ADVERTISEMENT

ഒരു അമ്മയുടെ ജനനം (കഥ)

 

മുറ്റത്തെ തുളസിത്തറയിൽ പ്രാർഥിച്ചു കണ്ണുതുറന്ന സീത കണ്ടത് മുന്നിൽ തന്നെ നോക്കിനിൽക്കുന്ന വീട്ടുടമസ്ഥനായ പണിക്കരെയാണ്.

 

‘‘എന്താ പണിക്കരേട്ടാ രാവിലെ തന്നെ ?’’

 

രാവിലെ കാവിലൊന്നു തൊഴുതുവരാമെന്നു വിചാരിച്ചിറങ്ങിയതാ സീതേ. അപ്പോഴാണ് തുളസിത്തറയുടെമുന്നിൽ നീയിങ്ങനെ കുളിച്ചീറനായി നിൽക്കുന്നത് കണ്ടത്! സത്യം പറയാമല്ലൊ,ഒരുനിമിഷം ഭഗവതിയുടെകാര്യം ഞാനങ്ങു മറന്നുപോയി...ഇനിയിപ്പോൾ കണ്മുന്നിലുള്ള ദേവിയെ കണ്ടിട്ടാവാം ഭഗവതി എന്നങ്ങു വിചാരിച്ചു.

 

പൂക്കൾക്കുചുറ്റും വട്ടമിട്ടുപറക്കുന്ന വണ്ടിനെപ്പോലെ പണിക്കരുടെ കണ്ണുകൾ തന്റെ ശരീരത്തിലാണെന്നു സീതയ്ക്ക് മനസ്സിലായി. മക്കൾ ഉണരാറായി. എനിക്ക് അടുക്കളയിൽ ജോലിയുണ്ട്. സീത മുറ്റത്തുനിന്നും വരാന്തയിലേക്ക് കയറി.

 

അല്ല സീതേ, ഹരി പോയിട്ട് വർഷം രണ്ടു കഴിഞ്ഞില്ലെ? ഇനിയെത്രനാളെന്നും പറഞ്ഞാ ഒരാൺതുണയില്ലാതെ നീയിങ്ങനെ ജീവിയ്ക്കുന്നത്? വരാന്തയിലേക്ക് കയറി കസേരയിൽ അമർന്നിരുന്നുകൊണ്ടു പണിക്കർ തുടർന്നു.

പോരാത്തതിന് ഇപ്പോൾ ഉള്ള ജോലിയും നഷ്ടപ്പെട്ടിരിക്കുന്നു. ബുദ്ധിമുട്ടാണേൽ എന്തുസഹായവും ചോദിക്കാൻ മടിക്കേണ്ട,കാശായിട്ടാണേൽ അങ്ങനേയും.

 

‘‘കഴിഞ്ഞയാഴ്ച ചോദിച്ചപ്പോൾത്തന്നെ വേണ്ടെന്നു ഞാൻ പറഞ്ഞതല്ലേ പണിക്കരേട്ടാ. അത്യാവശ്യം വേണ്ട കാശൊക്കെ ഇപ്പോൾ എന്റെ കയ്യിലുണ്ട്. ഇനി എപ്പോഴും ഇതും ചോദിച്ചിവിടേക്ക് വരണമെന്നില്ല’’

സീത സ്വരം കടുപ്പിച്ചു.

 

എന്റെവീട്ടിൽ ഞാൻ വരുന്നതിനു നിന്റെ അനുവാദം വേണോ? തെളിഞ്ഞ ആകാശത്തിൽ ഉരുണ്ടുകൂടിയ കാർമേഘംപോലെ പണിക്കരുടെ  മുഖമിരുണ്ടു. തള്ളേം മക്കളും പട്ടിണികിടന്നു ചാവണ്ടല്ലോന്ന് വിചാരിച്ചപ്പം മുഴുപ്പട്ടിണിയിലും മുണ്ടുമുറുക്കിയുടുക്കുന്ന അവളുടെ ഒരാദർശം.

 

‘‘ആർക്കുവേണ്ടിയാടി നീയിനിയും കാത്തുവച്ചിരിയ്ക്കുന്നത്? ചത്തവൻ തിരികെവരാമെന്നു പറഞ്ഞാരുന്നോ?

എടീ ആണൊന്നറിഞ്ഞു ചുംബിച്ചാൽ അഴിഞ്ഞുവീഴുന്ന ആദർശമേ നിനക്കൊക്കെയുള്ളു. ഈ പണിക്കർ മാന്യനായതുകൊണ്ടു അതു ചെയ്യുന്നില്ല. ത്ഫൂ! നീട്ടിത്തുപ്പി പണിക്കർ നടന്നകന്നു.

 

ഹരി മരിച്ചതിൽപ്പിന്നെ അടുത്തുള്ള തുണിക്കടയിലെ ജോലിയിൽ നിന്നുള്ള  തുച്ഛമായ വരുമാനത്തിൽ കാര്യങ്ങൾ നടത്തിവരികയായിരുന്നു. മഹാവ്യാധി ഏകവരുമാനമാർഗ്ഗവും അടച്ചിരിയ്ക്കുന്നു. ഒരുനിമിഷം  ഹരിയുടെ ഓർമ്മകൾ അവളിലേക്കോടിയെത്തി.

 

‘‘ഇഷ്ടമാണെന്നൊരു വാക്കു ചൊല്ലുവാൻ,പെണ്ണെ-

യൊട്ടുനാളായി നിന്നെ കാത്തുനിൽക്കുന്നു ഞാൻ...’’

 

ഹരി തുണ്ടുപേപ്പറിലെഴുതിത്തന്ന ആ വരികൾ വായിച്ചപ്പോഴുണ്ടായത് പരിഭ്രമമായിരുന്നില്ല മറിച്ച് അനന്തമായ ആകാശത്തു പാറിപ്പറക്കുവാൻ വർണ്ണച്ചിറകുകൾ ലഭിച്ച പ്രതീതിയായിരുന്നു. സീതയെന്നപേരിന്റെ ഔന്നത്യമൊന്നുമാത്രം ജീവിതത്തിൽ ഉന്നതമെന്നവകാശപ്പെടാനുള്ളവൾക്ക് സമൂഹത്തിൽ നിലയും വിലയുമുള്ള ഒരുകുടുംബത്തിലെ അംഗമായ ഹരീന്ദ്രന്റെ സ്നേഹം അവഗണിക്കുവാനാകുമായിരുന്നില്ല. താനാകുന്ന ചെളിക്കുണ്ടിൽ വിടർന്ന താമരപ്പൂവായിരുന്നു ഹരി. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചു തന്റെ കഴുത്തിൽ മാലചാർത്തി കൈപിടിച്ച് വീട്ടിലെത്തിയ ഹരിയെനോക്കി അച്ഛൻ ആക്രോശിച്ചു.

 

‘‘ കണ്ട പുറംപോക്കിൽകിടക്കുന്ന അഴിഞ്ഞാട്ടക്കാരികളെ കൂട്ടിക്കൊണ്ടുവരാനിതു സത്രമൊന്നുമല്ല, ഇവളുടെകൂടെ ജീവിക്കുവാനാണ് നിന്റെ തീരുമാനമെങ്കിൽ ഇപ്പോളിവിടെനിന്നിറങ്ങിക്കോളണം. ഈ നിമിഷംമുതൽ എനിക്കിങ്ങനെ ഒരു മകനില്ല’’.

 

‘‘ഞങ്ങളെ നാണംകെടുത്താനായിട്ടു ദയവുചെയ്ത് ചേട്ടൻ ഈ നാട്ടിൽ തുടരരുത്’’

 

കുഞ്ഞനുജത്തി ദിവ്യയുടെ വാക്കുകൾ ഹരിയെ തെല്ലൊന്നുലച്ചുവോ? തന്റെ കയ്യിൽ മുറുകെപ്പിടിച്ചിരുന്ന വിരലുകൾ വിറകൊള്ളുന്നതായി സീതയ്ക്ക് തോന്നി. ഒരക്ഷരം തിരിച്ചു പറയാതെ തലകുലുക്കി തിരികെനടക്കുമ്പോൾ നിറയുന്ന കണ്ണുകൾ താൻ  കാണാതിരിക്കാൻ ഹരി മുഖം തിരിച്ചു.

 

പുതിയ നാട്. പണിക്കരേട്ടന്റെ വീട്ടിലെ താമസം. പണിക്കരേട്ടനാണ് ഹരിയ്ക്കു സേട്ടിന്റെ കടയിലെ ഡ്രൈവർ ജോലി ശരിയാക്കികൊടുത്തത്. പിഴുതെറിഞ്ഞ ചെടി മണ്ണിനോട് പതുക്കെ വേരുകൾ ചേർത്തുപിടിക്കുന്നപോലെ പുതിയ ജീവിതവുമായി ഞങ്ങൾ പൊരുത്തപ്പെടാൻ തുടങ്ങി. ഇരട്ടകളായ അമ്മുവും ഉണ്ണിക്കുട്ടനും ഞങ്ങളുടെ ജീവിതം ധന്യമാക്കിയ മനോഹരമായ ഏഴുവർഷങ്ങൾ...

 

‘‘ഇങ്ങനെ അറുത്തുമുറിച്ചെറിയാൻമാത്രം എന്ത് തെറ്റാ സീതേ ഞാനവരോടു ചെയ്തത്’’ അനുജത്തിയുടെ കല്യാണനിശ്ചയം അറിയിക്കാത്തതിന്റെ വിഷമത്തിൽ ഒരുകൊച്ചുകുഞ്ഞിനെപ്പോലെ ഹരി തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.

 

‘‘വിഷമിക്കേണ്ട. എന്നുമെപ്പോഴും ഞാനില്ലെകൂടെ? ഉറങ്ങിക്കോളു’’  എന്നുപറഞ്ഞു ഹരിയെ ആശ്വസിപ്പിക്കു മ്പോളോർത്തില്ല ഇനിയൊരിക്കലും ഉണരാത്തവിധം സ്നേഹത്തിന്റെ ബന്ധനങ്ങളില്ലാത്ത ഏതോ നിശബ്‌ദലോകത്തേക്ക് തിരിച്ചുപോകയാണെന്ന്.

 

മിഴിനീരുറഞ്ഞ കണ്ണുകളുമായി മക്കളെചേർത്തുപിടിച്ചു പകച്ചിരുന്ന നാളുകൾ. നാട്ടിലേക്കു തിരികെപ്പോകാൻ തോന്നിയില്ല. രണ്ടാനച്ഛനും അമ്മയും അവരുടെ മക്കളും ആ ലോകത്തിൽ പണ്ടേ താൻ അവർക്കന്യയാ യിരുന്നല്ലോ. ഇത്തവണയും സഹായവുമായി വന്നത് പണിക്കരേട്ടൻ തന്നെയാണ്.

 

അടുത്തുള്ള തുണിക്കടയിൽ ഒരു ജോലി ശരിയാക്കിത്തന്നു. അച്ഛന്റെ സ്നേഹം അനുഭവിക്കാൻ ഭാഗ്യംകിട്ടാതെ പോയ താൻ അച്ഛന്റെ സ്ഥാനത്തുകണ്ട പണിക്കരേട്ടനിൽ നിന്നാണ് ഇന്ന് ഇങ്ങനെയൊക്കെയുണ്ടായത്.

 

‘‘സീതേച്ചീ, പുറത്തുനിന്നും അടുത്തവീട്ടിലെ ഗായത്രിയുടെ ശബ്ദം. കിതച്ചുകൊണ്ടവൾ വീടിനകത്തേക്ക് ഓടിക്കയറി. ചേച്ചിയറിഞ്ഞോ? പണിക്കരമ്മാവനെ കാവിൽ വച്ച് വിഷംതീണ്ടിയെന്ന്. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ടന്നു അച്ഛൻ പറയുന്നത് കേട്ടു’’

 

ഭഗവതീ, ഒന്നും വരുത്തല്ലേ. സീത ഒരുനിമിഷം കണ്ണുകളടച്ചു പ്രാർത്ഥിച്ചു. വിഷംതീണ്ടിയതിൽ പിന്നെ പണിക്കരേട്ടൻ പുറത്തേക്കൊന്നുമിറങ്ങാറില്ല. കൂടുതലും കിടപ്പുതന്നെ. ഒരുനാൾ പോയിക്കണ്ടിരുന്നു. തന്നെ കണ്ടപ്പോൾ ആ മിഴിക്കോണുകളിൽ പടർന്ന നനവിന്റെ അർത്ഥമെന്തായിരുന്നിരിക്കാം?

 

അതിജീവനത്തിന്റെ നാളുകൾക്കു ദൈർഘ്യം കൂടുന്നുവോ. മാസങ്ങൾ പലതു കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ കുറച്ചുനാൾ ജോലിയുണ്ടായിരുന്നെങ്കിലും നഗരം വീണ്ടും അടച്ചുപൂട്ടിയിരിയ്ക്കുന്നു. എല്ലാം പഴയരീതിയിലെത്താൻ ഇനിയുമെത്രനാൾ. ചലനമറ്റപാതകൾ വായ് പിളർന്നുനിൽക്കുന്ന പാമ്പിനെപ്പോലെ സീതയ്ക്ക് തോന്നി.

കയ്യിലാണെ ഒരുചില്ലിക്കാശുപോലുമില്ല.വിശന്നു തളർന്നുകിടന്നുറങ്ങുന്ന മക്കളോടുചേർന്നുകിടക്കവെ സീതയ്ക്ക് സങ്കടം നിയന്ത്രിക്കാനായില്ല. ഒരുനേരത്തെ ഭക്ഷണംപോലും മക്കൾക്കുനൽകാൻ കഴിയാത്ത ഒരമ്മയായി ജീവിച്ചിരിക്കുന്നതെന്തിന്? ആത്മഹത്യചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നേൽ താനത് എന്നേചെയ്‌തേനെ.

മക്കളുടെ ചെറിയ ആഗ്രഹങ്ങൾ പോലും സാധിച്ചു കൊടുക്കാൻ തനിയ്ക്ക് കഴിയുന്നില്ലല്ലോ.

 

 

‘‘ ഉണ്ണിക്കുട്ടന്  ഈ പിറന്നാളിന് ഒരു സൈക്കിൾ വാങ്ങിക്കൊടുക്കാമെന്ന് ഞാൻ വാക്കു കൊടുത്തിട്ടുള്ളതാണ് സീതേ. പിന്നെ അമ്മുവിന് ഒരു മേക്കപ്പ്സെറ്റും.  മറക്കല്ലേ’’. ഹരിയുടെ ശബ്ദം കേട്ടുവോ. ചുമരിലെ ഫോട്ടോയിലേക്കു അവൾ മിഴിയുയർത്തിനോക്കി. ജീവിതത്തിലാദ്യമായി ഹരിയോടവൾ സ്വരമുയർത്തിച്ചോദിച്ചു ...

 

വീട്ടുകാരെതിർത്തിട്ടും വിട്ടുപോകില്ലെന്നും പറഞ്ഞു കൂടെകൂട്ടിയതല്ലെയെന്നെ?എന്നിട്ട് തനിച്ചാക്കി പോയില്ലേ?. ഞങ്ങളെക്കൂടി കൂട്ടായിരുന്നില്ലേ. ഇങ്ങനെ ഗതികെട്ട് കഴിയാൻ വയ്യ. സങ്കടം സഹിക്കാനാവാതെ സീത വാവിട്ടു   നിലവിളിച്ചു. 

 

ശരിയാണ്. ഉണ്ണിക്കുട്ടന് പത്തുവയസ്സാകുമ്പോൾ പിറന്നാളിന് സൈക്കിൾവാങ്ങിക്കൊടുക്കാമെന്ന് ഹരി വാക്കുകൊടുത്തിട്ടുള്ളതാണ്.അടുത്തമാസം രണ്ടുപേരുടെയും പിറന്നാളാണ്. താൻ ജീവനോടെയുണ്ടെങ്കിൽ ഹരിയുടെ വാക്ക് നിറവേറ്റുകതന്നെ ചെയ്യും. ഹരി നഷ്ടമായതിനപ്പുറം ഇനി തനിക്കെന്താണ് നഷ്ടപ്പെടാനുള്ളത്...ആത്മാവുനഷ്ടപ്പെട്ട ഈ ശരീരം അറവുശാലയിലെ  മാംസത്തിന് സമാനമാണ്.

 

എന്തോ തീരുമാനിച്ചുറച്ചപോലെ  അവൾ കിടക്ക വിട്ട് എഴുന്നേറ്റു. ചുമരിലെ ഹരിയുടെ ഫോട്ടോയിലേക്കു നോക്കി അവൾ പിറുപിറുത്തു.

 

‘‘എല്ലാം വാങ്ങിക്കൊടുക്കാം. നമ്മുടെ മക്കൾക്ക് വേണ്ടതെല്ലാം’’ ഹരി വിട്ടുപോയെങ്കിലും തിരുനെറ്റിയിൽ മുടങ്ങാതെ തൊടാറുള്ള സിന്ദൂരം അവൾ തുടച്ചു മാറ്റി. കരഞ്ഞുകലങ്ങിയ കണ്ണുകളിൽ കരിമഷിയെഴുതി, ഇടതൂർന്ന മുടിയിഴകൾ പിന്നിക്കെട്ടി,നെറ്റിയിൽ ചെമന്നപൊട്ടും തൊട്ട്  കണ്ണാടിയുടെ മുന്നിൽ നിന്നവൾ ചിറികോട്ടി പുഞ്ചിരിച്ചു.

തൂവലായാൽ മുഖംമറച്ചുകെട്ടി തന്നെ ഒറ്റനോട്ടത്തിൽ ആരും തിരിച്ചറിയില്ലെന്ന് ഉറപ്പുവരുത്തി.  ഉറങ്ങുന്ന മക്കളെ  ഉണർത്താതെ വെളിയിൽ നിന്നും വാതിൽ പതുക്കെ ചേർത്തടച്ചു...

 

മുറ്റത്തെ തുളസിത്തറയിൽ ഒരുനിമിഷം കണ്ണുകളടച്ചു പ്രാർത്ഥിച്ച് വേരോടെ പിഴുതെടുത്ത തുളസിച്ചെടി റോഡിലേക്കു വലിച്ചെറിഞ്ഞു.

 

ഉച്ചനീചത്വങ്ങളില്ലാതെ മരവിച്ചമാംസത്തോടും തൃഷ്‌ണകാണിയ്ക്കുന്ന മാന്യന്മാർ, രാത്രിയുടെ മറവിൽ ദാഹം ശമിപ്പിക്കാനെത്തുന്ന പാതയോരത്തെ ആ പഴയ കെട്ടിടം ലക്ഷ്യമാക്കി അവൾ നടന്നുനീങ്ങി…

 

ഇതൊരമ്മയുടെ ജനനം...

 

English Summary : Oru Ammayude Jananam, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com