‘ഒരു നിമിഷം ഞാൻ ഓർത്തു, പൈസ പോട്ടെന്നു വെച്ച് മുങ്ങിയാലോന്ന്’ ചെറിയൊരു അബദ്ധം വരുത്തിവെച്ച വിന

sleeping-in-bus
Representative Image. Photo Credit: Photographee.eu / Shutterstock
SHARE

കോണ്ടി ട്രാവെൽസ് (കഥ)

ഇന്നലെ ഒരു ഓൺലൈൻ സൂം സുഹൃത് സംഗമത്തിൽ (കൊറോണ കാലത്ത് ഇപ്പൊ ഇത് ഒരു ട്രെൻഡ് ആണല്ലോ), പഴയ ബാച്‌ലർ ബാംഗ്ലൂർ ജീവിതം ഒക്കെ ഒരു സംസാര വിഷയം ആയി. അപ്പൊ ഓർത്ത ഒരു  സംഭവം ആണ് ഇത്.

പത്തു പതിനഞ്ചു വർഷം പഴയ കഥയാ.

ബാംഗ്ലൂർ നിന്നാ പൈസ ചെലവാവണ വഴി അറിയാത്ത കാരണം, മാസ അവസാന വീക്കെൻഡ് ഞാൻ ഏതായാലും നാട്ടിൽ ചെല്ലും. മഡിവാള ബസ്സ്​സ്റ്റാൻഡിൽ നിന്നു കല്ലട ട്രാവൽസ് – അതാണ് പതിവ്.  സാധാരണ വെള്ളിയാഴ്ച ഒരു 11 മണിവണ്ടി ആണ് ബുക്ക് ചെയ്യാറ്. അന്ന് പെരുനാൾ ആയോണ്ട് ബുക്കിങ് ഒക്കെ താളം തെറ്റി… അവസാനം ഒരു 8 :15 നുള്ള ഏതോ ഒരു ട്രാവെൽസ് കിട്ടി : കോണ്ടി ട്രാവെൽസ്, വല്യ ഫേമസ് ഒന്നും അല്ല, ഏതായാലും കിട്ടിയതാവട്ടെ.

സാധാരണ നാട്ടിൽ പോണ ദിവസം ഉച്ചക്ക് ഞാൻ വല്ല ഉടായിപ്പ് പറഞ്ഞ് ഓഫീസിന്ന് ഇറങ്ങും. അന്ന് നേരത്തെ ഉള്ള വണ്ടി ആയ കാരണം ഞാൻ രാവിലെ തന്നെ മുങ്ങി. ഉച്ചക്ക് നല്ല ബിരിയാണി ഒക്കെ അടിച്ചു ഒന്ന് കേറി കിടന്നു. കൂടെ താമസിക്കുന്നവന്മാരൊക്കെ തലേന്നേ പോയ കാരണം ശല്യപ്പെടുത്താൻ ആരും ഇല്ല. ഏതായാലും ഞാൻ നല്ല സുഖായി കിടന്നു ഉറങ്ങി പോയി… എണീറ്റപ്പോ 7  മണി !! താമസം അവിടെ മഡിവാള തന്നെ ആയോണ്ട് വെല്യ സീൻ ഇല്ല. ഞാൻ പെട്ടെന്ന് തന്നെ റെഡി ആയി ബസ്സ്റ്റാൻഡിൽ പോയി. പൂരത്തിന്റെ ആളാ അവിടെ, ബസുകളുടെ ഒരു തിരക്ക്, കൊണ്ട്‌ വിടാൻ വരണ ഓട്ടോകൾ വേറെ, പോരാത്തതിന് നല്ല മഴയും..

നമ്മുടെ കോണ്ടി ട്രാവെൽസ് അവിടെ തന്നെ കിടപ്പുണ്ട്… ഇത് എത്ര മണിയുടെ വണ്ടി ആണെന്നു ചോദിച്ചു : അത് 7 :15 നു പോണ്ട വണ്ടിയാ. മഴ കാരണം എല്ലാ യാത്രക്കാരും എത്തീട്ടില്ല. ഞാൻ സമയം നോക്കി. 7:45. ഇഷ്ട്ടം പോലെ സമയം ഉണ്ടല്ലോ ഇനിയും (എന്റെ വണ്ടി 8 :15 ന് ആണ്. അവിടെ ആണെങ്കി നിക്കാൻ സ്ഥലം ഇല്ല. കൊറച്ചു മാറി ഒരു ചെറിയ ചായക്കട ഉണ്ട്. ഞാൻ ആ കടയുടെ സൈഡിൽ കേറി നിന്നു ഒരു ചായ മേടിച്ചു… ഒരു സിഗരറ്റും കൊളുത്തി… നാട്ടിൽ പോയിട്ട് പ്രത്യേകിച്ചു  പരിപാടി ഒന്നും ഇല്ല, എന്നാലും ഓരോ പ്ലാൻ ഒക്കെ ആലോചിച്ചു ഞാൻ അങ്ങനെ നിന്നു… ഇനി ഇപ്പൊ ഇവന്മാര് ഡിന്നർ കഴിക്കാൻ നിർത്തും… പക്ഷേ അങ്ങനെ കാര്യായി കഴിക്കാനൊന്നും പൈസ ഇല്ല, മാത്രല്ല ഇപ്പൊ കേറി അങ്ങ് കിടന്ന പിന്നെ എണീക്കണ്ടല്ലോ… (വിൻഡോ സീറ്റ് ആണ്). 

“ചേട്ടാ, ഒരു മുട്ട പപ്സ്”, എന്താന്ന് അറിയില്ല : മുട്ട പപ്സ് ഇന്നും എന്റെ ഒരു വീക്ക്നസ്സ് ആണ്. നല്ല മഴ, ചൂടുള്ള ചായ, മുട്ട പപ്സ്, സിഗരറ്റ് : ആഹാ, എന്താ മൂഡ്. പൈസക്ക് മാത്രേ കുറവുള്ളൂ, വെല്യ ടെൻഷൻ ഒന്നും ഇല്ലാത്ത സുഖ ജീവിതം. അച്ഛന് പെൻഷൻ ഉണ്ട്, വേറെ കാര്യായി പ്രാരാബ്ധങ്ങൾ ഒന്നും ഇല്ല. കിട്ടുന്ന പൈസ കൂട്ടി വെച്ച് പൈസക്കാരൻ ആവാൻ പറ്റില്ല എന്ന നല്ല ബോധ്യോം ഉള്ളോണ്ട്, കിട്ടണ പൈസ 25 ദിവസം കൊണ്ട്‌ തീർത്തു ബാക്കി 5 ദിവസം മുണ്ടു മുറുക്കി കിടന്നു ഉറങ്ങിയിരുന്ന ഒരു കാലം. അല്ലെങ്കിലും 7,000 രൂപ കൊണ്ട്‌ എന്തു ഉണ്ടാക്കാന. നല്ല ഒരു ജോലി കണ്ടു പിടിക്കണം. സപ്ലി എഴുതി തീർത്താൽ, വല്ല നല്ല ഇന്റർവ്യൂവിനും പോവാരുന്നു. 17 എണ്ണം എഴുതി എടുത്തു, ഇനി 3 എണ്ണം കൂടി ഉണ്ട്.. അഹ്, നടക്കും… സമയം ഉണ്ടല്ലോ..

സമയം നോക്കി 8 : 05. ഇനിയും 10 മിനിറ്റ് ഉണ്ടല്ലോ. മഴ ഒന്ന് ഒതുങ്ങി അപ്പോളേക്കും… ഞാൻ ഒരു സിഗരറ്റും കൂടി വാങ്ങി (പാക്കറ്റ് ആയി വാങ്ങാറില്ല – പിന്നെ നാട്ടിലേക്കാണല്ലോ പോണേ, എന്തിനാ വെറുതെ അമ്മക്ക് ഡൗട്ട് കൊടുക്കണേ), പൈസയും കൊടുത്തു ബസിന്റെ അടുത്തേക്ക് നടന്നു..

നേരത്തെ അവിടെ കിടന്ന ബസ് ഇപ്പോളും അവിടെ തന്നെ ഉണ്ട്, വിട്ടിട്ടില്ല. ഏതോ ഒരു യാത്രക്കാരനെ കാത്തു കിടക്കാ പാവങ്ങൾ.. എല്ലാ ബസുകാരും ഓരോ ആൾക്കാരുടെ പേരൊക്കെ വിളിച്ചു പറയുന്നുണ്ട്… നല്ല മഴ ആയ കാരണം മൊത്തത്തിൽ ഒന്നും ക്ലിയർ അല്ല.

ഞാൻ ഏതായാലും നമ്മുടെ കോണ്ടി ട്രാവെൽസിന്റെ അടുത്ത് തന്നെ സിഗരറ്റും വലിച്ചു അങ്ങനെ നിന്നു. ഒരു സീറ്റ് നമ്പർ 22 കാരനെ ആണ് അവര് കാത്തു നിക്കണേന്നു തോന്നുന്നു. “ആരാടാ ഈ ഊള, പത്തു പതിനഞ്ചു മിനിറ്റ് ഒക്കെ ലേറ്റ് ആവുന്നത് മനസിലാക്കാം, ഇതിപ്പോ ഒരു മണിക്കൂറായി, ബാക്കി ഉള്ളോരടേം സമയം കളയാൻ..”

“ജിഷോ…”, ഈശോ, എന്റെ പേരാണല്ലോ ഇപ്പൊ കേക്കണേ… ഞാൻ പതുക്കെ ടിക്കറ്റ് ഒന്ന് എടുത്തു നോക്കി… എന്റെ പള്ളി, സീറ്റ് നമ്പർ 22, കൊണ്ടി ട്രാവെൽസ്, ഡിപാർർ ടൈം : 7 : 15. “അപ്പൊ എന്റെ വണ്ടി 8 : 15 ന് അല്ലെ ?” ഇത്രേം നേരം എനിക്ക് പോണ്ട വണ്ടിടെ അടുത്ത് ആണ് ഞാൻ സിഗരറ്റും വലിച്ചു നിന്നെ… എന്റെ നല്ല അന്തസ്സുള്ള കുടുംബപേര് (ചെമ്പകശ്ശേരി) ഇവര് ഇങ്ങനെ വൃത്തികേടാക്കി ചെപ്പു കൂപ്പു എന്നൊക്കെ വിളിക്കും ന്നു ഞാൻ ഓർത്തോ…!

ഒരു നിമിഷം ഞാൻ ഓർത്തു: പൈസ പോട്ടെന്നു വെച്ച് മുങ്ങിയാലോ ന്നു.. ബട്ട് വേറെ ബസ് ഒന്നും ഇല്ലല്ലോ, അതല്ലേ..! ഏതായാലും ഒന്നും അറിയാത്ത പോലെ ഞാൻ ചെന്ന് ബസിൽ കേറി. ഹോ, വല്ല ബലാത്സംഗ പ്രതിയെ വിചാരണ കഴിഞ്ഞു കുറ്റം തെളിയിച്ചിട്ടു കോടതിന്നു റിമാൻഡ് ചെയ്തു കൊണ്ട് പോവുമ്പോ ഉള്ള ജന രോഷം ആണ് ആ ബസിനുള്ളിൽ ഞാൻ കണ്ടേ. കുറ്റം പറയാൻ പറ്റില്ല… അവരുടെ ഒക്കെ വിചാരം ഞാൻ സിഗരറ്റു തീരാൻ വേണ്ടി നിന്നതാ എന്നാണല്ലോ!

ഏതായാലും ഒന്നും മിണ്ടാതെ ഞാൻ പോയി 22 ആം സീറ്റിൽ ഇരുന്നു. പിന്നെ തൃശൂർ എത്തണ വരെ ഞാൻ കണ്ണ് തുറന്നില്ല.

English Summary: Kondi Travels, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;