ഓജോബോർഡിൽ കോയിൻ വയ്ക്കുമ്പോഴൊക്കെ അവളെ തേടിയെത്തുന്ന പേര്, ആരാണയാൾ?

fortuneteller
Representative Image. Photo Credit: kosmos111 / Shutterstock
SHARE

ആരോ ഒരാൾ (കഥ)

ഡിസംബർകുളിരണിഞ്ഞു നിൽക്കുന്ന സായന്തനം. എങ്ങും വിളക്കുകളും നക്ഷത്രങ്ങളും തെളിഞ്ഞിരിക്കുന്നു. ഇരുട്ടിന്റെ  മറ നീക്കി ചാന്ദ്രബിംബം തെളിഞ്ഞു നിൽക്കുന്നു. കൂടെ അങ്ങിങ്ങായി കൺചിമ്മുന്ന താരകങ്ങളും. ഒരു ചെറു കുളിർമയോടെ വീശുന്ന മാരുതന്

ഒരു മാസ്മരിക ഗന്ധം  അവൾക്കനുഭവപ്പെട്ടു, കാപ്പിപ്പൂക്കളുടെ വശ്യസുഗന്ധം. അങ്ങകലെ ഏതോ കൂമൻ നീട്ടി മൂളിക്കൊണ്ടിരുന്നു. അല്ലെങ്കിലും പൂവ്വരശിന്റെ കൊമ്പിലിരുന്നു ഡിസംബർ രാവുകളിൽ നീട്ടി മൂളുക കൂമൻ കൂട്ടങ്ങൾക്ക് ഒരു ഹരമാണ്. മഞ്ഞണിഞ്ഞരാത്രികളെ കൂടുതൽ അഴകുള്ളതാക്കാനോ അതോ ഭീതിദത്തമാക്കാനോ? അവൾക്കു മനസ്സിലായില്ല.

ഹോസ്റ്റൽ റൂമിൽ സ്‌ഥിരം കളിക്കാറുള്ള ഓജോ ബോർഡ് ഇത്തവണ എങ്ങനെയോ അവളുടെ   ബാഗിൽ എത്തിപ്പെട്ടു.. ഓജോ ബോർഡും വച്ചുള്ള കളി ഒരു ടൈം പാസ് മാത്രമാണ് അവൾക്കും കൂട്ടുകാർക്കും. എന്തായാലും ഇന്ന് ഓജോ ബോർഡും എടുത്തു വീട്ടിൽ വച്ചു പരീക്ഷിക്കാൻ അവൾ തീരുമാനിച്ചു. ടെലിവിഷനിലെ ഇഷ്ടപരമ്പരകൾ ഒക്കെ കഴിഞ്ഞപ്പോൾ നേരം പതിനൊന്നരയായി. അവൾ പതുക്കെ തന്റെ മുറിയിലേക്ക് നടന്നു. ഓജോ ബോർഡും എടുത്തു മേശപ്പുറത്തു വച്ചു. അപ്പോഴാണ് ഓർത്തത്, ‘അമ്മ ഉണ്ടാക്കിവച്ചിട്ടുള്ള   വൈൻ എടുത്തു കൊണ്ട് വരാം കുടിക്കാൻ . അല്ലെങ്കിലും ക്രിസ്മസ് കാലത്തെ വൈനും കാരറ്റ് കേക്കും. അതിന് ഒരു പ്രത്യേക രുചിയാണ്. സ്നേഹത്തിന്റെ, മമതയുടെ, വാത്സല്യത്തിന്റെ രുചി. 

അവൾ വൈൻ ഗ്ലാസ്സിലേക്കു പകർത്തി തന്റെ മുറിയിലെത്തി. ലൈറ്റ് അണച്ച്  രണ്ടു മെഴുകുതിരികൾ കത്തിച്ചു വച്ചു. ഒരു ചുവപ്പും ഒരു വെളുപ്പും. തുറന്നിട്ട ജാലകത്തിലൂടെ മുറ്റത്തു വിരിഞ്ഞു നിൽക്കുന്ന നിശാഗന്ധിപ്പൂക്കളുടെ മനോഹാരിത അവൾ  മാനത്തെ പൂനിലാവെട്ടത്തിൽ ആസ്വദിച്ചു. നിശാഗന്ധികൾ എന്തെ രാത്രി മാത്രം പൂക്കുന്നു? ഒരുവേള അവൾ ചിന്തിച്ചു. അപ്പോഴേക്കും കൂമൻ പൂവ്വരശിൽ നിന്നും അവളുടെ ജന്നലിനടുത്തു നിൽക്കുന്ന ഗ്രാമ്പൂ ശിഖിരത്തിലേക്കു മാറിയിരിപ്പുണ്ടായിരുന്നു. അതിന്റെ മൂളൽ ഇപ്പോൾ അവൾക്കു കുറച്ചുകൂടി വ്യക്തമായിരുന്നു. അതിന്നകമ്പടിയെന്നോണം ദൂരെയെവിടെയോ നീട്ടികൂവുന്ന ഏതോ നാടൻ പട്ടിയുടെ കുരയും.

അവൾ സമയം കളയാതെ ഓജോ ബോർഡിൽ കോയിൻ വച്ചു. കോയിൻ ചലിച്ചു തുടങ്ങി. ഓരോ അക്ഷരങ്ങളിൽ ചെന്ന് നിന്ന്. അവൾ കൂട്ടി വായിച്ചു അവ. ‘ജോർജ്.’ അവൾ ഓർത്തെടുത്തു എപ്പോഴൊക്കെ അവൾ കോയിൻ വച്ചിട്ടുണ്ടോ അപ്പോഴെല്ലാം വന്നിരുന്ന പേര് ഇതുതന്നെ, കസേരയിലേക്ക് ചാഞ്ഞിരുന്നു വൈൻ ഒന്ന് സിപ് ചെയ്തു. ജാലകത്തിൽ കർട്ടൻ പതുക്കെ അനക്കം വക്കുന്നത് അവൾ പാതിയടഞ്ഞ മിഴികളിലൂടെ കണ്ടു.

ജോർജ്, ആരായിരിക്കും? വർഷങ്ങൾക്കുമുന്നേ നാടുകാണാനെത്തിയ ഡച്ച് കാരനായിരിക്കുമോ? അതോ മഞ്ഞണിഞ്ഞ സ്കാൻ‍ഡനേവിയൻ വനാന്തരങ്ങളിൽ സ്ലെഡ്ജിൽ യാത്ര ചെയ്യുന്ന ചുവന്ന കുപ്പായമിട്ട സുമുഖനായ ഓസ്ട്രിയക്കാരനോ? അയാൾക്കെന്താണ് താനുമായുള്ള മുജ്ജെന്മബന്ധം? അവൾക്കാലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല.

എങ്ങും മഞ്ഞു മൂടിക്കിടക്കുന്ന യൂറോപ്പ്യൻ പർവ്വത താഴ്​വരകൾ. മരം കൊണ്ടുണ്ടാക്കിയ വീടുകളുടെ മേൽക്കൂരകൾ മുഴുവൻ മഞ്ഞുപാളികളാൽ നിറഞ്ഞിരിക്കുന്നു. അങ്ങിങ്ങായി നിൽക്കുന്ന ഫിർമരങ്ങളുടെ ശിഖരങ്ങളിലും മഞ്ഞിൻ കണങ്ങൾ. ചെറുവീടുകളിലെ റാന്തൽ വിളക്കുകളുടെ പ്രകാശം മഞ്ഞിൽ തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു. അങ്ങകലെ നിന്ന് മഞ്ഞിൽ തെന്നി വന്ന സ്ലെഡ്ജ് ആ ചെറു വീടിനു മുന്നിൽ വന്നു നിന്നു. അതിൽ നിന്നൊരു ഗം ബൂട്ടുകളിട്ട ദീർഘകായൻ ഇറങ്ങി വീട്ടിനുള്ളിലേക്ക് കയറിപ്പോയി. റാന്തൽ വിളക്കിനു പകരമിപ്പോൾ ചുവപ്പും വെളുപ്പും മെഴുതിരി വെട്ടത്തിൽ പ്രണയത്തിന്റെ നറു വെളിച്ചം  ആ ചെറു വീടിനു ചുറ്റും നൃത്തം വച്ചു. അതെ പ്രണയത്തിന്റെ നറു നിലാവിന് മെഴുകുതിരിയുടെ ശോഭയോ, കാപ്പിപ്പൂക്കളുടെ മണമോ, അതോ മഞ്ഞണിഞ്ഞ രാവിലെ  ഇളം തെന്നലിന്റെ മർമ്മരമോ? പ്രണയം, ഒരനുഭൂതിയാണ്, പ്രപഞ്ചത്തിലെ ഓരോ അണുവിലും കണങ്ങളിലും നിറഞ്ഞു നിൽക്കുന്ന അവാച്യമായ ഒരനുഭൂതി. ദൈവാംശമുള്ളവർക്കു മാത്രം അനുഭവവേദ്യമാകുന്ന പ്രപഞ്ചസത്യം. അതിൽ ചതിയുടെ ലാഞ്ചനയോ വഞ്ചനയുടെ കാപട്യമോ കാണില്ല.

എന്തോ ശബ്ദം കേട്ട് അവൾ ഞെട്ടിയെണീറ്റു മയക്കത്തിൽ നിന്ന്. അപ്പോഴേക്കും  കത്തിച്ചു വച്ചിരുന്ന മെഴുകുതിരികൾ കത്തിത്തീർന്നിരുന്നു. എങ്കിലും ആരായിരിക്കും ഈ ജോർജ്  എന്ന ചോദ്യം അവൾ  സ്വയം മനസ്സിൽ ചോദിച്ചു ഓജോ ബോർഡ്‌ അടച്ചു വച്ചു.

English Summary: Aaro Oral, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;