ADVERTISEMENT

എഴുതിത്തീരാത്ത ഡയറിക്കുറിപ്പ് (കഥ)

 

‘‘ ശ്രീയേട്ടാ, ഒന്നിങ്ങോട്ട് വന്നേ നോക്കിയേ ഇവന്മാരുടെ പണി’

 

ഞാൻ പത്രം മടക്കി എഴുന്നേറ്റു ചെല്ലുമ്പോൾ ബെഡ്റൂമിലെ ഭിത്തി മൊത്തം ക്രയോൺസ് കൊണ്ട് കലാവിരുതു തീർത്ത് എന്തോ വല്യകുറ്റം ചെയ്ത പോലെ രേവൂന്റെ മുഖത്ത് നോക്കി നിൽക്കുന്നുണ്ട് അച്ചൂം കിച്ചൂം. അവൻമാരുടെ നിൽപ്പ് കണ്ടാൽ സങ്കടം വരും.

 

‘ അവരു വരയ്ക്കട്ടെന്റെ  രേവൂ. നീ അവരെ നിരുത്സാഹപ്പെടുത്താതെ. ഭാവിയിലെ രവിവർമ്മമാരാ ഈ നിൽക്കുന്ന എന്റെ ചക്കരക്കുട്ടന്മാർ’

 

‘ ശ്രീയേട്ടനിങ്ങനെ സപ്പോർട്ട് ചെയ്യണോണ്ടാ ഇവൻമാരിത്രേം കുരുത്തക്കേടു കാണിക്കുന്നത്’

 

രേവൂന് നല്ല ദേഷ്യം വന്നിട്ടുണ്ട്. ഉറപ്പാ. അവളുടെ നിൽപ്പ് കണ്ടാലറിയാം. അവളെയും കുറ്റം പറയാൻ പറ്റില്ല. കാരണം, രണ്ടും വില്ലാളിവീരന്മാരാണേ. ഇരട്ടക്കുട്ടികളാണ് ഞങ്ങൾക്ക്. രേവൂന്റെയോ എന്റെയോ  കുടുംബത്തിൽ ഇതുവരെ ഇരട്ടക്കുട്ടികളൊന്നും ഉണ്ടായിട്ടില്ല. ദൈവം ഞങ്ങളെ അനുഗ്രഹിച്ച് നൽകിയതാണ് അച്ചൂനെയും കിച്ചൂനെയും.

 

അലമാരയിൽ നിന്നും എന്തൊക്കെയോ താഴെ വീഴുന്ന ശബ്ദം കേട്ടാണ് ഞാൻ മുറിയിലേക്ക് ഓടിച്ചെന്നത്.

അച്ചൂം കിച്ചൂം കൂടി കസേര വലിച്ചിട്ട് അലമാര തുറന്ന് എല്ലാം വാരിവലിച്ചിടുന്നുണ്ട്. അവന്മാരു കുഞ്ഞുങ്ങളായി രുന്നപ്പോൾ ഇടയ്ക്കിടയ്ക്ക് അസുഖം വരുമെന്നതല്ലാതെ ഒരു തരത്തിലും എന്നെയോ രേവൂനെയോ ബുദ്ധിമുട്ടിച്ചിട്ടില്ല. പക്ഷേ അതിനും കൂടി ഇപ്പോ കുരുത്തക്കേടാണ്. വലിച്ചിട്ട സാധനങ്ങളെല്ലാം എടുത്ത് കട്ടിലിലേക്ക് വയ്ക്കുമ്പോഴാണ് ഞാൻ അലമാര ശ്രദ്ധിച്ചത്. എത്ര വൃത്തിയായിട്ടാണ് രേവു അലമാര അടുക്കി വച്ചിരിക്കുന്നത്. ഇതുവരെ ശ്രദ്ധിക്കാത്ത ഒരു കാര്യം. അപ്പോഴാണ് അലമാരയുടെ  കോണിൽ  ഒരു ഡയറി ഇരിക്കുന്നത് ശ്രദ്ധിച്ചത്. എടുത്തു നോക്കി. രേവൂന്റെതാണ്. ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള കൈയ്യക്ഷരം. ദൈവമേ, അവൾക്കിത്രയും നല്ലൊരു കൈപ്പടയുണ്ടെന്നും ഞാൻ അറിഞ്ഞില്ലല്ലോ? ഡയറി വായിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും എന്റെ മനസ്സിൽ പല ചിന്തകളും കാടുകയറി തുടങ്ങി.

 

കഴിഞ്ഞ ദിവസം കിച്ചു രേവൂന്റെ ഫോൺ എടുത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് അവളുപാടി റെക്കോർഡ് ചെയ്ത കുറെ പാട്ടുകൾ കേട്ടത്. ഒന്നോ രണ്ടോ തവണ എനിക്കും അവൾ വാട്ട്സപ്പിൽ അയച്ചു തന്നിട്ടുണ്ട്. പക്ഷേ, ഞാനതു ശ്രദ്ധിക്കുന്നില്ല എന്നു മനസിലായിട്ടാവാം പിന്നെ അവളൊന്നും അയച്ചു തന്നിട്ടില്ല. എന്റെ തിരക്കുകൾക്കിടയിൽ ഞാൻ ശ്രദ്ധിക്കാതെ പോയത് രേവൂനെ മാത്രമാണ്.

 

രേവു കഥ എഴുതുമായിരുന്നു. എനിക്കാവുന്ന രീതിയിലെല്ലാം ഞാൻ അവളെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നൊരിക്കലും പറയാൻ സാധിക്കില്ല. അയച്ചു തരുന്നത് സമയം കിട്ടുമ്പോൾ വായിക്കും എന്നല്ലാതെ ഇതുവരെ അഭിപ്രായ പ്രകടനങ്ങൾക്കൊന്നും പോയിട്ടില്ല എന്നുള്ളതാണ് സത്യം.

 

കിച്ചൂന്റെ കരച്ചിലുകേട്ടാണ് പെട്ടെന്ന് ഞാൻ നോക്കിയത്. അവൻ കസേരയിൽ നിന്നും വീണു കരച്ചിലാണ്. ഡയറി ഞാൻ തലയിണക്കിടയിലേക്ക് വച്ച് ഓടിച്ചെന്നു കിച്ചൂനെ എടുത്തു. അവനെ ആശ്വസിപ്പിച്ച് അച്ചൂന്റൊപ്പം കളിക്കാൻ വിട്ടു. രേവു ഇവരെ എങ്ങനെ മാനേജ് ചെയ്തിരുന്നു എന്നാണ് മനസിലാവത്തത്. ഞാൻ തിരിച്ച് റൂമിൽ കയറി ഡയറി എടുത്ത് വീണ്ടും ചാരുകസേരയിൽ വന്നിരുന്നു. ആദ്യത്തെ ഒന്ന് രണ്ടു പേജുകൾ ശൂന്യമാണ്.

മൂന്നാമത്തെ പേജു മുതലാണ് എഴുതി തുടങ്ങിയിരിക്കുന്നത്.

 

‘ ഈ ഡയറി എന്റെ ഉറ്റ സുഹൃത്തായി നിലനിൽക്കട്ടെ.എനിക്കു പറയാനുള്ളത് മുഴുവൻ കേൾക്കാൻ ക്ഷമയും സമയവുമുള്ള എന്റെ ഉറ്റ സുഹൃത്ത്’

 

വായിച്ചപ്പോൾ മനസ്സിലെന്തോ ഒരു നീറ്റൽ.

 

‘ശ്രീയേട്ടനെപ്പോഴും തിരക്കാണ്, എന്നോട് സംസാരിക്കാൻ മാത്രം ശ്രീയേട്ടനു നേരമില്ല’ രേവു അടുത്തു നിന്നു പറയുന്നത് പോലെ തോന്നി. ഞാൻ അടുത്ത പേജ് എടുത്തു.

 

‘ എനിക്ക് ശ്രീയേട്ടനോട് പറയാനുള്ളത് മാത്രമാണ് ഇതിലുള്ളത്. ജോലിത്തിരക്കിനിടയിൽ പലപ്പോഴും ശ്രീയേട്ടനെന്നോട് സംസാരിക്കാൻ സമയം കിട്ടാറില്ല. അഥവാ സംസാരിച്ചാൽ തന്നെ ഒരിരുപതു മിനിറ്റ് പോലും തികച്ചു സംസാരിക്കാറുമില്ല. പരാതിയില്ല ശ്രീയേട്ടാ. കാരണം പലപ്പോഴും തോന്നിയിട്ടുണ്ട് ഞാൻ തന്നെയാണ് എന്റെ സംസാരമാണ് ശ്രീയേട്ടനെ ഇങ്ങനെ ആക്കിയതെന്ന്. മിഥുനത്തിലെ ഉർവ്വശീടെ സ്വഭാവല്ലേ ശ്രീയേട്ടാ എനിക്ക്.ചിരി വരുന്നു.അതു പോലൊക്കെ തന്നെയാ.മാറ്റമൊന്നുല്ല’

 

‘ എന്ത് രസമായിരുന്നല്ലേ ശ്രീയേട്ടാ നമ്മളൊരുമിച്ചുള്ള നാലു വർഷം. എന്റെ ജീവിതത്തിൽ അത്രയും നല്ല നിമിഷങ്ങൾ ഇനി ഒരിക്കലും ഉണ്ടാവില്ലെന്നു തോന്നുന്നു’

 

ശരിയാണ്. കല്യാണം കഴിഞ്ഞ് ഞങ്ങളൊരുമിച്ചുണ്ടായിരുന്ന നാല് വർഷം. അച്ചും കിച്ചും കൂടി വന്നതോടെ സ്വർഗ്ഗമായ് തീർന്ന ഞങ്ങളുടെ ജീവിതം.നാലു വർഷം കഴിഞ്ഞപ്പോഴാണ് എനിക്ക് ദുബായ്ക്ക് പോവാൻ വിസ റെഡിയായത്. നല്ലൊരു ജോലി ആയതു കൊണ്ട് തന്നെ എന്തോ അത് തള്ളിക്കളയാൻ തോന്നിയില്ല. അങ്ങനെ ഞങ്ങളുടെ സ്വർഗ്ഗത്തിൽ നിന്നും ഞാൻ മാത്രം ദുബായിലേക്ക് പറിച്ചുനട്ടപ്പെട്ടു.

 

‘ ശ്രീയേട്ടനറിയോ, ഞാൻ എന്ത് അറ്റാച്ച്ഡായിരുന്നു അപ്പയോടും അമ്മയോടും കണ്ണനോടും. ഞങ്ങളു നാലുപേരുമായിരുന്നു ഞങ്ങളുടെ ലോകം. പെട്ടെന്ന് വന്ന ശ്രീയേട്ടന്റെ പ്രപ്പോസൽ. എല്ലാം പെട്ടെന്ന്. രണ്ടാഴ്ച കൊണ്ട് കല്യാണം കഴിഞ്ഞു. അപ്പയ്ക്കും അമ്മയ്ക്കും ഒട്ടും വിശ്വസിക്കാൻ കഴിയാഞ്ഞത് എന്റെ ചെയ്ഞ്ചായിരുന്നു.

അപ്പേം അമ്മേം സംസാരിക്കുന്നത് ഒരു തവണ ഞാൻ റൂമിന്റെ സൈഡിൽ  നിന്നും കേട്ടതാണ്. അപ്പയാ പറയുന്നേ...

 

‘ ഡീ അവളെങ്ങനെയാ ഇത്ര പെട്ടെന്നിങ്ങനെ മാറിയേ? അവളു കൊച്ചല്ലെടീ, അവൾക്കെല്ലാം അസെപ്റ്റെയ്യാൻ പറ്റുന്നുണ്ടോ?’ അപ്പോ അമ്മ പറയുന്ന കേട്ടു,

 

‘പെൺപിള്ളേരൊക്കെ അങ്ങനെയാ. വെറൊരു വീട്ടിലേക്ക് ചെല്ലുമ്പോൾ അവരു തന്നെ മാറും’ എന്ന്. ശരിയാണ്. ഞങ്ങളുടെ ലോകത്തിലേക്ക് ശ്രീയേട്ടൻ വന്നപ്പോൾ ശ്രീയേട്ടൻ മാത്രമായി എന്റെ ലോകം. അത് ശ്രീയേട്ടനെന്നെ ങ്കിലും മനസിലായിട്ടുണ്ടോ?’

 

‘ശ്രീയേട്ടാ, വലിയൊരു തമാശ കേൾക്കണോ? പ്രീമാരേജ് കോഴ്സിനു പോയപ്പോൾ മൂന്നാമത്തെ ദിവസത്തെ ക്ലാസിന്റന്ന് ആ സാർ ചോദിച്ചു. 

 

‘എന്തിനാണു നിങ്ങൾ വിവാഹം കഴിക്കുന്നതെന്ന്?’

 

കുറെ പേരൊക്കെ എന്തൊക്കെയോ പറയുന്നത് കേട്ടു. ദേ കൃത്യം എന്റെ മുന്നിൽ വന്നിട്ട് എന്നോടും ചോദിച്ചു.

 

‘താനെന്തിനാ വിവാഹം കഴിക്കുന്നതെന്ന്?’

 

ഞാൻ പറഞ്ഞു അപ്പേം അമ്മേം പറഞ്ഞിട്ടാന്ന്. ഉള്ള സത്യം അതുപോലെ തന്നങ്ങു പറഞ്ഞു. എല്ലാവരും കൂടെ കൂട്ടച്ചിരി. അയാളാണെങ്കിൽ എന്നെ സൂക്ഷിച്ചൊരു നോട്ടോം.

 

‘ ആദ്യമൊക്കെ ഒരുപാട് സംസാരിക്കുമായിരുന്ന ശ്രീയേട്ടൻ ഇപ്പോ എന്തേ ഇങ്ങനായത് എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്’

 

‘ എന്റെം ശ്രീയേട്ടന്റമ്മേടേം  ഇടയ്ക്ക് നിന്നു ഏട്ടൻ ഒരുപാട് വിഷമിക്കുന്നുണ്ട്. പക്ഷേ ഞാൻ എന്തു ചെയ്യാനാ? മനുഷ്യനല്ലേ ഞാനും?’

 

ഇന്ന് താഴത്തെ അമ്മിണിയമ്മ വന്നിരുന്നു. അമ്മേം അമ്മിണിയമ്മയും കൂടി  സംസാരിച്ചോണ്ടിരുന്നപ്പോഴാ ഞാൻ അങ്ങോട്ട് ചെന്നത്.

 

‘ഹാ,മോളടുക്കളേലായിരുന്നോ?’

 

‘ ഓ, എവിടുന്ന് അവളാ ഫോണും കുത്തിപ്പിടിച്ചോണ്ടിരുന്നതാവും’

 

ഞാൻ മറുപടി പറയുന്നതിനു മുന്നേ അമ്മ പറഞ്ഞു.

 

‘ അമ്മിണിയേ, നിന്റെ മോള് ജാനകി അവളു പെറ്റിട്ടും അതുപോലെ തന്നാണല്ലോടീ. നമ്മുടെ തെക്കേലേ സാവിത്രി മൂന്ന് പെറ്റതാ. അവളും അങ്ങനെ തന്നാ ഇരിക്കുന്നേ. ഇവളുമാത്രമെന്നാടി അരിച്ചാക്കു പോലായത്. ഇങ്ങനെ വണ്ണം വച്ചിരുന്നാ ആണുങ്ങൾക്കൊരു താല്പര്യം തോന്നുവോ. ഇനി ശ്രീക്കുട്ടനെങ്ങാനും വെറൊരുത്തീടെ പുറകെ പോയാ എനിക്ക് മിണ്ടാനൊക്കുമോ? ഇതല്ലേ ഇവൾടെ കോലം?’

 

നെഞ്ച് പൊട്ടി പോകുന്നതു പോലെ തോന്നി ശ്രീയേട്ടാ. വെറെന്തും പറഞ്ഞോട്ടെ, ശ്രീയേട്ടൻ ഞാൻ കാരണം വേറെ പെണ്ണിന്റെ പുറകെ പോകുമെന്നൊക്കെ പറഞ്ഞാ ഞാൻ എങ്ങനെ കേട്ടു നിൽക്കും. തിരിച്ചൊന്നും പറഞ്ഞില്ല. നേരെ അടുക്കള വാതിലിന്റെ അവിടെ പോയിരുന്നു.എന്റെ സ്വഭാവമറിയില്ലേ കരച്ചിലൊരു വീക്ക്നെസ്സായിപ്പോയി. സന്തോഷം വന്നാലും സങ്കടം വന്നാലും കരയും. അപ്പോ അമ്മിണിയമ്മ എൻറടുത്തേക്ക് വന്നു.

 

‘എന്റെ രേവുക്കുട്ടി കരയണ്ടാട്ടോ, മോൾക്കിച്ചിരി വണ്ണമുണ്ടേലും നിന്റെ മുഖത്ത് ഐശ്വര്യമുണ്ട് കൊച്ചേ. പുറംമോടിയിൽ നമ്പുന്നവരെ വിശ്വസിക്കരുത് കുഞ്ഞേ, അവരെന്നാന്നുവെച്ചാ പറയട്ടെ, നീ വിഷമിക്കണ്ടാ. ഞാൻ പോകുവാ കേട്ടോ. നീ കണ്ണു തുടച്ചിട്ട് അകത്തോട്ട് കേറി പോ’

 

അവരോടും ഞാൻ ഒന്നും പറഞ്ഞില്ല. ചിരിച്ചു അത്രമാത്രം. 

 

‘ ശ്രീയേട്ടനറിയോ, എന്നെങ്കിലും ശ്രീയേട്ടനെന്നോട് ഒരുപാട് സംസാരിച്ചിരുന്നെങ്കിലെന്ന് ഞാൻ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടെന്ന്?’

 

‘ ശ്രീയേട്ടനോർമ്മയുണ്ടോ? ഒരിക്കൽ ഞാൻ ഏട്ടനോട് ചോദിച്ചത്? എനിക്കൊരുപാടൊരുപാട് ഉമ്മ വേണമെന്ന്. അന്ന് ശ്രീയേട്ടൻ പറഞ്ഞത്. അതേ ഈ ഉമ്മയൊക്കെ ചോദിച്ചു വാങ്ങേണ്ടതല്ല. അതൊക്കെ മനസ്സിൽ തോന്നണം. അല്ലാതെ അതിനൊന്നും ഒരർത്ഥവുമില്ലെന്ന്. ശരിയാണ് ശ്രീയേട്ടാ.

 

‘ എന്തായിരുന്നു ശ്രീയേട്ടാ സത്യത്തിൽ നമ്മൾ തമ്മിലുള്ള പ്രശ്നം? ശ്രീയേട്ടനെന്നെ മടുത്തു തുടങ്ങിയിരുന്നോ? അതോ ശ്രീയേട്ടനെ ഞാൻ മടുപ്പിച്ചതാണോ?’

 

‘ പണ്ട് ഞാൻ ശ്രീയേട്ടനോട് ഒരു ചോദ്യം ചോദിച്ചതോർമ്മയുണ്ടോ? ഞാനും അച്ചും കിച്ചൂം ഒഴുക്കിൽ പെട്ടുപോയാൽ ശ്രീയേട്ടനാരെ രക്ഷിക്കുംന്ന്? ശ്രീയേട്ടൻ ബുദ്ധിമാനാ, അന്നതിനു ഉത്തരം പറഞ്ഞില്ല. പക്ഷേ അതേ ചോദ്യം തിരിച്ചു ചോദിച്ചപ്പോൾ ഞാൻ പറഞ്ഞതെന്താന്നോർമ്മയുണ്ടോ? ഞാൻ ഏട്ടനെ രക്ഷിക്കുംന്ന്. അപ്പോൾ ശ്രീയേട്ടൻ ചോദിച്ചില്ലേ അപ്പോ അച്ചും കിച്ചും എന്തു ചെയ്യുമെന്ന്? ഞാൻ പറഞ്ഞു, ശ്രീയേട്ടനെന്തേലും പറ്റിയാ എനിക്ക് ശ്രീയേട്ടനെ പിന്നെ കിട്ടില്ല. പക്ഷേ ശ്രീയേട്ടനെന്റൊപ്പമുണ്ടെങ്കിൽ നമുക്ക് വേറേം മക്കളുണ്ടാകുമെന്ന്. അന്ന് ശ്രീയേട്ടനിത് കേട്ടു ചിരിച്ചു. പക്ഷേ വെറുതെയാ ശ്രീയേട്ടാ. കാരണം, ഞാൻ ശ്വസിക്കുന്നതും എഴുന്നേൽക്കുന്നതും എന്തിന് എന്റെ ഓരോ ഹൃദയസ്പന്ദനം പോലും അച്ചൂനും കിച്ചൂനും വേണ്ടിയാണ്.

 

‘ അച്ഛാ, അച്ഛാ. ദേ അമ്മേടെ ഫോട്ടോ പേപ്പറിൽ’

 

കുട്ടികൾ കാണാതിരിക്കാൻ ഞാൻ മാറ്റി വച്ചിരുന്നതാണ്. ഞാൻ കിച്ചൂന്റെ കൈയ്യീന്നു ആ പത്രം വാങ്ങി.

 

‘ഞങ്ങടമ്മ സുന്ദരിയാല്ലേ അച്ഛാ?’

 

‘ഉം’

 

‘അമ്മയെന്താച്ചാ ഇത്രേം ദിവസായിട്ടും വരാത്തെ. ഞങ്ങളോട് വഴക്കാണോ?’

 

‘ഇല്ല, അമ്മ വരുംട്ടോ. എന്റെ കുട്ടന്മാരു കളിച്ചോ’

 

അവരു പിന്നെം കളി തുടർന്നു. ഇനീം ഡയറി വായിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. കണ്ണിൽ ഇരുട്ടു കയറിത്തുടങ്ങിയിരിക്കുന്നു. ഡയറി മടക്കി വെച്ച് ഒരിക്കൽ കൂടി ആ പത്രത്താളിലേക്ക് നോക്കി. രണ്ടാഴ്ച മുൻപുള്ളതാണ്. വലിയൊരു തലക്കെട്ട്. 

 

നാടിനെ ഞെട്ടിച്ച വാഹനാപകടം, വീട്ടമ്മ അതിദാരുണമായി കൊല്ലപ്പെട്ടു

 

എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. രേവു നന്നായി വണ്ടി ഓടിക്കുമായിരുന്നു. കാറിന്റെ ബ്രേക്ക് പോയതാണോ. അതോ അവൾ മനപ്പൂർവ്വം? വണ്ടിയുടെ ബാക്ക് സൈഡ് മാത്രമാണ് അവശേഷിക്കുന്നത്‌. ഫ്രണ്ട് പോർഷൻ മൊത്തത്തിൽ തകർന്നു പോയിരുന്നു.

 

‘ഇപ്പോ ശ്രീയേട്ടനിഷ്ടം പോലെ സമയമുണ്ടല്ലേ?’

 

എന്റെ രേവൂന്റെ ശബ്ദം. ഇല്ല. അവളടുത്തില്ല. ഇനിയൊരിക്കലും രേവു എന്റെ അടുത്തു വരില്ല.

 

‘രേവൂ. മാപ്പ്’

 

English Summary : Ezhuthi Theeratha Diary Kuruppu, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com