽ അമ്മമാർ ആയിരിക്കും കുറച്ചെങ്കിലും മക്കളുടെ വശം പറയുക. എന്നാൽ നിന്റെ വീട്ടിൽ അച്ഛനും മകനും ഒറ്റക്കെട്ടാണ്. ഇനി നീ മാത്രം എതിർത്ത് നിന്നിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. അല്ലെങ്കിലും രാജ്യം ഏതായാലും എന്താ?’’

 

‘‘ഓഹോ .. നീയും കാലുമാറി അല്ലേ’’.. 

 

കല്യാണ ഒരുക്കങ്ങൾക്കായി ദാസേട്ടൻ ഓടി നടക്കുമ്പോഴും തന്റെ നടക്കാതെ പോയ സ്വപ്നത്തിലെ ഹോട്ടൽ മാനേജ്മെന്റ് മരുമകൾ ആയിരുന്നു മനസ്സു നിറയെ. അവളുടെ കൂടെ കേക്ക് ബേക്ക് ചെയ്യുന്നതും ഐസ്ക്രീം ഉണ്ടാക്കുന്നതും പിസ ഉണ്ടാക്കുന്നതും എല്ലാം വെളുപ്പാം കാലത്ത് കണ്ട സ്വപ്നങ്ങളായിരുന്നു. എന്നിട്ടും അതൊന്നും ഇനി വെളിച്ചം കാണാൻ പോകുന്നില്ലല്ലോ. അല്ലെങ്കിലും ഞാൻ ഇവിടെ സ്വപ്നം കണ്ടപ്പോൾ ഫ്രാൻസിലെ നേരം എന്തായിരുന്നുവോ ആവോ ? 

 

ഒരു ദീർഘ നിശ്വാസത്തോടെ കണ്ണാടിയിൽ നോക്കി. ഇനി ടൗണിൽ പോകുമ്പോൾ മോഡേൺ ഡ്രസ് വാങ്ങാൻ ദാസേട്ടനോട് പറയണം. മരുമകളുടെ ഫാഷന്റെ മുമ്പിൽ കുറയരുതല്ലോ.. 

 

ജനലിലൂടെ കല്യാണത്തിന്റെ പന്തൽ ഒരുക്കത്തിൽ നോക്കി നിന്നു .. അഭിജിത്ത് രാമദാസ് വെഡ്സ് മെറീന ലോസിറ്റ എന്ന പേരിൽ കണ്ണുകൾ ഉടക്കി.

 

കല്യാണം കഴിഞ്ഞ് പെണ്ണ് വീട്ടിൽ കയറിയ ഉടനെ ചെവിയിൽ പറഞ്ഞ രഹസ്യം കേട്ട് സത്യ ഞെട്ടി. എന്റെ നിൽപ്പ് കണ്ട് അവൾ ഒറ്റക്കണ്ണ് അടച്ച് കാണിച്ച് ചിരിച്ചും കൊണ്ട് കയറി പോയി. 

 

അന്ന് രാത്രി അവൾടെ ആഗ്രഹപ്രകാരം അമ്മായിയമ്മ മരുമകൾക്ക് ആ രഹസ്യം നടത്തി കൊടുത്തു. അത് സത്യയുടെ കൈപ്പുണ്യം നിറഞ്ഞ അവിയൽ ആയിരുന്നു. മെറീനയെ അഭിജിത്തിലേക്ക് അടുപ്പിച്ചത് അമ്മയുടെ കൈപ്പുണ്യമുള്ള നാടൻ വിഭവങ്ങളായിരുന്നു. 

 

കല്യാണം കഴിഞ്ഞ് എടുത്ത ഒരു മാസത്തെ ലീവിൽ വിരുന്നുകാരെ നിരാശപ്പെടുത്തി കൊണ്ട് എങ്ങും പോകാതെ വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പം ഇരുന്നാലോ എന്ന ഐഡിയ മെറീനയുടേതായിരുന്നു. അഭിയും സമ്മതിച്ചു.

 

ഒരുമാസം കഴിഞ്ഞപ്പോൾ മൾട്ടി കുസൈൻ റെസ്റ്റോറന്റ് ആശയവുമായി അവൾ വന്നു. ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് അമ്മായിയച്ഛന്റെ ഹോട്ടലിൽ നാടൻ വിഭവങ്ങൾ അടുക്കളയിൽ നിന്ന് ഉണ്ടാക്കാൻ അവൾക്ക് ഒരു മടിയും തോന്നിയില്ല. 

 

ഫ്രെഞ്ചുകാരിയുടെ നാടൻ വിഭവങ്ങൾ എന്ന പേരിൽ സംഭവങ്ങൾ വൈറലായി. സമൂഹമാധ്യമങ്ങളിൽ തരംഗമായി. ന്യൂസ് ചാനലുകളും ഫ്ലാഷുകളുമെല്ലാം നാടൻ വേഷത്തിൽ മംഗ്ലീഷ് പറയുന്ന മരുമകൾക്ക് പുറകെ. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും പാചക ചാനലുകളിൽ മിന്നും താരമായ മരുമകളുടെ കൂടെ നിൽക്കുമ്പോൾ അവിശ്വസീനമായ സന്തോഷമായിരുന്നു ഇരുവർക്കും. 

 

കടങ്ങൾ എല്ലാം വീട്ടി കഴിഞ്ഞപ്പോൾ ഇനി ഒരു ശാഖ നമുക്ക് ബെംഗളൂരുവിലും തുടങ്ങിയാലോ അമ്മേ എന്ന മെറീനയുടെ ചോദ്യം കേട്ടപ്പോൾ സത്യ അക്ഷരാർത്ഥത്തിൽ വിഷമവും കുറ്റബോധവും ചേർന്ന സ്വരത്തിൽ പറഞ്ഞു ‘‘ഞാൻ വെളുപ്പിന് സ്വപ്നം കണ്ടപ്പോൾ ഫ്രാൻസിലും വെളുപ്പ് ആയിരിക്കും. എനിക്ക് അറിഞ്ഞൂടാ എന്റെ കൃഷ്ണാ.. മാപ്പിൽ മാത്രമേ ഞാൻ ഫ്രാൻസ് കണ്ടിട്ടുള്ളു’’

 

English Summary : Aviyal Pranayakadha, Malayalam Short Story  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com