ADVERTISEMENT

എഫ്.ബി കവിതകൾ - പ്രണയത്തിലേക്കൊരു കുറുക്കുവഴി (കഥ)

 

പ്രണയം. എത്ര അപകടം പിടിച്ച വാക്കാണത്. പ്രണയം ഒരാളെ എങ്ങനെയെല്ലാമാണ് മാറ്റുന്നത്. പ്രണയത്തി നു  വേണ്ടി എന്തെല്ലാമാണ് നാം ചെയ്യുന്നത്. പ്രണയം എത്ര പെട്ടെന്നാണ് നമ്മളെ ആരെല്ലാമോ ആക്കിത്തീർക്കുന്നത്. പ്രണയമില്ലാതാവുമ്പോൾ എത്ര വേഗത്തിലാണ് നമ്മൾ ആരുമല്ലാതായി മാറുന്നത്.

 

‘തന്റെ കവിതകൾ കൊള്ളാം ട്ടോ, ഒരു മനുഷ്യസ്നേഹിയുടെ വിക്ഷോഭങ്ങളുടെ  തീക്ഷണതയുള്ള വരികൾ’

എഫ്.ബിയിൽ കവിത പോസ്റ്റ് ചെയ്തു മിനിട്ടുകൾക്കകം മെസഞ്ചറിൽ വന്ന അനുപമയുടെ മെസേജ്. കൂട്ടുകാരിൽ ആരോ പറ്റിക്കാൻ വേണ്ടി വ്യാജ ഐഡിയിൽ നിന്നും അയച്ചതാണെന്നേ കരുതിയുള്ളൂ. അതിനാൽ, ഒരു കൂപ്പുകൈ സ്മൈലി അയച്ചു നന്ദി മാത്രം പറഞ്ഞൊഴിഞ്ഞു. 

 

ഏതാനും ആഴ്ചകൾ കഴിഞ്ഞാണ് അടുത്ത കവിത പോസ്‌റ്റു ചെയ്യുന്നത്. കവിതയെ അഭിനന്ദിച്ചു കൊണ്ട് അന്നും അനുപമയുടെ  മെസേജ് വന്നു.  നന്ദി പറഞ്ഞപ്പോൾ ഓൺലൈനിൽ ഉണ്ടായിരുന്ന അനുപമ  എന്തേ തുടർച്ചയായി എഴുതാത്തതെന്ന ചോദ്യവുമായി വീണ്ടുമെത്തി.

 

‘ഞാനൊരു കവിയല്ല കുട്ടീ. വല്ലപ്പോഴും മനസ്സിൽ നിന്നു വരുന്ന വരികൾ ചേർത്തെഴുതി വെയ്ക്കുന്നുവെന്നു മാത്രം’

 

‘യ്യോ, ഞാൻ കുട്ടിയൊന്നുമല്ല ട്ടോ. കുട്ടികളെ പഠിപ്പിക്കാൻ പഠിക്കുന്നയാളാണ്’

 

അനുപമയുടെ  സംസാരരീതിയിൽ കൗതുകം തോന്നി. സംസാരങ്ങൾക്കു നീളം വെച്ചു. കവിതകളിൽ നിന്നു യാത്രകളിലേക്കും സിനിമകളിലേക്കും നീണ്ടു പോയ ദിനരാത്രങ്ങളിൽ  ആൾ വ്യാജനല്ലെന്നു ഉറപ്പായി. പിന്നെപ്പിന്നെ, ഓരോ ദിവസങ്ങളും  അനുപമയുടെ സന്ദേശങ്ങൾക്കായുള്ള കാത്തിരിപ്പുദിനങ്ങളായി മാറിയത് എത്ര പെട്ടെന്നാണ്. അനുപമയുടെ മെസേജ് കിട്ടുമ്പോൾ ഒരു പൂ വിരിയുന്ന സന്തോഷം ഉള്ളിൽ നിറയുന്നതും അതിന്റെ അനുരണനം പുഞ്ചിരിയായി ദിവസം മുഴുവൻ തെളിയുന്നതും അറിഞ്ഞു തുടങ്ങി. പിന്നെയങ്ങോട്ട് സ്നേഹത്തിന്റെ, പ്രണയത്തിന്റെ നാളുകളായി. ചുറ്റിനും ചെരാതുകൾ തെളിഞ്ഞു നിന്ന പോലെ പ്രണയത്തിന്റെ വെളിച്ചങ്ങൾ മാത്രം. 

ജീവിതം പ്രണയത്താൽ നിറഞ്ഞ നാളുകളിൽ അവൾക്കായി എന്നുമെന്നും പ്രണയകവിതകൾ എഴുതി. എഫ്.ബിയിൽ പോസ്റ്റ് ചെയ്തു. 

 

‘വിഷ്ണൂ, എനിക്കു നിന്നെ എന്തിഷ്ടമാണെന്നോ’

‘വിഷ്ണൂ, നീയില്ലാതെ ഒരു നിമിഷം പോലും എനിക്കു ജീവിക്കാനാവില്ല’

‘വിഷ്ണൂ , ഐ ലവ് യു സോ മച്ച്’

 

പ്രണയത്തിന്റെ വർണ്ണപ്പൂക്കൾ വാരിവിതറിയ അനുപമയുടെ മെസേജുകൾ. അനുപമ എനിക്കു അനുവായി മാറിയ നാളുകളിലാണ് ആ സ്നേഹത്തെപ്പറ്റി, പ്രണയത്തെപ്പറ്റി വിനുവിനോടു പറഞ്ഞത്. അല്ല. വിനു കണ്ടുപിടിച്ചതാണത്. വിനു കസിനും അയൽക്കാരനും എന്നതിലുപരി അടുത്ത കൂട്ടുകാരനും കൂടിയാണ്. എന്നിട്ടും ഈ ഇഷ്ടത്തെപ്പറ്റി അവനോടു പറഞ്ഞില്ല. അല്ല. ആദ്യമൊന്നും എനിക്കു പോലും നിശ്ചയമില്ലാതിരുന്നല്ലോ ഈ ഇഷ്ടത്തെ, സ്നേഹത്തെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന്.

 

ഏതാണ്ട് മുഴുവൻ സമയവും ഫോണിൽ ചെലവഴിക്കാൻ തുടങ്ങിയപ്പോഴാണ് വിനു ചോദ്യം ചെയ്തത്. വിനുവിന്റെ പല ചോദ്യങ്ങളും കേട്ടില്ലെന്നു നടിച്ചു. ചിലതിനെല്ലാം മാത്രം മറുപടി പറഞ്ഞു. പലതും അറിയില്ലെന്ന സത്യം വിനുവിൽ നിന്നും അന്നു മറച്ചു വെച്ചതെന്തിനായിരുന്നുവെന്ന് ഇന്നുമറിയില്ല. ആകെയറിയാവുന്നത് അനുവിന്റെ പ്രണയം മാത്രമാണ്. അതെന്റെ ആത്മാവിനാഴത്തോളം നിറഞ്ഞിരിക്കുന്നു എന്നതാണ്.

 

ഇനി പരസ്പരം പിരിയാനാവില്ലെന്നും   ഒന്നിച്ചു ജീവിച്ചാലോ എന്നും ആദ്യം  പറഞ്ഞത്  അനുവായിരുന്നു. അന്നാണ് ആദ്യമായി ഞങ്ങൾക്കിടയിലേക്കു ജാതി കേറി വന്നത്. നായർ കുടുംബത്തിലെ അനുപമയെ ഈഴവനായ വിഷ്ണു വിവാഹം ചെയ്യാൻ വീട്ടുകാർ സമ്മതിക്കില്ല. കല്യാണം കഴിയുമ്പോൾ എല്ലാം ശരിയായിക്കോളുമെന്ന അനുപമയുടെ വാക്കുകൾ ധൈര്യം തന്നു. വിനുവിനോടു മാത്രം കാര്യം പറഞ്ഞു. കുറെ എതിർത്തെങ്കിലും വിനു കൂടെ വന്നു. വിവാഹത്തിനു സാക്ഷിയായി.  അന്നുവരെ ഫോട്ടോയിലും വിഡിയോ കോളിലും മാത്രം കണ്ട അനുവിനെ സബ് രജിസ്ട്രാർ ഓഫിസിൽ വെച്ചാണ് ആദ്യമായി നേരിൽ കാണുന്നത്. അനു വരാതിരിക്കുമോ എന്ന വിനുവിന്റെ ചോദ്യം ഉണ്ടാക്കിയ അസ്വസ്ഥതയിൽ നിന്നും സന്തോഷം കൊണ്ടും സ്നേഹം കൊണ്ടും ഹൃദയം പൊട്ടുന്ന പോലെ.  ലോകം മുഴുവൻ ഞങ്ങളെ അനുഗ്രഹിക്കുന്നതിനായി ഒരുങ്ങിയതു പോലെ വെയിൽനാളങ്ങൾ തിളങ്ങി.

 

എനിക്കു വേണ്ടി അമ്മയുടെയും അച്ഛന്റെയും ശകാരങ്ങൾ മുഴുവൻ കേട്ടത് വിനുവാണ്. അവൻ തന്നെയാണ് അവരെ സാന്ത്വനിപ്പിച്ചതും. ഒരേയൊരു മകൻ സ്വപ്‌നങ്ങൾ തകർത്തു കളഞ്ഞെങ്കിലും അമ്മ വിളക്കേറ്റി അനുപമയെ മരുമകളായി സ്വീകരിച്ചു. പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഫോൺ കോളാണ് പിറ്റേന്നു രാവിലെ വിളിച്ചുണർത്തിയത്. അമ്മയുടെ വേവലാതികൾ കരച്ചിലായി. അച്ഛനും വിനുവും കൂടെയുണ്ടായതു മാത്രമായിരുന്നു എന്റെ ധൈര്യം. പോലീസ് സ്റ്റേഷനിൽ വെച്ച് എന്റെ കൂടെ വരണമെന്ന് അനു പറഞ്ഞ നിമിഷം അവിടെ നിന്നു തന്നെ അവളെ കെട്ടിപ്പിടിക്കാൻ തോന്നിയത് അടക്കി കൈയിൽ മുറുക്കിപ്പിടിച്ചു. ഇനിയുള്ള ജീവിതത്തിൽ ഒരിക്കലും അഴിഞ്ഞു പോകാത്തവണ്ണം മുറുക്കി... മുറുക്കി... 

 

മെല്ലെമെല്ലെ പ്രണയത്തിന്റെ ചെരാതുകൾ മങ്ങിത്തുടങ്ങി. ആ നാളം കരിന്തിരി കത്താതെ, അണയാതെ സൂക്ഷിക്കാൻ അമ്മയാണ് ബദ്ധപ്പെട്ടതെന്നു തോന്നുന്നു.  നാളുകൾ പോകെ അനുവിന്റെ പരാതികൾക്കു നീളം വെച്ചു വന്നു. സ്നേഹത്തിൽ മാത്രം അതിസമ്പന്നരായ അച്ഛനെയും അമ്മയെയും അനുവിനു പിടിക്കാതായി. വീട്ടിലെ ചില്ലറ അസൗകര്യങ്ങൾ എടുത്തു കാട്ടാൻ അവൾ വല്ലാതെ ഉത്സാഹിച്ചു. ആരുമില്ലാത്ത കുട്ടിയാണ്. മോൻ ക്ഷമിച്ചേര്... ഓരോ വഴക്കിനൊടുവിലും അമ്മ അനുവിന്റെ പക്ഷം ചേർന്നു. 

 

അനു പഠിത്തം തുടരണമെന്നു അമ്മയാണ് ആദ്യം നിർബന്ധിച്ചത്. ഒരു തരത്തിലും അവൾക്കൊരു വിഷമവും ഉണ്ടാക്കരുതെന്ന്  അമ്മ എപ്പോഴും ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. അങ്ങനെയാണ് ഒരു ഓട്ടോ സെയിൽസ് ഷോപ്പിലെ അക്കൗണ്ടന്റ് ആയ എന്റെ വരുമാനവും കുറച്ചു ബാങ്ക് ലോണും എടുത്ത് അനുവിന്റെ  പഠിത്തം തുടരാൻ തീരുമാനിച്ചത്. പഠനത്തിന്റെ എളുപ്പത്തിനായി അവൾ നഗരത്തിലെ ഹോസ്റ്റലിൽ താമസമാക്കി. വീട്ടിലേക്കുള്ള വരവുകൾ വെള്ളിയാഴ്ചകൾ മാത്രമായി. ഞാനും അച്ഛനുമമ്മയും വെള്ളിയാഴ്ചകൾക്കായി  കാത്തിരുന്നു. 

 

എത്ര പെട്ടെന്നാണ് അനു തിരക്കുകളിലേക്കു ഓട്ടപ്പന്തയം നടത്തിയത്. അനുവില്ലാതെ വേനൽച്ചൂടായി ഉരുകിയ ദിവസങ്ങൾ ആഴ്ചകളും മാസങ്ങളുമായി. വരുമ്പോഴൊക്ക തിരിച്ചു പോകാൻ ധൃതി കൂട്ടിയ അനുവിനെ എനിക്കു മനസിലായതേയില്ല. അമ്മ എന്നും അനുവിനെ പിന്താങ്ങി. പരീക്ഷ കഴിഞ്ഞപ്പോൾ ആരോടും പറയാതെ സ്വന്തം വീട്ടിലേക്കു പോയ അനുവിനെ അന്വേഷിച്ചു പരക്കം പാഞ്ഞത് ഞാൻ മാത്രമല്ലല്ലോ. അന്നാണ് അവളെ  വിവാഹം കഴിച്ചതിനെച്ചൊല്ലി അച്ഛൻ ആദ്യമായി വഴക്കു പറയുന്നതും. 

 

അന്വേഷണത്തിനായി അനുവിന്റെ വീട്ടിൽ എത്തിയപ്പോഴാണ് ആദ്യമായി ആ വീടും പരിസരവും കാണുന്നത്. ഇത്രയും മോശം പരിതസ്ഥിതിയിൽ നിന്നു വന്നവളാണോ കുറ്റം പറഞ്ഞിരുന്നത് എന്നോർത്താണ് അച്ഛൻ എന്നെ വഴക്കു പറഞ്ഞത്. 

 

അച്ഛൻ വഴക്കു പറഞ്ഞതു കേട്ടിട്ടാവാം അനു മറുത്തൊന്നും പറയാതെ ഞങ്ങളോടൊപ്പം പോന്നത്. എന്നാൽ, തിരിച്ചു വീട്ടിലെത്തിയ ഉടനെ അവളാവശ്യപ്പെട്ടത് വിവാഹമോചനമായിരുന്നു. ഞെട്ടിപ്പോയ എന്നിലേക്കു അവൾ വീണ്ടും വീണ്ടും ക്രൂരതയോടെ കത്തിയാഴ്ത്തി. അവൾക്കു കൂടെപ്പഠിക്കുന്ന അരുണിനെയാണിഷ്ടം എന്ന്.

വിവാഹമോചനക്കേസ് ഫയൽ ചെയ്യാൻ അനുവിനെ സഹായിച്ചത് അരുണായിരുന്നു. ആളുകൾ വന്നുംപോയുമിരിക്കുന്ന കുടുംബക്കോടതിയുടെ മുറ്റത്തരികിലെ വാകമരച്ചോട്ടിൽ നിന്ന് വിഷ്ണു കോടതി വരാന്തയിലേക്കു നോക്കി. ഉവ്വ്. അവിടെയുണ്ട് അനു. അച്ഛനോട് എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്. 

 

വിവാഹമോചനം കിട്ടിയ സന്തോഷത്തിലാണവർ. പെട്ടന്നു തുളുമ്പിയ കണ്ണുകൾ മറച്ചു പിടിക്കാൻ നടത്തിയ ശ്രമം വിഫലമാകുന്നത് അറിഞ്ഞിട്ടും വിഷ്ണു ദൂരേക്കു നോക്കി കണ്ണുകൾ ചിമ്മി. 

 

‘കയറൂ  പോകാം’  ബൈക്ക് സ്റ്റാർട്ട് ചെയ്ത് വിനു പറഞ്ഞു.

 

എന്തിനായിരുന്നു എന്നിലേക്കു വന്നതെന്ന ചോദ്യം അവിടെ ഉപേക്ഷിച്ചെങ്കിലും കോടതി വരാന്തയിൽ നിൽക്കുന്ന അനുവിനെ ഒരിക്കൽ ക്കൂടി തിരിഞ്ഞു നോക്കാതിരിക്കാനായില്ല.  

 

 

English Summary : FB Kavithakal, Pranayathilekkoru Kurukku Vazhi, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com