ഒരു സര്‍പ്രൈസ് ആകട്ടെ എന്ന കരുതിയാണ് അവളുടെ വീട്ടില്‍ എത്തിയത്; പക്ഷേ അവിടെ കണ്ട കാഴ്ച നടുക്കി...

മഞ്ഞുമൂടിയ പ്രണയവഴികളില്‍ (കഥ)
SHARE

മഞ്ഞുമൂടിയ പ്രണയവഴികളില്‍ (കഥ)

“ഇനി നീയെന്നാണ് കിനാവില്‍ വരിക..

ഇനി എന്നാണു വാക്കുകളുടെ നീലതടാകങ്ങള്‍ ഈ ദേവാങ്കണത്തില്‍ ഒരുക്കുക..

ഈ കാത്തിരുപ്പിനു ശലഭഭംഗിയുണ്ടെന്നു...

നീ പറഞ്ഞത് ഞാനിപ്പോഴും മറന്നിട്ടില്ല....”

ഖലീല്‍ ജിബ്രാന്റെ വാക്കുകൾ..

ഊട്ടി...ഈ ഉയരങ്ങളിലെ നിന്‍റെ തണുപ്പില്‍ ആഴ്ന്നിറങ്ങാന്‍ ഞാന്‍ കൊതിക്കുന്നു..ഇവിടെയായിരുന്നു എന്‍റെ പ്രണയം ആദ്യമായി  മൊട്ടിട്ടത്..

അന്ന് നിന്‍റെ തണുപ്പില്‍ എന്‍റെ പ്രണയം കൂടുതല്‍ തരളിതമായിരുന്നു..

ഒരു നനുത്ത മഞ്ഞിന്‍പ്രഭാതത്തില്‍ മഞ്ഞപ്പൂക്കള്‍ നിറഞ്ഞ പച്ചപുല്‍മേടുകളില്‍ ഒന്നില്‍ വെച്ചാണ് , അന്നാദ്യമായ് വിരിഞ്ഞ മഞ്ഞപ്പൂക്കളോന്നടര്‍ത്തി മുന്നിലേക്ക്  നീട്ടി, മൃദുവായി അവളുടെ പേര് ഞാന്‍ വിളിച്ചത്  ...

അവളുടെ വിടര്‍ന്ന നീലക്കണ്ണുകളുടെ ആഴങ്ങളിലേക്ക് നോക്കി ഞാനെന്‍റെ പ്രണയം പറയാന്‍ മറന്നു പോയിരുന്നു...

കുഞ്ഞുപുല്‍നാമ്പുകളിലെ ആദ്യമഞ്ഞിന്‍ കണം പോലെ നേര്‍ത്തതായിരുന്നു  എന്‍റെ മനസ്സ്.

നീട്ടിയ പൂക്കള്‍ ഇടംകൈ കൊണ്ട് തട്ടിയെറിഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ ദേഷ്യമല്ല കണ്ടത്.

ഒരുതരം  നിര്‍വികാരഭാവം...

താഴെ വീണ പൂക്കള്‍ നോക്കി നിവരുമ്പോള്‍, ഒരു വാക്കുപോലും ഉരിയാടാതെ യൂക്കാലിമരങ്ങള്‍ക്കിടയിലേക്ക്‌ അവള്‍ നടന്നു മറഞ്ഞിരുന്നു.

കോളേജ് ജീവിതത്തിന്‍റെ അവസാന നാളുകളിലെ ഒരു വിനോദയാത്ര..

സാങ്കേതികവിദ്യാഭ്യാസത്തിന്‍റെ പിരിമുറുക്കങ്ങള്‍ മറന്നു കൂട്ടുകാര്‍ ബസ്സിനുള്ളില്‍ ആരവം തീര്‍ക്കുമ്പോള്‍, അതിലകപ്പെടാതെ മാറിയിരുന്നു..

എന്റെ ശ്രദ്ധ അവളിലായിരുന്നു 

ബസ്സിന്‍റെ ജനല്‍ ചില്ലിനിടയില്‍കൂടിയുള്ള കാറ്റില്‍ പാറികളിക്കുന്ന മുടിയിഴകളെ അനുസരിപ്പിക്കാന്‍ അവള്‍ നന്നേ പാടുപെട്ടുകൊണ്ടിരുന്നു..

ആരവങ്ങളിലൊന്നും പെടാതെ വേറെ ഏതോ ലോകത്തായിരുന്നു അവളുടെ മനസ്സ്..

എന്നുമുതലാണ് ഞാനിവളെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ..

 ഒരിക്കലൊരു  മഴയത്ത്, നനഞ്ഞുകൊണ്ടോടി എന്‍റെ കുടക്കീഴില്‍ കയറിയപ്പോഴോ..

കമ്പികളിലൂടെ ഇറ്റുവീണ മഴത്തുള്ളികള്‍ കൈക്കുമ്പിളില്‍കോരിയെടുത്തു എന്‍റെ മുഖത്തേക്ക് തെറിപ്പിച്ചപ്പോഴോ..

കോളേജ് മാഗസിനില്‍ ഞാനെഴുതിയ കവിതയുടെ അടിയില്‍ നിനക്കൊപ്പം എന്നെഴുതി തിരികെ തന്നപ്പോഴോ..

പക്ഷെ ഒരിക്കലും,  പ്രണയം ആണെന്നവൾ പറഞ്ഞിട്ടില്ല..

 ഊട്ടിയിലെ തണുത്തുറഞ്ഞ  കോടമഞ്ഞിലും ഞാന്‍ ചുട്ടുപൊള്ളുകയായിരുന്നു ...

ഉയരങ്ങളിലെ തണുപ്പില്‍ നിന്നും മടങ്ങുമ്പോഴും എനിക്കവൾ  മുഖം തന്നിരുന്നില്ല..

കോളേജിലെ പഠനത്തിരക്കിലേക്ക് ഊളിയിട്ടിറങ്ങിയ അവസാന നാളുകള്‍..

പിരിയുന്ന ആ ദിനവും അവളെ കണ്ടിട്ടില്ല...

പറയാനായി മാറ്റിവെച്ച വാക്കുകള്‍ എല്ലാം അവിടെ ഉപേക്ഷിച്ചു പടിയിറങ്ങി..

ഇനിയൊരു പ്രണയമില്ല..എന്‍റെ പ്രണയം പനിനീര്‍പ്പൂവ് പോലെ സൗന്ദര്യം ഉള്ളതായിരുന്നു...

എന്‍റെ കോളേജ് ജീവിതത്തില്‍ സുഗന്ധം പരത്തിയത്  കടന്നുപോയി...

ഞാനിന്നൊരു മഴ  വിങ്ങുന്ന കാര്‍മേഘം പോലെയായി.

വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ എത്തിയപ്പോഴാണ്, എന്നെ തേടി വന്ന ആശംസാകാര്‍ഡിന്‍റെ കാര്യം അമ്മ പറഞ്ഞത്.

ഒരായിരം കഥകള്‍ പറയാനുണ്ടായിരുന്നു ആ കാര്‍ഡിന്..

ഒരു സര്‍പ്രൈസ് ആകട്ടെ എന്ന് കരുതിയാണ് അവളുടെ വീട്ടില്‍ എത്തിയത്..ഡോര്‍ബെല്ല് മുഴക്കിയത് ഒരു കിളിശബ്ദമായി അകത്തു നിറയുന്നുണ്ടായിരുന്നു ..

എന്നെ കാണുമ്പോള്‍ എന്തായിരിക്കും അവളുടെ മുഖ ഭാവം.

കാലങ്ങളായി കാണാത്തതിലുള്ള പരിഭവം, വിടര്‍ന്ന കണ്ണുകളിലെ പ്രണയം..

അവളുടെ അമ്മയായിരുന്നു വാതില്‍ തുറന്നത്...

അവളെവിടെ എന്നാ ചോദ്യത്തിന് കണ്ണീരില്‍ കുതിര്‍ന്ന ഒരു നോട്ടമായിരുന്നു മറുപടി..

അകത്തെ ഭിത്തിയില്‍ മാലയിട്ടു തൂക്കിയിരുന്ന ചില്ലുകൂട്ടിന്  അവളുടെ ചിത്രമായിരുന്നു.. അതേ വിടര്‍ന്ന കണ്ണുകള്‍...

ഇന്നീ മലമുകളില്‍ നില്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ കിതച്ചിരുന്നു..

തീപിടിച്ച ഹൃദയതിലെന്നും കുളിരുള്ള ഒരുമ്മയായിരുന്നു അവളുടെ ചിന്തകള്‍...

കാന്‍സര്‍ അവളെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ അവള്‍ വല്ലാതെ സങ്കടപ്പെട്ടിരിക്കാം..

എന്‍റെ പ്രണയം തട്ടികളഞ്ഞത് അതുകൊണ്ട് ആയിരുന്നിരിക്കാം, അറിയില്ല ...

ആത്മാവിനെ തീപിടിപ്പിച്ച പ്രണയം, അതൊരിക്കലും അണയാതെ ഇരിക്കാനായി ഞാനെന്നുമീ ആശംസാകാര്‍ഡു ഹൃദയത്തോട് ചേര്‍ത്ത് പിടിക്കും...ഈ ഊട്ടിയിലെ എന്‍റെ പ്രണയം എന്നും പരിശുദ്ധമാണ്..

കാര്‍ഡില്‍ അവളുടെ കൈപ്പടയില്‍ എഴുതിയ വരികള്‍ ഒന്നുകൂടി ഞാന്‍ വായിച്ചു...

“നിനക്ക് എന്നോടുള്ള ഇഷ്ടം എനിക്കറിയാമായിരുന്നു.. നീ സ്നേഹിച്ചതിന് എത്രയോ ഇരട്ടി ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു...എന്‍റെ പ്രണയം എന്നും നീയായിരുന്നു...”

അങ്ങ് ദൂരെ നിന്നൊരു  കോടമഞ്ഞ്‌ യാത്ര വരുന്നുണ്ടായിരുന്നു..അതിലൂടെ ഞാന്‍ അവളെ കണ്ടു... അവളുടെ പ്രണയം വീണ്ടും ഞാനറിയുന്നു....

English Summary : Manju Moodiya Pranaya Vazhikalil, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;