ADVERTISEMENT

ഒരു ഇറ്റാലിയൻ കഥ

ലാഗോ ഡി കോമയിലെ കാസ്റ്റനൊല്ല റസ്റ്റോറന്റിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ വിചാരിച്ചതിലും ഏറെ വൈകിപ്പോയിരുന്നു. ഒന്നര വർഷം മുമ്പ് REC ചാത്തമംഗലത്തു നിന്നും ക്യാംപസ് സെലക്ഷൻ വഴി ഇറ്റലിയിൽ എത്തിയതു മുതലുള്ള ഒരാഗ്രഹമായിരുന്നു ലാഗോ ഡി കോമ കാണുകയെന്നത്! ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ സുഖവാസ കേന്ദ്രങ്ങളിലൊന്ന്. ആകാശം ഭൂമിയിലേക്ക് ചാഞ്ഞിറങ്ങിയതു പോലെ നീല നിറത്തിലുള്ള കോമാ തടാകം. അടുത്തടുത്തുള്ള കൊച്ചു ജെട്ടികളിൽ ആളുകളെ ഇറക്കിയും കയറ്റിയും പോകുന്ന ചെറിയ ബോട്ടുകൾ .... അവ തീർക്കുന്ന  ഓളങ്ങൾ കുലുങ്ങി കുലുങ്ങി വന്ന് തീരത്തെ വയലറ്റ് പൂക്കളെ തഴുകി ഉണർത്തുന്നു.

 

വെള്ളി മേഘങ്ങളെ താങ്ങി നിർത്തുന്ന തടാകത്തിനപ്പുറത്തെ  മലനിരകളെയും  ലാന്റ് സ്കേപ്പുകളിൽ നിവർത്തി വെച്ച കുടക്കീഴിലെ ചെറിയ ടേബിളിനഭിമുഖമായിരുന്ന് പ്രണയം നുകരുന്ന യൗവനങ്ങളെയും  ഫിയോറ പൂക്കൾക്കിടയിലിരുന്ന് കുടുംബത്തെ സെൽഫി മോഡിൽ മൊബൈലിനുള്ളിലാക്കുന്നവരെയും നോക്കി നിന്ന് സമയം പോയതറിഞ്ഞില്ല. തീരത്തെ ലംബാർട്ടി - ഗോഥിക് ശൈലിയിലുള്ള കെട്ടിടങ്ങൾ  ആരെയും ആകർഷിക്കാൻ പോന്നതായിരുന്നു.

 

കോമോയിൽ നിന്നിറങ്ങി ലോക്കോ പട്ടണത്തിലൂടെ നടക്കുമ്പോൾ തെരുവോരങ്ങളിൽ ആളുകൾ ചെറിയ കൂട്ടമായി കെട്ടിപ്പിടിച്ചും കൈ കൊടുത്തും സന്തോഷം പങ്കുവെയ്ക്കുന്നത് കാണാമായിരുന്നു. ചിലർ ബിയർ കുപ്പി  ഉയർത്തിപ്പിടിച്ച് ചിയേഴ്സ് പറയുന്നുണ്ട് .

 

‘‘ഇറ്റാലിയൻ ക്ലബ്ബ് അറ്റ്ലാന്റ യുവേഫ ചാമ്പ്യൻസ് ലീഗ് ജയിച്ചതിന്റെ ആഘോഷമാ ... സ്പാനിഷ് ക്ലബ്ബ് വലൻസിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് തോൽപ്പിച്ചത് ...’’ കവിയെന്ന് ഞങ്ങൾ വിളിക്കുന്ന 

കവിതാ ബാലകൃഷ്ണനാണ് ആ ആഘോഷത്തിന്റെ കാരണം വ്യക്തമാക്കിയത്!

 

‘‘ഇവർക്കൊക്കെ വേറൊരു പണിയുമില്ലേ? സ്മിതാ ജെയിംസ് മൊബൈലിൽ നിന്ന് മിഴിയുയർത്തി എന്നെ നോക്കി. അവൾക്ക് ക്രിക്കറ്റിനോടാണ് കമ്പം.

കോഹ്​ലി ,ബൗളർക്ക് മുകളിലൂടെ സ്റ്റേഡിയത്തിന് പുറത്തേക്ക് പന്ത് പായിക്കുന്ന രംഗം എത്ര തവണ മലയാളി ഹൗസിൽ വെച്ച് ഇവൾ അഭിനയിച്ചു കാണിച്ചിട്ടുണ്ടെന്നോ?

 

ടാക്സിയിൽ ഫ്ലാറ്റിന്റെ പടിയെത്തുന്നതു വരെ ചർച്ച ക്രിക്കറ്റും ഫുട്ബോളുമായിരുന്നു. കോമോ തടാകത്തിന്റെ വർണ്ണ കാഴ്ചകളിൽ മനസ്സ് കുരുങ്ങിപ്പോയതുക്കൊണ്ട് ആ ചർച്ചയിൽ എന്റെ പങ്കാളിത്തം മുക്കലും മൂളലും മാത്രമായിരുന്നു.

 

ഫ്ലാറ്റിലെത്തുമ്പോഴെക്കും പാതിരാവായിരുന്നു. മലയാളി ഹൗസെന്ന ഹാളിൽ ആരുമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല പ്രഹേളികയിലൊഴികെ ഒരു മുറിയിലും പ്രകാശമുണ്ടായിരുന്നില്ല. 

‘‘ബുജിയേട്ടനിപ്പോഴും നെരൂദയുടെയോ മാർക്കേസിന്റെയോ മാജിക്കൽ റിയലിസത്തിന്റെ അഭൗമ കാഴ്ചകളിലൂടെ  ഊളിയിട്ടുകൊണ്ടിരിക്കുകയാകും...’’

കവിയുടെ കമന്റ് എന്നിൽ ചിരി പടർത്തി .

 

പ്രഹേളികയെന്ന് ഞങ്ങൾ വിളിപ്പേരിട്ടിരിക്കുന്ന മുറിയിൽ താമസിക്കുന്ന ഷാജിയേട്ടൻ ഒരു പുസ്തകപ്രേമിയാണ്. ഒരു ബുദ്ധിജീവി പരിവേഷം ഉള്ളതുക്കൊണ്ട് ഞങ്ങളിൽ പലരും ബുജിയേട്ടൻ എന്നാണ് വിളിക്കാറുള്ളത്.

ഈ ചെറിയ ഫ്ലാറ്റിനൊരു പ്രത്യേകയുണ്ട്. മൂന്ന് നില കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ ഒരു മിനി സൂപ്പർമാർക്കറ്റാണ് - അതിനോട് ചേർന്ന് അഫേയ എന്നൊരു കോഫി ഹൗസും. ഒന്നാം നിലയിൽ മധ്യഭാഗത്തായി ഒരു ഹാളും അതിനോട് ചേർന്ന് രണ്ട് ഭാഗത്തേക്കുമായി ചെറിയ ഇടനാഴി. ഇടനാഴിക്ക് ഇരുപ്പുറവും പല പേരുകളിലായി ആറ് മുറികൾ. ഈ മുറികളില്ലൊം കൂടി പല മേഖലകളിൽ ജോലി ചെയ്യുന്ന, രണ്ട് കുടുംബങ്ങൾ ഉൾപ്പെടെ പതിനാല് മലയാളികൾ.

 

രാത്രി ഏഴ് ഏഴര മണിയാകുമ്പോൾ ഞങ്ങളിൽ മിക്കവരും മലയാളി ഹൗസെന്ന ഹാളിൽ ഒത്തു ചേരും. പിന്നെ ഒമ്പതര വരെ ചർച്ചയും പാട്ടും കഥയും പഠനവും നാട്ടിലെ കുടുംബവിശേഷങ്ങൾ പങ്കുവെയ്ക്കലുമൊക്കെയാണ് .

 

പിറ്റേന്ന് പതിവ് പോലെ മലയാളി ഹൗസിൽ ഒത്തുചേർന്നപ്പോൾ പലർക്കും കോമോ ട്രിപ്പിനെക്കുറിച്ചായിരുന്നു എന്നോട് ചോദിക്കാനുണ്ടായിരുന്നത്. അവരൊക്കെ എത്രയോ തവണ പോയിരിക്കുന്നു. ഇടനാഴിയിലെ ഒരറ്റത്തു നിന്ന് കുറെ നേരമായി ഫോൺ ചെയ്തുകൊണ്ടിരുന്ന സോഫ്റ്റ് വെയർ എഞ്ചിനിയർ ഫാത്തിമ ഷെറിൻ ഫോൺ കട്ട് ചെയ്ത് ഹാളിലേക്ക് വന്നപ്പോൾ, ആരാടീ ലൈനിൽ .. വല്ല ഇറ്റാലിയൻ പയ്യന്മാരുമാണോ യെന്നർത്ഥത്തിൽ എല്ലാവരും തലയാട്ടി ഒരു പ്രത്യേക തരത്തിൽ ചിരിച്ചു.

 

‘‘ഉമ്മച്ചിയാ .... നാട്ടിലാകെ കൊഴപ്പായിക്ക് ... കൊറോണ കേസ് കൂടിയതോണ്ട് ഉസ്കൂളും കോളേജും അടച്ചു പോലും ... ടീവീല് അതെന്യാ വാർത്ത.. ഉപ്പ പുറത്തേക്കൊക്കെ പോണോണ്ട് ഉമ്മച്ചിയാകെ ബേജാറായിക്ക്  ...’’

ഇത്ര കാലമായിട്ടും അവളുടെ മലബാറു സ്ലാങിന് ഒരു മാറ്റവുമില്ല!

 

‘‘വൈകീട്ട് പപ്പ എന്നെയും വിളിച്ചിരുന്നു. ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോന്നാ പപ്പയ്ക്ക് ഭയം ... ഇവിടെന്ത് പേടിക്കാനാ? നാട്ടിലെപ്പോലെ പനിയും ചുമയും മാത്രം ചികിത്സിക്കുന്ന മൂന്നാംകിട ഹോസ്പിറ്റലല്ലോ ഇവിടെയുള്ളത്’’ കോട്ടയത്തുകാരി ഷേർലി തോമസിന്റെ വാക്കുകളിലെ ആത്മവിശ്വാസം ഞങ്ങൾക്കെല്ലാവർക്കുമുണ്ടായിരുന്നു. ഞങ്ങളങ്ങനെ  കൊറോണ ചർച്ചകളിൽ മുഴുകിയിരിക്കുമ്പോഴാണ് കവി ഒരു "ബോംബു "മായി ഹാളിലേക്ക് വന്നത് ...

 

‘‘ബുജിയേട്ടനൊരു ലൗവ് എഫയറുണ്ടത്രെ ...!’’

മറ്റുള്ളവരുടെ സ്വകാര്യതയിൽ അതിവിദഗ്ദമായി കടന്നു കയറി രഹസ്യങ്ങൾ കണ്ടെത്തുന്നതിൽ പ്രത്യേകമായൊരു കഴിവ് കവിക്കുണ്ടായിരുന്നു.

നാൽപ്പത്തിയഞ്ചാം വയസ്സിലും ഒറ്റയാനായി ജീവിക്കുന്ന, തന്റെ ജോലിയെയും പുസ്തകങ്ങളെയും മാത്രം പ്രണയിച്ചിരുന്ന ഷാജിയേട്ടന് അത്തരമൊരു ബന്ധമുണ്ടെന്നത് ഞങ്ങൾക്ക് അവിശ്വസീനിയമായിരുന്നു.

വല്ലപ്പോഴും മാത്രമെ ഷാജിയേട്ടൻ ഞങ്ങളുടെ ചർച്ചകളിൽ പങ്കെടുക്കാറുള്ളൂ. അപ്പോഴൊക്കെ പുസ്തകങ്ങളെക്കുറിച്ചായിരുന്നു വാതോരാതെ പറഞ്ഞിരുന്നത്. പ്രഹേളികയിലെ അലമാരയിൽ കൂട്ടി വെച്ച പുസ്തകങ്ങൾ കണ്ട് ഞാനല്ഭുതപ്പെട്ടിട്ടുണ്ട് . വിവാഹം, കുടുംബം എന്നിവയിലൊന്നും തീരെ താല്പര്യമില്ലാത്ത ആളായിരുന്നു ഷാജിയേട്ടൻ.

 

പക്ഷേ കവി നിരത്തി വെച്ച ചില തെളിവുകൾ .....?

‘‘ബുജിയേട്ടനിപ്പോൾ വായിക്കുന്ന പുസ്തകം അന്നാ കരേനീനയായിരിക്കുമല്ലേ ?’’

പ്രഹേളികയുടെ അടഞ്ഞ വാതിലിന്റെ വിടവിലൂടെ പുറത്തെ ഇടനാഴിയിലേക്ക് എത്തി നോക്കുന്ന പ്രകാശകിരണങ്ങളെ നോക്കി സ്മിതാ ജെയിംസ് ചോദിച്ചു.

‘‘അല്ല .. മിണ്ടാപ്പൂച്ച കലമൊടച്ചു എന്നതാ ...’’

ഫാത്തിമയുടെ കമന്റ് ഞങ്ങളിലെല്ലാവരിലും ചിരി പടർത്തി.

 

ലൊംബാർഡിയിൽ കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്തയുമായാണ് പിറ്റേന്ന് നേരം പുലർന്നത്. എങ്കിലും ആ വാർത്തയ്ക്ക് വലിയ പ്രാധാന്യമൊന്നും ലൊംബാർഡിക്കാർ കൊടുത്തിരുന്നില്ല. 

പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോഴെക്കും സ്ഥിതിഗതികൾ ആകെ മാറി മറിഞ്ഞു. യുവേഫ ചാമ്പ്യൻസ് ലീഗിൽ അറ്റ്ലാന്റയുടെ വിജയം കെട്ടി പിടിച്ചും ചിയേഴ്സ് പറഞ്ഞും ആഘോഷിച്ചവർ കൂട്ടത്തിൽ വൈറസിനെയും പങ്കുവെയ്ക്കുകയാണുണ്ടായത്. ലൊംബാർഡിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടു. ദിനംപ്രതി ആശുപത്രികൾ ശവപറമ്പുകളായി മാറി .. ഇടയ്ക്കിടെ ചീറി പായുന്ന ആബുംലൻസുകളുടെ ശബ്ദം കൊണ്ട് നഗരം വീർപ്പുമുട്ടി.

 

ഒരു ഞായറാഴ്ച വൈകിട്ട് ജലദോഷവും തൊണ്ടവേദനയും കുളിരുമായി ഷേർലി തോമസിലൂടെ കോവിഡ് മലയാളി ഹൗസിന്റെ ചവിട്ടുപടികൾ മെല്ലെ കയറി വന്നു. രണ്ടു ദിവസത്തിനുള്ളിൽ തന്നെ മലയാളി ഹൗസിലെ ഭൂരിഭാഗം പേരെയും തന്റെ കെണിയിൽ പെടുത്താൻ കൊറോണയ്ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. ആശുപത്രികളും താല്ക്കാലിക ട്രീന്റ്മെന്റ് സെന്ററുകളും നിറഞ്ഞുകവിഞ്ഞതിനാൽ മലയാളി ഹൗസിൽ തന്നെ തങ്ങാനായിരുന്നു ഞങ്ങൾക്ക് കിട്ടിയ നിർദ്ദേശം. അടിയന്തരാവശ്യത്തിന് ബന്ധപ്പെടാനായി മൂന്നാല് ഫോൺ നമ്പരും ലഭിച്ചു.. നാട്ടിലെ മൂന്നാംകിട ആശുപത്രിയെക്കുറിച്ച് കുറ്റം പറഞ്ഞ ഷേർലി തോമസിന് എങ്ങനെയും നാട്ടിലെത്തിയാൽ മതിയെന്നായി.

 

മൂന്നാം ദിവസമാണ്  കൊറോണ അതിന്റെ രൗദ്രഭാവം എന്നിൽ പ്രയോഗിക്കാൻ തുടങ്ങിയത്. ചുട്ടുപൊള്ളിക്കുന്ന പനിയിലും കുത്തി പറിക്കുന്ന വേദനയിലും  ശരീരമാകെ കുഴഞ്ഞു പോയി ... നെഞ്ചിലാരോ വലിയൊരു അമ്മിക്കല്ല് എടുത്തുവെച്ചപ്പോലെ... ആംബുലൻസിൽ നിന്നും സ്ട്രെച്ചറിൽ താല്ക്കാലിക ട്രീന്റ്മെന്റ് സെന്ററിനകത്തേക്ക് കൊണ്ടു പോകുമ്പോൾ മറ്റ് രണ്ട് സ്ട്രെച്ചറിലായി വെള്ളമൂടിയ ശരീരങ്ങളെ പുറത്തേക്ക് കൊണ്ടു വരുന്നത് കണ്ടു.

 

ഇരു വശത്തും നിരനിരയായി  സജ്ജീകരിച്ച നിരവധി ബെഡ്ഡുകൾക്കിടയിലൂടെ എന്നെയും വഹിച്ചു പോയ സ്ട്രെച്ചർ ഒടുവിൽ ആളൊഴിഞ്ഞ ബെഡ്ഡിന് മുന്നിൽ നിന്നു. പി.പി.ഇ കിറ്റ് ധരിച്ച നഴ്സുമാരും ഡോക്ടർമാരും പല ബെഡ്ഡിനരികിലിരുന്ന് ഓരോ രോഗിയുടെയും ജീവൻ രക്ഷിക്കാനുള്ള കഠിന പ്രയത്നത്തിലായിരുന്നു. രോഗികളുടെ ചുമയും വലിവും കൂടാതെ പല തരം മെഡിക്കൽ ഉപകരണങ്ങളുടെ ബീപ് ശബ്ദവും ഉയർന്നു കേട്ടു.

 

ഒരു നേഴ്‌സ് എന്റെയരികിലെത്തുമ്പോഴെക്കും പത്തുപതിനഞ്ച്  മിനിട്ടുകഴിഞ്ഞിരുന്നെന്ന് തോന്നുന്നു. പ്ലാസ്റ്റിക് കുപ്പിയിൽ നിന്നും ട്യൂബിലേക്ക് ഇറ്റിറ്റു വീഴുന്ന ഗ്ലൂക്കോസ് തുള്ളികളെ നോക്കി കുറെ കിടന്നു. ഉറക്കം ഓരോ തവണയും വന്ന് മിഴികളെ തഴുകി തുടങ്ങുമ്പോഴെക്കും നെഞ്ച് പൊട്ടുന്ന ചുമ അതിനെ ആട്ടിപായിച്ചുക്കൊണ്ടേയിരുന്നു.

രാത്രിയാകുന്തോറും എന്റെ അവശതകൾ വേലിയേറ്റം പോലെ ഉയർന്നുയർന്നു വന്നു. അമ്മിക്കല്ലിന്റെ  ഭാരത്തിൽ നെഞ്ചിൻക്കൂടമർന്ന് ശ്വാസം കിട്ടാത്തതുപോലെ ...

 

ഒരിറ്റു ശ്വാസത്തിനായി ആഞ്ഞു വലിച്ചപ്പോൾ മുള്ളുകൊളുത്തി വലിച്ച വേദന ശ്വാസോശവും കടന്ന് ശരീരമാകെ പടർന്നു കയറി. ആരുടെയെങ്കിലും ശ്രദ്ധ കിട്ടാനായി ഒന്നുറക്കെ ഒച്ച വെയ്ക്കാൻ  വാ തുറന്നെങ്കിലും ശ്വാസം പോലും പുറത്തേക്ക് വന്നില്ല. ഉടലാകെ വെട്ടി വിറയ്ക്കാൻ തുടങ്ങി.. ഓരോ ശ്വാസത്തിലും  കൊയ്ത്തരിവാൾ പോലെ ശരീരം വളഞ്ഞുപൊങ്ങി.

കണ്ണുകളിലെ വെളിച്ചം മെല്ലെ മെല്ലെ അസ്തമിക്കുന്നു. നാട്ടിൽ എന്നെ കാത്തിരിക്കുന്ന അമ്മയുടെയും അച്ഛന്റെയും മുഖം അവ്യക്തമായ ഏതോ ഓർമ്മകളിലെ നിഴൽച്ചിത്രങ്ങളെന്നപോലെ മനസ്സിന്റെ ഒരു കോണിൽ തെളിഞ്ഞു വന്നു. ശ്വാസം കിട്ടാതെ ശരീരം വലിഞ്ഞു മുറുകി. ശക്തമായ മലവെള്ളപാച്ചിലിൽ ആഴങ്ങളിലേക്ക് കുത്തിയൊലിക്കുമ്പോൾ കൈയ്യിൽ തടഞ്ഞ കച്ചിതുരുമ്പെന്നപോലെ ആരോ കൈയ്യിൽ മുറുകെ പിടിച്ചു.

 

‘‘സിസ്റ്റർ, .. മുപ്പത്തിയേഴാം ബെഡ്ഡിലെ വെന്റിലേറ്റർ ഡിസ്കണക്ട് ചെയ്ത് വേഗം കൊണ്ടു വരൂ ... വേഗം’’

 

എന്നെ സഹായിക്കാനായിരിക്കണം, പ്രായമായ ഏതോ ഒരാളെ കോവിഡിന് വിട്ടുകൊടുക്കാനുള്ള ഡോക്ടറുടെ ആ വാക്കുകൾ, അനന്തതയിൽ നിന്നും ആരോ സ്വകാര്യം പറയുന്നതുപോലെ നേർത്തതായിരുന്നു. മാഞ്ഞു പോകുന്ന ഓർമ്മയിലും അത് എന്നെ ഏറെ വേദനിപ്പിച്ചു.

 

വേണ്ടെന്ന് പറയാൻ നാവുയർത്തിയെങ്കിലും, അഗാധമായ കയത്തിൽ വീണ തളിക പാത്രം പോലെ സ്ഥലകാലബോധം ദിശത്തെറ്റി, തെന്നിമറിഞ്ഞ്, ചാഞ്ചാടി ഒടുവിൽ അന്ധകാരത്തിൽ ഇടിച്ചു നിന്നു .

രണ്ട് ദിവസത്തെ അജ്ഞാതവാസത്തിനു ശേഷമാണ് ബോധം തിരികെ വന്നത്. ഒടുവിൽ രംഗബോധമില്ലാത്ത കോമാളിക്ക് പരാജയം സമ്മതിക്കേണ്ടി വന്നു.

പക്ഷെ മുപ്പത്തിയേഴാം ബെഡ്ഡിലെ പ്രായമായ ആ മുത്തശ്ശി ... അതോ മുത്തശ്ശനോ? അതൊരു നോവായി മനസ്സിൽ പുകഞ്ഞുക്കൊണ്ടിരുന്നു.

 

പതിമ്മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാർജ്ജായ എനിക്ക് അടുത്ത രണ്ടാഴ്ച പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സിസ്റ്റർമാരിലൊരാൾ ചെറുവിവരണം തന്നു. വാർഡിനോട് ചേർന്നുള്ള ആ പോസ്റ്റ് കോവിഡ് സെന്ററിൽ നാലഞ്ച് നഴ്സുമാർ ഓരോ ഓരോ ജോലികളിൽ മുഴുകിയിരിക്കുകയാണ് .അവരോട് നന്ദി പറഞ്ഞിറങ്ങി. നന്ദിയിൽ ഒതുങ്ങുന്നതല്ല അവരോടുള്ള കടപ്പാട് എന്നറിയാം. 

 

നീളൻ വരാന്തയിലൂടെ സെന്ററിന് പുറത്തേക്ക് പോകാനായി പതുക്കെ നടക്കുമ്പോഴാണ് ആ വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ വാടിയ കൊന്നപ്പൂ പോലെ ഒരു നേഴ്സ്. ഉറക്കക്കുറവും അമിത ജോലിഭാരവും കൊണ്ട് പാതിയടഞ്ഞിട്ടുണ്ടെങ്കിലും അവരുടെ കണ്ണുകൾ വളരെ പരിചിതമായി തോന്നി. വാർഡിൽ വെച്ച് പി.പി.ഇ കിറ്റ് ധരിച്ച സിസ്റ്റർമാരെയും ഡോക്ടർമാരെയും അല്പമെങ്കിലും തിരിച്ചറിയാനുള്ള മാർഗ്ഗം അവരുടെ കണ്ണുകളായിരുന്നു.

 

‘‘നേരെ മലയാളി ഹൗസിലേക്കല്ലേ പോകുന്നത് ..?’’

ബോധം പോയ അന്നു മുതൽ ഇന്നലെ വൈകീട്ട് വരെ, രാപ്പകൽ എന്നെ പരിചരിച്ച മാലാഖമാരിൽ ഒരാളാണിതെന്ന്, ആ ശബ്ദത്തിലൂടെ  തിരിച്ചറിഞ്ഞപ്പോൾ കൃതജ്ഞതകൊണ്ട് എന്റെ കണ്ണ് നിറഞ്ഞു.

‘‘സോറി .. ഈ വേഷത്തിൽ സിസ്റ്ററെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.’’

ഞാൻ കൈകൾ  കൂപ്പി.

അതവർ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. അല്പനേരം മൗനം പൂണ്ടതിനു ശേഷം അവർ മെല്ലെ പറഞ്ഞു...

 

‘‘നിങ്ങളെയെല്ലാം കാണാൻ മലയാളി ഹൗസിലേക്ക് ഷാജിയേട്ടനോടൊപ്പം വരാനിരിക്കുകയായിരുന്നു. അപ്പോഴാണ് ഈ നശിച്ച കോവിഡിന്റെ വരവ് ...’’

കവി പറഞ്ഞ ഷാജിയേട്ടന്റെ ലൗവ് എഫയറിലെ നായികയാണ് മുമ്പിൽ നിൽക്കുന്നതെന്നറിഞ്ഞ എനിക്ക് സന്തോഷം നിയന്ത്രിക്കാനായില്ല. മലയാളി ഹൗസിലേക്ക് ഒരാൾ കൂടി ... ആഹ്ളാദ സൂചകമായി ഞാനെന്തോ പറയാൻ തുടങ്ങുമ്പോഴെക്കും അവർ പറഞ്ഞ അടുത്ത വാചകം എന്നെ അമ്പരപ്പിച്ചു.

‘‘പക്ഷേ .....ഇനിയത് ഒരിക്കലും നടക്കില്ലല്ലോ’’

 

ആകാംക്ഷയോടെ ഞാനവരുടെ മിഴികളിലേക്ക് ഉറ്റുനോക്കി. ഊറിക്കൂടിയ കണ്ണുനീർ ബാഷ്പങ്ങൾ ചാലിട്ടൊഴുകാൻ തുടങ്ങിയതോടെ, വീണ്ടുമെന്തോ പറയാൻ വന്നത് ബാക്കിവെച്ച് അവർ പതുക്കെ തിരിഞ്ഞു നടന്നു.

 

English Summary: Oru Italian Kadha, Malayalam short story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com